ADVERTISEMENT
29-07-2025
വിലങ്ങാട്ടും വയനാട്ടിലുമുള്ളവർക്കേറ്റ വൈകാരികാഘാതം അത്രയെളുപ്പം മാറുന്നതല്ല. ആ ദിവസത്തിന്റെ ഓർമ അവരുടെയുള്ളിൽ ഇനിയും ഉരുൾപൊട്ടലായും പേമാരിയായും പ്രകന്പനംകൊള്ളും. അതിനൊപ്പം അതിജീവനത്തിന്റെ ചുഴലികളുംകൂടി അവർക്കു താങ്ങാനായെന്നു വരില്ല.
കേരളത്തിന്റെ ഉള്ളുപൊട്ടിയ ദുരന്തം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. അതിനിടെ ചുറ്റുമുള്ള ലോകത്തു പലതും സംഭവിച്ചു. ഭൂമിയിൽ ജീവിതം മുന്നോട്ടുതന്നെ പോകുന്നു. പക്ഷേ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായിരുന്ന മനുഷ്യർ ഇപ്പോഴും വിറങ്ങലിച്ചുനിൽക്കുകയാണ്.
ഉള്ളിലും പുറത്തുമേറ്റ ആഘാതം അവരെ അത്രമാത്രം ഉലച്ചിരിക്കുന്നു. കഴിഞ്ഞ 365 ദിവസവും അവരുടെയുള്ളിൽ പൊട്ടിയ ഉരുളുകൾ ഒരു യന്ത്രമാപിനിക്കും അളക്കാനാകുന്നതല്ല. ഹൃദയം പിളർക്കുന്ന ഓർമകൾ അവരെ ആ ദുരന്തദിനത്തിലേക്ക്, അതിനു മുന്പുണ്ടായിരുന്ന സന്തോഷദിനങ്ങളിലേക്ക് ആഞ്ഞാഞ്ഞ് വലിക്കുകയാണ്. മറുവശത്ത്, കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെട്ട അവർ അതിജീവനത്തിനായി മുന്നോട്ട് ആഞ്ഞുവലിക്കുന്നു.
കൈത്താങ്ങാകേണ്ട, കൈപിടിച്ചു മുന്നോട്ടു നടത്തേണ്ട ഭരണകൂടങ്ങൾ എന്തൊക്കെയോ ചെയ്തെന്നു വരുത്തി നിസംഗതയിലാണ്. ഇരകളെന്നു വിളിക്കപ്പെടുന്നവർ അകത്തും പുറത്തുമേറ്റ ആഘാതത്തെ മറികടക്കാനാകാതെ നിന്നിടത്തുതന്നെ നിൽക്കുന്നു. ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ ഉറവകൾ വറ്റിയിട്ടില്ലെന്നു കേരളം തെളിയിച്ചുകഴിഞ്ഞതാണ്. സഹായങ്ങൾ പ്രവഹിച്ചു. ദുരിതാശ്വാസനിധിയിൽ കോടികൾ കുമിഞ്ഞു.
നിരവധി വാഗ്ദാനങ്ങളുണ്ടായി. അവയിൽ പലതും മുന്നോട്ടു പോകുന്നു. എന്നാൽ, എല്ലാം ഏകോപിപ്പിച്ചു ദുരന്തബാധിതരെ ജീവിതപാതയിലേക്കു തിരിച്ചുകൊണ്ടുവരാൻ ബാധ്യതയുള്ള ഭരണകൂടങ്ങൾ, തകർന്ന മനസുകളെയും ശരീരങ്ങളെയും ന്യായീകരണങ്ങളുടെ ചുവപ്പുനാടകൊണ്ട് വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു.
ഉരുൾപൊട്ടൽ പോലുള്ള വലിയ പ്രകൃതിദുരന്തമുണ്ടായാൽ ആദ്യം അടിയന്തര സഹായം. പിന്നെ പുനരധിവാസവും ജീവനോപാധിയും. അതാണു വേണ്ടത്. പുനരധിവാസ പട്ടികയിൽനിന്ന് പുറത്തായവരുടെ അമർത്തിപ്പിടിച്ച വിലാപമാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുനിന്ന് ഇപ്പോഴും ഉയരുന്നത്. വിലങ്ങാട് അടിച്ചിപ്പാറയിലുണ്ടായ ഉരുള്പൊട്ടലില് ഇരകളായത് 150 കുടുംബങ്ങളാണ്.
വീട് തകര്ന്ന 31 പേര്ക്കു മാത്രം സര്ക്കാര് 15 ലക്ഷം രൂപ നല്കി. അതില്തന്നെ അര്ഹരായ എല്ലാവരെയും ഉള്പ്പെടുത്തിയില്ലെന്ന പരാതിയുമുണ്ട്. ബാക്കിയുള്ളവരെ ഉൾപ്പെടുത്തുമെന്നു പറയുന്ന രണ്ടാം പുനരധിവാസ പട്ടികയ്ക്ക് ഇതുവരെ മുളപൊട്ടിയിട്ടുമില്ല. വയനാട്ടിൽ 298 ജീവൻ പൊലിഞ്ഞ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ മനുഷ്യർ ഇനിയും ജീവിതത്തിലേക്കു തിരിച്ചുകയറാനാകാതെ പ്രതികൂല സാഹചര്യങ്ങളോടു പൊരുതിനിൽക്കുകയാണ്.
സർക്കാർ കണക്കിൽ ഇവിടെ 410 പേർക്കാണ് വീടു നഷ്ടമായത്; അനൗദ്യോഗിക കണക്കിൽ 545 പേർക്കും. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും വാടകവീട്ടിലാണ്. സർക്കാർ വിഭാവന ചെയ്ത ടൗൺഷിപ്പിലെ 410 വീടുകളിൽ 140 എണ്ണമാണ് ആദ്യഘട്ടത്തിൽ തയാറാകുക. ബാക്കിയുള്ളവ രണ്ട്, മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങളിലും. ഇവയുടെ നിർമാണം എപ്പോൾ പൂർത്തിയാകുമെന്ന ആശങ്കയുടെ കാർമേഘങ്ങൾ അന്തരീക്ഷത്തിലുണ്ട്.
നമ്മുടെ "സിസ്റ്റം' അങ്ങനെയാണെന്നു മന്ത്രിമാർതന്നെ വിളംബരം ചെയ്തിട്ടുണ്ടല്ലോ! 700 കോടിയിലേറെ പെട്ടിയിലുള്ള സംസ്ഥാന സർക്കാർ ഇതുവരെ 108.21 കോടി രൂപ ചെലവഴിച്ചിട്ടും ദുരന്തബാധിതരുടെ ജീവിതം ഒരിഞ്ചു മുന്നോട്ടു നീങ്ങിയിട്ടില്ല.
കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കൈവഴികൾ വയനാട്ടിലേക്കും വിലങ്ങാട്ടേക്കും തിരിച്ചുവിട്ട കത്തോലിക്കാ സഭ പുതിയ നൂറു വീടുകളാണ് നിർമിച്ചു നല്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിൽ വീടുകളുടെ നിർമാണം തുടങ്ങുകയും ചെയ്തു. കെസിബിസിയുടെ സഹകരണത്തോടെ താമരശേരി രൂപത നിർമിക്കുന്ന 65 വീടുകളിൽ പതിനഞ്ചെണ്ണം കുടുംബങ്ങൾക്കു കൈമാറി. വയനാട്ടിൽ കെസിബിസിയും മാനന്തവാടി രൂപതയും ചേർന്നു നിർമിക്കുന്ന അന്പത് വീടുകളുടെ പണി വാഴവറ്റയിൽ അതിവേഗം മുന്നോട്ടുപോകുന്നു. ബത്തേരി രൂപതയുടെ ആഭിമുഖ്യത്തിൽ പതിമൂന്ന് വീടുകളാണ് നിർമിക്കുക.
ദുരിതാശ്വാസനിധി നിറഞ്ഞുകവിഞ്ഞിട്ടും എല്ലാം നഷ്ടപ്പെട്ടവരോട് “കാത്തിരിക്കൂ” എന്നു പറയുന്ന ക്രൂരത ഭരണകൂടങ്ങൾ ആവർത്തിക്കരുത്. അത് സഹജീവികളെ ചേർത്തുപിടിച്ചവരോടും കാട്ടുന്ന നെറികേടാണ്. ഭരണചക്രത്തിലെ കടുംകെട്ടുകൾ എത്രയും വേഗം അഴിക്കേണ്ടതിനു പകരം കൂടുതൽ കൂടുതൽ മുറുക്കുന്നത് പൊറുക്കാനാകാത്ത നീതികേടാകും.
ദുരന്തത്തോട് മുഖംതിരിച്ച കേന്ദ്രസർക്കാരിന്റെ നിലപാടും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വയനാട്ടിൽ സംഭവിച്ചതിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മടിച്ച കേന്ദ്രം ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിലും ഹീനമായ അവഗണന കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വയനാട്ടിലെത്തിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.
വ്യവസ്ഥകളില്ലെന്ന പേരിലാണ് ദേശീയദുരന്തപ്രഖ്യാപനം ഒഴിഞ്ഞുപോയത്. ഇതു കേട്ടാൽ തോന്നും, വ്യവസ്ഥകളൊക്കെ അന്യഗ്രഹങ്ങളിൽനിന്നു വരുന്നതാണെന്ന്! സാഹചര്യങ്ങളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് നിയമത്തിലും വ്യവസ്ഥയിലുമൊക്കെ മാറ്റം വരുത്താനല്ലേ ഇവരെയൊക്കെ തെരഞ്ഞെടുത്തു വിടുന്നത്?
പ്രഖ്യാപനമില്ലാത്തതിനാൽ എംപി ഫണ്ട് പോലും ഉപയോഗിക്കാനാകാത്ത ദുഃസ്ഥിതി ആരോടു പറയാൻ? സ്വന്തം പാർട്ടിക്കു സീറ്റ് നല്കാത്തതിന്റെ പേരിൽ ഇങ്ങനെ ശിക്ഷിക്കുന്നവർ സാമൂഹികനീതിയെക്കുറിച്ചു "മൻ കി ബാത്' നടത്തിയിട്ട് എന്തു കാര്യം? വായ്പകൾ എഴുതിത്തള്ളാൻ നിർദേശമില്ലെന്നാണ് ബാങ്കുകളുടെ ഭാഷ്യം.
അതേസമയം വായ്പ എഴുതിത്തള്ളുകയല്ല, സർക്കാർ ഏറ്റെടുക്കുകയാണു വേണ്ടതെന്നും ആവശ്യമുയരുന്നുണ്ട്. എഴുതിത്തള്ളൽ ഉണ്ടാക്കുന്ന സാങ്കേതികക്കുരുക്കുകൾ ദുരന്തബാധിതരെ കൂടുതൽ വിഷമത്തിലാക്കുമെന്നാണു പറയുന്നത്. ഒരുതരത്തിലും തിരിച്ചടവു സാധ്യമല്ലാത്ത അവസ്ഥയിൽ ജീവിക്കുന്നവരുടെ മുന്നിലേക്ക് കാൽക്കുലേറ്ററും ചെപ്പടിവിദ്യകളുമായി ചെല്ലല്ലേ എന്നേ പറയാനുള്ളൂ.
വിലങ്ങാട്ടും വയനാട്ടിലുമുള്ളവർക്കേറ്റ വൈകാരികാഘാതം അത്രയെളുപ്പം മാറുന്നതല്ല. ആ ദിവസത്തിന്റെ ഓർമ അവരുടെയുള്ളിൽ ഇനിയും ഉരുൾപൊട്ടലായും പേമാരിയായും പ്രകന്പനം കൊള്ളും. അതിനൊപ്പം അതിജീവനത്തിന്റെ ചുഴലികളുംകൂടി അവർക്കു താങ്ങാനായെന്നു വരില്ല. "സിസ്റ്റ'ത്തെ പഴിപറയാതെ, അവരെ പച്ചമനുഷ്യരായി കണ്ട് മനുഷ്യത്വത്തോടെയുള്ള ഇടപെടലാണു ഭരണകൂടങ്ങളിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്.
28-07-2025
രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ഛത്തിസ്ഗഡിൽ വിചാരണ ചെയ്തത്.
ഒരു റെയിൽവേ ഉദ്യോഗസ്ഥൻ തനിക്കു കുറ്റവാളികളെന്നു തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും ചോദ്യം ചെയ്യാൻ മതസംഘടനാ പ്രവർത്തകരെ വിളിച്ചുവരുത്തുന്നു. പിന്നെ, പാഞ്ഞെത്തിയ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണ. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്... സ്ഥിരം കുറ്റപത്രം! നിജസ്ഥിതി വെളിപ്പെടുത്തുന്ന രേഖകളെല്ലാമുണ്ടെങ്കിലും വർഗീയവാദികളുടെ ഉത്തരവു പ്രകാരം പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിലാക്കുന്നു.
തടയാനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീർവാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾസംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിർവചിക്കപ്പെടുകയാണ്. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്.
ഛത്തിസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിലാണ് ഇത്തവണ അവരെത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയ കണ്ണൂർ, അങ്കമാലി സ്വദേശികളും ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എഎസ്എംഐ) സന്യാസിനീ സഭാംഗങ്ങളുമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടികളെയുമാണ് ടിടിഇ തടഞ്ഞത്. കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിൽ ജോലിക്കു പോകുകയാണെന്ന് യുവതികൾ പറഞ്ഞെങ്കിലും ടിടിഇ ബജ്രംഗ്ദൾ പ്രവർത്തകരെ അറിയിച്ചെന്നാണ് റിപ്പോർട്ട്.
പാഞ്ഞെത്തിയ ബജ്രംഗ്ദൾകാർ, ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ കന്യാസ്ത്രീകൾ പെൺകുട്ടികളെ മതപരിവർത്തനത്തിനു കൊണ്ടുപോകുകയാണെന്നു കണ്ടെത്തി! തങ്ങൾ ക്രൈസ്തവരാണെന്നും പ്രായപൂർത്തിയായ തങ്ങൾക്കു ജോലിക്കു പോകാൻ മാതാപിതാക്കളുടെ സമ്മതപത്രമുണ്ടെന്നും യുവതികൾ പറഞ്ഞെങ്കിലും ബജ്രംഗ്ദൾകാരുടെ നിർദേശമനുസരിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും യുവതികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാൻ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകൾ റെയിൽവേസ്റ്റേഷനിൽ ആൾക്കൂട്ട വിചാരണ നടത്തുക, പിന്നീട് കർശന നിർദേശത്തോടെ പോലീസിനു കൈമാറുക... മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്നു ബിജെപിക്ക് അറിയാതെയാണോ? ദുരൂഹതയേറുന്നു.
വർഗീയവാദികളുടെ കംഗാരു കോടതികൾ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും മാത്രമല്ല, അവരുടെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമൊക്കെ ആയുധങ്ങളുമായി കടന്നുകയറി ആക്രമണം അഴിച്ചുവിടുകയുമാണ്.
കഴിഞ്ഞ മേയ് 31നാണ് ഒഡിഷയിലെ ബെറാംപുരിനടുത്ത ഖൊർധ റോഡ് റെയിൽവേസ്റ്റേഷനിൽ റൂർക്കല രാജറാണി എക്സ്പ്രസിനുള്ളിൽ കന്യാസ്ത്രീക്കും കൂടെയുണ്ടായിരുന്ന കുട്ടികൾക്കും നേരേ ബജ്രംഗ്ദൾ അക്രമം അഴിച്ചുവിട്ടത്. ആരോപണം മതപരിവർത്തനം തന്നെ. പോലീസ് പതിവുപോലെ കാഴ്ചക്കാരായിരുന്നു. അതിന് ഒരാഴ്ച മുന്പായിരുന്നു ഒഡിഷയിലെതന്നെ ചാർബതി കാർമൽ നികേതനിലെത്തിയ ഒന്പതംഗ അക്രമിസംഘം കൊള്ളയടിക്കുകയും രണ്ടു വൈദികരെ ക്രൂരമായി മർദിക്കുകയും ചെയ്തത്.
ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കണമെങ്കിൽ സംഘപരിവാറിന്റെ ഔദാര്യം വേണ്ടിവന്നിരിക്കുന്നു. വർഗീയവാദികൾ എപ്പോൾ ചോദിച്ചാലും സർട്ടിഫിക്കറ്റുകൾ ഹാജരാക്കിക്കൊള്ളണം. ബൈബിളിനും ക്രൂശിതരൂപത്തിനുമൊക്കെ പരോക്ഷ വിലക്ക്. സന്യസ്തർക്ക് അവരുടെ വേഷത്തിൽ പുറത്തിറങ്ങാനാകാത്ത സ്ഥിതി. ദുർഗിലെ ടിടിഇയെ ആരാണു പഠിപ്പിച്ചത് ബജ്രംഗ്ദളാണ് പോലീസും കോടതിയുമെന്ന്? അതാണ് സർക്കാർ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്ന വർഗീയവത്കരണം.
ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. റിപ്പോർട്ടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും ഹിന്ദുത്വ ചവിട്ടിമെതിക്കുന്ന ക്രൈസ്തവർക്കെതിരേ കുറ്റപത്രം തയാറാക്കാനും സംഘപരിവാറിനൊപ്പം ക്രിസ്ത്യൻനാമ-ശുഭ്രവേഷധാരികളായ ദല്ലാൾമാരും അവരുടെ ഒളിസംഘടനകളുമുണ്ട്. പക്ഷേ, റിപ്പോർട്ടുകൾ തെറ്റാണെന്നു തെളിയിക്കുകയോ കേസുകളിൽ അന്വേഷണം നടത്തുകയോ ചെയ്യില്ല. ഛത്തിസ്ഗഡിലേതു കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
കന്യാസ്ത്രീകൾക്കെതിരേ മൊഴി നൽകാൻ പെൺകുട്ടികളെ നിർബന്ധിച്ചെന്ന് സിബിസിഐ വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ പ്രതികരിച്ചു. മുന്പും നിരവധി തവണ ക്രൈസ്തവനേതാക്കൾ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയുമൊക്കെ കണ്ട് നിവേദനം നൽകിയതാണ്. ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചിട്ടുണ്ട്. മെത്രാന്മാരും പ്രതിപക്ഷവും അഭ്യർഥിച്ചിട്ടുവേണോ ഈ പരമോന്നത നേതാക്കൾക്കു കാര്യങ്ങളറിയാൻ?
ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ബിജെപി വിചാരിച്ചാൽ വർഗീയതയെ തളയ്ക്കാം. പക്ഷേ, അധികാരത്തിന്റെ ആ അക്രമോത്സുകരഥം കേരളത്തിൽ മാത്രമായി ഒഴിവാക്കാനാകുന്നില്ല.
ഛത്തീസ്ഗഡിലും ഒറീസയിലുമുൾപ്പെടെ കന്യാസ്ത്രീകൾക്കു കുറ്റപത്രവും കേരളത്തിൽ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിംകളും ഉൾപ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്നേഹപൂർവം ഓർമിപ്പിക്കുന്നു.
28-07-2025
കന്പി മുറിച്ചു ജയിൽ ചാടിയ ഗോവിന്ദച്ചാമി മാത്രമല്ല, ഭരണകൂടം സമ്മാനിച്ച പരോളിലൂടെ പുറത്തു കടക്കുന്ന പാർട്ടിച്ചാമിമാരും ആപത്താണ്. ഒന്നു സുരക്ഷാവീഴ്ച, മറ്റേതു രാഷ്ട്രീയവാഴ്ച.
സൗമ്യവധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തെക്കുറിച്ച് ആദ്യമായി പറയാനുള്ളത്, അത് ഗുരുതരവും ലജ്ജാകരവുമായ സുരക്ഷാവീഴ്ചയാണ് എന്നതാണ്.
രണ്ടാമത്തേത്, ഗോവിന്ദച്ചാമിക്ക് രാഷ്ട്രീയ പിടിപാടുണ്ടായിരുന്നെങ്കിൽ ചാട്ടത്തിനു പകരം പരോൾ മതിയായിരുന്നു എന്ന കറുത്ത ഫലിതമാണ്. അതിനാൽ, കന്പി മുറിച്ചു ജയിൽ ചാടിയ ഗോവിന്ദച്ചാമി മാത്രമല്ല, ഭരണകൂടം സമ്മാനിച്ച പരോളിലൂടെ പുറത്തു കടക്കുന്ന പാർട്ടിച്ചാമിമാരും ആപത്താണ്. ഒന്നു സുരക്ഷാവീഴ്ച, മറ്റേതു രാഷ്ട്രീയവാഴ്ച.
ഇന്നലെ പുലർച്ചെയാണ് കേരളത്തിലെ വെറുക്കപ്പെട്ട കുറ്റവാളികളിലൊരാളായ തമിഴ്നാട്, കടലൂർ, സമത്വപുരം, അറുമുഖൻ മകൻ ഗോവിന്ദച്ചാമി (ചിലർക്ക് ചാർളി തോമസ്) കണ്ണൂരിലെ അതീവസുരക്ഷാ ജയിലിൽനിന്നു ചാടിയത്. തടവറയുടെ കന്പികൾ മുറിച്ചു പുറത്തിറങ്ങിയ അയാൾ വൈദ്യുതവേലിയാൽ സംരക്ഷിതമായ കൂറ്റൻ മതിലും തുണി കെട്ടി ചാടിയിറങ്ങി. രാവിലെ പത്തരയോടെ ഏറെ ദൂരെനിന്നല്ലാതെ പിടിയിലുമായി.
ഒറ്റക്കൈ മാത്രമുള്ള ഗോവിന്ദച്ചാമി ആരുടെയും സഹായമില്ലാതെ അതീവസുരക്ഷാ ജയിലിൽനിന്ന് ഇത്ര നിസാരമായി പുറത്തു ചാടിയെങ്കിൽ അത്രയ്ക്ക് അതീവ സുരക്ഷയില്ലാത്തിടത്തെ സ്ഥിതി എന്തായിരിക്കും! മദ്യവും മയക്കുമരുന്നും മൊബൈൽ ഫോണുകളും ജയിലിൽ എത്തുന്നത് അറിയാത്ത ഉദ്യോഗസ്ഥർ ഇതും അറിഞ്ഞില്ല.
തമിഴ്നാട്ടിലും ആന്ധ്രയിലും നിരവധി കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള കൊടുംകുറ്റവാളിയെ നാട്ടുകാർ നൽകിയ വിവരമനുസരിച്ചാണ് പോലീസ് പിടികൂടിയത്. 2011 ഫെബ്രുവരിയിൽ എറണാകുളത്തുനിന്നു ഷൊർണൂരിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സൗമ്യ എന്ന പാവപ്പെട്ട പെൺകുട്ടിയെ ട്രെയിനിൽനിന്നു തള്ളിയിടുകയും മാനഭംഗപ്പെടുത്തി കൊല്ലുകയും ചെയ്തത്. ഒരൊറ്റ കാര്യമാണു ശ്രദ്ധിക്കേണ്ടത്; അതീവസുരക്ഷാ ജയിലുകളേക്കാൾ വേണ്ടത് അത്യാവശ്യം കഴിവുള്ള ജീവനക്കാരെയാണ്.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ഗുരുതരമായ കെടുകാര്യസ്ഥതയുടെ നേർക്കാഴ്ചയാണെങ്കിൽ, സമാന്തരമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ് രാഷ്ട്രീയവത്കരിക്കപ്പെട്ട ജയിലുകളിലെ പാർട്ടിവാഴ്ചകൾ.
ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ ഇടപെടലുകൾ അസാധാരണമല്ലെങ്കിലും രാഷ്ട്രീയ കേരളത്തിന്റെ അധോലോകവത്കരണത്തെ പുതിയ തലത്തിലെത്തിച്ച ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ സിപിഎം അധികാരമുപയോഗിച്ചു സംരക്ഷിക്കുന്നതു കണ്ടപ്പോഴാണ് കേരളം ശരിക്കും നിസഹായരായത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ കഴിഞ്ഞ ഫെബ്രുവരി വരെ ആയിരത്തിലധികം ദിവസമാണ് കുറ്റവാളികളായ കെ.സി. രാമചന്ദ്രൻ, അണ്ണൻ സജിത്, ട്രൗസർ മനോജ് എന്നിവർക്കു പരോൾ ലഭിച്ചത്. മറ്റുള്ളവരും അതിനോടടുത്ത കാലം പുറത്തായിരുന്നു.
സിജിത്ത്, ഷാഫി, കിർമാണി മനോജ് എന്നിവർ വിവാഹിതരായത് ശിക്ഷാ കാലയളവിൽ പരോളിലിറങ്ങിയാണ്. പുറത്തിറങ്ങിയ ചിലർ ലഹരിപ്പാർട്ടി നടത്തുകയും കുറ്റകൃത്യങ്ങളിലേർപ്പെടുകയുമൊക്കെ ചെയ്തെങ്കിലും വീണ്ടും ജയിലിൽനിന്നു പരോൾ അനുവദിച്ചു.
കൊടി സുനിക്കു മാത്രമാണ് കുറവ് പരോൾ. ജയിലില് മൊബൈല് ഫോണ് ഉപയോഗിച്ചു, സ്വർണക്കടത്തും ഗുണ്ടായിസവും സംഘടിപ്പിച്ചു, ജയിലുദ്യോഗസ്ഥരെ മര്ദിച്ചു തുടങ്ങിയ കേസുകളെ തുടര്ന്നാണ് സുനിക്ക് പരോള് കുറഞ്ഞത്.
വിയ്യൂരിലെ അതിസുരക്ഷാ ജയിലില് സഹതടവുകാരുമായി ചേര്ന്ന് കലാപമുണ്ടാക്കാന് ശ്രമിച്ച ഇയാളെ പിന്നീടു തവനൂരിലേക്കു മാറ്റുകയായിരുന്നു. ജയിലിലും ഈ കൊടുംകുറ്റവാളികൾക്കു പരമസുഖമായിരുന്നു. ഇഷ്ടബ്ലോക്ക്, സെൽ, ഇഷ്ട ഭക്ഷണം, മൊബൈൽ ഫോൺ... ആരാണ് പാർട്ടിക്കുറ്റവാളിയാകാൻ മടിക്കുന്നത്?
ഭരിക്കുന്നവർക്കു താത്പര്യമുണ്ടെങ്കിൽ പാർട്ടിക്കുറ്റവാളികളാകണമെന്നില്ല. ഭാസ്കര കാരണവർ കൊലക്കേസിലെ മുഖ്യപ്രതിയും കാരണവരുടെ മകന്റെ ഭാര്യയുമായ ഷെറിന് 14 വർഷത്തിനിടെ പരോൾ കിട്ടയത് 500 ദിവസമാണ്. മൂന്നു ജീവപര്യന്തം ലഭിച്ചെങ്കിലും ജീവപര്യന്തത്തിന്റെ കുറഞ്ഞ കാലയളവായ 14 വർഷം പൂർത്തിയായതോടെ സർക്കാരിന്റെ ശിപാർശയിൽ ശിക്ഷായിളവോടെ ഒരാഴ്ച മുന്പ് ജയിൽമോചിതയാകുകയും ചെയ്തു.
നല്ലനടപ്പ് പരിഗണിച്ചായിരുന്നു മന്ത്രിസഭയുടെ ശിപാര്ശയെങ്കിലും തൊട്ടുപിന്നാലെ സഹതടവുകാരിയെ കൈയേറ്റം ചെയ്യാനും ഷെറിനു മടിയില്ലായിരുന്നു. ഗോവിന്ദച്ചാമി പാർട്ടിക്കാരനായിരുന്നെങ്കിൽ ജയിൽ ചാടേണ്ടിവരുമായിരുന്നില്ല; പരോളിലിറങ്ങി പുറത്തും ആർഭാടത്തോടെ അകത്തും വാഴാമായിരുന്നു.
രാഷ്ട്രീയവത്കരിക്കപ്പെട്ട ദേശീയ അന്വേഷണ ഏജൻസികൾ മാത്രമല്ല, രാഷ്ട്രീയവത്കരിക്കപ്പെട്ട കലാലയങ്ങളും സർവകലാശാലകളും സർക്കാർ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും പോലീസും ജയിലുമൊക്കെ ജനാധിപത്യത്തെ നോക്കുകുത്തിയാക്കിയവർ തകർത്തെറിഞ്ഞ സിസ്റ്റത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായ പാർട്ടിച്ചാമിമാർ പ്രബുദ്ധകേരളത്തിനു മുന്നിൽ നെഞ്ചുവിരിച്ചു നടക്കുന്നു; പിടിയിലാകാതെ, ജയിൽ ചാടാതെ, കിണറ്റിലൊളിക്കാതെ.
25-07-2025
സ്വന്തം സമുദായത്തിനുവേണ്ടി ശബ്ദിക്കാൻ വെള്ളാപ്പള്ളിക്ക് അവകാശമുണ്ട്. പക്ഷേ, അത് നിരന്തരം മറ്റു സമുദായങ്ങളെ അവഹേളിക്കുന്നവിധമാകുന്പോൾ അവരും പ്രതികരിക്കാൻ നിർബന്ധിതരാകും.
സമുദായങ്ങളെ തമ്മിലടിപ്പിക്കണമെന്ന ദുഷ്ടലാക്കൊന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുണ്ടാകില്ല. എങ്കിലും, താൻ തലപ്പത്തുള്ള ഈഴവ സമുദായം പിന്നാക്കാവസ്ഥയിലാണെന്നു പറയുന്പോഴൊക്കെ, അതിനു കാരണം മുസ്ലിംകളും ക്രൈസ്തവരുമാണെന്ന ധ്വനിയുണ്ടാക്കും.
കാരണം, ഈഴവ സമുദായം പിന്നാക്കാവസ്ഥയിലാണെന്നു മാത്രം പറഞ്ഞാൽ അതിന്റെ ഉത്തരവാദിത്വം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നേതൃസ്ഥാനത്തുള്ള താനും ഏറ്റെടുക്കേണ്ടിവരുമെന്ന് അദ്ദേഹത്തിനു തോന്നുന്നുണ്ടാകും.
കാരണമെന്തായാലും, ഇതര മതസ്ഥർ രാജ്യത്തിന്റെ സ്വത്തും അവകാശങ്ങളും അനർഹമായി തട്ടിയെടുക്കുന്നുവെന്ന മട്ടിലുള്ള ആരോപണം ഇത്ര ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നു പറയുന്നതു ശരിയല്ല. ഇത് സ്വാർഥതാത്പര്യങ്ങൾക്കല്ലാതെ സമുദായത്തിനു ഗുണകരമാകുമോയെന്നു ചിന്തിക്കണം. ഇത്തരം വാക്കുകൾ സമൂഹത്തിൽ വെറുപ്പിന്റെ വിത്തിടുന്നുണ്ടെന്നു തിരിച്ചറിയുകയും വേണം.
ബിജെപിയുടെയും സിപിഎമ്മിന്റെയും തോളിൽ ഒരുപോലെ കൈയിട്ടുകൊണ്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായതിന്റെ 30-ാം വാർഷികത്തിൽ കൊച്ചി യൂണിയൻ നൽകിയ സ്വീകരണത്തിലും ആലുവ യൂണിയനിലെ നേതൃസംഗമത്തിലും അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധിക്കുക:
“ഇവിടെ ജനാധിപത്യമല്ല, മതാധിപത്യമാണ്. പിണറായി വിജയനുശേഷം 100 വർഷത്തേക്കെങ്കിലും ഈഴവ മുഖ്യമന്ത്രി ഉണ്ടാകില്ല. ഈഴവനെ വളർത്തിയ ചരിത്രം ഒരു രാഷ്ട്രീയ പാർട്ടിക്കുമില്ല. മുസ്ലിം ലീഗിന്റെ ലക്ഷ്യം മുഖ്യമന്ത്രിസ്ഥാനമാണ്. എൻഎസ്എസിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്; പല കരയോഗങ്ങളും പിരിച്ചുവിട്ടിട്ടുമുണ്ട്.
പക്ഷേ, സുകുമാരൻ നായർക്കെതിരേ അഭിപ്രായമുള്ളവർ അത് അടുക്കളയിലേ പറയൂ. മുന്നണികൾ മാറിയാലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷങ്ങൾ പങ്കിട്ടെടുക്കും. രാജ്യത്തിന്റെ സന്പത്താണ് അവർ പങ്കിട്ടെടുക്കുന്നത്. സ്വന്തം സമുദായത്തിനു മാത്രം ആനുകൂല്യങ്ങൾ നൽകുന്നു.”
വെള്ളാപ്പള്ളി നടേശൻ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റായതുകൊണ്ടല്ല, പലതും പരിഹരിക്കാൻ വർഗീയതയുടെ കുറുക്കുവഴി തേടുന്നതുകൊണ്ടാണ് കേരളം അതിനെ എതിർക്കുന്നത്.
ഇപ്പോഴത്തെ മന്ത്രിസഭയിലുൾപ്പെടെ ഈഴവ സമുദായത്തിനു കേരളത്തിൽ മന്ത്രി, മുഖ്യമന്ത്രി സ്ഥാനങ്ങൾ ഇന്നോളം എത്ര ലഭിച്ചെന്ന കണക്കൊന്നും അറിയാതെയല്ല വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ. ഈഴവനെ വളർത്തിയ ചരിത്രം ഒരു പാർട്ടിക്കുമില്ലെന്നു പറയുന്നതും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ന്യൂനപക്ഷങ്ങൾ പങ്കിട്ടെടുക്കുകയാണ് എന്ന കണക്ക് അദ്ദേഹം വിശദീകരിക്കട്ടെ.
രാജ്യത്തിന്റെ സന്പത്ത് ആരാണ് പങ്കിട്ടെടുത്തിട്ടുള്ളത്? വിദ്യാഭ്യാസ-ആതുര ശുശ്രൂഷാ രംഗങ്ങളിൽ മികച്ച സ്ഥാപനങ്ങൾ കത്തോലിക്കാ സഭയുടേതാണ്. ഏതെങ്കിലുമൊന്ന്, വെള്ളാപ്പള്ളി ആരോപിച്ചതുപോലെ രാജ്യത്തിന്റെ സന്പത്ത് പങ്കിട്ടെടുത്തതാണെങ്കിൽ പരിഹരിക്കാൻ ഈ രാജ്യത്ത് ഭരണഘടനയും നിയമവാഴ്ചയുമുണ്ട്.
ഇച്ഛാശക്തിയും കഠിനാധ്വാനവുംകൊണ്ട് അവ കെട്ടിപ്പടുക്കുകയും വിജയകരമായി നടത്തുകയും ചെയ്യുന്നവരെ കവർച്ചക്കാരാക്കി ചിത്രീകരിക്കരുത്. അബ്കാരി വ്യവസായത്തിലും നിർമാണക്കരാർ സംരംഭത്തിലുമൊക്കെ വിജയക്കൊടി പാറിച്ച വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കോളജുകളെയും ആതുരാലയങ്ങളെയുമൊക്കെ കൂടുതൽ മികച്ച നിലവാരത്തിലാക്കാൻ ശ്രദ്ധിക്കുകയാണു വേണ്ടത്.
എസ്എൻഡിപി യോഗത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ബിഡിജെഎസ് (ഭാരത ധർമ ജന സേന) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയിലാണ്; വെള്ളാപ്പള്ളി നടേശന്റെ മകൻ തുഷാറാണ് പാർട്ടി അധ്യക്ഷൻ.
എങ്കിലും വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിനൊപ്പമാണ്. ബിഡിജെസ് ബിജെപിക്കൊപ്പം ചേർന്നതോടെ, വെള്ളാപ്പള്ളി ഒന്നാം പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ സിപിഎം നിലപാട് കടുപ്പിച്ചെങ്കിലും വെള്ളാപ്പള്ളി ഇടതുപക്ഷത്തെത്തിയപ്പോൾ അന്വേഷണം മന്ദഗതിയിലായെന്ന് ആരോപണമുണ്ട്.
പിന്നാക്കക്ഷേമ കോർപറേഷനിൽനിന്നു നിസാര പലിശയ്ക്കെടുത്ത വായ്പ, ഇപ്പോൾ ആർക്കുവേണ്ടി വിലപിക്കുന്നോ ആ സ്വസമുദായാംഗങ്ങൾക്ക് ഉയർന്ന പലിശനിരക്കിൽ നൽകി കോടികളുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു കേസ് എന്നതു മറക്കരുത്. സ്വന്തം സമുദായത്തിനുവേണ്ടി ശബ്ദിക്കാനുള്ള ഉത്തരവാദിത്വവും അവകാശവും വെള്ളാപ്പള്ളിക്കുണ്ട്. അതേ ഉത്തരവാദിത്വവും അവകാശങ്ങളും മറ്റു സമുദായങ്ങൾക്കുമുണ്ട്.
അർഹമായതു ചോദിച്ചുവാങ്ങാനുള്ള വെള്ളാപ്പള്ളിയുടെ നിശ്ചയദാർഢ്യം സമുദായത്തിനു ഗുണകരമായിട്ടുണ്ടെന്നതുപോലെ ചില പരാമർശങ്ങൾ ഇതര മതസ്ഥരെ വേദനിപ്പിക്കുന്നുമുണ്ട്. 2019ൽ പുരോഗമന-മതേതര മൂല്യങ്ങൾ വളർത്തുന്നതിന് ഇടതുസർക്കാർ രൂപീകരിച്ച നവോത്ഥാന സംരക്ഷണസമിതിയുടെ അധ്യക്ഷസ്ഥാനത്തിരിക്കുന്പോൾ അദ്ദേഹത്തിൽനിന്നു സമൂഹം കൂടുതൽ പക്വത പ്രതീക്ഷിക്കും.
പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാലമായതിനാൽ സിപിഎം പലതും കണ്ടില്ലെന്നു നടിക്കും. കച്ചവട-രാഷ്ട്രീയ താത്പര്യങ്ങളുടെ കൊടുക്കൽ-വാങ്ങലുകളാവാം അത്. പക്ഷേ, വർഗീയ ധ്രുവീകരണത്തിന് മുന്പെന്നത്തേക്കാളും ഗതിവേഗം ലഭ്യമായ കാലത്ത് ഇതിങ്ങനെ ആവർത്തിച്ചുകൊണ്ടിരിക്കുന്പോൾ കാര്യമറിയാത്തവർക്കു തെറ്റിദ്ധാരണയുണ്ടാകാനും വർഗീയവാദികൾക്ക് ആവേശമുണർത്താനും കാരണമാകും. ജാതി-മത ദ്വേഷമില്ലാത്ത എസ്എൻഡിപി എന്ന മഹാപ്രസ്ഥാനത്തിന്റെ നേതാവിൽനിന്ന് അതല്ലല്ലോ ലോകം പ്രതീക്ഷിക്കുന്നത്.
24-07-2025
23-07-2025
പ്രതിപക്ഷത്തെയും ശത്രുവെന്നു കരുതുന്നവരെയും വേട്ടയാടുക എന്നാൽ ഭരണകൂടം ജനാധിപത്യത്തിനു പിന്നാലെയാണ് എന്നാണ് അർഥം. അന്വേഷണ ഏജൻസികൾ പാർട്ടി ഏജൻസികളാകരുത്.
രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് എന്തിനാണെന്ന സുപ്രീംകോടതിയുടെ ചോദ്യം തങ്ങളോടാണെന്ന് കേന്ദ്രത്തിനറിയാം. പക്ഷേ, ആ ദുരുപയോഗത്തിന്റെ രാഷ്ട്രീയനേട്ടം ചെറുതല്ലെന്നറിയാവുന്നതിനാൽ തിരുത്തുമോയെന്നറിയില്ല.
പ്രതിപക്ഷവും മാധ്യമങ്ങളും വർഷങ്ങളായി ചൂണ്ടിക്കാണിച്ചിരുന്ന യാഥാർഥ്യങ്ങളാണ് കുറച്ചുനാളായി കോടതികളും ആവർത്തിക്കുന്നത്. പ്രതിപക്ഷം ഏറെ ശോഷിച്ച അവസ്ഥയിലായതിനാൽ ഉടനെയൊന്നും അധികാരമൊഴിയേണ്ടി വരില്ലെന്നും ഇതേ അന്വേഷണ ഏജൻസികളാൽ തങ്ങൾ വേട്ടയാടപ്പെടില്ലെന്നും ബിജെപി കരുതുന്നുണ്ടാകും.
അതെന്തായാലും, പ്രതിപക്ഷത്തെയും ശത്രുവെന്നു കരുതുന്നവരെയും വേട്ടയാടുക എന്നാൽ ഭരണകൂടം ജനാധിപത്യത്തിനു പിന്നാലെയാണ് എന്നാണ് അർഥം. ആ മുന്നറിയിപ്പ് കോടതികളും തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ, ഇഡിയുടെ ഗുണഭോക്താക്കൾ അധികാരത്തിലുള്ളവരാണ്.
രണ്ടു കേസുകളിലാണ് സുപ്രീംകോടതി അന്വേഷണ ഏജൻസിക്കെതിരേ ആഞ്ഞടിച്ചത്. ഭൂമിതട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിക്കെതിരേയും കർണാടക മന്ത്രി ബൈരതി സുരേഷിനെതിരേയും ഇഡി അയച്ച സമൻസ് കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.
ഇതിനെതിരേ ഇഡിയുടെ അപ്പീൽ പരിഗണിക്കാൻ വിസമ്മതിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. കൂടുതൽ പറയാൻ തങ്ങളുടെ വായ് തുറപ്പിക്കരുതെന്നാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയും ജസ്റ്റീസ് കെ.വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോടു പറഞ്ഞത്.
“രാഷ്ട്രീയപോരാട്ടങ്ങൾ വോട്ടർമാർക്കിടയിൽ നടക്കട്ടെ. ഇഡിയെ അതിനായി എന്തിന് ഉപയോഗിക്കണം?’’ മറ്റൊരു കേസിലും ഇഡിയെ ഉപയോഗിക്കുന്ന രാഷ്ട്രീയത്തെ ഇതേ ബെഞ്ച് ചോദ്യം ചെയ്തു. സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തന്റെ കക്ഷിക്ക് ഉപദേശം നൽകിയതിനു സുപ്രീംകോടതിയിലെ രണ്ട് മുതിർന്ന അഭിഭാഷകർക്ക് സമൻസ് അയച്ച കേസായിരുന്നു അത്.
“അഭിഭാഷകരും കക്ഷികളുമായുള്ള ആശയവിനിമയം അവകാശമാണ്. അതിന്റെ പേരിൽ എങ്ങനെയാണ് നോട്ടീസ് അയയ്ക്കുന്നത്? പല കേസുകളിലും ഇഡി ഉദ്യോഗസ്ഥർ എല്ലാ പരിധികളും ലംഘിക്കുകയാണ്.’’ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു. സർക്കാരിനെയും ഇഡിയെയും വെള്ളപൂശാനുള്ള ശ്രമം സോളിസിറ്റർ ജനറൽ തുഷാർ മേത്ത നടത്തിയെങ്കിലും കോടതി അനുവദിച്ചില്ല.
കേന്ദ്ര ഏജൻസിക്കെതിരേ വികാരമുണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് ആക്കം കൂട്ടുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ കോടതിയുടെ ഭാഗത്തുനിന്നുണ്ടാകരുതെന്നുമാണ് അദ്ദേഹം കോടതിയോടാവശ്യപ്പെട്ടത്. കേന്ദ്ര ഏജൻസിക്കെതിരായ അപവാദപ്രചാരണം കോടതിയുടെ നിലപാടിനെ സ്വാധീനിക്കാറുണ്ടെന്നും അദ്ദേഹം വാദിച്ചു.
പുറത്തുനിന്നുള്ള സ്വാധീനങ്ങളുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനമെടുത്ത ഏതെങ്കിലും വിഷയങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാൻ തുഷാർ മേത്തയെ ചീഫ് ജസ്റ്റീസ് വെല്ലുവിളിച്ചു.
കഴിഞ്ഞ മേയിൽ, തമിഴ്നാട്ടില് മദ്യ വില്പ്പന നടത്തുന്ന സ്റ്റേറ്റ് മാര്ക്കറ്റിങ് കോര്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ട് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞത്, ഫെഡറല് തത്വങ്ങള് ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് ഇഡി പ്രവര്ത്തിക്കുന്നതെന്നായിരുന്നു.
മേയിൽതന്നെ, ഛത്തീസ്ഗഡ് മദ്യകുംഭകോണ കേസിൽ പ്രതിയായ അരവിന്ദ് സിംഗിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ജസ്റ്റീസ് അഭയ് എസ്. ഓഖയുടെ ബെഞ്ച് പറഞ്ഞത്, കൃത്യമായ തെളിവില്ലെങ്കിലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇഡി പതിവാക്കിയിരിക്കുകയാണ് എന്നാണ്. 1956ൽ രൂപംകൊണ്ടതിനുശേഷം ഇഡിയുടെ വിശ്വാസ്യത ഇത്ര നഷ്ടമായ കാലം ഉണ്ടായിട്ടില്ല.
പോലീസിനെയും സർക്കാർ സംവിധാനങ്ങളെയും അധികാരത്തിലുള്ളവർ ദുരുപയോഗിക്കുന്നത് ഇന്ത്യയിൽ പുതിയ കാര്യമൊന്നുമല്ല. പക്ഷേ, രാജ്യത്തെ സുപ്രധാന അന്വേഷണ ഏജൻസികളെ പോഷകസംഘടനകൾപോലെ ബിജെപി അപഹാസ്യമാക്കിക്കളഞ്ഞു.
ഇക്കഴിഞ്ഞ മാർച്ചിൽ രാജ്യസഭയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി നൽകിയ വിവരമനുസരിച്ച്, കഴിഞ്ഞ 10 വര്ഷത്തിനിടെ രാഷ്ട്രീയ നേതാക്കള്ക്കെതിരേ ഇഡി രജിസ്റ്റര് ചെയ്ത 193 കേസുകളിൽ രണ്ടെണ്ണത്തിലാണ് കുറ്റക്കാർക്കെതിരേ ശിക്ഷാനടപടിയുണ്ടായത്. 138 കേസുകളും 2019ല് രണ്ടാം മോദി സര്ക്കാര് അധികാരത്തില് വന്നശേഷമുള്ള അഞ്ചു വർഷത്തിനിടെ എടുത്തതാണ്.
കഴിഞ്ഞ 10 വര്ഷത്തിനിടെ ഇഡി ഫയല് ചെയ്ത 5,000 കേസുകളില് 40 എണ്ണത്തില് മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ എന്നും പ്രോസിക്യൂഷന് നടപടികളില് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതിയും ചൂണ്ടിക്കാണിച്ചിരുന്നു. 2024-25 സാമ്പത്തികവർഷം 30 കേസുകളിലായി കണ്ടുകെട്ടിയ 15,261 കോടി രൂപയുടെ സ്വത്ത് ഇരകൾക്കു തിരിച്ചുനൽകിയെന്ന് ഇഡിയുടെ വാർഷിക അവലോകന റിപ്പോർട്ടിലുണ്ട്.
കേന്ദ്രസർക്കാർ തിരുത്തുമോയെന്നത് അവരുടെ രാഷ്ട്രീയപ്രബുദ്ധതയുടെയും ജനാധിപത്യബോധത്തിന്റെയും അഴിമതിവിരുദ്ധതയുടെയും കാര്യമാണ്. പക്ഷേ, തിരുത്തുന്നില്ലെങ്കിൽ ഇതേക്കുറിച്ചൊക്കെയുള്ള അവകാശവാദങ്ങൾ കൈയൊഴിയാനുള്ള സത്യസന്ധത കാണിക്കണം.
22-07-2025
താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
ഒരു സമരം കഴിഞ്ഞെന്നു കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നിട്ടും തളർന്നുറങ്ങാത്ത രണ്ടക്ഷരങ്ങളായി വിഎസ് ചരിത്രത്തിലേക്ക് ഉണർന്നെണീൽക്കുകയാണ്. കേരളത്തിന്റെ കണ്ണിൽനിന്നു മറയുന്നത് ഒരു മനുഷ്യനല്ല, ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രസ്ഥാനവത്കരിച്ചതും ഒത്തുതീർപ്പിലോ അപചയത്തിലോ താഴാതിരുന്നതുമായ പ്രകന്പനമാണ്. അത് അറിയപ്പെട്ടിരുന്നത് വി.എസ്. അച്യുതാനന്ദൻ എന്ന പേരിലായിരുന്നു.
പക്ഷേ, വിഎസ് എന്ന രണ്ടക്ഷരം മതി ആ സമരകാലത്തിന്റെ വീര്യമറിയാൻ. ഇനിയത്, കേരളത്തിന്റെ ചരിത്രത്തിൽ തനിച്ചുനിൽക്കുന്നൊരു നക്ഷത്രച്ചുവപ്പായിരിക്കും. വിട. 2006 മേയ് 18ന് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ മലയാളികളല്ലാത്തവർക്ക് അതൊരു അതിശയമായിരുന്നു. കാരണം 82-ാം വയസിൽ ഒരാൾ ആദ്യമായി മുഖ്യമന്ത്രിയായിരിക്കുന്നു. അതിനുമുന്പ് ഒരിക്കൽപോലും ഒരു മന്ത്രിപോലും ആയിട്ടുമില്ല.
പക്ഷേ, യുവാക്കളെ പിന്നിലാക്കി നാടും നഗരവും കാടും മലയും കയറിയിറങ്ങിയ വിഎസ് ചുളിഞ്ഞ നെറ്റികളെയെല്ലാം വെട്ടിനിരപ്പാക്കിക്കളഞ്ഞു. അതിനും എട്ടു പതിറ്റാണ്ടിലേറെ പഴമയുള്ള ആലപ്പുഴയിലെ പുന്നപ്രയിലെത്തണം, വിഎസിന്റെ സമരം അഥവാ ജീവിതം തുടങ്ങുന്നതു കാണാൻ. വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ചു. നാലാം വയസിൽ വസൂരി പിടിച്ച് അമ്മയും 11-ാം വയസിൽ അച്ഛനും മരിച്ചു.
ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം നിർത്തിയത് കൈയിൽ ഒരണയും ബാക്കിയില്ലാതിരുന്നതിനാലാണ്. ആലോചിച്ചു നിൽക്കാൻ സമയമില്ല... നാട്ടുന്പുറത്തെ തയ്യൽക്കടയിൽ ജ്യേഷ്ഠൻ ഗംഗാധരനൊപ്പം തുന്നൽക്കാരനായി. പിന്നെ, ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായപ്പോൾ വയസ് 15. പണിയെടുത്തു മടുത്തെങ്കിലും സന്തോഷിക്കാൻ മാത്രം കൂലിയില്ല. 16-ാം വയസിൽ സഹപ്രവർത്തകരെ സംഘടിപ്പിച്ച് കൂലി കൂട്ടിച്ചോദിച്ചു.
ഒരു നേതാവ് പിറക്കുകയായിരുന്നു. സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായിരുന്ന അച്യുതാനന്ദൻ 17-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. അയാളുടെ വിപ്ലവ വീര്യം തിരിച്ചറിഞ്ഞ പാർട്ടി നേതാവ് പി. കൃഷ്ണപിള്ള കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കുട്ടനാട്ടിലേക്കു പോകാൻ പറഞ്ഞു. 20-ാം വയസിൽ, 1943ലെ കമ്യൂണിസ്റ്റ് പാര്ട്ടി സമ്മേളനത്തില് അച്യുതാനന്ദൻ പ്രതിനിധിയായി. നേതാവ് വളർന്നപ്പോൾ പേരു ചുരുങ്ങി വിഎസായി.
തൊഴിലാളികൾ സംഘടിച്ചതോടെ ജന്മിമാർ നേതാവിനെ നോട്ടമിട്ടു. കൊടിയ മര്ദനങ്ങള്, ചെറുത്തുനില്പ്പുകള്, സമരങ്ങള്, പുന്നപ്ര വയലാര് സമരം, ഒളിവുജീവിതം, അറസ്റ്റ്, കൊടിയ മർദനങ്ങൾ...! പുന്നപ്ര-വയലാർ സമരത്തിന്റെ പേരിൽ 1946ൽ പോലീസ് പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽവച്ച് പോലീസുകാർ തോക്കിന്റെ ബയണറ്റ് കാൽവെള്ളയിൽ കുത്തിയിറക്കി. കെട്ടിയിട്ടു മർദിച്ചു. മരിച്ചെന്നു കരുതി കുറ്റിക്കാട്ടിലെറിഞ്ഞു.
പക്ഷേ, ജീവിതം കൈകൊടുത്തപ്പോൾ മുദ്രാവാക്യങ്ങൾ ഉച്ചസ്ഥായിയിലാകുകയായിരുന്നു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് 20 മാസം ജയിലിലായിരുന്നു. അഗ്നിപരീക്ഷണങ്ങളിൽ എരിഞ്ഞൊടുങ്ങാതിരുന്ന വിഎസ് പാർട്ടിയിലും പൊരുതിക്കയറി. 1954ല് സംസ്ഥാന കമ്മിറ്റി അംഗമായി. 1980 മുതല് 1992 വരെ സംസ്ഥാന സെക്രട്ടറി. പ്രായോഗികവാദിയാകാൻ മടിച്ചതിനാൽ സമരം പുറത്തൊതുങ്ങിയില്ല, സ്വന്തം പാർട്ടിയുടെ ദുഷ്കരമായ വേലിക്കകത്തേക്കും വ്യാപിച്ചു.
അടിയുറച്ച കമ്യൂണിസ്റ്റ് പ്രതിബദ്ധത അപചയങ്ങളെന്നു തോന്നിയതിനെയൊക്കെ ചോദ്യം ചെയ്തു. 2009ൽ പാർട്ടി പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കി. 1965 മുതൽ 2016 വരെ 10 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിഎസ് മത്സരിച്ചു. 65ൽ അന്പലപ്പുഴയിലായിരുന്നു തുടക്കം. ആദ്യമത്സരത്തിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോടു പരാജയപ്പെട്ടു. പക്ഷേ, 67ലും 70ലും അതേ മണ്ഡലത്തിൽനിന്നു വിജയിച്ചു.
77ൽ ആർഎസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു. 91ൽ മാരാരിക്കുളത്ത് വിജയിച്ചെങ്കിലും 96ൽ പരാജയപ്പെട്ടു. 2001ൽ മലന്പുഴയിൽനിന്നു വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി. 2006ൽ മലന്പുഴയിൽനിന്നു ജയിച്ച് മുഖ്യമന്ത്രിയായി. പിന്നീട് 2011ലും 2016ലും മലന്പുഴയിൽനിന്നു തന്നെ വിജയിച്ചു. 2016 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്നു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെയും സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയുടെയും പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. ഇതും ഇതിലേറെയും അടയാളങ്ങൾ അവശേഷിപ്പിച്ചാണ്, വിഎസ് പോകുന്നത്; 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ അവസാനത്തെയാൾ.
പാർട്ടിവിരുദ്ധമോ ജനകീയവിരുദ്ധമോ ആകുമെന്നറിഞ്ഞിട്ടും ശരിയെന്നു തോന്നിയ കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ട വിഎസിനു പലപ്പോഴും തിരിച്ചു നടക്കേണ്ടിവന്നിട്ടുമുണ്ട്. 1996-97ൽ മങ്കൊന്പിൽ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽവയൽനികത്തലിനെതിരേയുള്ള സമരം കൃഷി വെട്ടിനിരത്തലിലേക്ക് വഴിമാറിയതോടെ വിഎസിനു തിരുത്തേണ്ടിവന്നു.
2007ൽ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളൊഴിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ സിപിഐ ഓഫീസ് ഒഴിപ്പിക്കുന്നതിലേക്ക് എത്തിയതോടെ വിഎസിന്റെ ദൗത്യസംഘത്തിനു മടങ്ങേണ്ടിവന്നു. താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
പക്ഷേ, കണ്ണീരിനോളം എത്താതെ ഒതുക്കിവച്ച വൈകാരികതകൾ ചിലപ്പോഴെങ്കിലും വിങ്ങിപ്പൊട്ടി. 2012 ജൂണിൽ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ രമയെ ആശ്വസിപ്പിക്കുന്ന വിഎസിന്റെ ചിത്രം അത്തരമൊന്നായിരുന്നു. നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസംതന്നെ അദ്ദേഹം നടത്തിയ ആ സന്ദർശനം പാർട്ടിയെ പരിക്കേൽപ്പിച്ചെങ്കിലും കൊലപാതകരാഷ്ട്രീയത്തിന്റെ അഹന്തയെ, രക്തസാക്ഷിബാക്കിയായ ഒരു കുടുംബത്തിന്റെ കണ്ണീരാറ്റിയ നിശബ്ദതകൊണ്ട് ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിന് വിഎസിനോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷേ, അവഗണിക്കാനാവില്ല. ""പരാജയം ഭക്ഷിച്ചു ജീവിക്കുന്നവൻ’’ എന്നാണ് എം.എൻ. വിജയൻ വിഎസിനെ വിശേഷിപ്പിച്ചത്. അതേക്കുറിച്ചു പറയുന്ന തന്റെ ആത്മകഥ പൂർത്തിയാക്കാൻ വിഎസിനു വേണ്ടിവന്നത് വെറും 31 പേജ്. പക്ഷേ, വിഎസ് ആരായിരുന്നെന്ന് അറിയാൻ അതിന്റെ ശീർഷകം തന്നെ ധാരാളം "സമരം തന്നെ ജീവിതം’.
21-07-2025
ദേശീയ ന്യൂനപക്ഷ കമ്മീഷൻ, വിദ്യാഭ്യാസ കമ്മീഷൻ... ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാവൽപ്പുരകൾ ഒന്നൊന്നായി പൊളിച്ചുനീക്കുന്നതിന്റെ ആരവമാണ് ഡൽഹിയിൽ. തങ്ങൾ കേവലമൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നു മറക്കുന്നു കേന്ദ്രസർക്കാർ.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ, ഡൽഹി ലോധി റോഡിലെ ഒരു കെട്ടിടമായി മാറി. ഒന്നൊന്നായി അധ്യക്ഷനും ആറ് അംഗങ്ങളും വിരമിക്കുകയും പകരം ആരെയും നിയമിക്കാതിരിക്കുകയും ചെയ്തതോടെ കമ്മീഷൻ നിശ്ചലമായി; ഒരു ദയാവധത്തിനൊടുവിലെന്നപോലെ.
ന്യൂനപക്ഷങ്ങളുടെ കാര്യമായതുകൊണ്ട് അതൊരു അനീതിയായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനു തോന്നിയിട്ടുണ്ടാകില്ല. പക്ഷേ, ന്യൂനപക്ഷങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. തങ്ങൾ കൂടുതൽ പാർശ്വവത്കരിക്കപ്പെട്ടെന്ന തോന്നലുണ്ട്. ഒരു ചേർത്തുനിർത്തലിന്റെ ഭാഗമായി കമ്മീഷനെ സജീവമാക്കിയാൽ അതൊരു ‘രാജധർമം’ പാലിക്കലാകും.
കഴിഞ്ഞ ഏപ്രിൽ 12നാണ് കാലാവധി പൂർത്തിയായതോടെ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷൻ ഇക്ബാൽ സിംഗ് ലാൽപുര വിരമിച്ചത്. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ 2020 മാർച്ചിൽ വിരമിച്ചതിനുശേഷം ക്രൈസ്തവ പ്രാതിനിധ്യം ഉണ്ടായിരുന്നേയില്ല.
മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങളിൽനിന്ന് ഓരോരുത്തരും ഹിന്ദു ഉൾപ്പെടെ ഏതെങ്കിലും സമുദായത്തിൽനിന്ന് ഒരാളുമാണ് കമ്മീഷനിൽ ഉണ്ടായിരിക്കേണ്ടത്. കമ്മീഷന്റെ വെബ്സൈറ്റിൽ ഈ അംഗങ്ങളുടെ ഫോട്ടോയും പേരുവിവരങ്ങളും കാണേണ്ടിടത്ത് കാലിയായ ഏഴു കോളങ്ങളാണ് ഇപ്പോഴുള്ളത്.
അങ്ങനെ, ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിനായി നാഷണൽ കമ്മീഷൻ ഫോർ മൈനോരിറ്റീസ് ആക്റ്റ് 1992 പ്രകാരം അർധജുഡീഷൽ അധികാരങ്ങളോടെ 1993ൽ സ്ഥാപിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഫലത്തിൽ പ്രവർത്തനരഹിതമായി. അതൊരു സ്വാഭാവിക പരിണാമം ആയിരുന്നില്ല. വർഷങ്ങളായി ഓരോ അംഗവും വിരമിച്ചപ്പോഴൊക്കെ കേന്ദ്രസർക്കാരിനോട് ന്യൂനപക്ഷങ്ങൾ ആവശ്യപ്പെട്ടിരുന്നതാണ്. അർഥഗർഭമായ നിശബ്ദതയായിരുന്നു ഫലം.
2017ൽ അധ്യക്ഷനും മിക്ക അംഗങ്ങളുമില്ലാതെ മാസങ്ങളോളം തുടർന്നു. ഒടുവിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടതിനുശേഷമാണ് പേരിനു നിയമനം നടത്തിയത്. ഇപ്പോൾ ഒരംഗവുമില്ലാത്ത കമ്മീഷൻ, ന്യൂനപക്ഷങ്ങളോടുള്ള ബിജെപിയുടെ സമീപനത്തിന്റെ നേർക്കാഴ്ചയായി. പ്രതിസന്ധിയുടെ കാലത്ത്, ന്യൂനപക്ഷങ്ങളെ അങ്ങേയറ്റം നിരായുധീകരിക്കാൻ ലഭ്യമായ മാർഗങ്ങളെല്ലാം ഉപയോഗിക്കുന്നതുപോലെ!
ഇതുതന്നെയാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെയും അവസ്ഥ. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ആ സംവിധാനവും നിർവീര്യമാക്കിക്കഴിഞ്ഞു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള മറ്റൊരു അർധജുഡീഷൽ സ്ഥാപനമാണത്.
ചെയർമാനും മൂന്നംഗങ്ങളുമാണ് ഇതിൽ ഉണ്ടായിരിക്കേണ്ടത്. 2023 സെപ്റ്റംബറിൽ അധ്യക്ഷൻ റിട്ട. ജസ്റ്റീസ് നരേന്ദർ കുമാർ ജയിൻ വിരമിച്ചു. പിന്നെ നിയമനം നടത്തിയിട്ടില്ല. ഷാഹിദ് അക്തർ മാത്രമാണ് രണ്ടു വർഷമായി ഏക അംഗം. ന്യൂനപക്ഷ കമ്മീഷന്റെ സ്ഥിതി വച്ചാണെങ്കിൽ അക്തർ വിരമിക്കുന്നതോടെ വിദ്യാഭ്യാസ കമ്മീഷന്റെ വിധിയും മറ്റൊന്നായിരിക്കില്ല.
രാജ്യത്തു പലയിടത്തും സംഘപരിവാർ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും ബിജെപി നേതാക്കളും എംപിമാരും എംഎൽഎമാരും അവർക്കെതിരേ നാത്സികളെ ഓർമിപ്പിക്കുന്നവിധം വിദ്വേഷപ്രചാരണം ആവർത്തിക്കുകയും ബിജെപി സർക്കാരുകൾ കാഴ്ചക്കാരാകുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.
ന്യൂനപക്ഷ കമ്മീഷൻ ഉണ്ടെങ്കിൽ ഇതെല്ലാമങ്ങു തടയപ്പെടുമെന്നു രാജ്യത്താരും കരുതുന്നില്ലെങ്കിലും, സർക്കാർ നോമിനികളായ അംഗങ്ങൾ അത്ര സ്വതന്ത്രരായിരിക്കില്ലെന്ന് അറിയാമെങ്കിലും, പരാതി പറയാൻ ന്യൂനപക്ഷങ്ങൾക്ക് ഒരു മേൽവിലാസമെങ്കിലും ഉണ്ടായിരുന്നു. അതാണില്ലാതാകുന്നത്.
എത്ര ദുർബലമാണെങ്കിലും ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്പോൾ കമ്മീഷനു പേരിനെങ്കിലും ഇടപെടേണ്ടിവരും. അതിന്റെ നിഗമനങ്ങൾ പാർലമെന്റിലും കോടതിയിലും റഫർ ചെയ്യപ്പെടും. നൂറു ശതമാനം നീതി പുലർത്തിയില്ലെങ്കിലും നൂറു ശതമാനം അനീതി പുലർത്താൻ ഈ രാജ്യത്തെ ജനാധിപത്യവും ജനതയും ഉള്ളിടത്തോളം ഒരു കമ്മീഷനും കഴിയില്ല.
യുപിഎ സർക്കാരുകളാണ് ന്യൂനപക്ഷ, ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനുകൾ സ്ഥാപിച്ചത്. പക്ഷേ, ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ഒരു ന്യൂനപക്ഷ കമ്മീഷന്റെ ആവശ്യമില്ലെന്ന് അവർക്കു തോന്നി. പതിറ്റാണ്ടുകൾക്കിടെ ന്യൂനപക്ഷങ്ങൾ ഇത്ര അരക്ഷിതരായ കാലം ഉണ്ടായിട്ടുമില്ല.
അതിനിടെയാണ് ന്യൂനപക്ഷ സംരക്ഷണത്തിന്റെ കാവൽപ്പുരകൾ ഒന്നൊന്നായി പൊളിച്ചുനീക്കുന്നതിന്റെ ആരവം ഡൽഹിയിൽനിന്നു കേൾക്കുന്നത്. തങ്ങൾ കേവലമൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നു കേന്ദ്രസർക്കാർ മറന്നിട്ടു കുറെയായി; കേരളത്തിലെ ബിജെപി നേതാക്കളെങ്കിലും ഓർമിപ്പിക്കണം.
20-07-2025
പൊതു ആവശ്യങ്ങൾക്കു ഭൂമി ഏറ്റെടുക്കുമ്പോൾ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് എല്ലാവർക്കും അവകാശമുണ്ടെങ്കിലും വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവർക്കു മാത്രമേ പുനരധിവാസത്തിന് അർഹതയുള്ളൂ എന്ന് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു.
ഇതു സർക്കാരുകൾക്ക് ആശ്വാസകരമാണെങ്കിലും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടാനുള്ള പഴുതല്ല. കാരണം, നഷ്ടപരിഹാരമായാലും പുനരധിവാസമായാലും ഈ രാജ്യത്ത് അതു യഥാസമയം ലഭിക്കില്ലെന്നുള്ളതാണ് യഥാർഥ പ്രശ്നം.
കേരളത്തിൽ മൂലന്പിള്ളിയിലുൾപ്പെടെ പുനരധിവാസമെന്ന പേരിൽ ലഭിച്ച പാഴ്നിലങ്ങളിൽ മൺമറഞ്ഞ മനുഷ്യരെ ആരെങ്കിലും ഓർക്കുന്നുണ്ടോ? വാടകവീടുകളിൽ കഴിയുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ ഓർക്കുന്നുണ്ടോ? കെ-റെയിലിൽ എന്നപോലെ ഏറ്റെടുക്കുമോ ഇല്ലയോ എന്നു സർക്കാരിനുപോലും അറിയില്ലെങ്കിലും ക്രയവിക്രയം ചെയ്യാനോ പണയം വയ്ക്കാനോ ഒന്നുമാകാത്ത മരവിച്ച മണ്ണിന്റെ വെറും പേരവകാശികൾ വേറെ.
ഏതു സർക്കാരായാലും ഒരു തുണ്ട് ഭൂമി തൊടുന്പോൾ അതു സന്പാദിച്ചവന്റെ നെഞ്ചിടിപ്പറിയണം. അതറിയാത്തതുകൊണ്ടാണ് ഭൂമിയേറ്റെടുക്കൽ കേസുകളിലെല്ലാം കോടിതിവ്യവഹാരങ്ങളുണ്ടാകുന്നത്; മറക്കരുത്.
വികസനത്തിനു ഭൂമി വിട്ടുനൽകിയവർക്ക് 1992ലെ നയപ്രകാരം നഷ്ടപരിഹാരത്തിനു പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
ഹർജിക്കാർക്ക് 2016ലെ നയത്തിന്റെ അടിസ്ഥാനത്തിൽ പകരം ഭൂമി ലഭ്യമാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. “ജീവിക്കാനും ഉപജീവനത്തിനുമുള്ള അവകാശത്തെ വ്യാഖ്യാനിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 21, ഭൂമി ഏറ്റെടുക്കൽ കേസുകളിൽ ബാധകമാകില്ല.
ഏതെങ്കിലും പൊതു ആവശ്യങ്ങൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ, ഭൂമി നൽകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. പക്ഷേ, അപൂർവങ്ങളിൽ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമേ, പണമായി നഷ്ടപരിഹാരം നൽകുന്നതിനു പുറമേ, പുനരധിവാസം പരിഗണിക്കേണ്ടതുള്ളൂ.
വീടോ ജീവിതമാർഗമോ നഷ്ടപ്പെട്ട് ദരിദ്രരായ വ്യക്തികളെ മാത്രമായിരിക്കണം പുനരധിവസിപ്പിക്കേണ്ടത്. അനാവശ്യമായി പ്രീണന പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കരുത്. അവ പിന്നീടു നിയമയുദ്ധങ്ങളായി മാറും.”സുപ്രീംകോടതിയുടെ വിധി പുനരധിവാസത്തെക്കുറിച്ചാണെങ്കിലും ഭൂമി ഏറ്റെടുക്കലിനെത്തുടർന്ന് തകർക്കപ്പെടുന്ന വലിയൊരു വിഭാഗം മനുഷ്യരെക്കുറിച്ചുകൂടി ചർച്ച ചെയ്യേണ്ട സന്ദർഭമാണിത്.
ഇന്ത്യയിലെ വികസന പദ്ധതികളും പുനരധിവാസവും എക്കാലവും സർക്കാർ വാഗ്ദാനങ്ങളിലും ലംഘനങ്ങളിലും കെടുകാര്യസ്ഥതയിലും കെട്ടുപിണഞ്ഞു കിടക്കുകയാണ്. അതിന്റെ ഇരകളിലേറെയും ദരിദ്രരായ മനുഷ്യരാണ്. സർക്കാർ ഏതെങ്കിലും പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമെന്നു കേൾക്കുന്പോൾ തന്നെ പൗരന്മാരുടെ ഉള്ളിൽ തീയാണ്.
നാഷണൽ ഹൈവേ പോലുള്ള വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ നീങ്ങിയില്ലെങ്കിലും അനുഭവിക്കേണ്ടി വരുന്നത് ഭൂമി വിട്ടുകൊടുത്തവരാണ്. ദേശീയപാത 744 ഗ്രീൻ ഫീൽഡ് ഹൈവേക്കായി വിജ്ഞാപനം ചെയ്ത ഭൂമിയുടെ ഉടമകൾക്കു നഷ്ടപരിഹാരം വൈകിയത് കേന്ദ്ര-സംസ്ഥാന തർക്കത്തിലാണ്.
ചിലർക്കു നല്ല രീതിയിൽ നഷ്ടപരിഹാരം ലഭിച്ചോ എന്നതല്ല, ആരുടെയെങ്കിലും ജീവിതം തുലഞ്ഞോ എന്നതാണ് സർക്കാരുകൾ പരിഗണിക്കേണ്ടത്. ഉചിതവും അന്തസാർന്നതുമായ നഷ്ടപരിഹാരം ലഭിച്ചാൽ ഒരാൾപോലും, തരിശുനിലങ്ങളും ചതുപ്പുനിലങ്ങളും പാറക്കെട്ടുകളുമായി പുനരധിവാസത്തിനൊരുങ്ങുന്ന സർക്കാരിനെ കാത്തുനിൽക്കില്ല.
വല്ലാർപാടം ടെർമിനലിന്റെയും ഏഴിമല നേവൽ അക്കാഡമിയുടെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെയും വീരഗാഥകൾ പാടുന്നവർ അവിടങ്ങളിൽനിന്ന് പിഴുതെറിയപ്പെട്ടവരുടെ നിലവിളി കേൾക്കില്ല. കെ-റെയിലിന്റെ പേരിൽ ബന്ദികളാക്കപ്പെട്ടവരുടെ പുരയിടങ്ങളിലേക്കു നോക്കില്ല. നാട് വികസിക്കണമെന്നതിൽ ആർക്കുമില്ല സംശയം.
പക്ഷേ, അതിനുവേണ്ടി സ്വന്തം ഭൂമി കൊടുത്തവരിൽ ചിലർ വികസനത്തിന്റെ ഇരകളും സർക്കാർ വേട്ടക്കാരുമായാൽ അതു വികസനമല്ല, ഭരണകൂട ഭീകരതയാണ്. രാജ്യനന്മയ്ക്കായി സ്വന്തം മണ്ണ് വിട്ടുകൊടുത്ത് ശിഷ്ടജീവിതം ചുവപ്പുനാടയിൽ കുരുങ്ങിപ്പോയ ആയിരക്കണക്കിനു മനുഷ്യരുള്ള രാജ്യമാണിത്. മണ്ണു വാങ്ങി ദെണ്ണം കൊടുക്കരുത്.
20-07-2025
20-07-2025
‘കൃഷിഭൂമിക്കൊരു ചരമഗീതം’ എന്ന് ദീപിക മുഖപ്രസംഗമെഴുതിയിട്ട് രണ്ടാഴ്ചപോലും തികഞ്ഞില്ല. മഹാരാഷ്ട്രയിലെ കർഷക ആത്മഹത്യകളും അനുബന്ധ വിഷയങ്ങളുമായിരുന്നു അതിൽ ഹൃദയവേദനയോടെയും ആത്മരോഷത്തോടെയും സമൂഹമനഃസാക്ഷിക്കുമുന്നിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ കർഷകരുടെ നടുവൊടിക്കുന്ന മറ്റൊരു വിഷയത്തെക്കുറിച്ചെഴുതാൻ നിർബന്ധിതമായിരിക്കുന്നു. രാസവളങ്ങളുടെ വിലവർധനയെക്കുറിച്ചാണു പറഞ്ഞുവരുന്നത്. 50 രൂപ മുതൽ 250 രൂപ വരെയാണ് ഈ വർഷം രാസവളങ്ങൾക്ക് വില കൂടിയത്.
ചെറിയ കർഷകർ മുതൽ വൻകിട കർഷകർക്കുവരെ വലിയ തിരിച്ചടിയാണുണ്ടായത്. വിലവർധനയ്ക്കൊപ്പം കരിഞ്ചന്തയും പൂഴ്ത്തിവയ്പും കൂടിയായപ്പോൾ വളം കിട്ടാനുമില്ലാതായി. സർക്കാർ സംവിധാനങ്ങൾ കരിഞ്ചന്തക്കാർക്കൊപ്പമാണെന്ന ആരോപണം വ്യാപകമായി. ഹരിയാനയിൽ ഡൈ അമോണിയം ഫോസ്ഫേറ്റ് (ഡിഎപി) പൂഴ്ത്തിവച്ച ഗോഡൗൺ കർഷകർ റെയ്ഡ് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, തെലുങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും പ്രതിഷേധത്തിന്റെ അലയടികൾ ഉയർന്നുകഴിഞ്ഞു.
“ഇന്ത്യയുടെ കാർഷിക ഉത്പന്നങ്ങൾ ലോകമെമ്പാടുമുള്ള ഭക്ഷണമേശകളിൽ എത്തുന്നതു കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്.” കേൾക്കാൻ ഇന്പമുള്ള ഈ വാക്കുകൾ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. അദ്ദേഹത്തിന്റെ സർക്കാർ കർഷകരോട് ചെയ്യുന്നതോ? രണ്ടുവർഷത്തിനിടെ വളം സബ്സിഡിയിൽ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് 84,000 കോടി രൂപയെന്നാണു കണക്ക്. 2023-24ൽ സബ്സിഡിക്ക് 2.51 ലക്ഷം കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് 2025-26ലെ ബജറ്റിൽ നീക്കിവച്ചത് 1.67 ലക്ഷം കോടി രൂപ മാത്രം. രാജ്യാന്തരവിപണിയിൽ രാസവളത്തിനും രാസവളഘടകങ്ങൾക്കും വില കുതിച്ചുയരുന്പോഴാണിതെന്നോർക്കണം. റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ, ഡിഎപി കയറ്റുമതി ചൈന റദ്ദാക്കിയത് തുടങ്ങി രാജ്യാന്തരവിപണിയിലെ വിലക്കയറ്റത്തിനു കാരണങ്ങൾ പലതാണ്. ഇവയെല്ലാം മറികടക്കാൻ കർഷകർക്കുണ്ടായിരുന്ന ഏക ആശ്വാസമാണ് സബ്സിഡി.
യൂറിയ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വളമാണ് ഡിഎപി. നേരിട്ടുപയോഗിക്കാവുന്ന ഈ വളത്തിന്റെ കയറ്റുമതിയിലും ആഗോള വിതരണത്തിലും ചൈന വൻതോതിൽ കുറവു വരുത്തിയതോടെ ഖാരിഫ് സീസൺ ഇന്ത്യയിലെ കർഷകർക്ക് ദുഃസ്വപ്നമാവുകയാണ്. പഞ്ചാബ് അടക്കമുള്ള കർഷകസംസ്ഥാനങ്ങളിൽ പൊതുവിപണിയിൽ ഡിഎപി കിട്ടാനില്ലാത്ത സ്ഥിതിയാണ്. പുലർച്ചെ മുതൽ കർഷകർ വളത്തിനായി വരിനിൽക്കുന്പോൾ തൊട്ടടുത്ത ഗോഡൗണുകളിൽ ഡിഎപി പൂഴ്ത്തിവച്ചതാണ് കർഷകരെ രോഷാകുലരാക്കിയത്. കഴിഞ്ഞ ഖാരിഫ്-റാബി സീസണുകൾക്കായി കേന്ദ്രസർക്കാർ 4.91 ലക്ഷം ടൺ ഡിഎപിയാണ് നല്കിയത്. ആവശ്യമുണ്ടായിരുന്നത് 5.85 ലക്ഷം ടണ്ണും. മുൻവർഷത്തെ സ്റ്റോക്കുപയോഗിച്ചാണ് വലിയ പ്രതിസന്ധി മറികടന്നത്.
സൗദി അറേബ്യ, റഷ്യ, മൊറോക്കോ, ജോർദാൻ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത് ഡിഎപി ക്ഷാമം പരിഹരിക്കാൻ ശ്രമമുണ്ടെങ്കിലും ഇതൊന്നും ആവശ്യത്തിന് തികയുന്നില്ല. റാബി സീസണു മുന്പ് പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര രാസവളം മന്ത്രാലയം പറയുന്പോഴും എങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്. അടിയന്തര നടപടി ആവശ്യപ്പെട്ട് കൃഷിമന്ത്രി പി. പ്രസാദും കർണാടക കൃഷിമന്ത്രി എൻ. ചെലുവരായ സ്വാമിയും കേന്ദ്ര രാസവളം മന്ത്രി ജെ.പി. നഡ്ഡയ്ക്കു കത്തെഴുതിയെങ്കിലും കാര്യമായ ഫലമൊന്നും ഉണ്ടായിട്ടില്ല.
വിലവർധന മൂലം കേരളത്തിൽ നെല്ലിന്റെ ഉത്പാദനച്ചെലവ് ഒരേക്കറിന് 40,000 രൂപയിലധികമായി. നേരത്തേ 28,000 രൂപയായിരുന്നു ചെലവ്. വില കൂടിയതോടെ ഫോസ്ഫേറ്റ് വളങ്ങളുടെയും പൊട്ടാഷ് വളങ്ങളുടെയും ഉപയോഗം കുറഞ്ഞു. ഇത് വിളവു കുറയാനും വരുമാനനഷ്ടത്തിനും ഇടയാക്കുകയും ചെയ്തു. സബ്സിഡി വെട്ടിക്കുറച്ചതോടെ കേരളത്തിൽ ഒരു ചാക്ക് പൊട്ടാഷിന് 250 രൂപയാണ് വർധിച്ചത്. 50 കിലോയ്ക്ക് 1,550 രൂപയായിരുന്നത് 1,800 രൂപയായി. ഫാക്ടംഫോസിനാകട്ടെ 1,325 രൂപയിൽനിന്ന് 1,425 രൂപയിലെത്തി. പല അത്യാവശ്യവളങ്ങളും വേണ്ടത്ര കിട്ടാനുമില്ല. രാസവളം വിലവർധനയ്ക്കനുബന്ധമായി കോഴിവളത്തിനും ചാണകപ്പൊടിക്കും ആട്ടിൻകാഷ്ഠത്തിനുമൊക്കെ വിലയേറിയതോടെ കർഷകർ പ്രതിസന്ധിയിലാണ്. വന്യമൃഗശല്യം, വിലയിടിവ് തുടങ്ങിയ പതിവു വൈതരണികൾ വേറെയും.
രാജ്യത്തെ കർഷകരുടെ ദുരിതത്തെക്കുറിച്ചെഴുതുന്നതെല്ലാം കൃത്യമായ ഇടവേളകളിൽ ആവർത്തിക്കേണ്ടിവരുന്നു എന്നതാണ് ദുഃഖവും രോഷവും ഇരട്ടിപ്പിക്കുന്ന വസ്തുത. കർഷകർക്കും തൊഴിലാളികൾക്കും മറ്റു സാധാരണ ജനവിഭാഗങ്ങൾക്കും വാഗ്ദാനങ്ങളും വാഴ്ത്തുപാട്ടുകളും; രാജ്യത്തിന്റെ സന്പത്തും അധികാരവും നിയന്ത്രിക്കുന്ന കോർപറേറ്റ് ഭീമന്മാർക്കു വഴിവിട്ട സഹായങ്ങളും അകമഴിഞ്ഞ പിന്തുണയും. ഇതായിരിക്കുന്നു ഇന്നത്തെ അവസ്ഥ. നശിക്കുന്ന ഓരോ കൃഷിയിടത്തിലും ഭരണാധികാരികളുടെ പേരുവച്ചെഴുതിയ കുറ്റപത്രമായി ഒരു ആത്മഹത്യാക്കുറിപ്പുണ്ട് എന്നു മുന്പൊരു മുഖപ്രസംഗത്തിൽ എഴുതിയിരുന്നു. എന്നും എപ്പോഴും എല്ലാ കാര്യങ്ങളും ഒരുപോലെയായിരിക്കില്ലെന്ന ചരിത്രസത്യവും ജനങ്ങളാൽ വിചാരണ ചെയ്യപ്പെടുന്ന കാലം അതിവിദൂരമല്ലെന്ന കർഷകശാപവും ഭരണാധികാരികൾ ഓർക്കുന്നത് നന്ന്.
20-07-2025
ശിക്ഷയും മനഃപരിവർത്തനവും തമ്മിലുള്ള ബന്ധം നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്. ഒരാളെ ശിക്ഷിച്ചു നശിപ്പിക്കുക എന്നതല്ല നീതിപീഠങ്ങളുടെ ലക്ഷ്യം. മറിച്ച്, അവരിൽ മനംമാറ്റമുണ്ടാക്കി സമൂഹത്തിനുതകുന്ന മനുഷ്യരാക്കി തിരികെകൊണ്ടുവരിക എന്നതാണ്.
ഇത്തരമൊരു കാഴ്ചപ്പാടിനെ അങ്ങേയറ്റം പിന്തുണയ്ക്കുന്ന നിരീക്ഷണമാണു കഴിഞ്ഞദിവസം കേരള ഹൈക്കോടതി നടത്തിയത്.
പഴയ ക്രിമിനൽ കേസുകളുടെ പേരിൽ പാലക്കാട് സ്വദേശി കെ. ജിജിന് പോലീസിൽ ഡ്രൈവർ നിയമനം നിഷേധിച്ച സർക്കാർ ഉത്തരവും അതു ശരിവച്ച ട്രിബ്യൂണൽ ഉത്തരവും റദ്ദാക്കിയ വിധിയിലായിരുന്നു ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ശ്രദ്ധേയമായ വാക്കുകൾ.
ക്രിമിനൽ കേസിലെ പ്രതികൾക്കു പരിവർത്തനപ്പെടാൻ അവസരം അനുവദിക്കേണ്ടതാണെന്നു കോടതി വിലയിരുത്തി. സാമൂഹികവും സാന്പത്തികവുമായ പിന്നാക്കാവസ്ഥ ഒരാളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുമെന്നും കോടതി പറഞ്ഞു.
താരതമ്യേന ഗുരുതരമല്ലാത്ത ആറു കേസുകളിൽ ഉൾപ്പെട്ട ജിജിൻ ഒരു കേസിൽ പിഴയടയ്ക്കുകയും മറ്റൊന്നിൽ ഒരു ദിവസം തടവനുഭവിക്കുകയും ചെയ്തിരുന്നു. മൂന്നു കേസിൽ കുറ്റവിമുക്തനായി. ഒരു കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജോലി നിഷേധിക്കുന്നത് നീതിനിഷേധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
“ഒരു നല്ല ജയിൽ എന്നത് മനുഷ്യരുടെ അന്തസിനെ മാനിക്കുന്നതും അവരെ ഭാവിജീവിതത്തിനായി ഒരുക്കുന്നതുമായിരിക്കണം” എന്നു പറഞ്ഞ ഫ്രാൻസിസ് മാർപാപ്പ, ശിക്ഷാകാലത്തും വ്യക്തിയുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പുനരധിവാസത്തെക്കുറിച്ചുള്ള ഉന്നതചിന്തയുമാണു പങ്കുവയ്ക്കുന്നത്. “സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലാണ് ശിക്ഷ, അല്ലാതെ മനുഷ്യത്വം നഷ്ടപ്പെടുന്നതിലല്ല” എന്ന തത്വവും ഇതിനോടു ചേർത്തുവയ്ക്കാം.
ജയിൽ എന്നാൽ ശിക്ഷാനടപടികളുടെയും തിരുത്തൽ പ്രക്രിയയുടെയും വേദിയായിരിക്കണമെന്ന കാഴ്ചപ്പാട് ആധുനിക നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനശിലകളിലൊന്നാണ്. ജയിലിൽ എല്ലാവരും തുല്യരായിരിക്കണം.
പക്ഷേ, ഇന്ത്യൻ തടവറകളുമായി ബന്ധപ്പെട്ടു ചിന്തിക്കുന്പോൾ വലിയൊരു ‘പക്ഷേ’ അന്തരീക്ഷത്തിൽ തൂങ്ങിനിൽപ്പുണ്ട്. മേൽപ്പറഞ്ഞതുപോലുള്ള ഉത്തമമായ അവസ്ഥയാണോ ഇന്ത്യൻ തടവറകളിലുള്ളത്? പ്രബുദ്ധരെന്ന ക്ലീഷേ വാക്കിനുപോലും നാണക്കേടുണ്ടാക്കുന്ന പ്രബുദ്ധകേരളത്തിലെ സ്ഥിതിയോ? സാധാരണക്കാരന് ഒരു നീതിയും, പണവും സ്വാധീനവുമുള്ളവനു മറ്റൊരു നീതിയും എന്ന ഇരട്ടത്താപ്പല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്?
അനിയന്ത്രിതമായ ആനുകൂല്യങ്ങളും സൗകര്യങ്ങളും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനങ്ങളുള്ള കൊടുംകുറ്റവാളികൾക്ക് ജയിലുകളിൽ ലഭിക്കുന്നു എന്നത് ഇപ്പോൾ ‘ഞെട്ടിക്കുന്ന’ യാഥാർഥ്യമല്ലാതായിരിക്കുന്നു.
ഒരു സൂപ്പർസ്റ്റാർ സിനിമ കാണുന്ന ആവേശത്തോടെ നാം അത്തരം കാര്യങ്ങൾ കേൾക്കുകയും മറക്കുകയും ചെയ്യുന്നു. അതേസമയം, നിസാര കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് ജയിലിലെത്തുന്ന സാധാരണക്കാർ കൊടുംകുറ്റകൃത്യങ്ങൾ ചെയ്യാനുള്ള മാനസികാവസ്ഥയുമായാണ് പുറത്തിറങ്ങുന്നത്.
ഈ സാഹചര്യത്തെക്കുറിച്ചാണ് ഗബ്രിയേൽ ഗാർസിയ മാർക്വിസ്, “ജയിലുകൾ തിരുത്തൽ സ്ഥാപനങ്ങളായിരിക്കണം, അല്ലാതെ കുറ്റകൃത്യങ്ങളുടെ സർവകലാശാലകളായിരിക്കരുത്” എന്നു പറഞ്ഞത്.
നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന അടിസ്ഥാനതത്വം നമ്മുടെ ഭരണാധികാരികൾ പലപ്പോഴും മറന്നുപോകുന്നുണ്ട്.
എല്ലാ അനീതിയും കണ്ടു വേണം നീതി നടപ്പാക്കാൻ എന്ന ചിന്തയോടെയാണ് നീതിദേവതയുടെ കണ്ണിലെ കെട്ട് അഴിച്ചുകളഞ്ഞത്. എന്നാൽ, നീതിയുടെ തുലാസിൽ സ്വന്തക്കാരുടെ തട്ടു താഴുന്നതോടെ നീതിദേവതയുടെ കണ്ണുകൾ വീണ്ടും ആരോ മൂടിക്കെട്ടുന്ന അവസ്ഥയാകുന്നു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെയും മറ്റനേകം കേസിലെ പ്രതികളുടെയും കാര്യത്തിൽ അതു കണ്ടതാണ്. ഏറ്റവുമൊടുവിൽ ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിനെ വിട്ടയയ്ക്കാനുള്ള വിവാദ തീരുമാനവും ചൂടുള്ള ചർച്ചയായി.
സാധാരണക്കാരായ തടവുകാർക്കു ലഭിക്കാത്ത ശിക്ഷാ ഇളവുകൾ പ്രബലർക്ക് അതിവേഗം ലഭിക്കുന്പോൾ നിയമവാഴ്ചയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. ഒന്നും ശരിയാകില്ലെന്ന സാധാരണ മനുഷ്യരുടെ നിരാശ ജനാധിപത്യത്തിന്റെ മരണമണിയാണ്.
നിയമവാഴ്ചയെ ദുർബലപ്പെടുത്തുന്ന ഒന്നും നടന്നുകൂടാ എന്നത് അഭിപ്രായസ്വാതന്ത്ര്യം പോലെ ജനാധിപത്യത്തിന്റെ കാതലാണെന്നതും മറന്നുകൂടാ. ഭരണാധികാരികളും ഉദ്യോഗസ്ഥരും ക്രിമിനലുകളും ചേർന്നുള്ള അവിശുദ്ധ പരസ്പരസഹായ സംഘങ്ങൾ തുല്യനീതിയിലൂന്നിയ ഭരണഘടനയെയും നോക്കുകുത്തിയാക്കുകയാണ്.
അനിയന്ത്രിതമായ നീതിനിഷേധവും അഴിമതിയും കണ്ട് പൊറുതിമുട്ടിയ ജനം പ്രതികരിച്ചുതുടങ്ങുന്നതോടെ അരാജകത്വത്തിലേക്കു നീങ്ങിയ പല രാജ്യങ്ങളുടെയും ഉദാഹരണങ്ങളും നമ്മുടെ കൺമുന്നിലുണ്ട്.
മനഃപരിവർത്തനത്തിനുള്ള അവസരം എല്ലാവർക്കും തുല്യമായിരിക്കണം. അതുപോലെ, ജയിലുകളിലെ സൗകര്യങ്ങളും ശിക്ഷാ ഇളവുകളും നീതിയുടെ അടിസ്ഥാനത്തിൽ, യാതൊരു വിവേചനവുമില്ലാതെ നടപ്പിലാക്കണം.
രാഷ്ട്രീയമോ പണമോ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കുന്നതു തടയാൻ കർശനമായ നടപടികളും വേണം. എങ്കിൽ മാത്രമേ, നിയമവാഴ്ചയുടെ വിശ്വാസ്യത നിലനിർത്താനും സമൂഹത്തിൽ യഥാർഥ നീതി ഉറപ്പാക്കാനും സാധിക്കുകയുള്ളൂ.
20-07-2025
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ചു വിവരം നൽകിയാൽ വലിച്ചെറിയുന്നവരിൽനിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരമാവധി 2500 രൂപയോ പ്രതിഫലം നൽകും- 2023 ജൂണിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അറിയിപ്പാണിത്.
ഇതു കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ, 2024 ഡിസംബറിൽ തമിഴ്നാട്ടിൽനിന്നൊരു വാർത്ത; കേരളത്തിലെ ടൺകണക്കിന് ആശുപത്രിമാലിന്യം തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ തള്ളി. ഈ വാർത്ത വരുന്പോൾ കേരളത്തിലെ സർക്കാർ വകുപ്പുകൾ വലിച്ചെറിയൽവിരുദ്ധ കാന്പയിനുമായി സോഷ്യൽ മീഡിയയിൽ ‘തള്ളൽ’ നടത്തുന്നതിന്റെ തിരക്കിലായിരുന്നു! ഇനിയാണ് യഥാർഥ ട്വിസ്റ്റ്.
തിരുനെൽവേലിയിൽ കൊണ്ടുതള്ളിയത് ഏതെങ്കിലും സ്വകാര്യ വ്യക്തികളുടെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ മാലിന്യങ്ങളല്ല. അതു കെ ബ്രാൻഡ് മാലിന്യമായിരുന്നു. അതായത്, മെഡിക്കൽ കോളജുകൾ അടക്കം കേരളത്തിലെ സർക്കാർ ആശുപത്രികൾ പുറന്തള്ളിയ അപായകരമായ വസ്തുക്കൾ അടങ്ങിയ മാലിന്യമാണ് തിരുനെൽവേലിയിലെ സാധാരണക്കാരുടെ ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലുമായി തള്ളിയത്.
മാലിന്യം തള്ളരുതെന്ന് പറഞ്ഞു നാട്ടുകാരോടു നാലുനേരം തുള്ളുന്നവരുടെ തള്ളൽ! കേരള മാതൃകയുടെ തുണിയുരിഞ്ഞുപോയ സംഭവമായിരുന്നു ഇത്. ദേശീയ ഹരിത ട്രിബ്യൂണൽ വിഷയത്തിൽ ഇടപെട്ട് മൂന്നു ദിവസത്തിനകം മാലിന്യം നീക്കണമെന്നു നിർദേശിച്ചു. രായ്ക്കുരാമാനം 70 അംഗ ഉദ്യോഗസ്ഥസംഘം തിരുനെൽവേലിയിലെത്തി.
16 ലോറികളുമായാണ് സംഘം പോയത്. അവയിൽ കയറ്റിയിട്ടും പിന്നെയും മിച്ചം കിടന്ന മാലിന്യം തമിഴ്നാട് വിട്ടുകൊടുത്ത ഏഴു ലോറികളിൽക്കൂടി കയറ്റിയിട്ട് തലയിൽ പടുതയുമിട്ട് മാലിന്യലോറി ഘോഷയാത്ര കേരളത്തിലേക്ക്. സർക്കാർ ആശുപത്രികളിലെ മാലിന്യം നീക്കാൻ കരാറെടുത്ത കണ്ണൂരിലെ സ്വകാര്യ കന്പനിയാണ് മാലിന്യം തള്ളിയതെന്നൊക്കെ ഒരു വാദത്തിനു വേണമെങ്കിൽ സർക്കാരിനു പറയാം.
എന്നാൽ, ധാർമിക ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. അപകടകരമായ മാലിന്യം നീക്കംചെയ്യാൻ ഒരു ഏജൻസിക്ക് കരാർ കൊടുക്കുമ്പോൾ അവർക്ക് ഇതു സംസ്കരിക്കാൻ സംവിധാനമുണ്ടോ, അല്ലെങ്കിൽ അവർ ഈ മാലിന്യം എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നൊക്കെ പരിശോധിക്കേണ്ട ബാധ്യത സർക്കാരിനുണ്ടായിരുന്നു.
മാലിന്യസംസ്കരണം വീട്ടിൽ തുടങ്ങണമെന്ന് നാട്ടുകാരെ ഉപദേശിക്കുന്നതിനു മുന്പ് സ്വന്തം വീട്ടിലെ കാര്യം ഉറപ്പാക്കിയില്ലെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കും, അതു സർക്കാരാണെങ്കിലും. തിരുനെൽവേലിയിൽനിന്നു തലയിലേറ്റിയ മാലിന്യത്തിന്റെ നാറ്റം എങ്ങനെയെങ്കിലും കഴുകിക്കളയാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ഇപ്പോൾ സർക്കാർ.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കാൻ 15.55 കോടിയുടെ പദ്ധതിയാണ് ഇപ്പോൾ സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. മാലിന്യനീക്കം നിരീക്ഷിക്കാൻ ജിപിഎസ്, ബാർകോഡ് സംവിധാനങ്ങൾ ഏർപ്പെടുത്താനാണ് പദ്ധതി.
മാലിന്യത്തിനെതിരേ സന്ധിയില്ലാസമരം നടത്തുന്ന ഒരു സർക്കാർ സ്വന്തം സ്ഥാപനങ്ങളിലെ മാലിന്യനീക്കത്തിലും സംസ്കരണത്തിലും പ്രഫഷണലിസം കൊണ്ടുവരാൻ ഇത്രയും വൈകിയത് അന്പരപ്പിക്കുന്നതാണ്. ആശുപത്രികളിലെ ബയോമാലിന്യം സംസ്കരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ 2004 ജനുവരിയിൽ പാലക്കാട് മലന്പുഴയിൽ 25 ഏക്കറിൽ സ്ഥാപിച്ച സംവിധാനമാണ് ‘ഇമേജ്’.
ഐഎംഎ തന്നെയാണ് പ്ലാന്റ് നിർമാണത്തിന്റെ ചെലവ് മുഴുവൻ വഹിച്ചത്. ദിവസേന 55.8 ടൺ മാലിന്യം സംസ്കരിക്കാനുള്ള ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. ദിവസേന 45 ടൺ മാലിന്യമാണ് ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്. ആശുപത്രികളിൽനിന്ന് നിശ്ചിത ഫീസ് ഈടാക്കിയാണ് ഇവർ മാലിന്യങ്ങൾ ഏറ്റെടുത്തുകൊണ്ടിരുന്നത്.
എന്നാൽ, കോവിഡിന്റെ വരവോടെ മാലിന്യവരവും കൂടി. ഇതോടെ കൂടുതൽ മാലിന്യം ഇവിടെ സൂക്ഷിക്കേണ്ടിവന്നു. ഫലമോ? 2022ൽ ഇവിടെ മാലിന്യക്കൂനയ്ക്ക് തീപിടിക്കാനും ഇടയായി. ഇന്നും ഇതല്ലാതെ കാര്യക്ഷമമായ ഒരു സംസ്കരണ സംവിധാനം ഒരുക്കാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. ജില്ലാ അടിസ്ഥാനത്തിലോ മേഖലാ അടിസ്ഥാനത്തിലോ സ്ഥലം ലഭ്യമാക്കിയാൽ പ്ലാന്റ് നിർമിക്കാൻ തയാറാണെന്ന് ഐഎംഎ അറിയിച്ചിട്ടുള്ളതാണ്.
പക്ഷേ, ഇതിൽ സർക്കാർ മാത്രമാണോ പ്രതിയെന്നു ചോദിച്ചാൽ അല്ല; ജനങ്ങളുടെ മനോഭാവവും പ്രശ്നമാണ്. പലേടത്തും പ്ലാന്റ് തുടങ്ങാൻ നാട്ടുകാർ സമ്മതിക്കുന്നില്ല. അതിന്റെയും പ്രതി സർക്കാർ തന്നെയാണെന്നതാണ് മറ്റൊരു വിചിത്രമായ കാര്യം. മാലിന്യപ്ലാന്റ് പലേടത്തും തുടങ്ങിയതു കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകാതെ നാട്ടുകാരെ ദുരിതത്തിലാക്കിയ അനുഭവങ്ങൾ പലതുണ്ട്. അതുകൊണ്ടാണ് നാട്ടുകാർ എതിർക്കുന്നത്.
എന്തായാലും ‘ഇമേജ്’ ഈ രംഗത്ത് ഒരു മാതൃകയാണ്. ശാസ്ത്രീയമായിട്ടാണ് ഇതിന്റെ പ്രവർത്തനം. നാട്ടുകാർക്കു ദുരിതമുണ്ടാക്കാതെ പ്രവർത്തിപ്പിക്കാൻ കഴിയുമെന്നു ബോധ്യപ്പെടുത്താൻ ഒരു ഉദാഹരണംകൂടിയാണിത്. ഇതു മാതൃകയാക്കി ഈ രംഗത്ത് സർക്കാർ ഇടപെടലുണ്ടാകണം. മാലിന്യസംസ്കരണം വീട്ടിൽത്തന്നെ തുടങ്ങാം.
20-07-2025
കേന്ദ്രവും ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന ബിജെപിയുടെ നയങ്ങളിലെ ഇരട്ടത്താപ്പ് അങ്ങേയറ്റം അപമാനകരമാണ്. ഗോവയിലും കേരളത്തിലുമടക്കം ക്രൈസ്തവർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിൽ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറുന്ന ക്രൈസ്തവ പീഡനങ്ങൾക്ക് ഒത്താശക്കാരായി നിലകൊള്ളുന്നു.
ഏറ്റവും ഒടുവിലെ ഉദാഹരണം മഹാരാഷ്ട്രയിൽനിന്നാണ്. കത്തോലിക്ക വൈദികര്ക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവര്ക്ക് മൂന്നു ലക്ഷം രൂപ മുതൽ 11 ലക്ഷം വരെ പാരിതോഷികം വാഗ്ദാനം ചെയ്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ ഗോപിചന്ദ് പദൽക്കർ. സംസ്ഥാനത്ത് കർശനമായ മതപരിവർത്തന നിരോധന നിയമം കൊണ്ടുവരുമെന്ന് ബിജെപി സർക്കാരിലെ റവന്യു മന്ത്രിയും പ്രഖ്യാപിച്ചു. ഇതോടെ മഹാരാഷ്ട്രയില് ക്രൈസ്തവ വിശ്വാസികൾ കടുത്ത ആശങ്കയിലും ഭയത്തിലുമായിക്കഴിഞ്ഞു.
വർഗീയതയും ന്യൂനപക്ഷ വിരുദ്ധതയും ആളിക്കത്തിച്ച് നേട്ടംകൊയ്യാൻ ബിജെപി വെട്ടിത്തെളിക്കുന്ന പുതുവഴികളിൽ അവസാനത്തേതാണ് മഹാരാഷ്ട്രയിൽ കാണുന്നത്. രാജ്യത്ത് തീർത്തും ന്യൂനപക്ഷമായ ക്രൈസ്തവരെ ഭയചകിതരാക്കി എന്തു നേട്ടമുണ്ടാക്കാമെന്നാണ് ബിജെപിയും സംഘ്പരിവാറും കണക്കുകൂട്ടുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുന്നില്ല.
സാമൂഹിക സേവനത്തെ മതപരിവർത്തനമെന്ന ആയുധമാക്കി ചിത്രീകരിച്ചുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിക്കാമെന്ന അജൻഡ മാത്രമാകും ഇവർക്കു മുന്നിലുള്ളത്. ഉത്തർപ്രദേശിലും മധ്യപ്രദേശിലുമെല്ലാം പരീക്ഷിച്ച് വിജയിച്ച കിരാത മതപരിവർത്തന നിരോധന നിയമം രാകിമിനുക്കി മഹാരാഷ്ട്രയിലും നടപ്പാക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞു.
മഹാരാഷ്ട്രയിൽ വ്യാപകമായി നിർബന്ധിത മതപരിവർത്തനങ്ങൾ നടക്കുന്നുവെന്ന ചില എംഎൽഎമാരുടെ ആരോപണമാണ് പുതിയ നീക്കങ്ങൾക്കു പിന്നിൽ. സംസ്ഥാനത്തെ എല്ലാ ആദിവാസി മേഖലകളിലും നിർബന്ധിച്ചും സ്വാധീനിച്ചുമുള്ള മതംമാറ്റം നടക്കുന്നുണ്ടെന്ന് സഞ്ജയ് കുട്ടെ എംഎൽഎ നിയമസഭയിൽ പറഞ്ഞു. മതപരിവർത്തനത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ധുലെ, നന്ദർബാർ ജില്ലകളിൽ അനധികൃത പള്ളി നിർമാണങ്ങൾ വ്യാപിക്കുന്നുണ്ടെന്ന് അനുപ് അഗര്വാൾ എംഎൽഎ ആരോപിച്ചു. ഇതിനു മറുപടിയായി കഴിഞ്ഞദിവസം നിയമസഭയിൽ റവന്യു മന്ത്രി ചന്ദ്രശേഖർ ബവൻകുലെയാണ് സംസ്ഥാനത്ത് കർശനമായ മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങുന്നുവെന്ന് അറിയിച്ചത്.
അനധികൃത നിർമാണങ്ങളെക്കുറിച്ച് ഡിവിഷണൽ കമ്മീഷണർ അന്വേഷണം നടത്തും. അന്വേഷണം കഴിഞ്ഞ് ആറു മാസത്തിനുള്ളിൽ അനധികൃത പള്ളികൾ പൊളിച്ചുമാറ്റുമെന്നും മന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് ഗോപിചന്ദ് പദൽക്കർ എംഎൽഎ കത്തോലിക്ക വൈദികര്ക്കും മിഷണറിമാർക്കുമെതിരേ ആക്രമണം നടത്തുന്നവര്ക്ക് പാരിതോഷികം വാഗ്ദാനം ചെയ്തത്.
മഹാരാഷ്ട്രയിൽ 1321 മുതൽ ക്രൈസ്തവ സാന്നിധ്യമുണ്ടെന്ന് ചരിത്രരേഖകളുണ്ട്. പ്രശസ്തമായ ബോംബെ അതിരൂപത സ്ഥാപിതമായത് 1886ലാണ്. 140-ാം വർഷത്തിലെത്തിയ ഈ അതിരൂപതയുടെ പ്രവർത്തനങ്ങളിൽ എന്തു ക്രമവിരുദ്ധതയാണ് ഇപ്പോൾ ബിജെപി സർക്കാർ കാണുന്നത്. 1988ലാണ് മഹാരാഷ്ട്രയിൽ സീറോമലബാർ സഭയുടെ കല്യാൺ രൂപത സ്ഥാപിതമായത്.
മൂന്നര പതിറ്റാണ്ടു പിന്നിട്ട കല്യാൺ രൂപതയുടെ പ്രവർത്തനങ്ങളിലും നാളിതുവരെ ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. അനധികൃതമായി പള്ളികൾ നിർമിക്കുക എന്നത് കത്തോലിക്കാ സഭയുടെ അജൻഡയിലുള്ള പ്രവൃത്തിയല്ല.
മറ്റു ക്രൈസ്തവ വിഭാഗങ്ങളുൾപ്പെടെ ആരെങ്കിലും നിയമവിരുദ്ധമായി കെട്ടിടങ്ങൾ പണിയുകയോ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയോ ചെയ്താൽ അതു തടയാനും കുറ്റക്കാരെ ശിക്ഷിക്കാനും നിലവിൽതന്നെ നിയമങ്ങളുണ്ട്. അതുപോരെന്നും പല സംസ്ഥാനങ്ങളിലും വ്യാപകമായി ദുരുപയോഗം ചെയ്യുന്ന മതപരിവർത്തന നിരോധന നിയമം കൂടുതൽ കർക്കശമായി നടപ്പാക്കണമെന്നും വാശിപിടിക്കുന്നത് മറ്റെന്തൊക്കെയോ ലക്ഷ്യങ്ങൾ വച്ചാണെന്നു സംശയിച്ചാൽ കുറ്റപ്പെടുത്താനാവില്ല.
രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകൾ ഒഡീഷയിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ജൂൺ നാലിന് ഞങ്ങൾ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്.
2024ൽ മാത്രം 834 ആക്രമണങ്ങൾ. നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ൽ ഇത് 127 ആയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ഒന്പതിലെ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് അനുസരിച്ച്, ഉത്തര്പ്രദേശില് മാത്രം 2020 നവംബര് മുതല് 2024 ജൂലൈ 31 വരെ മതപരിവര്ത്തനം ആരോപിച്ച് പോലീസ് 835ല് അധികം എഫ്ഐആറുകള് രജിസ്റ്റര് ചെയ്തു.
1,682 പേർ അറസ്റ്റിലായി. ഇതില് നാലു കേസുകളില് മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് ഇതിൽപരം തെളിവുകൾ ആവശ്യമുണ്ടോ. ഇത്തരത്തിൽ രാജ്യത്തു നടക്കുന്ന ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026ൽ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
അതിനായി ക്രൈസ്തവരെ കൂടെക്കൂട്ടാൻ പദ്ധതിയിടുന്നതും. ആദ്യം ഈ ഇരട്ടത്താപ്പ് അവസാനിപ്പിക്കൂ. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ വ്യക്തത വരുത്തൂ.
20-07-2025
വ്യാഴാഴ്ചത്തെ ദീപിക വായിച്ചവർക്ക്, ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തന്റെ മുറി ചാരിയിട്ടു പുറത്തിറങ്ങിയതുപോലെ തോന്നുന്നുണ്ട്. ‘അടിയന്തരാവസ്ഥയുടെ പാഠമുൾക്കൊണ്ട്’ എന്ന ലേഖനത്തിൽ, അതു പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയെ അദ്ദേഹം നിശിതമായി വിമർശിച്ചിട്ടുണ്ട്.
പക്ഷേ, 50 വർഷം മുന്പത്തെ അടിയന്തരാവസ്ഥയുടെ പോസ്റ്റ്മോർട്ടം നടത്തിയ തരൂർ, കൺമുന്നിലുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയെ ഒന്നു നുള്ളിനോവിക്കുന്നതേയുള്ളൂ. സന്ദേഹമുണ്ടെങ്കിലും, കോൺഗ്രസിനും ബിജെപിക്കും മധ്യേ നിൽക്കുന്ന തരൂർ ഒരു തീരുമാനം എടുത്തിട്ടുണ്ട്. പക്ഷേ, അതിനുള്ള മുഹൂർത്തം തങ്ങളായിട്ടു കുറിച്ചുകൊടുക്കില്ലെന്നു കോൺഗ്രസും കരുതുന്നുണ്ടാകും.
അടിയന്തരാവസ്ഥയോടുള്ള വിയോജിപ്പല്ല ശശി തരൂരിന്റെ വിഷയം. അതായിരുന്നെങ്കിൽ, അടിയന്തരാവസ്ഥയുടെ തുടക്കത്തിൽ താൻ അനുഭവിച്ചതായി പറയുന്ന അഗാധമായ മരവിപ്പിൽനിന്നു പുറത്തുവന്ന് കോൺഗ്രസിന്റെ പാർലമെന്റംഗത്വവും മന്ത്രിസ്ഥാനവുമൊക്കെ ഏറ്റെടുത്ത അദ്ദേഹം പാർട്ടിയിൽ അവഗണിക്കപ്പെടുകയും ബിജെപിയിൽ ഗണിക്കപ്പെടുകയും ചെയ്തെന്നു ബോധ്യപ്പെട്ടപ്പോഴല്ല അടിയന്തരാവസ്ഥയുടെ പാഠം ഉൾക്കൊള്ളേണ്ടിയിരുന്നത്. മാത്രമല്ല, കോൺഗ്രസ് മുക്ത ഭാരതം ലക്ഷ്യമിടുന്ന ഏകാധിപത്യശൈലിയെയും അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന നിരീക്ഷണങ്ങളെയും അദ്ദേഹത്തിനു തള്ളിക്കളയാനും ആകുമായിരുന്നില്ല.
അരനൂറ്റാണ്ടു മുന്പത്തെ ജനാധിപത്യവിരുദ്ധതയെ തിരിച്ചറിയുന്നവർ കൺമുന്നിലുള്ള യാഥാർഥ്യങ്ങൾ കാണാതിരിക്കുകയോ? എന്തു തീരുമാനിച്ചാലും, സ്ഥാനമാനങ്ങളോ നിലപാടോ ഏതാണ് മുഖ്യം എന്ന ചോദ്യം തരൂരിന്റെ രാഷ്ട്രീയഭാവിയിൽ എന്നുമുണ്ടാകും. അദ്ദേഹമെഴുതിയ ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ മാത്രമല്ല, വൈരുദ്ധ്യാത്മക പ്രധാനമന്ത്രി: നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ ഇന്ത്യയും (The Paradoxical Prime Minister: Narendra Modi and His India) എന്ന, മോദിഭരണത്തെ വിമർശിക്കുന്ന ഗ്രന്ഥവുമൊക്കെ അദ്ദേഹത്തിനു ഭാരമായി മാറും.
തരൂരിന്റെ ലേഖനത്തിൽ ഇങ്ങനെയുണ്ട്: “നിയമനിർമാണസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള, അമിതാധികാരമുള്ള ഒരു എക്സിക്യൂട്ടീവിന് ജനാധിപത്യത്തെ വലിയ അപകടത്തിലാക്കാൻ കഴിയും എന്നതാണ് മൂന്നാമത്തെ പാഠം. ഒരുപക്ഷേ നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും പ്രസക്തമായത്.” ഈ നിരീക്ഷണം മോദിക്കെതിരാണെന്നു വായനക്കാർക്കു മനസിലാകുമെങ്കിലും ഇന്ദിരാഗാന്ധിയെ വിമർശിക്കുന്നത്ര മൂർച്ചയില്ലെന്നു മാത്രമല്ല, പേരുപോലും ഉച്ചരിക്കുന്നുമില്ല. അതൊരു മുൻകരുതലാകാം. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതു മുതൽ ബിജെപി അദ്ദേഹത്തെ നോട്ടമിട്ടു.
ഹൈക്കമാൻഡ് സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ മത്സരിച്ച തരൂർ നേടിയ വോട്ടിന്റെ എണ്ണം നേതൃത്വത്തെ അന്പരപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോകരാജ്യങ്ങളോടു വിശദീകരിക്കാൻ പോയ സംഘത്തിൽ കോൺഗ്രസ് നിർദേശിക്കാതിരുന്നിട്ടും ബിജെപി തരൂരിനെ ഉൾപ്പെടുത്തി. അന്തർദേശീയ വിഷയങ്ങളിലെ പരിജ്ഞാനം കണക്കിലെടുത്താൽ കോൺഗ്രസിൽതന്നെ ഏറ്റവും പ്രഗത്ഭനായ തരൂരിനെ ഒഴിവാക്കിയത് കോൺഗ്രസിന്റെ രാഷ്ട്രീയ മണ്ടത്തരമായി വിലയിരുത്തപ്പെട്ടു. പിന്നീട് തരൂരിന്റെ പ്രസ്താവനകൾ കൂടുവിട്ട് അനന്തവിഹായസിലേക്കു പറക്കുന്ന പക്ഷിയുടേതുപോലെയായിരുന്നു.
തരൂരിനെ അവഗണിച്ചതും ബിജെപിക്ക് മുതലെടുപ്പിന് അവസരം കൊടുത്തതും കോൺഗ്രസിൽ ഇനി ചർച്ചയാകില്ല. കോൺഗ്രസിനെ സംബന്ധിച്ച് തരൂരിനുണ്ടായിരുന്ന യുഎൻ അണ്ടർ സെക്രട്ടറി പദവിയോ അദ്ദേഹത്തിന്റെ ഭാഷാ-ചരിത്ര പാണ്ഡിത്യമോ ജനങ്ങൾക്കിടയിലെ സ്വാധീനമോ അല്ല, കോൺഗ്രസിനു മുകളിൽ ബിജെപി നനച്ചുവളർത്താൻ ശ്രമിക്കുന്ന ഒരു മരം എന്നതായിരുന്നു പരിഗണനാവിഷയം. കോൺഗ്രസിലേക്കു ചാഞ്ഞുനിൽക്കുന്ന ഇത്തരമൊരാൾ തങ്ങളുടെ പാർട്ടിയിലുണ്ടെങ്കിൽ ബിജെപി വച്ചുപൊറുപ്പിക്കുമോ എന്ന ചോദ്യമുണ്ട്.
തരൂർ ദീപികയിലെഴുതിയ ലേഖനത്തെക്കുറിച്ച് തനിക്കും ചിലതു പറയാനുണ്ടെന്നും പക്ഷേ, വർക്കിംഗ് കമ്മിറ്റിയംഗമായതിനാൽ അതു ദേശീയ നേതൃത്വത്തെ അറിയിക്കുമെന്നും അവർ തീരുമാനിച്ചുകൊള്ളുമെന്നുമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞത്. അടുത്ത തവണ കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്ന കോൺഗ്രസ്, ശശി തരൂർ വിഷയം ഇവിടെ അലക്കി കുളം കലക്കില്ല.
അടിയന്തരാവസ്ഥയിലേക്കു തിരികെ വന്നാൽ, 50-ാം വാർഷികത്തിൽ ആ ചരിത്രം ചർച്ച ചെയ്യുന്നത് ചരിത്രത്തെ രാഷ്ട്രീയക്കളിക്ക് ഉപയോഗിക്കാനല്ല. വർത്തമാനകാലത്തിനു നേർക്കു പിടിച്ച കണ്ണാടിയായി പരിവർത്തിപ്പിക്കാനാണ്. 1975ലെ ആ കണ്ണാടിയിൽ തെളിയുന്ന 2025ന് ജനാധിപത്യത്തിന്റെ പ്രസന്നവദനമല്ല. കോൺഗ്രസിന് ജനാധിപത്യത്തെക്കുറിച്ച്, അന്നത്തെ ആഭ്യന്തര ഭീഷണിയുടെയും വിദേശ ഗൂഢാലോചനയുടെയും അട്ടിമറിസാധ്യതയുടെയും ജനാധിപത്യഭീഷണിയുടെയുമൊക്കെ ന്യായങ്ങളുണ്ട്. പക്ഷേ, അതൊന്നും ജനത്തിനു സ്വീകാര്യമായിട്ടില്ല. ഇന്ദിരയെയും കോൺഗ്രസിനെയും ജനം തള്ളിക്കളഞ്ഞുമില്ല. അടിയന്തരാവസ്ഥയെ എതിർത്ത പ്രതിപക്ഷ കൂട്ടായ്മ പിന്നീട് തരിപ്പണമാകുന്നതും ഇന്ദിര തിരിച്ചുവരുന്നതും രാജ്യം കണ്ടു.
50-ാം വാർഷികത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരേ എഴുതിയ മുഖപ്രസംഗത്തിലെ വാക്കുകൾ ആവർത്തിക്കട്ടെ, “കോൺഗ്രസ് മറക്കരുത്; ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അവർ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 77ൽ അന്പേ പരാജയപ്പെട്ടെങ്കിലും അടുത്ത തവണ ജനം തെരഞ്ഞെടുത്തു. അടിയന്തരാവസ്ഥയെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് കോൺഗ്രസ് ഭരിക്കുന്ന കാലത്താണ്. 1976ൽ അടിയന്തരാവസ്ഥ കാലത്തുതന്നെ 42-ാം ഭേദഗതിയിലൂടെ ഇന്ദിര മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തി. ഏകാധിപത്യത്തിലേക്കു വഴുതിയെങ്കിലും വീഴാതെ തിരിച്ചെത്തിയ കോൺഗ്രസ് 50-ാം വാർഷികത്തിലെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ജനങ്ങളോടു മാപ്പു പറഞ്ഞിരുന്നെങ്കിൽ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയെ നേരിടാൻ കരുത്തേറുമായിരുന്നു.”
ഇന്ദിരയും മോദിയും രാഹുലും ശശി തരൂരുമൊന്നുമല്ല, ഈ രാജ്യത്തിനു വിഷയം ആഗോളതലത്തിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന അതിന്റെ ജനാധിപത്യ ശിരസാണ്. അതു താഴരുതേയെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ശശി തരൂരിന്റെ ലേഖനം ദീപിക പ്രസിദ്ധീകരിച്ചത്. അതുകൊണ്ടാണ് വിയോജനക്കുറിപ്പുകൾക്കും ഇതിൽ ഇടമുള്ളത്. അതേ, അടിയന്തരാവസ്ഥ ഒരു വാക്കല്ല, ചിലപ്പോൾ എഴുതപ്പെടാത്തൊരു വാറണ്ടുമാകാം. തരൂരിന്റെ അടിയന്തരാവസ്ഥയല്ല, രാജ്യത്തിന്റെ അവസ്ഥയാണു ചർച്ച ചെയ്യേണ്ടത്.
11-07-2025
രാഷ്ട്രീയം ജനങ്ങൾക്കുവേണ്ടിയാണെങ്കിൽ അതിന്റെ ഭാഗമായ സമരമുറകളും അവർക്കുവേണ്ടിയാകണം. അങ്ങനെ നോക്കിയാൽ കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരേ നടത്തിയ ദേശീയ പണിമുടക്ക് വിജയമല്ല. ആ സമരം കേന്ദ്രസർക്കാരിനെതിരേയായിരുന്നു.
പക്ഷേ, അവർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല; അതേസമയം, ആർക്കുവേണ്ടിയായിരുന്നോ പണിമുടക്ക് ആ ജനം വലയുകയും ചെയ്തു. പണിമുടക്കിന്റെ കാരണങ്ങളോ പ്രസക്തിയോ അല്ല, അതിന്റെ ജനാധിപത്യവിരുദ്ധവും അക്രമോത്സുകവുമായ നടത്തിപ്പാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
അതു ചെയ്യേണ്ടത് കേരളമാണ്; 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും "ദേശീയ' പണിമുടക്കിന്റെ രാജ്യത്തെ ഏക ഇരകളായ കേരളം! ഈ രാജ്യത്തെ ഏറ്റവും ദരിദ്ര കൂലിപ്പണിക്കാരായ ആശാ വർക്കർമാരെ 150 ദിവസമായി സർക്കാരിനൊപ്പംനിന്നു കല്ലെറിയുന്ന ഇടതു തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഇരട്ടത്താപ്പു കണ്ട കേരളം!
പുതിയ തൊഴില് കോഡുകള് റദ്ദാക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വര്ഷത്തില് 200 തൊഴില്ദിനങ്ങൾ ഉറപ്പാക്കുക, പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കുക, സംഘടിതവും അസംഘടിതവുമായ മേഖലകളിലെ തൊഴിലാളികള്ക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കുവേണ്ടിയായിരുന്നു പണിമുടക്ക്.
തൊഴിലാളി സംഘടനകളായ ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങി 10 തൊഴിലാളി സംഘടനകളും സംയുക്ത കിസാൻ മോർച്ചയുടെ കീഴിലുള്ള കർഷക-കർഷകത്തൊഴിലാളി സംഘടനകളും പിന്തുണച്ചു. സ്വാഭാവികമായും കേന്ദ്രസർക്കാരിനെതിരേയുള്ള സമരത്തിൽ ആർഎസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ് പങ്കെടുത്തില്ല.
ചങ്ങാത്ത മുതലാളിത്തത്തിന്റെയും തൊഴിലാളി-കർഷകവിരുദ്ധ നയങ്ങളുടെയും പേരിൽ വിമർശിക്കപ്പെടുന്ന കേന്ദ്ര സർക്കാരിനെതിരേയുള്ള സമരത്തെ ആരും വിലകുറച്ചു കാണുന്നില്ല. പക്ഷേ, അത്തരം സമരങ്ങൾ ഫലത്തിൽ ജനങ്ങൾക്കെതിരേ ആകുന്നത് അംഗീകരിക്കാനാവില്ല. പേര് ദേശീയ പണിമുടക്ക് എന്നാണെങ്കിലും നാടു സ്തംഭിക്കുന്നത് കേരളം എന്ന ഒറ്റ സംസ്ഥാനത്തു മാത്രമാണ്.
ഇടതു സംഘടനകൾക്കു സ്വാധീനമുള്ളിടത്തെ പ്രകടനങ്ങളും റെയിൽ-റോഡ് തടയലുമൊഴിച്ചാൽ കേരളത്തിനു പുറത്ത് മിക്കയിടത്തും പണിമുടക്ക് ജനം അറിയുന്നുപോലുമില്ല. ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ആശുപത്രികളിൽ പോകുന്നവരെ പോലും തടയുകയും ചെയ്യുന്ന ഈ ജനാധിപത്യവിരുദ്ധ സമരമാർഗം കാലഹരണപ്പെട്ടതാണ്. കേരളത്തിൽ പൊതുഗതാഗതവും സ്വകാര്യയാത്രയും അനുവദിക്കില്ല.
കടകൾ തുറക്കാനാകില്ല. സ്വകാര്യ ഓഫീസുകൾപോലും അടയ്ക്കണം. ദീർഘദൂര യാത്രക്കാർ വീട്ടിലെത്താനാകാതെ റെയിൽവേ സ്റ്റേഷനിനും എയർപോർട്ടിലും കുടുങ്ങും. ആശുപത്രിയിൽ പോകുന്നവരെപ്പോലും വെറുതെ വിടില്ല. മനുഷ്യത്വമോർത്ത് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകാൻ മുതിർന്നവർക്കും മർദനമേൽക്കേണ്ടിവന്നിട്ടുണ്ട്. പാർട്ടി നേതാക്കൾ അതിനെ മനുഷ്യത്വരഹിതമായി ന്യായീകരിക്കുകയും അതിനെ വിമർശിച്ച മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച നാലര വയസുള്ള മകന്റെ മുറിവേറ്റ നാവിനു തുന്നലിട്ടു വീട്ടിലേക്കു മടങ്ങിയ സിപിഎം നേതാവിനെ തടഞ്ഞതു കാഞ്ഞങ്ങാട്ടാണ്. എന്താണ് സാധാരണക്കാരന്റെ വേദനയെന്ന്, ക്ഷീണിതനായ മകനെ കാറിലിരുത്തി വഴിയിൽ കുത്തിയിരിക്കേണ്ടിവന്ന അയാൾക്കു മനസിലായിട്ടുണ്ടാകും. അത് മുതിർന്ന നേതാക്കളെ പറഞ്ഞു മനസിലാക്കട്ടെ.
ജനാധിപത്യത്തിൽ സമരങ്ങളെ നിഷേധിക്കാനാകില്ല. പക്ഷേ, സർക്കാരിനെ പാഠം പഠിപ്പിക്കാൻ ജനത്തെ തല്ലുന്ന പ്രാകൃത സമരമുറകൾ മാറ്റേണ്ടതുണ്ട്. സെക്രട്ടേറിയറ്റിന്റെയോ കളക്ടറേറ്റിന്റെയോ കവാടം ഉപരോധിക്കുകയോ ഏതെങ്കിലുമൊരു പാത തടയുകയോ ചെയ്യുന്നതുപോലെയല്ല സംസ്ഥാനത്തെ എല്ലാ വഴികളും ഒരേസമയം അടയ്ക്കുന്നത്.
എത്ര നാളുകൾക്കുമുന്പ് പ്രഖ്യാപിച്ചതാണെങ്കിലും ഹർത്താൽദിവസം രോഗങ്ങളും മരണവും പോലെ അപ്രതീക്ഷിത സംഭവങ്ങളും വിവാഹവും യാത്രകളും പോലെയുള്ള അനിവാര്യതകളുണ്ടാകും. അന്നത്തെ അരിക്കുവേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾക്കും വീട്ടിലിരിക്കാനാവില്ല.
പണിമുടക്കിയാലും ശന്പളത്തിൽ ചില്ലിക്കാശ് കുറയില്ലാത്ത സംഘടിത തൊഴിലാളിവർഗം അത്താഴപ്പട്ടിണിക്കാരോട് ത്യാഗം ആവശ്യപ്പെടരുത്. പ്രാരാബ്ധങ്ങളിലും കടക്കെണിയിലും വലയുന്ന ചെറുകിട-വഴിയോര കച്ചവടക്കാരോട് കേന്ദ്രനയത്തിനു പിഴയിടാൻ ആശ്യപ്പെടുന്നത് രാഷ്ട്രീയ വങ്കത്തമാണ്.
സമീപകാലത്ത് ഇന്ത്യയെ ഇളക്കിമറിച്ച ഏകസമരം കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരേ ഡൽഹിയിൽ കർഷകർ നടത്തിയതായിരുന്നു; കൊടികെട്ടിയ രാഷ്ട്രീയ പാർട്ടികൾക്കൊന്നും സാധിക്കാത്തത്. അവർ വിറപ്പിച്ചത് ഈ രാജ്യത്തെ ജനങ്ങളെയല്ല, കേന്ദ്രസർക്കാരിനെയാണ്. കഴിഞ്ഞ 11 വർഷത്തിനിടെ അത്തരമൊരു സമരത്തിന് "ഇന്ത്യ മുന്നണി' ക്കുപോലും കഴിഞ്ഞിട്ടില്ല.
ലോകത്തെ ഇളക്കിമറിച്ച എല്ലാ സമരങ്ങളും പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങൾ വഴിയായി മാറുകയും വിജയിക്കുകയും ചെയ്യുന്ന കാലത്താണ് രോഗികളെയും അപ്രതീക്ഷിത യാത്രക്കാരെയും വഴിയിൽ തടയുന്ന രാഷ്ട്രീയ അൽപന്മാരുടെ തെരുവു ഗോഷ്ടികൾ.
ഒരു ദിവസം അവധി കിട്ടുമല്ലോ എന്നു കരുതുന്ന കൊച്ചുപിള്ളേരെയും പണിയെടുത്തില്ലെങ്കിലും ശന്പളം കിട്ടുമെന്നുറപ്പുള്ള സംഘടിത തൊഴിലാളികളെയും മാത്രം ആഹ്ലാദിപ്പിക്കുന്ന നിങ്ങൾ അനിവാര്യമായ ജനകീയ മുന്നേറ്റങ്ങളെപ്പോലും അപഹാസ്യമാക്കുകയാണ്; വയറ്റിപ്പിഴപ്പിനുള്ളതുപോലും കൊടുക്കാതെ നിങ്ങൾ പുറന്പോക്കിലെറിഞ്ഞ ആശമാർക്കു മുന്നിൽ മുണ്ടും മടക്കിക്കുത്തിനിന്ന്. പ്രബുദ്ധരാഷ്ട്രീയത്തെ വിവരക്കേടുകൊണ്ട് ബന്ദിയാക്കരുത്.
10-07-2025
വെളിച്ചണ്ണവില ചരിത്രം തിരുത്തി കുതിക്കുകയാണ്. കിലോയ്ക്ക് 450 രൂപവരെ വിലയായി. പച്ചത്തേങ്ങ കിലോയ്ക്ക് 75 രൂപ. തേങ്ങ വിറ്റ് തമിഴ്നാട്ടിലെയും കർണാടകത്തിലെയും കർഷകർ വലിയ നേട്ടമുണ്ടാക്കുകയാണ്.
പക്ഷേ, മാറിമാറി വന്ന സർക്കാരുകൾ മണ്ട വെട്ടിയ തെങ്ങുകൃഷിയിൽനിന്നു കേരളത്തിനു കാര്യമായ നേട്ടമില്ല; ഉത്പാദനം കൂപ്പുകുത്തി. സർക്കാർ നാളികേര കർഷകരെ പ്രത്യേകം ദ്രോഹിച്ചതല്ല; എല്ലാ കർഷകരെയും കൈയൊഴിഞ്ഞ കൂട്ടത്തിൽ അവരും പെട്ടു.
വിലയിടിവ്, രോഗങ്ങൾ, താറുമാറായ സംഭരണം, വന്യജീവി ആക്രമണം, കൃഷി ഉപേക്ഷിക്കൽ, എന്നിങ്ങനെ പല കാരണങ്ങളാൽ കേരളത്തിലെ നാളികേര ഉത്പാദനം കുത്തനെ കുറഞ്ഞു. നാളികേരത്തിന്റെ നാട് ഈ ഓണത്തിന് പച്ചക്കറിയും പഴങ്ങളും പലചരക്കിനുമൊപ്പം വലിയതോതിൽ തേങ്ങയും തമിഴ്നാട്ടിൽനിന്നും കർണാടകത്തിൽനിന്നും വാങ്ങും.
നമ്മുടെ ഓണം അവരുടെ പണപ്പെട്ടി നിറയ്ക്കും. കർഷകർക്കു പിന്തുണ കൊടുക്കുകയും അതേസമയം, സബ്സിഡി നൽകി സപ്ലൈകോ വഴിയും റേഷൻ കടകൾ വഴിയും വില കുറച്ചു വെളിച്ചെണ്ണ വിൽക്കുകയും ചെയ്യേണ്ട സമയമാണിത്.
കേന്ദ്രം ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിക്ക് കഴിഞ്ഞ സെപ്റ്റംബറിൽ 20 ശതമാനം ഇറക്കുമതിത്തീരുവ ഏർപ്പെടുത്തിയതോടെയാണ് വില വർധിക്കാൻ തുടങ്ങിയത്. നമുക്ക് ആവശ്യമായ ഭക്ഷ്യ എണ്ണയുടെ 57 ശതമാനവും ഇറക്കുമതിയായിരുന്നതിനാൽ മറ്റു ചെലവുകളും വർധിച്ചതോടെ പാം, സൂര്യകാന്തി, സോയാബീൻ എന്നീ എണ്ണകളുടെ വില ഉയർന്നു.
ഇതോടെ കേന്ദ്രം ഇറക്കുമതിത്തീരുവ 10 ശതമാനമായി കുറച്ചു. മേയ് 31 മുതൽ വില കുറയുമെന്നു കരുതിയെങ്കിലും ഫലമുണ്ടായില്ല. രാജ്യാന്തര സമ്മർദമുണ്ടായാൽ ഈ തീരുവയിൽ കേന്ദ്രം കർഷകർക്കൊപ്പം നിൽക്കുമെന്ന് ഒരുറപ്പുമില്ല. റബറിന്റെ കാര്യം ഓർത്താൽ മതി. രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ആവശ്യം 20 വർഷത്തിനിടെ മൂന്നിരട്ടിയായി വർധിക്കുകയും ചെയ്തു.
ബേക്കറി പലഹാരങ്ങളുടെ ഉപയോഗമേറിയതും ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കുന്ന സംസ്കാരം വളർന്നതും ഭക്ഷ്യ എണ്ണയുടെ ഉപയോഗം വർധിപ്പിച്ചു. ഇത് പൊതുജനാരോഗ്യത്തെ അപകടത്തിലാക്കിയെന്നതു വേറെ കാര്യം.
വെളിച്ചെണ്ണയുടെ വിലവർധന കേരളത്തിനു നേട്ടമുണ്ടാക്കാമായിരുന്ന കാര്യമാണ്. പക്ഷേ, ഒരിക്കൽ രാജ്യത്ത് നാളികേര കൃഷിയിലും ഉത്പാദനത്തിലും ഒന്നാമതായിരുന്ന കേരളം, കർണാടകത്തിനും തമിഴ്നാടിനും പിന്നിൽ മൂന്നാമതായി. വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ, ആ രണ്ടു സംസ്ഥാനങ്ങളിലെയും സർക്കാരുകൾ കർഷകർക്കൊപ്പം നിന്നു.
2017-18 സാമ്പത്തികവര്ഷം 845.2 കോടി തേങ്ങ ഉത്പാദിപ്പിച്ച കേരളത്തിൽ 2023-24ൽ ഉത്പാദനം 564.7 കോടിയിലേക്കു കൂപ്പുകുത്തി. അതായത്, അഞ്ചുവര്ഷംകൊണ്ട് 300 കോടി കുറഞ്ഞു. 1956ൽ രാജ്യത്തെ തെങ്ങുകൃഷി വിസ്തൃതിയുടെ 69 ശതമാനവും ഉത്പാദനത്തിന്റെ 73 ശതമാനവും കേരളത്തിലായിരുന്നു.
2020-21ലെ കണക്കനുസരിച്ച് ഇത് യഥാക്രമം 35 ശതമാനവും 33 ശതമാനവുമായി. നമ്മുടെ അഭിമാനമായിരുന്ന നെല്ലുത്പാദനത്തിലുൾപ്പെടെ ഈ കുറവ് ദൃശ്യമാണ്. കേരളത്തിന്റെ തകരുന്ന കാർഷികമേഖലയെക്കുറിച്ച് ദീപിക റിപ്പോർട്ടുകളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയും നിരവധി മുന്നറിയിപ്പുകൾ ഇക്കാര്യത്തിൽ നൽകിയിട്ടുണ്ട്.
ജനം അറിയുന്നുണ്ട്; മാറ്റം വരുത്തേണ്ട ഭരണകൂടം അറിയുന്നുണ്ടെങ്കിലും തല പൂഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ 1,12,000 കർഷകർ ജീവനൊടുക്കിയ രാജ്യമാണ് ഇന്ത്യയെന്ന് ഇന്നലെ ‘അന്നമൂട്ടുന്നവരെ ആർക്കും വേണ്ട’ എന്ന തലക്കെട്ടിൽ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കാണത്. എവിടെപ്പോയി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകസ്നേഹം?
തേങ്ങയിലേക്കു തിരിച്ചുവന്നാൽ, തമിഴ്നാട് നാളികേര കർഷകർക്കു ചെയ്തുകൊടുക്കുന്നത് അറിയാൻ കൃഷിവകുപ്പു മന്ത്രിയോ ഉദ്യോഗസ്ഥരോ കന്പം, തേനി, കോയന്പത്തൂർ, നാമക്കൽ, ദിണ്ഡിഗൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒന്നു പോയി നോക്കിയാൽ മതി. കേരളത്തോടു പടവെട്ടിയാണ് കന്പത്തെയും തേനിയിലെയും തരിശുനിലങ്ങളെപ്പോലും മുല്ലപ്പെരിയാറിലെ വെള്ളമുപയോഗിച്ച് അവർ ഒന്നാന്തരം തെങ്ങിൻതോപ്പുകളാക്കിയിരിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ തമിഴ്നാട്ടിലും കർണാടകത്തിലും നാളികേരോത്പാദനം വർധിച്ചത് സർക്കാരുകൾ കർഷകനു കൊടുത്ത പിന്തുണകൊണ്ടാണ്. മൂല്യവർധിത ഉത്പന്നങ്ങളെല്ലാം അവർ വിജയകരമായി നടപ്പാക്കി.
പക്ഷേ, 50,000 കോടി വിറ്റുവരവ് പ്രതീക്ഷിച്ച് 2014ൽ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടു വന്ന നീരയുടെ ഇന്നത്തെ സ്ഥിതി നോക്കിയാൽ മാത്രം മതി, നമ്മുടെ കെടുകാര്യസ്ഥതയുടെ ആഴമറിയാൻ. നല്ല തുടക്കമായിരുന്നെങ്കിലും മുന്നോട്ടു കൊണ്ടുപോകാനായില്ല.
ഉപോത്പന്നങ്ങളാകുമെന്നു കരുതിയ ശര്ക്കരപ്പാവ്, പഞ്ചസാര, തേൻ... ഒന്നുമില്ല. സർക്കാരിനെ വിശ്വസിച്ച് രംഗത്തിറങ്ങിയവർ കടക്കെണിയിലായി. അതിന്റെ പേരിൽ 12 കമ്പനികളും 260 ഫെഡറേഷനുകളും കൂടാതെ അയ്യായിരത്തിൽപരം സൊസൈറ്റികളും രൂപീകരിച്ചു. എല്ലാം കെടുകാര്യസ്ഥതയിലൊതുങ്ങി.
റബറിനും നെല്ലിനുമൊപ്പം തെങ്ങും നാടുനീങ്ങുകയാണ്. കൃഷി നഷ്ടമാണെന്ന മുന്നറിയിപ്പുകളുടെ കാലം കഴിഞ്ഞു. സർക്കാരുകളുടെ നിഷ്ക്രിയതയ്ക്കൊടുവിൽ കർഷകരിൽ വലിയൊരു പങ്ക് കാർഷികവൃത്തി ഉപേക്ഷിച്ചു. മറ്റു നിവൃത്തിയില്ലാത്തവരും കൃഷിയാണു ജീവിതമെന്നു കരുതുന്നവരുമാണ് ഇപ്പോഴും തുടരുന്നത്.
പക്ഷേ, ഇച്ഛാശക്തിയുള്ള ഭരണകൂടത്തിനു പരിഹരിക്കാവുന്നതാണ് ഇന്നത്തെ ദുരവസ്ഥ. തമിഴ്നാടും കർണാടകവും മാത്രമല്ല, ആന്ധ്രയും ഒഡീഷയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും തെങ്ങിൽനിന്നു വരുമാനം കണ്ടെത്തി. തമിഴ്നാട് വിദേശങ്ങളിലേക്കു തേങ്ങ കയറ്റി അയയ്ക്കാനും തുടങ്ങി. താങ്ങുവില കൊടിയ നഷ്ടം ഒഴിവാക്കാനുള്ള ആശ്വാസധനമാണ്.
കർഷകർക്ക് അതിനൊപ്പം സബ്സിഡിയും മികച്ച വിപണിയും ഉറപ്പാക്കുകയാണ് കേരളം ചെയ്യേണ്ടത്. ഒപ്പം, താങ്ങാവുന്ന വിലയ്ക്ക് വെളിച്ചെണ്ണ ഉപഭോക്താവിനു ലഭ്യമാകുകയും വേണം. 450 രൂപ കൊടുത്ത് വെളിച്ചെണ്ണ വാങ്ങി കറിക്കു കടുകു പൊട്ടിക്കാൻ നിവൃത്തിയില്ലാത്ത ലക്ഷക്കണക്കിനു കുടുംബങ്ങൾ കേരളത്തിലുണ്ട്.
കൃഷിയിടങ്ങളെ സഹായിക്കാത്തവർ അടുക്കളയെ സഹായിക്കുമോ? രണ്ടും സാധ്യമാണ്; ഇച്ഛാശക്തിയുണ്ടെങ്കിൽ.
09-07-2025
കേരളത്തിലെ വിദ്യാഭ്യാസരംഗം രാഷ്ട്രീയാതിപ്രസരത്താൽ പ്രഭ നഷ്ടപ്പെടുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടലുകളും ഗവർണർമാരുടെ ആധിപത്യം ഉറപ്പാക്കലുമൊക്കെ സ്ഥിതി വഷളാക്കുന്നത്. കലാലയരാഷ്ട്രീയത്തെ അക്രമവത്കരിച്ച് വെറുക്കപ്പെട്ടതാക്കി മാറ്റിയ വിദ്യാർഥിസംഘടനകൾ, കക്ഷിരാഷ്ട്രീയത്തിന്റെ അടിമകളായ അധ്യാപകർ, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയവയൊക്കെ നമ്മുടെ അക്കാദമിക മേഖലയ്ക്കു മുകളിൽ പാർട്ടിക്കൊടികൾ നാട്ടി. അതിനിടെ, ഹിന്ദുത്വയ്ക്ക് അനുകൂലമായി കരിക്കുലങ്ങളും ചരിത്രപുസ്തകങ്ങളും തിരുത്തുന്ന സംഘപരിവാർ രാഷ്ട്രീയ പദ്ധതിയുടെ കേന്ദ്ര പോരാളികളായി ദക്ഷിണേന്ത്യയിൽ പലയിടത്തും ഗവർണർമാർ കളത്തിലിറങ്ങി.
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിന്റെ ആവശ്യമില്ലല്ലോ. ഇതിന്റെ തുടർച്ചയായി കേരള സർവകലാശാലയിൽ നടക്കുന്ന നിയമന-പുറത്താക്കൽ പോരാട്ടത്തിൽ, എന്തൊക്കെ ന്യൂനതകൾ ഉണ്ടെങ്കിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണു വിജയിക്കേണ്ടത്. പക്ഷേ, ആ വിജയത്തിനുശേഷവും രാഷ്ട്രീയാടിമത്തത്തിൽനിന്നു സ്വതന്ത്രമായ സർവകലാശാലകളെയോ വിദ്യാഭ്യാസ മേഖലയെയോ നമുക്കു ലഭിക്കില്ലല്ലോയെന്ന സത്യം ഖേദകരമാണ്.
ഭാരതാംബയുടെ ചിത്രം വച്ച രാജ്ഭവനിലെ ചടങ്ങിൽനിന്ന് മന്ത്രിമാർ ഇറങ്ങിപ്പോയതാണ് ഇപ്പോഴത്തെ തർക്കത്തിന്റെ തുടക്കം. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടി ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഗവർണർ രാജേന്ദ്ര വി. അർലേക്കർക്കു കത്തെഴുതി. തുടർന്ന് ജൂണ് 26ന്, ഭാരതാംബയുടെ ചിത്രം വേദിയില്നിന്നു നീക്കാൻ സംഘാടകർ തയാറാകാഞ്ഞതിനാൽ സര്വകലാശാല സെനറ്റ് ഹാളില് ചാന്സലറായ ഗവര്ണര് പങ്കെടുക്കേണ്ട ചടങ്ങിനു രജിസ്ട്രാർ ഡോ. കെ.എസ്. അനില്കുമാര് അനുമതി നിഷേധിച്ചു.
എന്നാല്, ഗവര്ണര് പങ്കെടുക്കുന്ന ചടങ്ങ് തന്റെ അറിവില്ലാതെ റദ്ദാക്കാന് ശ്രമിച്ചതിനു വൈസ് ചാന്സലര് ഡോ. മോഹനന് കുന്നുമ്മല് രജിസ്ട്രാറെ സസ്പെന്ഡ് ചെയ്തു. പിന്നാലെ, വിസിയുടെ തീരുമാനം സിൻഡിക്കറ്റ് റദ്ദാക്കി. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ റഷ്യൻ യാത്രയിലായിരുന്നതിനാൽ താത്കാലിക വിസിയായ ഡോ. സിസ തോമസ് സിൻഡിക്കറ്റ് തീരുമാനം നിയമവിരുദ്ധമാണെന്ന റിപ്പോർട്ട് ഗവർണർക്കു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രാറെ തിരിച്ചെടുത്ത സിൻഡിക്കറ്റ് തീരുമാനം ഗവർണർ റദ്ദാക്കുമെന്നാണ് കരുതുന്നത്.
മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിവച്ച സർവകലാശാലകളിലെ അധികാരത്തർക്കം ഗവർണർ രാജേന്ദ്ര വി. അർലേക്കർ ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി വർഷങ്ങളായി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി വിധിക്കുശേഷവും ഗവർണർമാർ പഠിച്ചിട്ടില്ല. അതിന്റെ തുടർച്ചയ്ക്ക് കേരളത്തിൽ കാവിക്കൊടിയേന്തിയ ഭാരതാംബ നിമിത്തമായെന്നു മാത്രം.
സർക്കാരും ഗവർണറും തമ്മിലുള്ള ഈ തർക്കം പരിഹരിക്കാൻ കോടതിക്കെങ്കിലും കഴിഞ്ഞേക്കും. പക്ഷേ, സ്വതന്ത്ര ഉന്നതവിദ്യാഭ്യാസരംഗം എന്നത് ഉടനെയൊന്നും സാധ്യമാകില്ല. സർവകലാശാലകൾ ആരുടെ കാൽക്കീഴിലാണെന്നതിൽ മാത്രമേ മാറ്റങ്ങളുണ്ടാകൂ. രാഷ്ട്രീയ വിധേയരായ വിദ്യാർഥികളെയും അധ്യാപകരെയും വൈസ് ചാൻസലർമാരെയുമൊക്കെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികൾ ഹൈജാക്ക് ചെയ്ത കോളജുകളും സർവകലാശാലകളുമൊക്കെ ഉപേക്ഷിച്ച് വിദ്യാർഥികൾ മറ്റ് സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറുന്നത് സമാന്തര കാഴ്ച.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ വൈസ് ചാൻസലറും പ്രിൻസിപ്പൽമാരും പ്രധാനാധ്യാപകരുമില്ലാത്തതിനാൽ ഇൻ-ചാർജ് ഭരണത്തിലിരിക്കേ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുചേർത്തിട്ടുള്ള 25 ലക്ഷത്തോളം ഉദ്യോഗാർഥികളെ അവഗണിച്ച് വേണ്ടപ്പെട്ടവർക്കുവേണ്ടിയുള്ള പിൻവാതിൽ നിയമനം തുടരവേ എന്തു നിലവാരമാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നു പ്രതീക്ഷിക്കാനാകുക? പിന്നാക്ക സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി ഒന്നാം നന്പറെന്നു വീന്പിളക്കിയാൽ തീരുന്നതല്ല പ്രശ്നം. എട്ടു വർഷത്തിനിടെ പിൻവാതിലിലൂടെ 1.8 ലക്ഷം നിയമനം നടത്തിയെന്നാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ഗവർണർ ഭരണം ആവശ്യമില്ല. പക്ഷേ, മാർക്കു തിരുത്തൽ, ക്രൂരമായ റാഗിംഗ്, വ്യാജ സർട്ടിഫിക്കറ്റ്, അക്രമം, ലൈംഗികാതിക്രമം തുടങ്ങിയ തിന്മവഴികളും നീന്തിക്കയറിയ എസ്എഫ്ഐ, വിദ്യാഭ്യാസരംഗം ശുദ്ധീകരിക്കാൻ ഗവർണറുടെ ഓഫീസിലേക്കു കുതിക്കുന്പോൾ വിരോധാഭാസമായി തോന്നും. വിദ്യാഭ്യാസരംഗത്തെ വീണ്ടെടുക്കേണ്ടതു ഗവർണർമാരിൽനിന്നോ സംഘപരിവാറിൽനിന്നോ മാത്രമല്ല. ആൾക്കൂട്ട വിചാരണയ്ക്കു മടിക്കാത്ത, സഹപാഠികളെ മരണത്തിലേക്കു തള്ളിവിടുന്ന, അക്രമമാണു രാഷ്ട്രീയമെന്നു കരുതുന്ന വിദ്യാർഥികളിൽനിന്നും; രാഷ്ട്രനിർമിതിയെ ഇടുങ്ങിയ പാർട്ടിപ്രവർത്തനമായി ചുരുക്കിയ അധ്യാപകരിൽനിന്നും മേധാവികളിൽനിന്നും; പിൻവാതിൽനിയമനങ്ങൾക്കു കാത്തുനിൽക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹികളിൽനിന്നും; പൊതുമുതൽകൊണ്ട് ഇവരെയൊക്കെ തീറ്റിപ്പോറ്റുന്ന അധികാര രാഷ്ട്രീയത്തിൽനിന്നും കേരളത്തിലെ വിദ്യാഭ്യാസമേഖലയെ മോചിപ്പിച്ചേ തീരൂ.
09-07-2025
ഒരു വോട്ടിലെന്തിരിക്കുന്നു എന്ന് ജനാധിപത്യത്തിൽ ആരും ചോദിക്കില്ല. കാരണം, അതിലാണ് എല്ലാം. അതില്ലെങ്കിൽ തെരഞ്ഞെടുപ്പില്ല, തെരഞ്ഞെടുപ്പില്ലെങ്കിൽ ജനാധിപത്യവുമില്ല. അപ്പോൾ അടുത്ത ചോദ്യം വരും; തെരഞ്ഞെടുപ്പുണ്ടെങ്കിൽ ജനാധിപത്യമുണ്ടോ? നിർബന്ധമില്ല; തെരഞ്ഞെടുപ്പിലൂടെയും ഏകാധിപത്യവും സർവാധിപത്യവും ഫാസിസവുമൊക്കെ കടന്നുവന്ന ചരിത്രമുണ്ട്.
അതുകൊണ്ട് നാം എന്തു ചെയ്യണം? തെരഞ്ഞെടുപ്പുകൾ അങ്ങേയറ്റം സുതാര്യമാക്കിയാൽ മാത്രം പോരാ, സുതാര്യമാണെന്നു ജനങ്ങളെ ബോധിപ്പിക്കുകയും വേണം. അതുകൊണ്ടാണ് ബിഹാറിലെ വോട്ടർപട്ടിക പുതുക്കൽ രാജ്യം ചർച്ച ചെയ്യുന്നതും വിഷയം സുപ്രീംകോടതി പരിഗണിക്കുന്നതും.
തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഇറങ്ങിപ്പുറപ്പെട്ടതോടെയാണ് പ്രതിപക്ഷം സംശയമുന്നയിച്ചത്. ജൂൺ 24ന് തുടങ്ങിയ പരിഷ്കരണം ജൂലൈ 25നു പൂർത്തിയാക്കുമെന്നും, ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടികയും സെപ്റ്റംബർ 30ന് അന്തിമ വോട്ടർപട്ടികയും പ്രസിദ്ധീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച, 7.9 കോടി വോട്ടർമാരുള്ള പട്ടികയാണ് ഒരു മാസംകൊണ്ട് പുതുക്കാൻ ശ്രമിക്കുന്നത്. മുന്പ് സമഗ്ര പരിഷ്കരണം നടത്തിയ 2003ലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്ന 4.96 കോടി വോട്ടർമാർക്കു കുഴപ്പമില്ല. അവർ അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ മതി.
ബാക്കിയുള്ള 2.94 കോടി ആളുകൾ ജനനത്തീയതിയോ പൗരത്വമോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. അതിനുള്ള 11 രേഖകളിൽ ആധാറോ വോട്ടർ ഐഡിയോ റേഷൻ കാർഡോ ഇല്ല. 1987 ജൂലൈ ഒന്നിനു മുമ്പു ജനിച്ചവർ ജനനത്തീയതി, സ്ഥലം എന്നിവ വ്യക്തമാക്കുന്ന രേഖകളും, 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ ഇതിനു പുറമേ മാതാപിതാക്കളിൽ ഒരാളുടെ ജനനരേഖയും, 2004 ഡിസംബർ രണ്ടിനുശേഷം ജനിച്ചവർ മാതാപിതാക്കളിൽ രണ്ടുപേരുടെയും ജനനരേഖകളും കൈമാറണം.
പ്രധാന പ്രശ്നം, ബിഹാറിലെ ജനന രജിസ്ട്രേഷൻ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണ് എന്നതാണ്. മിക്കവരും ജനനം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ആദ്യം തങ്ങളുടെയും ചില കേസുകളിൽ മാതാപിതാക്കളുടെയും ജനനം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആദ്യം സ്വീകരിക്കേണ്ടിവരും.
ജൂലൈ 24നു മുന്പ് ഇതൊക്കെ ചെയ്യാനാവാത്ത രണ്ടുകോടി വോട്ടർമാരെങ്കിലും പട്ടികയിൽനിന്നു പുറത്താകുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ഇതു തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കും. മറ്റു സംസ്ഥാനങ്ങളിൽ പണിയെടുക്കുന്നവരും ആദിവാസികളും ദളിതരും ഉൾപ്പെടെ പലരും ചുരുങ്ങിയ സമയത്തിനുള്ളിൽ പേര് രജിസ്റ്റർ ചെയ്യാനിടയില്ല.
എതിർപ്പു ശക്തമാകുകയും പ്രതിപക്ഷം ഉൾപ്പെടെ കോടതിയെ സമീപിക്കുകയും ചെയ്തതോടെ കമ്മീഷൻ ഇളവുകളുമായി രംഗത്തെത്തി. ആവശ്യമായ രേഖകൾ കൈവശമില്ലാത്ത വോട്ടർമാർ തത്കാലം അപേക്ഷ പൂരിപ്പിച്ചു നൽകാനാണ് നിർദേശം. പക്ഷേ, എന്തുവന്നാലും പട്ടിക പരിഷ്കരിക്കുമെന്നുകൂടി പറയുന്പോൾ അവ്യക്തതയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏതാണ്ട് ഒരു വർഷമുണ്ടായിരുന്നിട്ടും അനങ്ങാതിരുന്ന തെരഞ്ഞെടുപ്പു കമ്മീഷനാണ് ഒരു മാസത്തെ തീവ്രയജ്ഞവുമായെത്തിയത്. വ്യാഴാഴ്ച സുപ്രീംകോടതി ഹർജികൾ പരിഗണിക്കും. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന പശ്ചിമബംഗാൾ, കേരളം, ആസാം, തമിഴ്നാട് എന്നിവിടങ്ങളിലും വോട്ടർപട്ടികാ പരിഷ്കരണം ഉണ്ടായേക്കും.
വോട്ടർപട്ടികയിൽ കേരളത്തിലുൾപ്പെടെ വ്യാജന്മാർ ഉണ്ട്. പക്ഷേ, അവരെ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ അർഹതയുള്ളവർ പുറത്തുപോകരുത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നത് പല തരത്തിലാണ്. കള്ളവോട്ടിലും ബൂത്തു പിടിത്തത്തിലും ഗുണ്ടായിസത്തിലും അത് ഒതുങ്ങുന്നില്ല.
വോട്ടർപട്ടികയിൽനിന്ന് അർഹരെ ഒഴിവാക്കുന്നതും അനർഹരെ തിരുകിക്കയറ്റുന്നതും, പാർട്ടികൾ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്നതും എങ്ങനെയും അധികാരത്തിലെത്താൻ നീക്കുപോക്കുകൾ നടത്തുന്നതും, കുതിരക്കച്ചവടങ്ങളും ഭീഷണിയുമൊക്കെ അതിലുണ്ട്.
ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒറ്റത്തവണയായി നടത്തുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുന്പിൽ മുൻ ചീഫ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, രഞ്ജൻ ഗൊഗോയ് എന്നിവർ അഭിപ്രായപ്പെട്ടത്, വ്യക്തമായ മാർഗരേഖയില്ലാതെ തെരഞ്ഞെടുപ്പു കമ്മീഷന് സന്പൂർണ അധികാരം നൽകരുതെന്നാണ്.
തെരഞ്ഞെടുപ്പു കമ്മീഷനെ നിശ്ചയിക്കുന്നതിൽ സുപ്രീംകോടതിയെ ഒഴിവാക്കി സർക്കാരിനു മാത്രം അംഗങ്ങളെ തീരുമാനിക്കാമെന്ന വിധത്തിൽ അഴിച്ചുപണിതു. വിദ്വേഷപ്രസംഗങ്ങളുടെ കാര്യത്തിൽ ഭരണകക്ഷി നേതാക്കളോടും പ്രതിപക്ഷ നേതാക്കളോടും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതും കണ്ടു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ ചിലതിനു കൃത്യമായ മറുപടി ഉണ്ടായിട്ടില്ലെന്നും ബിഹാറിൽ അത് ആവർത്തിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. സ്വതന്ത്രമായിരിക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷനും രാജ്യത്തെ അന്വേഷണ ഏജൻസികളെപ്പോലെ സംശയത്തിന്റെ നിഴലിലാകരുത്.
സുപ്രീംകോടതി വിഷയം കൈകാര്യം ചെയ്തുകൊള്ളും. “രാഷ്ട്രീയക്കാരൻ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുന്പോൾ രാഷ്ട്രതന്ത്രജ്ഞൻ അടുത്ത തലമുറയെക്കുറിച്ചു ചിന്തിക്കുന്നു” എന്നാണ് അമേരിക്കൻ മന്ത്രിയും എഴുത്തുകാരനുമായിരുന്ന ജെയിംസ് ഫ്രീമാൻ ക്ലാർക് നിരീക്ഷിക്കുന്നത്.
നമുക്ക് രാഷ്ട്രതന്ത്രജ്ഞരായ രാഷ്ട്രീയക്കാരെ ആവശ്യമുണ്ട്. കാരണം, ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഇടയ്ക്കൊക്കെ ആശങ്കപ്പെടേണ്ടിവരുന്നത് അത്ര നല്ല കാര്യമല്ലല്ലോ. ബിഹാറിനെക്കാൾ പ്രധാനമല്ലേ ഇന്ത്യ!
09-07-2025
മറ്റെല്ലാ വഴികളും അടഞ്ഞു; കേരളത്തിന്റെ ശാപമായി മാറിയ വന്യജീവി, തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുതരാത്ത ഒരു രാഷ്ട്രീയ പാർട്ടിയും സ്ഥാനാർഥിയും തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിക്കരുത്.
വിചിത്രവും മനുഷ്യവിരുദ്ധവുമായ കേന്ദ്രനിയമങ്ങൾക്കു മുകളിൽ അടയിരിക്കുന്ന കേന്ദ്രവും അതിനെ മറയാക്കി രക്ഷപ്പെടുന്ന സംസ്ഥാനവും അവർക്കു പകരം അധികാരത്തിലെത്താമെന്നു കരുതുന്ന പ്രതിപക്ഷവും ഉറപ്പുനൽകണം, ജീവഭയമില്ലാതെ ജീവിക്കാൻ ജനങ്ങളെ സമ്മതിക്കുമെന്ന്.
ഒരു പക്ഷിപ്പനിയോ പന്നിപ്പനിയോ വന്നാൽ സംശയത്തിന്റെ ആനുകൂല്യം പോലും കൊടുക്കാതെ ലക്ഷക്കണക്കിനു കോഴികളെയും താറാവുകളെയും പന്നികളെയും കൊന്നൊടുക്കുന്ന ഭരണ-നിയമ സംവിധാനങ്ങൾ, ദരിദ്രരെയും ആദിവാസികളെയും നിർധന കർഷകരെയും കൊന്നൊടുക്കുന്ന വന്യ-ക്ഷുദ്രജീവികളെയും തെരുവുനായ്ക്കളെയും തൊടുന്നില്ല. ഈ സിസ്റ്റത്തിനു പേ പിടിച്ചിരിക്കുകയാണ്; വോട്ടല്ലാതൊരു വാക്സിനുമില്ല.
ജനുവരി മുതൽ മേയ് വരെ അഞ്ചു മാസത്തിനിടെ 1,65,136 പേർക്കു തെരുവുനായ്ക്കളുടെ കടിയേറ്റെന്നും 17 പേർ പേവിഷബാധയേറ്റു മരിച്ചെന്നുമാണ് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലായ്ക്കു സർക്കാരിൽനിന്നു കിട്ടിയ കണക്ക്. ഒരു ദിവസം 1,100 പേർക്കാണു പട്ടികടിയേൽക്കുന്നത്. ആലോചിച്ചുനോക്കൂ, എന്തൊരു ഗതികേടിലാണ് കേരളം പെട്ടിരിക്കുന്നതെന്ന്! കടിയേറ്റവരിൽ ഏറെപ്പേരുടെയും പരിക്കുകളിലേക്കു നോക്കാൻപോലും ഭയമാകും; അത്ര ഗുരുതരമാണവ.
ജനുവരി മുതൽ മേയ് 15 വരെ നാലര മാസത്തിനിടെ വന്യജീവികൾ കൊന്നൊടുക്കിയത് 25 പേരെ. 92 പേർക്കു പരിക്കേറ്റു. ഇതിൽ 19 പേരെയും കൊന്നത് കാട്ടാനയാണ്. ഇതുകൂടാതെ, കഴിഞ്ഞ ഒന്നര മാസത്തിനിടെയും നിരവധിപേർ കൊല്ലപ്പെട്ടു. വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കി. കൃഷിയും വീടുകളും നശിപ്പിച്ചതു വേറെ.
അപകടത്തിൽ പെടുന്ന ഇരുചക്രവാഹന യാത്രികരുടെ എണ്ണമേറി. വനാതിർത്തികളിലെ കൃഷിയിടങ്ങളിലിറങ്ങാൻ കർഷകർക്കും തൊഴിലാളികൾക്കും ഭയമാണ്. കുട്ടികളെ തനിച്ചു സ്കൂളിൽ വിടാനാകുന്നില്ല. വന്യജീവി ആക്രമണം തടയാൻ കോടിക്കണക്കിനു രൂപ വനംവകുപ്പു പൊടിക്കുന്നുമുണ്ട്. നാട്ടുകാർക്ക് വന്യജീവികളേക്കാൾ ഭയമാണ് വനംവകുപ്പിനെ.
കാലഹരണപ്പെട്ട നിയമങ്ങൾക്കു മുകളിൽ കേന്ദ്രസർക്കാർ അടയിരിക്കുകയാണ്; രണം വിരിയിക്കാൻ. വായാടിത്തമല്ലാതെ പരിഹാരമൊന്നും സംസ്ഥാന സർക്കാരിനുമില്ല. വന്യജീവികളെയും തെരുവുനായ്ക്കളെയും നിയന്ത്രിക്കണമെന്ന് സർക്കാരിനോടോ, ഇടപെടണമെന്നു കോടതികളോടോ ഇപ്പോഴാരും ആവശ്യപ്പെടുന്നില്ല. ഒരു കാര്യവുമില്ല. മന്ത്രിസ്ഥാനമൊക്കെ പുനരധിവാസ സംവിധാനമായി അധഃപതിച്ചു. പല വകുപ്പുകളിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായി.
എബിസി (അനിമല് ബര്ത്ത് കണ്ട്രോള് ) പദ്ധതികൊണ്ടൊന്നും, അനിയന്ത്രിതമായി പെരുകിയ തെരുവുനായകളെ അടുത്തകാലത്തൊന്നും നിയന്ത്രിക്കാനാവില്ലെന്നും നശിപ്പിക്കണമെന്നുമാണ് ഇന്ത്യന് വെറ്ററിനറി അസോസിയേഷന് കേരള ഘടകം വ്യക്തമാക്കുന്നത്. എബിസി എന്ന തട്ടിപ്പു തുടങ്ങിയതു മുതലുള്ള കാൽ നൂറ്റാണ്ടിനിടെ രാജ്യത്ത് ആയിരക്കണക്കിനു സാധാരണക്കാരായ മനുഷ്യരെ തെരുവുനായ്ക്കൾ കാലപുരിക്കയച്ചു.
കണ്ടുനിൽക്കാനാവാത്തത്ര ഭയാനക മരണം! ഇതൊന്നും നമ്മൾ വോട്ട് കൊടുത്തവരുടെ മനസലിയിക്കില്ല. ആശുപത്രി സെല്ലുകളിൽ പേയിളകി പിടയുന്നവർ ഈ ഭരണാധികാരികളുടെയോ മൃഗസ്നേഹികളുടെയോ ആരുമല്ല. മരണമെത്തുന്പോൾ ഒരു തുള്ളി വെള്ളംപോലും കുടിക്കാൻ കഴിയാത്തവരുടെ ദാഹം കേന്ദ്രത്തിലെയും കേരളത്തിലെയും ക്രൂര ഭരണാധികാരികളുടെയോ അവരുടെ വീട്ടുകാരുടെയോ തൊണ്ടയിലല്ല.
എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും എംപിമാരെയും പേവിഷബാധയേറ്റവരുടെ സെല്ലുകളിലെത്തിച്ച് കാണിക്കണം, അവരൊരുക്കിയ കോൺസെൻട്രേഷൻ ക്യാന്പുകളിലെ അന്ത്യപിടച്ചിലുകൾ..! മരണവാതിൽ കടക്കാൻ വെപ്രാളപ്പെടുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും അവരെ നെഞ്ചിലിട്ടു വളർത്തിയ മാതാപിതാക്കളുടെ മിഴിനീരിലും പ്രതിഫലിക്കുന്ന നിസഹായാവസ്ഥ കാണട്ടെ; ഒരാളെങ്കിലും മാനസാന്തരപ്പെട്ടാൽ അത്രയുമായില്ലേ.
കാട്ടാനകൾ ചവിട്ടിമെതിച്ച മനുഷ്യരുടെ മാംസഭാണ്ഡങ്ങൾ സംസ്കരിക്കുന്നതിനുമുന്പ് പൊതിയഴിച്ചു കണ്ടിട്ടുണ്ടോ? പുലിയും കടുവയും തിന്ന മനുഷ്യബാക്കികൾ ജനപ്രതിനിധികളുടെയും വനംവകുപ്പു ജീവനക്കാരുടെയും മനുഷ്യവിരുദ്ധ മൃഗസ്നേഹികളുടെയും വീടുകളിലേക്കു കൊടുത്തുവിടണം.
എന്തിനാണ് ഈ സർക്കാർനിർമിത ഹിംസയുടെ ദൃശ്യങ്ങൾ മറച്ചുവയ്ക്കുന്നത്? ലോകമെങ്ങുമുള്ള യുദ്ധത്തിന്റെ ഭയാനക ദൃശ്യങ്ങൾ കാണിക്കുന്നവർ, ഒരു സർക്കാർ അതിന്റെ പൗരന്മാർക്കുമേൽ നിയമാനുസൃതം നടത്തുന്ന ഈ കൂട്ടക്കൊല എന്തിനു മൂടിവയ്ക്കണം? ഇവ പാർലമെന്റിലും നിയമസഭകളിലും പ്രദർശിപ്പിക്കണം. മനുഷ്യകബന്ധങ്ങൾക്കു മുന്നിൽ നിന്ന് മൃഗങ്ങൾക്കുവേണ്ടി വാദിക്കുന്നവരെ മയക്കുവെടി വച്ചു തളയ്ക്കണം.
കാവൽക്കാരില്ലാതെ രാജവാഹനങ്ങളിൽനിന്നു പുറത്തിറങ്ങേണ്ടതില്ലാത്ത, വന്യജീവികളെയും തെരുവുനായക്കളെയും പേടിക്കേണ്ടതില്ലാത്ത ഭരണാധികാരികൾക്കും ന്യായാധിപർക്കും, സ്വയരക്ഷയ്ക്കുള്ള തോക്കുമായി നടക്കുന്ന വനംവകുപ്പ് മേലാളന്മാർക്കും, പരിചാരകർ കുളിപ്പിച്ചു പൗഡറിട്ടുകൊടുത്ത പട്ടികളെ ലാളിച്ചും തെരുവുനായ്ക്കളുടെ ഇരകളെ നിന്ദിച്ചും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്നവർക്കും മാത്രമല്ല, സാധാരണക്കാരായ മനുഷ്യർക്കും ഇവിടെ ജീവിക്കണം.
തെരഞ്ഞെടുപ്പുകൾ വരുന്നുണ്ട്. വന്ധ്യംകരണം, നായപരിപാലന കേന്ദ്രങ്ങൾ, പഞ്ചായത്തുതല നിയന്ത്രണ സംവിധാനങ്ങൾ... പതിറ്റാണ്ടുകളായി ജനത്തെ ചതിച്ചവരുടെ പാഴ്വാക്കുകൾ വിശ്വസിക്കരുത്. അഹിംസയിലൂന്നിയ ജനകീയ കോടതികൾ, വോട്ട് ചോദിച്ചെത്തുന്നവരെ വിചാരണ ചെയ്യണം.
പരിഷ്കൃത രാജ്യങ്ങളെ മാതൃകയാക്കി പെറ്റുപെരുകിയ വന്യജീവികളെയും തെരുവുനായ്ക്കളെയും കൊന്നുതന്നെ നിയന്ത്രിക്കാൻ ആവശ്യപ്പെടണം. വനം-വന്യജീവി-തെരുവുനായ സംരക്ഷണ പ്രാകൃതനിയമങ്ങൾ പൊളിച്ചെഴുതണം.
പാർട്ടി നോക്കി വോട്ട് ചെയ്യുന്നവർ മാത്രമല്ല, ജനക്ഷേമം കാംക്ഷിക്കുന്ന പാർട്ടിയടിമകളല്ലാത്ത വോട്ടർമാരുമുണ്ടെന്നും അവർ നിർണായക ശക്തിയാണെന്നും കൊടിത്തണലുകളിൽ അധികാരം നുണയുന്നവരെ ബോധ്യപ്പെടുത്തണം. വരുന്നുണ്ട് തെരഞ്ഞെടുപ്പുകൾ; അവർക്കും നമുക്കും ഓർമകളുണ്ടായിരിക്കണം.
05-07-2025
ഒരുവശത്ത് കാർഷികമേഖലയെ വലിയ സംഭവമാക്കിയെന്ന് അവകാശപ്പെടുന്ന സർക്കാർ പരസ്യങ്ങൾ, മറുവശത്ത് കൃഷി നഷ്ടമായതുകൊണ്ട് ആത്മഹത്യ ചെയ്ത, വന്യജീവികൾ കൊന്നൊടുക്കിയ, സർക്കാർ സംഭരിച്ച വിളകളുടെ വില കിട്ടാൻ കാത്തിരിക്കുന്ന, വിലയ്ക്കു പകരം വായ്പയായി ലഭിച്ച പണം സർക്കാർ തിരിച്ചടയ്ക്കാത്തതിനാൽ മറ്റൊരു വായ്പയ്ക്കും അപേക്ഷിക്കാനാവാത്തവിധം ക്രെഡിറ്റ് സ്കോർ താഴ്ന്ന... കർഷകരുടെ വാർത്തകൾ! എന്തോ പന്തികേടു തോന്നുന്നില്ലേ? മൂന്നുമാസത്തിനിടെ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത് 767 കർഷകരാണെന്ന കണക്കുകൾ രാജ്യത്തിനുള്ള മുന്നറിയിപ്പാണ്.
അതവിടെയല്ലേ, കേരളം നന്പർ വൺ ആണെന്നു പറയരുത്. മക്കളുടെ ജോലിയിൽനിന്നുള്ളത് ഉൾപ്പെടെ മറ്റു വരുമാനങ്ങൾ ഉള്ളതുകൊണ്ടു മാത്രമാണ് കേരളത്തിലെ പാവപ്പെട്ട കർഷകരിലേറെയും ജീവിച്ചിരിക്കുന്നത്. നഷ്ടമായ കാർഷികവൃത്തിയെക്കുറിച്ചോ ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങളെക്കുറിച്ചോ കൃഷിവകുപ്പിനു വല്ല ബോധ്യവുമുണ്ടോ? ഇതിനൊക്കെപുറമേ, ഇന്ത്യയിലെ കൃഷി-ക്ഷീര മേഖലകൾ തീരുവയില്ലാതെ തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുന്ന ഇന്ത്യ-അമേരിക്ക കരാറും ആശങ്കയായി. അതേ, ഡൽഹിയിലും മുംബൈയിലും തിരുവനന്തപുരത്തുമൊക്കെയിരുന്ന് അവരെഴുതുകയാണ്, കൃഷിഭൂമിക്കൊരു ചരമഗീതം!
നഷ്ടം സഹിച്ച് ഉത്പാദനം നടത്തുന്നതു കർഷകർ മാത്രമാണ്. സർക്കാർ സ്ഥാപനങ്ങളോ പൊതുമേഖലാ സ്ഥാപനങ്ങളോ എത്ര നഷ്ടത്തിലായാലും അതിന്റെ പിന്നിലുള്ള പണിക്കാർക്ക് വരുമാനത്തിൽ നയാപൈസ കുറയില്ല. ജനസംഖ്യയുടെ പകുതിയോളം പേർക്ക് തൊഴിൽ നൽകുന്നത് കാർഷികമേഖലയാണ്. നൂറിലേറെ രാജ്യങ്ങളിലേക്കു നാം കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. കാർഷികമേഖല മാത്രമാണ് കഴിഞ്ഞ സാമ്പത്തികവർഷത്തെ ജിഡിപി (മൊത്തം ആഭ്യന്തര ഉത്പാദനം) വളർച്ചയിൽ മികവു കാട്ടിയത്. പറഞ്ഞുവരുന്പോൾ വലിയ സംഭവമാണ്. പക്ഷേ, കർഷകനു മെച്ചമില്ല.
ഇക്കൊല്ലം ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസത്തിനുള്ളിൽ മഹാരാഷ്ട്രയില് 767 കര്ഷകർ ആത്മഹത്യ ചെയ്തെന്നാണ് സർക്കാർ നിയമസഭയിൽ പറഞ്ഞത്. ഇതിൽ 376 കര്ഷകർക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ആ ‘നക്കാപ്പിച്ച’ പോലും 200 കര്ഷകര്ക്കില്ല. കൃഷി നഷ്ടമായതിന്റെ പേരിൽ ആത്മഹത്യ ചെയ്തവരിലേറെയും കുടുംബങ്ങളുടെ ഏക അന്നദാതാവായിരുന്നു. പക്ഷേ, കൃഷിയിടത്തിൽ തളിക്കാൻ വച്ചിരിക്കുന്ന കീടനാശിനിയോ കന്നുകാലികളുടെ കഴുത്തിൽനിന്നഴിച്ച കയറോ എടുത്ത് ജീവിതത്തിൽനിന്നിറങ്ങുന്ന കർഷകർ സർക്കാരുകളെ അലോസരപ്പെടുത്തുന്നില്ല. വിത്തുപോലെ മണ്ണിലടക്കപ്പെട്ട അവരുടെ ശരീരങ്ങൾ പൊട്ടിമുളച്ച് ഒരുനാളുമൊരു വിപ്ലവത്തിനിറങ്ങില്ലെന്നു സർക്കാരുകൾക്കറിയാം.
നഷ്ടപരിഹാരം കുറവാണെന്നും ഉള്ളതുപോലും സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥർ നിഷേധിക്കുകയുമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന്, മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാരിന്റെ മറുപടി കേൾക്കൂ: “പിഎം കിസാന് സമ്മാന് പദ്ധതിയിലൂടെ 6,000 രൂപയും മനഃക്ലേശം അനുഭവിക്കുന്ന കര്ഷകര്ക്ക് മനഃശാസ്ത്ര സഹായവും നല്കുന്നുണ്ട്.” ആരോടു പറയാൻ? കേരളത്തിൽ കൃഷികൊണ്ടു ജീവിക്കാമെന്ന വ്യാമോഹമില്ലാത്ത കർഷകർ മക്കളെ മറ്റു ജോലികൾക്കു വിടുകയാണ്. നാട്ടിൽനിന്നോ വിദേശത്തുനിന്നോ ഉള്ള അത്തരം വരുമാനമാണ് കർഷകഭവനങ്ങളുടെ അതിജീവനമാർഗം. കേരളത്തിന്റെ മലയോരമേഖലകളിലെല്ലാം കുടിയിറക്കം വ്യാപകമായി.
നിസാര വിലയ്ക്കാണെങ്കിലും കൃഷിയിടങ്ങൾ വിട്ടുകൊടുത്ത് വനംവകുപ്പിന്റെ ‘സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി’യിൽ ചേരുന്നവരുടെ എണ്ണം കൂടി. വന്യജീവിശല്യമാണു പ്രധാന കാരണം. വന്യജീവികളെ നിയന്ത്രിക്കാത്തതും വനാതിർത്തിയിലെ കർഷകരെ കള്ളക്കേസിൽ കുടുക്കുന്നതുമൊക്കെ കൃഷിഭൂമി തട്ടിയെടുക്കാനുള്ള ഗൂഢാലോചനയല്ലേയെന്ന് അന്വേഷിക്കണം. വനം വർധിപ്പിച്ചുണ്ടാക്കുന്ന കാർബൺ ക്രെഡിറ്റ് സന്പാദ്യം പുഴുങ്ങിത്തിന്നാനാകില്ലെന്ന് തിരിച്ചറിയുന്നവർ സർക്കാരിലില്ലാതെ പോയി. നിലവിൽ അരിയും പച്ചക്കറിയും പലചരക്കുമൊക്കെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന നാം പൂർണ പരാശ്രയത്വത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്.
മലയോരങ്ങളിലെ ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങളെക്കുറിച്ചു നമ്മുടെ കൃഷിവകുപ്പിനു വല്ല കണക്കുമുണ്ടോ? ഒരിക്കൽ കേരളത്തെ കൈപിടിച്ചുയർത്തിയ റബർതോട്ടങ്ങൾ തുറന്ന ദുരന്തമ്യൂസിയമായി കിടക്കുന്നു. റബർ കർഷകരും തൊഴിലാളികളും ഒടുവിലത്തെ റബറുകളാണ് വെട്ടിക്കൊണ്ടിരിക്കുന്നത്. പ്രകടനപത്രികയിലെ താങ്ങുവില ഒരു കറുത്ത ഫലിതമായി. നെൽക്കർഷകർ ഓരോ വിതയ്ക്കും കൊയ്ത്തിനും സമരത്തിലാണ്. സപ്ലൈകോ മുഖേന സംഭരിച്ച നെല്ലിന്റെ പണം മാസങ്ങൾ കഴിഞ്ഞാലും കിട്ടുമെന്നുറപ്പില്ല. നെല്ല് സംഭരിച്ചശേഷം നൽകുന്ന രസീതും പിആർഎസും കൊടുത്താൽ ബാങ്കുകളിൽനിന്നു വായ്പയായി പണം നൽകിയിരുന്ന സംവിധാനവും താറുമാറായി. ആ വായ്പത്തുകയും പലിശയും സർക്കാർ കൊടുക്കാത്തതിനാൽ ക്രെഡിറ്റ് സ്കോർ കുറഞ്ഞ കർഷകർക്കു പുതിയൊരു വായ്പയുമില്ല.
കാർഷികോത്പന്നങ്ങൾക്കു വല്ലപ്പോഴും ഭാഗ്യത്തിനു കിട്ടുന്ന ഉയർന്ന വിലയല്ല. ലാഭമുറപ്പാക്കുന്ന സ്ഥിരവിലയാണു വേണ്ടത്. കൃഷിനാശത്തിന് യഥാസമയം നഷ്ടപരിഹാരം കൊടുക്കണം. സംഭരണവില വായ്പയായി കൊടുക്കുന്ന ചതി അവസാനിപ്പിക്കണം. വനമല്ല, കൃഷിയിടമാണ് വർധിക്കേണ്ടതെന്ന ദീർഘവീഷണം കൃഷി-വനം വകുപ്പുകൾക്കില്ലെങ്കിൽ സർക്കാരിനെങ്കിലും ഉണ്ടാകണം. മറ്റെല്ലാ വഴികളും പരാജയപ്പെട്ട സ്ഥിതിക്കു പരിഷ്കൃത രാജ്യങ്ങളിലേതുപോലെ മനുഷ്യനു ഭീഷണിയാകുന്ന വന്യജീവികളെ കൊന്നൊടുക്കണം. ഭൂമിക്കു പച്ചക്കുടയൊരുക്കിയ കർഷകരെ പരിസ്ഥിതിവിരുദ്ധരാക്കരുത്.
ത്വരിതഗതിയിലായ കർഷക കുടിയിറക്കങ്ങളുടെ ഭവിഷ്യത്തുകൾ പഠനവിധേയമാക്കണം. മലയോര കർഷകർക്ക് ഏറ്റവും ദ്രോഹമായി മാറിയ വനംവകുപ്പെന്ന നാഥനില്ലാക്കളരിയിലെ ഉദ്യോഗസ്ഥർ താറുമാറാക്കിയ സിസ്റ്റത്തെ വീണ്ടെടുക്കണം. അല്ലെങ്കിൽ കൃഷിയിടങ്ങളെ വനങ്ങളും തരിശുനിലങ്ങളുമാക്കിയവർ നാളെ കേരളത്തിന്റെ കൃഷിഘാതകരായി വിചാരണ ചെയ്യപ്പെടും. നശിക്കുന്ന ഓരോ കൃഷിയിടത്തിലും ഒരു ആത്മഹത്യാക്കുറിപ്പുണ്ട്; ഭരണാധികാരികളുടെ പേരുവച്ചെഴുതിയ കുറ്റപത്രം!
04-07-2025
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്നു ഡോക്ടർ ചൂണ്ടിക്കാണിച്ചതും, പുറത്തുവരുന്ന മറ്റു സർക്കാർ ആശുപത്രികളിലെ പരിമിതികളുമൊക്കെ സർക്കാരിന്റെ വീഴ്ചയാണ്.
പക്ഷേ, അതു ചൂണ്ടിക്കാണിക്കുന്നവരോടുള്ള സർക്കാരിന്റെയും പാർട്ടിയുടെയും അസഹിഷ്ണുതയോടെയുള്ള പ്രതികരണങ്ങൾ ജനാധിപത്യത്തെക്കുറിച്ചുള്ള അവസരവാദങ്ങളെ തുറന്നുകാണിക്കുന്നു. കാരണം, യുപിയിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഇല്ലാതിരുന്നതിനാൽ കുട്ടികൾ മരിച്ചതിൽ യോഗി സർക്കാരിനെ വിമർശിച്ച ഡോ. കഫീൽഖാന്റെ സഹജീവിസ്നേഹത്തെ പിന്തുണച്ചവരെയൊന്നും ഇപ്പോൾ കാണാനില്ല.
അതേ സഹജീവി സ്നേഹം പ്രകടിപ്പിച്ച കേരളത്തിലെ ഒരു ഡോക്ടർ തന്റെ പ്രതികരണം പ്രഫഷണൽ ആത്മഹത്യയായിപ്പോയെന്നു വിലപിക്കുന്നു. സ്വന്തം സർക്കാരിലൊഴികെ മറ്റെല്ലായിടത്തും നടപ്പാക്കാനുള്ളതാണ് ജനാധിപത്യമെന്നത് അവസരവാദമാണ്. കേരളത്തിലെ ആരോഗ്യരംഗം ഇന്ത്യയിൽത്തന്നെ മികച്ചതാണെന്നതിൽ ആർക്കും സംശയമില്ല. പക്ഷേ, അത് അടുത്തയിടെ കൈവരിച്ച നേട്ടമല്ല.
ജനങ്ങളുടെയും മാധ്യമങ്ങളുടെയും, ഓരോ കാലത്തെയും പ്രതിപക്ഷത്തിന്റെയും ജാഗ്രതയ്ക്ക് അതിൽ പങ്കുണ്ട്. മാറിമാറി വന്ന സർക്കാരുകളുടെ വീഴ്ചകളെ ചൂണ്ടിക്കാണിച്ച ആ ജനാധിപത്യ പ്രതികരണബോധമാണ് കേരളത്തെ പലതിലും മുന്നിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വകുപ്പിൽ ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസൻ ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിവാദം തുടങ്ങിയത്.
അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത, രോഗികളോടു മാത്രം പ്രതിബദ്ധതയുള്ള ഡോക്ടർ ഹാരിസിനെ തള്ളിപ്പറയാൻ സർക്കാരിന് എളുപ്പമല്ലായിരുന്നു. അതുകൊണ്ട് ഒരടി പിന്നോട്ടു മാറി; ഉപകരണങ്ങൾ ആശുപത്രിയിലെത്തി. പക്ഷേ, തൊട്ടുപിന്നാലെ രണ്ടടി മുന്നോട്ടുവന്ന്, ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.
നേതാവിന്റെ താത്പര്യം അറിഞ്ഞു മാത്രം ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്ന പാർട്ടിക്കാരെല്ലാം പിന്നാലെ മൂന്നടി മുന്നോട്ടു വരുന്നതാണു കണ്ടത്. ഇനിയാരെങ്കിലും എത്ര ഗതികെട്ടാലും ജനപക്ഷത്തു നിൽക്കുമോ? കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെ ആശുപത്രിക്കെട്ടിടം തകർന്ന് സ്ത്രീ മരിച്ചത് സർക്കാർ എന്തെങ്കിലും ചെയ്തിട്ടാണോ എന്നല്ല, എന്തെങ്കിലും ചെയ്യാതിരുന്നിട്ടാണോ എന്നാണു ചോദിക്കേണ്ടത്.
എങ്കിൽ അതേയെന്ന് ഉത്തരം പറയേണ്ടിവരും. കാരണം, കെട്ടിടം നിലവിൽ ഉപയോഗിക്കാത്തത് ആയതിനാൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. അത് അവർക്ക് ഉദ്യോഗസ്ഥരിൽനിന്നു കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം. പക്ഷേ, അതന്വേഷിക്കണം. മരിച്ച സ്ത്രീയുടെ, ചികിത്സയിലുള്ള മകൾ പറഞ്ഞപ്പോഴാണ് തെരച്ചിൽ നടത്തിയതും കണ്ടെത്തിയതും. അപ്പോഴേക്കും രണ്ടര മണിക്കൂർ വൈകിയിരുന്നു.
ഒരു ജീവൻ പൊലിഞ്ഞു. തീർന്നില്ല, തകർന്നുവീഴാനിടയുള്ള ആ പഴഞ്ചൻ കെട്ടിടത്തിൽ പ്രവേശനം നിഷേധിച്ച് ഒരു ബോർഡുപോലും സ്ഥാപിച്ചിരുന്നില്ലെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞത്. അതുകൊണ്ട് രോഗികളും ഒപ്പമുള്ളവരുമൊക്കെ അവിടത്തെ ശുചിമുറിയുൾപ്പെടെ ഉപയോഗിച്ചിരുന്നു. അതെ, ഉദ്യോഗസ്ഥർ ചെയ്യേണ്ടതു ചെയ്യാതിരുന്നതിന്റെ ഫലമാണ് ഇന്നലത്തെ മരണം.
കെടുകാര്യസ്ഥതയുടെ ഈ സിസ്റ്റത്തെയാണ് തിരുവനന്തപുരത്തെ ഡോ. ഹാരിസും ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞദിവസത്തെ ദീപിക മുഖപ്രസംഗത്തിന്റെ തലക്കെട്ട് ആവർത്തിക്കുകയാണ്, സിസ്റ്റം ശരിയല്ലെങ്കിൽ ആരുടെ കുഴപ്പമാണ്?സർക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് അതിനെ വിമർശിക്കുന്നതു ശരിയാണോയെന്ന ചോദ്യവും ഗൗരവമുള്ളതാണ്.
ഒരു പാർട്ടിയുടെയോ സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഭാഗമായിരുന്നുകൊണ്ട് അതിനെ അനാവശ്യമായി പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നയാളെ പുറത്താക്കുന്നതുപോലെയല്ല, ജനാധിപത്യസർക്കാരിനെ വിമർശിക്കുന്നത്. സിസ്റ്റത്തിന്റെ മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ ജനങ്ങളുടെ കഷ്ടപ്പാട് സഹിക്കാനാവാതെയാണ് ഡോ. ഹാരിസ് പൊതുസമൂഹത്തിൽ തുറന്നുപറഞ്ഞത്. അദ്ദേഹം പറഞ്ഞതു ശരിയായിരുന്നെന്നു തെളിഞ്ഞു.
ഉപകരണങ്ങൾ ലഭ്യമാക്കിയതോടെ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. മറ്റെല്ലാ വഴികളും അടഞ്ഞിട്ടും ഒന്നും മിണ്ടാതെ സിസ്റ്റത്തിന്റെ ആനുകൂല്യങ്ങളും പറ്റി അലസനായിരുന്നെങ്കിൽ ഡോ. ഹാരിസ് സിസ്റ്റത്തിന്റെ നല്ലപിള്ളയാകുമായിരുന്നു. അത്തരമാളുകളും വിധേയരുമാണ് ഈ സിസ്റ്റത്തെ ഇവിടെയെത്തിച്ചത്. പക്ഷേ, അദ്ദേഹം ജനപക്ഷത്തു നിൽക്കാൻ ഒരു നിമിഷത്തേക്ക് സിസ്റ്റത്തെ മറന്നു.
ഇത് ജനാധിപത്യത്തിൽ കുറ്റമാണോയെന്ന ചർച്ച തുടരേണ്ടതുണ്ട്. 2018ൽ യുപി സർക്കാരിന്റെയും സിസ്റ്റത്തിന്റെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ, “സഹജീവികളോടുള്ള സ്നേഹമാണ് ഡോ. കഫീൽഖാനെപ്പോലുള്ളവർക്ക് എല്ലാറ്റിലും വലുത്”എന്നു പറഞ്ഞ മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണച്ചവരുമൊക്കെ ഡോ. ഹാരിസിനു നേർക്ക് ഒളിഞ്ഞും മറഞ്ഞും അന്പെയ്യുന്പോൾ കേരളം തലകുനിക്കുന്നതിലും ഒന്നാംനന്പറാകുകയാണ്.
ജനാധിപത്യത്തെ പാർട്ടിക്കൊടികളിൽ കെട്ടിയിടുന്നത് ഇത്തരം അവസരവാദങ്ങളാണ്. അത്തരം അവസരവാദ പ്രതിബദ്ധതയും വിധേയത്വവും ജനാധിപത്യത്തിന്റെ ഭാഗമേയല്ല. പറഞ്ഞുപറഞ്ഞ് ഡോ. ഹാരിസിന്റേതു വിശുദ്ധ പാപങ്ങളാണെന്നു സമർഥിക്കുന്നത് രാഷ്ട്രീയമായിരിക്കാം; ആടിനെ മറ്റു ജീവികളാക്കുന്നതുപോലെ. പക്ഷേ, അതിനു റാൻ മൂളലല്ല പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഉത്തരവാദിത്വം.
04-07-2025
ജനനം മുതൽ മരണം വരെ മനുഷ്യാവസ്ഥയോടു ചേർന്നുനിൽക്കുന്നതാണ് ഏകാന്തത. വിശപ്പെന്ന ഏറ്റവും പ്രാഥമികമായ ചോദന കഴിഞ്ഞാൽ മനുഷ്യരെ വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിക്കുന്ന വികാരം. അതിനെ മറികടക്കാനും അതിജീവിക്കാനും വരുതിയിലാക്കാനുമുള്ള പിടയലാണ് മനുഷ്യജന്മത്തിലെ തീരാവ്യഥയെന്നതും നാമറിയുന്ന സത്യം.
എല്ലാ ബന്ധങ്ങളും ഏകാന്തതയ്ക്കെതിരായ അവസാനമില്ലാത്ത പോരാട്ടമാണ്. ആത്മീയവും ഭൗതികവുമായ എത്രയെത്ര വഴികളിലൂടെയാണ് നാം ദിവസവും ഏകാന്തതയെന്ന നിശബ്ദനായ കൊലയാളിയെ നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നിട്ടും എത്രയോ പേർ സമൂഹത്തിന്റെയും വ്യക്തിബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ദൈവത്തിന്റെപോലും ആശ്ലേഷങ്ങളിൽനിന്ന് കുതറിമാറി നരകവഴികളിലും മരണത്തിന്റെ താഴ്വരയിലും അലയുന്നു.
ലോകാരോഗ്യ സംഘടനയുടെ സാമൂഹികബന്ധങ്ങൾക്കായുള്ള കമ്മീഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ബൃഹത്തായ റിപ്പോർട്ട് ഈ വസ്തുതയ്ക്ക് അടിവരയിടുന്നതാണ്. ‘ഏകാന്തതയിൽനിന്ന് സാമൂഹികബന്ധങ്ങളിലേക്ക്: ആരോഗ്യകരമായ സമൂഹങ്ങളിലേക്കുള്ള ഒരു പാത’എന്ന പേരിലുള്ള ഈ സുപ്രധാന റിപ്പോർട്ട്, സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ആഗോള ആരോഗ്യം, ക്ഷേമം, സമൂഹം എന്നിവയിലുണ്ടാക്കുന്ന വ്യാപകവും എന്നാൽ, പലപ്പോഴും ശ്രദ്ധിക്കപ്പെടാത്തതുമായ സ്വാധീനം എടുത്തുകാണിക്കുന്നതാണ്.
നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നതാണു പ്രശ്നത്തിന്റെ വ്യാപ്തി. ലോകമെന്പാടും നോക്കിയാൽ ആറിലൊരാൾ ഏകാന്തത അനുഭവിക്കുന്നുണ്ട്. എല്ലാ പ്രായക്കാരും ദേശക്കാരും ഇതിലുണ്ട്. എങ്കിലും, വരുമാനം കുറഞ്ഞ രാജ്യങ്ങളിലും കൗമാരക്കാരിലും യുവജനങ്ങളിലുമാണ് ഏറ്റവും സാധാരണമെന്ന് റിപ്പോർട്ട് പറയുന്നു. ഈ പ്രശ്നത്തിന്, പലപ്പോഴും തിരിച്ചറിയപ്പെടാത്ത, വലിയ സ്വാധീനമുണ്ട്.
പുതിയ കണക്കനുസരിച്ച്, ഓരോ വർഷവും ഒന്പതു ലക്ഷത്തോളം പേരുടെ മരണത്തിന് ഏകാന്തത കാരണമാകുന്നു. അതായത്, മണിക്കൂറിൽ ഏകദേശം നൂറുമരണം. ശാരീരികാരോഗ്യ പ്രശ്നങ്ങൾക്കും ഏകാന്തത കാരണമാകുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം എന്നിവ ഇതിൽപ്പെടുന്നു.
ഇവയ്ക്കു പുറമെയാണ് വിഷാദം, ഉത്കണ്ഠ, സ്വയംപീഡനം, ആത്മഹത്യ തുടങ്ങിയ മാനസികപ്രശ്നങ്ങൾ. വ്യക്തികൾക്കുണ്ടാകുന്ന അസ്വസ്ഥതകൾ സ്വാഭാവികമായും സമൂഹത്തിലേക്കും വ്യാപിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, സാന്പത്തികവളർച്ച എന്നിവയൊക്കെ പ്രതിസന്ധിയിലാകുന്നു. ഇതുവഴി തൊഴിലുടമകൾക്കും വ്യക്തികൾക്കുമുണ്ടാകുന്ന സാന്പത്തിക ചെലവുകളും ഗണ്യമാണ്.
മോശം ആരോഗ്യം, കുറഞ്ഞ വരുമാനം, വിദ്യാഭ്യാസം, ഏകാന്തവാസം, അപര്യാപ്തമായ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും പൊതുനയങ്ങളും, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ ഏകാന്തദുരിതങ്ങളെ പർവതസമാനമാക്കുന്നു. അമിതമായ സ്ക്രീൻ സമയവും നെഗറ്റീവ് ഓൺലൈൻ ഇടപെടലുകളും യുവജനങ്ങളുടെ മാനസികാരോഗ്യത്തിലും ക്ഷേമത്തിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അതിനെതിരേ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട് ഊന്നിപ്പറയുന്നുണ്ട്.
ഈ റിപ്പോർട്ട് പ്രശ്നം തിരിച്ചറിയുക മാത്രമല്ല, സാമൂഹികബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെ ആരോഗ്യകരമായ സമൂഹങ്ങളിലേക്കുള്ള ഒരു പാതയുടെ രൂപരേഖയും മുന്നോട്ടു വയ്ക്കുന്നു. വിവിധ തലങ്ങളിലുള്ള ഫലപ്രദമായ പരിഹാരങ്ങൾ നിർദേശിക്കുന്നുമുണ്ട്. നയം, ഗവേഷണം, ഇടപെടൽ, വിവരശേഖരണം, പങ്കാളിത്തം എന്നിങ്ങനെ അഞ്ച് തന്ത്രപരമായ മേഖലകളിൽ ആഗോള ഇടപെടലിനുള്ള വഴിയാണ് റിപ്പോർട്ടിലൂടെ തെളിയുന്നത്.
സാമൂഹികബന്ധങ്ങൾക്കായുള്ള കമ്മീഷൻ സാമൂഹികബന്ധത്തെ ഒരു ആഗോള പൊതുജനാരോഗ്യ മുൻഗണനയായി അംഗീകരിക്കാനും അതിന് വിഭവങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. അതോടൊപ്പം ശാരീരിക, മാനസികാരോഗ്യത്തിനു നൽകുന്ന അതേ പ്രാധാന്യത്തോടെ ഇതിനെയും പരിഗണിക്കണമെന്നു വാദിക്കുന്നു.
സാമൂഹികബന്ധം ഒരു ആഡംബരമല്ല, മറിച്ച് ആരോഗ്യപരമായ ഒരു അനിവാര്യതയാണ് എന്നതാണ് ഇതെല്ലാം ഊന്നിപ്പറയുന്നത്. സർക്കാരിനും സാമൂഹിക, രാഷ്ട്രീയ സംഘടനകൾക്കും ഇക്കാര്യത്തിൽ നിർണായക പങ്കു വഹിക്കാനുണ്ട്. ലോകാരോഗ്യ സംഘടനയും സർക്കാരും ചെയ്യേണ്ടതു ചെയ്തോട്ടെ. ഇക്കാര്യത്തിൽ നമ്മളോരോരുത്തർക്കും ചെയ്യാൻ ഏറെയുണ്ട്.
ഒരു നോട്ടം, ഒരു കാരുണ്യസ്പർശം, ഒരു ചേർത്തുനിർത്തൽ... ഇതൊക്കെയുണ്ടാക്കുന്ന പോസിറ്റീവ് എനർജി അപാരമാണ്. അതിനു വൈലോപ്പിള്ളി എഴുതിയതുപോലെ, കണ്ണടച്ചിരുട്ടാക്കി നടന്നുചെന്ന് അവനവന്റെ ഓട്ടുരുളിയിലെ വിഷുക്കണിയിലെ ഐശ്വര്യസമൃദ്ധി മാത്രം കണ്ടാൽ പോരാ. കണികാണാൻ പോകുംവഴി കണ്ണുതുറന്ന് പാതിതുറന്ന ജനലിലൂടെ അയൽക്കാരന്റെ വീട്ടിലെ ഇരുളും കാണണം. തന്നെപ്പോലെ തന്റെ അയൽക്കാരനെയും പരിഗണിക്കാൻ മനസുണ്ടാകണം.
പ്രപഞ്ചം മുഴുവന് ഏകാന്തതയുടെ ഒരു കാറ്റ് സദാ വീശുന്നതായി ജാപ്പനീസ് ഹൈക്കു കവി ബാഷോ കരുതിയിരുന്നു. “അനാഥശിശുവിനോടൊപ്പം ഉറങ്ങാന് കിടക്കുന്ന തണുത്ത കാറ്റ്” എന്നും അദ്ദേഹത്തെ വ്യാകുലപ്പെടുത്തിയിരുന്നു. ഇരുട്ടിൽ ഒരു പുതപ്പു വലിച്ചിട്ട് നിശബ്ദതയിൽ ചുരുണ്ടുകൂടി, നിങ്ങൾ ഇവിടെയില്ലെന്നു സ്വയം അഭിനയിക്കുന്നതാണ് ഏകാന്തത എന്നു പറയാറുണ്ട്.
അവിടെയാണ് നിശബ്ദതയുടെ വിലാപം തിരിച്ചറിയുന്ന നമ്മളുണ്ടാകേണ്ടത്; അപരന്റെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കുന്ന മനുഷ്യരുണ്ടാകേണ്ടത്. ഒരുമിച്ചായിരിക്കുമ്പോള് ഞങ്ങളെ ഒറ്റയാകാന് അനുവദിക്കരുതേയെന്നും ഒറ്റയ്ക്കായിരിക്കുമ്പോള് ഞങ്ങളെ ഒരുമിച്ചായിരിക്കാന് പഠിപ്പിക്കണമേയെന്നുമുള്ള പ്രാര്ഥനയാകട്ടെ നമ്മുടെ ജീവിതം.
02-07-2025
ഭരണകൂടത്തിന്റെ മതവിവേചന നീക്കങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്പോഴൊക്കെ, ശക്തമായൊരു മതേതര-ജനാധിപത്യ രാജ്യത്തല്ലേ ജീവിക്കുന്നതെന്നു കോടിക്കണക്കിന് ഇന്ത്യക്കാരെ ധൈര്യപ്പെടുത്തുന്നത് ഭരണഘടനയാണ്.
അത്തരമൊരു ധൈര്യത്തിന്റെ ആവശ്യം തങ്ങൾക്കില്ലെന്നോ അധികാരത്തിലും രാജ്യത്തിന്റെ ഉടമസ്ഥതയിലും മേൽക്കൈ ഉണ്ടെന്നോ കരുതുന്ന മറ്റൊരു കൂട്ടരാകട്ടെ, ഭരണഘടനയിൽ മാറ്റം വേണമെന്ന് ഇടയ്ക്കൊക്കെ വിളിച്ചുപറയുന്നു.
അവർക്ക് ഭരണഘടനയുടെ ആമുഖത്തിൽനിന്നു മതേതരത്വത്തെയും സോഷ്യലിസത്തെയും എടുത്തു കളയണം! പ്രധാന ഉന്നം മതേതരത്വമായിരിക്കാം. അതാണല്ലോ എല്ലാ പൗരന്മാരെയും മതഭേദമില്ലാതെ ഒന്നിച്ചു നിർത്തുന്നത്. മതേതരത്വം മാറ്റിയാൽ ഇന്ത്യ മതരാഷ്ട്രമാകുമെന്ന് അവർ കരുതുകയാവാം. അവർക്കു പരിമിതികളുണ്ട്. പക്ഷേ, ഭരണഘടനയിലെ മതേതര തടസം മാറ്റാൻ മുറവിളി കൂട്ടുന്നവരെ ഭരണകൂടം തടയുന്നില്ല!
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ബിജെപി രാജ്യസഭാ എംപി സുധാൻഷു ത്രിവേദി തുടങ്ങിയവരാണ് അടുത്തടുത്ത ദിവസങ്ങളിൽ ഭരണഘടനയിലെ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾക്കെതിരേ രംഗത്തെത്തിയത്.
ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തിൽ ‘മതേതരത്വവും’ ‘സോഷ്യലിസവും’ ഉൾപ്പെടുത്തിയിരുന്നില്ലെന്നും അടിയന്തരാവസ്ഥക്കാലത്ത് കൂട്ടിച്ചേർത്തതാണെന്നും അതു മാറ്റുന്നതിനെക്കുറിച്ചു ചർച്ച ചെയ്യണമെന്നുമാണ് ദത്താത്രേയ ഹൊസബാളെ പറഞ്ഞത്.
പിന്നാലെ എത്തിയത് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ്. ഈ രണ്ട് വാക്കുകളും ഇന്ത്യന് നാഗരികതയ്ക്ക് എതിരാണന്നും മതേതരത്വം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. അടിയന്തരാവസ്ഥക്കാലത്ത് ആ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഒരു ‘പുണ്ണ്’ ആയി ചേർത്തത് ‘സനാതന ചൈതന്യ’ത്തോടുള്ള അവഹേളനമാണെന്നായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ നിരീക്ഷണം.
തൊട്ടുപിന്നാലെ ഹിമന്ത് ബിശ്വ ശർമയെത്തി. രണ്ടു വാക്കുകളും ഭരണഘടനയിൽനിന്നു നീക്കം ചെയ്യാനുള്ള സുവർണാവസരമാണിതത്രേ. ഇന്ത്യൻ സംസ്കാരം മതേതരത്വത്തെ പിന്തുണയ്ക്കുന്നില്ലെന്നും മതേതരത്വത്തിന്റെ പേരിൽ രാജ്യത്ത് വിശ്വാസവും സംസ്കാരവും ഭീഷണി നേരിടുന്നുവെന്നും രണ്ടു ദിവസം മുന്പാണ് ബിജെപി ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സുധാൻഷു ത്രിവേദി പറഞ്ഞത്.
ഇവരുടെയൊക്കെ വർത്തമാനം കേട്ടാൽ തോന്നും, നമ്മെ ഒന്നിപ്പിക്കുന്ന മതേതരത്വവും തുല്യതയെ ലക്ഷ്യമാക്കുന്ന സോഷ്യലിസവും ഇത്ര വെറുക്കപ്പെടേണ്ട വാക്കുകളാണോയെന്ന്. ഭരണഘടനയുടെ ആമുഖത്തിലുള്ളതല്ല, ഇവരുടെയൊക്കെ ഉള്ളിലിരിപ്പാണ് മാറ്റേണ്ടത്.
മതേതരത്വം, സോഷ്യസിസം വാക്കുകളുടെ ഉന്മൂലനത്തിനിറങ്ങിയവരുടെ വാദങ്ങളെ സുപ്രീംകോടതി പലതവണ തള്ളിക്കളഞ്ഞതാണ്. അടിയന്തരാവസ്ഥയ്ക്കിടെ കാലാവധി നീട്ടിയ ഇന്ദിര സർക്കാർ 1976ൽ 42-ാം ഭേദഗതിയിലൂടെ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ കൂട്ടിച്ചേർത്തത് ജനഹിതമല്ലെന്ന ഹർജിയും കഴിഞ്ഞ നവംബറിൽ സുപ്രീംകോടതി തള്ളി.
അടിയന്തരാവസ്ഥയ്ക്കുശേഷം തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലോക്സഭ, കൂട്ടിച്ചേർക്കപ്പെട്ട വാക്കുകളെക്കുറിച്ച് 1978ൽ വിശദമായ ചർച്ചയും പരിശോധനയും നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിയുടെ മറ്റു കണ്ടെത്തലുകളുടെ ചുരുക്കം ഇതായിരുന്നു: “ഭരണഘടനയുടെ അടിസ്ഥാനസ്വഭാവത്തെ മാറ്റാത്ത ഭേദഗതികൾ വരുത്താനുള്ള സർക്കാരുകളുടെ അധികാരം ചോദ്യം ചെയ്യാനാകാത്തതാണ്.
സമത്വം എന്ന അവകാശത്തിന്റെ ഭാഗമാണു മതനിരപേക്ഷത. 1949 നവംബർ 26നു ഭരണഘടന അംഗീകരിച്ചപ്പോൾതന്നെ മതനിരപേക്ഷത വ്യക്തമാക്കിയിരുന്നു. അതുപോലെ സ്വകാര്യസംരംഭങ്ങളെ നിയന്ത്രിക്കുകയല്ല, സാമൂഹിക- സാമ്പത്തിക പുരോഗതിയാണ് സോഷ്യലിസത്തിന്റെ ലക്ഷ്യം. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തെ സഹായിച്ചുകൊണ്ട് സ്വകാര്യമേഖല ഇതിനോടകം വളർന്നിട്ടുമുണ്ട്.’’
ഭരണഘടനയുടെ ആമുഖത്തിനെതിരേ ആർഎസ്എസ് ജനറൽ സെക്രട്ടറി ഡൽഹിയിൽപറഞ്ഞപ്പോൾ തന്നെ മഹാരാഷ്ട്രയിലെ അമരാവതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് ഇങ്ങനെ പറഞ്ഞു: “പാർലമെന്റാണ് പരമോന്നതമെന്നാണ് പലരുടെയും പക്ഷം. എന്നാൽ, എന്റെ അഭിപ്രായത്തിൽ ഭരണഘടനയാണ്.
എക്സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷറി എന്നീ ജനാധിപത്യത്തിന്റെ മൂന്നു തൂണുകളും ഭരണഘടനയ്ക്കു കീഴിലാണ്. ഭേദഗതിവരുത്താന് പാര്ലമെന്റിന് അധികാരമുണ്ടെങ്കിലും ഭരണഘടനയുടെ അടിസ്ഥാനഘടനയില് മാറ്റംവരുത്താന് കഴിയില്ല.’’ ഇതൊക്കെ കേട്ടിട്ടും ഭരണഘടനയെക്കുറിച്ചോ മതേതരത്വത്തെക്കുറിച്ചോ സംശയിക്കുന്നവരുടേത് സംശയമല്ല, അജൻഡയാണ്. കോടതികൾക്ക് അതിലൊന്നും ചെയ്യാനില്ല.
തെറ്റിദ്ധരിക്കപ്പെട്ടവരുണ്ടെങ്കിൽ ചിന്തിക്കണം. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും “ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും... ’’എന്നു തുടങ്ങുന്ന ആമുഖം ഇക്കാലമത്രയും നമ്മെ ചേർത്തു നിർത്തിയതല്ലേ? പഹൽഗാമിൽ ഭ്രാന്തെടുത്ത പാക്കിസ്ഥാനെന്ന മതരാഷ്ട്രത്തെ നേരിട്ടപ്പോഴും നമ്മെ ചേർത്തുനിർത്തിയത് ഈ മതേതര ഭരണഘടനയല്ലേ? ആ വാക്കിനെയോ, അതിലൂടെ സ്ഥാപിതമായ നാനാത്വത്തിലെ ഏകത്വത്തെയോ... ഏതിനെയാണു ചിലർ മാറ്റാനാഗ്രഹിക്കുന്നത്? തിരിച്ചറിയണം.
01-07-2025
വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യത്തിനു ഗുണകരമെന്ന് ഉറപ്പുള്ള സൂംബ എന്ന വ്യായാമനൃത്തത്തിന്റെ ചുവടുകളിലും മതം ചവിട്ടിയിരിക്കുന്നു. അതിനു പല ന്യായങ്ങളും നിരത്തുന്നുണ്ടെങ്കിലും വേരുകൾ കിടക്കുന്നത് പൊതു ഇടങ്ങളിലെ സ്ത്രീ-പുരുഷ സാമീപ്യത്തിലും ആരോഗ്യകരമായ ഇടപഴകലിലുംപോലും സദാചാരവിരുദ്ധത തപ്പുന്ന മൗലികവാദത്തിലാണ്.
ആ വാദത്തിന്റെ തുടർച്ചക്കാരാണ് തങ്ങളെന്നു തെളിയിക്കുകയാണ് മതവിദ്യാർഥി സംഘടനകൾ. വിദ്യാലയങ്ങളിൽ എന്തു നടത്തണമെന്നു സർക്കാർ തീരുമാനിക്കുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് ധീരമാണ്. പക്ഷേ, എന്തു നടത്തരുതെന്നു ചില മതസംഘടനകൾ തീരുമാനിക്കുമോയെന്നറിയില്ല.
ഏതൊരു നൃത്തവും വ്യായാമമാണെങ്കിലും സൂംബയുടേത് കൂടുതൽ ലളിതവും ഊർജസ്വലവുമായ നൃത്തച്ചുവടുകളാണ്. ലോകമെങ്ങും 30 വർഷത്തിലേറെയായി ജനകീയാരോഗ്യത്തിന്റെ ഭാഗമായി സൂംബ മാറിക്കഴിഞ്ഞു. ക്യൂബന് സംഗീതമായ റൂംബയുമായി സാമ്യമുള്ളതുകൊണ്ടാണ് സൂംബ എന്ന പേരു വന്നത്. ലോകത്തെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലുമായി കോടിക്കണക്കിനാളുകൾ ഈ നൃത്തവ്യായാമം പിന്തുടരുന്നുണ്ട്. കേരളത്തിൽ ലഹരിവിരുദ്ധതയുടെ ഭാഗമായിട്ടാണ് വിദ്യാഭ്യാസവകുപ്പ് ഇതു നടപ്പാക്കാനിറങ്ങിയത്.
ചില മുസ്ലിം സംഘടനകൾ എതിർപ്പുയർത്തി. വിദ്യാലയങ്ങളിൽ സൂംബ ഡാൻസ് നടത്തുന്നതിൽ മതവിരുദ്ധതയോ ന്യൂനപക്ഷ വിരുദ്ധതയോ ഗവേഷണം നടത്തിയാൽ പോലും കണ്ടെത്താനാകില്ലെങ്കിലും അവരിതിൽ അൽപ്പവസ്ത്രവും സദാചാരവുമൊക്കെ കൂട്ടിക്കലർത്തി. ആഭാസങ്ങൾക്കു നിര്ബന്ധിക്കരുതെന്നും മേനിയഴക് പ്രകടിപ്പിക്കാനും ഇടകലര്ന്ന് ആടിപ്പാടാനും ധാര്മികബോധം അനുവദിക്കാത്ത വിദ്യാര്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണിത് എന്നുമാണ് ഒരു ‘പണ്ഡിതൻ’ പറഞ്ഞത്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിടപഴകുന്നത് ആഭാസമാണെന്നു കരുതുന്ന അദ്ദേഹത്തിന്റെ ചെറിയ മനസ്, നൃത്തം ചെയ്യുന്ന മറ്റെല്ലാവരെയും അപമാനിക്കുകയാണ്.
സൂംബ വിദ്യാലയങ്ങളിൽ കൊണ്ടുവരുന്നതു ഗൂഢാലോചനയാണെന്നും ഇക്കാര്യത്തിൽ ഒരു പഠനവും നടത്തിയിട്ടില്ലെന്നും സ്കൂളുകളിൽ കായികാധ്യാപകരുടെ ഒഴിവുകൾ നികത്തുകയാണ് കായികരംഗത്തെ മെച്ചപ്പെടുത്താൻ വേണ്ടതെന്നുമൊക്കെ മുസ്ലിം വിദ്യാർഥി സംഘടന എംഎസ്എഫിന്റെ പ്രസിഡന്റ് പറഞ്ഞു. ഗൂഢാലോചന എന്താണെന്ന് അദ്ദേഹത്തിനേ അറിയൂ. മൂന്നു പതിറ്റാണ്ടിലേറെയായി കോടിക്കണക്കിനു മനുഷ്യർ ആരോഗ്യത്തിനുവേണ്ടി ചെയ്യുന്ന ഈ നൃത്തം കേരളത്തിലെ കുറച്ചു കുട്ടികൾക്കു പ്രത്യേകിച്ചു വല്ല ദോഷവുമുണ്ടാക്കുന്നുണ്ടോയെന്ന് പഠനം നടത്തണമെന്നാണെങ്കിൽ, ആരോഗ്യരംഗത്ത് ഉൾപ്പെടെ ലോകം അംഗീകരിച്ചതും കേരളം നടപ്പാക്കിയിട്ടുള്ളതുമായ പലതിനെക്കുറിച്ചും ‘നാട്ടു പണ്ഡിതർ’ പഠനം നടത്തേണ്ടിവരും.
പ്രതിരോധ വാക്സിൻ വിരുദ്ധതയും ആധുനിക വൈദ്യശാസ്ത്രത്തെ നിരാകരിക്കുന്ന വീട്ടിലെ പ്രസവങ്ങളും സ്വയം ചികിത്സയുമൊക്കെ മനുഷ്യർക്കു ദോഷമേ വരുത്തിയിട്ടുള്ളൂ എന്നും മറക്കരുത്. കായികാധ്യാപകരുടെ ഒഴിവ് നികത്തിയിട്ടില്ലെന്ന് ഈയവസരത്തിൽ പറഞ്ഞത്, ഒഴിവുകൾ നികത്തിയാൽ സൂംബ ഡാൻസ് നടത്താമെന്ന അർഥത്തിലല്ലല്ലോ. ഈ ന്യായീകരണങ്ങളെല്ലാം ഇടുങ്ങിയ മതതാത്പര്യങ്ങളെ മറയ്ക്കാനുള്ള മുഖാവരണങ്ങളാണ്.
ഹൃദയാരോഗ്യത്തിനുൾപ്പെടെ ഗുണകരമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ സമ്മതിച്ചിട്ടുള്ള സൂംബ ഡാൻസിൽ ഒരു മണിക്കൂറിൽ 500 കലോറി ഊർജമെങ്കിലും കത്തിച്ചുകളയുന്നെന്നാണ് റിപ്പോർട്ടുകൾ. സൂംബ ഡാൻസ് കളിക്കുന്നതുകൊണ്ടുമാത്രം കേരളം ലഹരിമുക്തമാകുമെന്ന് ആരും പറഞ്ഞിട്ടില്ല. പക്ഷേ, ശാരീരിക-മാനസിക ആരോഗ്യമുള്ളവർ ലഹരിപോലുള്ള ഉന്മാദങ്ങളിലേക്കു പോകാനുള്ള സാധ്യത കുറവാണെന്നതും വിദ്യാർഥികളെ അവർക്കിഷ്ടപ്പെട്ട ഉല്ലാസത്തിന്റെ വഴികളിലൂടെ പലതും പഠിപ്പിക്കാനാകുമെന്നതുമാണ് ഇതിന്റെയൊക്കെ സാധ്യത. അതുപോലെ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചുകണ്ടാൽ സദാചാരമിളകുന്നത് അത്ര നല്ല കാര്യമല്ല. അതു നല്ലതാണെങ്കിൽ ഏറ്റവും നല്ല രാജ്യങ്ങളായി പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പോലുള്ള രാജ്യങ്ങളെ അംഗീകരിക്കേണ്ടിവരും.
സൂംബ നൃത്തത്തോടു വിരുദ്ധാഭിപ്രായമുള്ളവരെ ആരും മതമൗലികവാദികളാക്കിയിട്ടില്ല. പിന്തിരിപ്പൻ വാദങ്ങളുമായെത്തി അത് അവർ അവകാശപ്പെട്ടതാണ്. വ്യത്യസ്ത അഭിപ്രായമുള്ളവരുമായി ചർച്ച നടത്തുന്നതിൽ തെറ്റില്ല. പക്ഷേ, വിദ്യാഭ്യാസ വകുപ്പ് മതനേതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നതിനുപകരം, അവർ വിദ്യാഭ്യാസവകുപ്പിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി എന്നു വരരുത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആരോഗ്യപരമായ ഇടപെടലുകളെ ആഭാസമായി കാണാത്ത മഹാഭൂരിപക്ഷം വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും താത്പര്യങ്ങൾക്കും വിലയുണ്ടെന്നുകൂടി സർക്കാർ അറിഞ്ഞിരിക്കണം.
30-06-2025
സർക്കാർ ആശുപത്രികളെ ആരും ഒന്നടങ്കം ആക്ഷേപിക്കുന്നില്ല. അവിടെ മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ഏറെനാളായി മാധ്യമങ്ങളും പ്രതിപക്ഷവും പറഞ്ഞുമടുത്തത് ഒരു പ്രമുഖ ഡോക്ടർകൂടി വിളിച്ചുപറഞ്ഞു എന്നേയുള്ളൂ.
അതും കൈക്കൂലിയോ ലാബുകളിൽനിന്നോ സ്കാനിംഗ് സെന്ററുകളിൽനിന്നോ കമ്മീഷനോ മരുന്നുകന്പനികളിൽനിന്നു പാരിതോഷികങ്ങളോ വാങ്ങാത്ത ഒരു ഡോക്ടർ! അദ്ദേഹം സത്യസന്ധനാണെന്നും പ്രശ്നം സിസ്റ്റത്തിന്റേതാണെന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. ഒന്പതുകൊല്ലമായി ഈ സിസ്റ്റത്തിനു മുകളിൽ ആരാണ് ഇരിക്കുന്നത്?
തിരുവനന്തപുരം മെഡിക്കല് കോളജിലെ യൂറോളജി വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസനാണ് സർക്കാർ ആശുപത്രികളുടെ ദയനീയാവസ്ഥയിൽ സഹികെട്ട് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. “വെള്ളിയാഴ്ച യൂറോളജി വിഭാഗത്തിലെ നാല് ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനാൽ മുടങ്ങിയത്.
രോഗികളെക്കൊണ്ട് പുറത്തുനിന്ന് ഉപകരണങ്ങൾ വാങ്ങിപ്പിക്കുകയാണ്. ശസ്ത്രക്രിയകൾ അനന്തമായി നീളുന്നു. മറുവശത്ത്, പരിഹരിക്കാൻ താത്പര്യമില്ലാത്ത ഉദ്യോഗസ്ഥർ, നിയമങ്ങളുടെ നൂലാമാലകൾ എന്നിവ. ഓഫീസുകൾ കയറിയിറങ്ങി ചെരിപ്പു തേഞ്ഞു. രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങൾ വിശദീകരിച്ചും മടുത്തു. ഒരു പരിഹാരവുമില്ലാതെ വന്നതോടെയാണ് പൊതുജനങ്ങളോടു തുറന്നുപറഞ്ഞത്.
ഇന്നുവരെ കൈക്കൂലിയോ കമ്മീഷനോ വാങ്ങിയിട്ടില്ല. അതിലൊരു വിഷമവുമില്ല. ജോലി രാജിവച്ചു പോയാലോ എന്നാണ് ആലോചിക്കുന്നത്.” ഇതായിരുന്നു കുറിപ്പുകളുടെ ചുരുക്കം. എല്ലാ വിഭാഗത്തിലും പ്രശ്നങ്ങളുണ്ടെന്നും പല വകുപ്പ് മേധാവിമാരും അത് തുറന്നു പറയാത്തത് ഭയംകൊണ്ടാണെന്നും പിന്നീട് അദ്ദേഹം പറഞ്ഞു. തനിക്കും ആദ്യഘട്ടത്തില് ഭയമുണ്ടായിരുന്നുവെങ്കിലും രോഗികളോടുള്ള കടപ്പാടും കടമയും ഓർത്തപ്പോള് ആ ഭയത്തിന് അർഥമില്ലെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഉപകരണത്തിന് കേടുപാട് സംഭവിച്ചതിനാൽ ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിവച്ചതെന്നും ഹാരിസിന്റേതു വൈകാരിക പ്രതികരണമാണെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നുമാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ (ഡിഎംഇ) പറഞ്ഞത്. ഈ വൈകാരികപ്രകടനം, വർഷങ്ങളായി രോഗികളും ബന്ധുക്കളും പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ ആവർത്തിച്ചു നടത്തിക്കൊണ്ടിരിക്കുകയാണ്. ആർക്കെതിരേയൊക്കെ നടപടിയെടുക്കും?
ആരോഗ്യമന്ത്രിയാകട്ടെ എല്ലാം സിസ്റ്റത്തിന്റെ കുഴപ്പമാണെന്നാണ് പറയുന്നത്. “സർക്കാർ ആശുപത്രികളെ ഒന്നടങ്കം ആക്ഷേപിക്കരുത്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കൂടി. 1600 കോടിയാണ് സർക്കാർ സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നത്.” ആരോഗ്യരംഗം മാത്രമല്ല, പരിഹരിക്കാനായിട്ടില്ലാത്ത തെരുവുനായ ആക്രമണം, പേവിഷബാധ, വന്യജീവി ആക്രമണങ്ങളിൽ ആവർത്തിക്കുന്ന മരണങ്ങൾ, വനംവകുപ്പിന്റെ അതിക്രമങ്ങൾ എല്ലാം സിസ്റ്റത്തിന്റെ പരാജയമാണ്.
ആ സിസ്റ്റം മികച്ചതാക്കി ജനക്ഷേമം നടപ്പാക്കാനുള്ള ഉത്തരവാദിത്വമേറ്റവർ പതിറ്റാണ്ടോളം ഭരിച്ചിട്ടു പറയുകയാണ് സിസ്റ്റം ശരിയല്ലെന്ന്. ആ സിസ്റ്റത്തിലെ ഒരാളായ ഡിഎംഇയാകട്ടെ കാര്യങ്ങൾ തുറന്നുപറഞ്ഞ ഡോ. ഹാരിസിന്റേതാണ് പ്രശ്നമെന്നു പറയുന്നു.
പക്ഷേ, സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിയും പരാജയപ്പെട്ട സിസ്റ്റവും അതു തിരുത്താനാകാത്ത ഭരണവുമാണ് ആരോഗ്യവകുപ്പിന്റെ രോഗകാരണമെന്നു ജനങ്ങളും കരുതുന്നു. അല്ലെങ്കിൽ യഥാർഥ കാരണം സർക്കാർ വെളിപ്പെടുത്തണം. ഉപകരണക്ഷാമം ഒരു വർഷം മുന്പേ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നെന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണ്.
മരുന്നുക്ഷാമം ഉൾപ്പെടെ ആരോഗ്യരംഗത്തെ പരാധീനതകളെക്കുറിച്ച് മുന്നറിയിപ്പുതന്ന രോഗികളെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും തള്ളിയതുപോലെയല്ല, ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലുകളെ കൊള്ളണം. കാരണം, അദ്ദേഹം അകത്തുള്ളയാളാണ്. അഴിമതിയില്ലാത്ത, മനുഷ്യസ്നേഹമുള്ള, കഠിനാധ്വാനിയായ ഡോക്ടറാണ് അദ്ദേഹം. ആവശ്യത്തിനു മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊക്കെ ഉണ്ടായാൽ കേരളത്തിന്റെ ആരോഗ്യരംഗത്തെ കിടക്കയിൽനിന്ന് എഴുന്നേൽപ്പിക്കാവുന്നതേയുള്ളൂ.
29-06-2025
ഭാരതാംബയെന്ന ദേശീയ സങ്കൽപ്പത്തെ മാനിക്കുന്നവർക്കും അസ്വസ്ഥതയുളവാക്കുന്നതാണ് ആ ചിത്രത്തെ വന്ദിക്കുയെന്ന നിർബന്ധബുദ്ധി. ദേശീയപതാകയെ വന്ദിക്കുകയും ദേശീയഗാനം ആദരവോടെ ആലപിക്കുകയും ചെയ്യുന്ന ജനതയോട് ഇതുകൂടി ചെയ്തില്ലെങ്കിൽ ദേശഭക്തിയാകില്ലെന്നു പറയരുത്. ദേശീയബോധത്തിനോ ഭക്തിക്കോ കൂടുതൽ പ്രകടനങ്ങൾ ആവശ്യമുള്ളവർക്ക് അതാകാം; എല്ലാവരെയും നിർബന്ധിക്കരുത്. മറക്കാനോ നമ്മളാ സാമ്രാജ്യത്വത്തെ കടപുഴക്കിയ പലവർണ, ഭാഷാ, മത, സംസ്കാര കൊടികളേന്തിയൊരൊറ്റ കുത്തൊഴുക്കായ കാലം! മാറ്റിവയ്ക്കുക നിങ്ങളീ ഭരണഘടനാ നിന്ദയാം ദേശഭക്തിമാപിനികൾ.
ജൂൺ അഞ്ചിന് പരിസ്ഥിതിദിനത്തിൽ തുടങ്ങിയ വിവാദമാണ് തെരുവിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നത്. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷത്തിനു ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ദീപം തെളിക്കുകയും വേണമെന്നു രാജ്ഭവനിൽനിന്നു നിർദേശമുണ്ടായതോടെ കൃഷിവകുപ്പ് പരിപാടി സെക്രട്ടേറിയറ്റിലേക്കു മാറ്റുകയായിരുന്നു. ഗവർണറുടെ ഓഫീസ് അയച്ചുതന്ന ചിത്രം ആർഎസ്എസ് ഉപയോഗിക്കുന്ന ചിത്രമായതിനാൽ പൊരുത്തപ്പെടാൻ സർക്കാരിനു കഴിയില്ലെന്നാണ് കൃഷിമന്ത്രി പി. പ്രസാദ് പ്രതികരിച്ചത്. തുടർന്ന് ഗവർണർ പരിപാടി സ്വന്തം നിലയ്ക്കു നടത്തി.
ദിവസങ്ങൾക്കുശേഷം, എൻസിസി അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലെത്തിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും ഭാരതാംബയുടെ ചിത്രമുള്ളതിനാൽ പരിപാടിയിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെ തർക്കം രൂക്ഷമായി. സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കരുതെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടി ഇനി തുടരരുതെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വി. അർലേക്കർക്കു കത്ത് നൽകിയിരിക്കുകയാണ്. കത്ത് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു മതേതര-ജനാധിപത്യ സർക്കാർ മറ്റെന്തു ചെയ്യും?
അതേസമയം, പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും ഭരണത്തലവനെ അവഹേളിച്ചെന്നും, കോടിക്കണക്കിനു ജനങ്ങളുടെ പ്രതീക്ഷയായ ഭാരതാംബ രാജ്യത്തിന്റെ പ്രതീകമാണെന്നും ഭാരതാംബയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ഗവർണർ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ മന്ത്രി വി. ശിവൻകുട്ടി വൈകി എത്തിയതും ഗവർണർ മടങ്ങുന്നതിനു മുൻപു പോയതും പ്രോട്ടോകോൾ ലംഘനമാണെന്നും അദ്ദേഹം കത്തിലെഴുതി.
യഥാർഥത്തിൽ ഈ വിഷയം സർക്കാരും ഗവർണറുമായുള്ള തർക്കത്തിനപ്പുറം, മതേതര-ജനാധിപത്യ ഭരണഘടനയും ഗവർണർ ഉൾപ്പെടുന്ന രാഷ്ട്രീയവും തമ്മിലുള്ളതായി മാറുകയാണ്. സ്വാതന്ത്ര്യസമരകാലത്ത് ജനകോടികളെ ഒന്നിപ്പിച്ചത് വൈകാരിക ഘടകമായിരുന്നെങ്കിലും എപ്പോഴും കൊണ്ടുനടക്കേണ്ട ഒരു ചര്യയായി സ്വാതന്ത്ര്യാനന്തര തലമുറ അതിനെ കണക്കാക്കുന്നില്ല.
കാവിനിറം ആർഎസ്എസിന്റെ നിറമല്ലെന്നു ഗവർണർ പറഞ്ഞതു ശരിയാണ്. കാവിയെന്നല്ല ഒരു നിറവും ആരുടെയും സ്വന്തമല്ല. പക്ഷേ, പല നിറങ്ങളും ചിലരൊക്കെ ഉപയോഗിക്കാൻ തുടങ്ങിയതോടെ ചില പ്രതീകങ്ങളോ മുന്നറിയിപ്പുകളോ ആയി മാറിയിട്ടുണ്ട്. പല രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങൾ ഹിംസയുടെ അടയാളമായി അതിനെ തിരിച്ചറിയുന്നുമുണ്ട്. കാവിക്കൊടിയും തീവ്രദേശീയ മുദ്രാവാക്യങ്ങളുമായി ആക്രമിക്കാനെത്തുന്നവരെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളും തിരിച്ചറിഞ്ഞിട്ട് കുറെയായി. ഇക്കഴിഞ്ഞ 22നു രാത്രി മധ്യപ്രദേശിലെ ബർബാൻപുർ ജില്ലയിലെ നെപ ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് നാല് ക്രൈസ്തവരെ വിവസ്ത്രരാക്കി മർദിക്കുകയും തെരുവിലൂടെ നടത്തുകയും ക്ഷേത്രത്തിലെത്തിച്ചു വന്ദിപ്പിക്കുകയും ചെയ്ത നൂറ്റിയൻപതോളം പേരിൽ ചിലരുടെ കൈയിലുമുണ്ടായിരുന്നു കാവിനിറമുള്ള തുണികൾ.
വർഗീയതയോടു സന്ധി ചെയ്യുന്ന സർക്കാരും മതപരിവർത്തന നിരോധനമെന്നൊരു നിയമവും വർഗീയവത്കരിക്കപ്പെട്ടു ആൾക്കൂട്ടവുമുണ്ടെങ്കിൽ എന്തുമാകാമെന്ന സ്ഥിതിയാണ്. ഭരണഘടനയുടെ ആമുഖത്തിൽനിന്ന് മതേതരത്വവും സോഷ്യലിസവും നീക്കണമെന്ന സംഘപരിവാറിന്റെ ആവശ്യം കഴിഞ്ഞദിവസം ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളേ ആവർത്തിച്ചതും കൂട്ടിവായിക്കാം. ഇതിന്റെയൊക്കെ ഭാഗമായ രാഷ്ട്രീയം, കാവിക്കൊടിയേന്തിയ ഭാരതാംബയെ കൊണ്ടുവരുന്പോൾ സ്വാതന്ത്ര്യസമരകാലത്തെന്നപോലെ ആവേശം കൊള്ളാൻ എല്ലാവർക്കുമായെന്നു വരില്ല. ഗവർണറുടെ വിചിന്തനത്തിൽ ഈ നഗ്നസത്യങ്ങളും ഉണ്ടായിരിക്കട്ടെ.
മന്ത്രി വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘിച്ചെങ്കിൽ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. പക്ഷേ, സർക്കാരുകൾ ഭരണഘടനയുടെ വഴിക്കുതന്നെ പോകണം. ഒരിക്കൽ നമ്മെ ഒന്നിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ദേശീയബിംബങ്ങളെ രാഷ്ട്രീയ, മത ധ്രുവീകരണത്തിനുപയോഗിക്കാൻ അനുവദിക്കരുത്. കാവിക്കൊടിയേന്തിയ ഭാരതാംബയല്ല, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഉൾപ്പെടെ നാമെല്ലാം കൈകോർത്തു നിൽക്കുന്ന ഇന്ത്യയാണ് യഥാർഥ ദേശീയത.
27-06-2025
തീവ്രവാദികൾ ഹിറ്റ് ലിസ്റ്റുകൾ തയാറാക്കിയെന്ന റിപ്പോർട്ടുകൾക്കിടെ, അലോസരപ്പെടുത്തുന്ന മറ്റൊരു വാർത്ത. കോളജുകളിലെ ക്രൈസ്തവ പുരോഹിതന്മാരെക്കുറിച്ചും കന്യാസ്ത്രീകളെക്കുറിച്ചും വിവരം ശേഖരിക്കണമെന്നു കൊളീജിയറ്റ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നിർദേശം നൽകിയിരിക്കുന്നു.
ഇങ്ങനെ മതാടിസ്ഥാനത്തിലുള്ള വിവരശേഖരണം പതിവുള്ളതല്ല. ഒരു സ്വകാര്യ വ്യക്തിയുടെ വിവരാവകാശ നോട്ടീസാണു പിന്നിൽ. 10,000 കോടിയിൽപരം രൂപ ക്രൈസ്തവ അധ്യാപകർ നികുതിയടയ്ക്കാതെ സർക്കാരിനു നഷ്ടപ്പെടുത്തിയെന്നാരോപിച്ച് മുന്പ് പൊതുവിദ്യാഭ്യാസ വകുപ്പിനെക്കൊണ്ടു വിവരശേഖരണത്തിന് ഉത്തരവ് ഇറക്കിച്ച അതേ വ്യക്തിയാണ് ഇപ്പോൾ ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും വിഡ്ഢികളാക്കിയിരിക്കുന്നത്.
ഇതു വിവരാവകാശമാണോ മതഭ്രാന്താണോ? തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽനിന്നാണ് ഈ മാസം ആറിനു സർക്കുലർ അയച്ചിരിക്കുന്നത്. കോഴിക്കോട് കാരന്തൂർ സ്വദേശി കെ. അബ്ദുൾ കലാം എന്ന വ്യക്തി നല്കിയ വിവരാവകാശ ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് വിവരശേഖരണം.
ഈ കാര്യാലയത്തിനു കീഴിൽ ജോലി ചെയ്യുന്നവരിൽ എത്ര പുരോഹിതരും കന്യാസ്ത്രീകളും ഉണ്ടെന്നാണു ചോദ്യം. തീർന്നില്ല; ഈ വിഭാഗങ്ങളിൽ 2020-21 മുതൽ 2024-25 വരെ ഓരോ വർഷവും വരുമാനനികുതി അടച്ചവർ ആരൊക്കെ തുടങ്ങിയ ആറു ചോദ്യങ്ങളുമുണ്ട്.
വിചിത്രമായ കാര്യം, ഇതു വിദ്യാഭ്യാസ വകുപ്പോ ഉന്നതവിദ്യാഭ്യാസ വകുപ്പോ ഉത്തരം നൽകേണ്ട ചോദ്യമല്ല. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ എന്നിങ്ങനെയല്ലാതെ പുരോഹിതനാണോ കന്യാസ്ത്രീയാണോ സ്വാമിയാണോ ഉസ്താതാണോ എന്നതൊന്നും നോക്കിയല്ല നിയമനം നടത്തുന്നത്.
രണ്ടാമത്തെ കാര്യം, ശന്പളം കൊടുക്കുന്നതു നികുതി കിഴിച്ചാണ്. അതിന്റെ വിവരങ്ങൾ ശേഖരിക്കേണ്ടത് വരുമാനനികുതി വകുപ്പിൽനിന്നാണെന്നു പൊതു, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ തലപ്പത്തുള്ളവരോട് ആരെങ്കിലുമൊന്നു പറഞ്ഞുകൊടുക്കണം. പരാതിക്കാരൻ മുന്പും ഇത്തരം ദുരൂഹനീക്കങ്ങൾ നടത്തിയിട്ടുള്ളയാളാണ്.
ഒരു മതസംഘടനാ മാധ്യമത്തിൽ ക്രൈസ്തവർക്കെതിരേ ഇത്തരം തെറ്റായ വിവരങ്ങൾ കുത്തിനിറച്ച ലേഖനം വന്നതിനു പിന്നാലെയാണ് ഇയാൾ കെട്ടുംപൊട്ടിച്ചിറങ്ങിയത്. “സർക്കാർ ശന്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാർ ആദായനികുതി നിയമങ്ങളും മറ്റും കാറ്റിൽ പറത്തി ഒരു രൂപ പോലും നികുതിയടയ്ക്കാതെ മുങ്ങിനടക്കുന്നു” എന്നായിരുന്നു ആരോപണം.
കേട്ട പാതി കേൾക്കാത്ത പാതി, ഇതേക്കുറിച്ചു വിവരശേഖരം നടത്തണമെന്ന് ഉദ്യോഗസ്ഥർ സർക്കുലർ അയച്ചു. അതിന്റെ ഉത്തരവാദികളായ നാലു പേരെ ഇക്കഴിഞ്ഞ ഏപ്രിലിൽ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. മാത്രമല്ല, അടിസ്ഥാനരഹിത ആരോപണങ്ങളുമായി മതസ്പർധ വളർത്തുന്ന പരാതി നല്കിയ ആൾക്കെതിരേ ഡിജിപിക്കു പരാതി നല്കാൻ മന്ത്രി ശിവൻകുട്ടി തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിർദേശിച്ചതുമാണ്.
എന്തു കാര്യം? ഈ രാജ്യത്തെ നിയമങ്ങളനുസരിച്ചു മാത്രം ജീവിക്കുന്ന ക്രൈസ്തവരായ അധ്യാപകരെയും കുടുബങ്ങളെയും സന്യസ്തരെയും തുടരെ അവഹേളിക്കരുത്. അവർ വിദ്യാഭ്യാസവകുപ്പിൽ നുഴഞ്ഞുകയറിയ തീവ്രവാദികളല്ല, ലിസ്റ്റ് തയാറാക്കാൻ.
മതം തലയ്ക്കുപിടിച്ചവർ, വിവരാവകാശം പോലെ സുതാര്യഭരണത്തിനുള്ള ജനാധിപത്യസംവിധാനങ്ങളെ തുടർച്ചയായി ദുരുപയോഗിക്കുന്നുണ്ടെങ്കിൽ അതു സർക്കാരിന്റെ വീഴ്ചയാണ്. നോട്ടപ്പിശകാണോ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ ക്രൈസ്തവരെ സംശയനിഴലിലാക്കുന്ന നടപടികൾക്ക് ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്ന് അന്വേഷിക്കുന്നതും നല്ലതാണ്.
ക്രൈസ്തവസമൂഹം ഈ രാജ്യത്തെ വിദ്യാഭ്യാസമേഖലയ്ക്കു നൽകിയിട്ടുള്ള സംഭാവനകളെ മാനിച്ചില്ലെങ്കിലും അവമതിക്കരുത്. ഈ പരാതിക്കാരൻ ഒരു വ്യക്തിയാണെങ്കിലും ഏതെങ്കിലും തീവ്ര ആശയത്തിന്റെ പ്രതിനിധിയാണെങ്കിലും കരുതിയിരിക്കണം. നികുതിയടയ്ക്കുന്നവരുടെയല്ല, ആടിനെ പട്ടിയാക്കുന്നവരുടെ വിവരമാണ് ശേഖരിക്കേണ്ടത്. അതു പരാതിക്കാരനായാലും ഉദ്യോഗസ്ഥരായാലും.
26-06-2025
ഒരു കാര്യം ഉറപ്പായി, സർക്കാർ വിചാരിച്ചാൽ മാത്രമേ ഒരു നാടിനെ മദ്യത്തിലും മയക്കുമരുന്നിലും ഇതുപോലെ മുക്കാനാകൂ. അങ്ങനെ ഒരു സർക്കാർ വിചാരിച്ചാൽ നാടിനെ രക്ഷിക്കാനുള്ള മറ്റെല്ലാ ശ്രമങ്ങളും പാഴാകും. കേരളം അത്തരമൊരവസ്ഥയിലാണ്.
അവസരങ്ങൾ വർധിച്ചതോടെ ലഹരിയടിമകളും കുറ്റവാളികളുമായ മനുഷ്യർ തീർത്ത ചെറുനരകങ്ങൾ പെരുകുകയാണ്. ഇതാപത്താണെന്ന് ഒരു ലഹരിയടിമയെ പറഞ്ഞു മനസിലാക്കുന്നതിലും ക്ലേശകരമായിരിക്കുന്നു, സർക്കാരിനെ ബോധ്യപ്പെടുത്താൻ! എങ്കിലും തകർന്നടിയുന്ന ഒരു തലമുറയെ ഓർത്ത് ഈ ലഹരിവിരുദ്ധ ദിനത്തിൽ സർക്കാരിനോട് അഭ്യർഥിക്കുന്നു, തിരുത്തിയാലും.
കഴിഞ്ഞ പുതുവത്സരത്തലേന്നു മാത്രം വിറ്റത് 108 കോടി രൂപയുടെ മദ്യമാണ്. തലേ വർഷത്തെക്കാൾ ഏതാണ്ട് 13 കോടി അധികം. ക്രിസ്മസ് ഉൾപ്പെടുന്ന ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ 712. 96 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തേതിലും 15 കോടി അധികം. ഓണക്കാലത്ത് 818.21 കോടിയുടെ മദ്യം വിറ്റു.
ഓരോ കണക്കു വരുന്പോഴും മദ്യവിൽപ്പനയിൽ സ്വന്തം റിക്കാർഡ് തിരുത്തിയ വാർത്ത കേട്ട് സംസ്ഥാനത്തെ ഏക മദ്യവ്യാപാരിയായ സർക്കാർ ഷൈലോക്കിനെപ്പോലെ ചിരിക്കാറുണ്ട്. പക്ഷേ, അതു ചോരക്കാശാണ്; സർക്കാർ പകരം മുറിച്ചെടുത്ത കരളിൽനിന്നും ഹൃദയങ്ങളിൽനിന്നും വാർന്നൊഴികിയത്.
മദ്യവിൽപ്പനയിലെ പുതിയ കണക്കുകൾകൊണ്ടുപോലും കേരളത്തിലെ ലഹരിയുടെ ആഴമളക്കാനാകില്ല. കാരണം, മദ്യപാനത്തേക്കാൾ മാരകമായ മയക്കുമരുന്നിലേക്ക് ചുവടുതെറ്റിയവർ ലക്ഷക്കണക്കിനാണ്. രണ്ടുംകൂടി ചേർത്ത ഒരു കണക്ക് നമുക്കില്ല. വിദ്യാർഥികളും യുവാക്കളും മയക്കുമരുന്നുപയോഗിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസമാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്.
10 വർഷത്തിനുള്ളിൽ എത്ര കേസുകൾ രജിസ്റ്റർചെയ്തു, എന്താണ് പൊതുരീതി, ഏതു മേഖലയിലാണ് മയക്കുമരുന്നുപയോഗം കുടുതൽ, ഏതു പ്രായക്കാരാണ് കൂടുതൽ ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളുൾപ്പെടുത്തിയുള്ള പഠനം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, ജസ്റ്റീസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
മാർച്ച് 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച രേഖകളനുസരിച്ച്, 2024ൽ പഞ്ചാബിൽ 9,025 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കേരളത്തിൽ 27,701 കേസുകൾ. പഞ്ചാബിലേതിന്റെ മൂന്നിരട്ടി! പഞ്ചാബിൽ പകുതി കേസുകൾപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന സർക്കാർ വാദം സമ്മതിച്ചാൽപോലും കേരളം കുതിക്കുകയാണ്.
പഞ്ചാബിൽ മാത്രമല്ല, കേരളത്തിലും മുഴുവൻ കേസുകളും പിടിക്കപ്പെടുന്നില്ലെന്നതും മറക്കരുത്. സംസ്ഥാന എക്സൈസ് വകുപ്പ് എൻഡിപിഎസ് ആക്ട് പ്രകാരം 2016ൽ രജിസ്റ്റർ ചെയ്തത് 2,985 കേസുകളായിരുന്നെങ്കിൽ 2024ൽ ഇത് 8,160 ആയി ഉയർന്നു.
മാതാപിതാക്കളെയും സഹോദരങ്ങളെയും പോലീസുകാരെയും ഉൾപ്പെടെ നിരവധിപ്പേരെ മയക്കുമരുന്നടിമകൾ സംസ്ഥാനത്ത് കൊന്നു തള്ളി. അക്രമങ്ങൾ, മാനഭംഗങ്ങൾ, വീടുകയറി ആക്രമണങ്ങൾ... കൗമാരക്കാരിലെ അക്രമോത്സുകതയും വർധിക്കുകയാണ്. പോലീസിനും ഭയം.
പെൺകുട്ടികൾ മയക്കുമരുന്നടിമകളും വിതരണക്കാരുമായി. കുടുംബങ്ങളിലെയും നാട്ടിലെയും സമാധാനം കെട്ടു. ലഹരിയിൽ വാതിൽ തുറന്നെത്തുന്ന മക്കൾക്കും സഹോദരന്മാർക്കും മുന്നിൽ അമ്മമാരും സഹോദരിമാരും ഭയന്നുവിറയ്ക്കുകയാണ്. മുന്പെന്നത്തേക്കാളുമധികം മയക്കുമരുന്നുവേട്ട നടക്കുന്നുണ്ട്. പക്ഷേ, എവിടെയും സുലഭം.
പുതിയ ചില അവതാരങ്ങൾ വേഷംകെട്ടിയാടുന്നത് സമൂഹമാധ്യമങ്ങളിലാണ്. എളുപ്പത്തിൽ കൈയടിയും ലൈക്കും വാങ്ങാൻ സമൂഹ-കുടുംബ ഘടനകളെ തകർക്കുന്ന ഈ സമൂഹമാധ്യമ പണ്ഡിതരുടെ കണ്ടെത്തൽ മദ്യവും കഞ്ചാവും എംഡിഎംഎയും നിയമവിധേയമാക്കണമെന്നാണ്.
നാലും നാലു വഴിക്കായ സ്വന്തം കുടുംബങ്ങളുടെ അവസ്ഥയാണ് മറ്റെല്ലാ കുടുംബങ്ങളിലുമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഈ എന്പുരാന്മാർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സമൂഹ-കുടുംബവിരുദ്ധ പൊതുബോധം, തികഞ്ഞ അരാജകത്വമാണെന്നു സർക്കാർ തിരിച്ചറിയണം. അവർക്കിനിയൊന്നും നഷ്ടപ്പെടാനില്ല.
സർക്കാർ വിദ്യാരംഭത്തിൽ നടത്തിയ, ഒരു മണിക്കൂർ ലഹരിവിരുദ്ധ ബോധവത്കരണം നല്ല തുടക്കമാണെങ്കിലും കാര്യമായ പ്രയോജനമൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ് തുടർ ബോധവത്കരണം നൽകണം. കഴിഞ്ഞ ഏപ്രിലിൽ 138-ാം പിറന്നാൾദിനത്തിൽ ‘കിക് ഔട്ട്’ എന്ന പേരിൽ ദീപിക തുടങ്ങിയ ഒരു വർഷത്തെ ലഹരിവിരുദ്ധ പോരാട്ടം തുടരുകയാണ്.
സർക്കാർ ഒപ്പമുണ്ടാകണം. വീര്യം കുറഞ്ഞ കൂടുതൽ മദ്യമിറക്കിയും കുടുതൽ മദ്യനിർമാണശാലകളുണ്ടാക്കിയും ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമൊക്കെ കള്ള് ലഭ്യമാക്കിയും മദ്യസൗഹൃദ കുടുംബങ്ങളെ സൃഷ്ടിച്ചുമല്ല; മയക്കുമരുന്നിന്റെ മൊത്തവ്യാപാരികളെ കുടുക്കിയും മദ്യലഭ്യത കുറച്ചുമേ നമുക്കീ നരകത്തിൽനിന്നു കരകയറാനാകൂ.
സർക്കാർ ഇന്നു നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണങ്ങൾ തുടരട്ടെ. പക്ഷേ, നിങ്ങൾ ആ സ്പിരിറ്റു കന്നാസുകൾകൂടി വലിച്ചെറിഞ്ഞിരുന്നെങ്കിൽ! ലഹരിയിരകളുടെ ചോര കൈയിൽനിന്നു കഴുകിക്കളഞ്ഞിരുന്നെങ്കിൽ!
25-06-2025
1975 ജൂൺ 26. രാവിലെ എട്ടുമണി. ഓൾ ഇന്ത്യ റേഡിയോയിലൂടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തോടു പറഞ്ഞു. “രാഷ്ട്രപതി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല.” പക്ഷേ, പിന്നീടുള്ള 21 മാസം ആശങ്കയുടേതു മാത്രമായിരുന്നില്ല, ഏകാധിപത്യ ഭീകരതയുടേതു കൂടിയായിരുന്നു.
നാം ഇന്ത്യക്കാരായ പൗരന്മാരെ സഹായിക്കാനാവാത്തവിധം, ഭരണഘടനയെ ചങ്ങലയ്ക്കിട്ടു. ജൂൺ 25ന് അർധരാത്രിയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് ഒപ്പുവച്ചത്. സ്വതന്ത്ര മാധ്യമപ്രവർത്തനം അസാധ്യമായിരുന്ന അക്കാലത്ത് അടിയന്തരാവസ്ഥയെ പ്രതിരോധിക്കാൻ മുന്നിലായിരുന്ന ദീപിക ഏകാധിപത്യത്തിന്റെ പുത്തൻ അവതാരങ്ങളെയും, അതെത്ര ഗോപ്യമായിരുന്നാലും എതിർക്കുമെന്ന ദൃഢനിശ്ചയം പുതുക്കുന്നു.
ജനാധിപത്യത്തിന്റെ പാതിരാക്കൊലപാതകം ഇങ്ങനെ: 1971ലെ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ ക്രമക്കേട് ആരോപിച്ച് ഇന്ദിരയുടെ എതിർ സ്ഥാനാർഥിയായിരുന്ന രാജ് നാരായണിന്റെ ഹർജിയിൽ, അലഹബാദ് ഹൈക്കോടതി ആറു വർഷത്തേക്ക് അവരെ ലോക്സഭയിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും 1975 ജൂൺ 12ന് അയോഗ്യയാക്കി.
ജൂൺ 24ന് ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഇടക്കാല വിധിയിൽ കീഴ്ക്കോടതി ഉത്തരവ് ശരിവയ്ക്കുകയും ബദൽ സംവിധാനം ഒരുക്കുന്നതുവരെ മാത്രം പ്രധാനമന്ത്രിയായി തുടരാൻ ഉത്തരവിടുകയും ചെയ്തു. തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങളിലുള്ള പ്രതിപക്ഷ സമരങ്ങളിൽ സർക്കാർ വലയുകയായിരുന്നു.
ഗുജറാത്തിലെയും ബിഹാറിലെയും സംസ്ഥാന സർക്കാരുകൾക്കെതിരേയുള്ള വിദ്യാർഥി സമരങ്ങൾ, തൊഴിലാളി നേതാവ് ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള റെയിൽവേ പണിമുടക്ക് തുടങ്ങിയവ ഇന്ദിരയെ വിറളിപിടിപ്പിച്ചു. ഇതിനിടെ ജനസംഖ്യാനിയന്ത്രണത്തിനും വന്ധ്യംകരണ ശസ്ത്രക്രിയകൾക്കുമെതിരേ പ്രക്ഷോഭങ്ങളുണ്ടായി.
ജയപ്രകാശ് നാരായണും മൊറാർജി ദേശായിയുമൊക്കെ ചേർന്ന് ഡൽഹിയിൽ റാലി സംഘടിപ്പിക്കുകയും ഉദ്യോഗസ്ഥരും പോലീസുമൊക്കെ സർക്കാരിന്റെ അധാർമിക ഉത്തരവുകൾ അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. അതു കലാപത്തിനും അട്ടിമറിക്കുമുള്ള സൂചനയായി കണക്കിലെടുത്ത്, ഭരണഘടനാനുസൃതമായ പരിഹാരങ്ങൾക്കു മുതിരാതെ, പാർലമെന്റിനെ നോക്കുകുത്തിയാക്കി ഇന്ദിര രായ്ക്കുരാമാനം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭരണഘടനയുടെ 352-ാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് അനുസരിച്ചായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയിലെ 14, 21, 22 വകുപ്പുകൾ മരവിപ്പിച്ചു. ആഭ്യന്തര കലാപാവസ്ഥ പുറത്തുനിന്നുള്ള സുരക്ഷാഭീഷണിക്കും കാരണമാണെന്ന് ഇന്ദിര തീരുമാനിച്ചു. തെരഞ്ഞെടുപ്പുകൾ റദ്ദാക്കി, പോലീസ് അഴിഞ്ഞാടി, ആർഎസ്എസ്, കമ്യൂണിസ്റ്റ് പ്രതിപക്ഷ നേതാക്കളൊക്കെ ജയിലിലായി.
ഇന്ദിരയുടെ രണ്ടാമത്തെ മകൻ, ഒരു ജനപ്രതിനിധിപോലും അല്ലാതിരുന്ന സഞ്ജയ് ഗാന്ധി നടത്തിയ തേർവാഴ്ചയിൽ നിര്ബന്ധിത വന്ധ്യകരണവും ചേരി നിര്മാർജനവും ക്രൂരതയുടെ പര്യായമായി. അവിവാഹിതരും വൃദ്ധരും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ നിര്ബന്ധിത വന്ധ്യംകരണത്തിന് വിധേയരായി. ഡൽഹിയിലെ തുര്ക്ക്മാന് ഗേറ്റില് ചേരിനിർമാർജനത്തെ എതിർത്ത പാവങ്ങളെ ലാത്തിച്ചാർജും വെടിവയ്പും കൊണ്ടാണ് നേരിട്ടത്. നിരവധി പേർ കൊല്ലപ്പെട്ടു.
ജൂൺ 28ന് ടൈംസ് ഓഫ് ഇന്ത്യയുടെ ബോംബെ പതിപ്പിൽ ഒരു ചരമവാർത്ത പ്രസിദ്ധീകരിച്ചു. “ടി. റൂത്തിന്റെ പ്രിയ ഭർത്താവും എൽ.ഐ. ബെർട്ടിയുടെ പിതാവും പ്രതീക്ഷയുടെയും നീതിയുടെയും സഹോദരനുമായ ഒ. ക്രേസി ഡി.ഇ.എം. ജൂൺ 25ന് അന്തരിച്ചു” ടി. റൂത്തിൽ ട്രൂത്തും, എൽ.ഐ. ബെർട്ടിയിൽ ലിബർട്ടിയും ഒ. ക്രേസി ഡി.ഇ.എമ്മിൽ ഡെമോക്രസിയെയും പത്രം കുടിയിരുത്തി. അതേ ദിവസം ദീപിക എഡിറ്റോറിയലിനു പകരം ഒരു കവിത പ്രസിദ്ധീകരിച്ചു.
“എവിടെ മനസ് നിർഭയമായിരിക്കുന്നുവോ, എവിടെ ശിരസ് ഉയർത്തിപ്പിടിക്കുന്നുവോ...” എന്നു തുടങ്ങി “സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗത്തിലേക്ക് പിതാവേ എന്റെ നാടിനെ ഉണർത്തിയാലും” എന്നവസാനിക്കുന്ന രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ വരികൾ. പക്ഷേ, അതെടുത്തതു ഗീതാഞ്ജലിയിൽനിന്നല്ല. ഇന്ദിരയുടെ പിതാവ് നെഹ്റുവിന്റെ പുസ്തകത്തിൽനിന്ന്; ‘ഒരച്ഛൻ മകൾക്കയച്ച കത്ത്’. സർക്കാർ ഇടപെട്ടു. മുഖപ്രസംഗ കോളം വെറുതെയിട്ടാലും മഹദ്വചനങ്ങൾ മാത്രം നൽകിയാലും ലൈസൻസ് റദ്ദാക്കും എന്നറിയിച്ചു.
പത്രാധിപരായിരുന്ന ഫാ. കൊളംബിയർ സിഎംഐയെ പിന്നീട് കോട്ടയത്തെത്തിയ വേളയിൽ ഇന്ദിരാഗാന്ധിയുടെ അടുത്തെത്തിക്കാൻ ശ്രമം ഉണ്ടായെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വാരിക്കുഴിയിൽ വീണ ആനയുടെ ചിത്രത്തിന്, ‘സ്വാതന്ത്ര്യമേ വിട’ എന്ന അടിക്കുറിപ്പ് കൊടുത്തതിന് പിഴയിട്ടത് അന്നത്തെ ലക്ഷം രൂപ. ഇറ്റലി പിസയിലെ ചെരിഞ്ഞ ഗോപുരത്തെ താങ്ങിനിർത്തുന്നതായി ഭാവിക്കുന്ന യുവതിയുടെ ചിത്രത്തിന്റെ അടിക്കുറിപ്പ്, ‘ഇതെത്രനാൾ’ എന്നായിരുന്നു. പിഴ 25,000. ധീരതയ്ക്കുള്ള അവാർഡ്!
കോൺഗ്രസ് മറക്കരുത്; ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അവർതന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 77ൽ അന്പേ പരാജയപ്പെട്ടെങ്കിലും അടുത്ത തവണ ജനം തെരഞ്ഞെടുത്തു. അടിയന്തരാവസ്ഥയെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് കോൺഗ്രസ് ഭരിക്കുന്ന കാലത്താണ്. 1976ൽ അടിയന്തരാവസ്ഥക്കാലത്തുതന്നെ 42-ാം ഭേദഗതിയിലൂടെ ഇന്ദിര മതേതരത്വവും സോഷ്യലിസവും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തി.
ഏകാധിപത്യത്തിലേക്കു വഴുതിയെങ്കിലും വീഴാതെ തിരിച്ചെത്തിയ കോൺഗ്രസ് 50-ാം വാർഷികത്തിലെങ്കിലും അടിയന്തരാവസ്ഥയ്ക്ക് ജനങ്ങളോടു മാപ്പു പറഞ്ഞിരുന്നെങ്കിൽ പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥയെ നേരിടാൻ കരുത്തേറുമായിരുന്നു. ഇന്നിപ്പോൾ പ്രഖ്യാപിത അടിയന്തരാവസ്ഥയില്ല, ആശങ്കകളുണ്ട്. റിപ്പോര്ട്ടേഴ്സ് വിത്തൗട്ട് ബോര്ഡേഴ്സിന്റെ പട്ടികയിൽ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം 151-ാം സ്ഥാനത്ത് തകർന്നുകിടക്കുകയാണ്.
വിമർശകരെയും പ്രതിപക്ഷത്തെയും വേട്ടയാടുന്ന കേന്ദ്ര ഏജൻസികൾ അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നു. ജനങ്ങൾക്കും മൗലികാവകാശങ്ങളുണ്ടെന്ന് അന്വേഷണ ഏജൻസികൾ മറക്കരുതെന്ന് സുപ്രീംകോടതി ഓർമിപ്പിച്ചത്, ഇക്കഴിഞ്ഞ ഏപ്രിലിലാണ്. ന്യൂനപക്ഷങ്ങളെയും ആരാധനാലയങ്ങളെയും ഹിന്ദുത്വ സംഘങ്ങൾ നിരന്തരം ആക്രമിക്കുകയാണ്. രണ്ടു വർഷം കഴിഞ്ഞിട്ടും കലാപം കെട്ടടങ്ങാത്ത മണിപ്പുർ സന്ദർശിക്കില്ലെന്ന നിർബന്ധബുദ്ധിയിലാണ് പ്രധാനമന്ത്രി.
ഭരണഘടനയുടെ കൊലപാതക ദിനമായി ആചരിക്കുന്ന കേന്ദ്രം, കള്ളക്കേസിൽ കുടുക്കി മരിക്കുവോളം ജയിലിലിട്ട ഫാ. സ്റ്റാൻ സ്വാമിയെ മറന്നു. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, മതപരിവർത്തന നിരോധന നിയമ ദുരുപയോഗം, ആൾക്കൂട്ട കൊലപാതകങ്ങൾ, കരിനിയമങ്ങൾ, ബുൾഡോസർ രാജ്... അടിയന്തരാവസ്ഥ പ്രഖ്യപിച്ചിട്ടില്ലെന്നേയുള്ളൂ. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ജനാധിപത്യത്തോടു ‘കടക്ക് പുറത്ത്’ എന്നു പറയുന്നതെല്ലാം ഏകാധിപത്യ പ്രവണതയാണ്.
അടിയന്തരാവസ്ഥയിലെ ഒരു രാജന്റെ സ്ഥാനത്ത് എത്രയോ ‘രാജന്മാർ’ ജയിലുകളിൽ കൊല്ലപ്പെടുന്നു. പാർട്ടിക്കുള്ളിലെ ഭിന്നാഭിപ്രായക്കാരെ എണ്ണമറ്റ വെട്ടുകളാൽ തീർക്കുന്നതും വിദ്യാർഥി സംഘടനകൾ എതിരാളികളെ ഇല്ലാതാക്കുന്നതും ആൾക്കൂട്ട വിചാരണ നടത്തുന്നതുമൊക്കെ സർവാധിപത്യത്തെയാണ് ഓർമിപ്പിക്കുന്നത്. ഇന്ദിരാഗാന്ധി 1977 മാര്ച്ച് 21ന് അടിയന്തരാവസ്ഥ പിൻവലിച്ചു. ഇന്നിപ്പോൾ പിൻവലിക്കാൻ തക്കവിധം ഒന്നും പ്രഖ്യാപിച്ചിട്ടില്ല!
കസേരയിൽ ആരാണ് എന്നതല്ല, ജനാധിപത്യമാണോ ഭരിക്കുന്നത് എന്നതാണു കാര്യം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടോ എന്നതല്ല, സ്വാതന്ത്ര്യം ചങ്ങലയിലാണോ എന്നതാണ് തിരിച്ചറിയേണ്ടത്. അതാണ്, വീടുകളിലും വിദ്യാലയങ്ങളിലും പുതുതലമുറയ്ക്കു കൊടുക്കേണ്ട ജനാധിപത്യബോധം. ചരിത്രം ഒരു പ്രേതമല്ല, വർത്തമാനത്തെ വിശകലനം ചെയ്യാനും ഭാവിയെ മികച്ചതാക്കാനുമുള്ള പ്രേതപരിശോധനാ റിപ്പോർട്ടാണ്. ഈ മുഖപ്രസംഗവും അതാണ്.
24-06-2025
ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഭരണത്തിൽ മാറ്റമുണ്ടാക്കില്ലെങ്കിലും നിലന്പൂർ ഉപതെരഞ്ഞെടുപ്പ്, രാഷ്ട്രീയത്തിലെ തത്സ്ഥിതി പ്രതിഫലിപ്പിക്കും. ഒന്നാമത്, ജനത്തിന് എൽഡിഎഫ് സർക്കാരിലുള്ള അതൃപ്തിയെ മറികടക്കാൻ പ്രചാരണങ്ങൾക്കായില്ല. രണ്ടാമത്, വർഗീയ പ്രീണനങ്ങളെയും മതമൗലികവാദത്തെയുമൊന്നും കൈവിടാനുള്ള മതേതര വളർച്ച ഇടതിനും വലതിനും ഇനിയുമുണ്ടായിട്ടില്ല.
മൂന്നാമത്, സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയായ വന്യജീവി ആക്രമണത്തിലെ നിഷ്ക്രിയത, അമിത പ്രതീക്ഷയില്ലെങ്കിലും പുതിയ പരീക്ഷണങ്ങൾക്ക് മലയോര മണ്ഡലങ്ങളെ നിർബന്ധിതരാക്കും. തീർന്നില്ല, ആശമാരെപ്പോലെയുള്ള ഹതഭാഗ്യരോടുള്ള സർക്കാർ നിന്ദ, നിർണായക സമയങ്ങളിൽ തിരിഞ്ഞുകൊത്തും.
പി.വി. അൻവർ തനിച്ചു നേടിയ 19,760 വോട്ടിലേറെയും യുഡിഎഫിന്റെ രാഷ്ട്രീയ തീരുമാനങ്ങളുടെ ദൗർബല്യ സൂചനയാണ്. നിലന്പൂർ എല്ലാക്കാര്യത്തിലും നേർക്കണ്ണാടിയല്ല. പക്ഷേ, മുന്നറിയിപ്പാണ്. മുഖ്യമന്ത്രിയോടു വിയോജിച്ച് ഇടതു സ്വതന്ത്ര എംഎൽഎ ആയിരുന്ന പി.വി. അൻവർ രാജിവച്ചതാണ് നിലന്പൂർ ഉപതെരഞ്ഞെടുപ്പിന് ഇടയാക്കിയത്.
11,077 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. അദ്ദേഹത്തിന് 77,737 വോട്ടുകളും എൽഡിഎഫിലെ എം. സ്വരാജിന് 66,660 വോട്ടും ലഭിച്ചു. യുഡിഎഫും എൽഡിഎഫും എഴുതിത്തള്ളിയ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന് 19,760 വോട്ട് ലഭിച്ചത് അദ്ദേഹത്തിന്റെ കണക്കുകൂട്ടലിനും മുകളിലായി.
അൻവറിന്റെ വാറോലകൾക്കു വഴങ്ങാതെ തെരഞ്ഞെടുപ്പ് നേരിടാനായത് യുഡിഎഫിന്റെ നേട്ടമായി പറയാവുന്നതാണ്. പക്ഷേ, പിണറായി വിജയനെ പരസ്യമായെതിർത്ത്എൽഡിഎഫിൽനിന്നു പുറത്തുവന്ന അദ്ദേഹത്തെ ഒപ്പം നിർത്താനുള്ള രാഷ്ട്രീയ തന്ത്രജ്ഞത ഇല്ലാതെപോയി. അന്വര് ഒപ്പമുണ്ടായിരുന്നെങ്കില് ഭൂരിപക്ഷം കാല് ലക്ഷം കടന്നേനെ എന്ന രമേശ് ചെന്നിത്തലയുടെ വാക്കുകളിൽ കുറ്റബോധമല്ലെങ്കിൽ നഷ്ടബോധമുണ്ട്.
ഇത്രയും വോട്ട് കിട്ടിയ അൻവറിനെ തള്ളാന് കഴിയില്ലല്ലോയെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാക്കുകളിലും ദൃഷ്ടാന്തമുണ്ട്. അൻവറിനെ തള്ളിയതിൽ ആദർശമൊന്നും പറയാനില്ല; പ്രത്യേകിച്ചും മതമൗലികവാദ നിഴലിലുള്ള ജമാ അത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടിയെ ആലിംഗനം ചെയ്തു നിൽക്കുന്പോൾ. വിജയത്തിലുള്ള ആത്മവിശ്വാസക്കുറവാകാം ആ കൂട്ടുകെട്ടിനു യുഡിഎഫിനെ പ്രേരിപ്പിച്ചത്.
എങ്കിൽ, ഭേദം അൻവറല്ലായിരുന്നോ എന്ന ചോദ്യം മതേതര കേരളത്തിനുണ്ട്. പിഡിപിയും അഖില ഭാരത ഹിന്ദുമഹാസഭയും എൽഡിഎഫിനെ പിന്തുണച്ചത് ചൂണ്ടിക്കാട്ടി ഇതൊന്നും പ്രതിരോധിക്കാനാവില്ല. ശുദ്ധ മതേതരത്വമെന്ന ഇടതു-വലതു രാഷ്ട്രീയ നുണകൾ നിലന്പൂരിൽ നിലംപരിശായി.
വന്യജീവി ആക്രമണം കേരളത്തെ വിഴുങ്ങുന്പോഴും ഒന്നും ചെയ്യാനാകാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുള്ള മുന്നറിയിപ്പും നിലന്പൂരിലുണ്ട്. യുഡിഎഫിന് വോട്ട് നേടിക്കൊടുത്തതിൽ വനം മന്ത്രി എ.കെ. ശശീന്ദ്രനും ചെറുതല്ലാത്ത പങ്കുണ്ട്. വിഷയത്തിന്റെ ഗൗരവം അൻവറിനു മനസിലായെന്നു തോന്നുന്നു.
മലയോര ജനതയുടെ പ്രശ്നങ്ങൾ പരിഗണിക്കാതെ 2026ൽ അത്ര എളുപ്പത്തിൽ വിജയിച്ച് സർക്കാർ രൂപീകരിക്കാമെന്നു കരുതിയാൽ നടക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അറുപതിലധികം നിയോജകമണ്ഡലങ്ങളിലെ ജനങ്ങൾക്ക് വന്യജീവി ആക്രമണം ജീവൽപ്രശ്നമാണ്. വിഷയം പരിഹരിക്കാനുള്ള ഇടപെടലുണ്ടായാൽ യുഡിഎഫിനൊപ്പം മുന്നോട്ടു പോകാൻ ശ്രമിക്കുമെന്നും മലയോര മേഖലയിലെ കർഷകസംഘടനകളുമായി ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1972ലെ വനം-വന്യജീവി നിയമത്തെ തള്ളിയും തള്ളാതെയും ഉരുളുന്ന കോൺഗ്രസിൽ അമിത പ്രതീക്ഷയില്ലെങ്കിലും എൽഡിഎഫിൽ മലയോര കർഷകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു. വനനിയമം മാറ്റില്ലെന്ന് ആവർത്തിക്കുന്നതിലൂടെ വന്യജീവി ആക്രമണത്തിൽ മൃഗപക്ഷത്താണെന്ന് ബിജെപിയും തെളിയിച്ചു.
അഴിമതി, സ്വജന പക്ഷപാതം, തൊഴിലില്ലായ്മ, പിൻവാതിൽ നിയമനങ്ങൾ, സാന്പത്തിക കെടുകാര്യസ്ഥത, ധൂർത്ത്, നിസഹായരായ ആശമാരോടുപോലുമുള്ള സർക്കാർ-പാർട്ടി ധാർഷ്ട്യം, വനംവകുപ്പിന്റെ സമാന്തര ഭരണം, കാർഷികത്തകർച്ച, വിളകളുടെ സംഭരണവില യഥാസമയം കൊടുക്കാത്തത്... തുടങ്ങിയവയൊക്കെ എൽഡിഎഫിനെ തുറിച്ചുനോക്കുന്നുണ്ട്.
തിരുത്തുമോയെന്ന് അറിയില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയം, കൊടുക്കൽ വാങ്ങലുകളുടെയും വർഗീയ ബാന്ധവങ്ങളുടെയം കുതിരക്കച്ചവടത്തിന്റെയുമൊക്കെ എൻജിനിയറിംഗായി മാറിയിട്ടുണ്ട്. പക്ഷേ, ജനക്ഷേമ നയങ്ങളും സുതാര്യതയും ജനാധിപത്യ-മതേതര നിലപാടുകളും മുറുകെപ്പിടിക്കുന്ന ഒരു സംശുദ്ധ രാഷ്ട്രീയവുമുണ്ട്. നിലന്പൂരിൽ അതായിരുന്നോയെന്നും 2026ലെ തെരഞ്ഞെടുപ്പിൽ തിരുത്തണോയെന്നും പാർട്ടികളെല്ലാം ആലോചിച്ചാൽ കൊള്ളാം.
23-06-2025
പർവതനിരകൾ തുരന്നുണ്ടാക്കിയ ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ബോംബുകൾ തുരന്നുകയറി. അമേരിക്കയും പങ്കെടുത്തതോടെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്റെ ഗതി മാറിയിരിക്കുകയാണ്. രണ്ടഭിപ്രായമുണ്ട്; സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനിൽ അതിക്രമിച്ച് ആക്രമണങ്ങൾ നടത്തിയ ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരേയാണ് ഒരു പക്ഷം. അതേസമയം, പാക്കിസ്ഥാനെപ്പോലെ, അഫ്ഗാനിസ്ഥാനെപ്പോലെ, തുർക്കിയെപ്പോലെ...
സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾക്കെതിരേ ആഗോള ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളെക്കൊണ്ടു നിഴൽയുദ്ധം നടത്തിക്കുന്ന ഇറാൻ ആണവശക്തിയാകുന്നത് ജനാധിപത്യത്തിനു ഭീഷണിയാണെന്ന് കരുതുന്നവരുമുണ്ട്. യുദ്ധത്തെയും സമാധാനത്തെയും രാജ്യങ്ങളുടെ പരമാധികാരത്തെയുംകുറിച്ചുള്ള മിക്ക ചർച്ചകളിലും ഇസ്ലാമിക തീവ്രവാദം മുഖ്യ അജൻഡയാകുന്നത് മുന്നറിയിപ്പാണ്. യുദ്ധം വേണ്ടെന്നും തീവ്രവാദം വേണമെന്നും ഒരേ സ്വരത്തിൽ പറയരുത്.
ഇന്നലെ പുലർച്ചെയാണ്, അമേരിക്കൻ വ്യോമസേന ബി-2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്. ഫോർഡോ, നതാൻസ്, ഇസ്ഹാൻ എന്നീ ആണവകേന്ദ്രങ്ങൾ തകർത്തെന്ന് അമേരിക്ക അവകാശപ്പെട്ടെങ്കിലും പൂർണമായും തകർന്നോയെന്നതിൽ കൃത്യമായ വിവരം വരേണ്ടതുണ്ട്.
ഇറാനിലേക്ക് അമേരിക്കൻ ബോംബർ വിമാനങ്ങൾ പുറപ്പെട്ടത് ഇന്നലെ ദീപികയുടെ പ്രധാന വാർത്തയായിരുന്നു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള രണ്ടു ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ, ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാവുന്ന എട്ട് കെസി 135 വിമാനങ്ങളുടെ അകന്പടിയോടെ മിസൗറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിൽനിന്ന് ശനിയാഴ്ച രാവിലെ പുറപ്പെട്ടെന്നായിരുന്നു റിപ്പോർട്ട്.
മലയാളികൾ അതു വായിക്കുന്പോഴേക്കും അമേരിക്ക ദൗത്യം പൂർത്തിയാക്കിയിരുന്നു. വിമാനങ്ങൾ തിരിച്ചെത്തിയെന്നാണ് ട്രംപ് അറിയിച്ചത്. “പശ്ചിമേഷ്യയിലെ ഹിറ്റ്ലർ’’ എന്ന് 2017ലും 2018ലും സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ വിശേഷിപ്പിച്ച ആയത്തുള്ള അലി ഖമനയ് ഒളിത്താവളത്തിലാണ്. ഇസ്രയേലിന് സൈനിക സഹായം നൽകുന്ന ഏതൊരു രാജ്യത്തെയും ലക്ഷ്യമിടുമെന്ന് ഇറാൻ ആവർത്തിച്ചിട്ടുണ്ട്.
ഇസ്രയേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുന്നുമുണ്ട്. അമേരിക്കൻ സൈനികതാവളങ്ങളിൽ ഇറാൻ തിരിച്ചടി നടത്തുകയോ ഹോർമുസ് കടലിടുക്ക് അടച്ച് ലോകവ്യാപാരത്തിന്റെ കടൽമാർഗം തടയുകയോ ചെയ്തേക്കുമെന്ന് നിരീക്ഷകർ പറയുന്നു. ഇറാന് സമാധാനമോ ദുരന്തമോ ഏതെങ്കിലും ഒന്നു മാത്രമേ തെരഞ്ഞെടുക്കാനാകൂ എന്നാണ് അമേരിക്കയുടെ ഭീഷണി.
ഇറാൻ സമാധാന ചർച്ചകൾക്ക് വഴങ്ങുമോ അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കുമോ എന്നതാണ് ലോകത്തിന്റെ ഉദ്വേഗം. പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലായി അമേരിക്കയ്ക്ക് 19 സൈനികതാവളങ്ങളുണ്ട്. അത്യാധുനിക ആയുധങ്ങള്ക്കു പുറമെ 45,000 സൈനികരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബഹ്റൈന്, ഈജിപ്ത്, ഇറാഖ്, ജോര്ദാന്, കുവൈത്ത്, ഖത്തര്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ എട്ടെണ്ണം സ്ഥിരം താവളങ്ങളാണ്.
അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്ളീറ്റിന്റെ ആസ്ഥാനം ബഹ്റൈനിലായതിനാൽ അവർ അതീവ ജാഗ്രതയിലാണ്. അമേരിക്ക ഈ ഇടപെടലിലൂടെ ലോകത്തെ കൂടുതൽ സുരക്ഷിതമാക്കിയെന്നും ഭൂമിയിൽ മറ്റാർക്കും ചെയ്യാൻ കഴിയാത്തതാണ് അമേരിക്ക ചെയ്തതെന്നും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു.
അമേരിക്കയ്ക്കെതിരേ രൂക്ഷമായ പ്രതികരണം നടത്തിയത് തുർക്കി പ്രസിഡന്റ് രജബ് തയിബ് എർദോഗനാണ്. എല്ലാം തുടങ്ങിയത് ഇസ്രയേലാണെന്നും നെതന്യാഹുവും ഹിറ്റ്ലറും ഒരേ പാതയാണ് തെരഞ്ഞെടുത്തതെന്നും അദ്ദേഹം ഇസ്താംബൂളിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.
2023 ഓക്ടോബർ ഏഴിന് ഹമാസ് ഇസ്രയേൽ-വിദേശ പൗരന്മാരെ കൊന്നൊടുക്കുകയും ബന്ദികളാക്കുകയും ചെയ്തപ്പോൾ പ്രതികരണമില്ലായിരുന്നു. അതിനടുത്ത മാസങ്ങളിൽ 1.25 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ നാടു കടത്താനും അവരുടെ മാതൃദേശമായ നഗാർണോ-കരാബാക്ക് കയ്യടക്കാനും അസർബൈജാന് എല്ലാ സഹായവും ചെയ്തുകൊടുത്ത “വംശീയപ്രേമി’’യാണ് എർദോഗൻ.
1915-18ൽ 15 ലക്ഷം അർമേനിയൻ ക്രിസ്ത്യാനികളെ കൊന്നൊടുക്കിയ, പിന്നീട് ഹിറ്റ്ലർ പോലും മാതൃകയാക്കിയ വംശഹത്യയെ ന്യായീകരിച്ചതും ഇദ്ദേഹമാണ്. പഴയ ഓട്ടോമൻ സാമ്രാജ്യം പുനരുജ്ജീവിപ്പിക്കാൻ ഓടിനടക്കുന്ന ഇതേ എർദോഗനാണ് ഹാഗിയ സോഫിയ എന്ന കത്തീഡ്രൽ ഒരുളുപ്പുമില്ലാതെ മോസ്കാക്കിയത്.
പശ്ചിമേഷ്യയിലും ആഫ്രിക്കയിലും ഇസ്ലാമിക ഭീകരർ കഴുത്തറത്തും മതം മാറ്റിയും ആട്ടിയോടിച്ചും ക്രൈസ്തവരെ അവരുടെ ഈറ്റില്ലങ്ങളിൽ ഉന്മൂലനം ചെയ്യുന്നതൊന്നും കാണാത്ത എർദോഗന്റെ കുടിലബുദ്ധിയുള്ളവർ കേരളത്തിലുമുണ്ട്. ഹാഗിയ സോഫിയ പള്ളിയാണോ മസ്ജിദാണോയെന്ന് അവർക്കറിയില്ല.
പക്ഷേ, ബാബറി മസ്ജിദ് എന്താണെന്നു കൃത്യമായറിയാം. നൈജീരിയയിൽ തീവ്രവാദികൾ കൈകൾ പിന്നിലോട്ടു കെട്ടി അടുക്കിക്കിടത്തി വെടിവച്ചുകൊല്ലുന്ന ക്രിസ്ത്യാനികളുടെ പിടച്ചിൽ അവരുടെ മനസ് അലിയിക്കില്ല. ഇക്കൂട്ടരുടെ മനുഷ്യാവകാശങ്ങളും യുദ്ധവിരുദ്ധതയും അന്തർദേശീയ വാർത്തകളും മതം നോക്കിയാണ്.
ഇടയ്ക്കിടെ മതേതരത്വമെന്ന് ഉരുവിട്ട് പൊളിറ്റിക്കൽ ഇസ്ലാമിനു മതേതരത്വകീശയുള്ള ജനാധിപത്യക്കുപ്പായം തുന്നലാണ് പണി. യഹൂദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകം സ്വപ്നം കാണുന്ന ഭീകരർ അവർക്കു വംശീയവാദികളല്ല; തെമ്മാടികളുമല്ല. പക്ഷേ, തീവ്രവാദത്തിന്റെ ഇരകൾക്ക് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തുർക്കിയും ഇറാനും സിറിയയുമൊക്കെ വംശവെറിയന്മാരായ തെമ്മാടികളാണെന്നു മറക്കേണ്ട.
യുദ്ധം പങ്കെടുക്കുന്നവരുടെ യാഥാർഥ്യമാണ്. പക്ഷേ, സമാധാനം എല്ലാവരുടെയും ആവശ്യമാണെന്നു കരുതി പങ്കെടുക്കുന്നവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ടതുണ്ട്. ചർച്ചകളുടെ അജണ്ടയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്ലാമിക തീവ്രവാദം ആഗോള വിഷയം തന്നെയാണ്. അതുകൊണ്ട്, ഗാസയിൽ ഹമാസിനെയും ലെബനനിൽ ഹിസ്ബുള്ളയെയും യെമനിൽ ഹൂതികളെയും ഇറാക്കിൽ ഷിയ തീവ്രവാദികളെയും തീറ്റിപ്പോറ്റുന്ന ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കപ്പെട്ടതിൽ തലതല്ലിക്കരയാനും പ്രതിഷേധിക്കാനും എല്ലാവർക്കും ബാധ്യതയില്ല.
ശരിയത്ത് നിയമം അനുവദിക്കാതിരുന്ന, ഒരു പരിധിവരെ മതേതരത്വം പാലിച്ചിരുന്ന സദ്ദാം ഹുസൈനെ ആക്രമിച്ചതുപോലെയല്ല, മതഭ്രാന്തനും സ്ത്രീസ്വാതന്ത്ര്യത്തിന്റെ മുഖം മറയ്ക്കുകയും പൗരപ്രതിഷേധങ്ങളെ അടിച്ചമർത്തുകയും തീവ്രവാദ പ്രസ്ഥാനങ്ങളെ വളർത്തി മേഖലയിൽ അരാജകത്വം വളർത്തുകയും ചെയ്യുന്ന, സൗദി രാജകുമാരൻ നവ ഹിറ്റ്ലർ എന്നു വിശേഷിപ്പിച്ച ഖമനയ്.
നമുക്കു യുദ്ധങ്ങൾ വേണ്ട. ഇസ്ലാമിക തീവ്രവാദമൊഴുക്കുന്ന വംശഹത്യകളും വേണ്ട. രണ്ടാമത്തേത് ആകാമെന്നു പറയുന്ന കറുത്ത രാഷ്ട്രീയത്തിന്റെ കള്ളനാണയങ്ങൾ ആരും കൈമാറരുത്; പശ്ചിമേഷ്യയിലായാലും കേരളത്തിലായാലും.
23-06-2025
ഈ വർഷം ഭൂകന്പമുണ്ടാകുമോ? ആർക്കും അതിനു കൃത്യമായ ഉത്തരം നൽകാനാവില്ല. ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകുമോ? അതും അത്ര കൃത്യമായി പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ഈ ദുരന്തങ്ങൾ തടയാനോ മുൻകരുതലെടുക്കാനോ കഴിഞ്ഞെന്നു വരില്ല. എന്നാൽ, ഈ വർഷം കടലേറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്.
ഈ വർഷം മാത്രമല്ല, കഴിഞ്ഞ എല്ലാ വർഷങ്ങളിലും കൃത്യമായ ഉത്തരമുള്ള ചോദ്യം. വർഷകാലത്ത് ഉറപ്പായും കടലേറ്റമുണ്ടാകും. എറണാകുളം ജില്ലയിലെ ചെല്ലാനം തീരമേഖലയിലെ ജനത അവരുടെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ ഉത്തരംകൂടിയാണിത്. അടുത്ത ചോദ്യം അധികാരികളോടാണ്, ഉറപ്പായും ഒരു ദുരന്തം സംഭവിക്കുമെന്ന് ബോധ്യമായിട്ടും അതു പരിഹരിക്കാൻ ഒന്നും ചെയ്യാതെ ഇങ്ങനെ കൈയുംകെട്ടി നിൽക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു?
എങ്ങനെയാണ് ഇതു പരിഹരിക്കേണ്ടതെന്ന് അറിയാൻ പാടില്ലാത്തതുകൊണ്ടാണ് നിങ്ങളുടെ നിസംഗതയെങ്കിൽ ഈ നാട് ക്ഷമിക്കുമായിരുന്നു. എന്നാൽ, ചെയ്യേണ്ടതു ചെയ്താൽ അലറിവിളിച്ചുവരുന്ന തിരകളെ പിടിച്ചുകെട്ടി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാമെന്നു നിങ്ങൾ തെളിയിച്ചിട്ടില്ലേ? ചെല്ലാനം ഹാർബർ മുതൽ കണ്ണമാലി പുത്തൻതോട് വരെ 7.35 കിലോമീറ്റർ തീരത്ത് ടെട്രാപോഡ് ഉപയോഗിച്ചുള്ള കടൽഭിത്തി രണ്ടു വർഷം മുന്പ് നിങ്ങൾതന്നെ സ്ഥാപിച്ച ഭാഗങ്ങളിലെ ജനങ്ങൾ ഇപ്പോൾ സമാധാനത്തോടെ അന്തിയുറങ്ങുന്നത് കാണുന്നില്ലേ? കഴിഞ്ഞ രണ്ടു വർഷവും അവിടേക്കു കടലിന് ഇരച്ചുകയറാനായിട്ടില്ല.
ആരുടെയും വീടും സ്വത്തും കവർന്നെടുക്കാൻ തിരകൾ നാവു നീട്ടിയിട്ടില്ല. അന്ന് ആഘോഷത്തോടെ അതിന്റെ ഉദ്ഘാടനം നടത്തിയപ്പോൾ നിങ്ങൾ നൽകിയ ഒരു വാഗ്ദാനമുണ്ട്; പുത്തൻതോട് മുതൽ ഫോർട്ട് കൊച്ചി വരെ അവശേഷിക്കുന്ന 12 കിലോമീറ്റർ തീരത്തും ടെട്രാപോഡ് കടൽഭിത്തി നിർമിച്ച് തീരജനതയെ സംരക്ഷിക്കുമെന്ന്. പക്ഷേ, രണ്ടു വർഷങ്ങൾക്കിപ്പുറവും അധികാരികൾ വിശ്രമിക്കുന്നു, തിര അതിന്റെ പണി തുടരുന്നു.
ഈ കാലവർഷം തുടങ്ങിയതേ നാലു വീടുകൾ കടൽ കവർന്നുകഴിഞ്ഞു. ഇരുപതോളം വീടുകൾ അറ്റകുറ്റപ്പണി ചെയ്യാതെ താമസിക്കാൻ കഴിയാത്ത സ്ഥിതിയിൽ. കടൽ കയറിവരുന്നതു കണ്ട് കൈയിൽ കിട്ടിയതെല്ലാം വാരിപ്പിടിച്ച് ഓടിയ ജനങ്ങൾ ചെറിയകടവ് പള്ളി പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാന്പിൽ ഹൃദയം തകർന്നിരിക്കുന്നു. അവരുടെ സ്വപ്നങ്ങൾക്കു മീതെയാണ് തിരകൾ ആർത്തലച്ചു കയറിക്കൊണ്ടിരിക്കുന്നത്.
സംഹാരരൂപം പൂണ്ട് എത്തുന്ന തിരകളുടെ ശക്തി കുറയ്ക്കാൻ കടലിൽ നിർമിച്ച പുലിമുട്ടുകൾ പലതും തകർന്നുകിടക്കുന്നു. എന്തുകൊണ്ടാണ് ഇതു നന്നാക്കാത്തതെന്നു ചോദിച്ചാൽ ഉത്തരം റെഡി; പുലിമുട്ട് നിർമിക്കാനുള്ള വലിയ കരിങ്കൽ കിട്ടാനില്ലത്രേ. കരിങ്കല്ലിന് ഇത്രയും ക്ഷാമമുള്ള നാട്ടിൽ പിന്നെങ്ങനെയാണ് ആയിരക്കണക്കിനു ലോഡ് കരിങ്കല്ലിറക്കി വിഴിഞ്ഞം തുറമുഖം പൂർത്തിയാക്കിയതെന്നു ചോദിക്കരുത്. ഇവിടെ സാധാരണക്കാരുടെ കാര്യം വരുന്പോഴാണല്ലോ ചട്ടവും ക്ഷാമവും നിയമവുമൊക്കെ സടകുടഞ്ഞെഴുന്നേൽക്കുന്നത്.
അധികാരികളുടെ നിസംഗതയ്ക്കെതിരേ കഴിഞ്ഞദിവസം ജനരോഷം തിരമാല പോലെ വീശിയടിച്ചപ്പോൾ കണ്ണമാലി മുതൽ മാനാശേരി വരെ ഏഴിടത്ത് മണൽ നിറച്ച ജിയോബാഗുകൾ സ്ഥാപിച്ചു സുരക്ഷയൊരുക്കുമെന്നാണ് പ്രഖ്യാപനം. ഇത്തരം തൊലിപ്പുറത്തെ ചികിത്സകളോടാണ് പലപ്പോഴും അധികാരികൾക്കു താത്പര്യം. കടലാക്രമണം തടയാൻ സ്ഥാപിച്ച പരന്പരാഗത കടൽഭിത്തികളെപ്പോലും വകവയ്ക്കാത്ത തിരകളെ നിങ്ങൾ എത്രനാൾ ജിയോബാഗ് മാത്രം കാണിച്ചു പേടിപ്പിക്കും?
ടെട്രാപോഡ് ഉപയോഗിച്ചു നിർമിച്ചിട്ടുള്ള കടൽഭിത്തിക്കു മാത്രമേ തീരത്തെ സംരക്ഷിക്കാനാകൂ എന്നു പകൽപോലെ വ്യക്തമായ സ്ഥിതിക്ക് അതു നിർമിച്ചു ജനങ്ങളെ സുരക്ഷിതരാക്കാൻ എന്തിനാണ് അമാന്തം? നാലു കാലുകളുമായി നിർമിക്കുന്ന, രണ്ടു ടണ്ണോളം ഭാരം വരുന്ന കോൺക്രീറ്റ് നിർമിതിയാണ് ഒരു ടെട്രാപോഡ്.
ചെല്ലാനത്തെ, ഇനി കടൽഭിത്തി നിർമിക്കാനുള്ള 12.5 കിലോമീറ്ററിൽ കുറെയേറെ ഭാഗം നേവിയുടെ സ്ഥലങ്ങളാണ്. അവിടെ അവർ കൽക്കെട്ടും മറ്റും നിർമിച്ചിട്ടുണ്ട്. ആറോ ഏഴോ കിലോമീറ്റർ ടെട്രാപോഡ് കടൽഭിത്തി നിർമിച്ചാൽ എല്ലാ വർഷവും വേട്ടയാടുന്ന ദുരന്തത്തിൽനിന്ന് ഇവിടത്തെ സാധാരണക്കാരെ സർക്കാരിനു നിഷ്പ്രയാസം രക്ഷിക്കാം. അടുത്ത വർഷവും ഈ ദുരന്തം വരുമെന്നുറപ്പാണ്, അതിനു മുന്പെങ്കിലും...
23-06-2025
പ്ലാസ്റ്റിക് പരിസ്ഥിതിക്ക് എത്രത്തോളം വിനാശകാരിയാണെന്ന് വീണ്ടും വീണ്ടും എടുത്തുപറയേണ്ട കാര്യമില്ല. ലോകം മുഴുവൻ അംഗീകരിച്ച വസ്തുതയാണത്.
പരിസ്ഥിതിക്കും ആരോഗ്യത്തിനും അതു വരുത്തിവയ്ക്കുന്ന മാരകമായ പ്രത്യാഘാതം കണക്കിലെടുത്ത് പ്ലാസ്റ്റിക്കിന്റെ നിർമാർജനവും ലോകം അംഗീകരിച്ചതാണ്. വിശേഷിച്ചും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് ഏറ്റവും അപകടകാരി. ഈ സാഹചര്യത്തിലാണ് പ്ലാസ്റ്റിക്കിനെതിരായ ഏതു നടപടിയും സ്വാഗതാർഹമാകുന്നത്.
സംസ്ഥാനത്ത് പൊതുചടങ്ങുകളിലും ഔദ്യോഗിക ചടങ്ങുകളിലും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഹൈക്കോടതി നിരോധിച്ചിരിക്കുകയാണ്. ഗാന്ധിജയന്തി ദിനത്തിൽ നിരോധനം നിലവിൽ വരും. പ്ലാസ്റ്റിക് ഭക്ഷണപാത്രം, സ്പൂൺ, കപ്പ്, സ്ട്രോ, കത്തി, കവർ, ലാമിനേറ്റഡ് ബേക്കറി ബോക്സ് എന്നിവയുടെ ഉത്പാദനവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.
മലയോര ടൂറിസം മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായി നിരോധിച്ചു. അഞ്ചു ലിറ്ററിന്റെ കുപ്പിവെള്ളവും രണ്ടു ലിറ്ററിന്റെ ശീതളപാനീയക്കുപ്പിയുമേ മലയോരമേഖലയിൽ ഉപയോഗിക്കാനാവൂ.
അങ്ങേയറ്റം സ്വാഗതാർഹമാണ് ഹൈക്കോടതിയുടെ നടപടി. ബോധവത്കരണം എങ്ങും ഏശാത്ത സാഹചര്യത്തിൽ ചില കടുത്ത നടപടികൾ ഉണ്ടായേ തീരൂ. പരിസ്ഥിതി സംരക്ഷിക്കുകയെന്നത് പൗരന്റെ അടിസ്ഥാന കടമയാണെന്നു പറഞ്ഞുകൊണ്ടാണ് കോടതി നിരോധനത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി നിരീക്ഷിച്ച മറ്റൊരു പ്രധാന കാര്യമുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ എന്തൊക്കെ നടപടികളെടുത്താലും ജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ അതിന്റെ ഗുണം ലഭിക്കൂ എന്ന വസ്തുത. 2010ലും 2018ലും 2022ലും നിർണായകമായ ചില നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിരുന്ന കാര്യവും കോടതി എടുത്തുപറഞ്ഞു.
പ്ലാസ്റ്റിക്കുകൾ പെട്രോകെമിക്കൽ ഉത്പന്നങ്ങളായ പെട്രോളിയം, പ്രകൃതിവാതകം എന്നിവയിൽനിന്ന് ഉത്പാദിപ്പിക്കുന്ന പോളിമറുകൾ അടങ്ങിയ ഒരുകൂട്ടം സിന്തറ്റിക് വസ്തുക്കളാണ്. എല്ലാത്തരം ഉപഭോക്തൃ വസ്തുക്കളുടെയും ഉത്പാദനം വർധിപ്പിക്കുന്ന രീതിയിലാണ് നമ്മുടെ സാമൂഹിക, സാമ്പത്തിക, വികസന മാതൃകകൾ.
പെട്രോകെമിക്കൽ വ്യവസായം നിരന്തരം വൈവിധ്യവത്കരിക്കപ്പെട്ടതും വിലകുറഞ്ഞ അസംസ്കൃത വസ്തുക്കൾ ലഭ്യമായതും ഈ വളർച്ചയെ സഹായിച്ചു. നിറം, രൂപം, കാഠിന്യം, കനം, നശീകരണശേഷി തുടങ്ങി പ്ലാസ്റ്റിക്കുകൾക്ക് വ്യത്യസ്ത ഗുണവിശേഷങ്ങളുണ്ട്.
ഇതു പരിസ്ഥിതിയിലേക്കു വലിച്ചെറിയുമ്പോൾ അവ നശിച്ചുപോകാതെ വിവിധ അവസ്ഥകളിലേക്കു മാറുന്നു. വ്യവസായവും ഉപഭോക്താക്കളും അനുഗ്രഹമെന്നു കരുതുന്ന പ്ലാസ്റ്റിക്കിന്റെ പ്രധാന ഗുണങ്ങളിൽ ചിലതാണ് നിർഭാഗ്യവശാൽ പ്രകൃതിക്ക് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത്. ഉദാഹരണമായി ഭാരം കുറഞ്ഞതും നശിക്കാത്തതുമായ സ്വഭാവം.
1950കൾ മുതലാണ് പ്ലാസ്റ്റിക് വ്യാപകമായി നിലവിൽ വന്നത്. എല്ലാ വ്യവസായ മേഖലയിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാക്കേജിംഗാണ്. അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന വാർഷിക പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ ഏകദേശം 30-40 ശതമാനം നിലവിൽ പാക്കേജിംഗിനായാണ് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ സാമൂഹിക, സാമ്പത്തിക വശങ്ങളെക്കുറിച്ച് പഠിച്ചു തയാറാക്കിയ പല ഗവേഷണ റിപ്പോർട്ടുകളും പരസ്പരവിരുദ്ധമായ പരിഹാരങ്ങൾ നിർദേശിക്കുന്നതും ഈ വിഷയത്തിലെ വെല്ലുവിളിയാണ്. യൂറോപ്പിലെ 33 രാജ്യങ്ങളിൽ തെറ്റായ പ്ലാസ്റ്റിക് സംസ്കരണം വരുത്തിവച്ച പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല.
ആഗോളതലത്തിൽ പ്ലാസ്റ്റിക് നിർമാർജനവുമായി ബന്ധപ്പെട്ട വേറെയും പല പ്രതിസന്ധികളുമുണ്ട്. 2022ലെ ചരിത്രപരമെന്നു വിശേഷിപ്പിക്കപ്പെട്ട യുഎൻ ആഗോള പരിസ്ഥിതി ഉടന്പടി പരാജയപ്പെട്ടത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതുണ്ട്. പ്രശ്നത്തെ വ്യക്തമായി നിർവചിച്ചെങ്കിലും പരിഹാരത്തെക്കുറിച്ചുള്ള തർക്കം എല്ലാം അവതാളത്തിലാക്കി.
ബുസാനിൽ ഇതുമായി ബന്ധപ്പെട്ട അഞ്ചാംവട്ട ചർച്ചകളിൽ പങ്കെടുത്ത 170 രാജ്യങ്ങളിൽ എൺപതോളം രാജ്യങ്ങൾ പ്ലാസ്റ്റിക്കിന്റെ ഉറവിടമായ നവപോളിമർ (Virgin Polymer) ക്രമേണ കുറയ്ക്കുക എന്നതാണ് പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാനുള്ള ഏക ഫലപ്രദമായ വഴിയെന്ന് ഉറച്ചു വിശ്വസിച്ചു.
എന്നാൽ, എണ്ണ ഖനനത്തെയും പെട്രോകെമിക്കൽ ശുദ്ധീകരണത്തെയും ആശ്രയിച്ച് സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്ത വലിയ വികസ്വര രാജ്യങ്ങളിൽ പലതും ഇത്തരം നിർദേശങ്ങളെ എതിർക്കുന്നു. പ്ലാസ്റ്റിക് ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള ആവശ്യങ്ങളെ, പരിസ്ഥിതിവാദത്തിന്റെ മറവിലുള്ള വ്യാപാര തടസങ്ങളായിട്ടാണ് അവർ കാണുന്നത്.
ഉത്പാദനം നിയന്ത്രിക്കേണ്ട ഒന്നായി പ്ലാസ്റ്റിക് മലിനീകരണ പ്രശ്നത്തെ ചിത്രീകരിക്കുന്നത് 2022ലെ പ്രമേയത്തിന്റെ ഉദ്ദേശ്യങ്ങൾക്കപ്പുറമാണെന്നും അവർ കരുതുന്നു. അതിൽ പിന്നീടും ലോകരാജ്യങ്ങൾ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു.
ഉത്പാദന വെട്ടിക്കുറവിനെ എതിർക്കുന്ന രാജ്യങ്ങളോടൊപ്പമായിരുന്നു അന്ന് ഇന്ത്യ. പ്രതിവർഷം ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ മൂന്നിലൊന്ന് പുനരുപയോഗം ചെയ്യാനുള്ള ശേഷിയേ ഇന്ത്യയിലുള്ളൂ എന്ന കാര്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
സമ്പദ്വ്യവസ്ഥയ്ക്ക് പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാകാത്തതാണ് എന്നത് ജനങ്ങളുടെ ആരോഗ്യത്തിലും നമ്മുടെ പരിസ്ഥിതിയിലും സമുദ്ര പരിസ്ഥിതിയിലും ഉണ്ടാക്കുന്ന ആഘാതങ്ങൾ പഠിക്കുന്നത് തടസപ്പെടുത്തുന്നതിനു കാരണമായിക്കൂടാ.
ചരിത്രത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും തെറ്റായ ഭാഗത്തുനിന്ന് നിരന്തരം അതിനെ ന്യായീകരിക്കുന്നതിലും നല്ലത് ക്രമാനുഗതവും ആസൂത്രിതവുമായ പിന്മാറ്റമാണ്. ജനങ്ങളുടെ പരിപൂർണമായ പിന്തുണയും ഇക്കാര്യത്തിൽ ആവശ്യമാണ്.
23-06-2025
ആശയവിനിമയത്തിൽ ലോകമിന്ന് ഉള്ളംകൈയിലെ നെല്ലിക്കയാണ്; നീതിബോധം മനുഷ്യമനസിന്റെ വേദനയാറ്റാനുള്ള അഗ്നിശലാകയും. എന്നിട്ടും ആധുനികരെന്നു പറയുന്ന മനുഷ്യർ കൊന്നുതീർക്കുകയാണ്. പക തേച്ച ആയുധങ്ങൾ ഭൂമിയിലും ആകാശത്തിലും ജലത്തിലും മനസിലും നിർബാധം പ്രഹരമേൽപ്പിക്കുന്നു.
ലോകം അറിഞ്ഞ് ‘ആഘോഷിക്കുന്ന’ യുദ്ധങ്ങളെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. ബോധപൂർവം തമസ്കരിക്കുന്ന കൊടുംക്രൂരതകളെക്കുറിച്ചാണ്; വിവരവിനിമയത്തിന്റെ മിന്നൽയുഗത്തിലും ലോകമറിയരുതെന്ന് ആരൊക്കെയോ ആഗ്രഹിക്കുന്ന ഭീകരവാഴ്ചയെക്കുറിച്ചാണ്.
മനുഷ്യവംശത്തിന്റെ ‘പിള്ളത്തൊട്ടിൽ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആഫ്രിക്ക ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ‘ഇരുണ്ട യുഗ’ത്തിലാണോ? നൈജീരിയയിലും മറ്റു പല ആഫ്രിക്കൻ രാജ്യങ്ങളിലും നടക്കുന്ന കാര്യങ്ങൾ വിലയിരുത്തുന്പോൾ അങ്ങനെ വേണം കരുതാൻ.
കഴിഞ്ഞ ഞായറാഴ്ച, പീഡനങ്ങളിലൂടെ കടന്നുപോകുന്ന ആഫ്രിക്കയിലെയും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലെയും ജനങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കുകയായിരുന്നു ലെയോ പതിനാലാമൻ മാർപാപ്പ. ഈ സംഭവങ്ങൾക്കു നേരേ ലോകമനഃസാക്ഷിയുടെ കണ്ണും കാതും തുറക്കണമെന്ന് അദ്ദേഹം അപേക്ഷിച്ചു. പരിശുദ്ധ പിതാവിന്റെ പരിദേവനം ബധിരകർണങ്ങളിലായാൽ നീതിയെന്ന വാക്ക് തീയിലെരിക്കേണ്ടിവരും.
നൈജീരിയയിലെ ബെന്യു എന്ന സംസ്ഥാനത്ത് ശനിയാഴ്ച പുലർച്ചെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് ഇരുനൂറിലേറെപ്പേരാണ്. ഈ സംഭവം പ്രത്യേകം പരാമർശിച്ചുകൊണ്ടാണ് മാർപാപ്പ “നൈജീരിയൻ ഗ്രാമങ്ങളിലെ പാവപ്പെട്ട ക്രൈസ്തവർക്കു നേരേ കണ്ണുതുറക്കൂ” എന്നു ലോകത്തോടു പറഞ്ഞത്.
അഭയാർഥികളാകേണ്ടിവരിക എന്നതുതന്നെ മനുഷ്യാന്തസിനു നേരിടേണ്ടിവരുന്ന കൊടിയ വേദനയാണ്. അങ്ങനെ അഭയം തേടിയവരെ അടച്ചുപൂട്ടി ചുട്ടുകൊല്ലുക എന്നതിനെ ലോകഭാഷകളിലെ ഏതു വാക്കുകൊണ്ടാണ് വിശേഷിപ്പിക്കുക? കഴിഞ്ഞ മാസം മാത്രം 204 അക്രമസംഭവങ്ങളാണ് നൈജീരിയയിലുണ്ടായത്. കൊല്ലപ്പെട്ടത് 605 പേരെന്ന് ഇക്കാര്യം നിരീക്ഷിക്കുന്ന ‘ഹ്യൂം ആംഗിൾ’ റിപ്പോർട്ട് പറയുന്നു. ഭീകരർ തട്ടിക്കൊണ്ടുപോയത് 182 പേരെ. ശരീരത്തിൽ മുറിവേറ്റത് മൂവായിരത്തിലേറെപ്പേർക്ക്. മനസിനേറ്റ മുറിവുകൾക്കു കണക്കില്ല.
“ഞാൻ കണ്ടതു ശരിക്കും ഭയാനകമായിരുന്നു. ആളുകളെ കൂട്ടക്കൊല ചെയ്തു. മൃതദേഹങ്ങൾ എല്ലായിടത്തും ചിതറിക്കിടക്കുകയായിരുന്നു”- ആക്രമണത്തിന് തൊട്ടുപിന്നാലെ ഒരു പ്രാദേശിക ഇടവക വികാരി ഫാ. ഉകുമ ജോനാഥൻ ആങ്ബിയാൻബി പറഞ്ഞു.
കൂട്ടക്കൊലയ്ക്കു പിന്നിൽ ഫുലാനി ഗോത്ര ഇടയസംഘമാണെന്ന് പുരോഹിതനും മറ്റ് നിരവധി സാക്ഷികളും സ്ഥിരീകരിച്ചു. തീവ്രവാദികൾ പല കോണുകളിൽനിന്ന് പട്ടണത്തെ ആക്രമിക്കാൻ കനത്ത മഴ മറയായി ഉപയോഗിക്കുകയായിരുന്നു.
‘ദ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’ പുറത്തുവിടുന്ന വിവരങ്ങളാകട്ടെ പൈശാചികത്വത്തിന്റെ പരിപൂർണ സാക്ഷ്യങ്ങളാണ്. നൈജീരിയയിൽ മാത്രമല്ല ഭീകരവാഴ്ച. ബുർക്കിന ഫാസോ, കോംഗോ, സൊമാലിയ... ഒരിടത്തും ക്രൈസ്തവർക്കു രക്ഷയില്ല. അൽഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഷബാബ്, ബൊക്കോ ഹറാം തുടങ്ങിയ ഇസ്ലാമിക ഭീകരർ ഇവിടങ്ങളിൽ അഴിഞ്ഞാടുകയാണ്.
1999ൽ നൈജീരിയയിലെ പന്ത്രണ്ട് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങൾ ശരിഅത്ത് നിയമം പ്രഖ്യാപിച്ചിരുന്നു. അതോടെയാണ് ക്രൈസ്തവർ തോക്കിൻമുനയിലായത്. നൈജീരിയൻ ക്രിസ്ത്യൻ ജനതയ്ക്കെതിരായ അക്രമം വടക്കൻ പ്രദേശങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
2009ൽ ബൊക്കോ ഹറാം എന്ന ഭീകരപ്രസ്ഥാനം രൂപംകൊണ്ടതോടെ ക്രൈസ്തവർ നിരന്തരം അക്രമത്തിനിരയാവാൻ തുടങ്ങി. ഇന്റർനാഷണൽ സൊസൈറ്റി ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് റൂൾ ഓഫ് ലോയുടെ 2023 ഏപ്രിലിലെ റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ പതിനാലു വർഷത്തിനിടെ 52,250 പേരെങ്കിലും ക്രൈസ്തവരായതിന്റെ പേരിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ബൊക്കോ ഹറാമിനൊപ്പം ഇപ്പോൾ ഈ പ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP) എന്ന മറ്റൊരു തീവ്രവാദ ഗ്രൂപ്പും പ്രവർത്തിക്കുന്നു. രണ്ടും വടക്കൻ സംസ്ഥാനങ്ങളിൽനിന്ന് ക്രിസ്തുമതം ഇല്ലാതാക്കാൻ ശ്രമിക്കുന്നു.
ആഫ്രിക്കയിലാകെ മൂന്നുവർഷത്തിനിടെ 26,769 ക്രൈസ്തവർ കൊലചെയ്യപ്പെട്ടെന്ന കണക്ക് ആരുടെയും ഹൃദയം പിളർക്കാത്തതെന്തുകൊണ്ടാണ്? യുദ്ധവിരുദ്ധ റാലികൾ നടത്തുന്നവരുടെ ചിന്തകളെ ചുവപ്പിക്കാത്തതെന്ത്? മനഃപൂർവമായ ഈ തമസ്കരണത്തിന്റെ കാരണമാണ് അന്വേഷിക്കേണ്ടത്. ഏതു നീതിബോധമാണ് ഇവരെ നയിക്കുന്നത് എന്നാണു തിരിച്ചറിയേണ്ടത്.
ഇസ്ലാമിക ഭീകരതയ്ക്കുള്ള തിരിച്ചടികളാണ് പലരുടെയും രക്തം തിളപ്പിക്കുന്നത് എന്ന നടുക്കുന്ന സത്യത്തിനു നേർക്കു പിടിച്ച കണ്ണാടിയാണ് ലോകമെങ്ങും കാണുന്ന നിസംഗത. മതഭ്രാന്ത് കൊടുമുടി കടക്കുന്പോൾ ക്രൈസ്തവർ മാത്രമല്ല, തങ്ങളെ തുണയ്ക്കാത്ത ഇസ്ലാം മതവിശ്വാസികളും ഇരയാകുന്നുണ്ട് എന്നതെങ്കിലും ഈ നിസംഗതയുടെ ‘അയൺ ഡോം’ തുളച്ചു കടക്കേണ്ടതല്ലേ?
ഭീകരവാദത്തെ നിഷ്പക്ഷമായും സമതുലിതമായും നേരിടുകയാണു വേണ്ടത്. ചിലതു കേൾക്കുന്പോൾ മാത്രം തിളയ്ക്കുകയും ചിലതു കേൾക്കുന്പോൾ തണുത്തുറയുകയും ചെയ്യുന്ന ചോരയെ സംശയിച്ചേ മതിയാകൂ. തുലാസിന്റെ ഒരു തട്ട് എപ്പോഴും താഴ്ന്നിരിക്കുന്പോൾ നീതിയെന്നത് കുരുടൻ കണ്ട ആനയെപ്പോലെയാകും.
മനുഷ്യൻ പിച്ചവച്ച ഇടം മാത്രമല്ല ആഫ്രിക്ക. വർണവെറിയുടെ കൊടുംക്രൂരതകളെ ചങ്കുറപ്പോടെ അതിജീവിച്ചവരുടെ ജന്മദേശംകൂടിയാണ്. സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും നീതിബോധത്തെയുംകുറിച്ച് പുതിയ ഭാഷ്യങ്ങൾ രചിച്ച നെൽസൺ മണ്ടേലയുടെ സമരഭൂമിയുമാണത്. ലെയോ മാർപാപ്പ ആഹ്വാനം ചെയ്തതുപോലെ, അവിടേക്ക് ലോകം കണ്ണും മനഃസാക്ഷിയും തുറക്കാൻ വൈകിക്കൂടാ.
ജോഹാനസ്ബർഗിലെ അപ്പാർത്തൈഡ് മ്യൂസിയത്തിൽ കുറിച്ച, നെൽസൺ മണ്ടേലയുടെ വാക്യം ആരും മറക്കരുത്. “സ്വതന്ത്രനാവുകയെന്നാല് തന്റെ ചങ്ങല പൊട്ടിച്ചെറിയുക എന്നു മാത്രമല്ല അര്ഥം; മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ സ്വാതന്ത്ര്യം വര്ധിപ്പിക്കുകയും ചെയ്യുന്ന തരത്തില് ജീവിക്കുക എന്നതുകൂടിയാണ്.”
18-06-2025
ജാതി കണക്കെടുപ്പിനെക്കുറിച്ച് പറയാതെ കേന്ദ്രം സെൻസസ് വിജ്ഞാപനം പുറപ്പെടുവിച്ചു. അതു മുന്പേ പറഞ്ഞിട്ടുണ്ടല്ലോയെന്ന സർക്കാരിന്റെ ന്യായം നിലനിൽക്കില്ല. കാരണം, വിജ്ഞാപനത്തിലുള്ള മിക്ക കാര്യങ്ങളും മുന്പു പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ആ ഔദ്യോഗിക രേഖയിൽ ജാതി മാത്രം ഒഴിവാക്കി.
ജാതി കണക്കെടുപ്പിനോട് തുടക്കംമുതൽ താത്പര്യമില്ലാതിരുന്ന കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽനിന്ന് അത് ഒഴിവാക്കുന്പോൾ സ്വാഭാവികമായും സംശയം ഉടലെടുക്കും. അതാണിപ്പോൾ സംഭവിച്ചിട്ടുള്ളത്. ഇഷ്ടമില്ലാത്തതു ചെയ്യുന്പോഴുണ്ടാകുന്ന ഇത്തരം വിട്ടുപോകലുകളാവാം, ബ്രിട്ടീഷുകാർ ഉപേക്ഷിച്ച കോളനിയിൽ 78 വർഷങ്ങൾക്കുശേഷവും പാർശ്വവത്കരിക്കപ്പെട്ട മറ്റൊരു കോളനി സ്വതന്ത്രമാകാത്തതിന്റെ കാരണങ്ങളിലൊന്ന്.
2011ലാണ് ഒടുവിലത്തെ സെൻസസ് നടത്തിയത്. 2021ൽ നടത്തേണ്ടിയിരുന്നതും കോവിഡ് മൂലം മുടങ്ങിയതുമായ സെൻസസ് അടുത്ത വർഷം നടത്താനുള്ള വിജ്ഞാപനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. ലഡാക്ക്, ജമ്മു കാഷ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് മുതലായ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ 2026 ഒക്ടോബർ ഒന്നിനും മറ്റു ഭാഗങ്ങളിൽ 2027 മാർച്ച് ഒന്നിനും നടപടികളാരംഭിക്കും.
ഭവന സാഹചര്യങ്ങൾ, സ്വത്തുക്കൾ, മറ്റു സൗകര്യങ്ങൾ എന്നീ വിവരങ്ങൾ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനിലൂടെ ശേഖരിക്കുന്പോൾ വ്യക്തികളുടെ സാമൂഹിക-സാന്പത്തിക, സാംസ്കാരിക, വ്യക്തിഗത വിശദാംശങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിലൂടെ ശേഖരിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം എട്ടാമത്തെയും ഇന്ത്യയിൽ നടക്കുന്ന 16-ാമത്തെയും സെൻസസാണിത്.
ഈ സെൻസസിൽ ജാതി ഉൾപ്പെടുത്താൻ ബിജെപി സർക്കാർ തീരുമാനിച്ചത് ഏറെ തർക്കങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിലാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും ഏതാനും വർഷങ്ങളായി ഇക്കാര്യം ആവശ്യപ്പെടുകയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുകയും ചെയ്തു.
ജാതി സെൻസസിനെ എതിർത്തിരുന്ന ബിജെപി, ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെയും ഇക്കൊല്ലം ഒടുവിൽ നടത്താനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ അതിനു തയാറായെങ്കിലും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയില്ല. ഇതു നിരാശപ്പെടുത്തിയെന്നു പറഞ്ഞ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്, സർക്കാർ ‘യു ടേണ്’എടുക്കുകയാണോയെന്നും ചോദിച്ചു.
കോണ്ഗ്രസ് പിന്നാക്ക ജാതികളെ വഞ്ചിച്ചിട്ടേയുള്ളൂവെന്നും ജനതാ പാർട്ടി സർക്കാർ വന്നതിനു ശേഷമാണ് മണ്ഡൽ കമ്മീഷൻ രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് തിരിച്ചടിച്ചു. പക്ഷേ, മണ്ഡൽ കമ്മീഷനായാലും ജാതി സെൻസസായാലും ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ളതാണ് എന്ന നിലപാടായിരുന്നു സംഘപരിവാർ പരന്പരാഗതമായി കൈക്കൊണ്ടിരുന്നത്.
ജാതി സെൻസസിനു വഴങ്ങിയ ബിജെപി അതിന്റെ കീർത്തി കോൺഗ്രസിനു കൊടുക്കാതിരിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. ദിവസങ്ങൾക്കു മുന്പ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അവകാശപ്പെട്ടത്, ഇതു മോദിയുടെ മഹത്തായ നീക്കമാണെന്നും ഇത്രകാലം ഭരിച്ചിട്ടും കോൺഗ്രസിനു കഴിഞ്ഞില്ലെന്നുമാണ്.
പക്ഷേ, 2011ലെ സെൻസസിൽ യുപിഎ സർക്കാർ ജാതി ഉൾപ്പെടുത്തിയിരുന്നെന്നും അതിൽ തെറ്റുകളുണ്ടെന്ന കാരണം പറഞ്ഞ് പുറത്തുവിടാത്തത് മോദി സർക്കാരാണെന്നുമുള്ള കാര്യം അദ്ദേഹം മറച്ചുവച്ചു.
നികൃഷ്ടമായ ജാതി സന്പ്രദായത്തെയും അതിലൂടെ ഉരുവപ്പെട്ട സവർണാധികാര ഘടനയെയും ഒഴിച്ചുനിർത്തിയാൽ, രാജ്യത്തെ ദളിതരുടെയും ആദിവാസികളുടെയും പിന്നാക്കാവസ്ഥയ്ക്ക്, മാറിമാറിവന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പങ്കുണ്ട്. കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസിനും ഒഴിയാനാകില്ല.
പക്ഷേ, 14 വർഷം മുന്പ് ജാതി സെൻസസിലൂടെ അവർ തിരുത്താൻ തയാറായെങ്കിലും ഫലം പുറത്തുവന്നില്ല. ഹിന്ദുക്കളെ ഭിന്നിപ്പിക്കാനാണ് ജാതി സെൻസസ് എന്ന് ആക്ഷേപിച്ചിരുന്ന ബിജെപി ഇപ്പോൾ അതിനു തയാറായിട്ടുള്ളത് പൂർണ മനസോടെയല്ലെന്നു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. തനിച്ചു ഭരിക്കാൻ ഭൂരിപക്ഷം ലഭിക്കാതിരുന്ന, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പും പാഠമായിട്ടുണ്ടാകണം.
ഭരിക്കാൻ ഒപ്പം കൂട്ടിയ നിതീഷ് കുമാർ (ജനാതാദൾ-യു) ബിഹാറിലെ ജാതിവോട്ടിന്റെ പ്രാധാന്യമറിഞ്ഞ് സെൻസസിനുവേണ്ടി നിലകൊള്ളുക മാത്രമല്ല, 2022ൽ ജാതി സർവേ നടത്തുകയും ചെയ്ത ആളാണ്. മാത്രമല്ല, സെൻസസിനോടു മുഖം തിരിച്ച്, ബിജെപിക്കു കോൺഗ്രസ്-രാഷ്ട്രീയ ജനതാദൾ സഖ്യത്തെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിടാനുമാവില്ല.
മറ്റൊരു കാരണം, ഹിന്ദുത്വ വൈകാരികതയെ പഴയതുപോലെ ഇനി ആശ്രയിക്കാനാകില്ല എന്നതാണ്. രാമക്ഷേത്രം പണിത അയോധ്യയിൽപോലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുകയായിരുന്നു. അതുപോലെ, ലോക സാന്പത്തിക പട്ടികയിൽ മുന്നേറുകയാണെങ്കിലും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം രാജ്യത്ത് ബിജെപി ഭരണത്തിൽ വർധിച്ചെന്ന യാഥാർഥ്യവും തെരഞ്ഞെടുപ്പ് ഗോദയിൽ ചർച്ച ചെയ്യപ്പെടും. അതിൽ ഏറ്റവും ദരിദ്രരായ ദളിതരെയും ആദിവാസികളെയും അവഗണിച്ച് ഏറെ മുന്നോട്ടു പോകാനാവില്ല.
ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമതായതിനുശേഷമുള്ള ഈ വന്പൻ കണക്കെടുപ്പ് ലോകം കാത്തിരിക്കുന്നതാണ്. നമുക്കും തിരുത്താനുണ്ട്. ഈ രാജ്യത്തിന്റെ സ്വത്തും അധികാരവും അവകാശങ്ങളുമൊക്കെ ഏതുവിധമാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്. അനീതികൾക്കു പരിഹാരം ചെയ്യാൻ അതിന്റെ കൃത്യമായ കണക്ക് ആവശ്യമാണ്.
നുണപ്രസംഗങ്ങൾക്കും വ്യാജ അവകാശവാദങ്ങൾക്കും അന്ത്യമാകണം. ജാതി സെൻസസ് നടത്തിയാൽ, സംവരണം ഇല്ലാത്തവരുടെ ഉള്ള അവസരങ്ങൾകൂടി നഷ്ടപ്പെടുമെന്ന വാദവും സജീവമായിട്ടുണ്ട്. തീർച്ചയായും സവർണ വിഭാഗത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ആശങ്കയാകാം അത്. പക്ഷേ, ഈ രാജ്യത്ത് സാന്പത്തികമായും സാമൂഹികമായും തങ്ങളേക്കാൾ ഏറെ പിന്നിലുള്ളവരെക്കുറിച്ചാണ് ഇതു പറയുന്നതെന്ന് അവരറിയുന്നില്ല.
അവരെ തെറ്റിദ്ധരിപ്പിക്കുന്നത് രാഷ്ട്രീയമാണ്. ഇന്നും ദളിതരെയും ആദിവാസികളെയും തൊട്ടുകൂടാത്തവരായി, ഒരേ കിണറ്റിൽനിന്നോ പാത്രത്തിൽനിന്നോ വെള്ളമെടുക്കാൻ അവകാശമില്ലാത്തവരായി, സവർണ ബാലനെ മകനേയെന്നു വിളിക്കാൻ അവകാശമില്ലാത്തവരായി, ചില ക്ഷേത്രങ്ങളിലെങ്കിലും പ്രവേശനമില്ലാത്തവരായി, ഒന്നിച്ചിരിക്കാൻ യോഗ്യതയില്ലാത്തവരായി... നിലനിർത്തിയ രാഷ്ട്രീയം; 10 ശതമാനം സന്പന്നരുടെ കൈയിൽ ദേശീയ വരുമാനത്തിന്റെ 57 ശതമാനവും പിടിപ്പിച്ച രാഷ്ട്രീയം.
അവരല്ലാതെ ആരും കണക്കിനെ അഥവാ സത്യത്തെ ഭയപ്പെടേണ്ടതില്ല. ഭയമില്ലെങ്കിൽ, ജാതി സെൻസസ് നടത്തുമെന്ന തീരുമാനം മനസിലൊതുക്കിയാൽ പോരാ, വിജ്ഞാപനത്തിലും വേണം.
18-06-2025
വിനാശത്തിന്റെ അഞ്ചാം ദിവസത്തിലേക്ക് യുദ്ധം കടന്നിരിക്കുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിശകലനങ്ങളെല്ലാം ലഭ്യമായ വിവരങ്ങൾ വച്ചുള്ള ഊഹാപോഹങ്ങൾ മാത്രമാണ്. പക്ഷേ, ലഭ്യമല്ലാത്ത വിവരങ്ങൾ അതിന്റെ കൃത്യതയെ ദുർബലമാക്കുന്നുണ്ട്.
ഉദാഹരണത്തിന്, ഇസ്രയേൽ ഇറാന്റെ മണ്ണിൽ രഹസ്യകേന്ദ്രമുണ്ടാക്കി ഇറാനെ ആക്രമിച്ചത് ഇറാനോ യുദ്ധവിദഗ്ധരോ അറിഞ്ഞില്ല.
ഇറാനും സർവശക്തിയും പ്രയോഗിക്കും. ഇറാന്റെ നിലനിൽപ് തങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് ഇസ്രയേൽ കരുതുന്നതുപോലെ, അമേരിക്കൻ പിന്തുണയുള്ള ഇസ്രയേലിന്റെ വളർച്ച തങ്ങൾക്ക് ഭീഷണിയാണെന്ന് ഇറാനും കരുതുന്നു. അവരുടെ ആണവായുധ നിർമാണ ശ്രമങ്ങളുടെ യുക്തിയും അതാണ്. പരസ്പര ഭയമാണ് യുദ്ധകാരണം. അതില്ലാതാക്കാനാണ് ഐക്യരാഷ്ട്രസഭ ശ്രമിക്കേണ്ടത്.
ഇറാന്റെ ആണവ ശാസ്ത്രജ്ഞരെയും സൈനിക മേധാവികളെയും ഇസ്രയേൽ വകവരുത്തി. ഇസ്രയേലിൽ ഉണ്ടായതിന്റെ പതിന്മടങ്ങ് നാശം ഇറാനിൽ ഉണ്ടായെങ്കിലും ഇസ്രയേൽ പ്രതീക്ഷിക്കാത്തത്ര നാശം ഇറാനും സൃഷ്ടിച്ചിട്ടുണ്ട്. പ്രതിരോധ റഡാർ സംവിധാനമായ അയൺ ഡോമിന്റെ കണ്ണുവെട്ടിച്ച് ടെൽ അവീവിലും ജറുസലെമിലും ഉൾപ്പെടെ ഇറാൻ മിസൈലുകൾ വീഴ്ത്തി. ഒരേസമയം നൂറുകണക്കിനു മിസൈലുകൾ വിക്ഷേപിച്ചുകൊണ്ടാണ് ഇതു സാധിച്ചത്.
പൗരന്മാരെ ഭൂഗർഭനിലകളിലേക്കു മാറ്റിയതിനാൽ ഇസ്രയേലിൽ മരണസംഖ്യ കുറഞ്ഞു. ഇറാന്റെ പ്രതിരോധമന്ത്രാലയ ആസ്ഥാനങ്ങൾ, ആണവകേന്ദ്രങ്ങൾ, ഇന്ധന സംഭരണശാലകൾ, പ്രകൃതിവാതക ഖനന കേന്ദ്രങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയവയ്ക്ക് ഇസ്രയേൽ കനത്ത നാശം വിതച്ചു. ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും നിർത്താമെന്ന് ഇറാൻ പറഞ്ഞെങ്കിലും ഇസ്രയേൽ ഗൗനിക്കുന്നില്ല. വെടിനിർത്തലിനു മുന്പ് നിശ്ചയിച്ചുറപ്പിച്ച ലക്ഷ്യങ്ങളിൽ കുറെയെങ്കിലും കൈവരിച്ചെന്ന് ഉറപ്പാക്കാനാകും ഇസ്രയേലിന്റെ നീക്കം.
ഇറാന്റെ ശത്രുക്കൾ പുറത്തു മാത്രമല്ല, അകത്തുമുണ്ട്. കേരളത്തിൽ ഉള്ളത്ര ഇറാൻ ആരാധകർ മതമൗലികവാദികളെ ഒഴിവാക്കിയാൽ ഇറാനിൽ ഉണ്ടാകില്ല. ഖമനയ്യുടെ മനുഷ്യാവകാശ-സ്ത്രീവിരുദ്ധ ഇസ്ലാമിക ഭരണത്തിന് രാജ്യത്തിനുള്ളിൽ വലിയ എതിർപ്പുണ്ട്.
2022ൽ പൊട്ടിപ്പുറപ്പെട്ട ശിരോവസ്ത്ര വിരുദ്ധ പ്രക്ഷോഭത്തെ കൊന്നും ജയിലിലിട്ടും അടിച്ചമർത്താൻ ഭരണകൂടത്തിനു കഴിഞ്ഞെങ്കിലും മതമൗലികവാദികളല്ലാത്ത പൗരന്മാരുടെ ഉള്ളിൽ സ്വാതന്ത്ര്യവാഞ്ഛയുടെ നീറിപ്പുകയുന്ന അഗ്നിപർവതമുണ്ട്. 1979ലെ ഇസ്ലാമിക വിപ്ലവത്തിനു മുന്പ്, വസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ജീവിതരീതികളിലും സ്വാതന്ത്ര്യം അനുഭവിച്ചിരുന്നവരാണ് ഇറേനിയൻ പൗരന്മാർ.
സ്ത്രീകൾ നരകത്തിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാന്റെ പ്രാന്തപ്രദേശത്ത് രഹസ്യമായി സൈനിക കേന്ദ്രമുണ്ടാക്കിയ മൊസാദ് അവിടെനിന്നുതന്നെ ആ രാജ്യത്തെ ആക്രമിച്ചത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. അടിച്ചമർത്തപ്പെട്ട ജനതയിൽനിന്നു ചാരന്മാരെ കിട്ടാൻ എളുപ്പമാണെന്നുകൂടി തെളിഞ്ഞിരിക്കുന്നു.
പൊരുതാൻ ഇറാന് എത്രത്തോളം ആയുധങ്ങളുണ്ടെന്ന് കൃത്യമായ വിവരങ്ങളൊന്നുമില്ല. പക്ഷേ, ശത്രുവിന്റെ കണക്കുകൂട്ടലിന് അപ്പുറമാണ് അവരുടെ ആയുധശേഷിയെങ്കിൽ, ഇസ്രയേലിന്റെ നഷ്ടം വർധിക്കുകയാണെങ്കിൽ, ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുകയാണെങ്കിൽ, എണ്ണവില പരിധിക്കപ്പുറം വർധിക്കുകയാണെങ്കിൽ... ഈ യുദ്ധത്തിൽ തങ്ങൾക്കു പങ്കില്ലെന്ന പ്രസ്താവന അമേരിക്ക പിൻവലിക്കാനാണു സാധ്യത.
ആണവ പദ്ധതികളെ നിർവീര്യമാക്കുക മാത്രമല്ല, നേതൃമാറ്റവും ലക്ഷ്യമിട്ടുകൊണ്ടാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയതെന്നു വേണം കരുതാൻ. പരമോന്നത നേതാവ് ആയത്തുള്ള ഖമനയ്യെ വകവരുത്താൻ പദ്ധതിയിട്ടെങ്കിലും അമേരിക്ക തടഞ്ഞെന്നാണ് റിപ്പോർട്ടുകൾ. മേഖലയിലെ ഇസ്ലാമിക ശക്തികേന്ദ്രവും ഹൂതി, ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ തീവ്രവാദ സംഘടനകളുടെ പിൻബലവുമായ ഇറാനെ ഇളക്കി പ്രതിഷ്ഠിച്ചില്ലെങ്കിൽ തങ്ങളുടെ സുരക്ഷയ്ക്ക് സ്ഥിരതയുണ്ടാകില്ലെന്ന് ഇസ്രയേൽ കരുതുന്നു.
ആ ഭീകര കണ്ണി പൊട്ടിക്കലാണ് ഇസ്രേലി പദ്ധതി. അമേരിക്കൻ പിന്തുണയുള്ള ഇസ്രയേൽ തങ്ങൾക്കു ഭീഷണിയാണെന്ന് ഇറാനും കരുതുന്നുണ്ട്. ഈ പരസ്പര ഭയം ഇല്ലാതാക്കാൻ ഇന്നത്തെ ലോകക്രമത്തിനോ ദുർബലമായ ഐക്യരാഷ്ട്ര സംഘടനയ്ക്കോ ശേഷിയില്ല. അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി ഇറാനെ പിന്തുണയ്ക്കാനുമിടയില്ല. വ്യാപാര-സൈനിക താത്പര്യങ്ങളും ഷിയ-സുന്നി ഭിന്നതകളുമൊക്കെ കാരണങ്ങളാണ്. ഭീകരപ്രസ്ഥാനങ്ങൾ തങ്ങൾക്കും ഭീഷണിയാണെന്ന് അറബ് രാജ്യങ്ങളും തിരിച്ചറിയുന്നുമുണ്ട്.
പുരാതന ചൈനയിലെ സൈനികോദ്യോഗസ്ഥനും യുദ്ധതന്ത്രം എന്ന പുസ്തകത്തിന്റെ രചയിതാവുമായ സൺ സൂ പറയുന്നത്, യുദ്ധമില്ലാതെ ശത്രുവിനെ കീഴടക്കുന്നതാണ് മികച്ച യുദ്ധതന്ത്രം എന്നാണ്. പക്ഷേ, ക്രിസ്തുവിനും അഞ്ചു നൂറ്റാണ്ടു മുന്പ് ജീവിച്ചിരുന്ന സൺ സൂ ഇതു പറഞ്ഞതിനുശേഷം രണ്ടു ലോകയുദ്ധങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു യുദ്ധങ്ങൾ ലോകത്തു നടന്നു. ഓരോന്നിനും ഓരോ കാരണങ്ങൾ.
പക്ഷേ, ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രം തകർത്തുകൊണ്ട് അൽ-ക്വയ്ദ ഉദ്ഘാടനം ചെയ്ത 21-ാം നൂറ്റാണ്ടിലെ യുദ്ധകാരണങ്ങളിൽ മുഖ്യം ഇസ്ലാമിക തീവ്രവാദമാണെന്നു പലർക്കും തിരിച്ചറിയാമെങ്കിലും സമ്മതിച്ചിട്ടില്ല. പരസ്യ ഏറ്റുമുട്ടലുകൾ മാത്രമല്ല, ഇസ്ലാമിക രാജ്യങ്ങളും ഭീകരപ്രസ്ഥാനങ്ങളും, ക്രൈസ്തവർ ഉൾപ്പെടെയുള്ള ഇതര മതസ്ഥരെ വംശഹത്യ നടത്തുന്നതും മനുഷ്യവംശത്തിനെതിരേയുള്ള യുദ്ധമാണ്. ഈ ഭീകരതയെ കണ്ടില്ലെന്നു നടിച്ച് യുദ്ധത്തെയും സമാധാനത്തെയും നിർവചിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടാൻ വിധിക്കപ്പെട്ടവയാണ്.
യുദ്ധം, പങ്കെടുക്കുന്നവരെ മാത്രമല്ല, ഏറ്റക്കുറച്ചിലോടെ എല്ലാവരെയും ബാധിക്കും. അതുകൊണ്ടുതന്നെ അവസാനിപ്പിക്കേണ്ടതുണ്ട്. ഗാസ, ഇസ്രയേൽ, യുക്രെയ്ൻ, റഷ്യ, പാക്കിസ്ഥാൻ, സിറിയ, നൈജീരിയ... രാജ്യം ഏതുമാകട്ടെ, തീവ്രവാദത്തിന്റെയും ഏകാധിപത്യത്തിന്റെയും വേരറക്കാൻ യുദ്ധത്തേക്കാൾ ഫലപ്രദമായ മാർഗങ്ങളുണ്ടെന്ന് തെളിയിക്കുകയാണ് ആദ്യം വേണ്ടത്.
അതുപോലെ തങ്ങൾ ഇല്ലാതാക്കുന്നത് സ്വന്തം ആളുകളുടെ ജീവനും സമാധാനവും വികസനസാധ്യതകളുംകൂടിയാണെന്നും, വിദ്വേഷം കുത്തിനിറച്ച ബാല്യങ്ങളിൽനിന്ന് സമാധാനം കാക്ഷിക്കുന്ന യൗവനം ഉണ്ടാകില്ലെന്നും മതമൗലികവാദികളും തിരിച്ചറിയണം. തീവ്രവാദ വിരുദ്ധതയുടെ കാര്യത്തിൽ എല്ലാവരും നിശബ്ദത ഭഞ്ജിക്കണം. ഐക്യരാഷ്ട്രസഭയുടേത്, കേൾക്കാൻ ആളില്ലാത്ത സമാധാന ആഹ്വാനങ്ങളായിരിക്കാം. പക്ഷേ, അരുതെന്നു പറയാൻ മറ്റൊരു കൂട്ടായ്മയും നിലവിലില്ലെന്നതും മറക്കരുത്.
18-06-2025
ഉത്തരേന്ത്യയിലെ ആൾക്കൂട്ട ആക്രമണം കേരളത്തിൽ സർക്കാർ വകുപ്പുകൾ ഏറ്റെടുക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തല്ലിക്കൊല്ലുന്നില്ലെങ്കിലും നിരപരാധികളെ സംശയത്തിന്റെ പേരിൽ ജയിലിലിട്ടു പീഡിപ്പിക്കുന്നത് പതിവായിട്ടുണ്ട്.
വ്യാജ എൽഎസ്ഡി സ്റ്റാന്പ്, കൽക്കണ്ട എംഡിഎംഎ, മ്ലാവ് ഇറച്ചി, പേരൂർക്കട വ്യാജമോഷണം തുടങ്ങിയ കേസുകളിലെല്ലാം ഇരകൾ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു. പക്ഷേ, ആ നിരപരാധികളുടെ ജയിൽവാസത്തിനും സഹിച്ച അപമാനത്തിനും ഉത്തരവാദികൾ ഇല്ല! അക്രമത്തിനുശേഷം ആൾക്കൂട്ടം പിരിഞ്ഞുപോകുന്നതുപോലെ ഉത്തരവാദികൾ രക്ഷപ്പെടുകയാണ്. സർക്കാരും കണ്ണടയ്ക്കുന്നതോടെ സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു.
ഏറ്റവുമൊടുവിൽ നിരപരാധികളെ ജയിലിലടച്ചത്, വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിൽ പരാജയപ്പെട്ടും കള്ളക്കേസെടുത്തും കർഷകഭൂമിയിൽ അവകാശമുന്നയിച്ചുമൊക്കെ സമാന്തരഭരണം നടത്തുന്ന വനംവകുപ്പാണ്. തൃശൂർ ചാലക്കുടി പേരാന്പ്ര സ്വദേശി ജോബി, മേച്ചിറ സ്വദേശി സുജേഷ് എന്നിവർക്കെതിരേയാണ് കഴിഞ്ഞ സെപ്റ്റംബറിൽ കേസെടുത്തത്.
ഡാൻസാഫ് (മയക്കുമരുന്നു വിരുദ്ധ പ്രത്യേക സേന) ജോബിയുടെ വീട്ടിൽ പരിശോധന നടത്തിയതാണ് തുടക്കം. മയക്കുമരുന്ന് കിട്ടിയില്ലെങ്കിലും ഫ്രിഡ്ജിലിരുന്ന ഇറച്ചി കിട്ടി. ഡാൻസാഫ് അത് വനംവകുപ്പിനെ അറിയിക്കുകയും വനംവകുപ്പ് വീട്ടിലെത്തി ഇറച്ചി മ്ലാവിന്റേതാണെന്നു തീരുമാനിച്ചു കേസെടുക്കുകയും ചെയ്തു. ഇറച്ചി സുജേഷ് തന്നതാണെന്ന് ജോബി പറഞ്ഞെന്നു പറഞ്ഞ് സുജേഷിനെതിരേയും കേസെടുത്തു.
35 ദിവസത്തോളം ഇവർ റിമാൻഡിൽ ജയിലിലായിരുന്നു. തുടർന്ന് കോടതി ജാമ്യം കൊടുത്തു. വീണ്ടും ആറുമാസത്തിനുശേഷം മ്ലാവിറച്ചിയല്ല പോത്തിറച്ചിയാണെന്നു പരിശോധനാഫലം വന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ കേസെടുത്തതെന്നാണു വനംവകുപ്പ് പറയുന്നത്.
യുവാക്കളെ മർദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് അവരുടെ വക്കീൽ ആരോപിച്ചു. കുറ്റാരോപിതർ പറയുന്നതുപോലെ മർദിച്ചു പറയിപ്പിച്ചതാണെങ്കിൽ ആ ഉദ്യോഗസ്ഥർ സർവീസിൽ തുടരരുത്. ജയിലിൽ പോകാനുള്ള ആഗ്രഹംകൊണ്ട് വീട്ടിലിരുന്ന പോത്തിറച്ചി മ്ലാവിന്റേതാണെന്നു സമ്മതിച്ചതാണെങ്കിൽ ജോബിയുടെയും സുജേഷിന്റെയും മാനസികനില പരിശോധിക്കണം.
തങ്ങൾക്കു വീഴ്ച പറ്റിയിട്ടില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടു കാര്യമില്ല. കോഴിക്കോട്ട് രണ്ടു യുവാക്കൾക്കെതിരേ ചുമത്തിയ വ്യാജ മയക്കുമരുന്നു കേസിൽ തങ്ങൾക്കു വീഴ്ചയില്ലെന്ന് പോലീസ് കണ്ടെത്തിയത് ഉദാഹരണം. കഴിഞ്ഞ നവംബറിലാണ് ഡാൻസാഫ് സംഘം കോഴിക്കോടുനിന്ന് ബിജു മാത്യു, മണികണ്ഠൻ എന്നീ യുവാക്കളെ എംഡിഎംഎ ആണെന്നു പറഞ്ഞു കൽക്കണ്ടവുമായി അറസ്റ്റ് ചെയ്തത്.
പിന്നീട് രാസപരിശോധനയിൽ അതു കൽക്കണ്ടമാണെന്നു തെളിയുകയും ഏപ്രിലിൽ യുവാക്കളെ കോടതി വെറുതെവിടുകയും ചെയ്തു. പക്ഷേ, 151 ദിവസം ജയിലിൽ കിടന്നു. മ്ലാവ് ഇറച്ചിക്കേസിൽ വനംവകുപ്പ് പറഞ്ഞതുപോലെ ഇവിടെയും പോലീസ് പറഞ്ഞത്, പ്രതികൾ കുറ്റം സമ്മതിച്ചെന്നാണ്.
വീട്ടിലേക്കു വാങ്ങിയ കൽക്കണ്ടമാണെന്ന് ആവർത്തിച്ചു പറഞ്ഞതാണെന്നു യുവാക്കളും പറഞ്ഞു. മുഖ്യമന്ത്രിക്കു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് പോലീസിനു വീഴ്ചയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കൽക്കണ്ടമാണെന്നു യുവാക്കൾ പറഞ്ഞില്ലത്രേ. അവർ മ്ലാവിറച്ചിയാണെന്നു സമ്മതിച്ചതുപോലെ, ഇവർ കൽക്കണ്ടം എംഡിഎംഎയാണെന്നും സമ്മതിച്ചു! ഉദ്യോഗസ്ഥരൊക്കെ ഇപ്പോഴും സർവീസിലുണ്ട്.
2023 ഫെബ്രുവരിയിലാണു ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി മയക്കുമരുന്നു കേസിൽ അറസ്റ്റിലായത്. മരുമകളുടെ സഹോദരി ലിവിയ ജോസ് എൽഎസ്ഡി സ്റ്റാന്പ് ഷീലയുടെ ബാഗിൽ വച്ച് കുടുക്കുകയായിരുന്നെന്നു പിന്നീട് തെളിഞ്ഞു. ഈ കേസിൽ അറസ്റ്റുണ്ടായി. തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്ന് ഷീല ആരോപിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും ലിവിയ അറസ്റ്റിലായി.
കഴിഞ്ഞ മാസമാണ് തിരുവനന്തപുരം പേരൂർക്കടയിൽ മാല മോഷ്ടിച്ചെന്നു പറഞ്ഞ് ബിന്ദു എന്ന ദളിത് യുവതിയെ കുടിവെള്ളംപോലും കൊടുക്കാതെ 20 മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ നിർത്തിയത്. ഒടുവിൽ പരാതിക്കാരിയുടെ, അതായത് യുവതി ജോലിക്കുനിന്ന, വീട്ടിൽനിന്നുതന്നെ മാല കണ്ടെടുത്തു. എന്നിട്ടും ബിന്ദുവിനെതിരേ എടുത്ത എഫ്ഐആർ റദ്ദാക്കാതിരുന്നതും വിവാദമായി. രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു; അത്രതന്നെ. പാവങ്ങൾക്കും നിരപരാധികൾക്കും ഭീഷണിയായി ഇത്തരക്കാർ നാളെയും സർവീസിൽ ഉണ്ടായിരിക്കും എന്നതാണു ചരിത്രം.
ഇഡി റെയ്ഡുകളിൽ മാത്രമല്ല ഭരണകൂട ഭീകരത. സംസ്ഥാന വകുപ്പുകളുടെ ഇത്തരം ഉദ്യോഗസ്ഥക്കൂട്ട ആക്രമണങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതും ഭരണകൂട ഭീകരതയാണ്. സംശയമുണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾക്കു മുന്പും ശേഷവും മേൽപ്പറഞ്ഞ ഇരകളുടെ വ്യക്തിജീവിതവും അവരുടെ കുടുംബങ്ങളിലെ അവസ്ഥയും എന്താണെന്ന് അന്വേഷിച്ചാൽ മതി.
ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ചില അപരാധികൾ അട്ടിമറിക്കുന്നത് നീതിന്യായ സംവിധാനങ്ങളെങ്കിലും തിരിച്ചറിയണം. ‘അകത്താക്കുന്നവർ’ പുറത്തിങ്ങനെ വിലസരുത്.
14-06-2025
ഗാസയിൽ വെടി നിർത്തുമോയെന്ന് ലോകം ചോദിച്ചുകൊണ്ടിരിക്കെ ഇസ്രയേൽ ഇറാനിലും വെടി പൊട്ടിച്ചിരിക്കുന്നു. തങ്ങൾക്കൊരു പങ്കുമില്ലെന്ന് അമേരിക്ക പറഞ്ഞെങ്കിലും, ആരും വിശ്വസിച്ചിട്ടില്ല. ഇറാൻ തിരിച്ചടിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യക്കു പക്ഷം പിടിക്കൽ എളുപ്പമല്ല. ഹമാസിനെതിരേ ഇസ്രയേൽ പക്ഷത്ത് നിലയുറപ്പിച്ച ഇന്ത്യക്ക് ഇപ്പോൾ ഇസ്രയേലുമായുള്ള ബന്ധം മാത്രമല്ല, ഇറാനുമായുള്ള വ്യാപാര ഇടപാടുകളും ഗതാഗത പദ്ധതികളും പരിഗണിക്കേണ്ടിവരും.
അതുപോലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ശല്യം സഹിക്കാനാവാതെ ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനെ ആക്രമിച്ച ഇന്ത്യക്ക്, തീവ്രവാദ ഭീഷണിയുടെ പേരിൽ ഇറാനെ ആക്രമിച്ച ഇസ്രയേലിനെ എതിർക്കാനുമാവില്ല. പക്ഷേ, റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ, ചുളുവിലയ്ക്ക് റഷ്യയിൽനിന്ന് എണ്ണ വാങ്ങാനുള്ള അവസരമാക്കിയ നയതന്ത്രം ഈ പ്രതിസന്ധിയിലും സഹായകമായേക്കാം.
ഇറാന്റെ ആണവായുധ നിർമാണമാണ് വിഷയം. പക്ഷേ, ലോകത്ത് അണുബോംബ് ഉപയോഗിച്ച ഏക രാഷ്ട്രമായ അമേരിക്കയാണ് ആണവായുധശേഖരത്തിനു മുകളിലിരുന്നുകൊണ്ട് മറ്റു രാജ്യങ്ങളെ ആണവസന്മാർഗം പഠിപ്പിക്കാൻ മുന്നിലുള്ളതെന്ന വൈചിത്ര്യവുമുണ്ട്. ന്യായീകരണമായി അമേരിക്കൻ പക്ഷം ഉയർത്തുന്നത് ഇറാന്റെ ആപത്കരമായ മതമൗലികവാദ നിലപാടാണ്. വർധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദം മതേതര-ജനാധിപത്യരാജ്യങ്ങൾക്കു ഭീഷണിയായതിനാൽ അമേരിക്കൻ നിലപാടിനെ പിന്തുണയ്ക്കുന്നവർ ഏറെയാണ്. അൽ-ക്വയ്ദ ഉൾപ്പെടെയുള്ള സുന്നി ഭീകര പ്രസ്ഥാനങ്ങളെ ഷിയാ രാജ്യമായ ഇറാൻ പിന്തുണയ്ക്കുന്നതിന്റെ അടിസ്ഥാനവും മതമൗലികവാദ സാഹോദര്യമാണ്; ഒപ്പം, ഇറാക്കിലുൾപ്പെടെ ഷിയ വിഭാഗം ആക്രമിക്കപ്പെടാതിരിക്കുകയും വേണം.
ഇത്തരമൊരു പശ്ചാത്തലത്തിനൊപ്പം, ഗാസയിൽ ഹമാസിനെയും ലെബനനില് ഹിസ്ബുള്ളയെയും പിന്തുണയ്ക്കുന്നത് ഇറാനോടുള്ള ഇസ്രയേലിന്റെ ശത്രുത ഇരട്ടിപ്പിച്ചു. ഇതിനിടെയാണ്, ആണവ നിരായുധീകരണ മാനദണ്ഡങ്ങൾ ഇറാൻ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി ബോർഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കിട്ടിയ അവസരത്തിൽ ഇസ്രയേൽ ഇറാനെ ആക്രമിക്കുകയും ചെയ്തു. ഞായറാഴ്ച ഇറാനുമായി അമേരിക്ക യുറേനിയം സന്പുഷ്ടീകരണ പദ്ധതി സംബന്ധിച്ച ചർച്ചയുടെ ആറാം റൗണ്ട് നടത്താനിരിക്കെയാണ് ആക്രമണം. ഇറാനിലും പശ്ചിമേഷ്യയിലുമുള്ള അമേരിക്കക്കാരോടു മടങ്ങിയെത്താൻ കഴിഞ്ഞദിവസം ട്രംപ് നിർദേശിച്ചത് കാര്യങ്ങളെല്ലാം മുൻകൂട്ടി അറിഞ്ഞാണെന്നു വ്യക്തം.
തലസ്ഥാനമായ ടെഹ്റാനിൽ ഉൾപ്പെടെ 13 കേന്ദ്രങ്ങളിലാണ് ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്ന പേരിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാൻ സൈനിക കമാൻഡർ മുഹമ്മദ് ബാഗേരി, ഇറാൻ വിപ്ലവ സേനാ മേധാവി ഹൊസൈൻ സലാമി, ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മേധാവി ഗുലാം അലി റാഷിദ് എന്നിവരും ആണവശാസ്ത്രജ്ഞരും ഉള്പ്പെടെ നിരവധി നേതാക്കളെ വധിച്ചതായി ഇസ്രേലി പ്രതിരോധസേന അറിയിച്ചു. ഇരുന്നൂറിലധികം യുദ്ധവിമാനങ്ങൾ നൂറോളം ലക്ഷ്യസ്ഥാനങ്ങളിൽ മുന്നൂറിലധികം ആയുധങ്ങളുപയോഗിച്ചു.
ആണവ, സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെട്ടെങ്കിലും ജനവാസമേഖലകളിലാണ് ആക്രമണം നടത്തിയതെന്നും നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്നും ഇറാൻ ആരോപിച്ചു. തൊട്ടുപിന്നാലെ ഇസ്രയേലിലേക്ക് ഇറാൻ ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഡ്രോണുകൾ ഇസ്രയേലിൽ എത്തണമെങ്കിൽ ഏഴ് മണിക്കൂറെങ്കിലുമെടുക്കും. അതിനുമുന്പ് തങ്ങൾ അവയെ തകർക്കുമെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിൽ ഇരുവിഭാഗവും ഏറ്റുമുട്ടിയപ്പോഴും കൂടുതൽ നഷ്ടം ഇറാനായിരുന്നു.
ഏതൊരു യുദ്ധവും എന്നപോലെ ഇതും എല്ലാ രാജ്യങ്ങളെയും ബാധിക്കും. ഇറാനും ഇസ്രയേലും തങ്ങളുടെ വ്യോമപാത അടച്ചു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളുടെ വ്യോമഗതാഗത ചെലവ് വർധിച്ചുകഴിഞ്ഞു. ഇന്ത്യയുടെ വലിയ ആശങ്ക ക്രൂഡ് ഓയിൽ വിലയാണ്. നിലവിൽ 88.2 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽനിന്നുള്ള എണ്ണ കയറ്റുമതിക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ തന്ത്രപരമായ ഇടപാടിലൂടെ റഷ്യയിൽനിന്ന് നിസാര വിലയ്ക്ക് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്തു. പക്ഷേ, ഇറാന്റെ പക്ഷത്താണ് റഷ്യ എന്നതിനാൽ രണ്ടിടങ്ങളിൽനിന്നും മറ്റ് അറബ് രാജ്യങ്ങളിൽനിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ ജാഗ്രത പാലിച്ചേ തീരൂ.
മറ്റൊന്ന്, ഇറാനുമായുള്ള ഗതാഗത പദ്ധതികളാണ്. ഇടയ്ക്കു മന്ദഗതിയിലായിരുന്നെങ്കിലും ചബഹാർ തുറമുഖത്തിന്റെയും ഐഎൻഎസ്ടിസി (ഇന്റർനാഷണൽ നോർത്ത് സൗത്ത് ട്രാൻസ്പോർട്ട് കോറിഡോർ) യുടെയും വികസനത്തിൽ സഹകരണം വർധിപ്പിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മാസം ഇന്ത്യൻ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇറേനിയന് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അലി അക്ബര് അഹമദീയനും ചർച്ച നടത്തിയിരുന്നു. ഇറാന്റെ ഊർജസമ്പന്നമായ തെക്കൻ തീരത്ത് സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചബഹാർ തുറമുഖം, ഗതാഗതവും സാമ്പത്തിക ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയും ഇറാനും ചേർന്നാണു നിർമിക്കുന്നത്. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 7,200 കിലോമീറ്റർ ചരക്ക് ഗതാഗത പദ്ധതിയാണ് ഐഎൻഎസ്ടിസി. ഇതൊക്കെ അവഗണിക്കാൻ ഇന്ത്യക്കു കഴിയില്ല. സമദൂര സിദ്ധാന്തമാണ് അഭികാമ്യമെന്നു ചുരുക്കം.
എല്ലാവരും എല്ലാവരെയും സംശയിക്കുന്ന ഒരു സാഹചര്യം അന്താരാഷ്ട്ര തലത്തിൽ രൂപപ്പെട്ടിട്ടുണ്ട്. വ്യാപാരത്തിലായാലും സൈനിക നീക്കങ്ങളിലായാലും പരസ്പരം കൈ കൊടുക്കുമ്പോഴും കണ്ണ് പിന്നാന്പുറങ്ങളിലേക്കാണ്. അതിൽ ഒരു നിർണായക ഘടകമായി ഇസ്ലാമിക തീവ്രവാദം മാറുകയും ഭീകരവാദ വിരുദ്ധത മതേതര-ജനാധിപത്യ രാജ്യങ്ങളുടെ പരിഗണനയിൽ ഉൾപ്പെടുകയും ചെയ്തു. പക്ഷേ, അതിനും മുകളിലാണ് വ്യാപാര-സൈനിക താത്പര്യങ്ങളും ലാഭങ്ങളും.
പാക്കിസ്ഥാനെ തല്ലുമെന്നു പറയുന്ന അമേരിക്ക ആ തീവ്രവാദ രാഷ്ട്രത്തെ പലപ്പോഴും തലോടുന്നത് അതുകൊണ്ടാണ്. ഇസ്രയേൽ മാത്രമാണ് അതിന് അപവാദമെന്നു പറയാം. ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളും രാജ്യങ്ങളുമാണ് അവരുടെ മുൻഗണനാ പട്ടികയിൽ ഒന്നാമത്. അല്ലെങ്കിൽ തങ്ങൾ ഭൂമുഖത്ത് ഉണ്ടാകില്ലെന്നാണ് അവർ കരുതുന്നത്. ബാക്കിയെല്ലാ തീവ്രവാദ വിരുദ്ധതയും മതസാഹോദര്യവുമൊക്കെ തത്കാലം ആളും തരവും നോക്കിയാണ്. പ്രമുഖ അറബ് രാജ്യങ്ങൾ വാക്കുകൊണ്ടല്ലാതെ പ്രവൃത്തികൊണ്ട് ഇസ്രയേലിനെ എതിർക്കാത്തത് ഉദാഹരണം.
ഇന്ത്യയിലേക്കു വന്നാൽ, ഭീകരവാദവും കച്ചവടവും സങ്കീർണമാക്കിയ ഈ ലോകക്രമത്തെ പരിഗണിക്കാതെ, ഇസ്രയേൽ പണ്ടേ തെമ്മാടിരാഷ്ട്രമാണെന്ന് പിണറായി വിജയനു പറയാം. പക്ഷേ, ഇസ്രയേലിനെ തെമ്മാടിയെന്നോ ഇറാനെ ഭീകരവാദിയെന്നോ പ്രധാനമന്ത്രിയെന്ന നിലയിൽ മോദിക്കു വിളിക്കാനാവില്ല. മറ്റു രാജ്യങ്ങളോടു ചേർന്ന് യുദ്ധസാഹചര്യം ഒഴിവാക്കാൻ ശ്രമിക്കുകയേ നിർവാഹമുള്ളൂ; പ്രത്യേകിച്ച് അമേരിക്കയും ഇസ്രയേലും കൈകോർത്തു നിൽക്കുമ്പോൾ.
14-06-2025
കണ്ണടച്ചാലും മറയാത്തൊരു അഗ്നിഗോളം ലോകത്തെ പൊള്ളിക്കുന്നു. അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് കത്തിയമർന്ന വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും ലോകത്തിന്റെ നൊമ്പരമായി.
വിമാനം ഇടിച്ചുതകർന്ന ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികളും മരിച്ചവരിലുണ്ട്. അപകടകാരണം പുറത്തുവരാനിരിക്കുന്നതേയുള്ളു. നടുക്കത്തിൻ്റെയും ഹൃദയവേദനയുടെയും ഈ നിമിഷത്തിൽ, മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
അതേസമയം, ആശങ്കയുടെ ഒരു നിഴൽ വ്യോമയാത്രികരെ വലയം ചെയ്തിട്ടുമുണ്ട്. ടിക്കറ്റിനു വലിയ നിരക്കാണ് ഈടാക്കുന്നതെങ്കിലും എയർ ഇന്ത്യ വിമാനങ്ങൾ യഥാസമയം അറ്റകുറ്റപ്പണികൾപോലും നടത്തുന്നില്ലെന്ന ആരോപണം മുമ്പേ ഉള്ളതാണ്.
ആറു മാസം മുമ്പ് തകരാറുണ്ടായിട്ടുള്ള എയർ ഇന്ത്യ വിമാനമാണ് ഇന്നലെ തകർന്നത് എന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, അപകടം വിളിച്ചുവരുത്തിയതാണോയെന്നു സംശയിക്കേണ്ടിവരും. അപകടത്തിൻ്റെ യഥാർഥ കാരണങ്ങൾ കണ്ടെത്തി വ്യോമയാന സുരക്ഷ വിട്ടുവീഴ്ചയില്ലാതെ ഉറപ്പാക്കാൻ എയർ ഇന്ത്യ ഉടമയായ ടാറ്റയ്ക്കും സർക്കാരിനും ബാധ്യതയുണ്ട്.
ഗുജറാത്തിലെ അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനമാണ് നിമിഷങ്ങൾക്കകം കത്തിയമർന്നത്. ഇന്ത്യക്കാരും ബ്രിട്ടീഷുകാരും പോർച്ചുഗീസുകാരുമായി 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ എല്ലാവരും മരിച്ചെന്ന് അഹമ്മദാബാദ് പോലീസ് സ്ഥിരീairindiaAIകരിച്ചെങ്കിലും രമേഷ് ബിശ്വാസ് കുമാർ എന്നയാൾ പരിക്കേറ്റ് ചികിത്സയിലുണ്ടെന്ന് പിന്നീട് തിരുത്തി. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത സ്ഥിതിയിലായിരുന്നു.
ഉച്ചയ്ക്ക് 1.38നാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം പറന്നുയർന്നത്. തൊട്ടടുത്ത് മേഘാനിയിലുള്ള ബി.ജെ. മെഡിക്കൽ കോളജിൻ്റെ ഹോസ്റ്റലിൽ ഇടിച്ചു കത്തുകയായിരുന്നു.
ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാർഥികളും മരിച്ചവരിൽ ഉൾപ്പെടുന്നു. കോഴഞ്ചേരി പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാറാണ് മരിച്ച മലയാളി. കേരളത്തിൽ സർക്കാർ സർവീസിൽ നഴ്സായിരുന്ന രഞ്ജിത അവധിയെടുത്ത് ഇംഗ്ലണ്ടിൽ ജോലി ചെയ്യുകയായിരുന്നു. നാലു ദിവസം അവധിക്കു നാട്ടിലെത്തിയ രഞ്ജിത രാജിവച്ച് നാട്ടിൽ വന്നു ജോലി ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നെങ്കിലും സ്വപ്നങ്ങളെല്ലാം ചാരമായി.
അപകടകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എയർ ഇന്ത്യക്കെതിരേ ഗുരുതര ആരോപണങ്ങൾ പുറത്തുവന്നിട്ടുമുണ്ട്. ഇന്നലെ അപകടത്തിൽ പെടുന്നതിനുമുമ്പ്, വിമാനത്തിൽ ഡൽഹിയിൽനിന്ന് അഹമ്മദാബാദിലേക്കു യാത്ര ചെയ്തിരുന്ന ആകാശ് പറയുന്നത്, വിമാനത്തിൽ എയർ കണ്ടീഷണർ ഉൾപ്പെടെ പ്രവർത്തിക്കുന്നില്ലായിരുന്നെന്നാണ്.
ഈ വിമാനം ആറു മാസം മുമ്പ് തകരാറിലായിരുന്നെന്നും റിപ്പോർട്ടുണ്ട്. ജൂൺ മൂന്നിന് ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ത്യയിൽനിന്ന് സ്പെയർ പാർട്സ് എത്താത്തതിനെത്തുടർന്ന് ഒന്നര ദിവസത്തോളം വൈകിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ നാലിനാണ് തിരുവനന്തപുരത്തുനിന്നു മസ്കറ്റിലേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ ടേക് ഓഫിനു തൊട്ടുമുമ്പ് പുകയും ദുർഗന്ധവും ഉയർന്നത്. യാത്രക്കാർ ബഹളം വച്ചതോടെയാണ് അധികൃതർ വിവരം അറിഞ്ഞതുപോലും. ഇക്കഴിഞ്ഞ ജനുവരി 11ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ബ്രേക്ക് തകരാറിലായി മണിക്കുറുകളോളം അബുദാബിയിൽ കിടന്നു.
മന്ത്രി എ.കെ. ശശീന്ദ്രൻ അടക്കം തിരുവനന്തപുരത്തേക്കുള്ള അമ്പതിലേറെ യാത്രക്കാർ ഉണ്ടായിരുന്ന എയർ ഇന്ത്യ വിമാനം ഒരു മണിക്കൂർ പറന്നശേഷം സാങ്കേതിക തകരാർ മൂലം മുംബൈയിൽ തിരിച്ചിറക്കിയത് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ്.
ഡൽഹിയിലെ കൊടുംചൂടിൽ പാറ്റ്നയിലേക്കുള്ള വിമാനത്തിൽ എസിയില്ലാതെ മണിക്കുറുകളോളം യാത്രക്കാർ വിയർത്തുകുളിച്ചത് കഴിഞ്ഞ മാസം. ഇക്കഴിഞ്ഞ മാർച്ചിൽ ഷിക്കാഗോ-ഡൽഹി വിമാനം പറന്നുയർന്ന് 10 മണിക്കുറിനുശേഷം സാങ്കേതിക തകരാറിനെത്തുടർന്ന് അതേ വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു.
കഴിഞ്ഞ നവംബറിൽ തായ്ലൻഡിൽ ഒരു വിമാനം കിടന്നത് നാലു ദിവസമാണ്. ആഭ്യന്തര, അന്താരാഷ്ട്ര ഭേദമില്ലാതെ, യാത്രക്കാർ തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവങ്ങൾ പറയാനാണെങ്കിൽ ഇനിയുമുണ്ട്. പക്ഷേ, ഇന്നലെ അവർ രക്ഷപ്പെട്ടില്ല.
ഇതൊക്കെ ഉത്തരവാദപ്പെട്ടവർ ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ, ഇന്നലത്തെ അപകടം സംഭവിക്കുമായിരുന്നോയെന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാനാവില്ല. ഇന്നലത്തെ ദുരന്തം ആരുടെയും കുറ്റമല്ലെങ്കിൽ പോലും എയർ ഇന്ത്യയുടെ വിമാനങ്ങൾ യാത്രാ യോഗ്യമാണോയെന്ന് ഇനിയെങ്കിലും അടിയന്തരമായി പരിശോധിക്കണം.
വൻതുക ടിക്കറ്റിനു മുടക്കി ഭീതി വിലയ്ക്കു വാങ്ങേണ്ട ഗതികേടിലാണ് യാത്രക്കാരും കുടുംബാംഗങ്ങളും. കെടുകാര്യസ്ഥതയുടെ വിലയാണ് ഇന്നലത്തെ ദുരന്തമെങ്കിൽ, എയർ ഇന്ത്യയുടെ ഇപ്പോഴത്തെ ഉടമയായ ടാറ്റയാണോ കേന്ദ്രസർക്കാരാണോ ഒന്നാം പ്രതിയെന്നേ അറിയേണ്ടതുള്ളു
14-06-2025
ജനാധിപത്യത്തെക്കുറിച്ചാണ് പറയുന്നതെങ്കിൽ ഇന്ത്യയിൽ അതു ചട്ടങ്ങളിൽ മാത്രം കേന്ദ്രീകൃതമായിരുന്നില്ല. ഭരണഘടന അനുശാസിക്കുന്നില്ലെങ്കിലും സർക്കാരുകൾ പാലിക്കുന്ന ചില കീഴ്വഴക്കങ്ങൾ നമ്മുടെ ജനാധിപത്യത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിൽനിന്നു മോചിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അത്തരത്തിലൊന്നാണ് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു കൊടുക്കുന്ന പതിവ്. പക്ഷേ, ബിജെപി ആറ് വർഷമായി ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിച്ചിട്ടിരിക്കുകയാണ്. അവരുടേതായ ന്യായങ്ങളുണ്ടായിരിക്കാം. പക്ഷേ, ഭരിക്കുന്നവർ കണ്ടെത്തേണ്ടത് ഒഴിവാക്കലുകളുടെയല്ല, ഉൾക്കൊള്ളലിന്റെ ന്യായങ്ങളാണ്.
തെരഞ്ഞെടുപ്പു കഴിഞ്ഞാൽ രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെന്ന സന്ദേശം അതിലുണ്ട്. ശശി തരൂരിനെ വിദേശത്തേക്ക് അയയ്ക്കുമ്പോൾ മാത്രം പുറത്തെടുക്കേണ്ട രാഷ്ട്രീയമായി, രാഷ്ട്രീയാതീത ദേശീയതയെയും ജനാധിപത്യത്തെയുമൊക്കെ ചുരുക്കരുത്. അടുത്ത മാസത്തെ പാർലമെൻ്റ് സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു കൊടുത്തില്ലെങ്കിലും സർക്കാരിന് ഒന്നും സംഭവിക്കാനില്ല. പക്ഷേ, ജനാധിപത്യത്തെ സർക്കാരിൽ തളയ്ക്കാനിടയാക്കും.
ഒരു കത്താണ് വിഷയത്തെ വീണ്ടും സജീവമാക്കിയത്. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത്. തുടർച്ചയായി രണ്ടാം തവണയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും ജനാധിപത്യ രാഷ്ട്രീയത്തിനുള്ള ദുഃസൂചനയാണിതെന്നും എത്രയും പെട്ടെന്നു തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു കൊടുക്കാതിരിക്കുമ്പോൾ അധികാര വികേന്ദ്രീകരണത്തിൽ സർക്കാർ എന്തോ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന തോന്നലുണ്ടാകും. അത് ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 2019നുശേഷം രണ്ട് ലോക്സഭകളിൽ ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്. സാധാരണയായി പുതിയ ലോക്സഭയുടെ രണ്ടാമത്തെയോ മുന്നാമത്തെയോ സമ്മേളനത്തിലാണു ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. അതിനാൽ അട അടുത്തമാസം പാർലമെൻ്റ് സമ്മേളനം ആരംഭിക്കാനിരിക്കേ കോൺഗ്രസിൻ്റെ ആവശ്യം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
തെരഞ്ഞെടുപ്പോടെ രാഷ്ട്രീയം അവസാനിക്കുന്നില്ലെങ്കിലും ഭരണ-പ്രതിപക്ഷങ്ങൾ അതിനെ മുല്യാധിഷ്ഠിതവും നിയന്ത്രിതവുമാക്കുന്നത് ജനാധിപത്യത്തിനു മേൽക്കൈ കൊടുക്കുന്നതും രാഷ്ട്രനിർമിതിക്കു ഗുണകരവുമാണ്. അതിനെ സഹായിക്കുന്ന കീഴ്വഴക്കങ്ങളെ നിർബന്ധിതമല്ലാത്തതിനാൽ ഉപേക്ഷിക്കരുത്. ഇതിൽ, ഏറ്റവും മാതൃകാപരമായ സമീപനം പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു തുടങ്ങിവച്ചിരുന്നു. കോൺഗസിനു മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ആദ്യസർക്കാരിൽ ഹിന്ദു മഹാസഭാ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ വ്യവസായ, വിതരണ മന്ത്രിയാക്കി. നെഹ്റുവിനെ എതിർത്തിരുന്നയാൾ മാത്രമായിരുന്നില്ല, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ നിർണായക വഴിത്തിരിവായിരുന്ന ക്വിറ്റ് ഇന്ത്യ സമരത്തെപ്പോലും എതിർത്തയാളായിരുന്നു മുഖർജി.
അതുപോലെ, നെഹ്റുവിന്റെയും ഗാന്ധിജിയുടെയും കടുത്ത വിമർശകനായിരുന്ന ഡോ. ബി.ആർ. അംബേദ്കറെയാണ് നിയമമന്ത്രിയാക്കിയത്. സ്വരാജ് പാർട്ടിയിലും ജസ്റ്റീസ് പാർട്ടിയിലും പ്രവർത്തിച്ചിരുന്ന, ബ്രിട്ടീഷ് അനുകൂല വീക്ഷണം ഉണ്ടായിരുന്ന ആർ.കെ. ഷൺമുഖം ചെട്ടിയായിരുന്നു ധനമന്ത്രി. ഇവരെയൊക്കെ ഉൾപ്പെടുത്തുന്നത് കോൺഗ്രസിനു നിർബന്ധമുള്ള കാര്യമായിരുന്നില്ല. ആ ജനാധിപത്യ വിശാലത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ കൈവിടാൻ പാടില്ലാത്തതാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു നൽകുമ്പോൾ അന്തസേറുന്നത് ഭരണകൂടത്തിനാണ്.
മോദിസർക്കാർ 11 വർഷം പൂർത്തിയാക്കുമ്പോൾ ഭരണനേട്ടങ്ങൾ ഏറെയുണ്ട്. പക്ഷേ, അതോടൊപ്പം ഉറപ്പാക്കേണ്ടത് ബിജെപിയുടെ വളർച്ച മാത്രമല്ല, ജനാധിപത്യത്തിൻ്റേതുകൂടിയാണ്. അടിത്തറ സംരക്ഷിക്കാൻ ഭരണഘടനയുണ്ടെങ്കിലും നിർബന്ധിതമല്ലാത്ത ചില കീഴ്വഴക്കങ്ങൾ ജനാധിപത്യത്തെ പുത്തൻ വെല്ലുവിളികൾക്ക് അനുസൃതമായി പുതുക്കിക്കൊണ്ടിരിക്കും. 11 വർഷത്തിൽ ഒരിക്കലും പ്രധാനമന്ത്രി രാജ്യത്തെ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യാത്തത്, ന്യൂനപക്ഷവിരുദ്ധ വിദ്വേഷപ്രസംഗങ്ങളെ തടയാത്തത്, വിമർശിക്കുന്നവർക്കെതിരേ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത്, തെരഞ്ഞെടുപ്പു കമ്മീഷണറെ ഏകപക്ഷീയമായി തീരുമാനിക്കാൻ നിയമന പാനലിൽ മാറ്റം വരുത്തിയത്, വർഗീയ ധ്രുവീകരണങ്ങളിൽ നിശബ്ദത പാലിക്കുന്നത്, പ്രതിപക്ഷമുക്ത ഭാരത നീക്കങ്ങൾ... തുടങ്ങിയ കാര്യങ്ങൾ സർക്കാരിന് സാധിക്കും. പക്ഷേ, ശ്രദ്ധിച്ചുനോക്കിയാൽ അവയിൽ ജനാധിപത്യത്തിന്റെ കുറവ് കാണാം.
അടിയന്തരാവസ്ഥയെ വിമർശിക്കുന്നതു മാത്രമല്ല, ജനാധിപത്യത്തോടുള്ള പ്രതിബദ്ധത. അതുകൊണ്ടാണ്, മാധ്യമങ്ങൾ അടിയന്തരാവസ്ഥയെയും അതിനെ അപലപിക്കുന്നവരുടെ തത്തുല്യ ചെയ്തികളെയും ഒരുപോലെ വിമർശിക്കുന്നത്. അതേ, ഡെപ്യൂട്ടി സ്പീക്കറിലൂടെയും ജനാധിപത്യം ശബ്ദിക്കട്ടെ.
13-06-2025
കാട്ടുപന്നികളെ ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താനാകില്ലെന്ന് തീർത്തു പറഞ്ഞിട്ടുണ്ട്, കേന്ദ്രസർക്കാർ. ഉൾപ്പെടുത്തിയാലും ഇല്ലെങ്കിലും അവർക്കൊന്നും സംഭവിക്കാനില്ല. പക്ഷേ, ഇന്നല്ലെങ്കിൽ നാളെ ഈ രാജ്യം മലയോരവാസികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുമോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
സർക്കാരുകളുടെ ക്രൂരവിനോദം അത്രയധികമായി. ഹൈറേഞ്ചിലെയും മലബാറിലെയും കുടിയേറ്റത്തിന് ഒരു നുറ്റാണ്ടു പിന്നിട്ടപ്പോൾ കുടിയിറക്കം ശക്തമായി. മുന്നേ മുന്നു കാരണങ്ങളേയുള്ളു; വന്യജീവി, വനംവകുപ്പ്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വം.
വന്യജീവികൾ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് കേന്ദ്രത്തിനും സംസ്ഥാനത്തിനുമറിയാം. പക്ഷേ, അതിനു കാരണം ആരാണെന്നു തർക്കിച്ച് രസിക്കുകയാണ് ഇരുപക്ഷവും. തങ്ങളോടു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സർക്കാരുകൾക്കു നടുവിലൂടെ 'ഗതികെട്ടവൻ്റെ കുടിയിറക്കം' യാഥാർഥ്യമായിരിക്കുന്നു.
അപകടകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ ലളിതമായ നടപടിക്രമം മാത്രമാണുള്ളതെന്നും കേരളം ഇതു കൃത്യമായി ഉപയോഗിക്കുന്നില്ലെന്നുമാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് പറഞ്ഞത്. മനുഷ്യജീവനു ഭീഷണിയാകുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലുന്നതിനുള്ള അനുമതി സംസ്ഥാന വനം മേധാവികൾക്കുണ്ടെന്നും ഇതിന് കേന്ദ്രസർക്കാരിൻ്റെ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
വർഷങ്ങളായി ഇങ്ങനെയാണ് കേന്ദ്രം കൈകഴുകിക്കൊണ്ടിരിക്കുന്നത്. പന്നികളെ ഉൾപ്പെടെ, ക്ഷുദ്രജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും 1972ലെ വന്യജീവി സംരക്ഷണനിയമം തിരുത്തില്ലെന്നുമാണ് പറഞ്ഞതിന്റെ വിവക്ഷ.
അതേസമയം, വന്യജീവി ആക്രമണത്തിലും വനംവകുപ്പിൻ്റെ കുടിയേറ്റ കർഷകദ്രോഹത്തിലുമൊക്കെ കൈയും കെട്ടിയിരിക്കുന്ന സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാരിൻ്റെ പാളിച്ചകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. മനുഷ്യന്റെ സ്വത്തിനും ജീവനും ഭീഷണിയായ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിട്ടുള്ള കടുവ, ആന തുടങ്ങിയവയെ കൊല്ലാൻ സംസ്ഥാനത്തിന് ഉത്തരവിടാം.
പക്ഷേ, ഉത്തരവിടുന്നതിനുമുമ്പ്, അവയെ പിടികൂടാനോ മറ്റൊരു സ്ഥലത്തേക്കു മാറ്റിപ്പാർപ്പിക്കാനോ കഴിയില്ലെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡനെ ബോധ്യപ്പെടുത്തണം. അങ്ങനെ പിടിക്കപ്പെടുന്ന മൃഗങ്ങളെ തടവിൽ പാർപ്പിക്കാനും സാധിക്കില്ല. കേന്ദ്രസർക്കാരിൻ്റെതന്നെ കടുവാ സംരക്ഷണ അഥോറിറ്റിയുടെയും പ്രോജക്ട് എലഫന്റ് സ്കീമിൻ്റെയും നിർദേശങ്ങൾ പാലിക്കണം.
തീർന്നില്ല, വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകളൊന്നും മറികടക്കരുത്. ഇത്രയും കാര്യങ്ങൾ ചെയ്തുവരുമ്പോൾ മനുഷ്യരെ കൊന്നോ തിന്നോ വിശ്രമിക്കുന്ന ആനയും കടുവയുമൊക്കെ സ്ഥലത്തുണ്ടെങ്കിൽ നിയമം നടപ്പാക്കാം. ഈ 'ലളിതമായ' നടപടിക്രമങ്ങൾ കേന്ദ്രമന്ത്രിക്കും അറിയാത്തതല്ല. സാധാരണക്കാരുടെ കാര്യത്തിലാണ് ഈ നടപടിക്രമങ്ങൾ.
കഴിഞ്ഞ മാർച്ചിൽ വണ്ടിപ്പെരിയാറിൽ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചപ്പോൾ ഒറ്റവെടിക്കു കൊല്ലുകയും ചെയ്തു. പൊതുജനങ്ങളുടെയും ഭരിക്കുന്നവരുടെയും ഉദ്യോഗസ്ഥരുടെയും ജീവന് ഒരേ വിലയല്ലല്ലോ. പരിഷ്കൃത രാജ്യങ്ങളെല്ലാം നായാട്ട് അനുവദിച്ച് വന്യജീവികളെ നിയന്ത്രിക്കുമ്പോൾ ഇവിടത്തെ മണ്ഡുകങ്ങൾ കിണറ്റിൽനിന്നു കയറുന്നില്ല.
2016 മുതൽ 2025 ജനുവരി വരെ 919 പേർ സംസ്ഥാനത്തു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുകയും 8,967 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണു കണക്കുകൾ. കേരളത്തിലെ 941 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 273 എണ്ണവും വന്യമൃഗശല്യവുമായി ബന്ധപ്പെട്ട ഹോട്ട് സ്പോട്ടുകളായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനർഥം, മലയോരത്ത് ജനവാസം ഏതാണ്ട് അസാധ്യമായി എന്നാണ്.
നിരവധി വനാതിർത്തി ഗ്രാമങ്ങൾ ആൾത്താമസമില്ലാതായി. ഇടുക്കിയിലെ കുടിയേറ്റ ഗ്രാമമായ മുള്ളരിങ്ങാട്ട് നാഷണൽ എൽപി സ്കുളിൽ കഴിഞ്ഞ വർഷം 90ൽ അധികം വിദ്യാർഥികൾ ഉണ്ടായിരുന്നത് ഇത്തവണ 45 ആയി ചുരുങ്ങിയെന്ന് ഇന്നലെ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ആനപ്പേടിയാണ് കാരണം. സർക്കാർ പിന്തുണയോടെ കുടിയേറിയവരെ സർക്കാർതന്നെ കുടിയിറക്കുന്നു.
1918ൽ ഇടുക്കിയിലെ ഉപ്പുതറയിൽ തുടങ്ങിയ കുടിയേറ്റം 30-40കളിൽ ശക്തമായി. അന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി മലമ്പനിയും വന്യജീവികളുമായിരുന്നു. ഇന്നു മലമ്പനിയില്ല, വനംവകുപ്പുണ്ട്. അന്നു നിരവധിപ്പേർ മരിച്ചു മണ്ണടിഞ്ഞു. കാലക്രമേണ ചോര നീരാക്കിയ മനുഷ്യർ മെച്ചപ്പെട്ട വീടുകളും കൃഷിയിടങ്ങളും പടുത്തുയർത്തി. അവയെല്ലാം ഇപ്പോൾ വിജനമാകുകയാണ്.
എന്നിട്ടും കുടിയിറങ്ങാത്തവരെയാണ് വനംവകുപ്പ് കള്ളക്കേസുകളിൽ കുടുക്കി തല്ലിയോടിക്കാൻ ശ്രമിക്കുന്നത്. ഉന്നം കുടിയേറ്റക്കാരാണെങ്കിലും കൊള്ളുന്നത് വിനോദസഞ്ചാരമേഖലയുടെ ഭാവിക്കുമാണ്. വന്യജീവികൾക്കു കൊല്ലാനും തിന്നാനും മനുഷ്യരെ വിട്ടുകൊടുത്ത്, കേരളമെന്ന നവ കൊളോസിയത്തിൻ്റെ ഗാലറികളിലിരുന്ന് അധികാരം കൊറിച്ച് മരണക്കളി കാണുകയാണ് ഭരണകൂടങ്ങൾ.
ഈ അഭിനവ നീറോമാർ കാവൽനിൽക്കുന്ന മനുഷ്യവിരുദ്ധ നിയമങ്ങൾ കോടതികളെയും ബന്ധനത്തിലാക്കിയിരിക്കുന്നു. മനുഷ്യരെ രക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥ!
13-06-2025
കഴിഞ്ഞദിവസം ഹൈക്കോടതി സർക്കാരിനോടു പറഞ്ഞത്, കേരളം ആവർത്തിക്കുന്നു; തകർന്ന കപ്പലിനെക്കുറിച്ചുള്ള സത്യം ജനങ്ങളോടു പറയണം.
രണ്ടാഴ്ചയ്ക്കിടെ രണ്ടു കപ്പലുകളാണ് കേരളതീരത്തു തകർന്ന് കണ്ടെയ്നറുകൾ മുങ്ങിയത്. ഇന്നലെ തീപിടിച്ച കപ്പലിൽനിന്നു കടലിലേക്കു വീണത് എന്തൊക്കെയാണ്? എന്താണു പൊട്ടിത്തെറിച്ചത്? അത് കടലിനെയും മത്സ്യസമ്പത്തിനെയും പരിസ്ഥിതിയെയും ജനങ്ങളെയും എങ്ങനെ ബാധിക്കും? കാര്യങ്ങൾ ജനം അറിയണം.
മറ്റൊരു കാര്യം, ഇൻഷ്വറൻസ് കമ്പനിയിൽനിന്നു നഷ്ടപരിഹാരം വാങ്ങി സർക്കാർ ഒതുക്കേണ്ട കേസല്ലിത്. അപകടത്തിന്റെ കാരണം, കപ്പൽ കമ്പനികളുടെ സുരക്ഷാവീഴ്ച, ഭാവിയിലുണ്ടാകാവുന്ന പാരിസ്ഥിതികവും നിയമപരവുമായ പ്രതിസന്ധികൾ തുടങ്ങിയ കാര്യങ്ങൾ പുറത്തു വരണമെങ്കിൽ ക്രിമിനൽ കേസ് എടുക്കണം. കപ്പലിലോ കരയ്ക്കോ കള്ളനുണ്ടാകരുത്.
മേയ് 25നാണ് എംഎസ്സി എൽസ-3 എന്ന കപ്പൽ കൊച്ചി തീരത്തു മുങ്ങിയത്. അതിന്റെ ആഘാതങ്ങൾ പരിഹരി ക്കുന്നതിനു മുമ്പാണ് ഇന്നലെ കോഴിക്കോടിനടുത്ത് കപ്പലിനു തീപിടിച്ചത്. കൊളംബോയിൽനിന്നു മുംബൈക്കു പോയ, സിംഗപ്പുരിൽ രജിസ്റ്റർ ചെയ്ത എംവി വാൻഹായ് 503 കണ്ടെയ്നർ കപ്പലിലാണ് തീപിടിത്തം.
ബേപ്പൂർ തുറമുഖത്തിനു 129 കിലോമീറ്റർ അകലെ ഇന്നലെ രാവിലെ ഒമ്പതരയോടെ അഗ്നിബാധയുണ്ടായി. 22 ജീ വനക്കാരിൽ 18 പേർ രക്ഷപ്പെട്ടെന്നാണ് വിവരം. കപ്പലിലെ കണ്ടെയ്നറുകളിൽ ഒന്നു പൊട്ടിത്തെറിച്ചെന്നും വീണ്ടും പൊട്ടിത്തെറികളുണ്ടായേക്കാമെന്നു മുന്നറിയിപ്പുമുണ്ട്.
തീരസംരക്ഷണസേനയുടെയും നാവികസേനയുടെയും സുരക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. 20 വർഷം പഴക്കമുള്ള കപ്പലിലെ 650 കണ്ടെയ്നറുകളിൽ എത്രയാണ് തീപിടിക്കുന്നതും അപകടകരവുമെന്ന് കൃത്യമായ വിവരമില്ല.
അടുത്തടുത്ത് രണ്ടു കപ്പലുകൾക്കു തീപിടിച്ചത് കേരളത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അതിനു പ്രധാന കാരണം, രണ്ടാഴ്ച മുമ്പ് കൊച്ചി തീരത്തു മുങ്ങിയ എംഎസ്സി എൽസ-3 കപ്പലിൻ്റെ കാര്യത്തിലെ ദുരൂഹത ഇതുവരെ നീങ്ങിയിട്ടില്ല എന്നതാണ്.
കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ച് ജനങ്ങളോടു പറയണമെന്നു ഹൈക്കോടതിക്കു നിർദേശിക്കേണ്ടിയും വന്നു. കടലിലും തീരത്തുമുണ്ടാകുന്ന പ്രത്യാഘാതം എന്തൊക്കെയായിരിക്കുമെന്ന വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കകം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ അറിയിക്കണമെന്നുമാണ് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്.
എന്തുകൊണ്ടാണ്, സർക്കാർ വിവരങ്ങൾ പുറത്തു വിടാൻ മടിക്കുന്നത് എന്ന സംശയം നിലനിൽക്കുമ്പോഴാണ് കപ്പൽ കമ്പനിയെ കേസിൽനിന്ന് ഒഴിവാക്കാൻ നീക്കമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ദീർഘകാല പ്രത്യാഘാതങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും കുരുക്കുകൾ ഉണ്ടായിട്ടും കേസെടുക്കാതെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള നീക്കം.
മേയ് 29ന് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയും കേന്ദ്രസർക്കാരിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. ഒരു സ്കൂട്ടർ അപകടം ഉണ്ടായാൽപോലും കേസെടുത്ത ശേഷം ഇൻഷ്വറൻസ് പരിരക്ഷ ആവശ്യപ്പെടുന്നതാണ് നിയമാനുസൃത നടപടി.
ഇൻഷ്വറൻസ് കമ്പനി ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന തർക്കങ്ങൾക്ക് നിയമ പരിരക്ഷ നൽകാൻ ആ കേസും എഫ്ഐആറുമൊക്കെ നിർണായകമാണ്. അങ്ങനെയിരിക്കെ, കോടികളുടെ നഷ്ടപരിഹാരം ലഭിക്കേണ്ട കപ്പൽ അപകടത്തിൽ ഒന്നും വേണ്ടെന്നു പറയുന്നത് ദുരൂഹതയാണ്. എംഎസ്സി കമ്പനി വിഴിഞ്ഞം തുറമുഖത്തിൻ്റെ വലിയ ഇടപാടുകാരോ ഉന്നത സ്വാധീനമുള്ളവരോ ആകാം. പക്ഷേ, നിയമം ബാധകമാകണം.
2012 ഫെബ്രുവരിയിൽ നീണ്ടകരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ രണ്ടു മത്സ്യത്തൊഴിലാളികളെ എൻറിക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിലെ ജീവനക്കാർ വെടിവച്ചു കൊന്ന സംഭവം സുപ്രീംകോടതി വരെയെത്തുകയും ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തെപ്പോലും ബാധിക്കുന്ന നിലയിലെത്തുകയും ചെയ്തതാണ്.
എൽസ്-3യുടെ കാര്യത്തിൽ അത്തരമൊരു കുറ്റകൃത്യമില്ലെങ്കിലും നാളെ എന്താണു സംഭവിക്കുക എന്നു പറയാനാവില്ല. കേസെടുക്കാത്തതിൽ ഇപ്പോൾ നിശബ്ദത പാലിക്കുന്ന ഇൻഷ്വറൻസ് കമ്പനി നാളെ കോടതിയിൽ അതു ചോദ്യം ചെയ്യാനുമിടയുണ്ട്. കടൽജലത്തിനും മത്സ്യസമ്പത്തിനുമൊക്കെ ഉണ്ടായിട്ടുള്ള നഷ്ടമൊന്നും കണക്കാക്കിയിട്ടുമില്ല.
ഇതിലെല്ലാമുപരി, എംഎസ്സി എൽസ-3യ്ക്കു നിയമവിരുദ്ധ പരിരക്ഷ കൊടുത്താൽ, ഇന്നലെ മുങ്ങിയ എംവി വാൻഹായ് 503യും അതേ ഒഴിവ് ആവശ്യപ്പെടും. സർക്കാർ രണ്ടു കാര്യങ്ങൾ ഉറപ്പാക്കണം; കേസെടുക്കണം, ജനങ്ങളോടു കാര്യങ്ങൾ പറയണം.
വിഴിഞ്ഞം അന്തർദേശീയ തുറമുഖം പ്രവർത്തനം ആരംഭിച്ചതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയുണ്ട്. സർക്കാർ ചരിത്രപരമായ മറ്റൊരു മണ്ടത്തരത്തിലേക്കു കാര്യങ്ങളെത്തിക്കരുത്.
13-06-2025
പലസ്തീനിലെ കുട്ടികൾക്കുവേണ്ടിയെന്നു പറഞ്ഞ്, എസ്ഐഒ എന്ന സംഘടന 'സുഡിയോ'യ്ക്കു മുന്നിൽനിന്ന് പോസു ചെയ്തത് ഒരു മതഫ്രെയിമിനുവേണ്ടിയാണ്. ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയാണ് എസ്ഐഒ. ഇസ്രായേലിന് പിന്തുണ നൽകുന്ന ടാറ്റയുടെ സുഡിയോ എന്ന കടയിൽനിന്നു തുണി വാങ്ങരുതെന്നായിരുന്നു ആഹ്വാനം. ഗാസയിലെ കുഞ്ഞു മൃതദേഹങ്ങൾ ആർക്കും കണ്ടു നിൽക്കാവുന്നതല്ല. പക്ഷേ, ഇസ്ലാമിക തീവ്രവാദം ലോകമെങ്ങും കൊന്നുതള്ളിയ കുഞ്ഞുങ്ങളെയും മാനഭംഗപ്പെടുത്തുകയും വിൽക്കുകയും അടിമകളാക്കുകയും ചെയ്ത ഇതര മതസ്ഥരായ പെൺകുട്ടികളെയും കുരിശിലേറ്റപ്പെട്ടവരെയും കഴുത്തറക്കപ്പെട്ടവരെയുമൊന്നും കണ്ടില്ലെന്നു നടിക്കുന്നവരുടെ കരുണ ഒരു മതമൗലികവാദ ചിത്രമാണ്.
എസ്ഐഒയുടെ പ്രതിഷേധം അവരുടെ അവകാശമായിരിക്കാം. പക്ഷേ, അതേ അവകാശം ഇസ്ലാമിക തീവ്രവാദത്തിന്റെ ആഗോള ഇരകളായ ക്രൈസ്തവർ ഉൾപ്പെടെയുള്ളവർ സ്വീകരിച്ചാൽ ലോക വ്യാപാരക്രമത്തിൽ മുസ്ലിം പങ്കിനുണ്ടാകുന്ന തിരിച്ചടി എത്ര വലുതായിരിക്കും?
സുഡിയോയുടെ കോഴിക്കോട്ടെ കടയ്ക്കു മുന്നിലാണ് ബലിപ്പെരുന്നാളിനു തലേന്ന് എസ്ഐഒയുടെ ബഹിഷ്കരണ ആഹ്വാനം നടന്നത്. ഇസ്രയേലുമായി പല സുപ്രധാന കരാറുകളും ടാറ്റക്കുണ്ടെന്നും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടികളിൽ ടാറ്റയും പങ്കാളികളാണെന്നുമാണ് ആരോപിച്ചത്.
ബലിപ്പെരുന്നാളിനു സുഡിയോയിൽനിന്ന് വസ്ത്രങ്ങൾ വാങ്ങരുതെന്നും എസ്ഐഒ പറഞ്ഞു. 'ഒരു കുഞ്ഞിനെ കൊല്ലാൻ നിങ്ങളുടെ പണം ചെലവഴിക്കാതിരിക്കട്ടെ.' തുടങ്ങിയ വാക്യങ്ങളെഴുതിയ പ്ലാക്കാർഡുകളും നിരത്തി. അഡിഡാസ്, എച്ച് ആൻഡ് എം, ടോമി ഹിൽഫിഗർ, കാൽവിൻ ക്ലെയ്ൻ, വിക്ടോറിയാസ് സീക്രട്ട് തുടങ്ങിയ ബ്രാൻഡുകൾക്കെതിരേയും ബഹിഷ്കരണാഹ്വാനമുണ്ട്. സുഡിയോയുടെ കച്ചവടം കൂടിയെന്നതും സംഘപരിവാർ സംഘടനകൾ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിച്ചു എന്നതും വേറെ കാര്യം.
ഇക്കഴിഞ്ഞ ഏപ്രിലിൽ വഖഫ് നിയമഭേദഗതിക്കെതിരേ ജമാ അത്തെ ഇസ്ലാമിയുടെ ഭാഗമായ എസ്ഐഒയും സോളിഡാരിറ്റിയും നടത്തിയ കരിപ്പൂർ വിമാനത്താവള ഉപരോധത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങളായ മുസ്ലിം ബ്രദർഹുഡ്, ഹമാസ് നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയത് ഏറെ വിവാദമായിരുന്നു. സുഡിയോ സമരത്തോടെ ഈ പ്രസ്ഥാനങ്ങൾ അവയുടെ മുഖം കുറെക്കുടി വെളിപ്പെടുത്തിയിരിക്കുകയാണ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാകാം രാഷ്ട്രീയ പാർട്ടികൾ പ്രതികരിക്കുന്നില്ല.
ആഗോള തീവ്രവാദം, ജനാധിപത്യ-മതേതര രാജ്യങ്ങളിലെ അവയുടെ ഇരവാദം, വോട്ടിനുവേണ്ടി അവയെ കണ്ടില്ലെന്നു നടിക്കുന്ന പ്രീണന രാഷ്ട്രീയം എന്നിവയെ എസ്ഐഒ വീണ്ടും ചർച്ചയാക്കി. ഇസ്രായേലുമായി വ്യാപാര സൗഹൃദമോ സൈനിക സഹകരണമോ ഉള്ളതാണ് പ്രശ്നമെങ്കിൽ ഇന്ത്യയിലെ നിരവധി കമ്പനികളെ സമരക്കാർക്ക് ഉപരോധിക്കേണ്ടിവരുമെന്നും ടാറ്റയുടെ നിരവധി ഉത്പന്നങ്ങൾ നിരന്തരം വാങ്ങിക്കുകയും അവരുടെ വിമാനങ്ങളിൽ യാത്ര ചെയ്യുകയും ചെയ്യുന്നവർ അപഹാസ്യരാകുകയാണെന്നുമുള്ള പ്രതികരണങ്ങളുണ്ട്.
അതുപോലെ, ഇസ്രായേലിൻ്റെ സുഹൃദ് രാഷ്ട്രമായ അമേരിക്കയിൽ പഠിക്കുന്ന എസ്ഐഒ ബന്ധമുള്ളവരെയെല്ലാം തിരിച്ചുവിളിക്കുമോയെന്ന ചോദ്യങ്ങളും സജീവമായി. എന്നാൽ, സുഡിയോ വിരുദ്ധ സമരത്തിൻ്റെ ഇമ്മാതിരി മേൽക്കൂരകളെക്കുറിച്ചല്ല, തീവ്രവാദ അടിത്തറകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ആഗോള തീവ്രവാദത്തിന്റെ വിത്തുത്പാദന കേന്ദ്രമായ മുസ്ലിം ബ്രദർഹുഡിൻ്റെ പോഷകസംഘടനയാണ് ഹമാസ്.
അതുകൊണ്ടാണ് പലസ്തീൻ പ്രശ്നത്തിൻ്റെ പരിഹാരമായി ദ്വിരാഷ്ട്രവാദം അംഗീകരിക്കുന്നവരിൽ പലരും ആഭരണത്തിൽ ഹമാസിനു പങ്കുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നത്. പാലസ്തീനിൽ ഒരു കുഞ്ഞും മരിക്കരുത്. പക്ഷേ, അതിനു ലോകം ആവശ്യപ്പെടുന്നത് ഇസ്രയേലിനോടു വെടിനിർത്താൻ മാത്രമല്ല, ഹമാസിനോട് ബന്ദികളെ വിട്ടു കൊടുക്കാനുമാണ്. അതായത്, കുഞ്ഞുങ്ങളുടെ ചോര ഹമാസിൻ്റെ കൈകളിലുമുണ്ട്.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെടുന്നവർ മനുഷ്യത്വമുള്ള എല്ലാവരുടെയും ദുഃഖമാണ്. പക്ഷേ, എസ്ഐഒ കേട്ടിട്ടുണ്ടാകുമോ എന്നറിയില്ല, ഈ അനുകമ്പയോ ഐക്യദാർഢ്യമോ കിട്ടാതെ ലോകത്ത് നിരവധി കുട്ടികൾ കൊല്ലപ്പെടുകയും മാനഭംഗത്തിനിരയാകുകയും പോഷകാഹാരക്കുറവുകൊണ്ട് മരിക്കുകയും ചെയ്യുന്നുണ്ട്.
ഇസ്ലാമിക തീവ്രവാദികൾ കുട്ടികളെ ആയുധം കൊടുത്ത് യുദ്ധത്തിന് ഇറക്കുകയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ സ്ഥിതിയെക്കുറിച്ചുള്ള യുഎൻ, പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓസ്ലോ എന്നിവയുടെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി 'സേവ് ദ ചിൽഡ്രൻ' നടത്തിയ പഠനത്തിൽ കുട്ടികൾക്കു ജീവിക്കേണ്ടിവന്നിരിക്കുന്ന ഏറ്റവും സംഘർഷഭരിതമായ 10 രാജ്യങ്ങളുണ്ട്.
അഫ്ഗാനിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സിറിയ, യെമൻ, സൊമാലിയ, മാലി, നൈജീരിയ, കാമറൂൺ, സുഡാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവയാണ് ആ രാജ്യങ്ങൾ. ഈ രാജ്യങ്ങളെ നിത്യയുദ്ധഭൂമികളാക്കി മാറ്റിയത് ഇസ്ലാമിക് സ്റ്റേറ്റ്, അൽ-ക്വയ്ദ, ബൊക്കോ ഹറാം, മുസ്ലിം ബ്രദർഹുഡ് തുടങ്ങിയവയോ അവയുടെ പോഷക സംഘടനകളോ ആണെന്നും ഇസ്ലാമിക തീവ്രവാദികൾ ചോരയിൽ മുക്കിയ കുഞ്ഞുടുപ്പുകൾ ലോകമെങ്ങുമുണ്ടെന്നുമുള്ള യാഥാർഥ്യം കേരളത്തിലും പലർക്കും അറിയില്ല.
വംശഹത്യയിലേക്കുകൂടി ഒന്നു വരാം. മുൻകുട്ടി തയാറാക്കിയ പദ്ധതിപ്രകാരം ഏതെങ്കിലും ഗോത്ര, വർഗ, മത, ഭാഷാ, സംസ്കാര, ദേശീയ വിഭാഗങ്ങളെ ഉന്മൂലനം ചെയ്യുന്ന പ്രക്രിയയാണ് വംശഹത്യ. അതനുസരിച്ച് ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്നു പറയുന്നതിനെ ഇസ്രയേലിനു ചെറുക്കാനാകും.
ഒന്നാമത്, ഇസ്രയേൽ മുൻകൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമല്ല, 2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേലിൽ കടന്നുകയറി ജനങ്ങളെ കൊന്നൊടുക്കുകയും ബന്ദികളാക്കുകയും ചെയ്തപ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. രണ്ടാമത്തെ കാര്യം, പാലസ്തീനികൾ ഉൾപ്പെടെ 18 ലക്ഷത്തോളം മുസ്ലിംകൾ ഇസ്രയേലിൽ ജീവിക്കുന്നുണ്ട്. അതിൽ ഒട്ടുമുക്കാലും തുല്യാവകാശങ്ങളുള്ള ഇസ്രയേൽ പൗരന്മാരാണ്. പലസ്തീനികളുടെ ഉന്മൂലനമാണ് ഇസ്രയേലിന്റെ ലക്ഷ്യമെങ്കിൽ ഇസ്രയേലിലെ പലസ്തീനികൾ എങ്ങനെയാണ് സുരക്ഷിതരായി കഴിയുന്നത്? വം ശഹത്യ എന്ന വാക്ക് തോന്നിയപടി ഉപയോഗിക്കാനാകുമോ?
വംശഹത്യ വിശേഷണം ഹമാസിനു ചേരുമോയെന്നുകൂടി വ്യക്തമാക്കണം. ഗാസ താത്കാലിക ലക്ഷ്യമാണെന്നും യഹുദരും ക്രിസ്ത്യാനികളും ഇല്ലാത്ത ലോകമാണ് അന്തിമ ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുള്ള ഭീകര പ്രസ്ഥാനമാണ് ഹമാസ്. ഹമാസ് കമാൻഡർ മഹ്മുദ് അൽ സഹർ ഉൾപ്പെടെ പരസ്യമായി പറഞ്ഞ ആ ലക്ഷ്യത്തെ ഹമാസിൻ്റെ ഒരു നേതാവും തള്ളിക്കളഞ്ഞിട്ടില്ല.
യഹൂദരെയും ക്രൈസ്തവരെയും ഉന്മൂലനം ചെയ്യാൻ നടക്കുന്നത് ഹമാസ് വംശീയവാദികളല്ലേ? എസ്ഐഒ മാത്രമല്ല, മുസ്ലിം ബ്രദർഹുഡിനെയും ഹമാസിനെയുമൊക്കെ വിമോചന പോരാളികളായി കാണുന്നവരും ഉത്തരം പറയേണ്ടതാണ്. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെയും ജമാ അത്തെ ഇസ്ലാമിയെയും മനസില്ലാമനസോടെയാണെങ്കിലും തള്ളിപ്പറയാൻ നിർബന്ധിതരായവർ ഏതാനും വർഷങ്ങൾക്കു മുമ്പുവരെ അങ്ങനെയായിരുന്നില്ല.
വീണ്ടും പറയട്ടെ, സുഡിയോ ബഹിഷ്കരണം മതരാഷ്ട്രവാദക്കാർ ജനാധിപത്യ സംവിധാനത്തിൽ നടത്തുന്ന ഇരവാദ പ്രകടനങ്ങളാണ്. കൊല്ലപ്പെടുന്ന എല്ലാ കുഞ്ഞുങ്ങളുടെയും ചോര അവരെ അസ്വസ്ഥരാക്കില്ല. ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങിയ അതേ കാലയളവിൽ അസർബൈജാൻ, തുർക്കി സഹായത്തോടെ സ്വന്തം മണ്ണിൽനിന്നു നാടുകടത്തിയ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള 1.25 ലക്ഷം അർമേനിയൻ ക്രൈസ്തവരെ കാണാതിരുന്നതുപോലെ.
13-06-2025
സുപ്രീംകോടതി ചീഫ് ജസ്റ്റീസിൻ്റെ ഒരു നിരീക്ഷണവും കേരള ഹൈക്കോടതിയുടെ ഒരു നിർദേശവും ഇന്ത്യൻ ജനാധിപത്യത്തിന്റെ്റെ വ്യതിചലനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. ജഡ്ജിമാർ രാജിവച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിരമിച്ചാലുടൻ സർക്കാർ പദവികൾ സ്വീകരിക്കുന്നതും നീതിന്യായ കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി. ആർ. ഗവായ് പറഞ്ഞത്. കേരളതീരത്ത് ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയതിൻ്റെ പ്രത്യാഘാതങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നുമാണ് ഹൈക്കോടതി ബെഞ്ചിൻ്റെ നിർദേശം.
ജനങ്ങളുടേതായിരിക്കേണ്ട ജനാധിപത്യാവകാശങ്ങൾ ഭരണകുടങ്ങൾ അൽപ്പാൽപ്പമായി കൈവശപ്പെടുന്നതിനെ ഹൈക്കോടതി ചൂണ്ടിക്കാണിക്കുമ്പോൾ, പ്രലോഭനങ്ങളിലുടെ വശീകരിക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്ക് ജുഡീഷറി വഴങ്ങുന്നെന്ന ചിന്തപോലും ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിക്കുന്നതായി നിരീക്ഷിക്കാം. ഭരണകർത്താക്കളും ന്യായാധിപരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു പ്രത്യാശിക്കുകയും ചെയ്യാം.
സുപ്രീംകോടതി ജഡ്ജി ബി. ആർ. ഗവായിയുടെ അഭിപ്രായം ഉയർന്നത്, ലണ്ടനിൽ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ജഡ്ജിമാർ പങ്കെടുത്ത യുകെ സുപ്രീംകോടതി ചർച്ചയിലാണ്. ജുഡീഷൽ സ്വാതന്ത്ര്യം, ഭരണഘടനാപരമാ യ മേധാവിത്വം, കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, സോഷ്യൽ മീഡിയയുടെയും വർധിച്ചുവരുന്ന പൊതുജന നിരീക്ഷണത്തിൻ്റെയും യുഗത്തിൽ ജുഡീഷറിയുടെ വികസിതമാകുന്ന പങ്ക് തുടങ്ങിയ സങ്കീർണ വിഷയങ്ങളായിരുന്നു ചർച്ചയ്ക്കെടുത്തത്. എല്ലാം ഗൗരവമുള്ള വിഷയങ്ങളായിരുന്നെങ്കിലും, ജഡ്ജിമാരുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയുടെ അഭിപ്രായം ഇന്ത്യൻ പശ്ചാത്തലത്തിൽ കുടുതൽ ശ്രദ്ധ നേടി.
വിരമിച്ചയുടനെ ജഡ്ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജുഡീഷറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അത്തരം രീതികൾ ഗൗരവമായ ധാർമികചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. "വിരമിച്ചശേഷമുള്ള പദവികൾക്കുവേണ്ടി ന്യായാധിപരായിരുന്ന കാലത്ത് ജഡ്ജിമാർ തീരുമാനമെടുത്തിട്ടുണ്ടാകാമെന്ന പൊതുബോധം രൂപപ്പെടാൻ ഇതു വഴിതെളിക്കും. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വിരമിച്ചശേഷം സർക്കാർ പദവികളൊന്നും വേണ്ടെന്ന്താനും സഹപ്രവർത്തകരിൽ ചിലരും തീരുമാനിച്ചത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം വിമർശനത്തിന് അതീതമല്ല. എന്നാൽ, ജുഡീഷറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടാകരുത് മറ്റൊരു സംവിധാനം കൊണ്ടുവരുന്നത്. ബാഹ്യ ഇടപെടലുകളിൽനിന്ന് ജഡ്ജിമാർ സ്വതന്ത്രരായിരിക്കണം."-ചീഫ് ജസ്റ്റീസ് പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്തും ജഡ്ജിമാർ അധികാരസ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴത് വർധിച്ച രീതിയിലാകുകയും സ്ഥാനമാനങ്ങൾ ഏറ്റെടുത്തവരുടെ മുൻകാലവിധികൾ വിമർശിക്കപ്പെടുകയും ചെയ്തതോടെയാണ് ചിലതെങ്കിലും വിവാദമായത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരായിരുന്ന പി. സദാശിവം, രഞ്ജൻ ഗൊഗോയ്, ഹൈക്കോടതികളിൽ ചീഫ് ജസ്റ്റീസും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് അരുൺ മിശ്ര, സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന എസ്. അബ്ദുൽ നസീർ തുടങ്ങിയവർ വിരമിച്ചശേഷം സർക്കാരിൽ വിവിധ പദവികൾ സ്വീകരിച്ചിരുന്നു. മലയാളിയായ മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ വിരമിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാനായി.
കോൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരിക്കെ രാജിവച്ച അഭിജിത് ഗംഗോപാധ്യായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു ജയിച്ചു. രംഗനാഥ് മിശ്ര, ബഹാറുൾ ഇസ്ലാം എന്നിവർ മുമ്പ് കോൺഗ്രസിന്റെ അംഗങ്ങളായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഭരണകർത്താക്കളും ന്യായാധിപരും ഒരുപോലെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെങ്കിലും കൊടുക്കൽ വാങ്ങലുകൾ എന്ന് ആക്ഷേപിക്കപ്പെടാനിടയുള്ള ഇത്തരം ക്രിയകളിൽ ഏർപ്പെടുന്നവർ പിൻവാങ്ങുമോയെന്ന് അറിയില്ല. പക്ഷേ, നിഷ്പക്ഷമതികളും എന്തു ചെയ്യണമെന്നു സന്ദേഹമുള്ളവരും തിരുത്താൻ തയാറുള്ളവരുമൊക്കെ ഇത്തരം വിമർശനങ്ങളെ തങ്ങളുടെ തീരു മാനങ്ങൾക്കുള്ള മൂല്യാധിഷ്ഠിത മാനദണ്ഡങ്ങളായി സ്വീകരിക്കും.
കൊച്ചി തീരത്തു മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിലെ കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ച് പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്ന ഹൈക്കോടതി നിർദേശവും ജനാധിപത്യ സന്ദേശമാണ്. കണ്ടെയ്നറിലുള്ള സാധനങ്ങൾ കടലിൽ കലർന്നാൽ കടലിലും തീരത്തുമുണ്ടാകുന്ന പ്രത്യാഘാതം എന്തൊക്കെയായിരിക്കുമെന്ന വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കകം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ ഹർജിയിൽ ചീഫ് ജസ്റ്റീസ് നിധിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവരാവകാശ നിയമം ഇല്ലായിരുന്നെങ്കിൽ ഭരണകൂട-ഉദ്യോഗസ്ഥ ചെയ്തികളുടെ, അവർതന്നെ തിരുത്തിയ ഭാഷ്യങ്ങളേ ജനങ്ങൾക്കു വായിക്കാനാകുമായിരുന്നുള്ളു. വ്യക്തിപരമോ വ്യക്തിഹത്യാപരമോ അല്ലാത്ത വിവരങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്. അതിൻ്റെ ആവശ്യമില്ലെന്നു ഭരണകൂടം പറയുന്നുണ്ടെങ്കിൽ പലതും മറച്ചുവയ്ക്കുന്നുണ്ട് എന്നേ അർഥമുള്ളു. അതു ജനങ്ങളുടെയല്ല ഭരിക്കുന്നവരുടെ ആധിപത്യമാണ്. ഓപ്പറേഷൻ സിന്ദുറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യവും ഈ പശ്ചാ ത്തലത്തിൽ പ്രാധാന്യമുള്ളതാണ്. വിദേശരാജ്യങ്ങൾക്കു മുമ്പ്, സ്വന്തം പാർലമെൻ്റിൽ ആദ്യം വിശദീകരിച്ചിരുന്നെങ്കിൽ അതു നൽകുന്ന സന്ദേശം നമ്മുടെ ജനാധിപത്യത്തിൻ്റെ സുതാര്യതയെ കൂടുതൽ വെളിപ്പെടുത്തുമായിരുന്നു.
ജനാധിപത്യം കാലാനുസൃതമായി പുതുക്കുന്നില്ലെങ്കിൽ അത് പുതിയ കാലത്തിൻ്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരിക്കില്ല. മറച്ചുവയ്ക്കുന്നിടത്ത് സുതാര്യതയില്ല. ടിക്കറ്റിൻ്റെ ബാക്കി പണം തന്നിരുന്നെങ്കിൽ തനിക്ക് മറ്റെന്തെങ്കിലും ആലോചിച്ചിരിക്കാമായിരുന്നെന്നു യാത്രക്കാരൻ ബസ് കണ്ടക്ടറോട് പറയുന്ന ഒരു സമൂഹമാധ്യമ കുറിപ്പുണ്ട്. അതുപോലെ, കപ്പലിൽ എന്തുണ്ടെന്നതും അതിൻ്റെ പ്രത്യാഘാതങ്ങളും ജനങ്ങളോടു പറഞ്ഞാൽ പിന്നെ കുഴപ്പമില്ലെന്നു പറഞ്ഞ് കുഴയേണ്ട ആവശ്യം സർക്കാരിനും കുഴപ്പമാകുമോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കേണ്ട ആവശ്യം ജനങ്ങൾക്കും ഇല്ലാതാകും.
നിഷ്പക്ഷമായി നീതി നടപ്പാക്കേണ്ട ന്യായാധിപർ പാർട്ടി പ്രവർത്തകരോ ഔദാര്യം സ്വീകരിക്കുന്നവരോ അല്ലെന്നു ബോധ്യപ്പെട്ടാൽ, ഭരണകുടം ദുഷിച്ചോയെന്ന സംശയമുണ്ടാകുമ്പോഴൊക്കെ അവസാന ആശ്രയമെന്ന നിലയിൽ കോടതികളിലേക്കു നോക്കുന്ന ജനത്തിന് ആശ്വാസമാകും. ഭരണകുടത്തിലെ പങ്കല്ല, ജനാധിപത്യത്തിലെ പങ്കാണ് കോടതികൾ ഉറപ്പാക്കേണ്ടത്. ഭരിക്കുന്നവരോ, നീതിന്യായ വ്യവസ്ഥയെ വിലയ്ക്കെടുക്കാൻ ശ്രമിച്ച് സ്വയം ഇരുട്ടത്തേക്കു മാറിനിൽക്കുകയുമരുത്.
12-06-2025
ജനാധിപത്യത്തെക്കുറിച്ചാണ് പറയുന്നതെങ്കിൽ ഇന്ത്യയിൽ അതു ചട്ടങ്ങളിൽ മാത്രം കേന്ദ്രീകൃതമായിരുന്നില്ല. ഭരണഘടന അനുശാസിക്കുന്നില്ലെങ്കിലും സർക്കാരുകൾ പാലിക്കുന്ന ചില കീഴ്വഴക്കങ്ങൾ നമ്മുടെ ജനാധിപത്യത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിൽനിന്നു മോചിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അത്തരത്തിലൊന്നാണ് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു കൊടുക്കുന്ന പതിവ്. പക്ഷേ, ബിജെപി ആറ് വർഷമായി ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിച്ചിട്ടിരിക്കുകയാണ്. അവരുടേതായ ന്യായങ്ങളുണ്ടായിരിക്കാം. പക്ഷേ, ഭരിക്കുന്നവർ കണ്ടെത്തേണ്ടത് ഒഴിവാക്കലുകളുടെയല്ല, ഉൾക്കൊള്ളലിന്റെ ന്യായങ്ങളാണ്.
തെരഞ്ഞെടുപ്പു കഴിഞ്ഞാൽ രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെന്ന സന്ദേശം അതിലുണ്ട്. ശശി തരൂരിനെ വിദേശത്തേക്ക് അയയ്ക്കുന്പോൾ മാത്രം പുറത്തെടുക്കേണ്ട രാഷ്ട്രീയമായി, രാഷ്ട്രീയാതീത ദേശീയതയെയും ജനാധിപത്യത്തെയുമൊക്കെ ചുരുക്കരുത്. അടുത്ത മാസത്തെ പാർലമെന്റ് സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു കൊടുത്തില്ലെങ്കിലും സർക്കാരിന് ഒന്നും സംഭവിക്കാനില്ല. പക്ഷേ, ജനാധിപത്യത്തെ സർക്കാരിൽ തളയ്ക്കാനിടയാക്കും.
ഒരു കത്താണ് വിഷയത്തെ വീണ്ടും സജീവമാക്കിയത്. കോണ്ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത്. തുടർച്ചയായി രണ്ടാം തവണയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും ജനാധിപത്യ രാഷ്ട്രീയത്തിനുള്ള ദുഃസൂചനയാണിതെന്നും എത്രയും പെട്ടെന്നു തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു കൊടുക്കാതിരിക്കുന്പോൾ അധികാര വികേന്ദ്രീകരണത്തിൽ സർക്കാർ എന്തോ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന തോന്നലുണ്ടാകും. അത് ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 2019നുശേഷം രണ്ട് ലോക്സഭകളിൽ ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്. സാധാരണയായി പുതിയ ലോക്സഭയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ സമ്മേളനത്തിലാണു ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. അതിനാൽ അടുത്തമാസം പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ കോണ്ഗ്രസിന്റെ ആവശ്യം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
തെരഞ്ഞെടുപ്പോടെ രാഷ്ട്രീയം അവസാനിക്കുന്നില്ലെങ്കിലും ഭരണ-പ്രതിപക്ഷങ്ങൾ അതിനെ മൂല്യാധിഷ്ഠിതവും നിയന്ത്രിതവുമാക്കുന്നത് ജനാധിപത്യത്തിനു മേൽക്കൈ കൊടുക്കുന്നതും രാഷ്ട്രനിർമിതിക്കു ഗുണകരവുമാണ്. അതിനെ സഹായിക്കുന്ന കീഴ്വഴക്കങ്ങളെ നിർബന്ധിതമല്ലാത്തതിനാൽ ഉപേക്ഷിക്കരുത്. ഇതിൽ, ഏറ്റവും മാതൃകാപരമായ സമീപനം പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു തുടങ്ങിവച്ചിരുന്നു. കോൺഗ്രസിനു മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ആദ്യസർക്കാരിൽ ഹിന്ദു മഹാസഭാ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ വ്യവസായ, വിതരണ മന്ത്രിയാക്കി. നെഹ്റുവിനെ എതിർത്തിരുന്നയാൾ മാത്രമായിരുന്നില്ല, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നിർണായക വഴിത്തിരിവായിരുന്ന ക്വിറ്റ് ഇന്ത്യ സമരത്തെപ്പോലും എതിർത്തയാളായിരുന്നു മുഖർജി.
അതുപോലെ, നെഹ്റുവിന്റെയും ഗാന്ധിജിയുടെയും കടുത്ത വിമർശകനായിരുന്ന ഡോ. ബി.ആർ. അംബേദ്കറെയാണ് നിയമമന്ത്രിയാക്കിയത്. സ്വരാജ് പാർട്ടിയിലും ജസ്റ്റീസ് പാർട്ടിയിലും പ്രവർത്തിച്ചിരുന്ന, ബ്രിട്ടീഷ് അനുകൂല വീക്ഷണം ഉണ്ടായിരുന്ന ആർ.കെ. ഷൺമുഖം ചെട്ടിയായിരുന്നു ധനമന്ത്രി. ഇവരെയൊക്കെ ഉൾപ്പെടുത്തുന്നത് കോൺഗ്രസിനു നിർബന്ധമുള്ള കാര്യമായിരുന്നില്ല. ആ ജനാധിപത്യ വിശാലത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ കൈവിടാൻ പാടില്ലാത്തതാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു നൽകുന്പോൾ അന്തസേറുന്നത് ഭരണകൂടത്തിനാണ്.
മോദിസർക്കാർ 11 വർഷം പൂർത്തിയാക്കുന്പോൾ ഭരണനേട്ടങ്ങൾ ഏറെയുണ്ട്. പക്ഷേ, അതോടൊപ്പം ഉറപ്പാക്കേണ്ടത് ബിജെപിയുടെ വളർച്ച മാത്രമല്ല, ജനാധിപത്യത്തിന്റേതുകൂടിയാണ്. അടിത്തറ സംരക്ഷിക്കാൻ ഭരണഘടനയുണ്ടെങ്കിലും നിർബന്ധിതമല്ലാത്ത ചില കീഴ്വഴക്കങ്ങൾ ജനാധിപത്യത്തെ പുത്തൻ വെല്ലുവിളികൾക്ക് അനുസൃതമായി പുതുക്കിക്കൊണ്ടിരിക്കും. 11 വർഷത്തിൽ ഒരിക്കലും പ്രധാനമന്ത്രി രാജ്യത്തെ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യാത്തത്, ന്യൂനപക്ഷവിരുദ്ധ വിദ്വേഷപ്രസംഗങ്ങളെ തടയാത്തത്, വിമർശിക്കുന്നവർക്കെതിരേ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത്, തെരഞ്ഞെടുപ്പു കമ്മീഷണറെ ഏകപക്ഷീയമായി തീരുമാനിക്കാൻ നിയമന പാനലിൽ മാറ്റം വരുത്തിയത്, വർഗീയ ധ്രുവീകരണങ്ങളിൽ നിശബ്ദത പാലിക്കുന്നത്, പ്രതിപക്ഷമുക്ത ഭാരത നീക്കങ്ങൾ... തുടങ്ങിയ കാര്യങ്ങൾ സർക്കാരിന് സാധിക്കും. പക്ഷേ, ശ്രദ്ധിച്ചുനോക്കിയാൽ അവയിൽ ജനാധിപത്യത്തിന്റെ കുറവ് കാണാം.
അടിയന്തരാവസ്ഥയെ വിമർശിക്കുന്നതു മാത്രമല്ല, ജനാധിപത്യത്തോടുള്ള പ്രതിബദ്ധത. അതുകൊണ്ടാണ്, മാധ്യമങ്ങൾ അടിയന്തരാവസ്ഥയെയും അതിനെ അപലപിക്കുന്നവരുടെ തത്തുല്യ ചെയ്തികളെയും ഒരുപോലെ വിമർശിക്കുന്നത്. അതേ, ഡെപ്യൂട്ടി സ്പീക്കറിലൂടെയും ജനാധിപത്യം ശബ്ദിക്കട്ടെ.
06-06-2025
ഒരു പരിസ്ഥിതിദിനംകൂടി ആചരിച്ചു. 10 മരം നട്ട്, കുറെ പ്ലാസ്റ്റിക് പെറുക്കി, പ്രസംഗിച്ച്, കവിത ചൊല്ലി, ആഗോളതാപനത്തിന്റെ സ്ഥിരം ഉത്തരവാദികളെ സ്മരിച്ച് ഉപചാരം ചൊല്ലി പിരിയുന്ന ദിവസമായി അതു മാറി. പക്ഷേ, മാറിച്ചിന്തിക്കാൻ സമയമായി. ഭൂമി വാസയോഗ്യമല്ലാതാകുമെന്നു ശാസ്ത്രജ്ഞർ പറയുന്നതിൽ കാര്യമുണ്ട്.
പക്ഷേ, ഇരട്ടത്താപ്പുകൾകൊണ്ട് നമുക്കതു പരിഹരിക്കാനാവില്ല. ഉദാഹരണത്തിന്, കൈയേറ്റക്കാർ നശിപ്പിച്ചെന്നു പറഞ്ഞ് മലകളിലേക്കു നോക്കി ചീത്തവിളിക്കുകയും അതേ മലകളിലെ കാർഷികോത്പന്നങ്ങളും അവിടത്തെ അണക്കെട്ടുകളിൽനിന്നുള്ള വൈദ്യുതിയും കല്ലും മണ്ണും വെള്ളവുമൊക്കെ സുഖജീവിതത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതുപോലെയുള്ള ഇരട്ടത്താപ്പ്.
ലോകത്ത് ഒരിടത്തും അത്തരം ആവാസ വ്യവസ്ഥകളെ പൂർവസ്ഥിതിയിലാക്കാനാവില്ല. അങ്ങനെ തീരുമാനിച്ചാൽ, ഏറ്റവുമധികം പരിസ്ഥിതിനാശം വരുത്തിയ, ഒരിക്കൽ കാടുകളായിരുന്ന നഗരങ്ങളിലേക്കും ഭരണസിരാകേന്ദ്രങ്ങളിലേക്കും ആദ്യം ബുൾഡോസർ കയറ്റേണ്ടിവരും. അതൊന്നും നടപ്പില്ലാത്തതുകൊണ്ട്, ഒന്നിച്ചു നശിക്കാതിരിക്കാൻ ഒന്നിച്ചു കൈകോർക്കാം.
പറയാനാണെങ്കിൽ ഒത്തിരിയുണ്ട്. ഒന്നാമത്തെ കാര്യം, സുഖമേറിയതും ആയാസരഹിതവുമായ ജീവിതത്തിന്റെ ഭാഗമാണ് പരിസ്ഥിതി നാശത്തിലേറെയുമെന്ന് നാം സമ്മതിക്കണം. ഉദാഹരണത്തിന്, കഴിഞ്ഞ ദിവസങ്ങളിൽ ഇടിഞ്ഞുതാഴ്ന്ന ദേശീയപാതയിലേക്കും അതിന്റെ വശങ്ങളിൽ ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന വിധം അശാസ്ത്രീയമായി വെട്ടിയിറക്കിയ കുന്നുകളിലേക്കും നോക്കൂ.
ഒന്നിലധികം വാഹനങ്ങൾക്ക് പല വരികളിലായി ഒരേസമയം കുതിച്ചുപായാനാണ് അതു നിർമിച്ചത്. പക്ഷേ, കുന്നുകൾ വെട്ടിമുറിച്ചു, പാറകൾ പൊട്ടിച്ചു, ചതുപ്പുനിലങ്ങളും കൃഷിയോഗ്യമായിരുന്ന വയലുകളും നികത്തി, വൃക്ഷങ്ങൾ വെട്ടിനീക്കി... അങ്ങനെ പല കാര്യങ്ങളും ചെയ്തു. ചെയ്യാതിരിക്കാനാകുമോ?പറ്റില്ല.
നഗരങ്ങളിലെ കോൺക്രീറ്റ് കാടുകളൊക്കെ നിർമിച്ചിരുന്നത് ഒരിക്കൽ ചതുപ്പുനിലങ്ങളും കന്യാവനങ്ങളും കണ്ടൽക്കാടുകളും അരുവികളുമൊക്കെ ഉണ്ടായിരുന്നിടത്താണ്. അതിനി പഴയപടിയാക്കാൻ പറ്റുമോ? ഇല്ല. പക്ഷേ, ആ ജനവാസകേന്ദ്രങ്ങൾ ഗ്രാമങ്ങളേക്കാളും മലയോരങ്ങളേക്കാളും ആഗോള താപനം വർധിപ്പിക്കുന്നുണ്ട്.
നമ്മൾ പരിസ്ഥിതി സംഘടനകളുടെ ഭാരവാഹികളാണെങ്കിലും നമുക്ക് ആധുനിക ജീവിതശൈലികളുടെ ഭാഗമായ ഫ്രിഡ്ജും എസിയും കാറും ടിവിയും പ്ലാസ്റ്റിക് ഫർണിച്ചറുകളും മൊബൈൽ ഫോണുകളുമൊക്കെയുണ്ട്. ഇതു വല്ലതും ഒഴിവാക്കുമോ? ഇല്ല. പക്ഷേ, ഇതൊക്കെ നിർമിക്കുന്ന ഫാക്ടറികൾ ആകാശത്തേക്കു കാർബണും ഭൂമിയിലേക്കും പുഴകളിലേക്കും മലിനജലവും തള്ളുന്നുണ്ട്.
മലഞ്ചെരിവുകളിലെ മനുഷ്യരാണ് കാർഷികവിളകളും ഫലവൃക്ഷങ്ങളും കൊണ്ട് ഭൂമിയെ ഏറ്റവും ഹരിതാഭമാക്കുന്നത്. ഒപ്പം, അവർ ജീവിക്കാനുള്ള നിർമിതികളും നടത്തി. അവരുടെ വീടുകളും പള്ളിക്കൂടങ്ങളും വ്യാപാര സ്ഥാപനങ്ങളും അവിടേക്കുള്ള വഴികളും പാലങ്ങളുമൊക്കെ മണ്ണിടിച്ചിലിനു കാരണമാകുന്നുണ്ടെന്ന് പരിസ്ഥിതി സംഘടനകൾ പ്രസംഗിക്കുകയും സർക്കാരിനെയും കോടതികളെയുമൊക്കെ ബോധ്യപ്പെടുത്തുകയും ചെയ്യാറുണ്ട്.
ശരിയായിരിക്കാം. പക്ഷേ, അതേ സ്ഥലത്ത് നിർമിച്ചിരിക്കുന്ന പടുകൂറ്റൻ അണക്കെട്ടുകളെക്കുറിച്ചോ വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളെക്കുറിച്ചോ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചോ പരാതിയില്ല. അങ്കമാലി-ശബരി റെയിൽ പാത നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആയിരക്കണക്കിനു മരങ്ങൾ വീഴും, പാറകൾ പൊട്ടിക്കണം, കൃഷിയിടങ്ങൾ നികത്തണം, ആനത്താരകൾ മുറിക്കണം... ആകെ പ്രശ്നമാണ്.
പക്ഷേ, അതു പറ്റില്ലെന്ന് പരിസ്ഥിതിക്കാർ പറയുമോ? മെട്രോമാൻ ഇ. ശ്രീധരന്റെ സങ്കൽപ്പത്തിലുള്ള സെമി ഹൈ സ്പീഡ് റെയിലും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രകൃതിയെ തൊടാതെ പറ്റുമോ? ഇരട്ടത്താപ്പുകളെക്കുറിച്ച് ഇനിയും പറയാനുണ്ടെങ്കിലും കാര്യം മനസിലാകാൻ ഇതു മതി.
പറഞ്ഞുവന്നത്, നാം ഓരോരുത്തരും പരിസ്ഥിതിനാശത്തിന് ഉത്തരവാദികളാണെന്നും അതു നമ്മുടെ സുഖജീവിതത്തിന്റെ ഭാഗമാണെന്നും മാത്രമല്ല, അതിന്റെ ഉത്തരവാദിത്വം നാം മറ്റുള്ളവരിൽ ചുമത്തുകയാണെന്നുമാണ്. ഈ കാപട്യം ചർച്ച ചെയ്യപ്പെടണം. പരിസ്ഥിതി സംരക്ഷണം മറ്റുള്ളവരുടെ ചുമതലയാണെന്നു തെറ്റിദ്ധരിച്ചവർ മാനസാന്തരപ്പെട്ടാൽ ഭൂമിയുടെയും ആകാശത്തിന്റെയും വീണ്ടെടുപ്പ് ത്വരിതഗതിയിലാകും.
അതിന്റെ ഭാഗമായി, പ്രകൃതിസംരക്ഷണം മലന്പ്രദേശങ്ങളിൽനിന്നു പരിസ്ഥിതി സംഘടനാ ആസ്ഥാനങ്ങളും സർക്കാർ സ്ഥാപനങ്ങളും മന്ത്രിമന്ദിരങ്ങളും കോടതികളുമൊക്കെയുള്ള നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കണം. ഇപ്പോൾ അതല്ല നടക്കുന്നത്. മലയോരത്തെ ജനങ്ങളെ നഷ്ടപരിഹാരം നൽകി മറ്റിടങ്ങളിലേക്കു സർക്കാർ പുനരധിവസിപ്പിച്ചാൽ അവർക്കു സമ്മതമായിരിക്കും.
പക്ഷേ, സുഖജീവിതം വെടിയാൻ നഗരവാസികൾ സമ്മതിക്കുമോ? ഇല്ല. പരിസ്ഥിതി പാളികളിലെ വിള്ളലുകൾ നുണകൊണ്ട് അടയ്ക്കാനാവില്ല. നാം കുറച്ചുകൂടി സത്യസന്ധരായില്ലെങ്കിൽ ആഗോളതാപനവും മഞ്ഞുരുകലും പ്രളയവും ചൂടുകടലും ഹരിതഗൃഹ വാതകങ്ങളും ഓസോൺപാളി കീറലുമൊക്കെ അടുത്ത തലമുറകളും ചർച്ച ചെയ്തുകൊണ്ടിരിക്കും.
ആഗോള പരിസ്ഥിതി ഉച്ചകോടികളിൽനിന്ന് നമുക്കു പഞ്ചായത്തുകളിലേക്കും നമ്മുടെ വീടുകളിലേക്കും പോകാം. സ്വന്തം കൈകൊണ്ട് ഒരു പ്ലാസ്റ്റിക്കുപോലും വലിച്ചെറിയില്ലെന്നു തീരുമാനിക്കാം. വീട്ടിലെ മാലിന്യം പൊതിഞ്ഞുകെട്ടി ആളില്ലാമൂലയും പുഴയും തപ്പി നടക്കില്ലെന്നും ജലാശയങ്ങളെ മലിനമാക്കില്ലെന്നും ഉറപ്പാക്കാം.
വീട്ടിൽ ഒരു മരം വച്ചുപിടിപ്പിക്കാം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കില്ലെന്നും മാലിന്യനിർമാർജന യത്നങ്ങളോടു സഹകരിക്കുമെന്നും തീരുമാനിക്കാം. കഴിവതും പൊതുഗതാഗതം ഉപയോഗിക്കുമെന്നും ആവശ്യത്തിലേറെ വലിയ വീടു നിർമിക്കില്ലെന്നും പ്രതിജ്ഞ ചെയ്യാം.
എല്ലാറ്റിലുമുപരി, പരിസ്ഥിതിനാശത്തിനു താനും കാരണമാണെന്നും അകാരണമായി മറ്റുള്ളവരെ കുറ്റപ്പെടുത്താൻ അവകാശമില്ലെന്നും തിരിച്ചറിഞ്ഞ് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളിയാകാം. ഇതൊക്കെ മറ്റുള്ളവരെ കുറ്റം പറയുന്നത്ര എളുപ്പമല്ലെങ്കിലും സാധ്യമാണ്.
05-06-2025
മറ്റൊന്നും പറയാനില്ല; ബംഗളുരുവിൽ അധികൃതർ ഒരുക്കിയ മരണക്കുരുക്കിലാണ് കൂട്ടമരണം ഉണ്ടായിരിക്കുന്നത്.
ഐപിഎല്ലിൽ ആദ്യമായി കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനും ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്നാണ് ആദ്യ റിപ്പോർട്ടുകൾ.
പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണ്. ഇതു വിളിച്ചുവരുത്തിയ ദുരന്തമാണ്. വലിയ തിരക്കുണ്ടാകുമെന്നും പരിപാടി ഒഴിവാക്കണമെന്നുമുള്ള പോലീസിൻ്റെ മുന്നറിയിപ്പുകൾ കെഎസ്സിഎ (കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അ സോസിയേഷൻ) ഉൾപ്പെടെ അവഗണിച്ചു.
സുരക്ഷാ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് മാധ്യമ പ്രവർത്തകരുൾപ്പെടെ നിരവധി പേർ കെഎസ്സിഎയുടെ ഗ്രൂപ്പിൽ ചുണ്ടിക്കാണിക്കുകയും ചെയ്തിരുന്നെങ്കിലും ചെവിക്കൊണ്ടില്ല.
അവിശ്വസനീയമായ കാര്യം, ഇത്രയേറെ ആളുകളുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനുശേഷവും സ്റ്റേഡിയത്തിലെ ആഘോഷങ്ങൾ നിർത്തിവയ്ക്കാൻ അധികൃതർ തയാറായില്ല എന്നതാണ്. വിരാട് കോഹ്ലിയും ക്യാപ്റ്റൻ രജത് പാട്ടിദാറും ഉൾപ്പെടെ ടീമൊന്നടങ്കം സ്റ്റേഡിയത്തിലെത്തുകയും പ്രകടനം നടത്തുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രിയിൽ അഹമ്മദാബാദിൽ നടന്ന ഐപിഎൽ ട്വൻറി-20 ഫൈനലിലാണ് പഞ്ചാബ് കിംഗ്സിനെ വീഴ്ത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളുരു കിരീടം നേടിയത്. അഹമ്മദാബാദിൽനിന്ന് എത്തുന്ന ആർസിബി ടീമിന് അവരുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് സ്വീകരണം ഒരുക്കിയിരുന്നത്.
ഇന്നലെ ഉച്ചയ്ക്കു മുമ്പുതന്നെ സ്റ്റേഡിയത്തിലും പരിസരത്തും തിരക്കായി. തുറന്ന ബസിൽ താരങ്ങളെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തിക്കാനായിരുന്നു ആലോചന.
ആദ്യം വിധാൻ സൗധയിലെത്തിയ ആർസിബി താരങ്ങൾ ഐപിഎൽ ട്രോഫിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. അപ്പോഴേക്കും സ്റ്റേഡിയത്തിലും പരിസരത്തും നിയന്ത്രിക്കാനാവാത്ത തിരക്കാണെന്നു റിപ്പോർട്ടുകൾ വന്നു. ഇതോടെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസിൽ നടത്താനിരുന്ന പരേഡ് ഒഴിവാക്കി.
അതിനിടെ സ്റ്റേഡിയത്തിനകത്തും പുറത്തും നിയന്ത്രിക്കാനാവാത്തവിധം ജനക്കൂട്ടമെത്തുകയും തിക്കിലും തിരക്കിലും ആളുകൾ വീഴുകയും വീണവർക്കു മുകളിലുടെ പ്രാണരക്ഷാർഥം മറ്റുള്ളവർ കയറിയിറങ്ങുകയും ചെയ്തു.
സ്റ്റേഡിയത്തിന്റെ മതിൽക്കെട്ടിലും പരിസരത്തെ മരങ്ങളിലുമെല്ലാം ആളുകൾ കയറിക്കൂടി. അതിനിടെ കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവന്നെങ്കിലും ആറു മണിയോടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ താരങ്ങൾ അണിനിരന്നു. ക്യാപ്റ്റൻ രജത് പാട്ടിദാറും വിരാട് കോഹ്ലിയും ആരാധകരെ അഭിവാദ്യം ചെയ്യുകയും സ്റ്റേഡിയത്തെ വലംവയ്ക്കുകയും ചെയ്തു. സ്പോർട്സ്മാൻ സ്പിരിറ്റോ വകതിരിവില്ലായ്മയോ?.
പുറത്ത് ആംബുലൻസുകൾ മൃതദേഹങ്ങളുമായി കുതിച്ചുപായവേ സ്റ്റേഡിയത്തിനുള്ളിൽ വിജയാഘോഷം നടത്തിയത് അങ്ങേയറ്റം മനുഷ്യത്വരഹിതമായിപ്പോയി. പുറത്ത് നടന്ന ദുരന്തം അകത്തുണ്ടായിരുന്ന സംഘാടകർ അറിഞ്ഞില്ലെന്നാണ് ഐപിഎൽ ചെയർമാൻ അരുൺ ധുമൽ ഒരുളുപ്പുമില്ലാതെ പറഞ്ഞത്.
ആരാണ് പരിപാടി സംഘടിപ്പിച്ചതെന്ന് തങ്ങൾക്കറിയില്ല. സ്ഥിതി മനസിലാക്കിയപ്പോൾ റോയൽ ചാലഞ്ചേഴ്സ് മാനേജ്മെന്റുമായി സംസാരിക്കുകയും അവർ ചടങ്ങ് വേഗം അവസാനിപ്പിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തുവത്രേ.
ഐപിഎല്ലുമായി ബന്ധപ്പെട്ട ബിസിസിഐയുടെ എല്ലാ പരിപാടികളും ചൊവ്വാഴ്ചയോടെ അവസാനിച്ചതിനാൽ തുടർന്നുള്ള പരിപാടികൾ ഫ്രാഞ്ചൈസികളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞു കൈയൊഴിയുകയും ചെയതു.
ഭ്രാന്തോളമെത്തിയ ക്രിക്കറ്റ് ആവേശത്തെ മുതലാക്കുന്ന കളിക്കാരും സംഘാടകരും ഉൾപ്പെടെയുള്ളവരുടെ വീടുകളിലേക്കു കോടികൾ എത്തിയപ്പോൾ ആരാധകരുടെ വീട്ടിലെത്തിയത് ചലനമറ്റ ശരീരങ്ങൾ..! കർണാടക സർക്കാരിനും ക്രിക്കറ്റ് അസോസിയേഷനും ഐപിഎൽ ഭാരവാഹികൾക്കും ക്രിക്കറ്റ് ടീമിനുപോലും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാനാകില്ല.
17 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ടീം വിജയിച്ചത് ബംഗളുരുവിലെ കായികപ്രേമികൾക്ക് എത്ര ആ വേശകരമായിരിക്കുമെന്നും തൊട്ടുപിന്നാലെ നാട്ടിലെത്തുന്ന ടീമിനെ കാണാൻ ജനം ഇടിച്ചിറങ്ങുമെന്നുമുള്ള സാമാന്യബോധം വേണ്ട; സ്ഥിതി അപകടകരമാണെന്ന പോലീസിൻ്റെയും മാധ്യമങ്ങളുടെയുമൊക്കെ മുന്നറിയിപ്പു പോലും അവഗണിച്ചത് ന്യായീകരിക്കാവുന്നതല്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്രാജിലേക്കു തിരിച്ചവർ ഡൽഹി റെയിൽവേ സ്റ്റേഷനിലെ തിക്കിലും തിരക്കിലും പിടഞ്ഞുമരിച്ച സംഭവത്തിൽനിന്നും ആരുമൊന്നും പഠിച്ചില്ല.
കാരണം, ഇതൊന്നും അധികാരസ്ഥാനങ്ങളിലുള്ളവരെ നേരിട്ടു ബാധിക്കുന്ന കാര്യമല്ല. ഔദ്യോഗിക കണക്കനുസരിച്ച് അന്നു 18 പേരാണ് മരിച്ചത്. കോടിക്കണക്കിനു തീർഥാടകരെത്തുമെന്നു യുപി സർക്കാർ തന്നെ മുൻകുട്ടി പറഞ്ഞിരുന്ന കുംഭമേളയുടെ മാസങ്ങൾ നീണ്ട ഒരുക്കങ്ങൾക്കുശേഷവും റെയിൽവേ സ്റ്റേഷനുകളിലെയും റോഡുകളിലെയും തിരക്കു നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രയാഗരാജിലാണെങ്കിലും ബംഗളുരുവിലാണെങ്കിലും മനുഷ്യരെ മരണത്തിനു വിട്ടുകൊടുക്കുന്ന കെടുകാര്യസ്ഥതയ്ക്ക് അറുതി വരുത്തണം. അതിന് ആദ്യം ചെയ്യേണ്ടത് ഉത്തരവാദികളെ നിയമത്തിനു മുന്നിലെത്തിക്കുകയാണ്. അറിഞ്ഞില്ലെന്നു പറഞ്ഞും ഖേദം പ്രകടിപ്പിച്ചും ഒരാളും രക്ഷപ്പെടരുത്. ഇതൊക്കെ അറിയാനാണ് ഇവരെയൊക്കെ ഓരോ സ്ഥാനത്ത് ഇരുത്തിയിട്ടുള്ളത്.
05-06-2025
ഹിന്ദുത്വയുടെ കംഗാരു കോടതി ഒടുവിൽ കൂടിയത് ഒഡീഷയിൽ റൂർക്കല രാജ്യറാണി എക്സ്പ്രസിലായിരുന്നു. കന്യാസ്ത്രീയെയും ഒപ്പമുള്ള യാത്രക്കാരെയും വിചാരണയ്ക്കും ശിക്ഷയ്ക്കും വിധേയരാക്കുമ്പോൾ അവർ പുറത്തെടുത്തത് സ്ഥിരം ആരോപണമായിരുന്നു: മതപരിവർത്തനം.
പാക്കിസ്ഥാനിലെ തീവ്രവാദികൾ അവിടത്തെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനു മുമ്പു പറയുന്ന 'മതനിന്ദ', 'ദൈവദൂഷണം' എന്നിവയുടെ ഇന്ത്യൻ പരിഭാഷ. പക്ഷേ, അതിർത്തിക്കപ്പുറത്തുള്ള മത കുറ്റവാളികളെ മടയിലെത്തി ശിക്ഷിച്ച രാജ്യം അതിർത്തിക്കുള്ളിലെ കുറ്റവാളികളെ പിന്തുടരുന്നില്ല.
നിർബന്ധ മതപരിവർത്തന നിരോധന നിയമങ്ങൾക്കൊണ്ട് ന്യൂനപക്ഷങ്ങൾക്ക് പീഡനവും തടവറയും, ഘർ വാപസികൊണ്ട് ഹിന്ദുത്വയ്ക്കു സംരക്ഷിതമേഖലയും ഉറപ്പാക്കിയവർ വളർത്തിയെടുത്ത അക്രമിസംഘങ്ങളാണ് ട്രെയിനിൽനിന്നു കന്യാസ്ത്രീ ഉൾപ്പെടെയുള്ളവരെ വലിച്ചിറക്കിയത്.
കേന്ദ്രസർക്കാർ, നിശബ്ദതയുടെ 11 വർഷത്തെ ദുരൂഹ വാത്മീകത്തിൽനിന്നു പുറത്തു വരണം. മതേതരത്വം ഭരണഘടനയിലെ വാക്കല്ല, ഭരിക്കുന്നവരുടെ പ്രവൃത്തിയാണ്.
രാജ്യത്ത് ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങളിൽ പുതിയതാണ് മേയ് 31ന് രാത്രി 11ന് ഒഡീഷയിലെ ബെറാംപുരിനടുത്ത ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിലുണ്ടായത്. പരിശീലന പരിപാടിയിൽ പങ്കെടുക്കാനായി ജാർസുഗുഡയിലേക്ക് റൂർക്കല രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് കന്യാസ്ത്രീക്കും കൂടെയുണ്ടായിരുന്ന കുട്ടികൾക്കും നേരേ സംഘപരിവാർ അതിക്രമം.
ഹോളിഫാമിലി സന്യാസിനീ സമൂഹാംഗമായ ഇരുപത്തൊമ്പതു വയസുള്ള കന്യാസ്ത്രീയും കൂടെയുണ്ടായിരുന്ന സഹോദരൻ ഉൾപ്പെടെ രണ്ട് ആൺകുട്ടികളും നാല് പെൺകുട്ടികളുമായിരുന്നു ഇരകൾ. പെൺകുട്ടികളിലൊരാൾ കടുത്ത തലവേദനയെത്തുടർന്ന് കരയുന്നതു കണ്ട ബജ്രംഗ് ദൾ പ്രവർത്തകർ, കുട്ടിയെ കന്യാസ്ത്രീ നിർബന്ധിച്ചു മതപരിവർത്തനം നടത്താൻ കൊണ്ടുപോകുകയാണെന്നു പറഞ്ഞ് തടയുകയും ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് കൂടുതൽ പ്രവർത്തകരെ വിളിച്ചുവരുത്തുകയും ചെയ്തു.
അവർ ട്രെയിനിനുള്ളിലേക്ക് ഇരച്ചുകയറി ചോദ്യംചെയ്യൽ തുടങ്ങി. കന്യാസ്ത്രീക്കു നേരേ കൈയേറ്റവും വധഭീഷണിയുമുണ്ടായി. തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്ന് കുട്ടികൾ പറഞ്ഞെങ്കിലും അക്രമികൾ പിന്മാറിയില്ല. ഇവരെ ട്രെയിനിൽനിന്നു വലിച്ചിറക്കി റെയിൽവേ പോലീസിൻ്റെ ഓഫീസിലെത്തിച്ചു.
പോലീസ് കാഴ്ചക്കാരായി നിന്നു. കന്യാസ്തീയുടെയും പെൺകുട്ടികളുടെയും മാതാപിതാക്കളും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും ഇടപെടുകയും അക്രമികളുടെ ആരോപണം വ്യാജമാണെന്നു തെളിയുകയും ചെയ്തതോടെയാണ് പിറ്റേന്നു വൈകുന്നേരം വിട്ടയച്ചത്. ആളുകളെ ചോദ്യം ചെയ്യാനും ശിക്ഷിക്കാനുമൊക്കെ ഈ വർഗീയവാദികൾക്ക് ആരാണ് അധികാരം കൈമാറിയത്?
ഒഡീഷയിൽ ചാർബതി കാർമൽ നികേതനിലെത്തിയ ഒമ്പതംഗ അക്രമിസംഘം വൈദികരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തത് മേയ് 23നാണ്. ഫാ. ലിനസ് ഒസിഡി, ഫാ. സിൽവിൻ ഒസിഡി എന്നിവരെയാണ് ക്രൂരമായി മർദിച്ചത്. മോഷ്ടിക്കാൻ മാത്രമെത്തിയവരാണെങ്കിൽ കെട്ടിയിട്ടശേഷം ക്രൂരമായി മർദിക്കുന്നതും ഇവിടെ ഇനി കണ്ടുപോകരുതെന്നുമൊക്കെ പറയുന്നതിൽ ദുരൂഹതയുണ്ട്.
പോലീസ് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഇതൊന്നും യഥാർഥ ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യാനിക്കും കണ്ടുനിൽക്കാനാകില്ല. അക്രമത്തിനിരയായ വൈദികരെ രക്ഷിക്കാനെത്തിയത് തൊട്ടടുത്ത ക്ഷേത്രത്തിലെ പൂജാരിയാണ്. ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിൻ്റെ റിപ്പോർട്ട്. 2024ൽ മാത്രം 834 ആക്രമണങ്ങൾ.
നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ൽ ഇത് 127 ആയിരുന്നു. ഇതൊക്കെ കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നു സ്ഥാപിക്കാൻ ചില സംഘപരിവാർ മാധ്യമങ്ങളും ഹിന്ദുത്വവാദികൾ വിലയ്ക്കെടുത്തവരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും വ്യാജമാണെന്നു തെളിയിക്കാനായിട്ടില്ല.
സംഘപരിവാറിൻ്റെ ന്യൂനപക്ഷ വിരുദ്ധത, നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ, കേന്ദ്രസർക്കാരിന്റെ നിശബ്ദത, ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ തുടങ്ങിയവയൊക്കെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അക്രമങ്ങൾ വർധിപ്പിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിലെ 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് അനുസരിച്ച്, ഉത്തർപ്രദേശിൽ മാത്രം 2020 നവംബർ മുതൽ 2024 ജൂലൈ 31 വരെ മതപരിവർത്തനം ആരോപിച്ച് പോലീസ് 835ൽ അധികം എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.
1,682 പേർ അറസ്റ്റിലായി. ഇതിൽ നാലു കേസുകളിൽ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളു. പാക്കിസ്ഥാനിൽ തീവ്രവാദികൾ മതനിന്ദക്കുറ്റം ആരോപിച്ചാൽ അതു തെളിയിക്കാൻ ഇരകൾ ബാധ്യസ്ഥരാകുന്ന സ്ഥിതിവിശേഷം നമ്മുടെ രാജ്യത്തും ഉടലെടുത്തുകഴിഞ്ഞു.
2023 ഏപ്രിലിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോയുടെ നേതൃത്വത്തിൽ ക്രൈസ്തവ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്തി. 2024 ജൂലൈ 12ന് സിബിസിഐ പ്രസിഡൻ്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ നേതൃത്വത്തിൽ പ്രധാന മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.
2024 ഡിസംബറിൽ 30 ക്രൈസ്തവ സഭാ വിഭാഗങ്ങളും 400 മുതിർന്ന ക്രൈസ്തവ നേതാക്കളും ഇതേ വിഷയത്തിൽ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകി. ഒന്നിനും ഒരു ഫലവും ഉണ്ടായിട്ടില്ല.
ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതിനെതിരേ നടപടിയെടുക്കണമെന്ന് 2023 മേയിലെ സന്ദർശനത്തിനിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസിനോട് മോദി ആവശ്യപ്പെടുമ്പോൾ മണിപ്പുരിലെ കലാപത്തിൽ ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും കത്തിച്ചാമ്പലാകുകയായിരുന്നു.
കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്നുവരെ പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചിട്ടില്ല. യുറോപ്പിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും ഹൈന്ദവ ക്ഷേത്രങ്ങളും വിശ്വാസവും സംരക്ഷിക്കപ്പെടുന്ന കാലത്ത് ഏറ്റവും വലിയ ജനാധിപത്യരാജ്യം ന്യൂനപക്ഷ സംരക്ഷണത്തിൽ പിന്നോട്ടുപോകുന്നു.
മതഭ്രാന്തുകൾക്കെതിരേയുള്ള പോരാട്ടം വിവിധ തലങ്ങളിൽ നടക്കേണ്ടതാണ്. പക്ഷേ, സർക്കാർ ഒപ്പമില്ലെങ്കിൽ മാധ്യമങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും മതേതര സംഘടനകളുടെയുമൊന്നും ശ്രമം ഫലവത്താകില്ല.
ഉത്തരേന്ത്യയിൽ പലയിടങ്ങളിലും പുരോഹിതർക്കും കന്യാസ്ത്രീകൾക്കും തങ്ങളുടെ സന്യസ്തവേഷങ്ങൾ ധരിച്ചു യാത്ര ചെയ്യാനാകാത്ത സ്ഥിതിയുണ്ട്. ഒപ്പമുള്ളവർ ആരാണെന്നു വർഗീയവാദികളെ ബോധ്യപ്പെടുത്താൻ സർട്ടിഫിക്കറ്റുകളുമായി സഞ്ചരിക്കേണ്ടിവന്നിരിക്കുന്നു. ഈസ്റ്ററും ക്രിസ്മസും ഞായറാഴ്ച ആചരണവുമൊക്കെ ഭീതിയുടെ അന്തരീക്ഷത്തിലായി.
ക്രൈസ്തവ ആരാധനാലയങ്ങളിലേക്ക് മതമുദ്രാവാക്യങ്ങളുമായി ഏതു നിമിഷവും ഇരച്ചുകയറാം. ഇതു ഭരണഘടനയ്ക്കുമേലുള്ള ആക്രമണമാണ്. ആരാധനാലയങ്ങളുടെ അടിത്തറമാന്തലും ബുൾഡോസർരാജും ആൾക്കുട്ട ആക്രമണങ്ങളുമൊക്കെ, സമ്പന്ന ന്യൂനപക്ഷത്തിൻ്റെ അഭിവൃദ്ധി സൂചനയായ നാലാം സാമ്പത്തികശക്തി പതക്കംകൊണ്ടു മറയ്ക്കാനാകില്ല.
ഹിന്ദുത്വശക്തികൾ എപ്പോൾ എവിടെവച്ച് ആവശ്യപ്പെട്ടാലും വിചാരണയ്ക്കു നിന്നുകൊടുക്കാനുള്ള ബാധ്യത ന്യൂനപക്ഷങ്ങൾക്കില്ല. ഈ ഭൂരിപക്ഷ വർഗീയത കേന്ദ്രസർക്കാരിൻ്റെ പിൻവാതിൽ നിയമനമല്ലെങ്കിൽ നിശബ്ദത അവസാനിപ്പിക്കണം.
മതം ചോദിച്ച് നിരപരാധികളെ ആക്രമിക്കുന്നവർ പഹൽഗാമിലായാലും ഒഡീഷയിലായാലും ഛത്തീസ്ഗഡിലായാലും യുപിയിലായാലും ശിക്ഷിക്കപ്പെടേണ്ടതാണ്. മതഭ്രാന്തിൻ്റെ കംഗാരു കോടതികൾ പൂട്ടാൻ കേന്ദ്രസർക്കാരിനു മാത്രമേ സാധിക്കൂ; രാജ്യം കാത്തിരിക്കുന്നു.