x
ad
Sun, 10 August 2025
ad

ADVERTISEMENT

നാടൻ തെങ്ങ്

ഷൈബിന്‍ ജോസഫ്
Published: July 29, 2025 03:42 PM IST | Updated: July 29, 2025 03:42 PM IST

നാടന്‍ തെങ്ങില്‍

താരമായി ബേഡകം

ലസേചന സൗകര്യമില്ല എന്നതിന്‍റെ പേരില്‍ ഇനി തെങ്ങ് വയ്ക്കാതിരിക്കേണ്ട. അതിനായി ഏതു സാഹചര്യത്തിലും വളരുന്ന നല്ല നാടന്‍ ബേഡകം തെങ്ങുണ്ട്. മികച്ച പരിചരണം നല്‍കിയാല്‍ മൂന്നാം വര്‍ഷത്തിലും അല്ലെങ്കില്‍ അഞ്ചാം വര്‍ഷത്തിലും കായ്ക്കും. ജലസേചനം കുറവാണെങ്കില്‍ പോലും വര്‍ഷം 70 മുതല്‍ 90 വരെ തേങ്ങ ലഭിക്കും. 13 മുതല്‍ 15 വരെ പൂങ്കുലകള്‍ ഉണ്ടാകും. ജലസേചന സൗകര്യമുള്ള സ്ഥലത്ത് മികച്ച പരിചരണം നല്‍കിയാല്‍ 150 മുതല്‍ 180 വരെ തേങ്ങ കിട്ടും. പൊതിച്ച തേങ്ങയ്ക്ക് ശരാശരി 429 ഗ്രാം തൂക്കവുമുണ്ടാകും.

ഏതു കാലാവസ്ഥയെയും അതിജീവിക്കുമെന്നതാണ് ബേഡകം തെങ്ങിന്‍റെ പ്രത്യേകത. പശ്ചിമതീര നെടിയ ഇനത്തില്‍ നിന്നു വന്ന കുറ്റിയാടി, അന്നൂർ, ജാപ്പാണം, കോമടന്‍ എന്നിവ പോലെ തനി നാടനാണ് ബേഡകം തെങ്ങും. എന്നാൽ, സാധാരണ പശ്ചിമതീര നെടിയ ഇനത്തേക്കാള്‍ ഉയരവും തടിവണ്ണവും കുറവാണ്. ജലസേചന സൗകര്യമില്ലാത്ത തോട്ടങ്ങളില്‍ ശരാശരി വിള പരിപാലനം മാത്രം നല്‍കിയാലും മോശമല്ലാത്ത ഉത്പാദനം ലഭിക്കുമെന്നതാണ് ബേഡകം തെങ്ങിനെ വ്യത്യസ്തമാക്കുന്നത്. നനയ്ക്കുകയും നന്നായി പരിപാലിക്കുകയും ചെയ്താല്‍ ഉത്പാദനം ഗണ്യമായി കൂടും.
തുടക്കകാലത്ത് ബേഡകം പഞ്ചായത്തിലെ അമ്മംകോട്, ബീംബുങ്കാൽ, പോള, തോണിക്കടവ്, കാരക്കുന്ന് എന്നീ പ്രദേശങ്ങളില്‍ മാത്രമാണ് ഈ തെങ്ങുണ്ടായിരുന്നത്. അത്യുത്പാദന ശേഷിയുള്ള തെങ്ങാണെന്ന് അറിഞ്ഞതോടെ പഞ്ചായത്തിലെ മറ്റു ഭാഗങ്ങളിലുള്ള കര്‍ഷകരും ഈ തെങ്ങ് വാങ്ങി കൃഷി ചെയ്തു തുടങ്ങി. ഇതോടെ വളരെ ചുരുങ്ങിയകാലംകൊണ്ടു തന്നെ കര്‍ഷകര്‍ക്ക് പ്രിയപ്പെട്ട ഇനമായി മാറാനും ബേഡകം തെങ്ങിന് കഴിഞ്ഞു. തെങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ ആവശ്യക്കാര്‍ ഏറുകയാണ്.

കാസര്‍ഗോഡ് കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രത്തിലെ (സിപിസിആര്‍ഐ) പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞരായ ഡോ.സി.തമ്പാന്‍, ഡോ. കെ ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബേഡകം തെങ്ങിനെക്കുറിച്ച് അന്വേഷണം നടത്തിയത്. നല്ല വിളവ് നല്‍കുന്ന ബേഡകം തെങ്ങ് കുന്നിന്‍പ്രദേശങ്ങളിലും കൃഷിക്ക് അനുയോജ്യമാണെന്ന് ഡോ. തമ്പാന്‍ പറഞ്ഞു. ബേഡഡുക്ക പഞ്ചായത്ത് ഗ്രാമസഭയില്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് തെങ്ങിന്‍ തൈ സബ്‌സിഡിയോടെ വിതരണം ചെയ്യുന്നുണ്ട്. ബേഡഡുക്ക ഫാമേഴ്‌സ് സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് വഴിയും തൈകള്‍ വില്‍പനയുണ്ട്. ഒന്നിന് 150 രൂപ ആണ് വില. ബേഡകം തെങ്ങു കര്‍ഷക സമിതിയില്‍ നിലവില്‍ 1700 കൃഷിക്കാര്‍ അംഗങ്ങളാണ്. ഇവര്‍ വഴിയും തൈകള്‍ വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 1000 തെങ്ങിന്‍ തൈകളാണ് ബേഡഡുക്ക പഞ്ചായത്തില്‍ നിന്നും വില്‍പന നടത്തിയത്.

ഫോണ്‍: 9497044242, 9567847076.

Tags :

Recent News

Up