ADVERTISEMENT
ഏറെ ഇഷ്ടത്തോടെ പരിപാലിച്ചു വളര്‍ത്തുന്ന വൃക്ഷങ്ങള്‍ ഒരു നാളില്‍ വെട്ടി മാറ്റേണ്ടതായി വന്നാല്‍ അതു പലര്‍ക്കും വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. രോഗങ്ങള്‍ ബാധിച്ചോ കേട് വന്നോ വികസനത്തിന്റെ പേരിലോ ഒക്കെയാണു സാധാരണ വൃക്ഷങ്ങള്‍ നശിപ്പിക്കേണ്ടി വരുന്നത്. അത്തരം അവസ്ഥയില്‍ കഴിയുന്നവര്‍ക്ക് അനീഷ് നെല്ലിക്കലിന്റെ ഇടപെടല്‍ വലിയ ആശ്വാസമാണ് പകര്‍ന്നു നല്‍കുന്നത്. പലകാരണങ്ങളാല്‍ മുറിച്ചു മാറ്റേണ്ടി വരുന്ന വൃക്ഷങ്ങള്‍ വെട്ടിയൊതുക്കി, പുനരുജ്ജീവന പ്രക്രിയയിലൂടെ ചെറുമരങ്ങളാക്കി തത് സ്ഥാനത്ത് തന്നെ കൂടുതല്‍ ഉണര്‍വോടെ വളര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമാണ് പൊന്നാനിയിലെ അനീഷ് നെല്ലിക്കല്‍. ഇനി അതിനു സാധിക്കാത്ത ഇടങ്ങളിലെ മരങ്ങള്‍ പറിച്ചെടുത്ത് മറ്റൊരു സ്ഥലത്ത് നട്ടുപിടിപ്പിച്ചു കൊടുക്കാനും അദ്ദേഹം തയാറാണ്. ഇതുവഴി അപൂര്‍വ ഇനം ഫലവൃക്ഷങ്ങളെയും വന്മരങ്ങളെയും സംരക്ഷിക്കാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്. വിദേശ രാജ്യങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇത്തരം പുനരുജ്ജീവന പ്രക്രിയ ആരംഭിച്ചിരുന്നു.
തുടക്കം
മലപ്പുറം ജില്ലയില്‍ വെളിയംകോട് വീടിനോടു ചേര്‍ന്നു 1999 ഡിസംബര്‍ ഒന്നിന് നെല്ലിക്കല്‍ നഴ്സറി തുടങ്ങിയാണ് കാര്‍ഷിക മേഖലയില്‍ അനീഷ് സജീവമാകുന്നത്. മലപ്പുറത്തുകാരുടെ ഇഷ്ടവിളകളും വിദേശ ഇനങ്ങളും അലങ്കാര ചെടികളുമെല്ലാം നഴ്സറിയിലൂടെ വിതരണം ചെയ്തു. നഴ്സറി കൂടുതല്‍ വിപുലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ബഡിംഗും ഗ്രാഫ്റ്റിംഗും പഠിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുറച്ചുകാലം മണ്ണുത്തിയിലെ ഒരു നഴ്സറിയില്‍ പ്രവര്‍ത്തിച്ചു. ഇതിനിടെ, തൈകളുടെ ഉത്പാദന-വളര്‍ച്ചാ രീതികള്‍ പഠിക്കണമെന്ന ആഗ്രഹത്തോടെ ബംഗളൂരുവിലെ വലിയൊരു നഴ്സറിയില്‍ ചേര്‍ന്നു. തുടര്‍ന്നു നാട്ടിലെത്തിയ അനീഷ് നഴ്സറി വിപുലീകരിച്ചെങ്കിലും റോഡിന്റെ വികസനത്തിനായി സ്ഥലം വിട്ടു കൊടുക്കേണ്ടിവന്നു. ഇതോടെ നഴ്സറിയും താമസവും പൊന്നാലിയിലേക്ക് മാറ്റി. അവിടെ നഴ്സറി ഉണ്ടെങ്കിലും മരങ്ങളുടെയും കൃഷിത്തോട്ടങ്ങളുടെയും സര്‍വീസ് മേഖലയിലാണ് അനീഷ് ഏറെ സജീവം.
നീക്കം ചെയ്യേണ്ട മരങ്ങളുടെ ഘടനയും മറ്റും നോക്കിയാണ് അവ പറിച്ചെടുക്കുന്നത്. പുതിയ സ്ഥലത്ത് നട്ട് മൂന്നു മാസത്തിനുള്ളില്‍ മരങ്ങള്‍ കരുത്തോടെ വളര്‍ന്നു തുടങ്ങും. ഗുണവും രുചിയുമേറെയുള്ള മാവുകളും പ്ലാവുകളുമാണ് ഏറെയും പറിച്ചു നടുന്നത്. മാതൃവൃക്ഷത്തിന്റെ ഗുണം പൂര്‍ണമായും ലഭ്യമാകുന്ന തൈകള്‍ ലഭ്യമല്ലാത്തതാണു പ്രധാന കാരണം. ഒപ്പം ഗൃഹാതുരത്വമുള്ള മരങ്ങളെയും സംരക്ഷിക്കേണ്ടതായി വരും. സംരക്ഷിക്കേണ്ട കൂട്ടത്തില്‍ അപകടകരമായ നിലയില്‍ വളര്‍ന്നു വലുതായ മരങ്ങളുമുണ്ടാകും. ഫലങ്ങള്‍ പറിക്കാന്‍ ബുദ്ധിമുട്ടുള്ള മരങ്ങളെയും ഈ രീതിയില്‍ സംരക്ഷിക്കാം.
പുനരുജ്ജീവനം
വിളവ് വര്‍ധിപ്പിക്കുന്നതിനായി ഓരോ വര്‍ഷവും പ്രൂണിംഗിലൂടെ ചെടികളെ പുത്തനാക്കി വളര്‍ത്തുന്നതു സാധാരണയാണ്. കൂടുതലായും മുന്തിരി, കോവല്‍, പാഷന് ഫ്രൂട്ട്, ഗാഗ് ഫ്രൂട്ട് തുടങ്ങിയാണ് ഈ രീതിയില്‍ അഞ്ച് വര്‍ഷത്തിലേറെക്കാലം സംരക്ഷിക്കുന്നത്. വന്‍തോതില്‍ സംരക്ഷിക്കുന്ന മാവ്, റംബുട്ടാന് തോട്ടങ്ങളിലും പ്രൂണിംഗ് നടത്താറുണ്ട്.
എന്നാൽ, പുനരുജ്ജീവന പ്രക്രിയയില്‍ മരങ്ങളുടെ ജീവന് നിലനിര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് ശിഖരങ്ങള്‍ മുറിച്ചു മാറ്റുന്നത്. കമ്പുകള്‍ മുറിക്കുന്ന രീതി എല്ലാ വൃക്ഷങ്ങള്‍ക്കും ഒരുപോലെയല്ല. മുറിക്കുമ്പോള്‍ മറ്റു ഭാഗങ്ങളില്‍ മുറിവോ ചതവോ പറ്റാതെ ശ്രദ്ധിക്കണം. ശാസ്ത്രീയമായ പഠനത്തിനുശേഷം, മരങ്ങളുടെ ജീവിത ചലനങ്ങള്‍ പഠിച്ച് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്ത ശേഷമാണ് ശാഖകള്‍ മുറിക്കുന്നത്. മുറിവുകളിലൂടെ കീടാണുക്കള്‍ പ്രവേശിക്കാതിരിക്കാനും ആ ഭാഗം നശിക്കാതിരിക്കാനും ഉണര് വോടെ വളരാനുമായി മുറിവുകളില്‍ ആയൂര്‍വേദ മരുന്നുകളും മറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്യും. ഇങ്ങനെ പരുവപ്പെടുത്തുന്ന ഫലവൃക്ഷങ്ങള്‍ കായ്ക്കാന്‍ രണ്ടു വര്‍ഷം കാത്തിരിക്കേണ്ടിവരും. കഠിനമായ വേനല്‍ക്കാലത്തും ശക്തമായ മഴക്കാലത്തും പുനരുജ്ജീവന പക്രിയ നടത്തില്ല.
പ്രായാധിക്യംകൊണ്ടും ഉത്പാദനക്കുറവുകൊണ്ടും പിന്നില്‍ നില്ക്കുന്ന ഫലവൃക്ഷങ്ങളില്‍ മികച്ച ഉത്പാദനശേഷി സൃഷ്ടിക്കാനും ഈ പ്രക്രിയ വഴി കഴിയുമെന്ന് അനീഷ് പറഞ്ഞു. മരത്തില്‍ പറ്റിപ്പിടിച്ച് വളരുന്ന പന്നലുകളെയും ഇത്തിള്‍ കണ്ണികളെയും നശിപ്പിക്കാനും ഈ മാര്‍ഗം ഉപയോഗിക്കാം.
പറിച്ചു നടീല്‍
കെട്ടിടങ്ങളുടെ നിര്‍മാണം, റോഡുകളുടെ വികസനം തുടങ്ങിയ സാഹചര്യങ്ങളിലാണു വൃക്ഷങ്ങള്‍ പറിച്ചു മാറ്റേണ്ടി വരുന്നത്. മണ്ണിന്റെ ഘടന, മരത്തിന്റെ വലിപ്പം, പ്രായം, ആരോഗ്യം തുടങ്ങിയ ഘടകങ്ങള്‍ ശാസ്ത്രീയമായി പഠിച്ചശേഷമാണ് വൃക്ഷങ്ങള്‍ പറിച്ചു മാറ്റി നടുന്നത്. ആരോഗ്യവും ശക്തമായ ശാഖകളും പ്രായക്കുറവുമുള്ള വൃക്ഷങ്ങള്‍ക്കാണ് അതിജീവന നിരക്ക് കൂടുതലുള്ളത്. ആയുസ് കഴിയാറായ മരങ്ങള്‍ പറിച്ചു മാറ്റി നടുന്നതു ഗുണകരമല്ല.
മരങ്ങളുടെ സ്വഭാവം അനുസരിച്ചു പറിച്ചു മാറ്റി നടേണ്ട കാലഘട്ടം വ്യത്യസ്തമാണ്. ശരത്കാലത്തിന്റെ അവസാനത്തിലോ വസന്തത്തിന്റെ ആരംഭത്തിലോ ഇലപൊഴിയും മരങ്ങള്‍ പറിച്ചു മാറ്റുന്നതാണു നല്ലത്. വേനല്‍ക്കാലത്തിന്റെ അവസാന ഘട്ടമാണ് നിത്യഹരിത വൃക്ഷങ്ങള്‍ക്ക് അനുയോജ്യം. കടുത്തവേനലും ശക്തമായ മഴയും പറിച്ചു മാറ്റലിന് അനുയോജ്യമല്ല. പറിക്കുന്ന അവസരത്തില്‍ വേരുകള്‍ക്ക് ചതവ് പറ്റാതെ നോക്കണം. ഇതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ട്രീ ബര്ലാപ്പിംഗ്.
മാവ്, പ്ലാവ്, കശുമാവ്, ഞാവല്‍, സപ്പോട്ട, പേര, ചാമ്പ, റംബൂട്ടാന്, അവ്ക്കാഡോ, നാരകം, കുടംപുളി, തെങ്ങ്, പുളി, ആഞ്ഞിലി, മുരിങ്ങ, നെല്ലി, ബദാം, ആല്മരങ്ങൾ, ആര്യവേപ്പ്, മഹാഗണി, തേക്ക്, ചെമ്പകം, സീതപ്പഴം, ആത്ത തുടങ്ങിയ ഫലവൃക്ഷങ്ങള്‍ വിജയകരമായി പറിച്ചു നടാനാകുമെന്ന് അനീഷ് പറഞ്ഞു. അതിജീവന നിരക്ക് കുറഞ്ഞ അക്കേഷ്യ, യൂക്കാലി മരങ്ങള്‍ക്ക് ഈ രീതി പ്രയോജനകരമല്ല. പറിച്ച് നടേണ്ട വൃക്ഷങ്ങളെ ശാസ്ത്രീയമായി പഠിച്ചശേഷം ഓരോ മരങ്ങളില്‍ നിന്നും വ്യത്യസ്തമായ അകലത്തില്‍ ഒരു വൃത്തം മാര്‍ക്ക് ചെയ്യും. ഇങ്ങനെ വൃക്ഷത്തിന് ചുറ്റും മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിശ്ചിതഅഴത്തില് കുഴികളെടുക്കും. പിന്നീട് പുറത്തേക്ക് നില്ക്കുന്ന വേരുകള്‍ മുറിച്ചു മരുന്നുകള്‍ പുരട്ടും. രോഗങ്ങളില്‍ നിന്നും കീടങ്ങളില്‍ നിന്നും സംരക്ഷണം നല്കി പുതിയ വേരുകള്‍ വളര്‍ന്നു വരുന്നതിനുള്ള ആരോഗ്യ പരിചരണമാണിത്. പിന്നീട് വൃക്ഷത്തോട് ചേര്‍ന്നു നില്ക്കുന്ന മണ്ണിന്റെ ഭാഗം സംരക്ഷിക്കാന്‍ ജൈവ മരുന്നുകളില്‍ മുക്കിയെടുത്ത ചാക്കുകൊണ്ട് പൊതിയും. അതിനുശേഷം വൃക്ഷത്തിന്റെ അടിഭാഗത്തെ മണ്ണും വേരുകളും മേല്‍മണ്ണിന് ഇളക്കം തട്ടാത്ത വിധം വേര്‍പ്പെടുത്തി യന്ത്രസഹായത്തോടെ പൊക്കിയെടുക്കും. മണ്ണ് സംരക്ഷണത്തിനായി അടിയിലും ചാക്ക് വിരിക്കും. ശാഖകള്‍ മുറിച്ചു മാറ്റിയശേഷമാണ് മരങ്ങള്‍ പറിച്ചെടുക്കുന്നത്.
പ്രഫഷണല്‍ ട്രീ ട്രാന്‍സ്പ്ലാന്റേഷനില്‍ വൈദഗ്ധ്യം നേടിയവരാണ് മരങ്ങള്‍ പറിച്ചു മാറ്റുന്നത്. പറിച്ചെടുക്കുന്ന വൃക്ഷത്തിനുള്ള മണ്ണിന്റെയും വേരുകളുടെയും ചുറ്റളവും ആഴവും നോക്കി അതിനനുസരിച്ചുള്ള കുഴികളാണ് നടീലിനായി തയാറാക്കുന്നത്. നടുന്നതിനു മുമ്പു കുഴിയില്‍ കുമ്മായം വിതറും. തുടര്‍ന്ന് യന്ത്രങ്ങളുടെ സഹായത്തോടെ വൃക്ഷത്തിന് കേടുപാടുകള്‍ ഉണ്ടാകാത്ത വിധം വൃക്ഷങ്ങള്‍ പൊക്കിയെടുത്ത് കുഴിയിലേക്ക് ഇറക്കി വയ്ക്കും. മണ്ണിട്ട് കുഴി മൂടിയ ശേഷം ആവശ്യത്തിന് വെള്ളവും വളവും മറ്റു സംരക്ഷണവും നല്‍കും.
ഫ്രൂട്ട് ഗാര്‍ഡനിംഗ്, ബട്ടര്‍ ഫ്ളൈ ഗാര്ഡന് ക്രിയേഷന്, ശാസ്ത്രീയ പ്രൂണിംഗ്, മിയാവാക്കി വനം, അരോമാറ്റിക് ഗാര്‍ഡനിംഗ് ബോണ്‍സായി ഗാര്‍ഡനിംഗ്, പ്ലാന്റ് കണ്‍സള്‍ട്ടന്‍സി തുടങ്ങിയ രംഗങ്ങളിലും ഇദ്ദേഹം സേവനം ചെയ്യുന്നുണ്ട്. കര്‍ഷകരുടെ താത്പര്യം അനുസരിച്ച് ഫല വൃക്ഷത്തോട്ടങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ തയാറാക്കി നല്‍കുന്നതിനും വിദഗ്ധനാണ് അനീഷ്.
ഫോണ്‍: 9946709899
Tags :