x
ad
Sun, 10 August 2025
ad

ADVERTISEMENT

ടെറസ്‌കൃഷി

ആഷ്ണ തങ്കച്ചന്‍
Published: July 29, 2025 03:00 PM IST | Updated: July 29, 2025 03:00 PM IST

ടെറസിലും നന്നായി വിളയും

ഗാഗ് ഫ്രൂട്ട്

നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം ചെങ്ങമനാട്ട് പ്ലാക്കല്‍ പാപ്പു കുഞ്ഞുമോന്‍റെ വീടിന്‍റെ ടെറസിലേക്ക് നോക്കാതെ ആര്‍ക്കും ആ വഴി കടന്നു പോകാനാവില്ല. ടെറസിലെ വിശാലമായ പന്തലില്‍ നിറഞ്ഞു കായ്ച്ചു കിടക്കുന്ന ഗാഗ് ഫ്രൂട്ടുകൾ. പരിചരണച്ചെലവുകള്‍ തീരെയില്ലാതെ മികച്ച വരുമാനം ഉറപ്പാക്കുകയാണ് ഹെവന്‍ ഫ്രൂട്ട് എന്നറിയപ്പെടുന്ന ഈ വിയറ്റ്‌നാം പഴം.

തുടക്കം
കാര്‍ഷിക പാരമ്പര്യത്തില്‍ വളര്‍ന്ന കുഞ്ഞുമോന് സ്ഥല പരിമിതികളൊന്നും പ്രശ്‌നമല്ല. ഒരു യാത്രക്കിടയിലാണ് ഗാഗ് ഫ്രൂട്ട് പരിചയപ്പെട്ടത്. ഇത് ടെറസില്‍ വളര്‍ത്താന്‍ കഴിയുമെന്നു മനസിലാക്കിയതോടെ രണ്ട് തൈകള്‍ വാങ്ങി നട്ടെങ്കിലും പിടിച്ചില്ല. പിന്നീട് നാല് തൈകള്‍ നട്ടു. അവ നന്നായി വളര്‍ന്ന്, ടെറസിനു മുകളിലെ 800 ചതുരശ്ര അടി പന്തലില്‍ പടര്‍ന്നു. പഴത്തിന്‍റെ ആരോഗ്യഗുണങ്ങള്‍ കേട്ടറിഞ്ഞു നിരവധിപ്പേരാണ് വാങ്ങാനെത്തുന്നത്. ഇതില്‍ ബീറ്റാ കരോട്ടിനും ലൈക്കോപീനും ഉയര്‍ന്ന തോതിലുണ്ട്.

കൃഷിരീതി
ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പന്തല്‍ ഇനമാണ് ഗാഗ് ഫ്രൂട്ട്. കുറഞ്ഞത് അഞ്ച് വര്‍ഷം വരെ മികച്ച വിളവ് ലഭിക്കും. ആണ്‍ പെണ്‍ ചെടികളുണ്ട്. പൂവിട്ട് തുടങ്ങിയാല്‍ മാത്രമേ തിരിച്ചറിയാന്‍ കഴിയൂ. അതുകൊണ്ട് മൂന്നു ചെടികള്‍ വീതം ഒരു തടത്തില്‍ നടുന്നതാണ് ഉത്തമം. വ്യവസായിക കൃഷിയില്‍ വലിയ പന്തലുകള്‍ ഒരുക്കി പത്തടി അകലത്തില്‍ ഒരു ചെടി വീതം നടാം. അങ്കുരണശേഷി വളരെ കുറവുള്ള വിത്തുകളാണ് ഗാഗ് ഫ്രൂട്ടിന്‍റേത്. ഒരു ദിവസം വെള്ളത്തില്‍ കുതിര്‍ത്തശേഷം നഴ്‌സറി കപ്പുകളില്‍ പാകണം. ഒരു മാസത്തിനു ശേഷം മുള വന്നുതുടങ്ങും. എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തണം. സൂര്യപ്രകാശം നേരിട്ട് അടിക്കാന്‍ പാടില്ല. മൂന്നോ നാലോ ഇലകള്‍ വന്നശേഷം കൃഷിയിടത്തിലേക്ക് മാറ്റി നടാം. സമൃദ്ധമായി ഇലകളുണ്ടാകും. ഗ്രോബാഗുകളും ചെറിയ ചട്ടികളും നടീലിന് ഉപയോഗിക്കരുത്. 150 ലിറ്ററിന്‍റെ ഡ്രമ്മുകളാണ് നല്ലത്. വളര്‍ച്ച സുഗമകാക്കാന്‍ നിലത്ത് നടുന്നതാണ് ഉത്തമം.
നിലത്ത് കുഴികളെടുത്ത് ആട്ടിൻ കാഷ്ടവും പച്ചിലകളും ഇട്ടു മൂടിയ വലിയൊരു തടത്തില്‍ നാല് തൈകളാണ് കുഞ്ഞുമോന്‍ നട്ടത്. പടര്‍ന്ന് തുടങ്ങിയപ്പോള്‍ ടെറസിന് മുകളിലേക്ക് കയറുകെട്ടി പടര്‍ത്തി. നിലത്ത് നട്ടാല്‍ ചെടികള്‍ക്ക് പോഷക ദാരിദ്ര്യം ഉണ്ടാകില്ല. ചട്ടികളിലും ഡ്രമ്മുകളിലും വളര്‍ത്തിയാല്‍ മൂന്നു മാസത്തിലൊരിക്കല്‍ വളം നല്‍കേണ്ടിവരും. എന്നാല്‍ നിലത്താണെങ്കില്‍ വളം നല്‍കിയില്ലങ്കിലും കുഴപ്പമില്ല. ചെടികളുടെ തണ്ടുകള്‍ ശേഖരിച്ച് വേര് പിടിപ്പിച്ചെടുത്ത് തൈകള്‍ ഉണ്ടാക്കുന്ന രീതിയും പ്രചാരത്തിലുണ്ട്.

പരാഗണം
ആറ് മാസം കഴിയുന്നതോടെ പുഷ്പിച്ചു തുടങ്ങും. ഈ സമയത്ത് ആണ്‍-പെണ്‍ ചെടികളെ തിരിച്ചറിയാം. വ്യവസായിക കൃഷിയില്‍ പത്ത് പെണ്‍ ചെടികള്‍ക്ക് ഒരാണ്‍ ചെടി എന്നതാണ് കണക്ക്. കൂടുതലുള്ളതു നശിപ്പിച്ച് കളയാം. പുരയിടക്കൃഷിയില്‍ പരമാവധി മൂന്ന് മുതല്‍ അഞ്ച് തൈകള്‍ വരെയാണു നടുന്നത്. അതിന് ഒരാണ്‍ ചെടി മതിയാകും. ഇവയെ ഒരുമിച്ച് ഒരു പന്തലില്‍ പടര്‍ത്തി വിടണം. പന്തലിനു പകരം മരങ്ങളില്‍ പടര്‍ത്തിയാല്‍ ഉത്പാദനം ഗണ്യമായി കുറയും.

വലിപ്പവും ഗുണമേന്മയുമുള്ള കായ്കള്‍ കൂടുതലായി ഉണ്ടാകണമെങ്കില്‍ പരാഗണം നടക്കണം. സാധാരണ ഗതിയില്‍ പ്രാണികളാണ് പരാഗണം നടത്തുന്നത്. എന്നാൽ, ഇക്കാര്യത്തില്‍ കര്‍ഷകനും ശ്രദ്ധ വയ്ക്കണം. ആണ്‍ പൂക്കള്‍ വിരിഞ്ഞ് സൂര്യപ്രകാശം കൂടുതലായി എത്തുന്നതിനു മുമ്പേ ആണ്‍പൂക്കളിലെ പൂമ്പൊടി പെണ്‍പൂക്കളില്‍ നിക്ഷേപിക്കണം. തേനീച്ചകളും ചെറുതേനീച്ചകളും കൃഷിയിടത്തില്‍ ഉണ്ടെങ്കില്‍ 80 ശതമാനത്തോളം പരാഗണം ഉറപ്പാക്കാം.

പരിചരണം
ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ നന്നായി വളരും. എന്നാല്‍, കൂടുതല്‍ തണുപ്പുള്ള പ്രദേശങ്ങളില്‍ വളര്‍ച്ച കുറയും. വായുസഞ്ചാരം കൂടുതല്‍ വേണം. ചെടികളുടെ ചുവട്ടില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തണം. വേനല്‍ക്കാലത്ത് നന അത്യാവശ്യം. മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. പൊതുവെ കീടരോഗബാധകള്‍ വളരെ കുറവാണ്. ഇളം തണ്ടുകളെയും കായ്കളെയും ആക്രമിക്കുന്ന ചെറുകീടങ്ങളാണ് പ്രധാന ശല്യക്കാർ. ഇവയെ നിയന്ത്രിക്കാന്‍ പന്തലിലേക്ക് നീറുകളെ കയറ്റി വിട്ടിരിക്കുകയാണ് കുഞ്ഞുമോൻ.

വളര്‍ച്ച കുറവാണെങ്കില്‍ ചാണകപ്പൊടിയും കംബോസ്റ്റു വളവും നല്‍കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തു വേണം പന്തലിടാൻ. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് പുഷ്പിക്കൽ. വിളവെടുപ്പിനു ശേഷം പ്രൂണിംഗ് നടത്തണം. സാധാരണ ഒരു ചെടിയില്‍ നിന്ന് വര്‍ഷം അന്‍പതില്‍ കുറയാത്ത പഴങ്ങള്‍ ലഭിക്കും.

വിളവെടുപ്പ്
ദീര്‍ഘവൃത്താകൃതിയിലുള്ള ഫലങ്ങളില്‍ നിറയെ മുള്ളുകളുണ്ട്. പച്ച നിറത്തിലുണ്ടാകുന്ന ഫലങ്ങള്‍ മൂക്കുന്നതോടെ ഓറഞ്ച് നിറവും പഴുത്ത് തുടങ്ങുമ്പോള്‍ ചുവപ്പുമായി മാറും. വിത്തുകള്‍ക്ക് ചാരനിറമാണ്. പച്ചയ്ക്ക് പറിച്ചെടുത്താല്‍ കറിക്കും അച്ചാറിനും ഉപയോഗിക്കാം. പച്ച കായ്ക്ക് പാവയ്ക്ക പോലെ ചെറിയ കായ്പ്പുണ്ട്. ഇലകളും പാചകത്തിന് നല്ലതാണ്.
കയറ്റുമതിക്കായി പഴങ്ങള്‍ ശേഖരിക്കുന്നത് ഓറഞ്ച് നിറത്തില്‍ നിന്ന് ചുവപ്പിലേയ്ക്ക് മാറി തുടങ്ങുമ്പോഴാണ്. ചതയാതെ തണ്ടോടുകൂടി ശേഖരിക്കുന്ന പഴങ്ങള്‍ രണ്ടാഴ്ച വരെ സൂക്ഷിക്കാം. പ്രാദേശിക മാര്‍ക്കറ്റുകളിലേക്കുള്ളത് നല്ല ചുവപ്പ് നിറമായശേഷം പറിച്ചാല്‍ മതിയാകും. സാധാരണ 150 മുതല്‍ 500 ഗ്രാം വരെ തൂക്കമുള്ള പഴങ്ങളാണു കിട്ടുന്നത്. കയറ്റുമതിക്ക് 200 ഗ്രാമില്‍ കൂടുതല്‍ തുക്കം വേണം. പ്രധാനമായും ജ്യൂസിനാണ് ഉപയോഗിക്കുന്നത്. മൂല്യവര്‍ധിത ഉത്പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്. വിത്തുകള്‍ ഉണക്കി എണ്ണയെടുക്കുന്ന രീതിയും വിദേശരാജ്യങ്ങളിലുണ്ട്.

വിത്തുകള്‍ ശേഖരിച്ച് എണ്ണയെടുക്കാനുള്ള ശ്രമത്തിലാണ് പാപ്പു കുഞ്ഞുമോൻ. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന എണ്ണയില്‍ 69 ശതമാനം അപൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആയുര്‍വേദ മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്. പോഷകസമൃദ്ധമായ പഴത്തിന്‍റെ വിത്തും പള്‍പ്പുമെല്ലാം ഭക്ഷ്യയോഗ്യമാണ്.

പഴത്തിന്‍റെ മുള്ളുകളുള്ള ബാഹ്യാവരണം മാറ്റിയാല്‍ നേരിയ മഞ്ഞനിറമുള്ള മാംസളമായ ഭാഗമാണ്. ചുവപ്പ് നിറമുള്ള കൊഴുപ്പിലാണ് വിത്തുകള്‍ ഇരിക്കുന്നത്. ഒരു കിലോ വിത്തിന് അറുനൂറ് മുതല്‍ രണ്ടായിരം രൂപവരെ വിലയുണ്ട്. എണ്ണയ്ക്ക് മോഹവിലയാണ്. പഴങ്ങള്‍ ജ്യൂസാക്കി ഫ്രിഡ്ജിലെ ഐസ് ട്രേകളില്‍ ഒരു വര്‍ഷംവരെ സൂക്ഷിക്കാം. തിളപ്പിച്ച് ആറിയ പാലില്‍ ഒരു ജ്യൂസ് കട്ട ഇട്ടു യോജിപ്പിച്ചശേഷം ആവശ്യത്തിന് ശര്‍ക്കര ചേര്‍ത്ത് കുടിക്കാം. പഞ്ചസാര ചേര്‍ക്കാതിരിക്കുന്നതാണ് ഉത്തമം.
ഗാഗ് ഫ്രൂട്ടിന് ആവശ്യക്കാരേറെയാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 600 മുതല്‍ ആയിരം രൂപ വരെയാണ് കിലോ വില. നേരിട്ട് എത്തി വാങ്ങുന്നവരുമുണ്ട്. ഓണ്‍ലൈന്‍ കച്ചവടക്കാരും വാങ്ങി കൊണ്ടുപോകുന്നുണ്ട്.

ഫോണ്‍: 8289892665

Tags :

Recent News

Up