ADVERTISEMENT
ഔറംഗാബാദ്: വോട്ട് കൊള്ള ലക്ഷ്യമിട്ടുള്ള പുതിയ തന്ത്രമാണ് ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്രപുനഃപരിശോധനയെന്നും (എസ്ഐആർ) ഒരാൾക്ക് ഒരു വോട്ട് എന്ന തത്വം സംരക്ഷിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുകയും ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്രപുനഃപരിശോധനയിൽ പേര് നീക്കം ചെയ്യപ്പെടുകയും ചെയ്ത ഏതാനും വ്യക്തികളുമായി വാട്സ്ആപ്പ് ഗ്രൂപ്പിൽ നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
സസാറമിൽ ആരംഭിച്ച വോട്ട് അധികാർ യാത്രയുടെ ഉദ്ഘാടന വേളയിലാണ് സംഘത്തെ രാഹുൽ കണ്ടുമുട്ടിയത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുചേർന്ന് പിന്നാക്ക വിഭാഗത്തിൽപ്പെട്ട പാവപ്പെട്ട ഇവരെ വഞ്ചിക്കുകയാണ്. വഞ്ചിക്കപ്പെട്ടവരിൽ സൈനികർപോലുമുണ്ട്.
വോട്ടില്ലെന്നു മാത്രമല്ല, ഇവർക്ക് സ്വത്വമോ അവകാശങ്ങളോ ഇനിയുണ്ടാകില്ല. സാമൂഹ്യവിവേചനവും സാന്പത്തിക പരാധീനതകളും മൂലം ഇവർക്ക് ഇത്തരം അനീതികൾക്കെതിരേ പോരാടാനാകില്ല. അവരോടൊപ്പം ഞങ്ങളുണ്ടാകും- രാഹുൽ പറഞ്ഞു.
Tags :