ADVERTISEMENT
കൃഷിയിൽ നഷ്ടക്കണക്കുകൾ മാത്രം പറയുന്നവരുടെ ഇടയിൽ മണ്ണിനെ സ്നേഹിച്ചും കൃഷി ആദായകരമാക്കിയും ജീവിതം കരുപ്പിടിപ്പിക്കാമെന്നു തെളിയിക്കുകയാണ് ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിനടുത്ത് ആല പഞ്ചായത്തിലെ കോടുകുളഞ്ഞി കിടായികുഴിയിൽ കെ.ജി. രാജൻ.
മൂന്നു പതിറ്റാണ്ടിലേറെയായി നെറ്റിയിലെ വിയർപ്പ് തനിക്കും കുടുംബത്തിനും അപ്പമാക്കി മാറ്റുകയാണ് അദ്ദേഹം. 1989 മുതൽ കൂലിപ്പണിക്കിറങ്ങേണ്ടി വന്ന രാജൻ, പിതാവ് കെ. ജി. ജോർജിന്റെ പാത പിന്തുടർന്നു കൃഷി ജീവിതമായി തെരഞ്ഞെടുക്കുകയായിരുന്നു.
രാജന്റെ വിയർപ്പ് വീഴുന്ന മൂന്നര ഏക്കറോളം വരുന്ന പാട്ടഭൂമിയിൽ 1700 മൂട് കപ്പയും 1000 ഏത്തവാഴകളും 120 ചേനകളും സമൃദ്ധമായി വിളയുന്നു. ഓണവിപണി ലക്ഷ്യമിട്ട് പടവലം, പാവൽ, വെള്ളരി, പയർ എന്നിവയ കൃഷി ചെയ്യാനുള്ള ഒരുക്കങ്ങളും പൂർത്തിയായി.
കഴിഞ്ഞ മാസമായിരുന്നു ചേന്പിന്റെ വിളവെടുപ്പ്. ഇതിനുപുറമെ, സ്വന്തമായുള്ള അൻപത് സെന്റ് പുരയിടത്തിൽ പാളയംകോടൻ, ഞാലിപ്പൂവൻ, പൂവൻ തുടങ്ങിയ വാഴകളും ജാതിയും കമുകുമെല്ലാം നട്ടുപരിപാലിക്കുന്നു. അധിക വരുമാനത്തിനായി രണ്ട് പശുക്കളുമുണ്ട്.
ഭാര്യ ജൂലി, മക്കൾ ലിജി, ജിനി, ജിബിൻ. ആല പഞ്ചായത്തും ആലപ്പുഴ ജില്ലയും കോടുകുളഞ്ഞി വിപിസികെയും മികച്ച കർഷകനുള്ള പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Tags : KGRajan Agriculture