വായ്മൊഴികളിലും പാട്ടുകളിലുമൊക്കെ കേട്ടിട്ടുണ്ടെങ്കിലും നീലക്കൊടുവേലിയെന്ന ഔഷധസസ്യം ഒട്ടുമിക്ക മലയാളികൾക്കും അത്ര പരിചിതമല്ല. സർവൈശ്വര്യ ദായകി എന്നറിയപ്പെടുന്ന നീലക്കൊടുവേലി നെയ്യാറ്റിൻകര താലൂക്കിലെ മണലൂരിൽ മുൻ ബിസിനസുകാരനായ ബിനു ചന്ദ്രന്റെ പങ്കീസ് എന്ന വീടിന്റെ തൊടിയിലും പുരയിടത്തിലും സമൃദ്ധമായുണ്ട്.
ഇളം നീലനിറത്തിൽ പൂക്കൾ ചൂടി നിൽക്കുന്ന നീലക്കൊടുവേലി കാഴ്ചയിൽ അതിമനോഹരമാണ്. ഇതിനൊപ്പം ഔഷധസന്പന്നമായ വയന്പും പറന്പിലുണ്ട്. ഇളം വയലറ്റും റോസും കലർന്ന ഇതളുകളുള്ള പൂക്കളമായി നിൽക്കുന്ന വയന്പ് അപൂർവ കാഴ്ചയാണ്.
നാട്ടിൻപുറങ്ങളിൽ ഇന്നും ചുമയ്ക്കും ജലദോഷത്തിനും ആസ്ത്മയ്ക്കുമെല്ലാം ഉപയോഗിക്കുന്ന ആടലോടകം, മുടി കറുപ്പിക്കുന്ന നീലയമരി തുടങ്ങിയവയും പങ്കീസിന്റെ ചുറ്റുവട്ടത്തുണ്ട്.
ദഹന പ്രക്രിയയ്ക്കും ശ്വസന പ്രശ്നങ്ങൾക്കും ചുമയ്ക്കും ജലദോഷത്തിനും ആയൂർവേദം നിർദേശിക്കുന്ന പിപ്പലിയും (തിപ്പലി) ഇവിടെ സമൃദ്ധമായി വളർന്നു കിടക്കുന്നു. വിഷ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആനച്ചുവടിയും ധാരാളമായി നട്ടിട്ടുണ്ട്.
പനി, വാതം തുടങ്ങി പലവിധ രോഗങ്ങൾക്കു പരിഹാരമായി നാട്ടു ചികിത്സയിൽ നിർദേശിക്കുന്ന കരിനൊച്ചിയും ധാരാളം. കന്പ് വെട്ടി പറന്പിൽ നട്ടാണ് ആടലോടകം വളർത്തിയത്. ബന്ധുവിന്റെ വീട്ടിൽ നിന്നു കിട്ടിയ കിഴങ്ങിൽ നിന്നാണ് വിട്ടുമുറ്റത്ത് വയന്പ് എത്തിയത്.
കൃഷിയോടു പൊതുവേയും ഔഷധ സസ്യങ്ങളോട് പ്രത്യേകിച്ചുമുള്ള ബിനുചന്ദ്രന്റെ സ്നേഹമാണ് ഈ സസ്യ സമൃദ്ധിക്കു കാരണം. അച്ഛനും പ്രശസ്ത ചിത്രകാരൻ പട്ടം ജി. രാമചന്ദ്രൻ നായർ വീടിനു ചുറ്റും ചെടികൾ നടുന്നതു കണ്ടാണ് ബിനുചന്ദ്രന്റെ ഉള്ളിൽ കൃഷി സ്നേഹം നിറഞ്ഞത്.
കുടകിൽ കുറച്ചു സ്ഥലം വാങ്ങി അവിടെ നിറയെ ഫലവൃക്ഷങ്ങളും ഒൗഷധചെടികളും സുഗന്ധ വ്യഞ്ജനങ്ങളും പുഷ്പ ചെടികളും വച്ചു പിടിപ്പിക്കണമെന്നായിരുന്നു ചെറുപ്പത്തിൽ ബിനുചന്ദ്രന്റെ മോഹം.
കുടകിലെ കൃഷി ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞില്ലെങ്കിലും വീടിനു ചുറ്റും ബിനുചന്ദ്രൻ ഒരു ചെറിയ കുടകു തന്നെ സൃഷ്ടിച്ചിട്ടുണ്ട്. തീർന്നില്ല, 20 കിലോമീറ്റർ അപ്പുറം ചെന്പൂര് രണ്ടിടത്തായി ഒരേക്കർ ഭൂമി വാങ്ങി അവിടെയും കൃഷി ചെയ്തു വരുന്നു.
വീട്ടുപറന്പിൽ മുഴുവൻ പലതരം ഫലവർഗ ചെടികളുടെയും മരങ്ങളുടെയും നിറവ് കാണാം. കോട്ടുക്കോണം വരിക്ക, മാവ്, മാതളം, ബട്ടർഫ്രൂട്ട്, ചെറി, മൾബറി, ഞാവൽ, മുള്ളാത്ത, പ്ലാവ്, റംബൂട്ടാൻ, ചാന്പ, സപ്പോട്ട, നെല്ലി, കുടംപുളി, അന്പഴം, ജാതി, ആഫ്രിക്കൻ മല്ലി തുടങ്ങി അവയിൽ ചിലതു മാത്രം.
പലതരം ചെത്തി, മുല്ല, കാന, നിത്യകല്ല്യാണി തുടങ്ങി പൂച്ചെടികളും സമൃദ്ധമായി പൂത്ത് നിൽക്കുന്നുണ്ട്. കൃഷിയിടത്തിൽ റബറിന്റെ ഇടവിളയായി കുരുമുളക്, മഞ്ഞൾ, ഇഞ്ചി എന്നിവയും കൃഷി ചെയ്തിട്ടുണ്ട്.
കൃഷി പരിശീലന ക്ലാസുകളിലൊന്നും ബിനുചന്ദ്രൻ ഇതുവരെ പോയിട്ടില്ല. കർഷകരും, കൃഷിസ്നേഹികളും പറയുന്ന കൃഷി അറിവുകളും നാട്ടുശീലങ്ങളുമാണ് അദ്ദേഹത്തിന്റെ കൃഷി പാഠം.