ADVERTISEMENT
ലയാളികള്‍ക്കു പുതിയ കൃഷികള്‍ എക്കാലത്തും അവേശമാണ്. ബ്രസീലുകാരനായ മരച്ചീനിയെ എത്രവേഗമാണ് നമ്മുടേതാക്കി മാറ്റിയത്. പിന്നെ റബറിനെ സ്വീകരിച്ചു. തുടര്‍ന്നു കൊക്കോയും, റംബൂട്ടാനും തുടങ്ങി ഡ്രാഗണ്‍ ഫ്രൂട്ടുവരെ എത്രഎത്ര വിളകളെ നമ്മള് സ്വന്തമാക്കി. അതില്‍ ഏറ്റവും പുതുതായി കടന്നുവരുന്ന വൃക്ഷവിളയാണ് ചന്ദനം. ചന്ദനം പക്ഷേ, വരത്തനല്ലന്നു മാത്രം. നമ്മുടെ തന്നെ വനവൃക്ഷമാണ്. ചന്ദനത്തിന്റെ സാധ്യതകള്‍ കണ്ടറിഞ്ഞ്, സംസ്ഥാനത്ത് നൂറുകണക്കിനു കര്‍ഷകരാണ് തോട്ടമടിസ്ഥാനത്തില്‍ ഏക്കര്‍ കണക്കിനു ചന്ദനകൃഷിക്കു തുടക്കമിട്ടിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചന്ദനക്കാടുകള്‍ കര്‍ണാടകയിലും തമിഴ്നാട്ടിലും പിന്നെ കേരളത്തിലുമാണുള്ളത്. കേരളത്തിലെ മറയൂര്‍ കാടുകളാണ് ചന്ദനത്തിന് പ്രസിദ്ധം.
ചന്ദനത്തിന്റെ പ്രാധാന്യം
ചന്ദനം ഭാരതീയരെ സംബന്ധിച്ച് ഒരു പുണ്യവൃക്ഷമാണ്. ക്ഷേത്രാവശ്യങ്ങള്‍ക്കു ചന്ദനം അനിവാര്യം. ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള സുഗന്ധദ്രവ്യം ചന്ദന തൈലമാണ്. നിരവധി സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വ്യവസായികാടിസ്ഥാനത്തില്‍ ചന്ദനത്തില്‍ നിന്ന് ഉദ്പാദിപ്പിക്കുന്നുണ്ട്. സോപ്പ്, പൗഡർ, ക്രീമുകള്‍, അഗര്‍ബത്തികള്‍ എന്നിങ്ങനെ പോകുന്നു ആ ഉത്പന്നങ്ങൾ. പലതരം ഔഷധങ്ങളിലും ചന്ദനം പ്രധാന ചേരുവയാണ്. ദാരുശില്പങ്ങള്ക്കും, കരകൗശല ഉത്പന്നങ്ങള്‍ക്കും ചന്ദനം വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്.
മണ്ണും കാലാവസ്ഥയും
വെള്ളക്കെട്ടുള്ളതും ചതുപ്പായതും ഉപ്പിന്റെ ആധിക്യം ഏറെയുള്ളതുമായ സ്ഥലങ്ങള്‍ ഒഴിവാക്കിയാല്‍ കേരളത്തിലെ ഏതു മണ്ണിലും ചന്ദനം കൃഷി ചെയ്യാം. നല്ല നീര്‍വാര്‍ച്ചയുള്ളതും വരണ്ടതുമായ സ്ഥലമാണ് അനുയോജ്യം. പാറക്കെട്ടുള്ളതും ആഴം കുറഞ്ഞ മണ്ണുള്ള കുന്നിന് ചരിവിലും ചന്ദനം നന്നായി വളരും. 12 ഡ്രിഗ്രി മുതല്‍ 40 ഡിഗ്രി വരെയുള്ള താപനിലയും ഇടത്തരം മഴയും നല്ല സൂര്യപ്രകാശവും നീണ്ട വേനല്‍ക്കാലവും ചന്ദനത്തിന് ഉത്തമമാണ്.
നടീല്‍ വസ്തു
ചന്ദനത്തിന്റെ തൈകളാണ് നടീല്‍ വസ്തു. വിത്തിട്ട് മുളപ്പിച്ചെടുക്കുന്നതാണു തൈകൾ. സാന്തലേഷ്യ കുടുംബത്തില്‍ പെട്ട ചന്ദനത്തിന് നിരവധി സ്പീഷിസുകളുണ്ട്. അതില്‍ സന്താലം ആല്‍ബം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചന്ദനമാണ് ഏറ്റവും നല്ലത്. ലോകത്ത് ആ ഇനത്തില്‍പ്പെട്ട ഏറ്റവും മികച്ച ചന്ദനമുള്ളത് മറയൂര്‍ കാടുകളിലാണ്. ഗുണമേന്മയുള്ള ചന്ദന തൈകള്‍ വനം വകുപ്പിന്റെ മറയൂരുള്ള സബ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിന്റെ സാന്ഡല് ഡിവിഷനില്‍ നിന്നും തൃശൂര്‍ പീച്ചിയിലുള്ള ഫോറസ്റ്റ് റിസേര്‍ച്ച് സ്റ്റേഷനില്‍ നിന്നും ഉത്പാദിപ്പിച്ചു മിതമായ വിലയില്‍ വിതരണം ചെയ്യുന്നുണ്ട്.
നടീല്‍
ഒറ്റതായ്തടിയുള്ളതും എട്ടുപത്തു മാസം പ്രായമെത്തിയതുമായ കരുത്തുറ്റ തൈകള്‍ നടുന്നതിനായി തെരഞ്ഞെടുക്കാം. 20 മുതല്‍ 25 സെന്റീ മീറ്റര്‍ വരെ പൊക്കവും തണ്ടു കനം 5 സെന്റീ മീറ്ററും 20 മുതല്‍ 25 എണ്ണം ഇലകളും ചെറു ശാഖകളും ഉള്ളതാണ് ലക്ഷണമൊത്ത ചന്ദന തൈകൾ. എകവിള സമ്പ്രദായത്തില്‍ വരികള്‍ തമ്മിലും ചെടികള്‍ തമ്മിലും മൂന്നു മീറ്റര്‍ അകലം മതിയാകും. ഇങ്ങനെ നട്ടാല്‍ ഏക്കറിന് 330 ചന്ദന തൈകള്‍ നടാന്‍ കഴിയും.
കുഴികള്‍ക്ക് അരമീറ്റര്‍ ആഴവും വീതിയും ഉണ്ടാവണം. കുഴിയെടുത്താലുടന് മണ്ണിന്റെ പുളി അഥവാ അമ്ലത കുറയ്ക്കുന്നതിനായി അര കിലോ ഡോളോമൈറ്റും മേല്‍മണ്ണും മിക്സ് ചെയ്തു കുഴിയുടെ മുക്കാല്‍ ഭാഗം നിറയ്ക്കണം. മഴയില്ലെങ്കില്‍ ഈ മിശ്രിതം രണ്ടാഴ്ച നനയ്ക്കണം. അതിനു ശേഷം അടിവളങ്ങള്‍ ചേര്‍ത്ത് കൊടുക്കണം. അടിവളമായി കുഴിയൊന്നിന് 5 കിലോ ജൈവവളവും (കമ്പോസ്റ്റാണ് ഏറ്റവും നല്ലത്) അര കിലോ രാജ്ഫോസും അര കിലോ വേപ്പിന് പിണ്ണാക്കും ചേര്‍ത്തിളക്കിയ മിശ്രിതം ഇട്ടു കുഴിയിലെ മണ്ണുമായി കൂട്ടിക്കലര്‍ത്തി ഭൂനിരപ്പില്‍ നിന്ന് ഒരല്പം പൊക്കി കുഴി മൂടണം. വെള്ളം കെട്ടി നില്ക്കാതിരിക്കാനാണിത്. തുടര്‍ന്നു പിള്ളക്കുഴി എടുക്കണം. അതില്‍ പെര്‍ലേറ്റ്, വെര്‍മിക്കുലേറ്റ്, ചകിരിച്ചോര്‍ കംപോസ്റ്റ്, വേപ്പിന് പിണ്ണാക്ക് എന്നിവയടങ്ങിയ മിശ്രിതം മണ്ണുമായി കൂട്ടികലര്‍ത്തി നിറച്ചശേഷം തൈ നടണം.
വേണം തുണച്ചെടികള്
ചന്ദനം സ്വന്തമായി ആഹാരം കണ്ടെത്താന്‍ മടിയുള്ള ഒരു അര്‍ധപരാദ സസ്യമാണ്. അടുത്തു നില്ക്കുന്ന ചെടികളുടെ വേരുകളിലേക്ക് സ്വന്തം വേരുകള്‍ ആഴ്ത്തി അവയുടെ ആഹാരം മോഷ്ടിച്ചെടുക്കുന്ന വിരുതനാണിവന്‍. കാത്സ്യവും, പൊട്ടാഷും മാത്രമാണ് സ്വന്തമായി അല്പമെങ്കിലും മണ്ണില്‍ നിന്നു സ്വയം വലിച്ചെടുക്കുന്ന പോഷകങ്ങൾ. അതിനാല്‍ തൈ നടുന്നതിനൊപ്പം ആതിഥേയ സസ്യങ്ങളും നടേണ്ടതുണ്ട്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വിവിധങ്ങളായ തുണച്ചെടികള് വേണ്ടിവരും.
തുടക്കത്തില്‍ തുണയ്ക്ക് തടത്തില്‍ തന്നെ പൊന്നാംങ്കണ്ണിചീര നടാം. മറയൂരില്‍ നിന്നു ലഭിക്കുന്ന നഴ്സറി തൈകളുടെ കവറില്‍ തന്നെ നട്ടിട്ടുണ്ടാവും ഈ ചീര. തൈ നടുമ്പോള്‍ പൊന്നാങ്കണ്ണി ചീരയ്ക്കൊപ്പം പയര്‍വര്‍ഗ വിത്തുകളും തടത്തില്‍ വിതയ്ക്കാം. മുതിരയും, തുവരയും, പയറുമൊക്കെയാവാം. ഇവയില്‍ നിന്നു വളര്‍ച്ചയ്ക്കാവശ്യമായ നൈട്രജന്‍ യഥേഷ്ടം ലഭിക്കും. ഒന്നു രണ്ടു വര്‍ഷത്തേക്കു അമരയും തടത്തില്‍ നട്ടു വളര്‍ത്താം. ചന്ദനത്തിന്റെ ഇടവും വലവും തെക്കുവടക്കായി കൊന്ന കമ്പുകള്‍ കൂടി നട്ടാല്‍ തുണയും തണലുമാകും.
വളര്‍ച്ചയുടെ രണ്ടാം ഘട്ടത്തില്‍ അതായത് തൈകള്‍ നട്ട് മൂന്നു നാല് വര്‍ഷമെത്തിയാല്‍ തുണച്ചെടിയായി ഗ്രാഫ്റ്റ് ചെയ്ത വാളന്‍പുളി, അഗത്തിച്ചീര, മലവേപ്പ്, സില്‍വര്‍ ഓക്ക്, നെല്ലി, മാവ് തുടങ്ങിയവയെ ഉപയോഗപ്പെടുത്താം. വളര്‍ച്ചയുടെ മൂന്നാംഘട്ടം എത്തുമ്പോഴേയ്ക്കും വലിയ മരങ്ങള്‍ തന്നെ ചന്ദനമരങ്ങള്‍ക്കിടയില്‍ നട്ടുവളര്‍ത്തണം. മഞ്ഞക്കൊന്നയും, കാറ്റാടിയും പീലിവകയും സുബാബുൾ, പ്ലാവ്, ആഞ്ഞിലി എന്നിവയൊക്കെ തുണച്ചെടികളാക്കാം. എന്നാൽ, തുണമരങ്ങള് ചന്ദന മരങ്ങളെ മാറി കടന്നു വളരാന്‍ അനുവദിക്കരുത്. എപ്പോഴും നല്ല വെയില് വേണം. ചന്ദനത്തെ ചുറ്റിപ്പിടിക്കുന്ന വള്ളിച്ചെടികളെ അപ്പപ്പോള്‍ ഒഴിവാക്കണം.
വളപ്രയോഗവും പരിചരണവും
ചന്ദനത്തോട്ടത്തിലെ മണ്ണിന്റെ അമ്ലത കൂടാതെ ശ്രദ്ധിക്കണം. മരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്ക് മണ്ണിന്റെ പി. എച്ച് തോത് 6 നും 8 നും ഇടയിലായിരിക്കണം. ഇതു ക്രമപ്പെടുത്താന്‍ കാലവര്‍ഷാരംഭത്തില്‍ സെന്റിന് രണ്ടു മുന്നു കിലോ കുമ്മായം ചേര്‍ത്തു കൊടുത്താല്‍ മതി. ഏറ്റവും നല്ലത് ഡോളോമൈറ്റ് ആണ്. കുമ്മായ പ്രയോഗം കഴിഞ്ഞ് മൂന്നാഴ്ചയെങ്കിലും കഴിഞ്ഞിട്ടു മാത്രമേ വളപ്രയോഗങ്ങള്‍ നടത്താവൂ. ആദ്യം ചെയ്യേണ്ടത് കംപോസ്റ്റു വളങ്ങളാണ്. തുടക്കത്തില്‍ തൈ ഒന്നിന് 5 കിലോയില്‍ തുടങ്ങി വര്‍ഷം തോറും ഇരട്ടി എന്ന ക്രമത്തില്‍ 5 വര്‍ഷമെത്തുമ്പോള്‍ 25 കിലോ ജൈവവളങ്ങള്‍ കൊടുക്കണം. ഒപ്പം വേപ്പിന് പിണ്ണാക്കും നല്‍കണം.
രാസവളങ്ങളും നല്‍കേണ്ടതുണ്ട്. തുല്യ അളവിലാണ് ചന്ദനത്തിന്റെ എന്‍.പി.കെ ശുപാര്‍ശ. നാലഞ്ചുവര്‍ഷം വരെ 19:19:19 എന്ന പുതുതലമുറ വളം 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് രണ്ടാഴ്ചയിലൊരിക്കല്‍ വീതം വൈകുന്നേരമോ, രാവിലെയോ ചന്ദനമരത്തിന്റെ ഇലകളില്‍ സ്പ്രേ ചെയ്ത് കൊടുക്കുന്ന പത്രപോഷണ രീതി ഫലപ്രദമാണ്. ചുവട്ടില്‍ മണ്ണില്‍ ചേര്‍ത്തു കൊടുക്കുന്ന വളപ്രയോഗരീതിയും ആവാം. വളപ്രയോഗം തുണച്ചെടികള്ക്കും നല്‍കണം. യൂറിയ, രാജ്ഫോസ്, പൊട്ടാഷ് അല്ലെങ്കില്‍ ഫാക്ടം ഫോസ്, പൊട്ടാഷ് എന്നീ വളങ്ങള്‍ എന്‍.പി.കെ പോഷകങ്ങള്‍ക്കായി 50:50:50 എന്ന അനുപാതത്തില്‍ നല്‍കണം.
ചന്ദന മരത്തിന്റെ തുടക്കത്തില്‍ വേനലില്‍ നന അത്യാവശ്യമാണ്. മണ്ണിന്റെ തരം അനുസരിച്ച് പ്രതിദിനം 5 മുതല്‍ 6 ലിറ്റര്‍ വെള്ളം വേണ്ടി വരും. കാലാവസ്ഥാ കണക്കിലെടുത്ത് ജലസേചനം അഞ്ച് വര്‍ഷം വരെ തുടരാം.
രോഗങ്ങള്‍ കീടങ്ങള്‍
ചന്ദനമരങ്ങള്‍ക്ക് പലതരം രോഗങ്ങളും കീടങ്ങളും ബാധിക്കാനിടയുണ്ട്. തടി തുരപ്പന്‍ പുഴു വ്യാപകമായി കണ്ടുവരുന്നുണ്ട്. കീടബാധയുടെ ദ്വാരങ്ങള്‍ കണ്ടെത്തി അതിലൂടെ രാസകീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്നതാണ് പ്രായോഗിക പരിഹാര മാര്‍ഗം.
ഇലകളില്‍ കരിംപൂപ്പ്, ഇലകരിച്ചിൽ, പുളിക്കുത്ത് എന്നീ രോഗങ്ങളും കാണാറുണ്ട്. രോഗബാധ കണ്ടാലുടന്‍ കുമിള്‍നാശിനികള്‍ പ്രയോഗിക്കുക. സ്പൈക്ക് എന്ന മാരകരോഗവും ചന്ദനത്തിനുണ്ട്. മൈക്കോ പ്ലാസ്മ എന്ന രോഗാണുമൂലമുണ്ടാകുന്ന രോഗമാണിത്. ഇലകള്‍ മുരടിക്കലും, തളിരില ചുരുളുന്നതും ഇലകളൊക്കെ നേര്‍ത്തു കുറ്റിച്ചൂലുപോലെയായി ചന്ദനമരം ഉണങ്ങുന്നതാണ് ലക്ഷണങ്ങള്‍. ഈ രോഗത്തിനു മരുന്നില്ല. ലക്ഷണങ്ങള്‍ കണ്ടാലുടന്‍ പിഴുതുമാറ്റി തീയിട്ടു നശിപ്പിക്കുക മാത്രമാണ് പ്രതിവിധി. മറ്റൊന്നു നിമവിര ബാധയാണ്. വേരുകളിലെ നിമവിര ബാധ മൂലം മരത്തിന്റെ വളര്‍ച്ച മുരടിക്കും. ചന്ദന മരങ്ങളുടെ ചുവട്ടില്‍ ബന്ദി, കമ്യൂണിസ്റ്റു പച്ച എന്നിവ നട്ടു വളര്‍ത്തുന്നത് നിമബാധയെ നിയന്ത്രിക്കാന്‍ നല്ലതാണ്.
വിളവെടുപ്പ്
ഭാരത സര്‍ക്കാരിന്റെ ബംഗളുരൂ മല്ലേശ്വത്തുള്ള വുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പഠനപ്രകാരം ശാസ്ത്രീയ പരിചരണം നല്കി കൃഷിയിടത്തില്‍ വളര്‍ത്തുന്ന ചന്ദന മരങ്ങള്‍ക്ക് വാര്‍ഷിക വളര്‍ച്ച തടി കനം 4-5 സെന്റീമീറ്റര്‍ വരെ ശരാശരി ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ വന്നാല്‍ 12 മുതല്‍ 15 വര്‍ഷം കൊണ്ട് ചന്ദന മരത്തിന്റെ ചുവട്ടില്‍ നിന്നും ഒന്നര മീറ്റര്‍ ഉയരത്തിലെ തടിയുടെ ചുറ്റുവണ്ണം ശരാശരി 50 സെന്റീ മീറ്റര്‍ വരെ എത്താനിടയുണ്ട്. അതില്‍ നിന്നും 20 കിലോ കാതല്‍ ലഭിക്കും. ചന്ദനത്തടി മാത്രമല്ല, അതിന്റെ വേരും ശിഖരങ്ങളും വരെ ഉപയോഗപ്പെടുത്താവുന്നതാണ്. വേരിലാണു തൈലം ഏറ്റവും കൂടുതലുള്ളത്. ചന്ദനത്തിന്റെ ഇലയൊഴികെ എല്ലാ ഭാഗത്തിനും വിലയുണ്ടെന്നു ചുരുക്കം.
വിളവെടുക്കാന്‍
ചില നടപടി ക്രമങ്ങള്‍
കേരളത്തില്‍ 2012 ലെ ഫോറസ്റ്റ് റൂള്‍ പ്രകാരം ചന്ദനം കൃഷി ചെയ്യാനും ചില നടപടിക്രമങ്ങള്‍ അനുസരിച്ച് വില്‍ക്കുന്നതിനും അനുമതിയുണ്ട്. ഈ റൂളുകള്‍ പ്രകാരം ചന്ദനമരത്തിന് നെഞ്ചുയരത്തില്‍ 50 സെന്റിമീറ്ററോ അതില്‍ കൂടുതലോ ചുറ്റുവണ്ണം എത്തിയാല്‍ സ്ഥലമുടമയ്ക്കു ചന്ദനം മുറിക്കാന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കു അപേക്ഷ നല്‍കാം. അപേക്ഷ ലഭിച്ചാല്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തിയ ട്രീ കമ്മിറ്റി രൂപീകരിക്കും. റവന്യു ഉദ്യോഗസ്ഥരും കൃഷി ഓഫീസറും വേണ്ടി വന്നാല്‍ ലോക്കല്‍ പോലീസ് പ്രതിനിധികളും കര്‍ഷകനും ഈ കമ്മിറ്റിയില്‍ ഉണ്ടാവും. കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മരം മുറിക്കുന്നത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ മരം പിഴുതെടുത്ത് പ്രത്യേകം പ്രത്യേകം കഷണങ്ങളാക്കി മറയൂര്‍ ഫോറസ്റ്റ് ഡിവിഷണല്‍ ഓഫീസില്‍ എത്തിക്കും. ശരിയായ ഉണക്കു വന്നശേഷംചെന്തി ലേലത്തിനു വയ്ക്കും.
ലേലത്തില്‍ കിട്ടുന്ന വിലയുടെ 90 ശതമാനവും കര്‍ഷകനു ലഭിക്കും. ബാക്കി 10 ശതമാനം മുറികൂലി, കടത്തുകൂലി, മറ്റു ചെലവുകള്‍ എന്നിവയ്ക്കായി വിനിയോഗിക്കും. 2024 ലെ സംസ്ഥാന ബജറ്റില്‍ ചന്ദനം ശേഖരിക്കാന്‍ കൂടുതല്‍ വനം ഡിപ്പോകളെ ചന്ദന ശേഖരണ കേന്ദ്രങ്ങള്‍ ആക്കാനും, തടികളുടെ മൂല്യത്തിന്റെ അമ്പതു ശതമാനം മുന്‍കൂറായി ഉടമസ്ഥര്‍ക്കു നല്‍കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. കൃഷിവകുപ്പും വനം വകുപ്പും ചേര്‍ന്ന് ചന്ദന കൃഷി വ്യാപകമാക്കുന്നതിനുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നിലവില്‍ ഭാരതത്തിന്റെ ആഭ്യന്തര ആവശ്യകത 10000 ടണ്‍ ചന്ദനമാണെന്നു കണക്കാക്കിയിട്ടുണ്ട്. അതില്‍ 3000 ടണ്‍ മാത്രമാണ് പ്രതിവര്‍ഷ ലഭ്യത. ബാക്കി മുഴുവന്‍ ഇറക്കുമതിയാണ്.
ഫോണ്‍: 9447459071
വിവരങ്ങള്‍ക്ക് കടപ്പാട്
കേരള വനം വകുപ്പ്,
കാര്‍ഷിക സര്‍വകലാശാല
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വുഡ് സയന്‍സ് & ടെക്നോളജി, ബംഗളൂരൂ
കേരള കാര്‍ഷിക സര്‍വകലാശാല
Tags :