പച്ചക്കറികളുടെ ഹരിതഭൂമിക
എലവഞ്ചേരി
പച്ചക്കറി ഉത്പാദനത്തില്‍ റിക്കാര്‍ഡുകള്‍ മറികടന്ന് കുതിക്കുന്ന ഒരു പഞ്ചായത്തുണ്ട് കേരളത്തിൽ. പാലക്കാട് ജില്ലയില്‍ നെല്ലിയാമ്പതി മലകളുടെ താഴ്വാരത്തുള്ള എലവഞ്ചേരി പഞ്ചായത്ത്. ഇവിടെ 350 ഹെക്ടര്‍ പ്രദേശത്തും കൃഷി പച്ചക്കറി മാത്രം. പാവലും പടവലവുമാണ് കൂടുതൽ. പഞ്ചായത്തിന്റെ മുക്കിലും മൂലയിലുമുണ്ട് പച്ചക്കറി തോട്ടങ്ങൾ. മനോഹരമായ വഴിയോര കാഴ്ചകളാണ് പച്ചക്കറി പന്തലുകൾ. ഒരേ അകലത്തില്‍ ഒരേ ഉയരത്തില്‍ പച്ചക്കറി വള്ളികള്‍ ഓടി കയറാന്‍ കൊതിക്കുന്ന ചന്തമുള്ള പന്തലുകൾ. ഇവിടെ തൊഴില്‍ ക്ഷാമമില്ല. എല്ലാ ദിവസവും എല്ലാവര്ക്കും പണിയുണ്ട്. കോണ്‍ക്രീറ്റ് തൂണുകളുടെ നിര്‍മാണം ഉള്‍പ്പെടെ കൃഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും നിരവധി. പച്ചക്കറി കൃഷി ചെയ്യാത്ത വീട്ടുമുറ്റങ്ങളോ പറമ്പുകളോ കൃഷിയിടങ്ങളോ അപൂര്‍വം. വീട്ടുമുറ്റത്ത് പൂച്ചെടികള്‍ക്കു പകരം വിവിധയിനം പച്ചക്കറികള്‍ക്കാണ് സ്ഥാനം. ഏത് കുട്ടിക്കുമറിയാം പച്ചക്കറി കൃഷി.
തുള്ളി നന ആദ്യമായി നടപ്പിലാക്കിയത് എലവഞ്ചേരിയിലെ പച്ചക്കറി കര്‍ഷകരാണ്. കോഴി കാഷ്ഠം, ആട്ടിന്‍ കാഷ്ഠം, ചാണകം, പച്ചില വളങ്ങള്‍ തുടങ്ങി മണ്ണിനെ കൊല്ലാതെയുള്ള ജൈവവള പ്രയോഗവും കൃഷി മുറകളുമാണ് പച്ചക്കറി കൃഷിയില്‍ നൂറ് മേനി തുടര്‍ച്ചയായി ലഭിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നത്. അനുവദനീയ അളവില്‍ മാത്രമാണ് രാസവള പ്രയോഗം. കീടനാശിനികളും നിയന്ത്രണോപാധികളോടെ മാത്രം. വിപണി മുന്നില്‍ക്കണ്ടും മണ്ണിന് മതിയായ വിശ്രമം കൊടുത്തുമാണ് മാറി മാറിയുള്ള പച്ചക്കറി ഇനങ്ങള്‍ കൃഷി ചെയ്യുന്നത്.
മുപ്പത് വര്‍ഷം മുമ്പ് ഒരു കൂട്ടം യുവാക്കളാണ് വ്യാപാരാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷിയിലേക്ക് ഇറങ്ങിയത്. പിന്നെയത് പഞ്ചായത്തിലാകെ വ്യാപിച്ച് പച്ചപ്പിന്റെ ഹരിത ഭൂമികയായി മാറുകയായിരുന്നു. പഞ്ചായത്തിലെ പനങ്ങാട്ടിരിയിലുള്ള വിഎഫ്പിസികെയുടെ സ്വാശ്രയ കര്‍ഷക സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ 800 പേരുണ്ട്. എലവഞ്ചേരി പച്ചക്കറി മാര്ക്കറ്റുകളിലെത്തിയില്ലെങ്കില് പച്ചക്കറിക്ക് ഷോര്‍ട്ടേജ് വരും. വില കൂടും. അത്രയ്ക്കാണ് എലവഞ്ചേരിയുടെ പ്രാധാന്യം.
പച്ചക്കറികള്‍ പടര്‍ത്താനായി സ്ഥിരമായ പന്തലുകളുണ്ട്. പത്തടി ഉയരമുള്ള കോണ്‍ക്രീറ്റ് പോസ്റ്റുകളും തേക്കിന് കഴകളും പന്തല്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നു. ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളായതിനാല്‍ ബോര്‍വെല്‍ വഴിയാണ് ജലസേചനം. പന്നിക്കോട്, കൊളുമ്പ്, പറശേരി, വകനിലം, പുളിയംതോണി, വട്ടേക്കാട്, പല്ലശന, വടവന്നൂർ, മുതലമട തുടങ്ങിയ ഗ്രാമങ്ങളാണ് പ്രധാന ഉത്പാദന കേന്ദ്രങ്ങൾ. ദിവസം 70 ടണ്‍ പാവയ്ക്ക മാത്രം വിഎഫ്പിസികെയുടെ കേന്ദ്രത്തില്‍ നിന്നു പുറം മാര്‍ക്കറ്റുകളിലേക്ക് കയറ്റി പോകുന്നുണ്ട്. ഇതിനോടടുത്ത് മറ്റു പച്ചക്കറികളും. ഈ വര്‍ഷം മാത്രം 5837 ടണ്‍ പച്ചക്കറി ഉത്പാദിപ്പിച്ച് വിറ്റഴിച്ചു. ഇത് പുതിയ റിക്കാര്‍ഡാണെന്ന് പനങ്ങാട്ടിരി കേന്ദ്രം ഡെപ്യൂട്ടി മാനേജര്‍ ബിന്ദു ചന്ദ്രന്, സംഘം പ്രസിഡന്റ് പി. വി. പ്രസാദ് എന്നിവര്‍ പറഞ്ഞു. അതായത് ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 16 കോടി 27 ലക്ഷം രൂപയുടെ പച്ചക്കറി വിപണനം.
ഒരു കോടിയില്‍പ്പരം രൂപയുടെ പച്ചക്കറി ഉത്പാദിപ്പിച്ച് വിറ്റ സംഘത്തിലെ ശിവദാസന്‍ കേരളത്തിലെ തന്നെ ആദ്യത്തെ കോടിപതിയായ പച്ചക്കറി കര്‍ഷകനായി. ചേപ്പലോട് സുനിലും കോടിപതി പട്ടത്തിനടുത്തുണ്ട്. പാലക്കാട് ജില്ലയിലെ പച്ചക്കറി മാര്‍ക്കറ്റുകള്‍ക്കു പുറമെ തെക്ക് തിരുവനന്തപുരം വരെയും വടക്ക് കാസര്‍ഗോഡ് വരെയും എലവഞ്ചേരിയില്‍ നിന്നു പച്ചക്കറി കയറ്റി പോകുന്നുണ്ട്. ഏറ്റവും കുറഞ്ഞ ഉത്പാദന ചെലവില്‍ പച്ചക്കറി ഉണ്ടാക്കുന്ന തമിഴ്നാട്ടിലെ പച്ചക്കറിയുമായാണ് എലവഞ്ചേരി പച്ചക്കറിയുടെ മത്സരം. അതിമാരക കീടനാശിനികള്‍ തളിച്ചുണ്ടാക്കുന്ന തമിഴ്നാട് പച്ചക്കറി മലയാളിയെ മാറാരോഗികളാക്കി മാറ്റുമ്പോള്‍ അതില്‍ നിന്നുള്ള മോചനത്തിന്റെ മത്സരം കൂടിയാണ് എലവഞ്ചേരിയിലെ കര്‍ഷകര്‍ നടത്തുന്നത്. ഇവിടെ പച്ചക്കറികള്‍ക്ക് കുറവ് വന്നാല്‍ തമിഴ്നാട് പച്ചക്കറി മാര്‍ക്കറ്റ് പിടിച്ചടക്കും.
കേരളത്തിലെ മാര്‍ക്കറ്റുകളില്‍ പച്ചക്കറികളുടെ വില പിടിച്ചു നിര്‍ത്തുന്നതിലും എലവഞ്ചേരി പച്ചക്കറികള്‍ക്ക് വലിയ പങ്കുണ്ട്.