ADVERTISEMENT
കുറ്റിക്കുരുമുളക് എന്നു കേട്ടാല്‍ ചെടിച്ചട്ടിയിലോ ഡ്രമ്മിലോ നട്ടു പിടിപ്പിച്ച് ടെറസിലോ മുറ്റത്തോ അല്ലെങ്കില്‍ പൂന്തോട്ടത്തിലോ വളര്‍ത്തുന്ന കുരുമുളക് ചെടി എന്നാണു പൊതുവേയുള്ള ധാരണ. അത്തരത്തില്‍ ഒന്നോ രണ്ടോ വളര്‍ത്തിയാല്‍ വീട്ടാവശ്യത്തിനുള്ള കുരുമുളക് കിട്ടുകയും ചെയ്യും. എന്നാൽ, കോട്ടയം ജില്ലയില്‍ മുണ്ടക്കയം കോരുത്തോട് കണ്ടങ്കയം വര്ക്കിച്ചന് എന്ന ജോര്‍ജ് മാത്യുവിന് അതുക്കും മേലെയാണ് കുറ്റിക്കുരുമുളക്. കൊളുബ്രിനം എന്ന ബ്രസീലിയിന്‍ കുറ്റിച്ചെടിയില്‍ വ്യത്യസ്ഥ ഇനം കുരുമുളക് വള്ളികള്‍ ഗ്രാഫ്റ്റ് ചെയ്ത് അതിസാന്ദ്രതാ രീതിയില്‍ കൃഷി ചെയ്യുന്ന വര്ക്കിച്ചന്, 30 സെന്റില്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത് 5000ത്തിലേറെ കുറ്റിക്കുരുമുളക് ചെടികൾ. വിപുലമായ രീതിയില്‍ വള്ളിക്കുരുമുളക് തൈകളും ഗ്രാഫ്റ്റ് തൈകളും ഉത്പാദിപ്പിക്കുന്ന അദ്ദേഹം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നുമുണ്ട്.
കൊളുബ്രിനം
കണ്ടല്‍ച്ചെടി പോലെ ചതുപ്പിലും വെള്ളക്കെട്ടിലും വളരുന്ന കുറ്റിച്ചെടിയാണ് കൊളുബ്രിനം. ഒറ്റനോട്ടത്തില്‍ ഔഷധ സസ്യമായ നാടന്‍ തിപ്പലിപോലെ തോന്നുന്നതിനാല്‍ അതിന് 'ആഫ്രിക്കന്‍ തിപ്പലി' എന്നും വിളിപ്പേരുണ്ട്. നനവുള്ള പ്രദേശങ്ങളില്‍ വളരാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടുതന്നെ കൊളുബ്രിനത്തില്‍ ഗ്രാഫ്റ്റ് ചെയ്യുന്ന കുരുമുളക് ചെടികള്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും നട്ടു വളര്‍ത്താം. ഉണക്ക് പടിക്കുന്ന സ്ഥലങ്ങളില്‍ ഈര്‍പ്പം നഷ്ടപ്പെടാതെ നന്നായി നനച്ചു കൊടുക്കണമെന്നു മാത്രം.
വള്ളിക്കുരുമുളക് ഗ്രാഫ്റ്റ് ചെയ്യാന്‍ ചെന്തലകളാണ് വേണ്ടത്. സാധാരണ വള്ളിക്കുരുമുളക് തൈകളും ഇതില്‍ നിന്നു തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ചെടിയുടെ ചുവട്ടില്‍ നിന്നു നിലംചേര്ന്നു നീണ്ടു വളരുന്ന ഈ തണ്ട് ഒരോ കണ്ണിയകലത്തില് മുറിച്ചെടുത്താണ് ഗ്രാഫ്റ്റിംഗിനും സാധാരണ തൈകള്‍ കിളിര്‍പ്പിക്കുന്നതിനും ഉപയോഗിക്കുന്നത്. മാതൃചെടിയിലെ കായ്ക്കുന്ന ശാഖകള്‍ മുറിച്ചെടുത്താണ് കുറ്റിക്കുരുമുളക് ഗ്രാഫ്റ്റിംഗ് നടത്തുന്നത്.
വാട്ടരോഗമില്ല
കുരുമുളക് ചെടികളെ വ്യാപകമായി ബാധിക്കുന്ന വാട്ടരോഗങ്ങള്‍ പ്രധാനമായും വേരുകളില്‍ നിന്നാണ് ഉണ്ടാകുന്നത്. എന്നാൽ, വെള്ളക്കെട്ടില്‍ വളരുന്നതുകൊണ്ടും കണ്ടല്ച്ചെടികളുടെതുപോലെ വിപുലവും ദൃഢവുമായ വേരുപടലമുള്ളതുകൊണ്ടും കൊളുബ്രിനത്തില്‍ ഗ്രാഫ്റ്റ് ചെയ്തെടുക്കുന്ന കുരുമുളക് ചെടികളെ വാട്ടരോഗങ്ങള്‍ കാര്യമായി ബാധിക്കാറില്ല. വിശാലമായ വേരുപടലമുള്ളതിനാല്‍ ചുറ്റുവട്ടത്ത് നിന്ന് വളവും വെള്ളവും കൂടുതല്‍ അളവില്‍ വലിച്ചെടുത്ത് വളരെ വേഗം വളരുകയും മികച്ച ആദായം നല്‍കുകയും ചെയ്യും.
ഗ്രാഫ്റ്റിംഗിന് തെക്കന്‍-2
കൈരളി, കുമ്പുക്കന്‍, തെക്കന്‍-1, തെക്കന്‍-2, കുടകന്‍ തുടങ്ങി നിരവധി ഇനങ്ങള്‍ വര്ക്കിച്ചന് നട്ടു പരിപാലിക്കുന്നുണ്ടെങ്കിലും തെക്കന്‍ -2 ആണ് പ്രധാനമായും ഗ്രാഫ്റ്റ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. നല്ല ആദായം നല്കുന്ന ഈ ഇനത്തിന്റെ തിരിക്ക് 30 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. നല്ല മുഴുപ്പുള്ള 100-150 മണികള്‍ വരെ ഒരു തിരിയില്‍ പിടിക്കും. തെക്കന്‍-1 ല്‍ മുന്തിരിക്കുലപോലെ നിറയെ മണികളുമായി കാണാന്‍ ഏറെ കൗതുകമുള്ള തിരികളാണുണ്ടാകുന്നത്. കൈരളിയും കുമ്പുക്കനും നല്ല വിളവ് തരുന്ന മികച്ച ഇനങ്ങളാണ്. ലെമന്‍ പെപ്പര്‍ എന്ന പുതിയൊരു ഇനവും അദ്ദേഹം നട്ടു പരിപാലിക്കുന്നുണ്ട്. ലഭ്യമായതില്‍ ഏറ്റവും എരിവുള്ള ഈ ഇനത്തിന്റെ ഇലകള്‍ക്കു നാരങ്ങയുടെ രുചിയാണ്. ഒരു കോത്തല മുളകിന്റെ മുഴുവന്‍ എരിവും ലെമന്‍ പെപ്പറിന്റെ ഒരു മണിയിലുണ്ടത്രേ!.
സാധാരണ വള്ളിക്കുരുമുളക് നട്ടാല്‍ മൂന്നാം വര്‍ഷം കായ്ക്കും. നാലാം വര്‍ഷം മുതല്‍ ആദായം ലഭിച്ചു തുടങ്ങും. കൊളുബ്രിനത്തില്‍ ഗ്രാഫ്റ്റ് ചെയ്തെടുക്കുന്ന തൈകള്‍ രണ്ടാം മാസം കായ്ക്കും. എന്നാല്‍, ആറാം മാസം വരെ തിരികള്‍ നുള്ളിക്കളയണമെന്ന് വര്ക്കിച്ചന് ഓര്‍മിപ്പിക്കാറുണ്ട്. നല്ല കായ്ഫലം കിട്ടാന്‍ അത് അനിവാര്യമാണ്. ഗ്രാഫ്റ്റ് പിടിച്ചു ചെടി വളര്‍ന്നു തുടങ്ങാന്‍ ഒരുമാസത്തോളം എടുക്കും. രണ്ടാം മാസം മുതല്‍ തൈകള്‍ വിതരണത്തിനു തയാറാകും. പലപ്പോഴും തിരിയിട്ട തൈകളാണ് അദ്ദേഹം നഴ്സറിയില്‍ നിന്നു നല്‍കുന്നത്. ഗ്രാഫ്റ്റ് ചെയ്ത വള്ളിക്കുരുമുളക് ഒരുവര്‍ഷം കൊണ്ടു കായ്ക്കും. രണ്ടാം വര്‍ഷം മുതല്‍ ആദായം ലഭിച്ചു തുടങ്ങും.
ഗ്രാഫ്റ്റിംഗ്
അധികം മൂപ്പില്ലാത്തതും എന്നാല്‍ തീര്‍ത്തും ഇളപ്പവുമല്ലാത്ത കൊളുബ്രിനം തണ്ടാണ് ഗ്രാഫ്റ്റിംഗിനായി തെരഞ്ഞെടുക്കുന്നത്. ആ തണ്ട് വൃത്തിയാക്കി ഗ്രാഫ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഭാഗത്ത് വച്ചു മുറിക്കും. പിന്നീട് ഒരിഞ്ച് നീളത്തില്‍ നടുവേ പിളര്‍ക്കും. അതിനുശേഷം കുരുമുളക് തണ്ട് മുറിച്ചെടുത്ത് രണ്ടു വശവും ചെത്തി കനം കുറച്ച് കൊളുബ്രിനത്തിന്റെ വിടവിലേക്ക് ഇറക്കി വയ്ക്കും. ഒരിഞ്ച് വീതിയും 12 ഇഞ്ച് നീളവുമുള്ള ടേപ്പ് ചുറ്റി ബലപ്പെടുത്തുന്നതോടെ ഗ്രാഫ്റ്റിംഗ് പൂര്‍ത്തിയാകും. ഏറെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് ഗ്രാഫ്റ്റിംഗ് എങ്കിലും ആര്‍ക്കും ചെയ്തെടുക്കാവുന്നതാണ്. അതിനുള്ള പരിശീലനം നല്കാന് വര്ക്കിച്ചന് തയാറുമാണ്.
തൈ ഉത്പാദനം
നാഗപ്പതി രീതിയിലാണ് വള്ളിക്കുരുമുളക് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. മാതൃചെടിയില്‍ നിന്ന് മുറിച്ചെടുക്കുന്ന ചെന്തലകള്‍ മണ്ണ് നിറച്ച പ്ലാസ്റ്റിക് കൂട്ടില്‍ നടുകയാണ് ആദ്യം ചെയ്യുന്നത്. വളരുന്നതിന് അനുസരിച്ച് ഓരോ കണ്ണിക്കുമൊപ്പം മണ്ണു നിറച്ച കൂടുകള്‍ സ്ഥാപിക്കും. കണ്ണിയില്‍ നിന്നു പൊട്ടി വരുന്ന വേരുകള്‍ കൂടിലെ മണ്ണിലേക്ക് വേഗത്തില്‍ ഇറങ്ങാനായി തണ്ടില്‍ ക്ലിപ്പുകള്‍ ഉറപ്പിക്കും. ഒരു മാസത്തിനുശേഷം മുറിച്ചു മാറ്റുന്ന തൈകള്‍ പ്ലാസ്റ്റിക് കൂടുകളില്‍ തന്നെ ഉറപ്പിച്ചു നിറുത്തും. രണ്ടാം മാസത്തോടെ വിതരണത്തിനു തയാറാകും. ഗ്രീന്‍ നെറ്റിനുള്ളില്‍ പാകപ്പെടുത്തുന്ന തൈകള്‍ മിസ്റ്റ് ഇറിഗേഷന്‍ വഴിയാണ് നനയ്ക്കുന്നത്.
താങ്ങു മരങ്ങളിലോ പിവിസി പൈപ്പുകളിലോ കോണ്‍ക്രീറ്റ് കാലുകളിലോ കയറ്റി വിടുന്ന ഗ്രാഫ്റ്റും അല്ലാത്തതുമായ വള്ളികുരുമുളക് ചെടികള്‍ക്ക് നല്ല വെയില് വേണം. വേനല്‍ക്കാലത്ത് നന അത്യാവശ്യമാണു താനും. എന്നാല്‍, ചെടിച്ചട്ടികളിലും ഡ്രമ്മുകളിലും നിലത്തും നട്ടുപിടിപ്പിക്കാവുന്ന കുറ്റിക്കുരുമുളക് ചെടികള്‍ തണലിലും നന്നായി വളരും. ഗ്രാഫ്റ്റായതിനാല് എപ്പോഴും ഈര്‍പ്പം വേണമെന്നു മാത്രം.
കുറ്റിക്കുരുമുളക് തോട്ടം
വീടിനോട് ചേര്‍ന്നുള്ള 30 സെന്റ് സ്ഥലത്താണ് വര്ക്കിച്ചന് കുറ്റിക്കുരുമുളക് തോട്ടം നട്ടു പിടിപ്പിച്ചിരിക്കുന്നത്. ചെടികള്‍ക്ക് ആറു വര്‍ഷത്തോളം പ്രായമുണ്ട്. അതിസാന്ദ്രതാ രീതിയില്‍ നിരയൊപ്പിച്ചുള്ള വേലിപോലെ വളര്‍ന്നു നില്ക്കുന്ന ചെടികളെല്ലാം വ്യത്യസ്ഥയിനം ഗ്രാഫ്റ്റ് തൈകളാണ്. വേരുകളില്‍ നിന്നു പൊട്ടി വളരുന്ന കൊളുബ്രിനം ശാഖകളില്‍ കൂടുതല്‍ ഗ്രാഫ്റ്റുകള്‍ നടത്തിയാണ് തോട്ടം വിപുലമാക്കിയത്. കൊളുബ്രിനം ശാഖകളുടെ പൊക്കത്തിന് അനുസരിച്ച് പലതട്ടുകളിലാണു ചെടികള്‍ വളരുന്നത്. നിരകള്‍ തമ്മില്‍ മൂന്നടിയും ചെടികള്‍ തമ്മില്‍ ആറടിയും അകലത്തിലാണ് ആദ്യം നട്ടത്. പിന്നീട് ചെടികള്‍ തമ്മിലുള്ള അകലം തീര്‍ത്തും ഇല്ലാതായി. കൊളുബ്രിനത്തിന് പുതിയ മുളകള്‍ വരികയും പൊട്ടിയടുക്കുകയുമായിരുന്നു. പുതുതായി വന്ന ഓരോ മുളയിലും പുതിയ കുരുമുളക് ചെടികള്‍ ഗ്രാഫ്റ്റ് ചെയ്യുകയും ചെയ്തു.
ജൈവവളം
കുറ്റിക്കുരുമുളകിന് ജൈവവളങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചണകപ്പൊടി കുഴിയില്‍ നിറച്ചാണ് തൈകള്‍ നടുന്നത്. പഞ്ചഗവ്യം, പച്ചചാണകവും കടലപ്പിണ്ണാക്കും ചേര്‍ത്ത മിശ്രിതം എന്നിവയും ഇടയ്ക്കിടയ്ക്കു നല്‍കും. വേനല്‍ക്കാലത്ത് നന മുടക്കാറില്ല. അതിനായി മിസ്റ്റ് ഇറിഗേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിളവെടുപ്പ്
സാധാരണ വള്ളിക്കുരുമുളകില്‍ നിന്നു വര്‍ഷത്തില്‍ ഒരു പ്രാവശ്യമാണ് വിളവെടുപ്പ്. എന്നാൽ, കുറ്റിക്കുരുമുളകില്‍ നിന്നു വര്‍ഷം മുഴുവന്‍ എല്ലാ ദിവസവും വിളവെടുക്കാം. കുറ്റിക്കുരുമുളക് നട്ട് ഒന്നര വര്‍ഷം കഴിയുമ്പോള്‍ ഒരു ചുവട്ടില്‍ നിന്ന് അഞ്ച് കിലോ പച്ചക്കുരുമുളക് പറിക്കാം. അത് ഉണങ്ങിയാല്‍ രണ്ട് കിലോ കിട്ടും. ആറടി അകലത്തില്‍ നട്ടാല്‍ ഒരു ചുവട്ടില്‍ എട്ട് ഗ്രാഫ്റ്റ് തൈകള്‍ വരെ വളര്‍ത്താം. ഉണങ്ങിയതിന് മാത്രമല്ല പച്ചക്കുരുമുളകിനും നല്ല ഡിമാന്‍ഡുണ്ടെന്ന് വര്ക്കിച്ചന് പറഞ്ഞു. കുരുമുളക് ഉണങ്ങി സൂക്ഷിച്ചാല്‍ ഏറെക്കാലം കേടുകൂടാതെ ഇരിക്കും. മാര്‍ക്കറ്റ് നിലവാരം നോക്കി വിറ്റഴിച്ചാല്‍ മതി.
വീട്ടുകാര്‍ മതി
തൊഴിലാളികളുടെ സഹായം തീര്‍ത്തുമില്ലാതെ വീട്ടുകാര്‍ക്കു മാത്രം പരിപാലിക്കാവുന്ന കൃഷിയാണ് കുറ്റിക്കുരുമുളക്. താങ്ങുമരങ്ങളോ കാലുകളോ ആവശ്യമില്ലാത്തതിനാല്‍ നിലത്തു നിന്നു മുളക് പറിച്ചെടുക്കാം. വിശ്രമവേളകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇതില്‍ പങ്കാളികളാകുകയും ചെയ്യാം. ഗ്രാഫ്റ്റിംഗില്‍ ഭാര്യ ജെസിയാണ് വര്‍ക്കിച്ചന്റെ മുഖ്യസഹായി. മകന് ജയ്സണും മരുമകള്‍ റോസ്മിയും എല്ലാ സഹായവുമായി ഇരുവര്‍ക്കുമൊപ്പം എപ്പോഴുമുണ്ട്. കൊച്ചുമക്കളായ ജോയലും റിച്ചാ ര്‍ഡും സ്കൂള്‍ വിട്ടു വന്നാല്‍ തോട്ടത്തില്‍ തന്നെയാണെന്നു വര്ക്കിച്ചന് അഭിമാനത്തോടെ പറഞ്ഞു.
തുടക്കം വാനിലയില്‍
90കളില്‍ വാനില കൃഷിയിലായിരുന്നു വര്‍ക്കിച്ചന്റെ തുടക്കം. 15 വര്‍ഷം അതില്‍ പൂര്‍ണമായും മുഴുകി. വള്ളിയുടെ ഉത്പാദനത്തിനും വിപണനത്തിനുമായി നഴ്സറിയുമുണ്ടായിരുന്നു. കൃഷിക്കൊപ്പം നിരീക്ഷണ പഠനങ്ങളും ഏറെ നടത്തി. അതുവഴി ഏതു വള്ളിയിലും കായ് പിടിപ്പിക്കാന്‍ കഴിയുന്ന രീതി അദ്ദേഹം വികസിപ്പിച്ചെടുത്തു. അത് 'കണ്ടങ്കയം മോഡല്‍' എന്ന് അറിയപ്പെട്ടു. അതിന്റെ പേരില്‍ ദേശീയ അവാര്‍ഡും കിട്ടി. എന്നാൽ, പില്ക്കാലത്ത് പടര്‍ന്നു പിടിച്ച അഴുകല്‍ രോഗം വാനിലയെ മുച്ചൂടും നശിപ്പിച്ചു. പ്രതിരോധമാര്‍ഗങ്ങളൊന്നും ഫലിക്കാതെ വന്നതോടെ കൃഷി ഉപേക്ഷിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയായിരുന്നു.
പിന്നീട് പഴവര്ഗകൃഷിയിലേക്കു തിരിഞ്ഞെങ്കിലും പിടിച്ചു നില്ക്കാനായില്ല. വനത്തില്‍ നിന്ന് പറന്നെത്തുന്ന പക്ഷിക്കൂട്ടങ്ങളും കാട്ടുമൃഗങ്ങളും വിളവെടുക്കാന്‍ അനുവദിച്ചില്ല. അതോടെ അതും ഉപേക്ഷിക്കേണ്ടി വന്നു. അതിനുശേഷമാണ് കുരുമുളകിലേക്ക് തിരിഞ്ഞത്.
അഴുതയാറിന്റെ തീരത്ത്
ശബരിമലയെ തൊട്ടൊഴുകുന്ന അഴുതയാറിന്റെ തീരത്താണ് വര്‍ക്കിച്ചന്റെ വീടും നഴ്സറിയും. മൂന്നു വശങ്ങളും വനം അതിരിടുന്ന പുരയിടത്തില്‍ ആനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ പതിവ് കാഴ്ച. ആനക്കൂട്ടം തകര്‍ത്തെറിഞ്ഞ തെങ്ങുകളും പ്ലാവുകളും നിരവധി. ആറിനക്കരെ കൂട്ടമായി പറന്നുപോകുന്ന മഴമുഴക്കി വേഴാമ്പലുകളും സൈ്വരവിഹാരം നടത്തുന്ന കാട്ടുപോത്തുകളും കടുവകളും പുലികളും. എങ്കിലും ചുറ്റുമതിലുകളും ഫെന്‍സിംഗും നല്കുന്ന അത്ര ഉറപ്പില്ലാത്ത സംരക്ഷണയിലാണ് വര്‍ക്കിച്ചനും കുടുംബവും ജീവനും കുരുമുളക് തോട്ടവും നഴ്സറിയും സംരക്ഷിക്കുന്നത്.
ഫോണ്‍: 9447660017, 914828280575
Tags :