ADVERTISEMENT
നല്ലൊരു കൃഷിക്കാരനാവണമെന്നും ഒരുപാട് പശുക്കളെ വളര്ത്തണമെന്നുമൊക്കെയുള്ള സ്വപ്നങ്ങള്‍ കാസര്‍ഗോഡ് ജില്ലയിലെ കാലിച്ചാനടുക്കം ചാമക്കുഴിയിലെ ശ്രീജിത്തിന്റെ മനസില്‍ കുട്ടിക്കാലം മുതലുണ്ടായിരുന്നു. അന്നു കുടുംബവീട്ടില്‍ ഒന്നു രണ്ട് പശുക്കളുണ്ടായിരുന്നു. വല്ല്യച്ഛന് നല്ല കൃഷിക്കാരനായിരുന്നു. വല്യച്ഛന് വയ്യാതായതോടെ പശുക്കളെ വിറ്റു. ഇതിനുശേഷം ശ്രീജിത്തിന്റെ സ്വന്തം താത്പര്യത്തില്‍ ഒരു പശുവിനെ വാങ്ങി. പക്ഷേ, നാലുമാസത്തിനു ശേഷം അത് പെട്ടെന്ന് ചത്തുപോയി. പശുവിനെ വളര്‍ത്തുന്നത് അത്ര എളുപ്പമല്ലെന്ന് അന്ന് അച്ഛന് പറഞ്ഞു.
അങ്ങനെ ശ്രീജിത്ത് ആ ആഗ്രഹത്തിന് തത്കാലം വിരാമമിട്ട് ജീവിതം മറ്റൊരു വഴിയിലൂടെ കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിലായി. പ്ലസ്ടുവിന് ശേഷം അമ്മാവൻരെ കടയില്‍ ജോലിക്കുപോയി. അമ്മാവന് വേറെ ജോലികിട്ടിയതോടെ സ്ഥാപനം സ്വന്തമായി ഏറ്റെടുത്തു. പക്ഷേ, അത് പച്ചപിടിച്ചില്ല. പിന്നീട് റബര്‍ ടാപ്പിംഗ് മുതല്‍ തൊഴിലുറപ്പ് ജോലി വരെ ചെയ്തു. അതിനിടയില്‍ കാട വളര്‍ത്തലും ഇറച്ചിക്കോഴിയും മുട്ടക്കോഴിയുമെല്ലാം പരീക്ഷിച്ചു. ഒന്നും വലിയ വിജയമായില്ല. പക്ഷേ ഓരോ വീഴ്ചയില്‍നിന്നും ശ്രീജിത്ത് പുതിയ അറിവുകളും അനുഭവങ്ങളും പഠിച്ചെടുത്തു. തത്കാലം കാര്‍ഷിക പരീക്ഷണങ്ങളെല്ലാം ഏറെക്കുറെ അവസാനിപ്പിച്ച് 2009 ഒക്ടോബറില്‍ നീലേശ്വരം വ്യാപാരഭവനില്‍ ജോലിക്ക് കയറി. 2014 ലാണ് ആലക്കോട്ടെ കര്‍ഷക കുടുംബാംഗമായ ശ്രുതിയെ വിവാഹം ചെയ്തത്. ശ്രുതിയും കട്ടയ്ക്ക് കൂടെ നിന്നതോടെ ശ്രീജിത്തിന്റെ കാര്ഷികസ്വപ്നങ്ങള്ക്ക് വീണ്ടും നിറം വച്ചു.
2020 ല്‍ ശ്രുതിയുടെ അച്ഛനും അമ്മയും സഹോദരനും ആലക്കോട്ടെ സ്ഥലം വിറ്റ് ചാമക്കുഴിയിലേക്ക് വന്നു. അവര്‍ക്കൊപ്പം മൂന്നു പശുക്കളും എത്തി. അടുത്തുള്ള സുഹൃത്ത് ബാലചന്ദ്രന്റെ ആലയിലാണ് പശുക്കളെ കെട്ടിയത്. പിന്നീട് ശ്രീജിത്തിന്റെ എട്ടു സെന്റ് സ്ഥലത്ത് കിനാനൂര്‍-കരിന്തളം പഞ്ചായത്തിന്റെ സഹായത്തോടെ തൊഴുത്ത് നിര്‍മിച്ചു. വായ്പയെടുത്ത് 11 പശുക്കളെകൂടി വാങ്ങി ഫാമിന് തുടക്കമിട്ടു. ലക്ഷണമൊത്തതും പാല് ഉത്പാദനം കൂടിയതുമായ പശുക്കളെ നാട്ടില്‍ നിന്നു തന്നെയാണ് വാങ്ങിയത്. പശു വളര്‍ത്തലില്‍ കൂടുതല്‍ പ്രായോഗിക പരിജ്ഞാനമുള്ള ഭാര്യയുടെ അമ്മ മായ രാജേന്ദ്രനാണ് പശുക്കളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ സഹായിച്ചത്. ശ്രീജിത്തിന്റെ മകള്‍ നന്മയയുടെ പേര് ഫാമിന് ഇട്ടു.
വ്യാപാരഭവനിലെ ജോലിയില്‍ തുടര്‍ന്നുകൊണ്ടാണ് ശ്രീജിത്ത് ഫാമിന്റെ കാര്യങ്ങള്‍ നോക്കിയത്. പുലര്‍ച്ചെ 3.45 ന് ശ്രീജിത്ത് ഫാമിലെത്തും. പശുക്കളെ കുളിപ്പിച്ച് നാലേകാലോടെ കറവ തുടങ്ങും. പാല് ക്ഷീരസംഘത്തില്‍ എത്തിച്ചു നല്‍കിയശേഷം ജോലിസ്ഥലത്തേക്ക്. ഉച്ചകഴിഞ്ഞ് കറവയുടെ രണ്ടാം ഷിഫ്റ്റ് ശ്രുതിയുടെയും ശ്രീജിത്തിന്റെ അച്ഛന് കുമാരന് നായരുടെയും അമ്മ നാരായണിയുടെയും നിയന്ത്രണത്തിലാണ്. ചുരുങ്ങിയ കാലംകൊണ്ട് കാട്ടിപ്പൊയില്‍ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ ഏറ്റവുമധികം പാല് അളക്കുന്ന കര്‍ഷകനായി ശ്രീജിത്തിന് മാറി. സംഘത്തിന്റെയും ക്ഷീരവികസനവകുപ്പിന്റെയും ഭാഗത്ത് നിന്നുള്ള സഹായങ്ങളും കുടുംബാംഗങ്ങളുടെ ഉറച്ച പിന്തുണയും സ്ഥിരോത്സാഹവും കൂടിച്ചേര്‍ന്നപ്പോള്‍ വിജയങ്ങള്‍ക്ക് തുടക്കമായി.
കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്തിലെയും പരപ്പ ബ്ലോക്ക് പഞ്ചായത്തിലെയും മികച്ച ക്ഷീര കര്‍ഷകനുള്ള പുരസ്കാരങ്ങള്‍ ശ്രീജിത്തിനെ തേടിയെത്തി. ഇതിനു പിന്നാലെ ക്ഷീര വികസന വകുപ്പില്‍ നിന്നുള്ള സഹായത്തോടെ 10 പശുക്കളെ കൂടി വാങ്ങി. തീറ്റപ്പുല്‍ കൃഷിക്ക് സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ ക്ഷീരവികസന വകുപ്പില്‍ നിന്നു ലഭിച്ചു. 24 പശുക്കളും ആറ് കിടാങ്ങളും ഇപ്പോള്‍ നന്മയാസ് ഡയറി ഫാമിലുണ്ട്. രാവിലെ 140 ലിറ്റര്‍ വരെ പാല് ലഭിക്കുന്നുണ്ട്. ഇതില്‍ 125 ലിറ്ററോളം ക്ഷീരസംഘത്തില്‍ എത്തിക്കും. 15 ലിറ്റര്‍ നാട്ടില്‍ പ്രാദേശികമായി വില്‍ക്കും. ഉച്ചയ്ക്ക് 115 മുതല്‍ 120 ലിറ്റര്‍ വരെ പാല് ലഭിക്കും.
പശുവളര്‍ത്തലിനോട് കുട്ടിക്കാലം മുതലുണ്ടായിരുന്ന താത്പര്യത്തിനൊപ്പം തികഞ്ഞ പ്രഫഷണലിസം കൂടി കൃത്യമായി ചേര്‍ത്താണ് ശ്രീജിത്തിന്റെ ഫാം മുന്നോട്ടുപോകുന്നത്. പകല്‍ സമയങ്ങളില്‍ വ്യാപാരഭവനില്‍ ജോലിയിലിരിക്കുമ്പോഴും ഫാമിലെ കാര്യങ്ങളറിയാന്‍ സിസിടിവി കാമറ സ്ഥാപിച്ചിട്ടുണ്ട്. പശുക്കളുടെ പരിപാലനത്തിനും ഫാമിന്റെ ശുചീകരണത്തിനുമായി രണ്ട് ആസാം തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. പച്ചപ്പുല്ല് കൂടാതെ പെല്ലറ്റ്, പരുത്തിപ്പിണ്ണാക്ക്, കടല തൊലി എന്നിവയാണ് പശുക്കളുടെ തീറ്റ. 10 ദിവസം കൂടുമ്പോള്‍ ഒരോ പശുവിന്റെയും പാലിന്റെ കണക്കെടുത്ത് സൂക്ഷിക്കും. ഈ കണക്കുകള്‍ പരിശോധിച്ച് പാല് കുറഞ്ഞതും ചെന നില്ക്കാത്തതുമായ പശുക്കളെ വില്‍ക്കും.
ദിവസവും 10 ലിറ്ററെങ്കിലും തൈര് ഉണ്ടാക്കുന്നുണ്ട്. നന്മയാസ് എന്ന ബ്രാന്‍ഡ് നെയിമില്‍ തൈരും നെയ്യും വില്പന നടത്തുന്നു. ചാണകവും വില്പന നടത്തുന്നുണ്ട്. വെള്ളം തീരുന്ന മുറയ്ക്ക് ഓട്ടോമാറ്റിക്കായി വന്നു നിറയുന്നതിനും തീറ്റ സാധനങ്ങള്‍ തണുപ്പടിക്കാതെ സൂക്ഷിക്കുന്നതിനും പശുക്കള്‍ക്ക് സംഗീതം കേള്പ്പിക്കുന്നതിനുമുള്പ്പെടെയുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഫാമിലുണ്ട്. നിശ്ചിത ഇടവേളകളില്‍ പശുക്കളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ കരിന്തളം മൃഗാശുപത്രിയിലെ ഡോക്ടറെത്തും.
കുട്ടിക്കാലത്ത് പശുവളര്‍ത്തലിനോട് തോന്നിയ ആവേശം പില്ക്കാലത്തെ പ്രായോഗിക പാഠങ്ങള്‍ക്കൊപ്പം വരുംതലമുറകളിലേക്കും പകര്ന്നുനല്കുകയാണ് ശ്രീജിത്ത്. മക്കളായ കാലിച്ചാനടുക്കം ഗവ.സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി നന്മയയും എല്‍കെജി വിദ്യാര്‍ഥിനി നന്വികയും രാവിലെയും വൈകിട്ടും ഒഴിവു ദിവസങ്ങളിലും പശുക്കള്‍ക്കൊപ്പമാണ്.
ഫോണ്‍: 9946531689
Tags :