ADVERTISEMENT
തേനീച്ച വളര്‍ത്തലിന് അനന്തസാധ്യതയുള്ള ഏഷ്യന്‍ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മുടെ കാലാവസ്ഥയും വൈവിധ്യമാര്‍ന്ന സസ്യസ്രോതസും വനപ്രദേശങ്ങളും തേനീച്ചയുടെ ഭക്ഷണമായ പൂമ്പൊടിയും പൂന്തേനും സമൃദ്ധമായി ലഭ്യമാക്കുന്നതാണു കാരണം. പ്രധാനമന്ത്രിയുടെ സ്വീറ്റ് ക്രാന്തി പ്രകാരമുള്ള ദേശീയ ഹണി മിഷന് പദ്ധതി നടപ്പാക്കിയതിലൂടെ ഇരുപത്തേഴാം സ്ഥാനത്തായിരുന്ന നമ്മുടെ രാജ്യം തേന്‍ ഉത്പാദനത്തില്‍ മൂന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനം ചൈനയ്ക്കും രണ്ടാം സ്ഥാനം അര്‍ജന്റീനയ്ക്കുമാണ്.
ആവാസ വ്യവസ്ഥയുടെ സന്തുലനത്തിനും ജൈവ വൈവിധ്യ സംരക്ഷണത്തിനും പരാഗണ സേവനത്തിലൂടെയുള്ള വിളവ് വര്‍ധനവിനും ഭക്ഷ്യഭദ്രതയ്ക്കും അതുവഴി ജീവന്റെ നിലനില്പിനും അനിവാര്യമായ ഭൂമുഖത്തെ ഏറ്റവും പ്രധാനപ്പെട്ട ഷഡ്പദങ്ങളാണ് തേനീച്ചകൾ. തേനീച്ചകളും ചെടികളും തമ്മിലുള്ള പാരസ്പര്യത്തിലൂടെയാണ് ഇതു സാധ്യമാകുന്നത്. ചെടികള്‍ തേനീച്ചകള്‍ക്കു മധുവും പൂമ്പൊടിയും നല്കുമ്പോള് തേനീച്ചകള്‍ തിരിച്ചു സസ്യങ്ങളുടെ പരാഗണ പ്രക്രിയയെ സഹായിക്കുകയും വിളവ് വര്‍ധിപ്പിക്കുന്നതിന് ചാലകശക്തിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. പഴവര്‍ഗങ്ങൾ, പച്ചക്കറികള്‍, എണ്ണക്കുരുക്കള്‍ തുടങ്ങിയ കാര്‍ഷിക വിളകളില്‍ 80 ശതമാനത്തിലും പരാഗണ സഹായികളാകുന്നത് ഷഡ്പദങ്ങളാണ്. ഇതു മനസിലാക്കിയാണ് പ്രമുഖ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പ്രപഞ്ചത്തില്‍ തേനീച്ച ഇല്ലാതായാല്‍ ശേഷിക്കുന്ന നാലു വര്‍ഷം മാത്രമേ ഭൂമിയില്‍ മനുഷ്യജീവനുണ്ടാകൂ എന്നു പറഞ്ഞത്.
നമ്മുടെ സംസ്ഥാനത്ത് പെരുന്തേനീച്ച, കോല് തേനീച്ച, ഞൊടിയല്‍ തേനീച്ച, ഇറ്റാലിയന്‍ തേനീച്ച എന്നീ നാല് എപ്പിസ് ഇനത്തിലുള്ള തേനീച്ച ജനുസുകളും വിഷസുചിയില്ലാത്ത മെലിപോണിനെ ഉപകുടുംബത്തില്‍പ്പെട്ട ചെറുതേനീച്ചകളുമാണുള്ളത്. തേനീച്ച വളര്‍ത്തലിലൂടെ ലഭിക്കുന്ന പ്രധാന ഉത്പന്നങ്ങള്‍ തേനും മെഴുകുമാണ്. തേനില്‍ നിന്നു പലതരത്തിലുള്ള ഉപോത്പന്നങ്ങളും ഉണ്ടാക്കാനാവും. തേന്‍ പാനീയം, തേന്‍ സിറപ്പ്, ഹണി കാന്റി, ഹണി ചോക്ലേറ്റ്, ഹണി കേക്ക്, മറ്റ് ബേക്കറി ഉത്പന്നങ്ങൾ, പലതരം പഴങ്ങളും പരിപ്പുകളും ചേര്‍ത്തുള്ള മിശ്രിതങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. വളരെയധികം കയറ്റുമതി സാധ്യതയുള്ളതും വിദേശ നാണ്യം നേടിത്തരാന്‍ സഹായിക്കുന്നതുമാണ് തേൻ. യൂറോപ്യന്‍ യൂണിയന് മാത്രം ഒരു വര്‍ഷം ഒരു മില്യന്‍ തേനിന്റെ ആവശ്യമുണ്ട്.
തേനീച്ച വഴി ലഭിക്കുന്ന
ഉത്പന്നങ്ങള്‍
തേന്മെഴുക്
തേനിനെക്കാള്‍ മൂല്യമുണ്ട് മെഴുകിന്. ഒട്ടേറെ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മിക്കാനും പോളീഷിംഗ് ഇന്റസ്ട്രീസ്, ഔഷധ വ്യവസായം തുടങ്ങിയ മേഖലകളിലും മെഴുക് അനിവാര്യമാണ്. 14-18 ദിവസം പ്രായമുള്ള വേലക്കാരി ഈച്ചകളാണ് മെഴുക് ഉത്പാദിപ്പിക്കുന്നത്. വേലക്കാരി ഈച്ചയുടെ ഉദരത്തിന് അടിവശത്തുള്ള മെഴുകു ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ദ്രാവകമാണ് മെഴുക് പ്ലേറ്റുകളായി മാറുന്നത്. ഇത്തരത്തിലുള്ള പ്ലേറ്റുകള്‍ കൊണ്ടാണ് തേനീച്ചകള്‍ ആറ് വശങ്ങളുള്ള (ഹെക്സഗണൽ) കോശങ്ങള്‍ നിര്‍മിക്കുന്നത്. പ്രകൃതിദത്തമായ, പാര്‍ശ്വഫലങ്ങളില്ലാത്ത മെഴുക് തേനീച്ച കൂട്ടില്‍ നിന്നു സംഭരിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണ്.
പൂമ്പൊടി
തേനീച്ചയുടെ പൂമ്പൊടി പല വിദേശരാജ്യങ്ങളിലും ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നുണ്ട്. ചൈനയില്‍ മാത്രം പ്രതിവര്‍ഷം 3000-5000 മെട്രിക് ടണ്‍ പൂമ്പൊടി ഉത്പാദിപ്പിക്കുന്നു. പൂമ്പൊടിയുടെ അക്ഷയ ഖനിയായ തെങ്ങ് നമ്മുടെ സംസ്ഥാനത്ത് ഏറെയുള്ളതിനാൽ, തേനീച്ചയുടെ ആവശ്യത്തിനു ശേഷം അധികമായി വരുന്ന പൂമ്പൊടി ശേഖരിക്കാനുള്ള സാങ്കേതികവിദ്യ വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം രൂപകല്പന ചെയ്തിട്ടുണ്ട്.
പൂക്കളിലെ ആണ് പ്രത്യുത്പാദന കോശമാണ് പൂമ്പൊടി. തേനീച്ചയുടെയും പുഴുക്കളുടെയും പ്രധാന ആഹാരമാണിത്. മാംസ്യം കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കള്‍, ലവണങ്ങള്‍ എന്നിവ ഇതില്‍ സുലഭമാണ്. പൂക്കള്‍ സന്ദര്‍ശിക്കുന്ന വേലക്കാരി ഈച്ചകള്‍ അവയുടെ പിന്കാലുകളിലുള്ള പോളന് ബാസ്കറ്റില്‍ ചെറിയ ഗോളങ്ങളായി നിറച്ചാണ് പൂമ്പൊടി കൂട്ടിലേക്കു കൊണ്ടുവരുന്നത്. ഒരു തവണ അത്രയും പൂമ്പൊടി ശേഖരിക്കാനായി ഓരോ തേനീച്ചയും 50-100 പൂക്കള്‍ വരെ സന്ദര്‍ശിക്കും. ഇങ്ങനെ ഒരു ദിവസം ഒരു തേനീച്ച 5-50 വരെ സന്ദര്‍ശനങ്ങള്‍ നടത്താറുണ്ട്.
പൂമ്പൊടി ശേഖരിച്ച് കൂട്ടിലേക്കു വരുന്ന വേലക്കാരി ഈച്ചയില്‍ നിന്നും പോളന് ട്രാപ്പ് ഉപയോഗിച്ചാണ് പൂമ്പൊടി ശേഖരിക്കുന്നത്. കൂടിന്റെ പ്രവേശന കവാടത്തില്‍ ഘടിപ്പിക്കുന്ന കെണിയാണ് പോളന് ട്രാപ്പ്. ഒരു തേനീച്ച കൂട്ടില്‍ നിന്നു പ്രതിദിനം ശരാശരി 60 ഗ്രാം പൂമ്പൊടി കിട്ടും. ഇങ്ങനെ ശേഖരിക്കുന്ന പൂമ്പൊടി പൂര്‍ണമായും ജലാംശം നീക്കി കൂപ്പിയില്‍ അടച്ച് കുറഞ്ഞ താപനിലയില്‍ ഫ്രീസറില്‍ സൂക്ഷിക്കണം. വാണിജ്യാടിസ്ഥാനത്തിലുള്ള സംസ്കരണത്തിന് പോളന്ഡ്രയര് ലഭ്യമാണ്. സംസ്കരിച്ച പൂമ്പൊടി തേനില്‍ ചേര്‍ത്തും പൂമ്പൊടി കാപ്സൂളായും ടാബ്ലറ്റായും ഉത്പന്നങ്ങളാക്കാം. ഇതിലെ കരോട്ടിനുകള്‍ കാന്‍സര്‍ ചികിത്സയ്ക്കും ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനും ഔഷധമായി ഉപയോഗിക്കുന്നു.
റോയല്‍ ജെല്ലി
6-12 ദിവസം പ്രായമുള്ള വേലക്കാരി തേനീച്ചകള്‍ തലയിലെ ഹൈപ്പോ ഫരിന്ജിയല് ഗ്രന്ഥിയില്‍ ഉത്പാദിപ്പിക്കുന്ന ശ്രവമാണ് റോയല്‍ ജല്ലി. ഇളം മഞ്ഞ കലര്‍ന്ന വെള്ള നിറത്തിലുള്ള കൊഴുത്ത ദ്രാവകമാണിത്. പോഷകങ്ങളും ഹോര്‍മോണുകളും കൊണ്ട് സമ്പന്നം. റോയല്‍ ജെല്ലി വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണ്.
അമൂല്യ പോഷക ഘടകങ്ങളുള്ള റോയല്‍ ജെല്ലി തേജസും, ഓജസും, ശക്തിയും, ചുറുചുറുക്കും പ്രദാനം ചെയ്തു ആരോഗ്യവും സൗന്ദര്യവും വര്‍ധിപ്പിക്കും. യുവത്വവും പ്രസരിപ്പും നിലനിറുത്തുന്നതിനും ലൈംഗിക ഉത്തേജനത്തിനും ഉത്തമമാണെന്ന ഗവേഷണ ഫലങ്ങള്‍ പുറത്തുവന്നതോടെ ക്രീമുകളായും ടാബ്ലറ്റുകളായും ന്യൂട്രാസൂട്ടിക്കുകളായും വിപണിയില്‍ സുലഭമാണ്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ ഉത്പാദനത്തിനും ഉപയോഗിക്കുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ റോയല്‍ ജെല്ലി ഉത്പാദിപ്പിക്കാന്‍ വളര്‍ച്ചക്കാലത്ത് 50-60 റാണി അറകള്‍ കൃത്രിമമായി നിര്‍മിച്ച്, റാണി വളര്‍ത്തി ഇവയില്‍ നിന്നു റോയല്‍ ജെല്ലി ശേഖരിക്കുന്നതാണു രീതി.
ഇതിനായി കൂട്ടിലെ റാണിയെ മാറ്റിയ ശേഷം കൃത്രിമമായി നിര്‍മിച്ച മെഴുക് കപ്പുകള്‍ ഉറപ്പിച്ച ചട്ടങ്ങള്‍ കോളനിയില്‍ സ്ഥാപിക്കണം. ഏതാനും മണിക്കൂറുകള്‍ക്കുശേഷം 12-24 മണിക്കൂര്‍ പ്രായമുള്ള വിരിഞ്ഞിറങ്ങിയ പുഴുക്കളെ ഒന്നുവീതം മെഴുകു കപ്പുകളില്‍ മാറ്റി കൊടുക്കുക. കപ്പുകളില്‍ വേലക്കാരി ഈച്ചകള്‍ റോയല്‍ ജെല്ലി നിറയ്ക്കും. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഈ ചട്ടങ്ങള്‍ കൂട്ടില്‍ നിന്നും എടുത്ത് റാണി അറകളില്‍ നിന്നും പുഴുക്കളെ മാത്രം നീക്കം ചെയ്യുക. നേര്‍ത്ത ട്യൂബ് കൊണ്ട് റോയല്‍ ജെല്ലി ശേഖരിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിക്കണം. റോയല്‍ ജെല്ലി ഉത്പാദനത്തില്‍ ചൈനയാണ് മുന്നിൽ. പ്രതിവര്‍ഷം 500-800'ടണ്ണാണ് ഉത്പാദനം. വിദേശരാജ്യങ്ങളില്‍ ദ്രാവകരൂപത്തില്‍ കുപ്പികളിലും കാപ്സൂളുകളായും വിപണികളില്‍ ലഭ്യമാണ്.
തേനീച്ച വിഷം
തേനീച്ചകള്‍ക്ക് ശത്രുക്കളില്‍ നിന്നും രക്ഷനേടുന്നതിനുള്ള പ്രകൃതിദത്തമായ മാര്‍ഗമാണ് തേനീച്ച വിഷം. വേലക്കാരി ഈച്ചകളുടെ ഉദരത്തിലുള്ള വിഷ ഗ്രന്ഥിയാണ് വിഷം ഉത്പാദിപ്പിക്കുന്നത്. ഗ്രന്ഥിയെകൂടാതെ വിഷസഞ്ചിയും വിഷസൂചിയുമുണ്ട്. രണ്ടാഴ്ച പ്രായമുള്ള വേലക്കാരികളിലാണു കൂടുതല്‍ വിഷം. മനുഷ്യ ശരീരത്തെ ബാധിക്കുന്ന പലവിധത്തിലുള്ള വാത രോഗ ചികിത്സയ്ക്ക് എപ്പി തെറാപ്പി അഥവാ തേനീച്ചയെ കൊണ്ട് കുത്തിക്കുന്ന ചികിത്സാരീതിക്കു പ്രചാരം വര്‍ധിച്ചു വരുന്നുണ്ട്. തേനീച്ച വിഷം ശേഖരിക്കാനുള്ള സാങ്കേതിക വിദ്യയും ലഭ്യമാണ്. റുമാറ്റോയിഡ് ആര്‍ത്രൈറ്റീസ് അഥവ സന്ധിവാതത്തിന് തേനീച്ച വിഷം ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു പ്രകൃതി ദത്തമായ സ്റ്റീറോയിഡ് ആയി പ്രവര്‍ത്തിച്ച് സന്ധികളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന നീര്‍വീക്കത്തിന് ശമനമുണ്ടാക്കുന്നുവെന്നാണ് നിരീക്ഷണം.
എയ്ഡ്സ് ചികിത്സയ്ക്കും
തേനീച്ച വിഷം
ശത്രുക്കളില്‍ നിന്നു രക്ഷ നേടുന്നതിന് തേനീച്ചയുടെ ഉദരത്തിലെ അവസാന സെഗ്മെന്റില്‍ ഒരു വിഷസൂചിയും ഉള്ളില്‍ വിഷ സഞ്ചിയുമുണ്ട്. ശത്രുവിനെ ആക്രമിക്കുമ്പോള്‍ വിഷസൂചിയിലൂടെ കുത്തിവിടുന്ന എപ്പിടോക്സിന് എന്ന തേനീച്ച വിഷത്തില്‍ വിവിധതരം പെപ്പ്റ്റൈഡുകളായ മെലിറ്റിന് (40-50%) അപ്പാമിന് (3%) ഹിസ്റ്റാമിന്‍, ഡോപാമിന്‍, മിനിമൈന്‍, അസിതൈനേസ്, ഹൈഡ്രോക്ലോറിക് ആസിഡ്, ഫോമിക് ആസിഡ്, സല്‍ഫർ, കാത്സ്യം, കോപ്പര്‍, മഗ്നീഷ്യം, എന്‍സൈമുകള്‍ തുടങ്ങി പതിനെട്ടിലധികം ഘടകങ്ങളുണ്ട്.
മുഖ്യഘടകമായ മെലിറ്റിന് നാനോ പദാര്‍ഥങ്ങളുമായി ചേര്‍ത്തു എയിഡ്സ് രോഗികള്‍ക്ക് കുത്തിവച്ചപ്പോള്‍ വലിപ്പം കുറഞ്ഞ എയ്ഡ്സ് രോഗാണുക്കളെ മാത്രം തെരഞ്ഞെടുത്ത് നശിപ്പിക്കുന്നതായി കണ്ടെത്തുകയുണ്ടായി. സാധാരണ കോശങ്ങള്‍ക്ക് നാശമുണ്ടായതുമില്ല. സെന്റ് ലൂയിസ് വാഷിംഗ്ടണ്‍ സ്കൂള്‍ ഓഫ് മെഡിസിനിലെ പ്രഫ. ജോഷ്വാ ഹുഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍ നടത്തിയത്. നിലവിലെ എയ്ഡ്സ് രോഗ മരുന്നുകള്‍ എയ്ഡ്സ് വൈറസിന്റെ വര്‍ധന കുറയ്ക്കാന്‍ മാത്രം ഉതകുന്നതാണ്. എന്നാല്‍, മെലിറ്റിനു എയ്ഡ്സ് രോഗാണുക്കളെ പൂര്‍ണമായി ഉന്മൂലനം ചെയ്യാന്‍ കഴിയുമെന്നതാണ് കണ്ടുപിടുത്തം.
അര്‍ബുദ ചികിത്സയ്ക്കും
ഹെപ്പാറ്റൈറ്റിസ് ബി & സി, കാന്‍സര്‍ എന്നിവയ്ക്കെതിരേയും മെലിറ്റിനെ പ്രയോജനപ്പെടുത്താനുള്ള ഗവേഷണം പുരോഗമിക്കുകയാണ്. തേനീച്ച വിഷത്തിലെ മെലിറ്റിന് ബ്രസ്റ്റ് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതായി ഓസ്ട്രേലിയയിലെ വെസ്റ്റേണ്‍ യുണിവേഴ്സിറ്റി ഹാരിപെര്ക്കിന്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ. ഡെയ്റോ ഡൂഫി കണ്ടെത്തിയിട്ടുണ്ട്.
തനീച്ച വളര്‍ത്തലിലെ ഇത്തരം സാധ്യതകള്‍ മുഴുവന്‍ പ്രയോജനപ്പെടുത്തുന്നതിന് പുതുവര്‍ഷത്തില്‍ ഒരു തേനീച്ചയെങ്കിലും പരിപാലിക്കാന്‍ പ്രതിജ്ഞയെടുക്കാം.
ഫോണ്‍: 9400185001
Tags :