ADVERTISEMENT
Editorial Audio
വിലങ്ങാട്ടും വയനാട്ടിലുമുള്ളവർക്കേറ്റ വൈകാരികാഘാതം അത്രയെളുപ്പം മാറുന്നതല്ല. ആ ദിവസത്തിന്റെ ഓർമ അവരുടെയുള്ളിൽ ഇനിയും ഉരുൾപൊട്ടലായും പേമാരിയായും പ്രകന്പനംകൊള്ളും. അതിനൊപ്പം അതിജീവനത്തിന്റെ ചുഴലികളുംകൂടി അവർക്കു താങ്ങാനായെന്നു വരില്ല.
കേരളത്തിന്റെ ഉള്ളുപൊട്ടിയ ദുരന്തം കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. അതിനിടെ ചുറ്റുമുള്ള ലോകത്തു പലതും സംഭവിച്ചു. ഭൂമിയിൽ ജീവിതം മുന്നോട്ടുതന്നെ പോകുന്നു. പക്ഷേ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായിരുന്ന മനുഷ്യർ ഇപ്പോഴും വിറങ്ങലിച്ചുനിൽക്കുകയാണ്.
ഉള്ളിലും പുറത്തുമേറ്റ ആഘാതം അവരെ അത്രമാത്രം ഉലച്ചിരിക്കുന്നു. കഴിഞ്ഞ 365 ദിവസവും അവരുടെയുള്ളിൽ പൊട്ടിയ ഉരുളുകൾ ഒരു യന്ത്രമാപിനിക്കും അളക്കാനാകുന്നതല്ല. ഹൃദയം പിളർക്കുന്ന ഓർമകൾ അവരെ ആ ദുരന്തദിനത്തിലേക്ക്, അതിനു മുന്‍പുണ്ടായിരുന്ന സന്തോഷദിനങ്ങളിലേക്ക് ആഞ്ഞാഞ്ഞ് വലിക്കുകയാണ്. മറുവശത്ത്, കിടപ്പാടവും കൃഷിയിടവും നഷ്ടപ്പെട്ട അവർ അതിജീവനത്തിനായി മുന്നോട്ട് ആഞ്ഞുവലിക്കുന്നു.
കൈത്താങ്ങാകേണ്ട, കൈപിടിച്ചു മുന്നോട്ടു നടത്തേണ്ട ഭരണകൂടങ്ങൾ എന്തൊക്കെയോ ചെയ്തെന്നു വരുത്തി നിസംഗതയിലാണ്. ഇരകളെന്നു വിളിക്കപ്പെടുന്നവർ അകത്തും പുറത്തുമേറ്റ ആഘാതത്തെ മറികടക്കാനാകാതെ നിന്നിടത്തുതന്നെ നിൽക്കുന്നു. ഉദാത്തമായ മനുഷ്യസ്നേഹത്തിന്റെ ഉറവകൾ വറ്റിയിട്ടില്ലെന്നു കേരളം തെളിയിച്ചുകഴിഞ്ഞതാണ്. സഹായങ്ങൾ പ്രവഹിച്ചു. ദുരിതാശ്വാസനിധിയിൽ കോടികൾ കുമിഞ്ഞു.
നിരവധി വാഗ്ദാനങ്ങളുണ്ടായി. അവയിൽ പലതും മുന്നോട്ടു പോകുന്നു. എന്നാൽ, എല്ലാം ഏകോപിപ്പിച്ചു ദുരന്തബാധിതരെ ജീവിതപാതയിലേക്കു തിരിച്ചുകൊണ്ടുവരാൻ ബാധ്യതയുള്ള ഭരണകൂടങ്ങൾ, തകർന്ന മനസുകളെയും ശരീരങ്ങളെയും ന്യായീകരണങ്ങളുടെ ചുവപ്പുനാടകൊണ്ട് വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുന്നു.
ഉരുൾപൊട്ടൽ പോലുള്ള വലിയ പ്രകൃതിദുരന്തമുണ്ടായാൽ ആദ്യം അടിയന്തര സഹായം. പിന്നെ പുനരധിവാസവും ജീവനോപാധിയും. അതാണു വേണ്ടത്. പുനരധിവാസ പട്ടികയിൽനിന്ന് പുറത്തായവരുടെ അമർത്തിപ്പിടിച്ച വിലാപമാണ് കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുനിന്ന് ഇപ്പോഴും ഉയരുന്നത്. വിലങ്ങാട് അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരകളായത് 150 കുടുംബങ്ങളാണ്.
വീട് തകര്‍ന്ന 31 പേര്‍ക്കു മാത്രം സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്കി. അതില്‍തന്നെ അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയുമുണ്ട്. ബാക്കിയുള്ളവരെ ഉൾപ്പെടുത്തുമെന്നു പറയുന്ന രണ്ടാം പുനരധിവാസ പട്ടികയ്ക്ക് ഇതുവരെ മുളപൊട്ടിയിട്ടുമില്ല. വയനാട്ടിൽ 298 ജീവൻ പൊലിഞ്ഞ മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ മനുഷ്യർ ഇനിയും ജീവിതത്തിലേക്കു തിരിച്ചുകയറാനാകാതെ പ്രതികൂല സാഹചര്യങ്ങളോടു പൊരുതിനിൽക്കുകയാണ്.
സർക്കാർ കണക്കിൽ ഇവിടെ 410 പേർക്കാണ് വീടു നഷ്ടമായത്; അനൗദ്യോഗിക കണക്കിൽ 545 പേർക്കും. ഇവരിൽ ഭൂരിഭാഗവും ഇപ്പോഴും വാടകവീട്ടിലാണ്. സർക്കാർ വിഭാവന ചെയ്ത ടൗൺഷിപ്പിലെ 410 വീടുകളിൽ 140 എണ്ണമാണ് ആദ്യഘട്ടത്തിൽ തയാറാകുക. ബാക്കിയുള്ളവ രണ്ട്, മൂന്ന്, നാല്, അഞ്ച് ഘട്ടങ്ങളിലും. ഇവയുടെ നിർമാണം എപ്പോൾ പൂർത്തിയാകുമെന്ന ആശങ്കയുടെ കാർമേഘങ്ങൾ അന്തരീക്ഷത്തിലുണ്ട്.
നമ്മുടെ "സിസ്റ്റം' അങ്ങനെയാണെന്നു മന്ത്രിമാർതന്നെ വിളംബരം ചെയ്തിട്ടുണ്ടല്ലോ! 700 കോടിയിലേറെ പെട്ടിയിലുള്ള സംസ്ഥാന സർക്കാർ ഇതുവരെ 108.21 കോടി രൂപ ചെലവഴിച്ചിട്ടും ദുരന്തബാധിതരുടെ ജീവിതം ഒരിഞ്ചു മുന്നോട്ടു നീങ്ങിയിട്ടില്ല.
കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും കൈവഴികൾ വയനാട്ടിലേക്കും വിലങ്ങാട്ടേക്കും തിരിച്ചുവിട്ട കത്തോലിക്കാ സഭ പുതിയ നൂറു വീടുകളാണ് നിർമിച്ചു നല്‍കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിൽ വീടുകളുടെ നിർമാണം തുടങ്ങുകയും ചെയ്തു. കെസിബിസിയുടെ സഹകരണത്തോടെ താമരശേരി രൂപത നിർമിക്കുന്ന 65 വീടുകളിൽ പതിനഞ്ചെണ്ണം കുടുംബങ്ങൾക്കു കൈമാറി. വയനാട്ടിൽ കെസിബിസിയും മാനന്തവാടി രൂപതയും ചേർന്നു നിർമിക്കുന്ന അന്‍പത് വീടുകളുടെ പണി വാഴവറ്റയിൽ അതിവേഗം മുന്നോട്ടുപോകുന്നു. ബത്തേരി രൂപതയുടെ ആഭിമുഖ്യത്തിൽ പതിമൂന്ന് വീടുകളാണ് നിർമിക്കുക.
ദുരിതാശ്വാസനിധി നിറഞ്ഞുകവിഞ്ഞിട്ടും എല്ലാം നഷ്ടപ്പെട്ടവരോട് “കാത്തിരിക്കൂ” എന്നു പറയുന്ന ക്രൂരത ഭരണകൂടങ്ങൾ ആവർത്തിക്കരുത്. അത് സഹജീവികളെ ചേർത്തുപിടിച്ചവരോടും കാട്ടുന്ന നെറികേടാണ്. ഭരണചക്രത്തിലെ കടുംകെട്ടുകൾ എത്രയും വേഗം അഴിക്കേണ്ടതിനു പകരം കൂടുതൽ കൂടുതൽ മുറുക്കുന്നത് പൊറുക്കാനാകാത്ത നീതികേടാകും.
ദുരന്തത്തോട് മുഖംതിരിച്ച കേന്ദ്രസർക്കാരിന്റെ നിലപാടും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വയനാട്ടിൽ സംഭവിച്ചതിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ മടിച്ച കേന്ദ്രം ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിലും ഹീനമായ അവഗണന കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വയനാട്ടിലെത്തിയെങ്കിലും ഫലമൊന്നുമുണ്ടായിട്ടില്ല.
വ്യവസ്ഥകളില്ലെന്ന പേരിലാണ് ദേശീയദുരന്തപ്രഖ്യാപനം ഒഴിഞ്ഞുപോയത്. ഇതു കേട്ടാൽ തോന്നും, വ്യവസ്ഥകളൊക്കെ അന്യഗ്രഹങ്ങളിൽനിന്നു വരുന്നതാണെന്ന്! സാഹചര്യങ്ങളുടെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് നിയമത്തിലും വ്യവസ്ഥയിലുമൊക്കെ മാറ്റം വരുത്താനല്ലേ ഇവരെയൊക്കെ തെരഞ്ഞെടുത്തു വിടുന്നത്?
പ്രഖ്യാപനമില്ലാത്തതിനാൽ എംപി ഫണ്ട് പോലും ഉപയോഗിക്കാനാകാത്ത ദുഃസ്ഥിതി ആരോടു പറയാൻ? സ്വന്തം പാർട്ടിക്കു സീറ്റ് നല്‍കാത്തതിന്റെ പേരിൽ ഇങ്ങനെ ശിക്ഷിക്കുന്നവർ സാമൂഹികനീതിയെക്കുറിച്ചു "മൻ കി ബാത്' നടത്തിയിട്ട് എന്തു കാര്യം? വായ്പകൾ എഴുതിത്തള്ളാൻ നിർദേശമില്ലെന്നാണ് ബാങ്കുകളുടെ ഭാഷ്യം.
അതേസമയം വായ്പ എഴുതിത്തള്ളുകയല്ല, സർക്കാർ ഏറ്റെടുക്കുകയാണു വേണ്ടതെന്നും ആവശ്യമുയരുന്നുണ്ട്. എഴുതിത്തള്ളൽ ഉണ്ടാക്കുന്ന സാങ്കേതികക്കുരുക്കുകൾ ദുരന്തബാധിതരെ കൂടുതൽ വിഷമത്തിലാക്കുമെന്നാണു പറയുന്നത്. ഒരുതരത്തിലും തിരിച്ചടവു സാധ്യമല്ലാത്ത അവസ്ഥയിൽ ജീവിക്കുന്നവരുടെ മുന്നിലേക്ക് കാൽക്കുലേറ്ററും ചെപ്പടിവിദ്യകളുമായി ചെല്ലല്ലേ എന്നേ പറയാനുള്ളൂ.
വിലങ്ങാട്ടും വയനാട്ടിലുമുള്ളവർക്കേറ്റ വൈകാരികാഘാതം അത്രയെളുപ്പം മാറുന്നതല്ല. ആ ദിവസത്തിന്റെ ഓർമ അവരുടെയുള്ളിൽ ഇനിയും ഉരുൾപൊട്ടലായും പേമാരിയായും പ്രകന്പനം കൊള്ളും. അതിനൊപ്പം അതിജീവനത്തിന്റെ ചുഴലികളുംകൂടി അവർക്കു താങ്ങാനായെന്നു വരില്ല. "സിസ്റ്റ'ത്തെ പഴിപറയാതെ, അവരെ പച്ചമനുഷ്യരായി കണ്ട് മനുഷ്യത്വത്തോടെയുള്ള ഇടപെടലാണു ഭരണകൂടങ്ങളിൽനിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്.
Tags : vilangad kozhikode landslide kerala