ADVERTISEMENT
കാലാവസ്ഥാമാറ്റം, ഉത്പാദനോപാധികളുടെ വിലക്കയറ്റം, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച, മതിയായ സര്‍ക്കാര്‍ പിന്തുണയുടെ അഭാവം തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് ഇന്ത്യയിലെ കാര്‍ഷിക മേഖല വര്‍ഷങ്ങളായി പ്രതിസന്ധിയിലാണ്. ഇന്ത്യയിലെ ഒരു കര്‍ഷക കുടുംബത്തിന്റെ പ്രതിമാസവരുമാനം കേവലം 13661 രൂപ മാത്രമാണെന്ന് അടുത്തയിടെ നബാര്‍ഡ് പ്രസിദ്ധീകരിച്ച നബാര്‍ഡ് ഓള് ഇന്ത്യ റൂറല്‍ ഫിനാല്‍ഷ്യല്‍ ഇന്‍ക്ലുഷന്‍ സര്‍വേ-നാഫിസ് (2021-22) വ്യക്തമാക്കുന്നു. ഇതില്‍ 33 ശതമാനം മാത്രമാണു കൃഷിയില്‍ നിന്നു ലഭിക്കുന്നത്. ഒരു കര്‍ഷക കുടുംബത്തിന് കൃഷിയില്‍ നിന്ന് ഒരു മാസം ലഭിക്കുന്ന വരുമാനം 4500 രൂപ മാത്രം. നബാര്‍ഡ് സര്‍വേ പ്രകാരം കേരളത്തില്‍ 22757 രൂപയാണ് വിവിധ സ്രോതസുകളില്‍ നിന്ന് ഒരു കര്‍ഷക കുടുംബത്തിനു ലഭിക്കുന്ന പ്രതിമാസ വരുമാനം. അതായത് ഒരു ദിവസം 750 രൂപയ്ക്കടുത്തു മാത്രം. അതേസമയം കേരളത്തില്‍ ഒരു കര്‍ഷക തൊഴിലാളിക്കു ലഭിക്കുന്ന ശരാശരി പ്രതിദിന വരുമാനം ഒരു കര്‍ഷക കുടുംബത്തിന് ഒരു ദിവസം ലഭിക്കുന്ന വരുമാനത്തിലും കൂടുതലാണ്. അടുത്തയിടെ പ്രസിദ്ധീകരിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2023-24 ലെ സ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം കേരളത്തിലെ ഒരു കര്‍ഷക തൊഴിലാളിക്ക് ഒരു ദിവസം ലഭിക്കുന്ന വേതനം 807 രൂപയാണ്. കൂലിപ്പണിക്കു ലഭിക്കുന്നതിലും കുറഞ്ഞ വരുമാനം കൃഷിയില്‍ നിന്നു ലഭിക്കുമ്പോള്‍ കര്‍ഷക കുടുംബങ്ങളിലെ പുതുതലമുറ കൃഷി ഉപേക്ഷിക്കുന്നതിനു കാരണം തേടി മറ്റെങ്ങും തെരയണ്ടതില്ല.
അതേസമയം, ഈ പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ കൃഷി വലിയ ദിശാമാറ്റത്തിന്റെ പാതയിലാണു താനും. ഏകവിള സമ്പ്രദായത്തില്‍ നിന്നും ബഹുവിള സമ്പ്രദായത്തിലൂന്നിയ സംയോജിത കൃഷിയിലേക്കും പരമ്പരാഗത വിളകളില്‍ നിന്നും പുതുവിളകളിലേക്കുമുള്ള മാറ്റവും മൂല്യവര്‍ധനവും വിപണനത്തിലെ പുതിയ രീതികളുമെല്ലാം പ്രതിസന്ധി മറികടക്കാന്‍ കര്‍ഷകര്‍ക്കു മുന്നിലുള്ള പുതുവഴികളാണ്. പരമ്പരാഗത വിളകളുടെ കൃഷിയേക്കാള്‍ പഴം-പച്ചക്കറി വിളകള്‍ അടങ്ങിയ ഹോര്‍ട്ടികള്‍ച്ചര്‍ മേഖല, മൃഗസംരക്ഷണം, മത്സ്യം വളര്‍ത്തല്‍ തുടങ്ങിയ മേഖലകളിലാണ് വളര്‍ച്ചാ നിരക്ക് കൂടുതൽ. സ്മാര്‍ട് ഫാമിംഗ് മുതല്‍ കാര്‍ബണ്‍ ഫാമിംഗ് വരെയുള്ള പുത്തന്‍ സാധ്യതകളുടെ വാതിലുകളാണ് കര്‍ഷകര്‍ക്കു മുന്നില്‍ തുറന്നിരിക്കുന്നത്. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് കൃഷിയിലും വിപണനത്തിലും കൂടുതല്‍ സ്മാര്‍ട്ടായ അവസരങ്ങള്‍ ഒരുക്കി നല്‍കുന്നുണ്ട്.
രാജ്യത്തെ ഗ്രാമങ്ങളിലെ 57 ശതമാനം കുടുംബങ്ങളും കര്‍ഷക കുടുംബങ്ങളാണെങ്കില്‍ കേരളത്തിലെ ഗ്രാമീണ കുടുംബങ്ങളില്‍ 18 ശതമാനം മാത്രമാണ് കര്‍ഷക കുടുംബങ്ങളെന്നാണ് നബാര്‍ഡ് സര്‍വേയിലെ മറ്റൊരു കണ്ടെത്തല്‍. കേരളത്തിലെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കണമെങ്കില്‍ നിരത്തിപ്പിടിച്ചുള്ള പ്രഖ്യാപനങ്ങളെക്കാള്‍ യഥാര്‍ഥ കര്‍ഷകരെ കൃത്യമായി കേന്ദ്രീകരിച്ചുള്ള കൃത്യമായ സാങ്കേതിക വിദ്യാ കൈമാറ്റം വേണ്ടി വരും. ഭൂപരിധി നിയമത്തില്‍ മാറ്റം വരുത്തി തോട്ടം മേഖലയില്‍ ഫലവര്‍ഗ വിളകളുടെ കൃഷി പരിമിതമായ തോതില്‍ അനുവദിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. അടുത്ത കാലത്ത് കേരളത്തില്‍ ചുവടുറപ്പിച്ചു കൊണ്ടിരിക്കുന്ന വിദേശ പഴങ്ങളുടെ വന്‍ തോതിലുള്ള വ്യാപനത്തിന് ഇതു വഴി തുറക്കും.
റംബൂട്ടാന്, മങ്കോസ്റ്റീന്‍ തോട്ടങ്ങള്‍ മുമ്പുതന്നെ കേരളത്തിലുണ്ടായിരുന്നുവെങ്കിലും വ്യാപകമായത് അടുത്ത കാലത്താണ്. റബര്‍ വെട്ടി മാറ്റി വിയറ്റ്നാം ഏര്‍ലി, ഡ്യാങ് സൂര്യ, ജെ -33 തുടങ്ങിയ വിദേശ പ്ലാവിനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന പ്ലാവിന് തോട്ടങ്ങള്‍ കേരളത്തില്‍ പലയിടത്തും കാണാം. പ്ലാവിലും മറ്റു വിദേശ ഫലവര്‍ഗങ്ങളിലും അധികം പടരാത്ത മികച്ച ഇനങ്ങള്‍ അതിസാന്ദ്രതാ രീതിയില്‍ (ഹൈ ഡെന്‍സിറ്റി) കൃഷി ചെയ്യുന്ന കര്‍ഷകരുമുണ്ട്. ചരല് കലര്‍ന്ന മണ്ണില്‍ പോലും കൃഷി ചെയ്യാവുന്ന ഡ്രാഗണ്‍ ഫ്രൂട്ടാണ് മറ്റൊരു താരം. ഡ്രാഗണ്‍ ഫ്രൂട്ട് ഡ്രമ്മുകളില്‍ മണ്ണില്ലാത്ത മാധ്യമത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാനുള്ള സാങ്കേതിക വിദ്യ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്. മണ്ണില്ലാത്ത മാധ്യമങ്ങളില്‍ വളര്‍ത്തുമ്പോള്‍ കീട-രോഗ ബാധ കുറവായിരിക്കും. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഡ്രാഗണ്‍ ഫ്രൂട്ട് വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതു കേരളത്തിന് വെല്ലുവിളിയാണ്.
ഹൈറേഞ്ചുകളിലാണ് വാണിജ്യാടിസ്ഥാനത്തിലുള്ള അവ്ക്കാഡോ കൃഷി കൂടുതല്‍ വ്യാപകം. ലിച്ചിയും ഹൈറേഞ്ചുകളില്‍ നന്നായി വിളയും. ഗന്ധം ചിലര്‍ക്കു പിടിക്കില്ലെങ്കിലും തായ്ലന്ഡ്, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ദൂരിയന്‍ ഇന്ത്യന്‍ പട്ടണങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിറയുകയാണ്. ഇത് കേരളത്തില്‍ വളര്‍ത്താന്‍ തികച്ചും അനുയോജ്യവുമാണ്. കേരളത്തിന്റെ സമതലങ്ങളിലും ഹൈറേഞ്ചുകളിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്ന മറ്റൊരു വിദേശ പഴവര്‍ഗമാണ് ലോങ്ങന്‍. ആമസോണില്‍ നിന്നെത്തിയ അബിയു പഴവും കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. തോട്ടം മേഖലയില്‍ സര്‍ക്കാര്‍ നയം മാറ്റത്തിനൊരുങ്ങുമ്പോള് കൈവശ ഭൂമിക്ക് 15 ഏക്കര്‍ വിസ്തൃതി എന്ന പരിധി നീക്കണം. വാണിജ്യ പഴവര്‍ഗ കൃഷിയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കത്തക്കവിധം നയം മാറ്റവും ഗവേഷണ-വിപണന മേഖലകളില്‍ ഗവണ്മെന്റ് പിന്തുണയും വേണ്ടിവരും.
വീട്ടുവളപ്പിലും ടെറസിലും' ഡ്രമ്മുകളില്‍ അധികം പടരാത്ത മാവും പേരയും ചില ഫലവൃക്ഷങ്ങളും വളര്‍ത്തുന്നതു കര്‍ഷകര്‍ക്കിടയില്‍ ഇപ്പോള്‍ വ്യാപകമാണ്. എയര്‍പോട്ടുകളില്‍ എയര്‍ പ്രൂണിംഗിലൂടെ ഫലവര്‍ഗ വിളകള്‍ വലിപ്പം നിയന്ത്രിച്ചു വളര്‍ത്തുന്ന വിദേശ സാങ്കേതിക വിദ്യയും കേരളത്തില്‍ പ്രചരിക്കുന്നുണ്ട്. ഏതു ചെടിയും എയര്‍പോട്ടുകളില്‍ ആരോഗ്യകരമായി വളര്‍ത്താം. ചെടികള്‍ വളര്‍ത്തുന്ന എയര്പോട്ടുകളുടെ ഭിത്തിയില്‍ ദ്വാരങ്ങളുള്ളതിനാല്‍ വേരുകള്‍ വായുവുമായി സമ്പര്‍ക്കത്തിലായിരിക്കും. ഈ വേരുകള്‍ സ്വാഭാവികമായി പ്രൂണ്‍ ചെയ്യപ്പെടും. ആരോഗ്യകരമായ വേരുകള്‍ നിലനില്ക്കുകയും പോഷകങ്ങളും ജലവും ചെടികള്‍ കൂടുതല്‍ കാര്യക്ഷമമായി വിനിയോഗിക്കുകയും ചെയ്യും' ചെടികളുടെ വലിപ്പം നിയന്ത്രിച്ച് ഒതുക്കി വളര്‍ത്താം.
മണ്ണില്ലാ കൃഷിയുടെ പല മാതൃകകളും സംരംഭകരായ യുവ കര്‍ഷകര്‍ പരീക്ഷിക്കുന്നുണ്ട്. മണ്ണില്ലാ മാധ്യമങ്ങളില്‍ ചെടികള്‍ വളര്‍ത്തുന്ന ഹൈഡ്രോപോണിക്സ്, എയറോപോണിക്സ്, വെര്‍ട്ടിക്കല്‍ ഫാമിംഗ് തുടങ്ങിയ ഹൈടെക് രീതികളില്‍ സ്ഥലം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കാം. ഒരു ചതുരശ്ര മീറ്ററില്‍ നിന്നുള്ള ഉത്പാദനം പരമ്പരാഗത രീതിയേക്കാള്‍ വളരെ കൂടുതലായിരിക്കും. കീടബാധ കുറവ്. ജലവും വളവും ലാഭിക്കാം.
അടുത്ത ഹരിത വിപ്ലവം നിര്‍മിത ബുദ്ധിയുടെ (എഐ) ഉപയോഗത്തിലൂടെയായിരിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു. കൃത്യമായ കാലാവസ്ഥാ പ്രവചനം, കീട-രോഗ സാധ്യത മുന്‍കൂട്ടി പ്രവചിക്കല്‍, വിതരണ ശൃംഖലയുടെ മാനേജ്മെന്റ്, വിപണനം, ജലത്തിന്റെയും വളത്തിന്റെയും കൃത്യമായ വിനിയോഗം തുടങ്ങിയവയിലെല്ലാം എഐ സാങ്കേതിക വിദ്യ കര്‍ഷകര്‍ക്കു കൃത്യമായ നിര്‍ദേശം നല്‍കും. നിര്‍മിത ബുദ്ധി, മെഷീന് ലേണിംഗ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ഡ്രോണ്‍ ടെക്നോളജി തുടങ്ങിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്കിടയില്‍ വ്യാപകമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഡിജിറ്റല്‍ അഗ്രികള്‍ച്ചര്‍ മിഷന് (ഡിഎഎം) ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരുടെ നാട്ടറിവുകളും പാരമ്പര്യവിജ്ഞാനവും നിര്‍മിത ബുദ്ധിയും തമ്മില്‍ ബന്ധിപ്പിച്ച് ചെറുകിട കര്‍ഷകരുടെ പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഹൈബ്രിഡ് അഗ്രികള്‍ച്ചറല്‍ ഇന്റലിജന്‍സ് (എച്ച്എ ഐ) ഈ മേഖലയിലെ ഏറ്റവും പുതിയ എഐ മോഡലാണ്.
മാറുന്ന കാലാവസ്ഥയില്‍ പഴയ കൃഷി മാതൃകകള്‍ കൊണ്ട് കര്ഷകന് അതിജീവിക്കാനാവില്ല. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ക്ലൈമറ്റ് സ്മാര്‍ട്ട് കൃഷി രീതികള്‍ തന്നെ പിന്തുടരേണ്ടി വരും. അഖിലേന്ത്യാ തലത്തില്‍ കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ വിവിധ വിളകളിലായി 455 പുതിയ വിത്തിനങ്ങളാണ് 2024 ല്‍ കേന്ദ്ര ഗവണ്മെന്റ് പുറത്തിറക്കിയത്. വരള്‍ച്ചയോടും പ്രതികൂല കാലാവസ്ഥയോടും പൊരുതുന്നവയാണ് ഈ വിത്തിനങ്ങൾ. ഈ വര്‍ഷം മുതല്‍ കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കേരളത്തില്‍ ലോകബാങ്ക് സഹായത്തോടെ 2400 കോടി രൂപയുടെ വായ്പാ പദ്ധതി നടപ്പാക്കാന്‍ പോവുകയാണ്. നെല്ല്, റബര്‍, കാപ്പി, ഏലം തുടങ്ങിയവയില്‍ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുന്ന കൃഷി രീതികള്‍ നടപ്പാക്കും. കേര' (കേരള ക്ലൈമറ്റ് റെസലിയന്റ് അഗ്രി വാല്യു ചെയിന്‍ മോഡണൈസേഷന്‍ പ്രോജക്ട്) പദ്ധതിയില്‍ 500 കോടി രൂപയാണ് നെല്‍കൃഷി പ്രോത്സാഹനത്തിനു വേണ്ടി ചെലവഴിക്കുന്നത്. നെല്‍കൃഷിയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് ഉത്പാദനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഫിലിപ്പൈന്‍സിലെ അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് സാങ്കേതിക സഹായം നല്‍കുന്നത്.
അപ്രവചനീയമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ലോകം അതിവേഗം അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കുന്ന ഹരിത സമ്പദ് വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കൃഷിയിലും ഈ മാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ കാണാം. സുസ്ഥിരമായി വിളവ് വര്‍ധിപ്പിക്കുന്നതോടൊപ്പം കൃഷിയില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുകയും വേണം. ക്ലൈമറ്റ് സ്മാര്‍ട് കൃഷി രീതികള്‍ക്കൊപ്പം പ്രകൃതി കൃഷി, പുനരുജ്ജീവനത്തിന്റെ കൃഷി (ഞലഴലിലൃമശേ്ല അഴൃശരൗഹൗേൃല) തുടങ്ങിയ പ്രകൃതി സൗഹൃദ കൃഷി രീതികളും ഇതിന്റെ ഭാഗമായി പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഈ മാറ്റം ഏക വിള സമ്പ്രദായത്തില്‍ നിന്നും ബഹുവിള സമ്പ്രദായത്തിലേക്കു മാറി ജൈവവൈവിധ്യം സംരക്ഷിക്കും. മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കും. അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കും. ജനങ്ങള്‍ക്ക് വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കും.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഒരു കോടി കര്‍ഷകരെ പ്രകൃതി കൃഷി പരിശീലിപ്പിക്കാനുള്ള നാഷണല്‍ മിഷന് ഓണ്‍ നാച്ചുറല്‍ ഫാമിംഗ് (എന്എംഎന്എഫ്) കേന്ദ്ര ഗവണ്മെന്റ് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഏഴര ലക്ഷം ഹെക്ടര്‍ പുതുതായി പ്രകൃതി കൃഷിയില്‍ കൊണ്ടുവരും. താത്പര്യമുള്ള പഞ്ചായത്തുകളെ പങ്കെടുപ്പിച്ച് 15000 പ്രകൃതി കൃഷി ക്ലസ്റ്ററുകള്‍ സ്ഥാപിക്കും. പ്രകൃതി കൃഷിക്കു വേണ്ട ഉത്പാദനോപാധികള്‍ തയാറാക്കാന്‍ 10000 ബയോ ഇന്‍പുട്ട് റിസോഴ്സ് സെന്ററുകള്‍ സ്ഥാപിക്കും. പ്രകൃതി കൃഷിയില്‍ കര്‍ഷകരെ സഹായിക്കാന്‍ 10000 'കൃഷിസഖി' മാരെ നിയമിക്കും. അഗ്രോ - ഇക്കോളജിക്കല്‍ സമീപനത്തിലൂടെ കൃഷിയെ പ്രാദേശിക ആവാസവ്യൂഹവുമായി ബന്ധിപ്പിക്കുന്ന പുനരുജ്ജീവന കൃഷിയും ശ്രദ്ധ നേടിയിട്ടുണ്ട്.
അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ചു കൊണ്ടുവരാനും ആഗോള താപനിലയിലെ വര്‍ധനവ് ഒന്നര ഡിഗ്രി സെല്‍ഷ്യസിലോ ഏറ്റവും മോശപ്പെട്ട സാഹചര്യത്തില്‍ പരമാവധി രണ്ട് ഡിഗ്രി സെല്‍ഷ്യസിലോ പിടിച്ചു നിര്‍ത്താനുമായിരുന്നു 2015 ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ തീരുമാനം. ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 6 രാജ്യങ്ങള്‍ക്ക് അവരുടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങള്‍ നേടാന്‍ കാര്‍ബണ്‍ വിപണികളില്‍ കാര്‍ബണ്‍ ക്രെഡിറ്റുകള്‍ വില്‍ക്കാമെന്ന് വ്യവസ്ഥ ചെയ്യുന്നു. അന്തരീക്ഷത്തില്‍ നിന്ന് നീക്കം ചെയ്യുന്നതോ ഒഴിവാക്കുന്നതോ വേര്‍തിരിച്ച് ഇല്ലാതാക്കുന്നതോ ആയ ഒരു മെട്രിക് ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡിനോ തത്തുല്യമായ ഹരിതഗൃഹ വാതകത്തിനോ നല്‍കുന്നതാണ് ഒരു കാര്‍ബണ്‍ ക്രെഡിറ്റ്. ഇത്തരം ക്രെഡിറ്റുകള്‍ കാര്‍ബണ്‍ വിപണിയില്‍ വിറ്റ് കാശാക്കാം. പ്രകൃതി സൗഹൃദ കൃഷിരീതികളിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്ന 'കാര്‍ബണ്‍ ഫാമിംഗ് ' നടത്തുന്ന കര്‍ഷകര്‍ക്കും കാര്‍ബണ്‍ ക്രെഡിറ്റ് വിറ്റ് പണം നേടാം. അസര്ബെയ്ജാന് തലസ്ഥാനമായ ബാകുവില്‍ അടുത്തിയിടെ സമാപിച്ച 29-മത് കാലാവസ്ഥാ ഉച്ചകോടി ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തില്‍ സുതാര്യമായ കാര്‍ബണ്‍ വിപണി സ്ഥാപിക്കുന്നതിനുള്ള ചട്ടങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. 2025 അവസാനത്തോടെ ഇന്ത്യയിലും കാര്‍ബണ്‍ വിപണി സജീവമാകും.
കൃഷിയില്‍ നിന്നുള്ള വരുമാനം വര്‍ഷങ്ങളായി നിശ്ചലമാണ്. കാലാവസ്ഥാ വ്യതിയാനം ഉത്പാദനം അനിശ്ചിതത്വത്തിലാക്കുന്നു. കൃഷിച്ചെലവ് നിയന്ത്രണാതീതമായി ഉയരുന്നു. കര്‍ഷകരില്‍ ഭൂരിപക്ഷവും കടക്കെണിയിലാണ്.കേരളത്തില്‍ 61 ശതമാനം ഗ്രാമീണ കുടുംബങ്ങളും കടക്കെണിയിലാണെന്ന് നബാര്‍ഡ് സര്‍വേ വ്യക്തമാക്കുന്നു. ഗ്രാമീണ കുടുംബങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടമുളളത് കേരളത്തിലാണ്. ഇവിടെ കടബാധ്യതയുള്ള ഒരു ഗ്രാമീണ കുടുംബത്തിന്റെ ശരാശരി കടം 198951 രൂപയാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയും പുതിയ സ്മാര്‍ട് കൃഷിരീതികളും വരുമാനം വര്‍ധിപ്പിക്കാനുള്ള പുതിയ അവസരങ്ങള്‍ കര്ഷകന് വാഗ്ദാനം ചെയ്യുന്നു.എന്നാല്‍ ഒറ്റയ്ക്ക് ഈ അവസരങ്ങള്‍ മുതലാക്കാവുന്ന അവസ്ഥയിലല്ല സാധാരണ കര്‍ഷകര്‍. അതിന് ഉത്പാദക സംഘടനകൾ, കര്‍ഷക കൂട്ടായ്മകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയുടെ സഹായം വേണ്ടി വരും.
ഫോൺ: 9387100119
Tags :