ADVERTISEMENT
മിയിലെ സര്‍വ ജീവജാലങ്ങള്‍ക്കും വേണ്ടിയാണ് കൃഷി എന്ന കാഴ്ചപ്പാടോടെ ജീവിക്കുന്ന ഒരാള്‍ ഇവിടുണ്ട്. മക്കള്‍ക്ക് നല്കുന്നതു പോലുള്ള വാല്‍സല്യം വിളകള്‍ക്കും നല്കുന്ന ഈ ജൈവമിത്രം എഴുപത്തഞ്ചാം വയസിലും കൃഷിയിടത്തില്‍ സജീവം. പാലക്കാട്ട് ജില്ലയിലെ ഏറനാട് ദേശത്ത് കാര്‍ഷിക സമൃദ്ധികൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറിയ കേരളശേരി പഞ്ചായത്തിന്റെ അകമുറിയില്പെട്ട ചെറിയ പ്രദേശമായ തടുക്കശേരിയില് ആണ്ടാളെ പിഷാരത്ത് നാരായണന് എന്ന നാരയണേട്ടന്‍ പ്രകൃതിസൗഹൃദച്ചിട്ടകള് പാലിച്ച് കൃഷിയുടെ മാഹാത്മ്യം പകര്‍ന്നു നല്‍കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശങ്കര മംഗലം ഓര്‍ഗാനിക് ഫാം തട്ടക്കശേരി അഥവാ 'സോഫ്റ്റ്' എന്ന സ്ഥാപനം ഈ ഗ്രാമത്തിന്റെ കീര്‍ത്തി പുറംനാടുകള്‍ വരെ എത്തിച്ചിരിക്കുന്നു.
ജീവമിത്രങ്ങളില് പ്രധാനികളായ ഉരുക്കള്‍ നന്നായി സംരക്ഷിക്കപ്പെടണം എന്നതിന് പ്രഥമ പരിഗണന നല്‍കിയാണ് അദ്ദേഹം കാര്‍ഷിക വൃത്തിയില്‍ തുടരുന്നത്. നല്ല ഭക്ഷണം ശരിയായ ഇളവില്‍ അവയ്ക്ക് നല്കിയാല് 24 മണിക്കുറുകള്‍ക്കുള്ളില്‍ സംസ്കരിച്ചെടുത്ത വളമായി അത് തിരികെ കിട്ടുന്ന പ്രക്രിയ ഗോക്കളുടെ സവിശേഷതയായി അടയാളപ്പെടുത്തിയാണ് ശങ്കരേട്ടന് കൃഷികാര്യങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാടന്‍ പശുക്കളുടെ പാലും ഔഷധ മൂല്യമുള്ള ചാണകവും മൂത്രവും അമൂല്യമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.
സ്മാര്‍ട്ട് കൃഷിയിലൂടെ ഗുണമേന്മയുള്ള ഉത്പന്നം എന്ന ലക്ഷ്യമാണ് ജൈവ സംരക്ഷകനായ ഈ കര്‍ഷക കാരണവര്‍ ഉന്നമിടുന്നത്. സൗന്ദര്യമുള്ള വിളകൾ, ഭംഗിയുള്ള ഉത്പന്നങ്ങള്‍, മൂല്യം ഉറപ്പാക്കുന്ന വിളവെടുപ്പ് എന്നിവയെല്ലാം ജൈവച്ചിട്ടകള് പാലിച്ചു മാത്രം എന്നതാണ് നാരായണേട്ടന്റെ കാര്‍ഷിക നയം. തന്റെസ്വപ്നങ്ങള്ക്കും യത്നങ്ങള്‍ക്കും കരുത്തായി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായി വിരമിച്ച ഭാര്യ തങ്കമണി ടീച്ചര്‍ ഒപ്പമുണ്ട്.
തടമൊരുക്കുമ്പോൾ, തൈകള്‍ നടുമ്പോള്‍, പരിപാലിക്കുമ്പോൾ, പൂവും കായും വിരിയുമ്പോൾ, വിളവെടുക്കുമ്പോള്‍ ഒക്കെ ഓരോ ചെടിയോടും കുശലം പറഞ്ഞും തലോടി ആനന്ദം പ്രകടിപ്പിച്ചും ഇരുവരും ഒരുമിച്ച് എപ്പോഴും കൃഷിയിടത്തില്‍ തന്നെ ഉണ്ടാകും. പാടത്തും തോപ്പിലും കൃത്യമായി എത്തിച്ചേരും. ഇരുവരുടെ സംരക്ഷണയില്‍ ഇരുപത്തിരണ്ട് ഇനം വാഴകളാണ് കൃഷിയിടത്തിലുള്ളത്. റോബസ്റ്റ തന്നെ നാല് ഇനങ്ങൾ. ഇസ്രയേല്‍ വംശജനായ ഗ്രാന്ഡ്നെയില് വാഴയില്‍ നാനൂറിലേറെ കായകളുള്ള കുലകൾ. വിഷുക്കാലത്ത് വിളവെടുക്കാ മെന്ന പ്രതീക്ഷയിലാണ് നെടുനേന്ത്രന്‍. പാളയം കോടന് സമൃദ്ധി തൊടിയിലെങ്ങും കാണാം. ചുണ്ടില്ലാക്കണ്ണൻ, സുന്ദരിവാഴ, മെഴുകുതിരിവാഴ എന്നൊക്കെ അറിയപ്പെടുന്ന പിസാങ്ങ് ലിനിന്, ആയിരം കാച്ചി എന്ന അത്ഭുതകുലയുമായി പിസാങ്ങ് സെര്‍ബു, കറിക്കുലകള് വിളയുന്ന പടറ്റിയും മൊന്തനും കാളിയും... വാഴനിര നീളുകയാണ്.
പുതിയ ഇനം വാഴവിത്തുകള്‍ തേടി ഏറെ ദൂരം സഞ്ചരിക്കാനും ഇദ്ദേഹം മടിക്കാറില്ല. ജൈവകര്‍ഷക പ്രതിഭയും ഫാം ജര്ണലിസ്റ്റുമായ സുരേഷ് കുമാര്‍ കളര്‍കോട് യാത്രയില്‍ പലപ്പോഴും ഒപ്പമുണ്ടാകും. പ്രെയര്‍ ഹാന്‍ഡ്, വെലൂച്ചിന എന്നീ വിദേശികള്‍ വാഴശേഖരത്തിലേക്ക് പുതുതായി എത്തിവരാണ്. ഫിലിപ്പീന്‍സ്, തായ്ലന്ഡ് തുടങ്ങിയ കാര്‍ഷിക രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ബനാന സ്പീഷീസ് കടുക്കശേരിയിലെ പല ഭാഗങ്ങളിലും കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്.
അപൂര്‍വ ഇനം പഴങ്ങളുടെ സമൃദ്ധിയും നാരായണേട്ടന്റെ കൃഷിയിടത്തില്‍ കാണാം. തായ്ലന്ഡ് ചാമ്പ എന്ന ബാലിച്ചാമ്പ കുലകുലയായി കായ്ച്ചു നില്ക്കുന്നു. വൈവിധ്യമാര്‍ന്ന ഏഴിനം ചാമ്പകളില് സീഡ് ലെസ് ചാമ്പ, കിങ്ങിണിച്ചാമ്പ എന്നിവ കായ്ച്ചു തുടങ്ങി.
ബറാബ, ആപ്രിക്കോട്ട്, അബിയു, ദുരിയന്, ജബോട്ടിക്കാബ, സ്വീറ്റ് സാന്തോള്‍ എന്നിങ്ങനെ ചിരപരിചിതമല്ലാത്ത പഴവര്‍ഗച്ചെടികളും അദ്ദേഹം കൃഷിചെയ്ത് വിജയിപ്പിച്ചിരിക്കുന്നു. ബിരിയാണി കൈതയും സാമ്പാര്‍ കായവും മൗത്ത് ഫ്രഷ്നര്‍ ഇലച്ചെടിയും പാക്കിസ്ഥാന് മള്‍ബറിയും തൊടിയിലെ വൈവിധ്യങ്ങളാണ്. പേര ഇനങ്ങള്‍ ആറോളമുണ്ട്. നാരകങ്ങളുടെ വൈവിധ്യവും കാണാം. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ നിരയില്‍ ദിവസവും പാകമായവ ഉണ്ടാകും. കത്തിക്കാളുന്ന പാലക്കാടന്‍ വെയിലിനെ ഒട്ടും കൂസാതെ യൂറോപ്യന്‍ ക്യാപ്പുമണിഞ്ഞ് വിളവെടുപ്പിന്റെ കൃത്യത പാലിക്കുന്ന നാരായണേട്ടന് ഉത്തമ കര്‍ഷകന്റെ മാതൃക തന്നെ.
പച്ചക്കറികള്‍ ഒരു വീട്ടിലേക്ക് വേണ്ടതിലും കൂടുതല്‍ കിട്ടും. കുറ്റിക്കുരുമുളകും പലയിനം കാന്താരികളും ഇഞ്ചി, മഞ്ഞള്‍ വാരങ്ങളും വീടിന്റെ ചുറ്റുവട്ടത്ത് തന്നെയുണ്ട്. തട്ട് തട്ടായികിടക്കുന്ന ചെങ്കല്‍ മണ്ണാണ് കൃഷിയിടത്തില്‍. പ്ലാവ് ഇനങ്ങളുടെ കൗതുക കലവറയാണ് ഇവിടം. മിക്ക പ്ലാവുകളും മൂന്നോ നാലോ വയസ് മാത്രം പിന്നിട്ടവ. വേനലിനെ പ്രതിരോധിക്കാന്‍ തലങ്ങും വിലങ്ങും ഒഴുകുന്ന ചെറുചോലകള്‍ പ്ലാവിന് തോട്ടത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
അടിമുതല്‍ മുടിവരെ കളപൊട്ടി നില്ക്കുന്ന വിയറ്റ്നാം ഏര്‍ലി, ഡങ്ങ് സൂര്യ, ചെമ്പരത്തിവരിക്ക, പടവല വരിക്ക, തേങ്ങ വരിക്ക, താമരച്ചക്ക, ഗംലഡ് എന്നിങ്ങനെ പ്ലാവിന്റെ കൗതുക ഇനങ്ങള്‍ പലതുണ്ട്. കിളികൾ, കുരുവികള്‍, പക്ഷികള്‍, അണ്ണാറക്കണ്ണൻ, മയില്‍, മുയല് എന്നീ സഹജീവികള്‍ക്കു കൂടി വേണ്ടിയാണ് പഴങ്ങള്‍ എന്ന കാഴ്ചപ്പാടാണ് ഇദ്ദേഹത്തിനുള്ളത്. വാഴക്കുലകള്‍ എന്നും വെട്ടാനുണ്ട്. അവ സന്ദര്‍ശകര്‍ക്കും കുട്ടികള്‍ക്കും സമ്മാനിക്കാ നായി ശേഖരിച്ചു വയ്ക്കും. പശുക്കള്‍ക്കളുടെ തീറ്റയില്‍ ഫലവര്‍ഗങ്ങള്‍ എപ്പോഴും ഉള്‍പ്പെടുത്തും. കാച്ചിലും ചേനയും ചേമ്പും ചെങ്കല്‍ പ്രതലങ്ങളില്‍ നിന്ന് മാറിയാണ് കൃഷി ചെയ്യുന്നത്. രണ്ട് വയസ് വരെ മാത്രം അമ്മയില്‍ നിന്ന് പാല് കുടിച്ച ഒരാള്‍ ശിഷ്ടകാലമായ 73 വര്‍ഷങ്ങള്‍ അമ്മയുടെ പ്രതിരൂപമായി പശുക്കളെക്കണ്ട് സംരക്ഷിക്കുന്ന നന്മക്കാഴ്ചയ്ക്കും നാരായണേട്ടന് നിമിത്തമാണ്. തൊടികളില്‍ വിളയുന്ന ഫലവര്‍ഗങ്ങളുടെ ആദ്യപങ്ക് ഗോക്ക ള്‍ക്ക് എന്ന ചിട്ടയാണ് അദ്ദേഹം തുടരുന്നത്. വാഴക്കുലകള്‍ പഴുത്തു തുടങ്ങിയാല്‍ ആദ്യപടലകള് നല്കുന്നതു പശുക്കള്‍ക്കാണ്. കിടാങ്ങള്‍ നന്നായി പാല് കുടിച്ച ശേഷമേ കറന്നെടുക്കാറുള്ളൂ.
അതിഥികളായി എത്തുന്നവര്‍ക്ക് സംഭാരം നല്‍കിയാണ് സ്വീകരിക്കുന്നത്. വീട്ടില്‍ ഒരു നാടന്‍ പശുവിനെ സംരക്ഷിക്കണം എന്ന സന്ദേശമാണ് അദ്ദേഹം എപ്പോഴും പകര്‍ന്നു നല്‍കുന്നത്. വളര്‍ത്തുമെന്ന് ഉറപ്പ് നല്കിയാല് മിതമായ വ്യവസ്ഥകളോടെ നാടന്‍ പശുക്കുട്ടികളെ ലഭ്യമാക്കുന്ന ക്രമീകരണങ്ങളും കേരള ജൈവ സംരക്ഷണ സമിതി അധ്യക്ഷന്‍ എന്ന നിലയില്‍ നാരായണേട്ടന് ഉറപ്പ് നല്‍കുന്നുണ്ട്.
ഫോണ്‍: 7907194675
Tags :