ADVERTISEMENT
ഇരിങ്ങാലക്കുട പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ രാവിലെ ഒരു പതിവ് കാഴ്ചയുണ്ട്. ഹോണ്ട ആക്ടീവയുടെ ഹോണ്‍ കേട്ട് വീട്ടുമുറ്റങ്ങളിലേക്ക് അമ്മമാരോ മറ്റു മുതിര്‍ന്നവരോ പാത്രങ്ങളുമായി ഓടിയെത്തുന്നതാണ് ആ കാഴ്ച. അവരുടെ പ്രിയങ്കരനായ പാല്ക്കാരന് ജിസന്‍ വീട്ടു പടിക്കലെത്തിയതിന്റെ സൂചനയാണ് ആ ഹോണ്‍. ഒട്ടും വൈകാതെ വീട്ടമ്മ നീട്ടുന്ന പാത്രത്തിലേക്ക് ആക്ടീവയില്‍ ഉറപ്പിച്ചിരിക്കുന്ന മില്‍ക്ക് കാനില്‍ നിന്ന് അളവു പാത്രത്തില്‍ എടുത്ത പാല് അയാള്‍ ഒഴിച്ചു നല്‍കും.
കുപ്പികളോ സഞ്ചിയോ ഒന്നും വേണ്ട. അതിലേറെ 'നോ പ്ലാസ്റ്റിക്, നോ ബോട്ടില്‍, നോ മാലിന്യം.' പതിവുവിട്ട് കൂടുതല്‍ പാല് വേണമെങ്കിലും അവരുടെ അധരങ്ങളില്നിന്നോ ആംഗ്യങ്ങളില്‍ നിന്നോ ജിസന്‍ തിരിച്ചറിയും. ചെറുപുഞ്ചിരിയോടെ ആവശ്യത്തിനു നല്‍കുകയും ചെയ്യും. ബധിരതയെ പാല് പുഞ്ചിരികൊണ്ടു തോല്‍പ്പിക്കുകയാണ് അയാൾ.
ബാല്യത്തിലേ കേള്‍വിക്കു പ്രശ്നം
തൃശൂര്‍ ജില്ലയിലെ പുല്ലൂര്‍ മഠത്തിക്കര ആലപ്പാട്ട് കൊടിവളപ്പില്‍ കെ.കെ.കുഞ്ഞുവറീതിന്റെയും മേരിയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായ ജിസൻജനിക്കുമ്പോള് തന്നെ ഇടതു ചെവിക്കു ലേശം പോലും കേള്‍വിശേഷി ഇല്ലായിരുന്നു. വലതു ചെവിക്കാകട്ടെ മുപ്പതുശതമാനം മാത്രവും. കേള്‍വിയുടെ പ്രശ്നംകൊണ്ടുതന്നെ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാനായില്ല. കെഎസ്ഇബിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയിരുന്നെങ്കിലും നല്ലൊരു കര്ഷകന് കൂടിയായിരുന്ന അപ്പന് വീട്ടിലൊരു പശുവിനെ വളര്‍ത്തിയിരുന്നു. അതുകൊണ്ടാവണം, കുഞ്ഞുനാള് മുതലേ ജിസന്‍ പശുവിനെ ഇഷ്ടമായിരുന്നു. പുല്ലരിയാനും കാടിവെള്ളം കൊടുക്കാനും കുളിപ്പിക്കാനും ഒക്കെ അവനെപ്പോഴും മുന്‍പന്തിയിലായിരുന്നു. ഏഴാംക്ലാസില്‍ പഠനം നിര്‍ത്തിയതോടെ ജിസന്റെ ജോലിതന്നെ ഗോപരിപാലനമായി. പിന്നെ പശുക്കളുടെ എണ്ണം രണ്ടായി.. മൂന്നായി...
തുണയായി ബിന്‍സി
'ഗോക്കളെ മേച്ചും ചിരിച്ചും കളിച്ചും' നടക്കുന്നതിനിടയിലാണ് കൊട്ടേക്കാട് ചിറമല്‍ ജോര്‍ജിന്റെ യും ബേബിയുടെയും മകള്‍ ബിന്‍സി ജീവിതസഖിയായി എത്തുന്നത്. പരിമിതികള്‍ അറിഞ്ഞുകൊണ്ടുതന്നെ തുണയായെത്തിയ 'നല്ല പകുതി' ക്ഷീരകൃഷി ജീവനോപാദി ആക്കിയാലോ എന്നു പ്രിയതമനോട് ആരാഞ്ഞു. അവന് സമ്മതം മൂളിയതോടെ അവിടെ ഒരു കുഞ്ഞു ധവള വിപ്ലവത്തിന് തുടക്കമാകുകയായിരുന്നു. ഇരുവരും ഒരുമിച്ചുപോയി പശുക്കളെ വാങ്ങാന്‍ തുടങ്ങി. തറവാടിനടുത്ത് അപ്പന് കൊടുത്ത ഭൂമിയില്‍ പുതുതായി നിര്‍മിച്ച വീടിനു പിറകിലായി തൊഴുത്തു പണിതു. പിന്നെ പശുക്കളുടെ എണ്ണം അഞ്ചായി... പത്തായി.. 20 വരെയായി. മുരിയാട് പഞ്ചായത്തിലെ 2023 ലെ മികച്ച ക്ഷീരകര്‍ഷക അവാര്‍ഡും ജിസനെത്തേടിയെത്തി.
ഹൈടെക് രീതികള്‍
ഇതിനിടെ ബിന്‍സി മൃഗസംരക്ഷണവകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിലും പരിശീലന പരിപാടികളിലും പങ്കെടുത്തു. മറ്റു ക്ഷീരകര്‍ഷകര്‍ ചെയ്യുന്ന ഹൈടെക് രീതികളെക്കുറിച്ച് ഭര്‍ത്താവിനോടു പറയുകയും ചെയ്യുമായിരുന്നു. അവര്‍ ഒരുമിച്ച് ആ രീതികള്‍ പോയി കാണും. അങ്ങനെ സാവധാനം തങ്ങളുടെ തൊഴുത്തിലും സാധിക്കുംവിധം ആ രീതികള്‍ പ്രാവര്‍ത്തികമാക്കും. ഇന്ന് ഇവരുടെ തൊഴുത്തില്‍ പശുക്കള്‍ക്ക് കാറ്റു കിട്ടാന്‍ ഫാന്‍ ഉണ്ട് (സീലിംഗ് ഫാനും വാള് ഫാനും), എപ്പോഴും വെള്ളം ലഭിക്കാന്‍ ഓട്ടോമാറ്റിക് വാട്ടര്‍ സിസ്റ്റവും കറവയ്ക്കായി മെഷീനുമുണ്ട്.
ജിസന്റെ കൈ വേദനയും ഡിസ്ക്കിന്റെ പ്രശ്നവും കാരണം ഇപ്പോള്‍ പശുക്കളുടെ എണ്ണം പത്തായി കുറച്ചിരിക്കുകയാണ്. ഒമ്പത് എച്ച്എഫും ഒരു ജഴ്സിയും. ഇപ്പോള്‍ പ്രതിദിനം രാവിലെയും വൈകിട്ടുമായി 100 ലിറ്റര്‍ പാല് ലഭിക്കും. രാവിലെ 60-65 ലിറ്റര്‍. ഉച്ചകഴിഞ്ഞ് 35- 40 ലിറ്ററും.
നാടന്‍ തൈരും നെയ്യും
വീടുകളില്‍ നല്‍കിയശേഷം ബാക്കിവരുന്ന പാലില്‍നിന്നു മൂല്യവര്‍ധിത ഉത്പന്നങ്ങളായ തൈര്, നെയ്യ് എന്നിവയും തയാറാക്കുന്നുണ്ട്. ഇതിനും ആവശ്യക്കാരേറെ. സാധാരണ പാലിനു ലിറ്ററിനു 60 രൂപയാണെങ്കില്‍ ഇവിടെ വില അല്പം കൂടുതലാണ് 70 രൂപ. നെയ്യിനു ലിറ്ററിന് 900 രൂപ. തൈരിന് അര ലിറ്റര്‍ പായ്ക്കറ്റിന് 35 രൂപ. പാലിനും ലിറ്ററിന് 70 രൂപയാണു വില.
നാട്ടുകാരുടെ പ്രിയങ്കരനായ
പാല്ക്കാരന്
ഇരിങ്ങാലക്കുട പ്രദേശങ്ങളിലുള്ളവരുടെ പ്രിയപ്പെട്ട പാല്‍ക്കാരനാണ് ജിസന്‍ ഹോണ്ട ആക്ടീവയില്‍ ഇരുമ്പുകൊണ്ടുള്ള സ്ക്വയര്‍ ബോക്സ് ഘടിപ്പിച്ച് അതില്‍ മില്‍ക്ക് കാന്‍ വച്ചാണ് ജിസൻരെ യാത്ര. മഠത്തിക്കര, കോമ്പാറ, ചാലാംപാടം എന്നീ നഗരാതിര്ത്തികളിലാണ് വില്പന. ദിവസവും അഞ്ചും ആറും സഞ്ചികളില്‍ മുപ്പതും നാല്പതും കുപ്പികളുമായി സൈക്കിളില്‍ പോയിരുന്നപ്പോഴാണ് ഇത്തരമൊരാശയം തലയില്‍ ഉദിച്ചത്. 40 ലിറ്ററിന്റെ മില്‍ക്ക് കാന്‍ വാങ്ങി അതില്‍ സ്ലൈഡിംഗ് വാല്‍വും ടാപ്പും ഘടിപ്പിച്ചാണ് ഇപ്പോള്‍ സഞ്ചാരം. ഓരോ വീടിന്റെ മുമ്പിലെത്തുമ്പോഴും അവരവരുടെ പാത്രങ്ങളിലേക്ക് അളവുപാത്രത്തില് പാല് അളന്ന് ഒഴിച്ചുനല്‍കും. കുപ്പിയിലാണു വിതരണമെങ്കില്‍ കഴുകല്‍ ഒരു പണി തന്നെയാണ്. അതില്‍ നിന്ന് ആശ്വാസം കിട്ടുന്നതു ബിന്‍സിക്കാണ്. പാല് വാങ്ങുന്ന വീട്ടുകാര്‍ക്കും വലിയ സന്തോഷം. പ്ലാസ്റ്റിക് മാലിന്യ പ്രശ്നവുമില്ല.
കേള്‍വി പൂര്‍ണമായും ഇല്ലാതായി
ഇതിനിടെ, കേള്‍വിശക്തി ക്രമേണ കുറഞ്ഞുവന്നു. ആറുവര്‍ഷം മുമ്പുവരെ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് 91 ശതമാനം കേള്‍വി ഇല്ലെന്നായിരുന്നു. ഇപ്പോള്‍ മൂന്നു നാലു വര്‍ഷമായി വലതുചെവിയുടെ കേള്‍വിയും പൂര്‍ണമായും ഇല്ലാതായി. പക്ഷേ, നമ്മുടെ ചുണ്ടുകള്‍ അനങ്ങുന്നതുനോക്കി ഒരുവിധം ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയും. പക്ഷേ, ബിന്‍സി എത്ര പതുക്കെ പറഞ്ഞാലും ജിസന്റെ അധരങ്ങളില്‍ നിന്നു റെഡി ഉത്തരം വരും. സ്വന്തമായുള്ള സ്വിഫ്റ്റ് കാര്‍ ഓടിക്കുമ്പോള്‍ മാത്രം ഭാര്യ ഇടതു സീറ്റിലുണ്ടാകും. ആംബുലന്‍സോ മറ്റോ വന്നാല്‍ പറഞ്ഞുകൊടുക്കാനാണത്.
അതിജീവനത്തിന്റെ ആനന്ദം
കാര്‍ വാങ്ങിയതും രണ്ടു മക്കളെ പഠിപ്പിക്കുന്നതുമെല്ലാം ക്ഷീരകൃഷിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണെന്ന് ഇരുവരും ഒരുമിച്ചു പറന്നു. മൂത്തമകന് അലന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയും മകള്‍ അല്‍ന ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയുമാണ്.
Tags :