x
ad
Sun, 10 August 2025
ad

ADVERTISEMENT

വനാമി ചാകര

നെല്ലി ചെങ്ങമനാട്‌
Published: July 28, 2025 04:30 PM IST | Updated: July 28, 2025 04:30 PM IST

കായംകുളത്ത് അഭിലാഷിന്

വനാമി ചാകര

കൃത്രിമ കുളത്തില്‍ വനാമി ചെമ്മീന്‍ വളര്‍ത്തി പ്രതിവര്‍ഷം 12,750 കിലോ ചെമ്മീന്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകനാണ് കായംകുളം കണ്ടല്ലൂര്‍ ചന്ദ്രനിവാസില്‍ വൈ. അഭിലാഷ്. കുറഞ്ഞ സ്ഥലത്തുനിന്നു ചുരുങ്ങിയ കാലയളവില്‍ ഉയര്‍ന്ന ഉത്പാദനം ഉറപ്പാക്കുന്ന അതിസാന്ദ്രതാ മത്സ്യക്കൃഷിയിലൂടെയാണ് അദ്ദേഹം നേട്ടം കൊയ്യുന്നത്. കൃഷിയെക്കുറിച്ചു നന്നായി പഠിച്ച് പരീക്ഷിച്ചു വിജയിക്കാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തിയശേഷം ചെമ്മീന്‍ വളര്‍ത്തലിലേക്ക് ഇറങ്ങിയാല്‍ സാമ്പത്തിക നഷ്ടം ഉണ്ടാവില്ലന്നാണ് ആര്‍മിയില്‍ നിന്നു വിരമിച്ച അഭിലാഷിന്‍റെ അഭിപ്രായം.

തുടക്കം
സര്‍വീസിലായിരുന്ന അവസരത്തില്‍ ഹരിയാനയിലും മറ്റുമുള്ള ചെമ്മീന്‍ ഫാമുകള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചിരുന്നു. തീര്‍ത്തും ചെലവ് കുറച്ചാണ് അവരുടെ കൃഷി. പരിപാലന മുറകളും പ്രത്യേക രീതിയിലാണ്. അതില്‍ ആകൃഷ്ടനായതോടെ ചെമ്മീന്‍ വളര്‍ത്തലിന്‍റെ ബാലപാഠങ്ങള്‍ പഠിച്ചു. അതോടെ റിട്ടയര്‍മെന്‍റിനുശേഷം സ്വന്തം നാടായ കായംകുളത്ത് ചെമ്മീന്‍ കൃഷി ആരംഭിക്കണമെന്ന മോഹം കലശലായി. പതിനാറു വര്‍ഷത്തെ ആര്‍മി സേവനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തി അധികം വൈകാതെ സ്വന്തം വീട്ടുവളപ്പില്‍ ചെറിയൊരു ടാങ്ക് നിര്‍മിച്ച് കുറച്ച് വനാമി ചെമ്മീനുകളെ വളര്‍ത്തി. അതു വിജയമായതോടെ 50 സെന്റ് സ്ഥലം പത്ത് വര്‍ഷത്തേക്കു പാട്ടത്തിനെടുത്ത് 1200 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഒരു കൃത്രിമ കുളം നിര്‍മിച്ചു. ബയോഫ്‌ളോക് മല്‍സ്യക്കൃഷിക്കാണ് തുടക്കമിട്ടത്. ദീര്‍ഘകാലം ഈട് നില്‍ക്കുന്ന നൈലോണ്‍ പി.വി.സി ടാര്‍പ്പോളിനാണു കുളം നിര്‍മാണത്തിന് ഉപയോഗിച്ചത്. ആദ്യഘട്ടത്തില്‍ 35 ലക്ഷത്തോളം രൂപ ചെലവായെങ്കിലും മികച്ച ഉത്പാദനത്തിലൂടെ മുടക്കുമുതല്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നു മാത്രമല്ല, കൂടുതല്‍ വരുമാനമുണ്ടാക്കാനും അഭിലാഷിനു കഴിഞ്ഞു.

വനാമി
ശാന്തസമുദ്രത്തിന്‍റെ കീഴക്കന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന പ്രത്യേകയിനം കൊഞ്ചാണ് വനാമി. വെള്ളക്കാലന്‍ കൊഞ്ച് എന്നും ഇതിനു പേരുണ്ട്. കൃഷിയിലൂടെ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന ചെമ്മീനാണ് വനാമി. മെക്‌സിക്കോ മുതല്‍ പെറുവരെയുള്ള ശാന്ത സമുദ്രപ്രദേശത്താണ് ഇവ കൂടുതലായും കാണപ്പെടുന്നത്. ഏറ്റവും അധികം വനാമി ചെമ്മീനുകളെ ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, കംബോഡിയ, പനാമ, യു.എസ്.എ തുടങ്ങി രാജ്യങ്ങളിലും മികച്ച രീതിയില്‍ കൃഷിയുണ്ട്.
കടലോരപ്രദേശങ്ങളിലും ലവണാംശമുള്ള ഉള്‍നാടന്‍ പ്രദേശങ്ങളിലും വനാമി ചെമ്മീന്‍ ലാഭകരമായി വളര്‍ത്താം. ഉയര്‍ന്ന വളര്‍ച്ച നിരക്കും നല്ല ഡിമാന്‍ഡും ഉള്ളതിനാല്‍ വനാമിയുടെ കൃഷി നഷ്ടമാകാറില്ല. എന്നാല്‍, വര്‍ധിച്ച പ്രാരംഭ മുതല്‍ മുടക്കാണ് പല കര്‍ഷകരെയും അകറ്റുന്നത്. ആദ്യഘട്ടത്തിലെ ചെലവ് കഴിഞ്ഞാല്‍ പിന്നീടുണ്ടാകുന്ന ചെലവുകള്‍ താരതമ്യേന കുറവാണെന്ന് അഭിലാഷ് പറഞ്ഞു.

വളര്‍ത്തല്‍ രീതി
വനാമി വളര്‍ത്തലിന് കേന്ദ്രസര്‍ ക്കാര്‍ അനുമതി നല്‍കിയതോടെ ആന്ധ്രപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ഏറെ പ്രചാരം നേടിയെങ്കിലും കേരളത്തില്‍ അത്ര പ്രചാരം കിട്ടിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു വരുന്ന ചെലവുകള്‍ കൂടുതലായതും വനാമിയെക്കുറിച്ചുള്ള അവബോധക്കുറവും അതിനു കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് വിത്ത് ഉത്പാദന കേന്ദ്രങ്ങള്‍ ഇല്ലാത്തതും പ്രശ്‌നമായി.

കുളം ഒരുക്കലിലൂടെയാണ് കൃഷിയുടെ തുടക്കം. സാധാരണ കുളമാണെങ്കില്‍ വറ്റിച്ച് ഉണക്കിയെടുക്കണം. കൃത്രിമ കുളവും വറ്റിക്കണം. മണ്ണിന്‍റെ അമ്ല, ക്ഷാര നില പരിശോധിച്ച് ആവശ്യമായ അളവില്‍ കുമ്മായം വിതറണം. ഓരോ പുതിയ ബാച്ചിനെ നിക്ഷേപിക്കുന്നതിനു മുമ്പും കുളം വറ്റിച്ച് കുമ്മായവും ബ്ലീച്ചിംഗ് പൗഡറും ഇട്ട് ശുദ്ധീകരിച്ചശേഷം വേണം കായല്‍ ജലം നിറയ്ക്കാന്‍. ആറടി ആഴമാണ് കുളത്തിന് വേണ്ടത്. ഒരു ചതുരശ്രമീറ്ററില്‍ അമ്പത് മുതല്‍ ആറ് വരെ കുഞ്ഞുങ്ങളെ വളര്‍ത്താം.

പോണ്ടിച്ചേരിയിലെ ഹാച്ചറിയില്‍ നിന്നാണ് അഭിലാഷ് രോഗാണു വിമുക്തമാക്കിയ കുഞ്ഞുങ്ങളെ വാങ്ങുന്നത്. വലിപ്പമനുസരിച്ച് ഒന്നിന് 35 മുതല്‍ 55 പൈസ വരെ നല്‍കണം. കൂടാതെ ഫാമില്‍ എത്തിക്കാനുള്ള ചെലവും. സാധാരണ പത്ത് മുതല്‍ പന്ത്രണ്ട് ദിവസം പ്രായമായ കുഞ്ഞുങ്ങളെയാണ് വാങ്ങുന്നത്. ഒരേ വലിപ്പമുള്ള കുഞ്ഞുങ്ങളായാല്‍ അഭികാമ്യം.

ചെമ്മീന്‍ കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിക്കുന്നതിനു മുമ്പു കുളത്തിലെ ജലവുമായി പൊരുത്തപ്പെടാന്‍ നഴ്‌സറി കുളത്തില്‍ രണ്ടാഴ്ച പരിചരിക്കും. പിന്നീടാണു കുളത്തിലേക്കു മാറ്റുന്നത്. നഴ്‌സറി കാലത്ത് പ്രത്യേകം തയാറാക്കിയ തീറ്റപ്പൊടി ദിവസേന അഞ്ച് നേരം നല്‍കും. കുളത്തിലേക്കു മാറ്റുമ്പോള്‍ ജലത്തിന്റെ ലവണാംശം അഞ്ച് പി.പി.റ്റിയില്‍ താഴാതെയും 40 പി.പി.റ്റിയില്‍ കൂടാതെയും നോക്കണം.

രോഗങ്ങള്‍
ചെമ്മീനുകള്‍ കുളത്തിന്‍റെ അടിത്തട്ടിലാണു ജീവിക്കുന്നത്. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തീറ്റ കൂടുതലായി വേണം. തുടര്‍ന്ന് തീറ്റ കുറച്ചു കുറച്ചു കൊണ്ടുവരണം. ശ്രദ്ധയേടെ നോക്കി പരിചരിച്ചാല്‍ രോഗങ്ങളെ അകറ്റിനിറുത്താം. വൈറസ്, ബാക്ടീരിയ, ഫംഗസ്, പരാദങ്ങള്‍ തുടങ്ങിയവയാണ് രോഗം പരത്തുന്നത്. രണ്ടാഴ്ചത്തെ ഇടവേളകളില്‍ ചെമ്മിന്‍റെ വളര്‍ച്ചയും ആരോഗ്യസ്ഥിതിയും പരിശോധിച്ച് തീറ്റയുടെ അളവ് ക്രമീകരിക്കുകയും ആവശ്യമെങ്കില്‍ രോഗപ്രതിരോധ മരുന്നുകള്‍ നല്‍കുകയും ചെയ്യണം.

ജലാശയങ്ങളില്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു മുമ്പായി വെള്ളത്തിന്‍റെ ലവണാംശവും ഊഷ്മാവും പൊരുത്തപ്പെടുത്തണം. നല്ലവെയിലുള്ള സമയത്ത് കുഞ്ഞുങ്ങളെ കുളത്തിലേക്ക് വിടരുത്. പകല്‍ ഒന്‍പതിനു മുമ്പും രാത്രി ഒന്‍പതിനു ശേഷവുമാണ് ഉചിതമായ സമയം. ഓക്‌സിജനേഷന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ എയറേറ്റര്‍ സംവിധാനം അത്യാവശ്യമാണ്. ജലം ശുദ്ധീകരിക്കുന്നതിനും മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും വളര്‍ച്ചയ്ക്ക് തുണയാകുന്നതിനും എയറേറ്ററുകള്‍ സഹായിക്കും.

പകല്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന മൂന്ന് എയറേറ്ററുകള്‍ അഭിലാഷ് സ്ഥാപിച്ചിട്ടുണ്ട്. രാത്രിയില്‍ എയര്‍ ടര്‍ബൈന്‍ എയറേറ്ററുകളും. ഇത് ജലത്തിനടിയില്‍ ചെറിയ കുമിളകള്‍ സൃഷ്ടിച്ച് കാര്യക്ഷമമായ രീതിയില്‍ താപനില നിയന്ത്രിച്ച് ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കും. അനുയോജ്യമായ ആവാസ വ്യവസ്ഥ ഒരുക്കിയാല്‍ അറുപത് ദിവസം കഴിയുമ്പോള്‍ മുതല്‍ ചെമ്മീന്‍ പിടിക്കാമെന്ന് അഭിലാഷ് പറഞ്ഞു.

ബയോഫ്‌ളോക്
മത്സ്യ ഉത്പാദനത്തില്‍ വഴിത്തിരിവായ കണ്ടുപിടുത്തമായിരുന്നു ബയോഫ്‌ളോക് രീതി. കുറഞ്ഞ ജലവിനിയോഗം, ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, രോഗപ്രതിരോധശേഷി വര്‍ധന, കുറഞ്ഞസ്ഥലം, ജൈവ സുരക്ഷയിലൂടെ മികച്ച മീനുകളുടെയും ചെമ്മീനുകളുടെയും ഉത്പാദനം തുടങ്ങിയവ അതിന്‍റെ പ്രത്യേകതകളാണ്. ഇതിനെക്കാള്‍ ലാഭകരമായ രീതിയാണ് ഡയാറ്റം ബയോഫ്‌ളോക്. ചെമ്മീന്‍ വളര്‍ത്തലില്‍ മൊളാഷസിനും വൈദ്യുതിക്കും വേണ്ടിവരുന്ന ഭാരിച്ച ചെലവ് നിയന്ത്രിക്കാനുള്ള ശ്രമത്തിനിടയിലാണ് പുത്തന്‍ രീതിയെക്കുറിച്ച് അഭിലാഷ് അറിഞ്ഞത്. മത്സ്യങ്ങള്‍ക്കുള്ള പ്രകൃതിയിലെ സൂപ്പര്‍ ഫുഡാണ് ഡയാറ്റം. ശുദ്ധജലത്തിലും സമുദ്രജലത്തിലും ഈര്‍പ്പമുള്ള സ്ഥലങ്ങളിലും വളരുവാന്‍ കഴിവുള്ളവയാണ് ഡയാറ്റമുകൾ. ഇവയില്‍ ഒമേഗ-3, ഫാറ്റി ആഡിഡുകൾ, പ്രോട്ടീനുകള്‍, കരോട്ടിനോയിഡുകള്‍ തുടങ്ങിയവയും മറ്റു പ്രോട്ടീനുകളും ധാരാളമായിട്ടുണ്ട്. ഇവ ചെമ്മീനുകള്‍ ഭക്ഷണമാക്കുന്നതിലൂടെ തീറ്റച്ചെലവ് നിയന്ത്രിക്കാനും ആരോഗ്യപരമായ വളര്‍ച്ച ഉറപ്പുവരുത്താനും കഴിയും. ഇവയുടെ സാന്നിധ്യം

മെച്ചപ്പെടുത്തിയാല്‍ ചെമ്മീനു നല്‍കുന്ന തീറ്റയുടെ അവശിഷ്ടങ്ങളും ചെമ്മീന്‍ മാലിന്യങ്ങളും ആഗിരണം ചെയ്ത് ഓക്‌സിജന്‍റെ അളവ് വര്‍ധിപ്പിക്കാം. ചെലവ് കുറച്ച് ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്ന ഡയാറ്റം, ജലത്തിന്‍റെ ഗുണവും മെച്ചപ്പെടുത്തും. തീറ്റയുടെ അളവും എയര്‍ പമ്പുകളുടെ എണ്ണവും കുറയ്ക്കാന്‍ കഴിയും. പുത്തന്‍ രീതിയിലൂടെ ചെമ്മീന്‍ വളര്‍ത്തല്‍ കൂടുതല്‍ ലാഭകരമാക്കാന്‍ സാധിക്കുന്നുണ്ടെന്ന് അഭിലാഷ് പറഞ്ഞു.

വിപണനം
വര്‍ഷം നാല്പതിനായിരം രൂപ പാട്ടം നല്‍കുന്ന ഭൂമിയിലാണു ചെമ്മീന്‍ വളര്‍ത്തൽ. കടവില്‍ ഫാം എന്നറിയപ്പെടുന്ന ചെമ്മീന്‍ കേന്ദ്രത്തില്‍ വര്‍ഷത്തില്‍ മൂന്നു തവണയാണു വിളവെടുപ്പ്. കുളത്തില്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിനു മുമ്പായി ഡയാറ്റം മൂന്നു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ക്കും. പിന്നീട് കുറയുന്നതനുസരിച്ചു ചേര്‍ത്തു നല്‍കും. ഇതുവഴി ബാക്ടീരിയകളുടെ വളര്‍ച്ച കൂടുകയും ജൈവ ഭക്ഷ്യവസ്തുക്കള്‍ ചെമ്മീനുകള്‍ക്ക് സുലഭമായി ഭക്ഷിക്കാന്‍ കിട്ടുകയും ചെയ്യും. ഇത് നടപ്പിലാക്കിയതോടെ 60 ദിവസം കൊണ്ട് ഒന്നിനു പത്ത് ഗ്രാമില്‍ കൂടുതല്‍ ഭാരം വച്ചു തുടങ്ങി. ഈ അവസരത്തില്‍ ആവശ്യക്കാര്‍ക്ക് പിടിച്ച് കൊടുക്കാം. 90 ദിവസമാകുന്നതോടെ 25 ഗ്രാം തൂക്കമെത്തും. 35 ഗ്രാം തൂക്കമുള്ള ചെമ്മീനുകള്‍ വരെ വിളയാറുണ്ടെന്ന് അഭിലാഷ് പറഞ്ഞു. മൂന്നു മാസം കഴിയുന്നതോടെ വിളവെടുപ്പ് പൂര്‍ത്തിയാക്കി അടുത്ത ബാച്ചിനുള്ള പണികള്‍ ആരംഭിക്കും.

രുചിയും ഗുണവും ഏറെയുള്ള വനാമി ചെമ്മീന് ആവശ്യക്കാരേറെയാണ്. ഫാമിലെത്തി വാങ്ങുന്ന വീട്ടുകാരില്‍ നിന്ന് കിലോയ്ക്ക് 400 രൂപ വില വാങ്ങും. കച്ചവടക്കാര്‍ക്ക് 380 രൂപയ്ക്കാണ് നല്‍കുന്നത്. രണ്ടു വലിയ കുളങ്ങള്‍ കൂടി നിര്‍മിച്ചു കൃഷി വികസിപ്പിക്കാനുള്ള ചിന്തയിലാണ് അഭിലാഷ്. ഭാര്യ ചിഞ്ചുവിന്‍റെ പിന്തുണയും പ്രേത്സാഹനവുമാണ് അഭിലാഷിന്‍റെ കരുത്ത്. ചെമ്മീന്‍ വളര്‍ത്തലിനെക്കുറിച്ച് അനുഭവത്തിലൂടെ നേടിയ അറിവുകള്‍ ആര്‍ക്കും പകര്‍ന്നു നല്‍കാന്‍ ഈ യുവകര്‍ഷകന്‍ തയാറാണ്.


ഫോണ്‍: 9596751637

Tags :

Recent News

Up