x
ad
Sun, 10 August 2025
ad

ADVERTISEMENT

മാക്രി കരയാന്‍ മാത്രം തടം നിറയ്‌ക്കേണ്ട

അഭിലാഷ് കരിമുളയ്ക്കല്‍
Published: July 9, 2025 02:27 PM IST | Updated: July 9, 2025 02:27 PM IST

കൃഷിക്ക്

മിതമായ നന മതി

വേനലാകുമ്പോഴാണ് നാം വെള്ളത്തെക്കുറിച്ചു വേവലാതിപ്പെടുന്നത്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് നമ്മുടെ കൊച്ചു കേരളം. ഏതാണ്ടു ആറേഴുമാസം മഴക്കാലവും പിന്നെ വേനല്‍ മഴയും ഉള്ള പ്രദേശമായിട്ടും കുംഭവും മീനവും, മേടവും നമ്മെ ചുട്ടുപൊട്ടിക്കുകയും, വറുതിയില്‍ ആക്കുകയും ചെയ്യും. എന്നിരുന്നാലും വേനല്‍ക്കാലമാണ് നമ്മുടെ കൃഷിക്കാലം. നടുതലകളും പച്ചക്കറികളും നെല്ലും വാഴയുമൊക്കെ സമൃദ്ധമായി കൃഷി ചെയ്യുന്ന കാലം. ഡാമുകളിലെ ജലം കനാല്‍ വഴിയും തോടുകള്‍ വഴിയും എത്തിച്ചും ചെറുതും, വലുതുമായ സ്വാഭാവിക ജലസ്രോതസുകളില്‍ നിന്നെടുക്കുന്ന വെള്ളം ഉപയോഗപ്പെടുത്തിയുമാണ് വേനല്‍ കൃഷി സാധ്യമാക്കുന്നത്.

ജലധാരാളിത്തം മലയാളികളുടെ സ്വഭാവമാണ്. ഒരു ചെറുപാത്രം വെള്ളം വേണ്ടിടത്തു പോലും ഒരു ബക്കറ്റ് വെള്ളം ഉപയോഗിക്കുന്ന ശീലം കൃഷിയിലും തുടരുന്നവരാണ് നമ്മൾ. തെങ്ങായാലും വാഴയായാലും നെല്ലായാലും പച്ചക്കറികളായാലും തടം നിറച്ചു നനയ്ക്കാനാണ് നമുക്കിഷ്ടം. വാസ്തവത്തില്‍ അത്രയധികം വെള്ളമൊന്നും കൃഷികള്‍ക്കാവശ്യമില്ല. ഓരോ വിളകള്‍ക്കും അവയുടെ വളര്‍ച്ചാഘട്ടത്തിന് ആവശ്യമായ വെള്ളം വ്യത്യസ്തമാണ്. വളരുമ്പോഴും പൂവിടുമ്പോഴും വിളവിലെത്തുമ്പോഴുമുള്ള ജലത്തിന്‍റെ ആവശ്യകതയും വ്യത്യസ്തമാണ്.

അന്തരീക്ഷ ഊഷ്മാവാണ് വെള്ളത്തിന്‍റെ ആവശ്യകതയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം. വേനലില്‍ വിളകള്‍ വലിച്ചെടുക്കുന്ന വെള്ളത്തിന്‍റെ സിംഹഭാഗവും ഇലകളില്‍ കൂടി സ്വേദനം നടത്തിയാണ് ചെടികള്‍ ഊഷ്മാവിനെ നിയന്ത്രിച്ചു നിര്‍ത്തുന്നത്. വിളകളുടെ ഒരു ദിവസത്തെ ഏകദേശ വെള്ളത്തിന്‍റെ ആവശ്യകത ഇലകളില്‍ കൂടി നഷ്ടപ്പെടുന്ന സ്വേദനവും മണ്ണില്‍ കൂടി നഷ്ടപ്പെടുന്ന ബാഷ്പീകരണവും കൂടി കണക്കിലെടുത്തു വേണം നിശ്ചയിക്കാന്‍. 'വെള്ളരിത്തടത്തില്‍ മാക്രി കരയണമെന്ന' ചൊല്ല് എല്ലാ വിളകള്‍ക്കും വേണ്ടി വരുന്നില്ല.

വെള്ളത്തിന്‍റെ മിതത്വം കൃഷിയുടെ കാര്യത്തിലും ഉണ്ടാവണം. ഇക്കാര്യത്തില്‍ മാതൃക സൃഷ്ടിച്ച രാജ്യമാണ് ഇസ്രയേൽ. അവരുടെ ജലമിതത്വത്തിന്‍റെ പാഠങ്ങള്‍ അറുപത് ശതമാനം രാജ്യങ്ങള്‍ക്ക് സ്വീകാര്യമായി കഴിഞ്ഞിരിക്കുന്നു. കേരളത്തില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പെരുമാട്ടി സര്‍വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ കംപാലത്തറയില്‍ അഞ്ച് ഏക്കറില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ തുടങ്ങിയ ഇസ്രയേല്‍ മോഡല്‍ കൃഷി വന്‍ വിജയമായി. അതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ പ്രത്യേകിച്ച് ചിറ്റൂര്‍ മേഖലയില്‍ ഏറെക്കുറെ സര്‍വസാധാരണമായിട്ടുണ്ട് ഈ കൃഷി രീതികൾ.
മഴക്കുറവ് ഏറെയുള്ള രാജ്യമാണ് ഇസ്രായേൽ. ആണ്ടില്‍ 600 മുതല്‍ 800 മില്ലി മീറ്റര്‍ മഴയാണ് ഇവിടെ ലഭിക്കുന്നത്. ഈ മഴയിലൂടെ ലഭിക്കുന്ന ഓരോ തുള്ളിയും അവര്‍ പരമാവധി സംഭരിച്ചുകൊണ്ടാണ് ജീവസന്ധാരണവും, കൃഷിയും നടത്തുന്നത്. കേരളത്തില്‍ ശരാശരി ആണ്ടില്‍ 2800 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലൂടെ 2200 മില്ലി മീറ്ററും, വടക്കു പടിഞ്ഞാറന്‍ മണ്‍സൂണിലൂടെ 400 മില്ലി മീറ്ററും വേനല്‍ മഴയിലൂടെ 400 മില്ലി മീറ്ററും. എന്നിട്ടും നമുക്ക് ജലദൗലഭ്യമാണ്.

കൃഷിയിടങ്ങള്‍ വേനല്‍ചാല്‍ പൂട്ടിയും കൃഷി ഭൂമിയില്‍ കൂന കൂട്ടിയും കൃഷിത്തടത്തില്‍ പുതയിട്ടും വിളകള്‍ക്കു തണല്‍ കൊടുത്തും മണ്ണിലെയും ചെടികളിലെയും ബാഷ്പീകരണ സ്വേദന നഷ്ടങ്ങള്‍ കുറയ്ക്കുന്ന പ്രവൃത്തികള്‍ ഒരു കാലത്തു നമ്മളും ചെയ്തിരുന്നതാണ്. ജല മിതത്വത്തിന് ഇവയൊക്കെ അത്യാവശ്യമാണ്. അതോടൊപ്പം പുതു സാങ്കേതിക ജലസേചന രീതികളിലേക്കും ചുവടു വയ്‌ക്കേണ്ടതാണ്. അത്തരം ചില പുതു ജലസേചന രീതികളെക്കുറിച്ച് പറയാം.

വിക്ക് ഇറിഗേഷന്‍ അഥവാ തിരിനന, സ്പ്രിംഗ്ളർ ഇറിഗേഷന്‍ അഥവാ മഴപെയ്ത്ത്, ഡ്രിപ്പ് ഇറിഗേഷന്‍ അഥവാ തുള്ളിനന എന്നിവയാണ് പ്രചാരത്തിലുള്ള പുതു രീതികൾ.

തിരി നന
ഗ്രോ-ബാഗ് കൃഷികള്‍ക്ക് അനുയോജ്യമായ ജലസേചന രീതിയാണിത്. നാലിഞ്ച് വ്യാസമുള്ള നീളന്‍ കുഴലുകളുടെ മുകളില്‍ നിശ്ചിത അകലത്തില്‍ ചെറുദ്വാരമിട്ട് അതിലേക്ക് നീണ്ടിറങ്ങിയ തിരികള്‍ ഉറപ്പിച്ച ഗ്രോ ബാഗുകളിലാണ് കൃഷി. കുഴലിനിരുവശവുമുള്ള രണ്ട് ഇഷ്ടികകളിലാണ് ഗ്രോ-ബാഗുകള്‍ വയ്‌ക്കേണ്ടത് കുഴലിന്‍റെ ഒരുവശത്ത് എന്‍ഡ് ക്യാപ്പും, മറുവശത്ത് ഒരടി ഉയരത്തില്‍ ബെന്‍റ് കുഴലും സ്ഥാപിച്ചിട്ടുണ്ടാവും. ഈ കുഴലില്‍ ഗ്രോബാഗുകള്‍ക്കുള്ള വെള്ളവും, വളവുമൊക്കെ നിറച്ചിടാം. കുഴലിലേക്ക് നീണ്ട തിരികള്‍ ഗ്രോ-ബാഗിലെ നടീല്‍ മിശ്രിതത്തെ എപ്പോഴും ഈര്‍പ്പമുള്ളതാക്കി നിലനിര്‍ത്തും. കാപ്പിലറി ഫോഴ്‌സ് എന്ന പ്രതിഭാസം വഴിയാണ് ഇതു സാധ്യമാകുന്നത്. ഗ്രോ-ബാഗിലെ നടീല്‍ മിശ്രിതത്തിലെ ബാഷ്പീകരണ നഷ്ടം കുറയ്ക്കാന്‍ കരിയിലയോ, വേസ്റ്റ് പേപ്പറോ കൊണ്ട് പുതയുമിട്ടാല്‍ ഏറ്റവും കുറച്ചു വെള്ളം കൊണ്ട് കൃഷികള്‍ നന്നായി നടക്കും. ദിവസവുമുള്ള രണ്ടു നേര നന ഒഴിവാക്കുകയും ചെയ്യാം.

മഴ പെയ്ത്ത്
പരമ്പരാഗത ജലസേചനത്തിന്‍റെ പത്തിലൊന്നു വെള്ളം കൊണ്ട് സ്പ്രിംഗ്ളർ സംവിധാനത്തിലൂടെ ജലസേചനം നടത്താം. മൂന്നു തരം സ്പിംഗ്ളറുകള്‍ ലഭ്യമാണ്. പച്ചക്കറി കൃഷികളില്‍ ചാറ്റല്‍ മഴ പോലെ പെയ്തിറങ്ങുന്ന മൈക്രോ സ്പ്രിംഗ്ളറും, നടീല്‍ അകലം കൂടുതലുള്ള തെങ്ങ്, വാഴ, ജാതി തുടങ്ങിയ വിളകള്‍ക്കായുള്ള മീഡിയം സ്പ്രിംഗ്ളറും പത്തിരുപതു സെന്‍റു സ്ഥലമുള്ള ഉദ്യാനങ്ങളിലെ ചെടികളെ ഒരുമിച്ചു നനയ്ക്കുന്ന റെയിന്‍ ഗണ്‍ സ്പ്രിംഗ്ളറും ജലമിതത്വത്തിന്‍റെ പുതു രീതികളാണ്.

തുള്ളി നന
ഇസ്രയേലിന്‍റെ കണ്ടെത്തലാണിത്. പരമ്പരാഗത ജലസേചന രീതിയുടെ പത്തിലൊന്നു വെള്ളം കൊണ്ട് സ്പ്രിംഗ്ളർ ജലസേചനം നടത്തുമ്പോള്‍ തുള്ളി നനയ്ക്ക് സ്പ്രിംഗ്ളറിന്‍റെ പത്തിലൊന്നു വെള്ളം മതി. ഉദാഹരണത്തിന് കായ്ക്കുന്ന ഒരു തെങ്ങിന് പരമ്പരാഗത രീതിയില്‍ 300 മുതല്‍ 400 ലിറ്റര്‍ വെള്ളമാണ് ഒരു തവണ നനയ്ക്കാന്‍ വേണ്ടതെങ്കില്‍ തുള്ളി നന സമ്പ്രദായത്തില്‍ 45 ലിറ്റര്‍ മുതല്‍ 60 ലിറ്റര്‍ വെള്ളം മതിയാകും. തുള്ളി നനകൊണ്ട് ഒരു തവണ വാഴ നനയ്ക്കാന്‍ വെറും 15 ലിറ്ററും ഒരേക്കര്‍ പച്ചക്കറിക്ക് ഒരു ദിവസം 15000 ലിറ്ററും, ജാതിമരത്തിന് 60 മുതല്‍ 80 ലിറ്ററും വെള്ളം കൊണ്ട് ജലസേചനം നടത്താം.

സസ്യവളര്‍ച്ചയ്ക്ക് ആവശ്യമായ പോഷകമൂലകങ്ങളുടെ പ്രയോഗവും വളരെ എളുപ്പത്തില്‍ ജലസേചനത്തോടൊപ്പം നടത്താനും ഈ രീതി പ്രയോജനപ്രദമാണ്. അതിനാല്‍ ഇസ്രയേല്‍ ജലസേചന സമ്പ്രദായത്തെ പോഷക ജലസേചനം അഥവാ ഫെര്‍ട്ടിഗേഷന്‍ എന്നാണ് വിളിക്കുന്നത്. വെള്ളത്തോടൊപ്പം നല്‍കാന്‍ കഴിയുന്ന പുതുതലമുറ ജലലേയ വളങ്ങളും ഇസ്രസേയല്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്നുണ്ട്.

കൃത്യതാ കൃഷി
വിളയുടെ ഓരോ വളര്‍ച്ചാഘട്ടത്തിലും അതിനുവേണ്ടി വരുന്ന വെള്ളവും പോഷകങ്ങളും കൃത്യമായ അളവില്‍ കൃത്യതയോടെ ഓരോ ചെടിയുടെയും വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന ഇസ്രയേല്‍ കൃഷി സമ്പ്രദായത്തെ കൃത്യതാ കൃഷി അഥവാ പ്രിസിഷന്‍ ഫാമിംഗ് എന്നാണ് അറിയപ്പെടുന്നത്. ഈ സമ്പ്രദായം കേരളത്തിന് ഏറെ യോജിച്ചതാണ്. കുറച്ചു വെള്ളവും കുറച്ചു വളവും കുറഞ്ഞ അധ്വാനവും കൊണ്ട് കൂടുതല്‍ വിളവു തരുന്നതാണ് ഈ കൃഷി സമ്പ്രദായം. പ്രാരംഭ ചെലവ് അല്പമേറുമെങ്കിലും ഒരിക്കല്‍ ഈ സംവിധാനങ്ങള്‍ ഒരുക്കിയാല്‍ പത്തു വര്‍ഷം വരെ മറ്റൊരു ചെലവും വേണ്ടിവരില്ല. കേന്ദ്രാ വിഷ്‌കൃത പദ്ധതിയായ 'സ്മാം' വഴിയും കൃഷിഭവന്‍ വഴിയും ഈ സംവിധാനമൊരുക്കാന്‍ മൊത്തം ചെലവിന്‍റെ പകുതിയിലേറെ സബ്‌സിഡിയും ഒപ്പം വൈദ്യുതി സൗജന്യവും കൃഷിവകുപ്പില്‍ നിന്നു ലഭ്യമാണ്.

2800 ആര്‍പിഎം ഹൈ സ്പീഡ് മോട്ടോര്‍ പമ്പാണ് ഇതിനായി ജലസ്രോതസില്‍ വേണ്ടിവരുക. മോട്ടോര്‍ ഉപയോഗിച്ച് പമ്പു ചെയ്യുന്ന വെള്ളം ഓവര്‍ഹെഡ് ടാങ്കിന്‍റെ സഹായമില്ലാതെ തന്നെ നേരിട്ട് കൃഷിയിടത്തിലേക്ക് എത്തിക്കാന്‍ വേണ്ട പ്രധാനപൈപ്പുകളും ഉപ പൈപ്പുകളും വേണ്ടത്ര ആഴത്തില്‍ മണ്ണിനടിയില്‍ വിന്യസിക്കണം. ഉപ പൈപ്പുകളില്‍ നിന്നും ചെടിച്ചുവട്ടിലേക്ക് നീളുന്ന കുഞ്ഞന്‍ കുഴലുകളാണ് ഡ്രിപ്പറുകള്‍ അഥവാ ലാറ്ററല്‍ പൈപ്പുകൾ. ഈ കുഞ്ഞന്‍ കുഴലുകളാണ് മണ്ണിനു മുകളില്‍ കാണുന്നത്. ഓരോ കൃഷി കഴിയുമ്പോഴും ഈ കുഞ്ഞന്‍ കുഴലുകള്‍ ചുരുട്ടി മാറ്റി അടുത്ത കൃഷിക്ക് കൃഷിയിടം ഉഴത് ഒരുക്കാം.

ഡ്രിപ്പറുകള്‍ രണ്ടു തരത്തിലുണ്ട്. ഒണ്‍ലൈന്‍ ഡ്രിപ്പറും, ഇന്‍ലൈന്‍ ഡ്രിപ്പറും. ഒണ്‍ ലൈന്‍ ഡ്രിപ്പറില്‍ വിളകള്‍ക്ക് അനുയോജ്യമായ മൈ ക്രോ ഡ്രിപ്പറുകള്‍ പ്രത്യേകമായി ഘടിപ്പിക്കേണ്ടിവരും. ഇന്‍ ലൈന്‍ ഡ്രിപ്പറുകള്‍ക്ക് ഓരോ വിളയുടെയും നടീല്‍ അകലത്തിന് ആനുപാതികമായി ചെറു സുഷിരങ്ങള്‍ നിര്‍മാണ വേളയില്‍ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കും. ഈ ഡ്രിപ്പറുകള്‍ വഴി വെള്ളം പുറത്തേക്കു ഒഴുകിയാലും പുറത്തു നിന്ന് അകത്തേക്ക് ഒരു കരടുപോലും കയറില്ല. വെള്ളത്തോടൊപ്പം പോഷ ക മൂലകങ്ങള്‍ ലഭ്യമാകുന്നതിനായി, മോട്ടോറില്‍ നിന്നു പമ്പ് ചെയ്യുന്ന വെള്ളം ആദ്യം ഫില്‍ട്ടറില്‍ എത്തി അരിച്ച ശേഷം ഈ സംവിധാനത്തിന്‍റെ പ്രധാന ഘടകമായ 'വെന്‍ച്വറി' എന്ന ഉപകരണം വളം കലക്കിയ ബക്കറ്റിലിട്ടാല്‍ ജലസേചനത്തോടൊപ്പം പോഷക മൂലകങ്ങളും ചെടി ചുവട്ടില്‍ എത്തും. വിനിമയ നഷ്ടമില്ലാത്തതിനാല്‍ വെള്ളവും, വളവും വളരെ കുറച്ചു മാത്രമേ വേണ്ടിവരുന്നുള്ളൂ. വെള്ളമൊഴിക്കാനും വളമിടാമുള്ള അധ്വാനവും വേണ്ടി വരുന്നില്ല. കൃഷി ചെലവും ഗണ്യമായി കുറയും. വെള്ളവും, വളവും പ്രത്യക്ഷത്തില്‍ കൃത്യതാ കൃഷിയില്‍ കുറവെങ്കിലും വിളവിന്‍റെ കാര്യത്തില്‍ പരമ്പരാഗത വിളവിനേക്കാള്‍ മൂന്നോ നാലോ ഇരട്ടി കിട്ടുകയും ചെയ്യും.

Tags :

Recent News

Up