x
ad
Sun, 10 August 2025
ad

ADVERTISEMENT

വിയറ്റ്‌നാം വരാല്‍

ജിജോ രാജകുമാരി
Published: July 27, 2025 01:46 PM IST | Updated: July 27, 2025 01:46 PM IST

ഇടുക്കിയിലും

വിയറ്റ്‌നാം വരാല്‍

ടുക്കിക്കാരെ വിയറ്റ്‌നാം വരാല്‍ കൃഷി പരിചയപ്പെടുത്തുകയാണു മലപ്പുറത്തു നിന്നുള്ള യുവ കര്‍ഷകർ. രാജകുമാരിയിലെ പാടശേഖരത്താണ് ഇവര്‍ പരീക്ഷണ അടിസ്ഥാനത്തില്‍ വരാല്‍ കൃഷി ഇറക്കിയിരിക്കുന്നത്. ഹൈറേഞ്ചില്‍ ആദ്യമായാണ് വിയറ്റ്‌നാം വരാല്‍ വ്യാപകമായി വളര്‍ത്തുന്നത്.

തണുപ്പുള്ള കാലാവസ്ഥയില്‍ അതിവേഗം വളരുന്നവയാണു വിയറ്റ്‌നാം വരാലുകൾ. ആറുമാസം കൊണ്ട് ഒരു വരാല്‍ കുഞ്ഞ് ഒരു കിലോ വരെ തൂക്കം വയ്ക്കും. മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശികളായ ജാഫര്‍ കിഴക്കേതിൽ, സുനില്‍ ദാസ് എന്നിവരാണ് രാജകുമാരിയില്‍ സ്ഥലം പാട്ടത്തിന് എടുത്ത് വരാല്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് ഒരു കുളത്തില്‍ നൂറോളം കുഞ്ഞുങ്ങളെ ഇവര്‍ നിക്ഷേപിച്ചു പരിപാലിച്ചു പോന്നിരുന്നു. ഇവയുടെ വളര്‍ച്ചയും മറ്റു കാര്യങ്ങളും കണ്ട് മനസിലാക്കിയ ശേഷമാണ് കൂടുതല്‍ കുളങ്ങളില്‍ വരാല്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
രുചിയിലും വിലയിലും ഏറെ മുന്നിലാണ് വിയറ്റ്‌നാം വരാൽ. സാധാരണ മത്സ്യക്കൃഷിയില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണു കൃഷി രീതി. കൃത്യതയും സാങ്കേതിക ജ്ഞാനവും കൂടുതല്‍ വേണം. തെളിഞ്ഞ ശുദ്ധമായ വെള്ളമാണ് അനുയോജ്യം. ഒരു സെന്‍റില്‍ 300 കുഞ്ഞുങ്ങളെ വരെ നിക്ഷേപിക്കാം. ഒരു കിലോ തൂക്കമുള്ള വരാലുകള്‍ക്കാണ് മാര്‍ക്കറ്റില്‍ ഡിമാന്‍ഡ്. അതുകൊണ്ടുതന്നെ വിളവെടുപ്പ് ആ തൂക്കം വരുമ്പോഴാണ്.

ഹൈദരാബാദില്‍ നിന്നാണ് ഇവര്‍ മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. ആറു കുളങ്ങളിലായി 12000 കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്. കടുത്ത തണുപ്പിനെ അതിജീവിക്കുന്ന ഇവയ്ക്ക് പ്രതിരോധ ശേഷിയും കൂടുതലാണ്. ജലം ടെസ്റ്റ് നടത്തിയും കാലാവസ്ഥയും മറ്റും വിശദമായി പഠിച്ച ശേഷമാണ് ജാഫറും സുനിലും ഇടുക്കിയില്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചത്. മാര്‍ക്കറ്റില്‍ നിന്നു വാങ്ങുന്ന മത്സ്യത്തീറ്റകളാണു പ്രധാനമായും നല്‍കുന്നത്. അഞ്ചുനേരം പെല്ലറ്റ് തീറ്റകള്‍ നല്‍കണം. നല്ല വെള്ളവും നല്ല തീറ്റയുമാണ് പ്രധാനം. ഏറ്റവുമധികം പ്രതിരോധശേഷി ഉള്ള ഇവ മറ്റു മീനുകളുമായി ഫൈറ്റിംഗ് നടത്തുകയും ചെയ്യും.

വിയറ്റ്‌നാം വരാലിന് കിലോ 500 രൂപ വരെ വിലയുണ്ട്. ഇപ്പോള്‍ തന്നെ മറ്റിനം മീനുകളെ വളര്‍ത്തുന്നവരും വിയറ്റ്‌നാം മീനിന്‍റെ കൃഷി രീതികളെ പറ്റി അറിഞ്ഞ് അവയുടെ കുഞ്ഞുങ്ങള്‍ക്കായി ഇവരെ സമീപിക്കുന്നുണ്ട്. ആവശ്യക്കാര്‍ ഏറിയതോടെ ഇവര്‍ കുഞ്ഞുങ്ങളുടെ വില്പനയും തുടങ്ങി. പെണ്‍ മത്സ്യങ്ങളെ തെരഞ്ഞെടുത്തു ഹോര്‍മോണ്‍ നല്‍കിയാണ് മുട്ടകള്‍ ഉത്പാദിപ്പിക്കുന്നത്. ആരോഗ്യമുള്ള പെണ്‍മത്സ്യം ഹോര്‍മോണ്‍ സ്വീകരിച്ച് 24 മണിക്കൂറിനുള്ളില്‍ മുട്ടയിടും.ഇവ വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങളെ പടുതാക്കുളങ്ങളില്‍ ശ്രദ്ധയോടെ വളര്‍ത്തി 40-50 ദിവസം കഴിയുമ്പോള്‍ വില്‍ക്കുന്നതാണ് രീതി. ഒരു ബ്രീഡിംഗ് വഴി 15,000 കുഞ്ഞുങ്ങളെ ലഭിക്കും. ഓരോ കുഞ്ഞിനും നിശ്ചിത വില ഈടാക്കി വില്‍പന നടത്തുവാനും കഴിയും.

ഫോണ്‍:8943919334

Tags :

Recent News

Up