ADVERTISEMENT
കേരളത്തില്‍ കൂടുമത്സ്യകൃഷി തുടങ്ങിയിട്ട് ഇരുപത് വര്‍ഷങ്ങളായി. 2005-ല്‍ എറണാകുളം ജില്ലയിലെ കോട്ടപ്പുറത്താണ് മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ചു കൂടുമത്സ്യകൃഷിക്ക് തുടക്കം കുറിച്ചത്. ഇന്ന് കേരളത്തിലെ ഓര്, ശുദ്ധ ജലാശയങ്ങളിലായി അയ്യായിരത്തോളം കൂടുകളില്‍ മത്സ്യകൃഷിയുണ്ട്. 1000 ഹെക്ടര്‍ കൃഷിയിടത്തിനു തുല്യമാണിത്. സംസ്ഥാനത്ത് വര്‍ഷംതോറും 2500 ടണ്‍ മത്സ്യം കൂടുകൃഷിയിലൂടെ മാത്രം ഉത്പാദിപ്പിക്കുന്നുണ്ടെന്നാണു കണക്ക്. ഇതില്‍ കൂടുതലും കാളാഞ്ചി മത്സ്യമാണെങ്കിലും കരിമീന്‍, ചെമ്പല്ലി, വറ്റ എന്നിവയും ഈ രീതിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
എന്തുകൊണ്ട് കൂടുമത്സ്യകൃഷി
സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് പൊതുജലാശയങ്ങളില്‍ സ്ഥാപിക്കുന്ന കൂടുകളില്‍ മത്സ്യകൃഷി നടത്താം എന്നതാണ് പ്രധാന ആകര്‍ഷണം. പൊതുജലാശയങ്ങളില്‍ കൂടു മത്സ്യകൃഷി ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണം. പല കാരണങ്ങളാല്‍ മത്സ്യകൃഷിക്ക് അനുയോജ്യമായ കൃഷിയിടങ്ങള്‍ കുറഞ്ഞു വരുന്നതിന് പരിഹാരം കൂടിയാണ് പൊതുജലാശയങ്ങളിലെ കൂട് മത്സ്യകൃഷി.
വിപണി വിലയ്ക്കനുസരിച്ച് ആവശ്യാനുസരണം വിളവെടുക്കാം എന്നതാണ് കൂട് മത്സ്യകൃഷിയുടെ മറ്റൊരാകര്‍ഷണം. വിളവെടുപ്പിന് തയാറാവുന്ന സമയത്ത് വിലയില്ലെങ്കില്‍ കൃഷി തുടരുകയും വിലയേറുമ്പോള് വിളവെടുക്കുകയും ചെയ്യാം എന്ന സൗകര്യവുമുണ്ട്.
കായലിലെ കൃഷി
വാണിജ്യാടിസ്ഥാനത്തില്‍ കായല്‍ ജലാശയങ്ങളാണ് ശുദ്ധജലാശയങ്ങളേക്കാള് കൂട് മത്സ്യകൃഷിക്ക് അനുയോജ്യം. വിപണിയില്‍ വില കൂടിയ കരിമീന്‍, കാളാഞ്ചി, ചെമ്പല്ലി, വറ്റ തുടങ്ങിയവ കായലില്‍ വളര്‍ത്താം. കായലിലെപ്പോലെ ഒഴുക്കുള്ള ജലാശയങ്ങളാണ് കൃഷിക്ക് കൂടുതല്‍ നല്ലത്. വേലിയിറക്ക സമയത്ത് കുറഞ്ഞത് 2 മീറ്റര്‍ ആഴമുള്ളതും കരയില്‍നിന്നു ചുരുങ്ങിയത് 10 മീറ്റര്‍ എങ്കിലും അകലെയുള്ളതുമായ ഇടമാണ് തെരഞ്ഞെടുക്കേണ്ടത്. വേനല്‍ മഴ വരുമ്പോള്‍ മീനുകള്‍ കൂട്ടത്തോടെ ചാവുന്ന അവസ്ഥ ഉള്ളിടം അയിരിക്കരുത്. മാലിന്യം ഒഴുകിയെത്തുന്ന ഇടങ്ങളും ഒഴിവാക്കണം.
കായലുകളില്‍ കൂടുമത്സ്യകൃഷി സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിച്ചു ജൂണില്‍ വിളവെടുക്കുന്നതാണ് ഉചിതം. കാളാഞ്ചി, കരിമീന്‍ എന്നിവയാണ് നല്ലത്. നിക്ഷേപിക്കുന്ന കാളാഞ്ചി കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞത് 10 സെ.മീറ്ററും കരിമീന്‍ കുഞ്ഞുങ്ങള്‍ക്ക് 8 സെ.മീറ്ററും വലിപ്പം ഉണ്ടായിരിക്കണം. നാല് മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയും 2 മീറ്റര്‍ ആഴവുമുള്ള ഒരു കൂട്ടില്‍ ശരാശരി 400 കാളാഞ്ചിയും 100 കരിമീനും ഒരുമിച്ച് ഇടാവുന്നതാണ്. അകം പുറം വലകള്‍ക്ക് ഇടയില്‍ 100 ഗ്രാം വലുപ്പമുള്ള 20 കരിമീന്‍ കൂടി ഇട്ടാല്‍ വലകളില്‍ അടിഞ്ഞുകൂടുന്ന കാക്കയും, പായലും അവ തിന്ന് വൃത്തിയാക്കുകയും ചെയ്യും.
കാളാഞ്ചിക്ക് വിലകുറഞ്ഞ മീനുകളാണു തീറ്റ. കുഞ്ഞുങ്ങള്‍ക്ക് തീറ്റ ചെറുതായി അരിഞ്ഞു ദിവസം 3 നേരം എന്ന ക്രമത്തിലും വലിയ മീനുകള്‍ക്ക് രണ്ടുനേരം എന്ന ക്രമത്തിലും നല്‍കാം. കരിമീനുകള്‍ക്ക് 40 ശതമാനം മാംസ്യവും 10 ശതമാനം കൊഴുപ്പും അടങ്ങിയ തീറ്റയാണ് വേണ്ടത്. ഒരു കിലോ കാളാഞ്ചി ഉത്പാദിപ്പിക്കുവാന്‍ 6 കിലോ തീറ്റ വേണം. ഇതിനുമാത്രം ശരാശരി 180 രൂപയോളം ചെലവ് വരും. കുഞ്ഞുങ്ങളെ വലുപ്പം അനുസരിച്ചു തരം തിരിച്ചു വളര്‍ത്തുമ്പോഴാണ് കാളാഞ്ചി പെട്ടെന്നു വളരുന്നത്. അതുകൊണ്ട് ഒരേ സമയം ഒന്നിലധികം കൂടുകള്‍ കൃഷി ചെയ്യുന്നതാണ് ഉചിതം.
ശുദ്ധജലാശയങ്ങളില്‍
ആഴക്കൂടുതല്‍ മൂലം ഡാമുകള്‍ ഗ്രാനൈറ്റ് ക്വാറികള്‍ തുടങ്ങിയ ശുദ്ധജലാശയങ്ങളില്‍ നിന്നു മല്‍സ്യം വിളവെടുക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അവിടെ കൂടുകളില്‍ കൃഷി ചെയ്യുന്നതായിരിക്കും ഉചിതം. ഇത്തരം സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ ഏതു സമയത്തും കൃഷി ആരംഭിക്കാം. വേനലില്‍ വെള്ളം കുറയുന്ന ഇടങ്ങളില്‍ ജൂലൈ മാസത്തില്‍ ആരംഭിച്ചു ഫെബ്രുവരിയില്‍ വിളവെടുക്കുന്ന രീതി സ്വീകരിക്കണം.
ശുദ്ധ ജലാശയങ്ങളില്‍ വില അധികം ലഭിക്കാത്ത തിലാപ്പിയ, നട്ടർ, വാള തുടങ്ങിയ മത്സ്യങ്ങളെ മാത്രമാണ് കൂടുകൃഷി രീതിയില്‍ ചെയ്യാന്‍ കഴിയുക. കുഞ്ഞുങ്ങള്‍ക്ക് 10 സെ.മീ വലിപ്പമുണ്ടാവണം. ഒരു കൂട്ടില്‍ 750 കുഞ്ഞുങ്ങളെ വരെ നിക്ഷേപിക്കാം.
തിലാപ്പിയ, വാള, നട്ടര്‍ തുടങ്ങിയ മത്സ്യങ്ങള്‍ക്ക് തിരി തീറ്റയാണ് നല്‍കേണ്ടത്. കുഞ്ഞുങ്ങള്‍ക്ക് ദിവസത്തില്‍ മൂന്നു നേരം തീറ്റ നല്‍കണം. തീറ്റയില്‍ 34 ശതമാനം മാംസ്യവും 6 ശതമാനം കൊഴുപ്പുമുണ്ടാകണം. വലിപ്പം കൂടുന്നതിനനുസരിച്ച് തിരിവലിപ്പം കൂടിയ തീറ്റ നല്‍കണം. വലിപ്പം 50 ഗ്രാമിന് മുകളിലായാല്‍ 28 ശതമാനം മാംസ്യവും 4 ശതമാനം കൊഴുപ്പും അടങ്ങിയ തീറ്റ ദിവസം രണ്ടു നേരം എന്ന ക്രമത്തില്‍ നല്‍കണം. ഒരു കിലോ മത്സ്യം ഉത്പാദിപ്പിക്കാന്‍ ശരാശരി 1 .75 കിലോ തിരിതീറ്റ വേണ്ടിവരും.
കൂട് നിര്‍മാണം
കൂട് നിര്‍മാണത്തിനായി ഗാല്‍വനൈസ്ഡ് ഇരുമ്പ് കൊണ്ടുള്ള പുറം ചട്ടയും HDPE വലകളും, ഡ്രമ്മുകളുമാണ് വേണ്ടത്. പല വലുപ്പത്തില്‍ കൂടുകള്‍ ഉണ്ടാക്കാമെങ്കിലും 4 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയും 2 മീറ്റര്‍ ആഴവുമാണ് അനുയോജ്യം. HDPE കൊണ്ടുള്ള പുറം വലക്ക് 30 mm കണ്ണി അകലവും 1.5 ഇഴ കനവും അകം വലക്ക് 16 mm കണ്ണി അകലവും 1 ഇഴ കനവും വേണം. അകം പുറം വലകള്‍ തമ്മില്‍ ചുരുങ്ങിയത് 40 mm അകലം ഉണ്ടായിരിക്കണം. മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ദിവസത്തോടനുബന്ധിച്ച് മാത്രമാണ് ഈ വലകള്‍ കൂടുകളില്‍ ഘടിപ്പിക്കേണ്ടത്. പക്ഷികളും മറ്റും അക്രമിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന രീതിയില്‍ കൂടുകളുടെ മുകളില്‍ HDPE വല ഇടണം. മത്സ്യം മോഷണം തടയാന്‍ കാമറകളും സ്ഥാപിക്കണം.
കൂടുകളുടെ പരിപാലനം
കായലിലെ കൂടുകളില്‍ കറുത്ത കല്ലുമ്മക്കായ അടിയുന്നത് സ്വാഭാവികമാണ്. കരിമീനുകള്‍ ഒരു പരിധി വരെ ഇവ തിന്നുമെങ്കിലും ഇടയ്ക്കിടെ വലകള്‍ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കണം. ഇങ്ങനെ പരിപാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അകം വലകള്‍ മാറ്റി പുതിയ വല കെട്ടി അതിലേക്ക് മീനുകളെ മാറ്റണം. അല്ലാത്ത പക്ഷം വലകളില്‍ കറുത്ത കല്ലുമ്മക്കായ പിടിച്ച് വളര്‍ന്ന് വായുസഞ്ചാരം തടസപ്പെടും. ഇതുവഴി കൂടുകളുടെ ഭാരം കൂടി കൂടുകള്‍ മുങ്ങിപോകാന്‍ വരെ സാധ്യതയുണ്ട്.
വിളവെടുപ്പ്
കായല്‍ കൂട് കൃഷിയില്‍ കാളാഞ്ചി 8 മാസം കൊണ്ട് 800 ഗ്രാം വലുപ്പം ആകുന്ന സമയം മുതല്‍ വിളവെടുപ്പ് ആരംഭിക്കാമെങ്കിലും 6 മാസം കൂടി വളര്‍ത്താന്‍ കഴിഞ്ഞാല്‍ 2 കിലോ വരെ തൂക്കം കൂടും. കരിമീനുകള്‍ 8 മാസം കൊണ്ട് ശരാശരി 150 ഗ്രാം വലിപ്പമാകും. വേനല്‍ മഴയ്ക്കു മുമ്പേ വിളവെടുക്കുന്നതാണ് സുരക്ഷിതം.
ശുദ്ധജലാശയ കൂടുകളില്‍ ഒരു വര്‍ഷം കൊണ്ട് തിലാപ്പിയ ശരാശരി 500 ഗ്രാം വരെയും, നട്ടര്‍ 700 ഗ്രാം വരെയും, വാള 600 ഗ്രാം വരെയും വളരും. വേനല്‍ കാലം ആരംഭിക്കുമ്പോള്‍ തന്നെ വിളവെടുപ്പ് നടത്തണം.
വിപണനം
ഒരുകിലോ കാളാഞ്ചി ഉത്പാദിപ്പിക്കാന്‍ ശരാശരി 260 രൂപ ചെലവ് വരും. അതുകൊണ്ട് 500 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ കൃഷി ലാഭകരമാകൂ. ശുദ്ധജലാശയങ്ങളില്‍ ഏതു മത്സ്യം കൃഷി ചെയ്താലും ഉത്പാദന ചെലവ് 140 രൂപയോളം വരുമെന്നതിനാല്‍ പ്രാദേശിക വിപണിയില്‍ ചുരുങ്ങിയത് 250 രൂപയെങ്കിലും ലഭിച്ചാലേ കൃഷി വിജയകരമാവൂ.
കൂട് മത്സ്യകൃഷിയുടെ ഭാവി
കൂട് മത്സ്യകൃഷിക്കായി പ്രധാന മന്ത്രി മത്സ്യ സംപദ യോജന (https://pmsmy.dof.gov.in/), പ്രധാന മന്ത്രി മത്സ്യകിസാന്‍ സമൃദ്ധി സഹ യോജന (https://pmmkssy.dof.gov.in/pmmkssy/#/) തുടങ്ങിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്. പദ്ധതികള്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖാന്തിരമാണ് നടപ്പാക്കുന്നത്. പഞ്ചായത്ത് തലത്തിലുള്ള അക്വാ പ്രൊമോട്ടര്‍മാരുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഹൈദരാബാദിലുള്ള ദേശീയ മത്സ്യവികസന ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (https://nfdb.gov.in/welcome/PMMSY) നിന്നു കൂടി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് അറിയാവുന്നതാണ്.
Tags :