ADVERTISEMENT
നടുതലകള്‍ നടാന്‍ സമയമായി. നടുതലകള്‍ എന്നാല്‍ ചേനയും ചേമ്പും കിഴങ്ങും കാച്ചിലുമൊക്കെയാണ്. ഇടവിളയായും തനിവിളയായും ഇവ കൃഷി ചെയ്യുന്നുണ്ട്. നടുതല കൃഷിക്ക് വെള്ളം വളരെ കുറച്ചു മതി. ഇക്കാരണം കൊണ്ട് ഏഷ്യന്‍ രാജ്യങ്ങളോട് ജലക്ഷാമം പരിഹരിക്കാന്‍ ധാന്യഭക്ഷണ ശീലങ്ങളില്‍ നിന്നു കിഴങ്ങുവിള ഭക്ഷണ ശീലങ്ങളിലേക്ക് ചുവടു മാറ്റണമെന്ന് ഐക്യരാഷ്ട്ര സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. വലിയ തോതില്‍ അന്നജവും വേണ്ടത്ര മാംസ്യം, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളും ഒട്ടുമിക്ക ജീവകങ്ങളും അടങ്ങിയ സമ്പൂര്‍ണ ആഹാരമാണ് നടുതല വിളകൾ. ഇതില്‍ ചേന ഭക്ഷണത്തിനൊപ്പം ഔഷധവുമാണ്.
നടുതലകളുടെ നടീല്‍ക്കാലമാണ് ഇനി വരുന്ന വേനല്‍ക്കാലം. ചേനയുടെയും ചേമ്പിന്റെയും ചെറുകിഴങ്ങിന്റെയും നന കിഴങ്ങിന്റെയും കാച്ചിലിന്റെയും കൃഷി രീതികള്‍ എങ്ങനെയെന്നു നോക്കാം.
ചേന
ചേനക്കാലം രണ്ടുണ്ട്. മകരത്തിലെ തൈപ്പൂയത്തില്‍ നട്ടു കര്‍ക്കിടകത്തില്‍ വിളവെടുക്കുന്ന ഒരു ചേനക്കാലവും കുംഭത്തിലെ പൗര്ണമിയില് നട്ടു തുലാമാസത്തില്‍ വിളവെടുക്കുന്ന മറ്റൊരു ചേനക്കാലവും. 'കുംഭച്ചേന കുടം പോലെ' എന്നൊരു ചൊല്ലുപോലുമുണ്ട്. ചേനത്തണ്ടും ചെറുപയറും സ്വാദിഷ്ടമായ കൂട്ടുകറിയാണ്. ചേന വിത്തു മുളയ്ക്കുമ്പോള്‍ പ്രധാന മുകുളത്തിനൊപ്പം വരുന്ന ഇളം തണ്ട് മുറിച്ചെടുത്താണ് ചേനത്തണ്ടു കറിയുണ്ടാക്കുന്നത്. കാട്ടുചേനയും നട്ടുചേനയുമുണ്ട്. കാട്ടു ചേന ഔഷധ നിര്‍മാണത്തിനു ഉപയോഗിക്കുന്നു. കാട്ടു ചേനയുടെ തണ്ട് പരുപരുത്തതും നട്ടു ചേനത്തണ്ട് മിനുസമുള്ളതുമാണ്.
ചേനത്തടത്തിന് വലിയ ആഴം വേണ്ട. രണ്ടരയടി ചുറ്റളവില്‍ മുക്കാല്‍ അടി ആഴം മതി. തടമെടുത്ത് 100-200 ഗ്രാം ഡോളോമൈറ്റ്/കുമ്മായമിട്ട് മണ്ണുമായി കൂട്ടിച്ചേര്‍ത്ത് ഒരാഴ്ച നനച്ചശേഷം കംപോസ്റ്റ്/ഉണങ്ങി പൊടിഞ്ഞ കാലിവളവും ചേര്‍ത്തിളക്കി ചേന വിത്ത് നടാം.
ട്രൈക്കോഡര്‍മ കംപോസ്റ്റ് ഇട്ടുകൊടുത്താല്‍ കരിക്കന്‍, അഴുകല്‍, വാട്ടരോഗങ്ങളെ നിയന്ത്രിക്കാം. അര കിലോ മുതല്‍ ഒരു കിലോ വരെ തൂക്കമുള്ള ചേന വിത്തുകള്‍ നടാന്‍ ഉപയോഗിച്ചാല്‍ വലിയ ചേന വിളവെടുക്കാം. ഇക്കാലത്ത് ആനച്ചേനയ്ക്ക് വലിയ പ്രിയമില്ല. ഒന്നു രണ്ടു കിലോ തൂക്കമുള്ള ചെറു ചേനയാണ് വീപണിക്കു പ്രിയം. അതിന് 100-150 ഗ്രാം തൂക്കമുള്ള ചേനപ്പൂളുകള്‍ (കഷണങ്ങൾ) നട്ടാല്‍ മതിയാകും. ഇത്തരം നടീലിന് മിനിസെറ്റ് എന്നാണു പറയുക. ചെറു പൂളുകള്‍ പാകിപ്പറിച്ചും നേരിട്ട് നട്ടും കൃഷി ചെയ്യാം.
വിത്തിനെടുക്കുന്ന ചേനയ്ക്ക് രണ്ട് മാസമെങ്കിലും പഴക്കമുണ്ടാവണം. വിളവെടുത്തു രണ്ടുമാസം വരെ ചേനമുകുളങ്ങള് നിദ്രാവസ്ഥയിലായിരിക്കും. ചേനയുടെ ഒരു മുകുളമെങ്കിലും കിട്ടത്തക്ക വിധം പൂളുകളായി (കഷണങ്ങൾ) മുറിച്ചെടുക്കാം. പൂളുകളുടെ തൂക്കം വലിയ തൂക്കമുള്ള പൂളും ചെറിയ ചേന കിട്ടാന്‍ ചെറിയ തൂക്കമുള്ള പൂളുകളും ആയി മുറിച്ചെടുക്കാം. ചേനപ്പൂളുകള്‍ ചാണകക്കുഴമ്പില്‍ മുക്കി 4-5 ദിവസം തണലില്‍ ഉണക്കി വേണം നടാൻ.
വലിയ ചേനപ്പൂളുകള്‍ മൂന്നു കിലോ തൂക്കമുള്ള വിത്തു ചേനയില്‍ നിന്നു 3-4 പൂളുകള്‍ കിട്ടുമ്പോള്‍ 'മിനിസെറ്റ് രീതി'യില്‍ 25-30 പൂളുകള്‍ വരെ മുറിച്ചെടുക്കാമെന്നത് ചേനവിത്തിന്റെ വിലയുടെ ചെലവു കുറയ്ക്കാന്‍ സഹായകരമാണ്. അടിവളമിട്ട് നട്ട ചേനയ്ക്ക് പുതയിട്ട് (കരിയിലകൊണ്ട്) ഒന്നരമാസത്തിനു ശേഷം ആദ്യവളമിട്ട് മണ്ണടുപ്പിക്കണം. മുഴുവന്‍ ഫോസ്ഫറസ് വളവും ശുപാര്‍ശയുടെ പകുതി നൈട്രജന്‍, പൊട്ടാഷ് വളങ്ങളും നല്‍കണം. രണ്ടര മാസം കഴിഞ്ഞ് ഒരിക്കല്‍ കൂടി മണ്ണടുപ്പിക്കുമ്പോള് ബാക്കി നൈട്രജന്‍, പൊട്ടാഷ് വളങ്ങളും നല്‍കുന്നതോടെ പണി കഴിയും. 8-9 മാസം കൊണ്ട് വിളവെടുപ്പു നടത്താം. (ചേനയിനങ്ങളും വളശുപാര്ശയും പട്ടികയായി ചുവടെ ചേര്‍ത്തിട്ടുണ്ട്).
ചേമ്പ്
ചേമ്പുകള്‍ മൂന്നു തരമുണ്ട്. വലിപ്പമുള്ള വെട്ടുചേമ്പ് (പാല് ചേമ്പ്) ചെറുചേമ്പ്, ചീരചേമ്പ് (ചെടിച്ചേമ്പ്). ഇവയ്ക്ക് ഓരോന്നിനും നിരവധി ഇനങ്ങളുണ്ട്. നാടന്‍ ഇനങ്ങള്‍ക്കു പുറമെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ കണ്ടെത്തിയ ചേമ്പിനങ്ങളുമുണ്ട്. ഇതില്‍ ചീരച്ചേമ്പ് അഥവാ ചെടിച്ചേമ്പ് പച്ചക്കറിപോലെ ഇലയും, തണ്ടും തോരന്‍ (വടക്കേ മലബാറിലെ ഉപ്പേരി) വയ്ക്കാനും മറ്റു കറികള്‍ക്കും ഉപയോഗിക്കും. ചീരച്ചേമ്പിനു കിഴങ്ങുകള്‍ ഉണ്ടാവില്ല. ചേമ്പിന്റെ ഇളം തണ്ടും ഇലയും ഉപയോഗിച്ചുള്ള താളുകറി അതീവ രുചികരമാണ്. വലിയ ചേമ്പിന്റെയും ചെറുചേമ്പിന്റെയും ഇളം ഇലയും തണ്ടും ഇതുപോലെ ഉപയോഗിക്കാം. എന്നാല്‍, ചിലയിനങ്ങള്‍ക്ക് ചൊറിച്ചില്‍ ഉണ്ടാവും. അതൊഴിവാക്കാന് വാളന്‍ പുളി ചേര്‍ത്താല്‍ മതിയാകും. കാത്സ്യം ഓക്സലേറ്റിന്റെ സാന്നിധ്യമാണ് ചൊറിച്ചിലിനു കാരണം.
മീനം ഒടുവില്‍ തുടങ്ങി മേടം ആദ്യമാണ് വെട്ടു ചേമ്പിന്റെ കൃഷിക്കാലം. തുലാചേമ്പ് ചെറുചേമ്പ് കൃഷിയാണ്. ചെറു ചേമ്പുകള്‍ മേടപത്തിന് നട്ടു കന്നി-തുലാം മാസത്തില്‍ വിളവെടുക്കുന്നതിലാണ് തുലാചേമ്പ് എന്ന് വിളിക്കുന്നത്. എന്നിരുന്നാലും ചെറുതായി നനയ്ക്കാന്‍ കഴിയുമെങ്കില്‍ ചേമ്പ് ഏതു കാലത്തും കൃഷി ചെയ്യാം.
വെട്ടുചേമ്പ്/പാല്‍ചേമ്പ് തടത്തിന് ഒന്നരയടി ആഴവും ചുറ്റളവും വേണം. നടീല്‍ വസ്തുവായി തടയും വിത്തും ഉപയോഗിക്കാം. തടയാണെങ്കില് 100 ഗ്രാം തൂക്കമുള്ള പൂളുകള്‍ (കഷണങ്ങൾ) ആക്കി ചാണകക്കുഴമ്പില്‍ മുക്കി മൂന്നു നാലു ദിവസം തണലില്‍ ഉണക്കിയിട്ടാണ് നടേണ്ടത്. വിത്താണെങ്കില്‍ ഇടത്തരം വലുപ്പമുള്ളവ തെരഞ്ഞെടുത്തു നടുക. നീലച്ചേമ്പ്, വെള്ളച്ചേമ്പ്, മാറന്‍ ചേമ്പ് എന്നിങ്ങനെയുള്ള നാടന്‍ വെട്ടുചേമ്പ് ഇനങ്ങളാണ് കൃഷിക്ക് ഉപയോഗിച്ചു വരുന്നത്. മീനം-മേടം മാസത്തില്‍ നട്ടാല്‍ ധനു-മകരത്തില്‍ വിളവെടുക്കാം.
തടമെടുത്തശേഷം മേല്‍മണ്ണുമായി 100-200 ഗ്രാം ഡോളോമൈറ്റ്/കുമ്മായം ചേര്‍ത്ത് ഒരാഴ്ച നനച്ചിടുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം 3-4 കിലോ കംപോസ്റ്റ്/ഉണങ്ങിപ്പൊടിഞ്ഞ കാലിവളം എന്നിവ കൂടി കൂട്ടി കലര്‍ത്തി വിത്തുകള്‍/തടകള്‍ നടുക. നട്ട വിത്തുകള്‍ മുളച്ചു രണ്ട് മാസം, നാലു മാസം, ആറുമാസങ്ങളില്‍ വളങ്ങള്‍ ഇട്ട് മണ്ണടുപ്പിച്ചു കൊണ്ടിരിക്കണം. എട്ട്-ഒമ്പത് മാസമെത്തുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ചു തുടങ്ങിയാല്‍ അവ ചവിട്ടി ഒടിച്ച് രണ്ടുമാസം ഇട്ടാല്‍ കിഴങ്ങുകള്‍ നന്നായി മുഴുത്തു കിട്ടും.
ചെറുചേമ്പിന്റെ തടയും വിത്തുകളും നടീല്‍ വസ്തുക്കളാണ്. 25-30 ഗ്രാം തൂക്കമുള്ള നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കാം. പറമ്പ് ആഴത്തില്‍ കിളച്ച് വാരങ്ങള്‍ (ഏരികൾ) എടുത്താണ് ചെറു ചേമ്പു നടേണ്ടത്. വാരങ്ങളില്‍ അര മീറ്റര്‍ ആകലത്തില്‍ വിത്തുകള്‍ നടണം. വാരങ്ങള്‍ കുമ്മായമിട്ട് കിളച്ചു നനച്ച് ഒരാഴ്ച കഴിഞ്ഞശേഷം നല്ല അളവില്‍ കംപോസ്റ്റ്/ജൈവവളമിട്ട് ഇളക്കി യോജിപ്പിച്ചശേഷമാവണം നടീല്‍. നട്ട വാരങ്ങള്‍ കരിയിലകള്‍ കൊണ്ട് നന്നായി പുതയിടുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. വിത്തു മുളച്ച് ഒരാഴ്ചയ്ക്കു ശേഷം ശുപാര്‍ശ പ്രകാരമുള്ള മുഴുവന്‍ ഫോസ്ഫറസ് വളങ്ങളും (എല്ലുപൊടി/രാജ്ഫോസ്) പകുതി വീതം നൈട്രജന്‍, പൊട്ടാഷ് വളങ്ങളും നല്‍കണം.
ഒന്നരമാസത്തിലും രണ്ടരമാസത്തിലും വളം ചേര്‍ത്ത് മണ്ണടുപ്പിച്ചു കൊടുക്കണം. കടുത്ത വേനലില്‍ ഒന്നു രണ്ടാഴ്ച കൂടുമ്പോള്‍ നനച്ചു കൊടുക്കുന്നത് വിളവ് കൂട്ടാന്‍ സഹായകരമാണ്. നട്ട് അഞ്ചാറ് മാസമാകുമ്പോള്‍ ഇലകള്‍ മഞ്ഞളിച്ചു തുടങ്ങുന്നതാണ് മൂപ്പെത്തലിന്റെ ലക്ഷണം. ആസമയം ഇലകള്‍ ചവിട്ടി മടക്കി (ഒന്നുരണ്ടു പച്ചനിറമുള്ള ഇലകള്‍ മാത്രം നിര്‍ത്തിയിട്ട്) ഇടുന്നത് കിഴങ്ങുകള്‍ക്ക് തൂക്കം വയ്ക്കാന്‍ സഹായിക്കും.
നനകിഴങ്ങ്/ചെറുകിഴങ്ങ്
മകരമാസത്തിലാണു നനകിഴങ്ങും ചെറുകിഴങ്ങും കൃഷി ചെയ്യുന്നത്. നാലു തടങ്ങള്‍ അടുത്തടുത്തായി ചതുരത്തില്‍ എടുത്ത് അതില്‍ വിത്തിട്ട് ചേനയ്ക്ക് എന്നതുപോലെ ചാണകപ്പൊടി/കംപോസ്റ്റ് കരിയിലയുമിട്ട് മണ്ണിട്ട് ചവിട്ടി ഉറപ്പിച്ചാല്‍ പിന്നെ വള്ളി വീശി തുടങ്ങിയാല്‍ താങ്ങുകാല് മുക്കാലിപോലെയാക്കി അതില്‍ പടര്‍ത്തുന്നതാണ് പതിവു രീതി. കൂടാതെ കമുകിന് ചുവട്ടിലും, പാഴ്മരചുവട്ടിലും നട്ട് അവയിലേക്ക് പടര്‍ത്തിയും കൃഷി ചെയ്യാം. മകരത്തില്‍ നട്ട് കന്നിയില്‍ വിളവെടുക്കാം.
കാച്ചില് (കാപത്ത്)
ധനുമാസത്തിലാണ് കാച്ചില് കൃഷി തുടങ്ങുന്നത്. ഒരു മീറ്റര്‍ ആഴത്തിലും അരമീറ്റര്‍ വീതിയിലുമുള്ള കുഴികളാണ് വലിയ കാച്ചിലിനുവേണ്ടത്. ആദ്യം കുഴിയില്‍ മുക്കാല്‍ ഭാഗം മേല്‍മണ്ണിട്ട് അതില്‍ അര കിലോ ഡോളോമൈറ്റ്/കുമ്മായം ഇട്ട് നനച്ച് 10 ദിവസം കഴിഞ്ഞ് കരിയില, പച്ചിലവളം, ചാണകം, ഗോമൂത്രം എന്നിവ നിറച്ച് കുംഭമാസം വരെ ഇടണം. കുംഭത്തില്‍ കുഴിവെട്ടിയിളക്കി കൂമ്പലാക്കി (കൂനയാക്കി) വയ്ക്കും. അതിലേക്ക് 200 ഗ്രാമോ അതില്‍ കൂടുതലോ തൂക്കമുള്ള കാച്ചില് കഷണങ്ങള്‍ ചാണകപ്പാലില്‍ മുക്കി 3-4 ദിവസം തണലില്‍ ഉണക്കിയ ശേഷമാണ് നടുന്നത്. കാച്ചിലിന്റെ നടീല്‍ വസ്തുവായി കാച്ചില് വള്ളികളിലുണ്ടാകുന്ന കായും ഉപയോഗിക്കും. ചേനയുടെ കാര്യത്തിലെന്നപോലെ ആനക്കാച്ചിലിനും വിപണിയില്‍ പ്രിയം കുറവാണ്. ഒന്നു രണ്ടു കിലോ തൂക്കമുള്ള ചെറുകാച്ചിലിനാണ് ഡിമാന്‍ഡ്. അതിനായി ചേനയുടെ മിനിസെറ്റ് രീതി കാച്ചിലിനും പ്രയോഗപ്പെടുത്താം. മിനി സെറ്റു രീതിക്ക് 30 ഗ്രാം കാച്ചില് പൂളുകള്‍ മതിയാകും. കാച്ചില് നീളത്തില്‍ മുറിച്ച് പരമാവധി പുറം തൊലി വരത്തക്കവിധം കഷണങ്ങളാക്കി ചെറുതവാരണകളില് പാകി മുളപ്പിച്ചാണ് മിനിസെറ്റു കൃഷി ചെയ്യുന്നത്. മുളപ്പിച്ച തൈകള്‍ പറിച്ചു നടാം. ചെറിയ കാച്ചിനു ചെറിയ കുഴികള്‍ അരമീറ്റര്‍ മതിയാകും.
കാച്ചില് നട്ടാല്‍ ഉടന്‍ നന്നായി നനച്ചു കൊടുക്കണം. പിന്നീട് 10 ദിവസത്തിലൊരിക്കല്‍ വീതം നന തുടരണം. 20-25 ദിവസമെത്തുമ്പോള്‍ താങ്ങുകാല് കുത്തി ഏറ്റം കെട്ടാം. 30-70 ദിവസം പടര്‍ത്തി വിടാം. ഒരു മുഴം കാച്ചിലിന് ഒമ്പതു മുഴം ഏറ്റം എന്നാണ് കണക്ക്. എത്ര ഉയരത്തിലേക്ക് പടര്‍ത്തുന്നുവോ അത്രയും വലിയ കാച്ചില് ഉണ്ടാവുമത്രെ.
വള്ളി വീശാത്ത കുറ്റിക്കാച്ചില്‍ ഇനവുമുണ്ട്. ശ്രീധന്യ എന്ന കുറ്റിക്കാച്ചില്‍ തിരുവനന്തപുരം കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിന്റെ കണ്ടെത്തലാണ്. ഈയിനം ഗ്രോ-ബാഗിലും പറമ്പിലും കൃഷി ചെയ്ത് ഹെക്ടറിന് 20 ടണ്‍ വരെ വിളവെടുക്കാം. ശരാശരി 8-9 മാസം കൊണ്ട് കാച്ചില് വിളവെടുക്കാം. നടുതലകളുടെ ഒട്ടേറെ മേല്‍ത്തരം ഇനങ്ങള്‍ തിരുവനന്തപുരം കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
ഫോണ്‍: 9447459071
Tags :