ADVERTISEMENT
കേരള വെറ്ററിനറി സര്‍വകലാശാലയില്‍നിന്നു ഡയറി ഡിപ്ലോമയും ഡയറി ടെക്നോളജിയില്‍ ബി.ടെക്കും നേടി, പഠിച്ചതൊക്കെയും യാഥാര്‍ഥ്യമാക്കാന്‍ സ്വന്തമായൊരു ഡയറി ഫാം തുടങ്ങിയ യുവഎഞ്ചിനിയറാണ് മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി പി.സി. ജംഷീർ. പഠനകാലത്ത് നേടിയ അറിവുകളും പ്രഫഷണലിസവും ഫാമിംഗില്‍ പ്രയോഗിച്ചതോടെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ പണവും പാലും വേണ്ടുവോളം ചുരത്തിത്തുടങ്ങി ജംഷീറിന്റെ ഡയറി ഫാം. പശുവളര്‍ത്തല്‍ പാഷനും പ്രഫഷനുമാക്കിയ ഈ ഇരുപത്തിയെട്ടുകാരനെ തേടിയെത്തിയ അംഗീകാരങ്ങളും നിരവധി. ഡയറി ഫാമിംഗ് മേഖലയില്‍ അറിവിന്റെയും അനുഭവത്തിന്റെയും ഒരു എന്‍സൈക്ലോപീഡിയ തന്നെയായി മാറിയിരിക്കുന്നു ജംഷീര്‍.
പാഷനും പ്രഫഷനും
പി.സി.എം. എന്നു പേരിട്ട ജംഷീറിന്റെ ഫാമിന്റെ തുടക്കം ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പു രണ്ടുപശുക്കളില്‍ നിന്നാണ്. ഇന്നു കറവപ്പശുക്കളും കിടാക്കളും കിടാരികളുമെല്ലാമായി എഴുപതോളം കാലികള്‍ ഫാമിലുണ്ട്. ഡിപ്ലോമ പഠനകാലത്ത് ചെറിയ രീതിയില്‍ തുടക്കമിട്ട ക്ഷീരസംരംഭത്തെ ഘട്ടംഘട്ടമായി വിപുലീകരിച്ച് ഇന്ന് കാണുംവിധം ഒരു മിനി ഹൈടൈക്ക് ഫാമാക്കി മാറ്റിയതിനു പിന്നില്‍ ജംഷീറിന്റെ കഠിനാധ്വാനത്തിന്റെ കൈയൊപ്പുണ്ട്. ഈ ഫാമില്‍ നിന്നുള്ള പ്രതിദിന പാലുത്പാദനം 380 ലിറ്ററോളമാണ്. പ്രതിദിനം 38 ലിറ്ററോളം പാല് ചുരത്തുന്ന പശുക്കള്‍ വരെ ജംഷീറിന്റെ ഫാമിലുണ്ട്.
പശുവളര്‍ത്തല്‍ നടത്തുകയും നടത്താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പാഠപുസ്തകമാക്കി മാറ്റാവുന്ന ശാസ്ത്രീയ പരിപാലനമുറകളാണ് ജംഷീറിന്റെ ക്ഷീരസംരംഭത്തിന്റെ കരുത്ത്. തൊഴുത്ത് നിര്‍മാണത്തില്‍ തുടങ്ങി മാലിന്യനിര്‍മാര്‍ജനത്തില്‍ വരെ ആ പ്രഫഷണല്‍ സമീപനം കാണാം.
തൊഴുത്തിലെ ചൂട് കുറച്ചു പശുക്കള്‍ക്കു പാല് ചുരത്താന്‍ പറ്റിയ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി ഒത്ത നടുക്ക് ആറ് മീറ്റര്‍ ഉയരവും വശങ്ങളില് നാലര മീറ്റര്‍ ഉയരവുമുള്ള ഡബിള്‍ മോണിറ്റര്‍ രീതിയിലാണ് ഇരട്ടവരി (ഹെഡ് റ്റു ഹെഡ്) തൊഴുത്തിന്റെ രൂപകല്പന. ഫാം കെട്ടിടത്തിന്റെ നാല് വശങ്ങളിലും ഭിത്തിക്കു മുക്കാല്‍ മീറ്റര്‍ മാത്രമേ ഉയരമുള്ളൂ. തടസങ്ങളില്ലാതെ ഫാമിലേക്ക് കാറ്റും വെളിച്ചവും കയറാനാണ് ഈ ക്രമീകരണം. പശുക്കളുടെ മേനി തണുപ്പിക്കാന്‍ മിസ്റ്റ്, ഫോഗര്‍ സംവിധാനങ്ങളും തറയില്‍ റബര്‍ മാറ്റും ഇടതടവില്ലാതെ കുടിവെള്ളം ഉറപ്പാക്കാന്‍ ഓട്ടോമാറ്റിക് ഡ്രിങ്കിംഗ് വാട്ടര്‍ ബൗളുകളും തൊഴുത്തിലുണ്ട്. പശുക്കളുടെ വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ മ്യൂസിക്ക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ആവശ്യങ്ങള്‍ക്കായി ക്ഷീരവികസനവകുപ്പിന്റെ സഹായത്തോടെ സോളാര്‍ സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. ചാണകം ഉണക്കിപ്പൊടിച്ച് സംസ്കരിക്കാന്‍ യു.വി ഷീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണവുമുണ്ട്. ഇടവേളകളില്ലാത്ത മേല്‍നോട്ടം ക്ഷീരസംരംഭത്തെ സംബന്ധിച്ച് ഒഴിച്ചു കൂടാനാവാത്തതാണ്. മേല്‍നോട്ടത്തിനു തൊഴിലാളികളുണ്ടെങ്കിലും തൊഴുത്തിലും പുറത്തുമെല്ലാം സി.സി.ടി.വി. കാമറകളുണ്ട്. ഫാമിലേക്കുള്ള കാലിത്തീറ്റ സ്വയം തയാറാക്കാനായി ഒരു മിനി ഫീഡ് പ്ലാന്റാണ് ഇനിയുള്ള ലക്ഷ്യം. അതിനുള്ള ഒരുക്കങ്ങള്‍ പകുതിയോളമായി.
എല്ലായിടത്തും പ്രഫഷണല്‍ ടച്ച്
മുടക്കമില്ലാതെ ഒരേ അളവില്‍ പാലുത്പാദനം സാധ്യമാവണമെങ്കില്‍ ഫാമിലെ വലിയ പശുക്കളില്‍ എഴുപത്തിയഞ്ച് ശതമാനം എപ്പോഴും കറവയില് ആയിരിക്കണം. ബാക്കി പശുക്കള്‍ വറ്റുകാലത്തിലായിരിക്കും. ഈയൊരു വിജയാനുപാതം ഉറപ്പാക്കുന്ന രീതിയിലാണ് പശുക്കളുടെ തെരഞ്ഞെടുപ്പ്, ഒഴിവാക്കല്‍, കൃത്രിമ ബീജാധാനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. തീറ്റപ്പുല്‍ കൃഷി സ്വന്തമായുണ്ടെങ്കില്‍ തീറ്റച്ചെലവിന്റെ അധികഭാരം കുറയ്ക്കാം. മാത്രമല്ല ഗുണമേന്മയുള്ള തീറ്റപ്പുല്ല് സുലഭമായുണ്ടെങ്കില് അതിന്റെ നേട്ടം പശുക്കളുടെ പാലുത്പാദനത്തിലും പ്രത്യുത്പാദന മികവിലും പ്രതിഫലിക്കുകയും ചെയ്യും. ഫാമിന് സമീപത്തും, പാട്ടത്തിനെടുത്ത സ്ഥലത്തുമായി അഞ്ചേക്കറിലാണു തീറ്റപ്പുല്‍കൃഷി. ഓരോ പശുവിനും ആണ്ടിലൊരു പശുക്കിടാവ് എന്നതാണ് അദ്ദേഹത്തിന്റെ ബ്രീഡിംഗ് പോളിസി. ഒരു പ്രസവം കഴിഞ്ഞ് രണ്ടു മാസം കഴിയുമ്പോള്‍ അടുത്ത കൃത്രിമ ബീജാധാനം നിര്‍ബന്ധമായും നടത്തും. ഈ രീതി സ്വീകരിച്ചാല്‍ ഉത്പാദനക്ഷമമായ പത്ത് മാസത്തെ കറവക്കാലവും രണ്ടു മാസം നീളുന്ന വറ്റുകാല വിശ്രമവും പശുക്കള്‍ക്ക് ഉറപ്പാക്കാം, ഒപ്പം വര്‍ഷത്തില്‍ ഒരു കിടാവിനെയും.
ജൈവകൃഷിയുടെ ക്ഷീരമാതൃക
ഡയറി ഫാം സ്ഥിതിചെയ്യുന്ന വിശാലമായ രണ്ടേക്കറില്‍ പശുക്കള്‍ മാത്രമല്ല പഴം, പച്ചക്കറി കൃഷികളാലും സമൃദ്ധമാണ്. തണല്‍ വിരിച്ചു നില്ക്കുന്ന തെങ്ങുകളും കമുകുകളും തഴച്ചു വളരുന്നു. ജൈവകൃഷിയിടത്തിന്റെ ഒത്ത നടുവിലാണ് തൊഴു ത്ത്. പശുക്കള്‍ക്ക് കൂട്ടായി നാടന്‍ കോഴികളും താറാവുകളുമുണ്ട്. മുട്ടയുത്പാദന മികവേറിയ ബി.വി. 380 ഇനം മുട്ടക്കോഴികളും ഫാമിന്റെ ഭാഗമാണ്. ഒപ്പം മലബാറി ആടുകളുടെ ചെറുതല്ലാത്ത ഒരു ശേഖരവും. ഒരു തരി മണ്ണുപോലും വെറുതെ കളയാത്ത രീതിയിലാണ് ക്രമീകരണം. ഫാമില്‍ നിന്നുള്ള ചാണകവും, മൂത്രവും, സ്ലറിയും ഉപയോഗിച്ച് ജൈവരീതിയിലാണ് കൃഷി. മള്‍ച്ചിംഗും കംപോസ്റ്റിംഗുമെല്ലാം ഈ രണ്ടേക്കറില്‍ ജംഷീര്‍ പരീക്ഷിക്കുന്നുണ്ട്.
പാല് പ്രധാന വരുമാനം
പാല് വില്പന തന്നെയാണ് പ്രധാന വരുമാന സ്രോതസ്. പ്രതിദിന പാല് ഉത്പാദനത്തിന്റെ നല്ലൊരു പങ്ക് മില്‍മയ്ക്കാണ് നല്‍കുന്നത്. പ്രാദേശിക വിപണനവുമുണ്ട്. തൈര്, നെയ്യ് തുടങ്ങിയവയുടെ വില്പനയുമുണ്ട്. ശരാശരി 15 ലിറ്റര്‍ പാല് ലഭിക്കുന്ന ഒരു പശുവില്‍ നിന്ന് തീറ്റ, ചികിത്സ അടക്കം എല്ലാ ചെലവുകളും കഴിച്ചാലും മാസം ചുരുങ്ങിയത് അയ്യായിരം രൂപയെങ്കിലും ആദായം കിട്ടും. കറവ പശുക്കളുടെ എണ്ണത്തിനും ഉത്പാദനത്തിനുമൊത്ത് ആകെ ആദായവും ഉയരും. ഒപ്പം ജൈവകൃഷിയില്‍ നിന്നുള്ള വരുമാനവും. ഫാമിന്റെ ലാഭവിഹിതത്തില്‍ നിന്ന് തന്നെ പുതിയ പശുക്കളെ വാങ്ങുന്നതിനടക്കമുള്ള ചെലവുകള്‍ കണ്ടെത്തും. ഫാം കണ്‍സള്‍ട്ടന്‍സിയും ജംഷീറിനുണ്ട്.
ഫോണ്‍: 9633016721
Tags :