x
ad
Sun, 10 August 2025
ad

ADVERTISEMENT

മീൻ വളർത്തൽ

ജോയി കിഴക്കേല്‍
Published: July 27, 2025 05:03 PM IST | Updated: July 27, 2025 05:03 PM IST

ജോസിന്‍റെ കുളത്തില്‍

35000 മത്സ്യങ്ങള്‍

ലയാളിയുടെ തീന്‍മേശയിലെ ഇഷ്ടവിഭവമാണ് മത്സ്യം. അതിനെ ചൂണ്ടയിട്ടോ വലയെറിഞ്ഞോ പിടിക്കാന്‍ അവസരം കിട്ടിയാല്‍ അവന്‍ എത്ര ദൂരം വേണമെങ്കിലും പോകും. അങ്ങനെയുള്ളവര്‍ വരൂ... അതിനു പറ്റിയ ഒരിടം ഇടുക്കി ജില്ലയിലെ മൂലമറ്റത്തുണ്ട്. മൂലമറ്റം സെന്‍റ് ജോസഫ് കോളജിനു സമീപം ആലാനിക്കല്‍ എസ്റ്റേറ്റിലൂടെ കുറച്ചു ദൂരം സഞ്ചരിച്ചാല്‍ ജോസ് കള്ളികാട്ടിന്‍റെ മത്സ്യക്കുളത്തിലെത്താം.

അഞ്ചു കുളങ്ങള്‍
ഒരേക്കറില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ചു കുളങ്ങളാണ് ഇവിടെയുള്ളത്. എല്ലാം സ്വാഭാവിക ഉറവയുള്ള കുളങ്ങൾ. ഓരോ കുളത്തിനും 30 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയുമുണ്ട്. എല്ലാത്തിന്‍റെയും മുകളില്‍ നെറ്റ് വിരിച്ചിട്ടുണ്ട്. ഇതില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട 35000-ത്തോളം മത്സ്യങ്ങളുണ്ട്. 5000-ത്തോളം മത്സ്യകുഞ്ഞുങ്ങള്‍ വേറെയും. നൈല്‍ തിലാപ്പിയ, ഗിഫ്റ്റ് തിലാപ്പിയ, കട്ള, രോഹു, മൃണാള്‍ഡ്, ഗൗര, റെഡ് ബെല്ലി, കരിമീന്‍ എന്നീ ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളാണ് നീന്തി തുടിക്കുന്നത്. ഗൗര, തിലാപ്പിയ എന്നിവയെ ഒന്നിച്ചും കട്ള, രോഹു, മൃണാള്‍ഡ്, തിലാപ്പിയ എന്നിവയെ മറ്റൊരു കുളത്തിലും കരിമീൻ, റെഡ് ബെല്ലി ഇനങ്ങളെ വെവ്വേറെ കുളങ്ങളിലുമാണ് വളര്‍ത്തുന്നത്. 2019 ലാണ് ജോസ് മത്സ്യകൃഷി ആരംഭിച്ചത്.
മത്സ്യ കുഞ്ഞുങ്ങളെ എറണാകുളം വല്ലാര്‍പാടത്തുള്ള ഫിഷറീസ് ഹാച്ചറിയില്‍ നിന്നാണ് വാങ്ങുന്നത്. ഒരു കുഞ്ഞിന് ഒമ്പതു രൂപയാണു വില. കൊല്‍ക്കത്തയില്‍ നിന്ന് വാങ്ങുന്ന റെഡ് ബെല്ലി ഇനം കുഞ്ഞുങ്ങള്‍ക്ക് ഒന്നിന് അഞ്ചു രൂപ നല്‍കണം. കരിമീന്‍ ബ്രൂഡേഴ്സിനെ വൈക്കത്ത് നിന്ന് എത്തിച്ച് ശുദ്ധജലത്തിലാക്കി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ ആദ്യം പ്രത്യേക നഴ്സറിയിലാണ് വളര്‍ത്തുന്നത്. പിന്നീടാണ് കുളത്തിലേക്കു മാറ്റുന്നത്. കരിമീന്‍ കുഞ്ഞുങ്ങളുടെ വില്പനയുമുണ്ട്. 30-50 രൂപയാണ് വില.

പിഎച്ച് പരിശോധന
മത്സ്യങ്ങളെ കുളത്തിലേക്കു വിടുന്നതിനു മുമ്പു വെള്ളത്തിന്റെ പിഎച്ച് പരിശോധിക്കും. 7 മുതല്‍ 8.5 വരെ പിഎച്ച് മൂല്യമുള്ള വെള്ളമാണ് മത്സ്യം വളര്‍ത്താന്‍ അനുയോജ്യം. വെള്ളത്തിലെ ഓക്സിജന്‍, ആല്‍ക്കലിന്‍, അമ്ലാംശം എന്നിവയുടെ അളവ് ഓരോ ആഴ്ചയിലും പരിശോധിക്കും. മത്സ്യത്തിന്‍റെ ആരോഗ്യം പരിരക്ഷിക്കാനും രോഗബാധ തടയാനുമായി പ്രോബയോട്ടിക് ഉപയോഗിക്കും. തൈര്, ശര്‍ക്കര, കുളത്തിലെ മണ്ണ്, ഈസ്റ്റ് എന്നിവ ചേര്‍ത്താണ് പ്രോബയോട്ടിക് തയാറാക്കുന്നത്.

തീറ്റയും ആഹാരക്രമവും
ഗ്രോവല്‍ കമ്പനിയുടെ ഫിഷ്ഫ്രീഡാണ് പ്രധാന തീറ്റ. ദിവസം മൂന്നു പ്രാവശ്യം എന്നതാണു കണക്ക്. പ്രോട്ടീന്‍ അധികം ഉള്ള തീറ്റയാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. 0.6 എംഎം തീറ്റ ഒരു മാസം പ്രായമായതിനും പിന്നീട് ആറുമാസം വരെ ഇതിന്‍റെ അളവ് പടിപടിയായി വര്‍ധിപ്പിച്ചും നല്‍കും. ആറുമാസം മുതല്‍ വിളവെടുപ്പ് നടത്താം. പ്രാദേശിക വിപണിക്ക് പുറമേ എറണാകുളത്തും വില്പനയുണ്ട്. കേന്ദ്ര -സംസ്ഥാന ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റുകളുടെ ലൈസന്‍സോടെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്. ഗൗര - 450, കരിമീന്‍ - 675, തിലാപ്പിയ, കട്ള, രോഹു, മൃണാള്‍ഡ്, റെഡ് ബെല്ലി - 200 രൂപ എന്നിങ്ങനെയാണ് കിലോയ്ക്കു വില.

വെല്ലുവിളി
തീറ്റയുടെ വില വര്‍ധന, വിപണി കണ്ടെത്തല്‍ എന്നിവയാണ് മത്സ്യക്കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നു ജോസ് പറയുന്നു. സ്വാഭാവികമായ ഉറവയുള്ളിടത്ത് കൃഷി ആരംഭിച്ചാല്‍ ചെലവ് കുറയ്ക്കാനാകും. ശാസ്ത്രീയമായ പരിപാലനവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കില്‍ മത്സ്യകൃഷി ലാഭകരമാക്കാനാവുമെന്നാണ് ഈ കര്‍ഷകന്റെ ഉറച്ച വിശ്വാസം.

പച്ചപ്പിന്‍റെ കേദാരം
മത്സ്യകൃഷിക്ക് പുറമേ വിവിധ വിളകള്‍ കൃഷി ചെയ്യുന്ന പച്ചപ്പിന്‍റെ കേദാരമാണ് ഈ കൃഷിയിടം. 750 കാസര്‍ഗോഡന്‍ കമുക്, നൂറ് ജാതി, മുന്നൂറ് കൊക്കോ എന്നിവയ്ക്കൊപ്പം നേന്ത്രവാഴ, ഞാലിപ്പൂവന്‍, പാളയംകോടന്‍, മരച്ചീനി, തെങ്ങ്, പ്ലാവ്, മാവ്, തേക്ക്, ആഞ്ഞിലി എന്നിവയും കൃഷിയിടത്തില്‍ തഴച്ചു വളരുന്നു. 10 സെന്‍റ് സ്ഥലത്ത് കുറ്റിപ്പയര്‍ കൃഷിയുമുണ്ട്.

ജാതിക്കും മറ്റുവിളകള്‍ക്കുമെല്ലാം ചാണകം, എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് എന്നിവ മിക്‌സ് ചെയ്തു നല്‍കും. ഇതിനുപുറമേ നാനോ വളങ്ങളും നല്‍കും. ഇത് ഇലയില്‍ സ്പ്രേ ചെയ്യും. മണ്ണിന്‍റെ ജൈവിക സമ്പന്നത നിലനിര്‍ത്താന്‍ ഡോളോമൈറ്റ് ഇട്ടുകൊടുക്കും. ഒരു ഹെക്ടറിന് 400 കിലോ എന്ന അളവിലാണ് നല്‍കുന്നത്.

ഫാം ടൂറിസത്തിന്‍റെ അനന്തസാധ്യത പ്രയോജനപെടുത്താനുള്ള ശ്രമമാണ് ജോസ് നടത്തുന്നത്. ഒരേക്കറിലുള്ള മത്സ്യ കുളത്തില്‍ ചൂണ്ടയിട്ടും വലയെറിഞ്ഞും പിടയ്ക്കുന്ന മത്സ്യങ്ങളെ പിടിക്കാന്‍ ധാരാളം പേര്‍ എത്തുന്നുണ്ട്. അവരോടൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയാണ് ജോസ്. ഭാര്യ: കൊച്ചുറാണി. മക്കൾ: ജെറി, ജെഫ്രി.

ഫോണ്‍ : 8606085927.

 

Tags :

Recent News

Up