ADVERTISEMENT
പുഷ്പിക്കുന്ന സസ്യങ്ങളിലെ 'റൂബിയേസിയെ' കുടുംബത്തില്‍പ്പെട്ട ജനുസാണു കാപ്പി. കുറ്റിച്ചെടികളായും ചെറുമരങ്ങളായും വളരുന്ന ഇവയുടെ ജന്മദേശം കിഴക്കെ ആഫ്രിക്കയിലെ എത്യോപ്യയിലെ 'കാഫ്ഫാ'എന്ന സ്ഥലമാണ്. അതുകൊണ്ടാവാം കോഫി എന്നു പേരു കിട്ടിയത്. കോഫിയിലെ ആല്‍ക്കലോയിഡ് ആയ 'കഫീന്‍' അടങ്ങിയ കോഫി ലോകത്തെ ഏറ്റവും പ്രിയങ്കരമായ ഉത്തേജന പാനീയങ്ങളിലൊന്നാണ്. അറബിക്ക, റോബസ്റ്റ എന്നിവയാണ് പ്രധാന കാപ്പി ഇനങ്ങൾ. ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 'കോഫിയറബിക്ക', 'കോഫിറോബസ്റ്റ' എന്നീ ഇനങ്ങളാണ് മുഖ്യമായി കൃഷി ചെയ്യുന്നത്. ഇന്ത്യ ഏഴാം സ്ഥാനത്താണ്. ഇന്ത്യയിലെ മൊത്തം ഉത്പാദനത്തില്‍ 71 ശതമാനവും കര്‍ണാടകയിലാണ്. അതില്‍ ഏറ്റവും കൂടുതല്‍ കുടക് ജില്ലയിലും. (ഇന്ത്യയുടെ മൊത്തം കാപ്പിയുടെ 33 ശതമാനവും കുടക് ജില്ലയിലാണ്) കേരളത്തിന്‍റെ വിഹിതം 21 ശതമാനമാണ്. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളാണ് മുന്നിൽ. തമിഴ്‌നാടിന്‍റെ ഉത്പാദനം 5 ശതമാനം മാത്രം.
100-120 മില്ലിമീറ്റര്‍ മഴയും 28 ഡിഗ്രി സെല്‍ഷ്യസ് ചൂടും ലഭിക്കുന്ന നീര്‍വാര്‍ ചയുള്ള മണ്ണാണ് കാപ്പി കൃഷിക്ക് അനുയോജ്യം. തണലില്‍ വളരാനാണ് ഇഷ്ടം. രാജ്യത്ത് 2,50000 കാപ്പി കര്‍ഷകരുണ്ടെന്നാണ് കണക്ക്. ഇതില്‍ 98 ശതമാനവും ചെറുകിട കര്‍ഷകരാണ്. ഉത്പാദനത്തിന്‍റെ 80 ശതമാനവും കയറ്റുമതി ചെയ്യുന്നു. ജര്‍മനി, ഇറ്റലി, റഷ്യ, സ്‌പെയിൻ, ബല്‍ജിയം, അമേരിക്ക, സ്ലോവേനിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കാപ്പി കയറ്റുമതി ചെയ്യുന്നത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമ്മുടെ കാപ്പിത്തോട്ടങ്ങളില്‍ വിളവ് തുടര്‍ച്ചയായി കുറയുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് പ്രധാന കാരണം. കാലം തെറ്റി പെയ്തിറങ്ങുന്ന കനത്ത മഴ മൂലം തോട്ടങ്ങളിലെ മണ്ണിലെ മൂലകങ്ങള്‍ നഷ്ടപ്പെടുന്നതും കാരണമാണ്. ഇതുവഴി രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം വര്‍ധിക്കുകയും ചെയ്തു. മാത്രമല്ല, പരാഗണത്തിനു സഹായിക്കുന്ന ഷഡ്പദങ്ങളായ തേനീച്ച ജനുസുകള്‍ക്കും ഇതര പരാഗണകാരികള്‍ക്കും കാപ്പിച്ചെടി പൂക്കളെ സന്ദര്‍ശിച്ചു പൂമ്പൊടി/പൂന്തേന്‍ ശേഖരിക്കാന്‍ കഴിയാതെ വരുന്നതും മറ്റൊരു കാരണമാണ്. മാസങ്ങളോളം ദീര്‍ഘിച്ച അതിവര്‍ഷം മൂലം വിളവെടുക്കാന്‍ പാകമായ പഴുത്ത കാപ്പിയുടെ ഞെട്ട് ചീഞ്ഞ് കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. മഴ മൂലം യഥാസമയം വളപ്രയോഗവും നടത്താനുമായില്ല. തന്മൂലം ഞെട്ട് ചീയലടക്കമുള്ള രോഗങ്ങള്‍ വ്യാപിക്കുകയും ചെയ്തു. അപ്രതീക്ഷിതമായുണ്ടായ മഴമൂലം വിളവെടുപ്പും കായ് ഉണക്കും താളം തെറ്റി. പ്രത്യേക ജൈവ വൈവിധ്യ മേഖലയായ വയനാട്ടില്‍ ശാസ്ത്രീയ, പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തി സുസ്ഥിര കാപ്പി കൃഷിക്കുള്ള രൂപരേഖ തയാറാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് കോഫി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും കോഫി ബോര്‍ഡും സഹായത്തിനുണ്ട്.
നീര്‍ത്തടപദ്ധതിയിലൂടെ നബാര്‍ഡ് നടപ്പാക്കിയ പ്ലറ്റ്‌ഫോം രീതി പ്രോത്സാഹിപ്പിക്കുകയും വേണം. കാപ്പിത്തോട്ടങ്ങളില്‍ പ്രയോഗിക്കുന്ന കീട/രോഗ നയന്ത്രണ രാസവസ്തുക്കളും വനനശീകരണവും പരാഗണത്തിനു സഹായിക്കേണ്ട ഷഡ്പദങ്ങളില്‍ കാര്യമായ കുറവു വരുത്തിയിട്ടുണ്ട്.
പരാഗണ സേവനം
നവംബർ-ഡിസംബര്‍ മാസമാകുന്നതോടെ കാപ്പിച്ചെടികളില്‍ പൂമൊട്ടു രൂപപ്പെടുന്നു. പൂവു മുതല്‍ വിളവെടുപ്പിന് 9 മാസം വേണം. പൂവണിയുമ്പോള്‍ ഉള്ള സുഗന്ധം തേനീച്ചകളെ ആകര്‍ഷിക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂവിടുന്ന കാപ്പിത്തോട്ടങ്ങളില്‍ തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ച് പരാഗണം ഉറപ്പാക്കുന്നതു വിളവ് വര്‍ധനവിനു സഹായിക്കും. ഇതര ഷഡ്പദങ്ങളെ കൂടാതെ പെരും തേനീച്ച, ഇന്ത്യന്‍ തേനീച്ച, കോല്‍ തേനീച്ച, ചെറുതേനീച്ച എന്നീ ജനുസുകളാണ് മുഖ്യ പരാഗണകാരികൾ. തോട്ടങ്ങളില്‍ കാണുന്ന പ്രകൃതിദത്ത കൂടുകളെ സംരക്ഷിക്കുന്നതിനൊപ്പം ഹക്ടറിന് 10 കൂടുകള്‍ എന്ന നിരക്കില്‍ ഇന്ത്യന്‍ തേനീച്ച/ചെറുതേനീച്ചകളെ പൂക്കാലം തുടങ്ങുമ്പോള്‍ തോട്ടത്തില്‍ വയ്ക്കുന്നത്. രാസവള കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കി ബയോ പ്രോസസിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജൈവ വളങ്ങളും കീടരോഗ നിയന്ത്രണ മാര്‍ഗങ്ങളും കാപ്പിത്തോട്ടത്തില്‍ ഉപയോഗിച്ച് പരാഗണകാരികളെ സംരക്ഷിക്കുന്നതുകൊണ്ട് 100 ശതമാനം പരാഗണം ഉറപ്പാക്കാം. കര്‍ഷകര്‍ക്ക് വര്‍ധിച്ച വിളവും ലഭ്യമാകും. വിരിയുന്ന പൂക്കള്‍ സന്ദര്‍ശിക്കുന്ന തേനീച്ച ജനുസുകളുടെ ശരീരത്തില്‍ നിന്നും കിലാഗ്രയില്‍ പതിക്കുന്ന പൂമ്പൊടി ബീജസങ്കലനം നടത്തി പരാഗണം ഉറപ്പാക്കിയാല്‍ പൂവിന്‍റെ ഇതളുകള്‍ പൊഴിഞ്ഞ് കായ് രൂപപ്പെടും. സമ്പൂര്‍ണ പരാഗണം നടക്കുമ്പോള്‍ 'ഓവറി' വളര്‍ന്ന് ഒരു മുഴുത്ത കായ് രൂപപ്പെടും. കൂടാതെ സമ്പൂര്‍ണ പരാഗണം നടക്കുന്ന കാപ്പിക്കുരു മുഴുത്തതും മികവുറ്റതും ഭാരം കൂടിയതുമാകുന്നതുകൊണ്ട് വിളവില്‍ 20 ശതമാനം വരെ വര്‍ധനയുണ്ടാകുകയും ചെയ്യും.
ഇത്തരത്തില്‍ തോട്ടങ്ങളില്‍ മാറ്റിവയ്ക്കുന്ന തേനീച്ചക്കൂടില്‍ നിന്നും മികവുറ്റ കഫീന്‍ അടങ്ങിയ വിലപിടിപ്പുള്ള കാപ്പി തേന്‍ ലഭിക്കും. തേനീച്ചകള്‍ക്ക് പ്രകൃതിയില്‍ നിന്നും തേന്‍ ലഭിക്കുന്നതുകൊണ്ട് വളര്‍ച്ചയും ത്വരിതപ്പെടും.
ഫോൺ: 9400158001
Tags :