ADVERTISEMENT
പയര്‍ വര്‍ഗത്തില്‍പ്പെടുന്ന ഔഷധ സസ്യമായ മുതിരയ്ക്ക് കാണം എന്ന പേരുമുണ്ട്. ഒന്നര മീറ്ററോളം ഉയരത്തില്‍ പടര്‍ന്നു വളരുന്ന ഇതിന്റെ തണ്ടുകള്‍ രോമാവൃതമാണ്. കുലകളായി കാണപ്പെടുന്ന പൂക്കള്‍ക്ക് മഞ്ഞ നിറവും പയറിന്റെ പൂക്കളുടെ ഘടനയുമാണ്. സംസ്കൃതത്തില്‍ കുലത്ഥ; കുലത്ഥികാ എന്നിങ്ങനെയും ഇംഗ്ലീഷില്‍ ഹോഴ്സ് ഗ്രാം എന്നും പേരുകളുണ്ട്. ഫാബിയേസി സസ്യകുടുംബത്തില്‍പ്പെട്ട മുതിരയുടെ ശാസ്ത്രനാമം ഡൊളിക്കോസ് ബൈഫ്ളോറസ് എന്നാണ്.
രാസഘടകങ്ങൾ:
പോഷക സമ്പന്നമായ മുതിരയില്‍ ഇരുമ്പ്, കാത്സ്യം, പ്രോട്ടീന്‍ എന്നിവ ധാരാളമായുണ്ട്. ഫോസ്ഫറസ്, അന്നജം, നാരുകൾ, കോമസ്ട്രോള്, ഗ്ലൈക്കോ പ്രോട്ടീനുകൾ, ബീറ്റാ സിറ്റോ സ്റ്റിറോൾ, ലിനോലിക് ആസിഡ് എന്നിവയാണ് പ്രധാന ഘടകങ്ങൾ. ഫോസ്ഫോറിക് അമ്ലം, യൂറിയേസ് എന്‍സൈം, ആല്ബുമിനോയിഡുകള് എന്നിവയും അടങ്ങിയിരിക്കുന്നു.
വളഞ്ഞു നീണ്ട രോമാവൃതമായ ഫലങ്ങളുള്ള മുതിരയുടെ വേരും വിത്തുമാണ് ഔഷധയോഗ്യം. പാകമാവുമ്പോള്‍ രണ്ടായി പിളരുന്ന ഇതിന്റെ ഫലങ്ങള്ക്കകത്തുള്ള വിത്തുകള്‍ പഴകുന്തോറും നിറം മാറും. തുടക്കത്തില്‍ ക്രീം, മഞ്ഞനിറം എന്നിങ്ങനെയുള്ള വിത്തുകള്‍ ക്രമേണ ബ്രൗണ്‍, കറുപ്പ് എന്നീ നിറമായി മാറുന്നു. പഴയ മുതിരക്കാണ് ഔഷധ വീര്യം കൂടുതൽ.
ഉപയോഗത്തെ അടിസ്ഥാനമാക്കി അശ്മരീഭേദനീയ ഔഷധങ്ങളുടെ കൂട്ടത്തില്‍ മുതിരയെ ആയൂര്‍വേദം ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രസവരക്ഷാ ഔഷധങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള മുതിര പ്രമേഹം, പീനസം, അമിതവണ്ണം, അര്‍ശസ്, മലബന്ധം, ചുമ, പനി, മൂത്രക്കല്ല്, വയറു വീര്‍പ്പ്, വാതരോഗങ്ങ, അമിത വിയര്‍പ് എന്നിവയില്‍ ഹിതകരമാണ്. മുതിര മൂത്രം വര്‍ധിപ്പിക്കുകയും ചെയ്യും.
മുതിര അടങ്ങിയ പ്രധാന ഔഷധങ്ങളാണ് ധന്വന്തരാരിഷ്ടം, ധന്വന്തരം കഷായം, രാസ്നാദശമൂലഘൃതം, ധന്വന്തരം തൈലം, ധന്വന്തരം കുഴമ്പ് എന്നിവ.
ഔഷധ പ്രയോഗങ്ങള്‍
* വാതസംബന്ധമായ വീക്കവും വേദനയും മാറാന്‍ മുതിര വറുത്തുപൊടിച്ച് കിഴിയാക്കി, ചൂടുള്ള മുതിരക്കഷായത്തില്‍ മുക്കി വീക്കമുള്ളിടത്ത് വക്കുക.
* പീനസം മാറാന്‍ മുതിര ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ആഴ്ചയില്‍ ഒരു ദിവസം മുതിര വെന്തവെള്ളം രണ്ടുപ്രാവശ്യം കുടിക്കുകയും ചെയ്യുക. അല്ലെങ്കില്‍ മുതിരയും ജീരകവും കഷായം വച്ചു സേവിക്കുക.
* ദുര്‍മേദസ് ശമിപ്പിക്കാന്‍ മുതിരക്കറിയും മുതിര രസായനവും സ്ഥരമായി കഴിക്കുക.
* ആര്‍ത്തവ വേദനയകറ്റാന്‍ അര ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം മുതിര ഇട്ട് തിളപ്പിച്ച് പകുതിയാക്കി ഉപ്പും ചേര്‍ത്ത് ചൂടോടെ കഴിക്കുക.
* ആര്‍ത്തവ തടസം, വെള്ളപോക്ക് എന്നിവ മാറാന്‍ മുതിര വിധിപ്രകാരം കഷായം വച്ച് സേവിക്കുക.
* മുതിര കഷായം വച്ചു നല്ലെണ്ണ ചേര്‍ത്ത് കാച്ചി തൈലം ഉപയോഗിച്ചാല്‍ വാതരോഗങ്ങള്‍ ശമിക്കും.
* മുതിരപ്പൊടി അമിത വിയര്‍പ്പിനെ ഇല്ലാതാക്കും.
* ആഴ്ചയില്‍ രണ്ടുതവണ മുതിരത്തോരന്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുള്ളവര്‍ക്ക് ആശ്വാസമേകും. മൂത്രാശയകല്ല് കുറേശ്ശെ അലിയിച്ചു കളയാന്‍ ശക്തി കിട്ടും.
* പഴമക്കാര്‍ കര്‍ക്കടകത്തില്‍ മുതിര സൂപ്പ് കുടിക്കുന്നത് ആരോഗ്യരക്ഷയ്ക്ക് ഉത്തമം എന്ന് കരുതിയിരുന്നു. മുതിര നല്ലവണ്ണം വേവിച്ച്, അരച്ച് സൂപ്പാക്കി ജീരകം, വെളുത്തുള്ളി, മല്ലി, കടുക് എന്നിവ ഉപയോഗിച്ച് വെളിച്ചെണ്ണയില്‍ താളിച്ച് ഉപയോഗിക്കുക.
* മുതിരക്കഷായം പനിയും ചുമയും ഉള്ളപ്പോള്‍ കഴിക്കരുത്.
* മുതിരയും പാലും വുരുദ്ധ ഹാരമായതിനാല് മുതിരയുടെ കൂടെ പാല് ചേര്‍ത്ത് കഴിക്കരുത്.
ഫോണ്‍: 9633552460
Tags :