ADVERTISEMENT
ശുദ്ധജലത്തിലും ലവണാംശമേറിയ ജലാശയങ്ങളിലും നന്നായി വളരുന്ന കരിമീനുകളെ ബയോഫ്ളോക്ക് കുളങ്ങളില്‍ വളര്‍ത്താന്‍ പ്രഫ. സണ്ണി പള്ളിക്കമ്യാലില്‍ നടത്തുന്ന ശ്രമം വിജയത്തോട് അടുക്കുന്നു. സ്വാഭാവിക ജലാശയങ്ങളിലെ ചെളിയും തീറ്റയുമടക്കമുള്ള അവശ്യഘടകങ്ങള്‍ ബയോഫ്ളോക്ക് കുളത്തില്‍ കൃത്രിമമായി സൃഷ്ടിച്ചു കരിമീനുകളെ വളര്‍ത്തി വലുതാക്കാനാണ് വൈക്കം കൊതവറ സെന്റെ സേവ്യേഴ്സ് കോളജിലെ സുവോളജി വകുപ്പ് മേധാവിയായി വിരമിച്ച പ്രഫ. സണ്ണിയുടെ ശ്രമം. ബയോ ഫ്ളോക്ക് കുളത്തില്‍ സ്വാഭാവിക ജലാശയത്തിലെ സാഹചര്യങ്ങളൊരുക്കുകയും പ്രത്യേക തീറ്റ നല്‍കുകയും ചെയ്താല്‍ കരിമീനുകളെ നന്നായി വളര്‍ത്താന്‍ കഴിയുമെന്നാണ് സണ്ണി സാറിന്റെ നിഗമനം. ഇതിനായി 150 കരിമീന്‍ കുഞ്ഞുങ്ങളെയാണ് അദ്ദേഹം ബയോഫ്ളോക്ക് കുളങ്ങളില്‍ വളര്‍ത്തുന്നത്. അലങ്കാര മത്സ്യമെന്ന നിലയിലും വിപണി മൂല്യമുള്ള കരിമീനൊപ്പം രുചിയേറിയ റെഡ് തിലോപ്പിയയിലും അദ്ദേഹം പരീക്ഷണം നടത്തുന്നുണ്ട്. കൃത്രിമമായി സൃഷ്ടിച്ച സാഹചര്യങ്ങളില്‍ രണ്ടിനം മത്സ്യങ്ങളുടെയും വളര്‍ച്ച കൂടുന്നതായി കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞു. ബയോഫ്ളോക്ക് കുളങ്ങളില്‍ സ്വാഭാവിക രീതിയില്‍ കരിമീന്റെ പ്രജനനം സാധ്യമാക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടത്തി വരുന്നത്.
സംസ്ഥാന മത്സ്യമായ കരിമീന്‍ വിപണിയിലെ വിലയിടിവ് അങ്ങനെ കാര്യമായി ബാധിക്കാറില്ല. വേമ്പനാട്ടു കായലിലും അനുബന്ധ പുഴകളിലും സുലഭമായി ലഭിച്ചിരുന്ന കരീമിനിന്റെ ലഭ്യതയില്‍ ഇപ്പോള്‍ കാര്യമായ കുറവുണ്ട്. കരിമീന്‍ ലഭ്യത ഉറപ്പാക്കാന്‍ ബയോഫ്ളോക്ക് കുളങ്ങളിലും പടുതാ കുളങ്ങളിലുമൊക്കെ കരിമീന്‍ വളര്‍ത്തുന്നതിനുള്ള സാധ്യത തേടണമെന്ന ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പ്രഫ. സണ്ണിയുടെ പരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്. വിലയേറിയ മത്സ്യത്തീറ്റ നല്കി വളര്‍ത്തിയ ഗിഫ്റ്റ് തിലോപ്പിയയ്ക്ക് മതിയായ വില ലഭിക്കാതെ വന്നതോടെ വിപണിയില്‍ വില സ്ഥിരതയുള്ള മത്സ്യങ്ങള്‍ കൂടി ബയോഫ്ളോക്ക് കുളങ്ങളില്‍ വളര്‍ത്തിയാല്‍ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകുമെന്ന ചിന്തയിലാണ് സണ്ണിസാര്‍ കരിമീന്‍ കൃഷിയിലേക്ക് തിരിഞ്ഞത്.
അധ്യാപന കാലയളവില്‍ തലയാഴം പഞ്ചായത്തിലെ കൊതവറയിലും സമീപ പഞ്ചായത്തുകളിലുമൊക്കെയുള്ള കുടുംബങ്ങളിലെ വീട്ടമ്മമാര്‍ക്ക് അധിക വരുമാനം കണ്ടെത്താനായി ഫിഷറീസ് വകുപ്പുമായി ചേര്‍ന്ന് അലങ്കാര മത്സ്യകൃഷി വ്യാപകമാക്കാന്‍ പ്രഫ. സണ്ണി ഏറെക്കാലം യത്നിച്ചിരുന്നു. നൂറുകണക്കിന് കുടുംബങ്ങള്‍ ഏറ്റെടുത്ത പദ്ധതി വിജയകരമായെങ്കിലും മത്സ്യകുഞ്ഞുങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ കഴിയാതെ പോയതു തിരിച്ചടിയായി.
തൊടുപുഴയില്‍ നിന്ന് തലയോലപറമ്പിലെത്തി സ്ഥിരതാമസമാക്കിയ സണ്ണിസാര്‍ കുട്ടിക്കാലം മുതല്‍ കൃഷിയില്‍ ഏറെ തത്പരനാണ്. തലയോലപറമ്പിലെ വീട്ടുവളപ്പില്‍ അദ്ദേഹം ചെലവു കുറച്ച് മികച്ച ബയോഫ്ലോക്ക് കുളങ്ങളൊരുക്കി ഗിഫ്റ്റ് തിലോപ്പിയയും അലങ്കാര മത്സ്യങ്ങളും കൃഷി ചെയ്തു. എയര്‍ പ്രഷര്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന മാലിന്യ ശേഖരണ ടാങ്ക് നിര്‍മിച്ച് വെള്ളത്തിന്റെ പുനഃരുപയോഗത്തിലൂടെ ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന രീതിയാണ് അദ്ദേഹം പ്രാവര്‍ത്തികമാക്കിയത്. ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടാങ്കില്‍ നിന്ന് ആഴ്ചയില്‍ 50 ലിറ്റര്‍ വെള്ളം തുറന്നു വിട്ടാല്‍ മത്സ്യക്കുളങ്ങളിലെ മാലിന്യം പൂര്‍ണമായി നീക്കാം. കുളങ്ങളില്‍ വായു സഞ്ചാരം ഉറപ്പാക്കാന്‍ മാത്രമേ വൈദ്യുതി ആവശ്യമുള്ളു. ഇതുമൂലം മത്സ്യ തീറ്റയുടെ ചെലവൊഴിച്ചാല്‍ കൃഷിക്കായി കാര്യമായ പണച്ചെലവില്ല.
സണ്ണി സാറിന്റെ കാര്‍ഷിക പരീക്ഷണങ്ങള്‍ക്ക് റിട്ട. അധ്യാപികയായ ഭാര്യ കൊച്ചുറാണി ജേക്കബ്, മക്കളായ ഡോ. ആന്മരിയ സണ്ണി വൈക്കം (താലൂക്ക് ആശുപത്രി) യുകെയില്‍ ഉപരിപഠനം നടത്തുന്ന ഡോ.ബിയാ മരിയ സണ്ണി, മരുമകനും കോട്ടയം ജില്ലാ ആശുപത്രിയിലെ ഒഫ്താമോളജിസ്റ്റുമായ ഡോ. ലിജു കുര്യാക്കോസ് എന്നിവരുടെയും പിന്തുണയുണ്ട്.
Tags :