ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് നടത്തിയ ചരിത്ര യാത്ര ലോക്സഭയിൽ ചർച്ച ചെയ്യുന്നതിനിടെ വോട്ടർ പട്ടികയുടെ പ്രത്യേക സമഗ്ര പുനരവലോകനത്തിനെതിരേ (എസ്ഐആർ) പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. നാസയുടെ ആക്സിയം-4 ബഹിരാകാശദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദർശിച്ചു തിരിച്ചുവന്ന ശുഭാംശുവിന്റെ ബഹിരാകാശയാത്രയെ ചരിത്രമുഹൂർത്തം എന്നാണു ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് പ്രസംഗിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വിശേഷിപ്പിച്ചത്. ജിതേന്ദ്ര സിംഗിന്റെ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളികളുയർന്നതോടെ പ്രതിപക്ഷ അംഗങ്ങളെ കേന്ദ്രമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. എസ്ഐആറിൽ പ്രതിഷേധം വീണ്ടും ശക്തമായതോടെ ജിതേന്ദ്ര സിംഗിന്റെ പ്രസംഗത്തിനു ശേഷം സഭ പിരിച്ചുവിടുകയും ചെയ്തു.
നിങ്ങളുടെ കോപം സർക്കാരിനോടും ബിജെപിയോടും എൻഡിഎയോടും ആകാമെന്നും എന്നാൽ ഒരു ബഹിരാകാശ യാത്രികനോട് ദേഷ്യപ്പെടുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നുമാണ് ജിതേന്ദ്ര സിംഗ് പ്രതിപക്ഷ അംഗങ്ങളെ ഉന്നമിട്ടുകൊണ്ട് പറഞ്ഞത്. ശുഭാംശു ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും അദ്ദേഹം ബഹിരാകാശയാത്രികനെന്നതിലുപരി ഇന്ത്യൻ വ്യോമസേനയുടെ സൈനികനാണെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.
പ്രതിപക്ഷം ചർച്ചയിൽ പങ്കെടുക്കാതിരുന്നത് വളരെയധികം നിരാശകരമാണെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എക്സിൽ പോസ്റ്റ് ചെയ്തത്.
ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ശുഭാംശു ശുക്ലയെ അഭിനന്ദിച്ചുകൊണ്ട് ശശി തരൂർ എംപി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രത്യേക ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കാത്തതുകൊണ്ടാണ് എക്സിൽ കുറിപ്പെഴുതുന്നതെന്ന് വ്യക്തമാക്കിയ തരൂർ ശുഭാംശുവിന്റെ ബഹിരാകാശദൗത്യത്തിൽ എല്ലാ ഇന്ത്യക്കാരും അഭിമാനിതരാണെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സ്വന്തം ബഹിരാകാശദൗത്യമായ ഗഗൻയാന് ശുഭാംശുവിന്റെ ബഹിരാകാശയാത്ര ചവിട്ടുപടിയായി മാറിയെന്നും തരൂർ പറഞ്ഞു. ശശി തരൂരിന്റെ പോസ്റ്റ് കേന്ദ്ര പാർലമെന്ററികാര്യമന്ത്രി കിരണ് റിജിജു എക്സിൽ റീപോസ്റ്റ് ചെയ്യുകയും ചെയ്തു.
Tags :