തുള്ളിക്കൊരു കുടം പേമാരിയായിരുന്നു ആ ദിവസങ്ങളില്‍. വെള്ളം കുടിച്ചു ചീര്‍ത്ത മലനിരകളില്‍ ചുവടുറപ്പിക്കാനാകാതെ മരങ്ങളും മണ്ണും പാറകളും അടിപതറി. ആര്‍ത്തലച്ചെത്തിയ ഉരുള്‍പ്രവാഹം തൂത്തുതുടച്ചു കടലിലെറിഞ്ഞത് പച്ചയായ ഒരുപറ്റം മനുഷ്യരുടെ ജീവിതമായിരുന്നു. സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങി ചോരച്ചാലുകള്‍ മാത്രം അവശേഷിച്ച ഊഷരമായ ആ മണ്ണില്‍ വീണ്ടെടുപ്പിന് വിത്തു വിതയ്ക്കേണ്ടത് ഭരണകൂടമാണ്. അതിനു നിലമൊരുക്കേണ്ടത് ഉദ്യോഗസ്ഥവൃന്ദവും. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അവിടെ വിലാപങ്ങളും രോദനങ്ങളും നിലയ്ക്കില്ല.
ഉരുള്ദുരിതമുണ്ടായി ഒരു വര്‍ഷമായിട്ടും വിലങ്ങാടിന്റെ താഴ്വരകളില്‍നിന്ന് ഇപ്പോള്‍ അതാണുയരുന്നത്. സര്‍ക്കാരിനു കോടികളുടെ കണക്ക് നിരത്താനുണ്ട്. പക്ഷേ, സഹായം കിട്ടിയവരേക്കാള്‍ കൂടുതലാണ് അര്‍ഹതയുണ്ടായിട്ടും പുനരധിവാസ പട്ടികയില്‍നിന്ന് പുറത്തായവര്‍. സര്‍ക്കാരിന്റെ ഭാഷയിലാണെങ്കില്‍ ഇവിടെയും "സിസ്റ്റം' തകരാറിലാണെന്നു പറയേണ്ടിവരും.
2024 ജൂലൈ 30ന് പുലര്‍ച്ചെ വിലങ്ങാട് അടിച്ചിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 150 കുടുംബങ്ങള്‍ ഇരകളായെന്നാണു കണക്ക്. വലിയ പാറകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതിന്റെ പ്രകമ്പനം മലമുകളില്‍നിന്നു കേട്ടതോടെ ആളുകള്‍ വീടുകളില്‍നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഉരുള്പൊട്ടിയതാണെന്നറിഞ്ഞിട്ടും സ്വജീവന്‍ അവഗണിച്ച് നാട്ടുകാരെ രക്ഷിക്കാനിറങ്ങിത്തിരിച്ച വിലങ്ങാട് കുളത്തിങ്കല്‍ മത്തായി (57) രക്തസാക്ഷിയായി.
വീടും സ്ഥലവും പൂര്‍ണമായി തകര്‍ന്നവര്‍, വീടു മാത്രം തകര്‍ന്നവര്‍, കൃഷിസ്ഥലം ഒലിച്ചുപോയവര്‍, ജീവനോപാധി നഷ്ടപ്പെട്ടവര്‍, വ്യാപാരസ്ഥാപനങ്ങള്‍ നശിച്ചവര്‍, വളര്‍ത്തുമൃഗങ്ങളും സ്വര്‍ണവും ഭൂമിയുടെ ആധാരവും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായവര്‍ ...
ദുരിതബാധിതരുടെ പട്ടിക നീളുകയാണ്. ആറു മന്ത്രിമാരാണു പലതവണയായി വിലങ്ങാട് സന്ദര്‍ശിച്ച് വാഗ്ദാനങ്ങള്‍ ചോരിച്ചൊരിഞ്ഞത്. അതിനു പുറമെ ചീഫ് സെക്രട്ടറിയും മറ്റു വകുപ്പുതല ഉദ്യോഗസ്ഥരുമെത്തി. എന്നിട്ട് എന്തു സംഭവിച്ചു? കുറച്ചുപേര്‍ക്കു മാത്രം സഹായം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ പതിയെ പിന്‍വാങ്ങുന്നതാണു കാണാന്‍ കഴിയുന്നതെന്ന് പൊതുപ്രവര്‍ത്തകനും വിലങ്ങാട്ടെ വ്യാപാരിയുമായ ഷെബി സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടുന്നു.
വീടു തകര്‍ന്ന 31 പേര്‍ക്കു മാത്രം സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്കി. അതില്‍തന്നെ അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തിയില്ലെന്ന പരാതി നിലനില്‍ക്കുകയാണ്. ബാക്കിയുള്ളവരില്‍ ഇനി താമസിക്കാന്‍ പറ്റാത്തവിധം വീട് തകര്‍ന്നവരുണ്ട്. കൃഷിയിടങ്ങള്‍ ഒലിച്ചുപോയവരുണ്ട്. ഇപ്പോഴും മലവെള്ളം കുതിച്ചൊഴുകുന്നത് വീടുകള്‍ക്കു ചുറ്റുമാണ്. ഇവിടെ എങ്ങനെ താമസിക്കുമെന്ന ദുരിതബാധിതരുടെ ചോദ്യം ന്യായമാണ്. ഇത്തരക്കാരെയൊന്നും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഇവര്‍ക്കായി രണ്ടാംഘട്ട പുനരധിവാസ പട്ടിക തയാറാക്കുമെന്നു പ്രഖ്യാപനമുണ്ടായിരുന്നു.
ദുരന്തം നടന്ന് ഒരു വര്‍ഷമായിട്ടും രണ്ടാംഘട്ട പട്ടിക പുറംലോകം കണ്ടിട്ടില്ല. ഉരുള്‍പൊട്ടലിനു ശേഷം സെപ്റ്റംബര്‍ ഒന്നുമുതല്‍ മൂന്നുമാസത്തേക്ക് സര്‍ക്കാര്‍ 93 പേര്‍ക്ക് 6000 രൂപ വീതം വാടക നല്കുമെന്നു പറഞ്ഞിരുന്നു. ഇത് പൂര്‍ണമായും പാലിച്ചില്ല. പലര്‍ക്കും തുക നല്‍കിയതില്‍ ഏറ്റക്കുറച്ചിലുണ്ടായി.
ഒരു വീട്ടിലെ രണ്ട് അംഗങ്ങളെ കണക്കാക്കി 72 പേര്‍ക്ക് ജീവനോപാധി എന്ന പേരില്‍ സര്‍ക്കാര്‍ 9000 രൂപ വീതവും നല്കി. മൂന്നു മാസത്തിനുശേഷം ഇതു നിർത്തലാക്കി. കൃഷിഭൂമി നശിച്ചവര്‍ക്ക് ഒരേക്കറിന് 18000 രൂപ കൃഷിവകുപ്പു നല്കി. അര ഏക്കറില്‍ താഴെ കൃഷിഭൂമി നശിച്ചവര്‍ക്ക് കിട്ടിയത് 5000 രൂപ. വിലങ്ങാട് മേഖലകളിലെ എട്ടു വില്ലേജുകളില്‍ സര്‍ക്കാര്‍ മോറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ സഹായങ്ങളെല്ലാം മൊത്തത്തില്‍ കണക്കു കൂട്ടിയാല്‍ കോടികള്‍ വരും. പക്ഷേ അര്‍ഹതപ്പെട്ടവര്‍ തഴയപ്പെട്ടുവെന്ന പച്ചയായ യാഥാർഥ്യം മൂടിവയ്ക്കാന്‍ ഈ കോടികള്‍ക്കൊന്നും കഴിയില്ല.
ഉരുള്‍ കടന്നുപോയ കൃഷിഭൂമികള്‍ വലിയ പാറകളും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. ഇതിന് തുച്ഛമായ നഷ്ടപരിഹാരം കിട്ടിയതുകൊണ്ടെന്തു കാര്യമെന്നാണ് കുളത്തിങ്കല്‍ ജയിംസ് എന്ന കര്‍ഷകന്റെ ചോദ്യം. ജയിംസിന്റെ ഭാര്യ ഏലിയാമ്മയുടെ പേരിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ റബര്‍ത്തോട്ടമാണ് നഷ്ടമായത്. ആ ഭൂമിയില്‍ ആഞ്ഞിലി, തേക്ക് മരങ്ങളുമുണ്ടായിരുന്നു. അതും പോയി.
ആദ്യഘട്ട പുനരധിവാസ പട്ടികയിൽ ഉള്‍പ്പെടാത്ത നൂറോളം കുടുംബങ്ങളില്‍ ഭൂരിപക്ഷവും വാടകവീടുകളിലും മറ്റുമായാണ് ഇപ്പോഴും താമസിക്കുന്നത്. മറ്റുചിലര്‍ അപകടാവസ്ഥയിലും ഭീഷണിയിലുമുള്ള വീടുകളില്‍തന്നെ തങ്ങുന്നുണ്ട്.
ഇതുവരെ പുനരധിവാസ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ഈ കുടുംബങ്ങള്‍ക്ക് രണ്ടാംഘട്ട പുനരധിവാസ പദ്ധതി നടപ്പാക്കുംവരെ വീട്ടുവാടകയും ജീവനോപാധിയും നല്കുന്ന കാര്യം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യമുയരുന്നത്.