ADVERTISEMENT
മറ്റു കാര്‍ഷിക വിളകളെപ്പോലെ മത്സ്യവിപണനവും ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ച് പരമ്പരാഗത രീതികളില്‍ നിന്ന് ഏറെ മാറിയിട്ടുണ്ട്. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ വൃത്തിയാക്കി, മുറിച്ച് പാചകത്തിന് ഉപയോഗിക്കാവുന്ന തരത്തില്‍ മത്സ്യം വീടുകളില്‍ എത്തിക്കുന്ന രീതി വളരെ പെട്ടെന്നാണു പ്രചാരം നേടിയത്. എന്നിരുന്നാലും മാര്‍ക്കറ്റുകളില്‍ പോയി മത്സ്യം കണ്ടു വാങ്ങുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. കൃഷിയിടങ്ങളില്‍ പോയി ജീവനോടെ മത്സ്യം കണ്ട് വാങ്ങുന്ന രീതിക്ക് അടുത്ത കാലത്ത് ലഭിച്ച പ്രചാരം ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. എന്നാല്‍, നാട്ടിന്‍പുറങ്ങളിലും തീരപ്രദേശങ്ങളിലും എത്തി മീന്‍ വാങ്ങുക അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു പരിഹാരമായി ടാങ്കുകളില്‍ മത്സ്യങ്ങളെ ജീവനോടെ കൊണ്ടുവന്നു മാര്‍ക്കറ്റിലോ പൊതുഇടങ്ങളിലോ വച്ച് ആവശ്യക്കാര്‍ക്കു മത്സ്യം തെരഞ്ഞെടുത്തു വാങ്ങുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്യുന്ന രീതിയാണു പ്രചാരത്തിലായി വരുന്നത്. വാഹനങ്ങളിലും ടാങ്കുകള്‍ സ്ഥാപിച്ച് ഇത്തരത്തിലുള്ള വിപണനം നടത്താവുന്നതാണ്.
ജീവനുള്ള മത്സ്യ വിപണനം സംരംഭമായി തുടങ്ങാന്‍ സാങ്കേതിക പരിജ്ഞാനം ആവശ്യമാണ്. ശ്രദ്ധാപൂര്‍വമുള്ള വിളവെടുപ്പ്, ടാങ്കുകളില്‍ വാഹനത്തില്‍ കൊണ്ടുപോകുന്നത്, പ്രദര്‍ശന ടാങ്കുകളില്‍ സജീവമായി നിലനിര്‍ത്തുന്നത്, ജല ഗുണനിലവാര പരിശോധന, ഫില്‍റ്ററുകളുടെ പരിപാലനം, അവശിഷ്ടങ്ങളുടെ സംസ്‌കരണം തുടങ്ങിയവയില്‍ പരിശീലനവും പരിചയവും വേണ്ടിവരും. സാധാരണ മത്സ്യവിപണനത്തെ അപേക്ഷിച്ച് കൂടുതല്‍ മുതല്‍ മുടക്ക് ആവശ്യമുള്ള സംരംഭം ആയതിനാല്‍ വിപണി വിലയെക്കാള്‍ ഉയര്‍ന്ന തുകയ്ക്ക് മത്സ്യം വില്‍ക്കേണ്ടിവരും.
യോജിച്ച മത്സ്യങ്ങള്‍
എല്ലാ മത്സ്യങ്ങളെയും ജീവനോടെ വിപണനം നടത്താന്‍ കഴിയില്ല. മത്സ്യം പിടിക്കുമ്പോള്‍ ചിതമ്പലുകളും മറ്റും ഇളകി പെട്ടെന്നു ക്ഷതമേല്‍ക്കുന്നവയും ടാങ്കുകളിലേക്കു മാറ്റുമ്പോഴും ദൂരെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമ്പോഴും ആഘാതമേല്‍ക്കുന്ന തരം മത്സ്യങ്ങളും ഈ രീതിക്കു പറ്റിയതല്ല. കേരളത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്ന നട്ടർ, തിലാപ്പിയ, കാളാഞ്ചി, കരിമീൻ, ചെമ്പല്ലി, വറ്റ, വരാല്‍ തുടങ്ങിയവയും ഞണ്ടും ജീവനോടെ വില്‍ക്കാന്‍ അനുയോജ്യമാണ്. ഇതില്‍ തിലാപ്പിയ വരാല്‍ എന്നിവ ഒഴിച്ചുള്ള മീനുകള്‍ക്കു ലവണാംശമുള്ള വെള്ളം തയാറാക്കേണ്ടി വരും.
ഗിഫ്റ്റ് തിലാപ്പിയ 250 മുതല്‍ 600 ഗ്രാം വരെയും കാളാഞ്ചി 800 മുതല്‍ 2500 ഗ്രാം വരെയും കരിമീന്‍ 120 മുതല്‍ 200 ഗ്രാം വരെയും ചെമ്പല്ലി 500 മുതല്‍ 1200 ഗ്രാം വരെയും വറ്റ 500 മുതല്‍ 1200 ഗ്രാം വരെയും വരാല്‍ 350 മുതല്‍ 900 ഗ്രാം വരെയും ഞണ്ടാണെങ്കില്‍ 100 മുതല്‍ 1000 ഗ്രാം വരെയും തൂക്കം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
അടിസ്ഥാന സൗകര്യങ്ങള്‍
ചുരുങ്ങിയത് 200 ചതുരശ്ര അടി വിസ്തൃതിയുള്ളതും വേണ്ടത്ര വായു സഞ്ചാരവും മുഴുവന്‍ സമയവും വൈദ്യുതിയും ജലസൗകര്യവുമുള്ള കെട്ടിടമാണ് വിപണനത്തിനു തെരഞ്ഞെടുക്കേണ്ടത്. അഴുക്ക് ജലം ഒഴുക്കിക്കളയുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കണം. തറയിലും ചുമരുകളുടെ ഉള്‍വശങ്ങളിലും പോളിയൂറിത്തീന്‍ കോട്ടിംഗ് കൊടുക്കുന്നത് വൃത്തിയായിരിക്കാനും സൂക്ഷ്മജീവികൾ, പായലുകള്‍ എന്നിവ വളരാതിരിക്കാനും നല്ലതാണ്. ഉള്‍വശത്ത് മുകളില്‍ പിവിസി സീലിംഗ് കൊടുത്ത് അതില്‍ നിന്ന് ടാങ്കുകളിലേക്ക് എല്‍ഇഡി ലൈറ്റ് കൊടുത്താല്‍ ആകര്‍ഷകമായിരിക്കും. മുഴുവന്‍ സമയവും ഓക്‌സിജന്‍ സപ്ലൈയും മീന്‍ ടാങ്കിലെ അഴുക്കുകള്‍ മാറ്റുന്ന ഫില്‍ട്രേഷന്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കണം വൈദ്യുതി ഇല്ലാതെ വന്നാല്‍ പകരം സംവിധാനം ഒരുക്കേണ്ടതാണ്. ഓക്സിജന്‍ സപ്ലൈയ്ക്ക് ഒരു മിനിറ്റില്‍ 360 ലിറ്റര്‍ എന്ന അളവിലുള്ള എയറേറ്ററും ഇതില്‍ നിന്ന് ടാങ്കുകളിലേക്ക് 'ട്യൂബ് സംവിധാനവും വേണം. ലവണ ജലം തയാറാക്കുന്നതിനു കടല്‍ ജലവും ഒപ്പം ശുദ്ധജലവും പ്രത്യേകം പ്രത്യേകം സംഭരിക്കുന്നതിനായി ടാങ്കുകള്‍ ആവശ്യമാണ്. ശുദ്ധജലത്തിന് 5000 ലിറ്റര്‍ ടാങ്കും കടല്‍ ജലത്തിനു 1000 ലിറ്റര്‍ ടാങ്കും ഇവയിലേക്ക് എയറേഷന്‍ സംവിധാനവും വാല്‍വുകളും വേണം. ലവണ ജലം സംഭരിക്കുന്ന ടാങ്കുകളില്‍ ഉപയോഗിക്കുന്ന പൈപ്പുകളും മറ്റും തുരുമ്പ് പിടിക്കാത്ത വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ചവയായിരിക്കണം. മീനുകളെ പ്രദര്‍ശിപ്പിക്കുന്നതിന് 1500 ലിറ്റര്‍ വീതമുള്ള രണ്ട് ടാങ്കുകള്‍ ആവശ്യമാണ്. ഇതിലേക്കായി കുറഞ്ഞത് 6 മിമി കനമുള്ള ഫൈബര്‍ റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് അല്ലെങ്കില്‍ എഫ്ആര്‍പി ടാങ്കുകള്‍ ആണ് അനുയോജ്യം. ഈ ടാങ്കുകള്‍ക്ക് സമീപത്തായി ടാങ്കുകള്‍ക്കുള്ളില്‍ രൂപപ്പെടുന്ന അഴുക്കുകള്‍ നീക്കം ചെയ്യുന്നതിനായി 100 ലിറ്റര്‍ വീതമുള്ള 3 ബയോളജിക്കല്‍ ഫില്‍റ്ററുകള്‍ തയാറാക്കി കുറഞ്ഞത് അഞ്ചടി ഉയരത്തില്‍ വയ്ക്കണം.
ഇത്തരത്തിലുള്ള ഒരു ടാങ്കില്‍ 20 മുതല്‍ 30 കിലോ വരെ മത്സ്യം നിക്ഷേപിക്കാം. മത്സ്യം ജീവനോടെ പിടിച്ചെടുക്കാന്‍ വിവിധ വലുപ്പത്തിലുള്ള കോരിവലകളുംകരുതണം.
ടാങ്കുകളില്‍ നിന്നും ജീവനോടെ പിടിക്കുന്ന മത്സ്യം ഉടന്‍ വൃത്തിയാക്കി പാചകത്തിന് തയാറാക്കി കൊണ്ടുപോകാനാണ് ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും താത്പര്യം. ഇതിനായി സ്‌റ്റൈന്‍ലെസ് സ്റ്റീല്‍ കൊണ്ടുണ്ടാക്കിയതും മുന്‍വശം ഗ്ലാസ് കൊണ്ട് മറച്ചതുമായ കട്ടിംഗ് ടേബിളും കഴുകാന്‍ ശുദ്ധജലം ലഭിക്കുന്നതിനുള്ളസംവിധാനവും ഖര അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നതിനും ദ്രവ അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനവും ആവശ്യമാണ്. ഇതോടൊപ്പം വൃത്തിയാക്കിയ മീന്‍ ഇടുന്നതിനുള്ള ട്രേകൾ, കവറുകള്‍, കത്തികള്‍ എന്നിവയും വേണം. തൂങ്ങിക്കിടക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ ത്രാസായിരിക്കും അനുയോജ്യം.
കൃഷിയിടത്തില്‍ നിന്നും മത്സ്യം ജീവനോടെ എത്തിക്കുന്നതിന്പ്ലാസ്റ്റിക് ടാങ്കുകള്‍ ആണ് നല്ലത്. 1000 ലിറ്റര്‍ വ്യാപ്തിയുള്ള ടാങ്കിന് 1.5 ടണ്‍ എങ്കിലും ഭാരം താങ്ങാനാവുന്ന വാഹനം വേണ്ടിവരും. ടാങ്കുകള്‍ പിവിസി ഇന്‍സുലേറ്റഡ് ആണ് നല്ലത്. ഈ സംവിധാനങ്ങള്‍ക്കൊപ്പം ഓക്‌സിജന്‍ സിലിണ്ടർ, എയര്‍ പമ്പ്, കോരിവലകള്‍ തുടങ്ങിയവയും വേണം. ഒപ്പം അമോണിയ, താപനില എന്നിവ പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങൾ, മീന്‍ ടാങ്കുകള്‍ വാഹനത്തില്‍ നിന്നും ഇറക്കി വയ്ക്കുന്നതിനും മറ്റുമുള്ള ട്രോളി എന്നിവയും വേണം.
പ്രവര്‍ത്തന രീതി
ജീവനോടെ വിപണനം നടത്താനുള്ള മത്സ്യങ്ങളുടെ വിളവെടുപ്പ് പ്രത്യേകം ശ്രദ്ധയോടെ വേണം നടത്താൻ. വിളവെടുക്കുന്നതിന് ഒരു ദിവസം മുമ്പു തീറ്റ നിര്‍ത്തണം. മത്സ്യങ്ങള്‍ക്കു പരിക്കേല്‍ക്കാതെ നോക്ക ണം. ഇതിനായി പരുപരുത്തതല്ലാത്ത കോരി വലയാണ് ഉപയോഗിക്കേണ്ടത്. വിളവെടുത്ത മത്സ്യങ്ങളെ വാഹനത്തിലെ ടാങ്കിലേക്ക് മാറ്റുന്നതിനു മുമ്പ് അതേ കുളത്തിലെ ജലം ടാങ്കില്‍ നിറയ്ക്കണം. വാഹനത്തില്‍ തന്നെ സൂക്ഷിച്ചിട്ടുള്ള ഓക്‌സിജന്‍ സിലണ്ടറും പമ്പും ഉപയോഗിച്ച് ഏറേഷന്‍ കൊടുക്കണം. രാവിലെയോ വൈകുന്നേരമോ വെയില്‍ ഇല്ലാത്ത സമയങ്ങളാണ് മത്സ്യങ്ങളെ കൊണ്ട് പോകാന്‍ തെരഞ്ഞെടുക്കേണ്ടത്. ടാങ്കുകള്‍ക്ക് ചുറ്റും ചണച്ചാക്കുകള്‍ നനച്ചിടുന്നത് ചൂട് കുറയ്ക്കാന്‍ സഹായിക്കും. ലവണ ജലത്തില്‍ വളരുന്നവയ്ക്ക് ആവശ്യാനുസരണമുള്ള ലവണാംശം ടാങ്കുകളില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
മത്സ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ടാങ്കുകളില്‍ ബയോളജിക്കല്‍ ഫില്‍റ്ററുകള്‍ കുറഞ്ഞത് മൂന്നു ദിവസം മുമ്പു തന്നെ പ്രവര്‍ത്തിപ്പിച്ചിടേണ്ടതാണ്. ഓരോ ടാങ്കുകളിലും ജലത്തിന്‍റെ പി.എച്ച്, അമോണിയ എന്നിവ ദിവസം രണ്ടു നേരം പരിശോധിച്ച് പിഎച്ച് 7 നും 8 നും ഇടയിലും അമോണിയ ഒട്ടുമില്ല എന്നും ഉറപ്പു വരുത്തണം. പി.എച്ച്, അമോണിയ എന്നിവയില്‍ നേരിയ വ്യത്യാസം പോലും വരാതെ നോക്കണം. മത്സ്യങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ വിറ്റ് പോകത്തക്ക രീതിയില്‍ പ്ലാന്‍ ചെയ്യുകയും വേണം.
മാലിന്യ സംസ്‌കരണം
മത്സ്യം വൃത്തിയാക്കുമ്പോള്‍ വരുന്ന ഖര അവശിഷ്ടങ്ങള്‍ എളുപ്പത്തില്‍ ജൈവ വളമാക്കി മാറ്റാം. പരിസരം ശുചിയായി സൂക്ഷിക്കുന്നതോടൊപ്പം ഇതും ഒരു വരുമാന മാര്‍ഗമാക്കാം. കുറഞ്ഞ ഇലക്ട്രിക്കല്‍ കണ്ടക്റ്റിവിറ്റി അഥവാ ഇ.സിയുള്ള ചകിരിച്ചോറ്, കമ്പോസ്റ്റിംഗ് സൂക്ഷ്മാണു മിശ്രിതം, നല്ല വായു സഞ്ചാരമുള്ളതും മഴ നനയാത്തതുമായ സ്ഥലം എന്നിവയാണ് മീന്‍ അവശിഷ്ടങ്ങള്‍ ജൈവ വളമാക്കി മാറ്റാന്‍ വേണ്ടത്. അതത് ദിവസമുള്ള ഖര അവശിഷ്ടങ്ങള്‍ അത്രതന്നെ വ്യാപ്തം ചകിരിചോറുമായി കലര്‍ത്തി സൂക്ഷ്മാണു മിശ്രിതം ചേര്‍ത്തിളക്കി കൂട്ടിയിടുകയും ആഴ്ചയിലൊരിക്കല്‍ ഇളക്കി കൊടുക്കുകയും ചെയ്താല്‍ 30 മുതല്‍ 45 വരെ ദിവസങ്ങള്‍ക്കുള്ളില്‍ ദുര്‍ഗന്ധമില്ലാത്ത ജൈവവളം തയാറാക്കാം.
വിപണനം തുടങ്ങുന്നതിന് മുമ്പു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ് എടുക്കുകയും തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത് എഫ്എസ്എസ്എഐ നമ്പര്‍ കരസ്ഥമാക്കുകയും ചെയ്യേണ്ടതുണ്ട്. മത്സ്യം തൂക്കി പായ്ക്ക് ചെയ്ത് കൊടുക്കുന്നതിനാല്‍ ലീഗല്‍ മെറ്ററോളജിയിലും രജിസ്റ്റര്‍ ചെയ്യണം.
Tags :