ADVERTISEMENT
Editorial Audio
രാഷ്ട്രീയം ജനങ്ങൾക്കുവേണ്ടിയാണെങ്കിൽ അതിന്റെ ഭാഗമായ സമരമുറകളും അവർക്കുവേണ്ടിയാകണം. അങ്ങനെ നോക്കിയാൽ കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരേ നടത്തിയ ദേശീയ പണിമുടക്ക് വിജയമല്ല. ആ സമരം കേന്ദ്രസർക്കാരിനെതിരേയായിരുന്നു.
പക്ഷേ, അവർക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല; അതേസമയം, ആർക്കുവേണ്ടിയായിരുന്നോ പണിമുടക്ക് ആ ജനം വലയുകയും ചെയ്തു. പണിമുടക്കിന്റെ കാരണങ്ങളോ പ്രസക്തിയോ അല്ല, അതിന്റെ ജനാധിപത്യവിരുദ്ധവും അക്രമോത്സുകവുമായ നടത്തിപ്പാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
അതു ചെയ്യേണ്ടത് കേരളമാണ്; 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും "ദേശീയ' പണിമുടക്കിന്റെ രാജ്യത്തെ ഏക ഇരകളായ കേരളം! ഈ രാജ്യത്തെ ഏറ്റവും ദരിദ്ര കൂലിപ്പണിക്കാരായ ആശാ വർക്കർമാരെ 150 ദിവസമായി സർക്കാരിനൊപ്പംനിന്നു കല്ലെറിയുന്ന ഇടതു തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഇരട്ടത്താപ്പു കണ്ട കേരളം!
പുതിയ തൊഴില്‍ കോഡുകള്‍ റദ്ദാക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വര്‍ഷത്തില്‍ 200 തൊഴില്‍ദിനങ്ങൾ ഉറപ്പാക്കുക, പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കുക, സംഘടിതവും അസംഘടിതവുമായ മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള സംരക്ഷണം ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾക്കുവേണ്ടിയായിരുന്നു പണിമുടക്ക്.
തൊഴിലാളി സംഘടനകളായ ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങി 10 തൊഴിലാളി സംഘടനകളും സംയുക്ത കിസാൻ മോർച്ചയുടെ കീഴിലുള്ള കർഷക-കർഷകത്തൊഴിലാളി സംഘടനകളും പിന്തുണച്ചു. സ്വാഭാവികമായും കേന്ദ്രസർക്കാരിനെതിരേയുള്ള സമരത്തിൽ ആർഎസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ് പങ്കെടുത്തില്ല.
ചങ്ങാത്ത മുതലാളിത്തത്തിന്റെയും തൊഴിലാളി-കർഷകവിരുദ്ധ നയങ്ങളുടെയും പേരിൽ വിമർശിക്കപ്പെടുന്ന കേന്ദ്ര സർക്കാരിനെതിരേയുള്ള സമരത്തെ ആരും വിലകുറച്ചു കാണുന്നില്ല. പക്ഷേ, അത്തരം സമരങ്ങൾ ഫലത്തിൽ ജനങ്ങൾക്കെതിരേ ആകുന്നത് അംഗീകരിക്കാനാവില്ല. പേര് ദേശീയ പണിമുടക്ക് എന്നാണെങ്കിലും നാടു സ്തംഭിക്കുന്നത് കേരളം എന്ന ഒറ്റ സംസ്ഥാനത്തു മാത്രമാണ്.
ഇടതു സംഘടനകൾക്കു സ്വാധീനമുള്ളിടത്തെ പ്രകടനങ്ങളും റെയിൽ-റോഡ് തടയലുമൊഴിച്ചാൽ കേരളത്തിനു പുറത്ത് മിക്കയിടത്തും പണിമുടക്ക് ജനം അറിയുന്നുപോലുമില്ല. ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ആശുപത്രികളിൽ പോകുന്നവരെ പോലും തടയുകയും ചെയ്യുന്ന ഈ ജനാധിപത്യവിരുദ്ധ സമരമാർഗം കാലഹരണപ്പെട്ടതാണ്. കേരളത്തിൽ പൊതുഗതാഗതവും സ്വകാര്യയാത്രയും അനുവദിക്കില്ല.
കടകൾ തുറക്കാനാകില്ല. സ്വകാര്യ ഓഫീസുകൾപോലും അടയ്ക്കണം. ദീർഘദൂര യാത്രക്കാർ വീട്ടിലെത്താനാകാതെ റെയിൽവേ സ്റ്റേഷനിനും എയർപോർട്ടിലും കുടുങ്ങും. ആശുപത്രിയിൽ പോകുന്നവരെപ്പോലും വെറുതെ വിടില്ല. മനുഷ്യത്വമോർത്ത് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുപോകാൻ മുതിർന്നവർക്കും മർദനമേൽക്കേണ്ടിവന്നിട്ടുണ്ട്. പാർട്ടി നേതാക്കൾ അതിനെ മനുഷ്യത്വരഹിതമായി ന്യായീകരിക്കുകയും അതിനെ വിമർശിച്ച മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച നാലര വയസുള്ള മകന്റെ മുറിവേറ്റ നാവിനു തുന്നലിട്ടു വീട്ടിലേക്കു മടങ്ങിയ സിപിഎം നേതാവിനെ തടഞ്ഞതു കാഞ്ഞങ്ങാട്ടാണ്. എന്താണ് സാധാരണക്കാരന്റെ വേദനയെന്ന്, ക്ഷീണിതനായ മകനെ കാറിലിരുത്തി വഴിയിൽ കുത്തിയിരിക്കേണ്ടിവന്ന അയാൾക്കു മനസിലായിട്ടുണ്ടാകും. അത് മുതിർന്ന നേതാക്കളെ പറഞ്ഞു മനസിലാക്കട്ടെ.
ജനാധിപത്യത്തിൽ സമരങ്ങളെ നിഷേധിക്കാനാകില്ല. പക്ഷേ, സർക്കാരിനെ പാഠം പഠിപ്പിക്കാൻ ജനത്തെ തല്ലുന്ന പ്രാകൃത സമരമുറകൾ മാറ്റേണ്ടതുണ്ട്. സെക്രട്ടേറിയറ്റിന്റെയോ കളക്ടറേറ്റിന്റെയോ കവാടം ഉപരോധിക്കുകയോ ഏതെങ്കിലുമൊരു പാത തടയുകയോ ചെയ്യുന്നതുപോലെയല്ല സംസ്ഥാനത്തെ എല്ലാ വഴികളും ഒരേസമയം അടയ്ക്കുന്നത്.
എത്ര നാളുകൾക്കുമുന്പ് പ്രഖ്യാപിച്ചതാണെങ്കിലും ഹർത്താൽദിവസം രോഗങ്ങളും മരണവും പോലെ അപ്രതീക്ഷിത സംഭവങ്ങളും വിവാഹവും യാത്രകളും പോലെയുള്ള അനിവാര്യതകളുണ്ടാകും. അന്നത്തെ അരിക്കുവേണ്ടി പണിയെടുക്കുന്ന തൊഴിലാളികൾക്കും വീട്ടിലിരിക്കാനാവില്ല.
പണിമുടക്കിയാലും ശന്പളത്തിൽ ചില്ലിക്കാശ് കുറയില്ലാത്ത സംഘടിത തൊഴിലാളിവർഗം അത്താഴപ്പട്ടിണിക്കാരോട് ത്യാഗം ആവശ്യപ്പെടരുത്. പ്രാരാബ്ധങ്ങളിലും കടക്കെണിയിലും വലയുന്ന ചെറുകിട-വഴിയോര കച്ചവടക്കാരോട് കേന്ദ്രനയത്തിനു പിഴയിടാൻ ആശ്യപ്പെടുന്നത് രാഷ്ട്രീയ വങ്കത്തമാണ്.
സമീപകാലത്ത് ഇന്ത്യയെ ഇളക്കിമറിച്ച ഏകസമരം കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരേ ഡൽഹിയിൽ കർഷകർ നടത്തിയതായിരുന്നു; കൊടികെട്ടിയ രാഷ്ട്രീയ പാർട്ടികൾക്കൊന്നും സാധിക്കാത്തത്. അവർ വിറപ്പിച്ചത് ഈ രാജ്യത്തെ ജനങ്ങളെയല്ല, കേന്ദ്രസർക്കാരിനെയാണ്. കഴിഞ്ഞ 11 വർഷത്തിനിടെ അത്തരമൊരു സമരത്തിന് "ഇന്ത്യ മുന്നണി' ക്കുപോലും കഴിഞ്ഞിട്ടില്ല.
ലോകത്തെ ഇളക്കിമറിച്ച എല്ലാ സമരങ്ങളും പ്രതിഷേധങ്ങളും സമൂഹമാധ്യമങ്ങൾ വഴിയായി മാറുകയും വിജയിക്കുകയും ചെയ്യുന്ന കാലത്താണ് രോഗികളെയും അപ്രതീക്ഷിത യാത്രക്കാരെയും വഴിയിൽ തടയുന്ന രാഷ്ട്രീയ അൽപന്മാരുടെ തെരുവു ഗോഷ്ടികൾ.
ഒരു ദിവസം അവധി കിട്ടുമല്ലോ എന്നു കരുതുന്ന കൊച്ചുപിള്ളേരെയും പണിയെടുത്തില്ലെങ്കിലും ശന്പളം കിട്ടുമെന്നുറപ്പുള്ള സംഘടിത തൊഴിലാളികളെയും മാത്രം ആഹ്ലാദിപ്പിക്കുന്ന നിങ്ങൾ അനിവാര്യമായ ജനകീയ മുന്നേറ്റങ്ങളെപ്പോലും അപഹാസ്യമാക്കുകയാണ്; വയറ്റിപ്പിഴപ്പിനുള്ളതുപോലും കൊടുക്കാതെ നിങ്ങൾ പുറന്പോക്കിലെറിഞ്ഞ ആശമാർക്കു മുന്നിൽ മുണ്ടും മടക്കിക്കുത്തിനിന്ന്. പ്രബുദ്ധരാഷ്ട്രീയത്തെ വിവരക്കേടുകൊണ്ട് ബന്ദിയാക്കരുത്.
Tags : nation kerala bharatbhandh