ADVERTISEMENT
അട്ടപ്പാടി ഗോത്രവാസികളുടെ പൈതൃകസമ്പത്താണു കരിയാടുകൾ. മല്ലീശ്വരന്മുടിയും ഭവാനിപ്പുഴയും അതിരിടുന്ന ഈ മലയോരങ്ങളില്‍ ഉരുത്തിരിഞ്ഞ തനത് ആടുവര്ഗമാണ് അട്ടപ്പാടി ബ്ലാക്ക് അഥവാ അട്ടപ്പാടി കരിയാടുകൾ. തലമുറകളായി ഇവിടെ പാര്‍ത്തുവരുന്ന ആദിവാസി വിഭാഗങ്ങള്‍ അവരുടെ സാമ്പത്തിക ഭദ്രതയുടെ അടയാളമായി പറയുന്നതു സ്വന്തമായുള്ള കരിയാടുകളുടെ എണ്ണമാണ്. പെണ്ണിന്റെയും ചെറുക്കന്റെയും കല്യാണവേളകളില്‍ കൃഷിയിടം പോലെ ആസ്തിയുടെ തോതായി കാണുന്നതും വീട്ടിലെ കരിയാടുകളുടെ എണ്ണമാണ്. പാവപ്പെട്ടവരുടെ പശുവെന്നും അട്ടപ്പാടിയുടെ കരിമുത്തെന്നുമാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ഊരിനോടും ഊരുവാസികളോടും ഏറെ ഇണങ്ങുന്ന ശാന്തസ്വഭാവക്കാരാണ് ഈ ഇനം ആടുകൾ.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആനിമല്‍ ജനറ്റിക്സ് റിസോഴ്സസ് ബ്യൂറോ കരിയാടിനെ ഒരു പ്രത്യേക ജനുസായി അംഗീകരിച്ച് ദേശീയ ബ്രീഡ് റജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയുണ്ട്. അങ്ങനെ രാജ്യത്തെ 34 ആട് ജനുസുകളുടെ പട്ടികയില്‍ അട്ടപ്പാടി ബ്ലാക്ക് ആടുകള്‍ക്കും പേരും പെരുമയുമുണ്ട്.
അട്ടപ്പാടിയിലെ പുതൂർ, അഗളി, ഷോളയാര്‍ ഗ്രാമപഞ്ചായത്തുകളിലെ ഗോത്ര ഗ്രാമങ്ങളിലാണ് ഈ ഇനം ആടുകള്‍ കൂടുതലുള്ളത്. ഗോത്രവാസികള്‍ അരുമകളായി സംരക്ഷിക്കുന്നതുകൊണ്ടു മാത്രമാണ് കരിയാടുകളുടെ വംശം ഇവിടെ അവശേഷിക്കുന്നത്. ഇരുള, കുറുമ്പ, മുഡുക എന്നീ ഗോത്രവിഭാഗങ്ങളാണ് അട്ടപ്പാടി ബ്ലാക്ക് ആടുകളുടെ സംരക്ഷകർ. അധ്വാനികളായ ആദിവാസികളുടെ ജീവിതത്തില്‍ കരിയാടുകള്‍ക്ക് ചെറുതല്ലാത്ത സ്ഥാനമുണ്ട്. വിശേഷാവസരങ്ങളിലും വിവാഹവേളയിലും ഇവര്‍ സമ്മാനമായി നല്‍കുന്നതും ഒന്നോ രണ്ടോ കരിയാടുകളെയാണ്. എല്ലാ ഊരുകളിലും കരിയാടുകളെ പാര്‍പ്പിക്കാന്‍ കൂടുണ്ടാകും. അവയ്ക്കു കാവലായി ഒരു വളര്‍ത്തു നായയും. നീലഗിരി, മുത്തിക്കുളം മലനിരകള്‍ക്കിടയില്‍ പാലക്കാട് ജില്ലയിലെ മലമ്പ്രദേശമാണ് അട്ടപ്പാടി. കരിയാടുകളുടെ പാലും ഇറച്ചിയും ഭക്ഷണം മാത്രമല്ല ആയുസും ആരോഗ്യവും നല്കുന്ന ഔഷധമാണെന്ന് ആദിവാസികള്‍ പറയും.
പുല്ലും കല്ലും നിറഞ്ഞ മലമേടുകളിലേക്കും വിശാലമായ പാടങ്ങളിലേക്കും കാടുകളിലേക്കും ഇവയെ രാവിലെ മേയാന്‍വിടും. ഉച്ചവരെ തീറ്റയ്ക്കുശേഷം ഇവ മരത്തണലുകളില് വിശ്രമിക്കും. വീണ്ടുമൊരു തീറ്റയ്ക്കുശേഷം ഉരുള്‍വീഴും മുമ്പേ തിരികെ കൊണ്ടുവരും. മേഞ്ഞു നടന്ന് തീറ്റയെടുക്കുന്നതുകൊണ്ട് ഊരുകളില്‍ ഇവയ്ക്കായി പ്രത്യേകം തീറ്റ കരുതാറുമില്ല. ഈറ്റകൊണ്ടും മരത്തടികൊണ്ടും നിര്‍മിക്കുന്ന കൂടുകളിലാണ് ഇവയെ പാര്‍പ്പിക്കുന്നത്. നരിയും കുറുക്കനും കടുവയും ഭീഷണിയായതോടെ പ്രത്യേക സംരക്ഷണം ആവശ്യമായിരിക്കുന്നു. മഴനിഴല്‍പ്രദേശമായ അട്ടപ്പാടിയുടെ തനതു കാലാവസ്ഥയോട് നന്നായി ഇണങ്ങുന്നതും രോഗപ്രതിരോധശേഷി കൂടിയതുമായ ഇനമാണ് കരിയാടുകൾ. ആടുകളെ ഗോത്രവാസികള്‍ വീട്ടിലെ അംഗത്തെപോലെ കാണുകയും പരിപാലിക്കുകയും ചെയ്യുന്നു. ആദിവാസികളിലെ പോഷകവൈകല്യം പ്രതിരോധിക്കാന്‍ ഒരു പരിധിവരെ ഈ ഇനം ആടുകളുടെ പാലും മാംസവും സഹായകരമാകുന്നുണ്ട്.
പൊതുവെ മെലിഞ്ഞ പ്രകൃതിയിലുള്ളവയാണ് അട്ടപ്പാടി കരിയാടുകൾ. എണ്ണക്കറുപ്പുള്ള രോമാവരണവും ചെമ്പന്‍ കണ്ണുകളുമുള്ള ഈ ഇനത്തെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം. അരയടിയോളം നീളത്തില്‍ തൂങ്ങിക്കിടക്കുന്ന വീതി കുറഞ്ഞ കറുത്ത ചെവികളും കുത്തനെ വളര്‍ന്ന് പിന്നോട്ട് ചരിവുള്ള ചാര കൊമ്പുകളുമാണ് ലക്ഷണം. പെണ്ണാടിനും ആണാടിനുമുണ്ട് കൊമ്പ്. ചിലതിന് കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന കറുത്ത തൊങ്ങലുകളുണ്ട്. ചരിവും പാറക്കല്ലുകളും നിറഞ്ഞ മലമേഖലയിലും വനങ്ങളിലും മേയുന്നതിനും പുഴയും തോടും കടക്കുന്നതിനും അനുയോജ്യമായ കരുത്തുള്ള നീളന്‍ കൈകാലുകളും ഉറപ്പുള്ള കുളമ്പുകളും കരിയാടുകളുടെ സവിശേഷതയാണ്. വാലിന് ചെറിയ വളവുണ്ട്. ആകര്‍ഷകമായ വാല് രോമക്കൂട്ടം പോലെ കാണപ്പെടുന്നു. ഉറച്ച ശരീരം, പ്രതിരോധശേഷി, അതിജീവനസിദ്ധി എന്നിവ കൂടിച്ചേര്‍ന്ന ഈ തനതു ജനുസിനെ സംരക്ഷിക്കാന്‍ ഗോത്രവാസികള്‍ എക്കാലവും ശ്രദ്ധവയ്ക്കുന്നു.
വളരെ കുറഞ്ഞ അളവ് വെള്ളം മാത്രമേ ഈ ആടുകള്‍ക്ക് ആവശ്യമുള്ളൂ. മറ്റിനം ആടുകള്‍ തിന്നാന്‍ മടിക്കുന്ന ഗുണമേന്മ കുറഞ്ഞ പുല്ലും പച്ചിലകളുമെല്ലാം ഇവ തിന്നും. അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രധാന ഉപജീവന മാര്‍ഗങ്ങളില്‍ ഒന്നാണ് ആടുവളര്‍ത്തൽ. അട്ടപ്പാടി ബ്ലാക്ക് ഇനം ആടുകള്‍ക്ക് കടുത്ത ചൂടിനെയും തണുപ്പിനെയും തരണം ചെയ്യാന്‍ കഴിയും. ഒന്‍പതു മാസം തികയും മുമ്പു പെണ്ണാടുകള്‍ ആദ്യ മദി ലക്ഷണം കാണിക്കും. പതിനാലാം മാസത്തില്‍ ആദ്യ പ്രസവം നടക്കും. സാധാരണ ഒരു കുഞ്ഞ് മാത്രമേ കണാറുള്ളൂ. ദിവസേന കാല് ലിറ്ററില്‍ താഴെയാണ് പാലുത്പാദനം. പാലിന്റെ ലഭ്യത അഞ്ചു മാസമാണ്. ആദിവാസികള്‍ മാംസാവശ്യത്തിനാണ് അട്ടപ്പാടി ആടുകളെ പ്രധാനമായും വളര്‍ത്തുന്നത്. വിവാഹത്തിനും ആഘോഷങ്ങളിലും അടുകളെ കൊന്നു ഭക്ഷിക്കുക പതിവാണ്. രുചിയിലും ഗുണത്തിലും മുന്നിലായതിനാല്‍ വിപണിയില്‍ അട്ടപ്പാടി ആട്ടിറച്ചിക്ക് മൂല്യം ഏറെയാണ്.
മാംസാവശ്യത്തിനുള്ള വില്പനയും കശാപ്പും വ്യാപകമായതോടെ അട്ടപ്പാടി ആടുകള്‍ വംശനാശത്തിന്റെ വക്കിലാണ്. ഏകദേശം നാലായിരത്തോളം കരിയാടുകളാണ് അട്ടപ്പാടിമേഖലയില്‍ അവശേഷിക്കുന്നത്. ഒന്നര വയസുള്ള മുട്ടനാടിന് നാല്പതു കിലോ വരെയും പെണ്ണാടുകള്‍ക്ക് മുപ്പതു കിലോ വരെയും തൂക്കമുണ്ടാവും. കൂട്ടമായി വൈകുവോളം മേഞ്ഞു തീറ്റ അകത്താക്കാന്‍ ഇഷ്ടപ്പെടുന്ന ഇനമായതിനാല്‍ കൂട്ടില്‍ കെട്ടിയിട്ട് വളര്‍ത്താന്‍ അത്ര അനുയോജ്യമല്ല. രക്തബന്ധമുള്ള ആടുകള്‍ തമ്മിലുള്ള അന്തര്‍പ്രജനനം വ്യാപകമായതും മേയുന്നതിനിടെ മറ്റ് ജനുസില്‍പെട്ട ആടുകളുമായുള്ള വര്‍ഗസങ്കരണവും കരിയാടിന്റെ വംശനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ആദിവാസികള്‍ കൃഷിയിടത്തില്‍ വളമായി നല്‍കുന്നത് കരിയാടുകളുടെ കാഷ്ഠമാണ്.
ഈ ഇനത്തെ സംരക്ഷിക്കുന്നത് അട്ടപ്പാടിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ സംരക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. പാലക്കാട് ധോണിയിലെ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡിന്റെ ഫാമിലും വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി വെറ്ററിനറി കോളജിലെ ആട് വളര്‍ത്തല്‍ കേന്ദ്രത്തിലും പാലക്കാട് തിരുവിഴാംകുന്ന് ഫാമിലും അട്ടപ്പാടി ആടുകളെ പരിരക്ഷിക്കുന്നുണ്ട്. ആദിവാസികള്‍ക്കിടയില്‍ ആടുവളര്‍ത്തല്‍ ഒരനുബന്ധ ജീവിതമാര്ഗമാക്കുന്നതിനും കറുത്ത ആടിന്റെ വംശശുദ്ധി നിലനിറുത്തുന്നതിനുമായാണ് 1989ല്‍ അട്ടപ്പാടിയില്‍ ആടുവളര്‍ത്തല്‍ കേന്ദ്രം ആരംഭിച്ചത്.
അട്ടപ്പാടിയുടെ മണ്ണില്‍ ഉരുത്തിരിഞ്ഞതും ഈ നാടിന്റെ മാത്രം പൈതൃകസമ്പത്തുമായ കരിയാടുകള്‍ ഭൗമ സൂചിക പദവി ലഭിക്കാന്‍ അര്‍ഹമാണ്. അട്ടപ്പാടി ബ്ലാക്ക് ആടുകളെ വംശനാശത്തിന് വിട്ടുനല്‍കാതെയും വംശരക്ഷകരായ ഗോത്രജനതയ്ക്ക് ഗുണം ലഭിക്കുന്ന രീതിയിലും സംരക്ഷിക്കാന്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പദവി നേടിയെടുക്കുന്നതുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ അനിവാര്യവുമാണ്. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് ഉള്‍പ്പെടെ ഇതില്‍ സവിശേഷ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അട്ടപ്പാടി കരിയാടുകളെ ലോക ഭക്ഷ്യ കാര്‍ഷിക സംഘടന സുരക്ഷിതമല്ലാത്ത ജനുസുകളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഫോണ്‍: 9400113711
Tags :