ADVERTISEMENT
വീടും വീട്ടുക്കാരുമെല്ലാം ആടുകളായി മാറിയ ഒരു കര്‍ഷകന്റെ കഥയാണ് പത്തനംതിട്ട ജില്ലയില്‍ കോന്നി പയ്യനാമണ്‍ ഗ്രാമത്തിന് പറയാനുള്ളത്. ആടുകള്‍ക്ക് ഒപ്പം രാവും പകലും ചെലവിടുന്ന വിജയന്റെ 'ആടു ജീവിതം'സിനിമ കഥകളെപ്പോലും വെല്ലുന്ന തരത്തിലാണ്. ആടും പശുവും, മുയലും എല്ലാം ചേര്‍ന്ന വിജയ ഗൃഹമാണത്. പേരുവിളിച്ചാല്‍ ഓടിയെത്തുന്ന ആടുകൾ. അവയുടെ പേരും ജനനത്തീയതിയും വരെ ഈ കര്ഷകന് മനപാഠം.
പയ്യനാമണ്‍ തേക്കുമല പുത്തന്‍വീട്ടില്‍ വിജയനും ആടുകളും തമ്മിലുള്ള ബന്ധം രൂപപ്പെട്ടിട്ടു കാല് നൂറ്റാണ്ട് കഴിഞ്ഞു. ആടുക്കള്ക്ക് മാത്രമായി ഉഴിഞ്ഞു വച്ച ആ ജീവിതം ശരിക്കും ഒരു ആടു ജീവിതം തന്നെ. ആടുകള്‍ക്ക് സ്വതന്ത്രമായി നില്‍ക്കാനും നടക്കാനും ഇടം ഇല്ലാതായതോടെ സ്വന്തം വീട് തന്നെ ആട്ടിന്‍ കൂടാക്കിയ ഈ കര്‍ഷകനോട് പക്ഷേ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു കനിവും ഇതുവരെ കാട്ടിയിട്ടില്ല. നല്ല കൂടുകള്‍ നിര്‍മിക്കാനുള്ള സഹായത്തിനായി പല സര്‍ക്കാര്‍ ഏജന്‍സികളെയും സമീപിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.
മുത്തച്ഛന്റെ കാലം മുതല്‍ ആടുവളര്‍ത്തല്‍ കണ്ടു വളര്‍ന്ന വിജയന് അവയുടെ പരിപാലന രീതികള്‍ സ്വായത്തമാക്കാന്‍ വലിയ പ്രയാസമുണ്ടായില്ല. വിവിധ സംസ്ഥാനങ്ങളിലുടെ യാത്ര ചെയ്ത് അതത് പ്രദേശങ്ങളിലെ വീടുകളില്‍ വളര്‍ത്തുന്ന നല്ല ഇനം ജോഡികളെ കണ്ടെത്തിയാണു നാട്ടില്‍ എത്തിക്കുന്നതാണ് വിജയന്റെ രീതി. പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആടുകളാണ് ശേഖരത്തില്‍ എറെയും. ബീറ്റല്‍ ഇനം ആടുകളെയാണ് ഇവിടെ നിന്നു വാങ്ങുന്നത്. ആടുകളുടെ നീളം, ചെവിയുടെ വലുപ്പം കൊമ്പുകളുടെ ഭംഗി തുടങ്ങിയ ലക്ഷണങ്ങള്‍ നോക്കിയാണ് ആടുകളെ തെരഞ്ഞെടുക്കുന്നത്. 5 ലക്ഷം രൂപ വരെ വില വരുന്ന ആടുകള്‍ പല ഇന്ത്യന്‍ ഗ്രാമങ്ങളിലും ഉണ്ടെങ്കിലും തന്റെ പക്കല്‍ ഒരു ലക്ഷം രൂപ വരെ വിലവരുന്ന ഇനങ്ങളാണ് ഉള്ളതെന്ന് വിജയന് പറഞ്ഞു.
28 കിലോ തൂക്കം വരുന്ന കുട്ടി ആടുകളെയാണ് വില്‍ക്കുന്നത്. ഇവയുടെ ഇനങ്ങള്‍ അനുസരിച്ചാണ് വില. പ്രസവ സമയത്ത് തള്ള ആടിനെ തന്റെ കിടപ്പ് മുറിയിലാണ് പാര്‍പ്പിക്കുന്നത്. ഇപ്പോള്‍ ഒരാഴ്ച പിന്നിട്ട അഞ്ച് കുട്ടികളുണ്ട്.
വിദേശത്തെ ജോലി ഉപേക്ഷിച്ചാണ് വിജയന് മുഴുവന്‍ സമയ ആടു കര്‍ഷകനായത്. ഇനിയുള്ള ജീവിതം ആടുകള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് ഈ കര്ഷകന് തീരുമാനിച്ചിരിക്കുകയാണ്. ആട്ടിന്‍ കുട്ടികളെ മുതല്‍ പോര് ആടുകളെ വരെ ഒറ്റയ്ക്കാണ് വിജയന് പരിപാലിക്കുന്നത്. കേരളത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് വിജയന്റെ ആടു ജീവിതം നേരില്‍ കാണാനായി എത്തുന്നത്. കുറഞ്ഞ സ്ഥലത്ത് പരിമിതമായ സൗകര്യങ്ങളിലാണ് വിജയന്റെഫാം.
പ്രധാന ഇനങ്ങളും ആഹാര രീതിയും
സിരോഹി, ബീറ്റല്‍, കരോളി, പര്‍പ്പസാരി, ബുജിരി, അജ്മേരി തുടങ്ങി ഇരുപതിലധികം ഇനം ആടുകള്‍ ഫാമിലുണ്ട്.
ജമ്നാപ്യാരി ഇനം ആടുകളുടെ ജന്മനാട് ഉത്തര്‍പ്രദേശിലെ ജലൗണ്‍ ജില്ലയാണ്. പാലിനും മാംസത്തിനുമായാണ് പ്രധാനമായും വളര്‍ത്തുന്നത്. പുല്ല്, ഇലകൾ, തവിട്, പയറുകള്‍ തുടങ്ങിയവയെല്ലാം ഭക്ഷിക്കും.
ഇവയ്ക്ക് എല്ലാം പുറമേ പോരിനു കൊണ്ടു പോകുന്ന മൈലം ആടുകളും വിജയന്റെ ഫാമിലുണ്ട്. ഒരു ലക്ഷം രൂപ വരെ വിലുള്ള ഈ ആടിന് ബദാമും, അണ്ടി പരിപ്പും ചേര്‍ത്ത തീറ്റയാണ് നല്‍കുന്നത്.
ഒരു ലക്ഷം രൂപ വരെ വില ലഭിക്കുന്ന രാജസ്ഥാനി ആടുകളും ഫാമിലുണ്ട്. വംശനാശം നേരിടുന്ന വേലി ആടുകള്‍ പ്രധാന ആകര്‍ഷണമാണ്.
ഫോണ്‍ : 80862 02251
Tags :