ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഉടൻ നിയമമാകാൻ പോകുന്ന ദേശീയ കായിക ഭരണ ബില്ലിനെതിരേ വിമർശനവുമായി കോണ്ഗ്രസ്. ബിൽ പാർലമെന്റിൽ "ബുൾഡോസ്’ചെയ്യപ്പെടുകയായിരുന്നുവെന്നു വിശേഷിപ്പിച്ച എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്, ആവശ്യമായ വിലയിരുത്തലുകൾ നടത്താതെയും ഉപദേശങ്ങൾ സ്വീകരിക്കാതെയും തിടുക്കപ്പെട്ടാണു ബിൽ പാസാക്കിയതെന്നു വിമർശിച്ചു.
കായികഭരണനിർവഹണം അപകടകരമാം വിധത്തിൽ കേന്ദ്രീകൃതമാകുന്നതിനു ബിൽ കാരണമാകുമെന്നും വിവരാവകാശ നിയമംപോലുള്ള നിയമങ്ങളുടെ പരിധിയിൽനിന്ന് ഒഴിവാക്കി ബിസിസിഐക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ബിൽ കൂടുതൽ പരിശോധനയ്ക്കും ഉപദേശങ്ങൾക്കുമായി കായികവിഭാഗത്തിന്റെ പാർലമെന്ററി സമിതിക്ക് അയയ് ക്കണമെന്നു സമിതി അധ്യക്ഷനായ ദിഗ്വിജയ് സിംഗ് കഴിഞ്ഞദിവസം ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മോദി സർക്കാർ കഴിഞ്ഞ കാലങ്ങളായി ചെയ്തുവരുന്നതുപോലെ ഈ ന്യായമായ ആവശ്യം അവഗണിച്ചുവെന്ന് ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
ദേശീയ കായിക സംവിധാനങ്ങളിൽ നിർണായക മാറ്റങ്ങൾ കൊണ്ടുവരുന്ന പുതിയ നിയമം വിവരാവകാശത്തിന്റെ പരിധിയിൽനിന്നു ബിസിസിഐക്ക് ഇളവ് നൽകുന്നതിനെതിരേ വിമർശനങ്ങളുയർന്നിരുന്നെങ്കിലും പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തിൽ കഴിഞ്ഞദിവസം ലോക്സഭയിലും ഇന്നലെ രാജ്യസഭയിലും കേന്ദ്രസർക്കാർ പാസാക്കുകയായിരുന്നു.
Tags :