ADVERTISEMENT
എം. പ്രേംകുമാർ
തിരുവനന്തപുരം: ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് സിപിഎം പോളിറ്റ്ബ്യൂറോയ്ക്കു നൽകിയ പരാതി ചോർന്നതു പാർട്ടി സംസ്ഥാന നേതൃത്വത്തെ മാത്രമല്ല കേന്ദ്ര നേതൃത്വത്തെയും ഒരുപോലെ വിഷമവൃത്തത്തിലാക്കിയിരിക്കുകയാണ്.
കത്ത് നേരത്തേ പുറത്തുവന്നതാണെങ്കിലും യുകെ വ്യവസായിയും സിപിഎം അനുഭാവിയുമായ രാജേഷ് കൃഷ്ണ മാധ്യമങ്ങൾക്കെതിരേ കൊടുത്ത മാനനഷ്ടക്കേസിൽ ഈ കത്തും രേഖയായി വന്നതാണു സിപിഎമ്മിനെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
കേരളത്തിലെ പാർട്ടിയിലെ പ്രമുഖരായ നേതാക്കളുടെ പേരും രാജേഷ് കൃഷ്ണയുമായി ബന്ധപ്പെട്ടു വന്നതോടെ എങ്ങനെ മറുപടി പറയണമെന്ന സന്ദേഹത്തിലാണു സിപിഎം.
കത്തു വിവാദം സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിലേക്കും വിരൽ ചൂണ്ടുകയാണ്. കഴിഞ്ഞ പാർട്ടി സംസ്ഥാന സമിതിയിൽ ഒരു നേതാവ് ജ്യോത്സ്യനെ കണ്ടെന്ന ആക്ഷേപം ഉന്നയിക്കപ്പെട്ടു. പിറ്റേ ദിവസം തന്നെ അതു മാധ്യമങ്ങളിൽ വാർത്തയായി. ജ്യോത്സ്യനെ കണ്ട നേതാവാരെന്ന ആകാംക്ഷ സിപിഎമ്മിനുള്ളിലുമുണ്ടായി.
തന്നെ വന്നു കണ്ടതു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഭാര്യയുമാണെന്നു ജ്യോത്സ്യൻ തന്നെ പിന്നീടു വെളിപ്പെടുത്തി. തികച്ചും സ്വകാര്യ സന്ദർശനമെന്നായിരുന്നു ജ്യോത്സ്യൻ പറഞ്ഞത്. എന്നാൽ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോത്സ്യനെ സന്ദർശിച്ചതു കണ്ണൂരിലെ സിപിഎമ്മിൽ വലിയ ചർച്ചയായി. പാർട്ടി കമ്മിറ്റിയിൽ വന്ന ആരോപണം മാധ്യമങ്ങൾക്കു ചോർത്തിനൽകിയതിനു പിന്നിൽ കണ്ണൂരിലെ തന്നെ ചില നേതാക്കളാണെന്ന് എം.വി.ഗോവിന്ദൻ സംശയിച്ചാൽ അല്ലെന്നു പറയാനാകില്ല. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിനു ശേഷം കൈക്കൊണ്ട ചില അച്ചടക്ക നടപടികൾ കണ്ണൂരിലെ സിപിഎമ്മിൽ വലിയ പ്രശ്നങ്ങളുണ്ടാക്കി.
അച്ചടക്ക നടപടി നേരിട്ട നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പാർട്ടി സെക്രട്ടറിക്കെതിരേ നിലപാടെടുത്തു. ഒരിക്കൽ കലങ്ങിമറിഞ്ഞ വ്യവസായിയുടെ കത്ത് വീണ്ടും വിവാദമായി കൊണ്ടുവന്നതിനു പിന്നിൽ കണ്ണൂരിലെ ചില നേതാക്കളാണെന്ന സംശയം തന്നെയാണു എം.വി. ഗോവിന്ദനുള്ളത്.
സാധാരണയായി വിവാദങ്ങളിൽ ഉടനടി മറുപടി നൽകുന്ന എം.വി. ഗോവിന്ദൻ പക്ഷേ കത്തു വിവാദത്തിൽ തിടുക്കപ്പെട്ടു മറുപടി പറഞ്ഞില്ല. അസംബന്ധമാണെന്നു മാത്രമാണു പറഞ്ഞുവച്ചത്.
പതിവായി മുഖത്തു കാണുന്ന ചിരിയും ഇന്നലെ കണ്ടില്ല. വിവാദങ്ങളിൽ ആകെ അസ്വസ്ഥ നായാണ് അദ്ദേഹത്തെ കണ്ടത്. മകന്റെ പേരും വിവാദത്തിൽപ്പെട്ടതാണു പാർട്ടി സെക്രട്ടറിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നത്.
2021-ലാണു സിപിഎം പോളിറ്റ്ബ്യൂറോയ്ക്കു മുഹമ്മദ് ഷെർഷാദ് പരാതി നൽകിയത്. ആരോപണവിധേയനും പരാതിക്കാരനും സിപിഎമ്മിനു വളരെ വേണ്ടപ്പെട്ടവരാണ്. മധുര പാർട്ടി കോണ്ഗ്രസിൽ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉൾപ്പെടുത്തിയതിനെതിരേ യായിരുന്നു ഷർഷാദിന്റെ കത്ത്. എന്നാൽ ഈ കത്ത് കോടതിയിൽ ഒരു രേഖയായി വന്നതോടെയാണു വിഷയം ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
വിവാദം വലിയ ഗൗരവമായി കാണേണ്ടതില്ലെന്ന നിലപാടിലാണു സിപിഎം കേന്ദ്ര കമ്മിറ്റി. പക്ഷേ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിക്കു നൽകിയ കത്തു പുറത്തുവന്നത് അതീവഗൗരവത്തോടെയാണു സിപിഎം കാണുന്നത്.
കത്തു വിഷയത്തിൽ പാർട്ടിതല അന്വേഷണത്തിനു സാധ്യതയുണ്ട്. പോളിറ്റ്ബ്യൂറോ യോഗം കഴിഞ്ഞു പാർട്ടി സെക്രട്ടറിയടക്കമുള്ളവർ തിരിച്ചെത്തിയ ഉടൻ സംസ്ഥാന നേതൃയോഗം ചേർന്നു കത്തു വിവാദം ചർച്ച ചെയ്യും.
Tags : govindan M V GOVINDAN