ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രത്യേക സമഗ്ര പുനരവലോകനം (എസ്ഐആർ) മൂലം ബിഹാറിലെ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട 65 ലക്ഷം പേരുടെ പേരുകൾ പരസ്യപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓഗസ്റ്റ് 19നുള്ളിൽ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട പേരുകൾ പരസ്യപ്പെടുത്തണമെന്നുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്ന രീതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് പേരുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എസ്ഐആർ നടപടിമൂലം ബിഹാറിൽനിന്നു പലായനം ചെയ്തവരോ, മരണപ്പെട്ടവരോ, വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തവരോ ആണ് വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട 65 ലക്ഷം പേരെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണം.
നീക്കംചെയ്യപ്പെട്ട പേരുകൾ സംസ്ഥാനത്തെ വിവിധ പോളിംഗ് ബൂത്തുകളിലും പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ബിഹാറിലെ ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
Tags : BIHAR