ADVERTISEMENT
മംഗളൂരു: ധർമസ്ഥലയിൽ മൃതദേഹങ്ങൾ മറവുചെയ്തതായി പറയുന്ന ഭാഗങ്ങളിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ കുഴിച്ചു പരിശോധന നടത്തുന്നതു തത്കാലം നിർത്തിവച്ചതായി കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര നിയമസഭയിൽ അറിയിച്ചു.
ഇതുവരെ 17 ഇടങ്ങളിൽ കുഴിച്ചു പരിശോധന നടത്തിയതിൽ രണ്ടിടങ്ങളിൽനിന്നു മാത്രമാണു മനുഷ്യന്റെ അസ്ഥികൾ ലഭിച്ചത്. ഇവയുടെയും മറ്റു സ്ഥലങ്ങളിൽനിന്നു ശേഖരിച്ച മണ്ണിന്റെയും ഫോറൻസിക് പരിശോധനകൾ നടത്തിയതിനു ശേഷം മാത്രമാകും തുടരന്വേഷണങ്ങൾ എങ്ങനെ വേണമെന്നു തീരുമാനിക്കുകയെന്നു മന്ത്രി വ്യക്തമാക്കി.
ആക്ഷൻ കമ്മിറ്റി ഭാരവാഹിയായ ജയന്തും പ്രദേശവാസികളായ ഏതാനും പേരും മൃതദേഹങ്ങൾ മറവുചെയ്യുന്നതു കണ്ടതായി വെളിപ്പെടുത്തി പുതിയ പരാതികൾ നല്കിയിട്ടുണ്ടെങ്കിലും ഇവർ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളിൽ അന്വേഷണസംഘം പരിശോധന നടത്തിയിട്ടില്ല. 15 വർഷം മുമ്പ് രണ്ട് അജ്ഞാത മൃതദേഹങ്ങൾ മറവുചെയ്തതുമായി ബന്ധപ്പെട്ട് പോലീസിൽനിന്നും പഞ്ചായത്തിൽ നിന്നുമുള്ള രേഖകൾ ആക്ഷൻ കമ്മിറ്റി ഭാരവാഹി മഹേഷ് ഷെട്ടി തിമ്മരോടി പുറത്തുവിട്ടിരുന്നു. എന്നാൽ ആദ്യഘട്ട പരിശോധനയിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാൻ സർക്കാരിനു മേൽ കനത്ത സമ്മർദമുള്ളതായാണു സൂചന.
Tags : Dharmasthala