ADVERTISEMENT
ഒന്നര മീറ്ററോളം ഉയരത്തിലും അനേകം ചെറിയ ശാഖകളോടും കൂടി വളരുന്ന കുറ്റിച്ചെടിയാണ് നീലഅമരി. കമ്പിപോലെയുള്ള തണ്ടും കൊച്ചു ശിഖരങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ സമതലങ്ങളില്‍ ഈ ഔഷധച്ചെടി ധാരാളം കണ്ടുവരുന്നു. നീലിഭൃംഗാദി എണ്ണയില്‍ അടങ്ങിയിട്ടുള്ള പ്രധാന ചേരുവയാണ് നീലഅമരി. ജീന്സുകളിലും മുടിയിലും നിറം പിടിപ്പിക്കാനും മുടികൊഴിച്ചില്‍ ശമിപ്പിക്കാനും ഉപയോഗിക്കുന്നു.
നീല അമരിയുടെ ഇല തണലില്‍ ഉണക്കിയാണ് എണ്ണ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. പാകമായ ഇലകള്‍ ചെടിയില്‍ നിന്ന് മുറിച്ചെടുത്താണ് ഉണക്കേണ്ടത്. ഇല ഉണക്കിപ്പൊടിച്ച് പ്രകൃതിദത്തമായ ഇന്‍ഡിയോ പൗഡര്‍ ഉണ്ടാക്കാവുന്നതും, ഹെയര്‍ ഡൈ ആയി ഉപയോഗിക്കാവുന്നതുമാണ്. ഈ ഔഷധ സസ്യത്തിന്റെ പൂക്കള്‍ ചെറുതും നീല നിറത്തില്‍ കാണപ്പെടുന്നതുമാണ്. വൈകിട്ട് വിരിയുന്ന പൂക്കള്‍ക്ക് പയറിന്റെ പൂക്കളോട് സാമ്യമുണ്ട്. ഇതിന്റെ കായ്കള്‍ വളരെ ചെറുതും പയറിന്റെ ആകൃതിയുമാണ്. ഔഷധയോഗ്യമായ ഇതിന്റെ പാകമായ ഇലകള്‍ ചെടിയില്‍ നിന്ന് മുറിച്ചെടുത്തശേഷം പ്രൂണിംഗ് നടത്തിയാല്‍ വീണ്ടും ധാരാളം ഇലകള്‍ ഉണ്ടാവും. ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്ക്കാന് അനുവദിക്കരുത്. വിത്തുകള്‍ വളരെ ചെറുതും പയറിന്റെ ആകൃതി ഉള്ളവയുമാണ്. വിത്തുകള്‍ ചട്ടികളില്‍ പാകി തൈകള്‍ ഉണ്ടാക്കാം.
അടുക്കളത്തോട്ടത്തില്‍ നട്ടുവളര്‍ത്താവുന്ന സസ്യമാണ് നീല അമരി. മുഖത്തെ കറുപ്പ് മാറ്റാന്‍ നീല അമരിയും രക്തചന്ദനവും കൂട്ടിച്ചേര്‍ത്ത് കുഴമ്പാക്കി ഇട്ടാല്‍ മതി. കേശസംരക്ഷണത്തിനും താരന് അകാലനര, മുടികൊഴിച്ചില്‍ എന്നിവ മാറാനും നീലയമരി നീര് ഉപയോഗിച്ചു വരുന്നു. നീലയമരി പൊടിയും കറ്റാര്‍വാഴയുടെ നീരും കൂട്ടിയോ കഞ്ഞിവെള്ളത്തില്‍ നിലയമരിയുടെ പൊടി ചേര്‍ത്തോ മുടി കഴുകിയാല്‍ താരന് മാറുകയും മുടിക്ക് മിനുസവും കറുപ്പും കിട്ടുകയും ചെയ്യും. നീലയമരി വേരിട്ട് പാല്കഷായം വച്ചു കഴിച്ചാല്‍ അസ്ഥിദ്രവം (എല്ലുരുക്കം) ശമിക്കും.
ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ നീല അമരിയെ കോശ ഔഷധങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു സമൂലം ഔഷധയോഗ്യമാണ്. നീലാ, നീലിനി, നീലികാ, തുത്ഥ, ഗ്രാമീണീ, രഞ്ജിനി എന്നിങ്ങനെ പല പേരുകളില്‍ സംസ്കൃതത്തിലും ഇന്‍ഡിഗോ പ്ലാന്റ് എന്ന് ഇംഗ്ലീഷിലും ഈ ഔഷധസസ്യം അറിയപ്പെടുന്നു. ഫാബേസി സസ്യ കുടുബത്തില്‍ ഉള്‍പ്പെടുന്ന ഇതിന്റെ ശാസ്ത്രനാമം ഇന്‍ഡിഗോ ഫെറ ടിങ്ടോറിയ എന്നാണ്. വാതരോഗങ്ങള്‍ക്ക് വളരെ വിശേഷവും കരള്‍വീക്കം, പ്ലീഹാ വീക്കം, ആമവാതം, സന്ധിവാതം, വിഷശമനം എന്നിവക്കും ഏറെ പ്രശസ്തമാണ്.
ഔഷധ ഗുണങ്ങള്‍
* നീല അമരി ഇല ഇടിച്ചു പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്ത് കഴിക്കുന്നത് കരള്‍വീക്കം, പ്ലീഹാവീക്കം എന്നിവയ്ക്ക് നന്ന്.
* മഞ്ഞപ്പിത്ത ശമനത്തിന് നീല അമരി നീര് അല്പം തേന്‍ ചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.
* വിഷശമനത്തിന് നീല അമരി നല്ലതാണ്. പാമ്പ്, തേള്, പഴുതാര എന്നീ വിഷജീവികളുടെ ദംശനമേറ്റാല്‍ നീല അമരി സമൂലം എടുത്ത് അരച്ച് കടികൊണ്ട ഭാഗത്ത് പുരട്ടുകയും ഇല നീര് സേവിക്കുകയും ചെയ്യുന്നത് വളരെ നന്ന്. അതുപോലെ അപസ്മാരം, ഞരമ്പുരോഗങ്ങള്‍, പേപ്പട്ടിവിഷം, എന്നിവയ്ക്കും നീല അമരി ഔഷധമാണ്.
ഫോണ്‍: 9633552460
Tags :