ADVERTISEMENT
വ്യവസായ നഗരമായ കൊച്ചിയുടെ അതിര്‍ത്തിയെങ്കിലും തികച്ചും വ്യത്യസ്തമാണു കടമക്കുടി എന്ന കായല്‍ ഗ്രാമം. 1341 ലെ വെള്ളപ്പൊക്കത്തില്‍ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോള്‍ ഉടലെടുത്ത ദ്വീപുകളില്‍ ഒന്നാണ് കടമക്കുടി. ഞണ്ടും ചെമ്മീനും ഉള്‍പ്പടെയുള്ള മത്സ്യകൃഷിയും പൊക്കാളി നെല്‍കൃഷിയുമാണ് പ്രധാന തൊഴിൽ.
സുന്ദരം... ഈ ഗ്രാമക്കാഴ്ചകള്‍ പ്രശാന്തമായ ജലാശയങ്ങൾ, ചേറില്‍ മുളയും തൈതലും ഉപയോഗിച്ചു കെട്ടിപ്പൊക്കിയ ബണ്ടുകൾ, ബണ്ടുകളില്‍ നിരനിരയായി നിറയെ കായ്ച്ചു നില്‍ക്കുന്ന തെങ്ങുകൾ, കണ്ടല്‍ക്കാടുകള്‍, മീന്‍ പിടിക്കാന്‍ ചീനവലകൾ, ചെറുതും വലുതുമായ വഞ്ചികൾ, ടൂറിസ്റ്റുകളെ കാത്തുകിടക്കുന്ന പലതരം ബോട്ടുകൾ, വേലിയേറ്റത്തിലും വേലിയിറക്കത്തിലും വെള്ളം നിയന്ത്രിക്കുന്ന ചീപ്പുകൾ, ചെമ്മീന്‍ കെട്ടുകള്‍, ചിലയിടങ്ങളില്‍ താറാവിന്‍ കൂട്ടങ്ങൾ, ഒറ്റക്കാലില്‍ തപസുചെയ്യുന്ന വര്‍ണകൊക്കുകൾ... അഴകിന്‍റെ പര്യായമാണ് കടമക്കുടി.
പ്രഭാതത്തിലും സായംസന്ധ്യയിലുമാണ് കടമക്കുടി ഏറെ സുന്ദരിയാകുന്നത്. പ്രഭാത സൂര്യ കിരണങ്ങള്‍ ജലാശയത്തില്‍ വീഴുമ്പോള്‍ ഇളകുന്ന കുഞ്ഞോളങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത സൗന്ദര്യം. സന്തോഷത്തിമര്‍പ്പില്‍ പറന്നകലുന്ന കൊറ്റികളെയും നീര്‍കാക്കകളെയും സാക്ഷി നിറുത്തി ചെറുവഞ്ചികളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍.
അറബിക്കടലിലേക്ക് ആഴ്ന്നിറങ്ങുന്ന അസ്തമയ സൂര്യനെ കാണാന്‍ കുടുംബസമേതം എത്തുന്നവര്‍ ഞണ്ടുകറി, മീന്‍ പൊരിച്ചത്, കപ്പയും മീനും, പുട്ടും നാടന്‍ താറാവുകറിയും ഒരുക്കിയ ലൈവ് തട്ടുകടകള്‍... കായലിന്റെ വൈബ് ആവോളം ആസ്വദിക്കാന്‍ കടമക്കുടിയില്‍ തന്നെ വരണം.
ഇതിനോട് ചേര്‍ന്നാണ് ജോണേട്ടന്‍റെ പ്രസിദ്ധമായ ജോണ്‍സ് ഹാവന്‍. ഭൂമിയിലെ സ്വര്‍ഗം. അല്ലെങ്കില്‍ സഞ്ചാരികളുടെ പറുദീസ. അതിനു മുമ്പ് ജോണേട്ടന്‍റെ ഞണ്ട് കൃഷിയെക്കുറിച്ച് അറിയാം.
ജോണ്‍സ് ഹാവന്‍
ഞണ്ട് കൃഷിയില്‍ അത്ഭുതങ്ങള്‍ രചിക്കുകയാണ് കടമക്കുടി പഞ്ചായത്തിലെ കല്ലുവീട്ടില്‍ ജോണും അദ്ദേഹത്തിന്‍റെ ജോണ്‍സ് ഹാവന്‍ ഫാമും. കിലോയ്ക്ക് 2800 രൂപ വരെ വിലവരുന്ന ഡബിള്‍ എക്‌സല്‍ വലിപ്പവും പച്ചനിറവുമുള്ള ഞണ്ടുകളെ സിംഗപ്പൂരിലേക്കും ചൈനയിലേക്കുമാണ് കയറ്റി അയയ്ക്കുന്നത്. എന്നാൽ, തയ്വാന്‍കാര്‍ക്ക് പ്രിയം ചുവന്ന മുട്ടകളുള്ള പെണ്‍ ഞണ്ടിനെയാണ്. അതും 500 മുതല്‍ 750 ഗ്രാം വരെ തൂക്കം വരുന്ന ബിഗ് കാറ്റഗറി തന്നെ.
ജോണിന് ഓര്‍മ വയ്ക്കുന്ന കാലം മുതല്‍ മീനിനൊപ്പമായിരുന്നു ജീവിതം. അപ്പന്‍ തൊമ്മന് ചെമ്മീന്‍ കെട്ടായിരുന്നു. അപ്പനെ സഹായിക്കാന്‍ എപ്പോഴും അമ്മ മറിയവും ഉണ്ടാകും. അഞ്ചുമക്കളില്‍ ഇളയവനായ ജോണും ഇവരെ സഹായിക്കാന്‍ ഒപ്പം കൂടുക പതിവായിരുന്നു. സ്‌കൂള്‍ വിട്ടു വന്നാല്‍ ഒട്ടും വൈകാതെ ചെമ്മീന്‍ കെട്ടിലെത്തും. അതായിരുന്നു രീതി.
തുടക്കം 40 വര്‍ഷം മുമ്പ്
ഏതാണ്ട് 40 വര്‍ഷം മുമ്പാണ് ജോണ്‍ ഞണ്ടു കൃഷിയിലേക്ക് തിരിയുന്നത്. ജോണ്‍സ് ഹാവന്‍ എന്ന പേര് അന്വര്‍ഥമാകും പോലെ ഞണ്ടുകളുടെ തടാകം തന്നെയാണ് ഈ ഫാം. രണ്ടരയേക്കര്‍ പാടത്താണു ഞണ്ട് ഫാമിംഗ്. കൂടാതെ തിരുത, കരിമീന്‍, പിലോപ്പി (തിലാപ്പിയ) എന്നീ മത്സ്യങ്ങളും. 'നല്ല രീതിയില്‍ കൃഷി ചെയ്യുകയും കാലാവസ്ഥ അനുകൂലമാവുകയും ചെയ്താല്‍ ഏറ്റവും നല്ല ബിസിനസാണിത്. സീ ഫുഡ് മേഖലയില്‍ ഇത്രയും ബെനഫിറ്റ് കിട്ടുന്ന മറ്റൊരു കൃഷിയുമില്ല'- 69 കാരനായ ജോണേട്ടന്‍ പറയുന്നു.
കിലോയ്ക്ക് 2800 രൂപവരെ
ഒരു കിലോ മുതല്‍ ഒന്നര കിലോവരെ തൂക്കം വരുന്ന ഡബിള്‍ എക്‌സല്‍ കാറ്റഗറിയിലുള്ള ഞണ്ടിന്‍റെ വില കിലോയ്ക്ക് 2800 രൂപയാണ്. 750 - 1000 ഗ്രാം വരെ തൂക്കം വരുന്ന എക്‌സലിന് 1800 - 2000 വരെയാണ് വില. 500 ഗ്രാമിന് മുകളിലുള്ള ബിഗ് കാറ്റഗറിക്ക് 1100 മുതലാണ് വില. 350-500 ഗ്രാമുള്ള മീഡിയത്തിന് 900 രൂപ വരെ. ഇതില്‍ മീഡിയം കാറ്റഗറി ഏറ്റവും കൂടുതല്‍ കോല്‍ക്കത്തയിലേക്കാണ് കയറ്റിപ്പോകുന്നത്. നല്ല മാംസമുള്ള കാറ്റഗറികള്‍ക്ക് ലുലു മാളുകളിലും പ്രധാന ഹോട്ടലുകളിലും വലിയ ഡിമാന്‍ഡാണ്.
വിദേശത്തേക്കു കയറ്റുമതി ചെയ്യുന്നതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റിപ്പോകുന്നതുമെല്ലാം ചെന്നൈയിലെ ഏജന്‍സികള്‍ മുഖാന്തരമാണ്. എല്ലാദിവസവും വൈകിട്ടുള്ള ചെന്നൈ മെയിലിലാണ് ഇവിടെ നിന്നുള്ള ഓര്‍ഡറുകള്‍ ചെന്നൈയില്‍ എത്തിക്കുന്നത്. ഏക മകന്‍ തോമസ് ജോണ്‍ ആണു വില്പനയുടെ കാര്യങ്ങള്‍ നോക്കുന്നത്. വരാപ്പുഴ മാര്‍ക്കറ്റില്‍ മൊത്തക്കച്ചവട സ്റ്റാളുമുണ്ട്.
കൃഷി രീതി
ചെളി നന്നായി ഉണങ്ങിയ ഫാമാണ് ഞണ്ട് കൃഷിക്ക് ഉത്തമം. കീടങ്ങള്‍ ഇല്ലാത്ത ഇത്തരം ഫാമിലാണ് ഞണ്ടുകള്‍ തടം തെരഞ്ഞിരിക്കുന്നതും പടം പൊഴിക്കുന്നതും. പടം പൊഴിക്കുന്നതനുസരിച്ചാണ് വളര്‍ച്ച. നവംബര്‍ മുതല്‍ ജൂണ്‍ വരെയാണ് പ്രധാനമായും ഞണ്ട് ഫാമിംഗ്. ഒക്ടോബര്‍ അവസാനം നവംബര്‍ ആദ്യം കടലില്‍ നിന്ന് ഉപ്പ് കയറി വരും. ഈ സമയത്ത് 100 ഗ്രാം മുതല്‍ 500 ഗ്രാംവരെ വലിപ്പമുള്ള ഞണ്ടിന്‍ കുഞ്ഞുങ്ങളെ ഫാമില്‍ നിക്ഷേപിക്കും.
ഫാമുകളില്‍ ഇവ മുട്ടയിടില്ല. കടലും കായലും ചേരുന്ന നേരിയ ഉപ്പുവെള്ളത്തിലാണ് ഇവ മുട്ടയിടുകയും വിരിയുകയും ചെയ്യുന്നത്. അവിടെനിന്ന് മുക്കുവരാണ് കുഞ്ഞുങ്ങളെ ശേഖരിച്ച് ഫാമുകള്‍ക്കു നല്‍കുന്നത്. കുഞ്ഞുങ്ങള്‍ക്ക് കിലോ 500 രൂപയാണ് വില.
തീറ്റ
നല്ല ഫ്രഷ് ചെറുമീനുകളാണ് ഇവയുടെ തീറ്റ. സീസണില്‍ ചാള, നങ്ക്, നത്തോലി തുടങ്ങിയ മീനുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. അല്ലാത്തപ്പോള്‍ ഇത്തരം ചെറുമീനുകള്‍ ഐസിട്ടോ ഉപ്പിലിട്ടോ സൂക്ഷിച്ചശേഷം ഭക്ഷണമായി നല്‍കും. കക്കയും കക്കയിറച്ചിയും വളരെ നല്ലതാണെങ്കിലും വില താങ്ങാനാകാത്തതിനാല്‍ പ്രോത്സാഹിപ്പിക്കാറില്ല. ആറുമാസത്തിനകം ഇവ 700 ഗ്രാം മുതല്‍ ഒന്നര കിലോവരെ തൂക്കം വയ്ക്കും. പച്ചയായാലും ചുവപ്പായാലും പെണ്ണിന് ആണിനേക്കാള്‍ വലിപ്പവും മാംസവും കുറവായിരിക്കും. കാലുകളും ചെറുതായിരിക്കും. പെണ്ണിനെയും ആണിനെയും തിരിച്ചറിയുന്നത് അവയുടെ പൊത്ത നോക്കിയാണ്.
കരിമീന്‍, തിരുത, പിലോപ്പി
ഞണ്ട് വളര്‍ത്തുന്ന അതേ ഫാമില്‍ത്തന്നെ കരിമീന്‍, തിരുത, പിലോപ്പി എന്നിവയും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ഫാമിനെ രണ്ടായി തിരിച്ചശേഷം ഒന്നില്‍ 10,000 വീതം കരിമീന്‍, പിലോപ്പി കുഞ്ഞുങ്ങളെയും മറ്റൊന്നില്‍ 5000 തിരുതക്കുഞ്ഞുങ്ങളെയും നിക്ഷേപിക്കും. ഞണ്ട് പടം പൊഴിക്കുന്ന വേസ്റ്റും വേലിയേറ്റ സമയത്ത് കായലില്‍നിന്നു കയറിവരുന്ന ചെമ്മീന്‍ കുഞ്ഞുങ്ങളും ഇവയ്ക്കും ഭക്ഷണമാകും. പ്രത്യേക തീറ്റച്ചെലവില്ലാതെത്തന്നെ ഇവ വളരും. അതിനാല്‍ ഈ മീനുകള്‍ക്ക് നല്ല നെയ്യും സ്വാദും ഉണ്ടാകും. ചെളിച്ചൂര് തീരെ ഉണ്ടാവുകയുമില്ല.
ഒരു കിലോയ്ക്ക് മുകളില്‍ തൂക്കമുള്ള തിരുതയ്ക്ക് 700 രൂപയാണ് കിലോ വില. അതിനു താഴെ ഉള്ളവയ്ക്ക് 500 - 550. പിലോപ്പി 250-300 ഗ്രാം തൂക്കമായാല്‍ പിടിച്ചു തുടങ്ങും; ഇവയ്ക്ക് കിലോ 300 രൂപ വില കിട്ടും. ക്രിസ്മസ്, ന്യൂ ഇയര്‍, പെരുന്നാൾ, ഈസ്റ്റര്‍ തുടങ്ങി വിശേഷാവസരങ്ങളോടനുബന്ധിച്ചാണ് കരിമീന്‍ വിളവെടുപ്പ്. 150 ഗ്രാമും അതിനുമുകളിലും തൂക്കമുള്ളവയെ എഗ്രേഡിലാണ് കണക്കാക്കുക. ഇവയ്ക്ക് 600 രൂപയാണ് കിലോ വില. കരിമീനിന്‍റെയും പിലോപ്പിയുടെയും കുഞ്ഞുങ്ങള്‍ ഫാമില്‍ത്തന്നെ വിരിയുകയും ചെയ്യും.
കായല്‍ ടൂറിസം
കടമക്കുടി പഞ്ചായത്ത് ടൂറിസം ഡെസ്റ്റിനേഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ ജോണ്‍സ് ഹാവന്‍ ഫാം ടൂറിസം കേന്ദ്രമായും മാറിക്കഴിഞ്ഞു. ടൂറിസ്റ്റുകള്‍ക്കായി ഹട്ട്, ഊഞ്ഞാൽ, പെഡസ്റ്റല്‍ ബോട്ട് എന്നിവയും താമസിക്കാനായി നാല് എസി റൂമുകളും വാട്ടര്‍ ഫ്രന്റേജുള്ള സിറ്റൗട്ടും ഒരുക്കിയിട്ടുണ്ട്. സഞ്ചാരികള്‍ക്ക് കായല്‍ക്കാഴ്ചകള്‍ കാണാനായി വലിയ ബോട്ടും ചെറിയ ബോട്ടുമുണ്ട്.
ഗ്രൂപ്പുകളായി നിരവധിപ്പേരാണ് ഇവിടെ എത്തുന്നത്. ലയണ്‍സ്, ജെസിഐ, റോട്ടറി തുടങ്ങിയ പ്രസ്ഥാനങ്ങളും വിവിധ ക്ലബുകളും മാസ-വാര്‍ഷിക മീറ്റിംഗുകളും പിക്‌നിക്കും ഇവിടെ സംഘടിപ്പിക്കാറുണ്ട്. വിവാഹ നിശ്ചയം, മാമ്മോദീസ, പ്രഥമ ദിവ്യകാരുണ്യ സ്വീകരണം, വിവാഹ വാര്‍ഷികം, ജന്മദിനാഘോഷം തുടങ്ങിയവയും ജോണ്‍സ് ഹാവനില്‍ നടക്കാറുണ്ട്. കോണ്‍ഫറന്‍സ് ഹാൾ, കഫേറ്റേരിയ എന്നിവയെല്ലാം ഇവിടെയുണ്ട്. കുത്തരിച്ചോറ്, ചെമ്മീന്‍ - മുരിങ്ങക്കായ് അല്ലെങ്കില്‍ മാങ്ങയിട്ട് അരച്ചുവച്ചത്, കരിമീന്‍/കാളാഞ്ചി പൊള്ളിച്ചത്, ഞണ്ട് കറി / ഫ്രൈ തുടങ്ങിയവയാണ് ഉച്ചയൂണിന്‍റെ ഹൈലൈറ്റ്. 'അടിപൊളി ടേസ്റ്റ് ഫുഡ്. ഞണ്ട് ഫ്രൈ സൂപ്പര്‍. കാളാഞ്ചി ഒരു രക്ഷയുമില്ല... പൊളിച്ചു. പിന്നെ ഇവിടത്തെ ഒരാമ്പിയന്‍സ് ... ഒരു പ്രത്യേക വൈബാണിവിടെ.' ഇന്‍റര്‍നെറ്റിലൂടെ ബുക്ക് ചെയ്തുവന്ന കര്‍ണാടകക്കാരന്‍ പറഞ്ഞു.
കായല്‍ മീന്‍ വിഭവങ്ങൾ, പ്രത്യേകിച്ച് ഞണ്ടാണ് ഇവിടുത്തെ മാസ്റ്റര്‍ പീസ്. ഞണ്ട് മാംസം മാത്രം എടുത്ത് ഫ്രൈ ചെയ്തു കൊടുക്കും. കരിമീന്‍ ഫിഷ് മോളി, ചെമ്പല്ലി കറി, തിരുത, സിലോപ്പി തുടങ്ങിയവയും ലഭ്യമാണ്. കുടുംബസമേതം വന്ന് ഡേയും നൈറ്റും ചെലവഴിച്ച് പോകുന്നവരുമേറെ.
ജോണേട്ടന്‍റെ സംരംഭങ്ങള്‍ക്കെല്ലാം മകനെപ്പോലെത്തന്നെ പൂര്‍ണപിന്തുണയുമായി ജീവിതപങ്കാളി സെലിനും ഒപ്പമുണ്ട്. മകള്‍ മേരി സര്‍ക്കാര്‍ ജോലിക്കാരിയാണ് (ജിഎസ്ടി ഓഫീസ്, മട്ടാഞ്ചേരി).
ഫോണ്‍: 9388608498, 6238393066.
Tags :