ADVERTISEMENT
ഒരു പൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം ലഭിച്ച അനുഭവമാണ് ഇടുക്കി ജില്ലയില്‍ മൂലമറ്റത്ത് ഇടക്കര വീട്ടില്‍ ജോണ്‍ മൂന്നുങ്കവയലിന്റേത്. മുറ്റത്ത് ഒരു പത്തുമണി ചെടി നട്ടു പിടിപ്പിക്കാന്‍ ആഗ്രഹിച്ച അദ്ദേഹത്തിന്റെ ഉദ്യാനത്തില്‍ കാഴ്ചയുടെ വിരുന്നൊരുക്കി ടിയാര, ജംബോ, സിന്‍ഡ്രല്ല, ഫോര്സലിന്, പോര്‍ട്ടുലക്ക തുടങ്ങി നൂറിനം പത്തുമണികള്‍ പൂവിട്ടു നില്‍ക്കുകയാണ്. തെര്‍മോകോള്‍ ബോക്സ്, ടയർ, റബര്‍ ചിരട്ട, ചട്ടികൾ, പിവിസി പൈപ്പുകള്‍ എന്നിവയിലാണ് ചെടികള്‍ നട്ടു വളര്‍ത്തിയിരിക്കുന്നത്.
പൂക്കളുടെ ലോകം
വയലറ്റ്,ചുവപ്പ്,വെള്ള,പര്‍പ്പിൾ,പിങ്ക് എന്നിങ്ങനെ വിവിധ നിറങ്ങളിലുള്ള മുപ്പത് ഇനം ഹൈബ്രീഡ് ബൊഗൈന്‍വില്ല, വയലറ്റ് പെട്രിയ, ഒരു ചെടിയില്‍ തന്നെ മഞ്ഞ, ഓറഞ്ച് ,ചുവപ്പ് നിറങ്ങളിലുള്ള പൂക്കള്‍ വിരിയുന്ന ഉദ്യാന പ്രേമികളുടെ ഇഷ്ടയിനമായ ബൊഹീനിയ, വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മഞ്ഞ നിറത്തില്‍ പൂവിടുന്ന ക്യാറ്റ്സ്ക്ലോ ക്രീപ്പർ, മണിമുല്ല, വിവിധ നിറമുള്ള യൂഫോര്സിയ, ബോളീവിയന്‍ സണ്‍സെറ്റ് വൈന്‍, ബേര്‍ഡ് റെസ്റ്റിംഗ് ഫേണ്‍ ഫിറ്റോണിയ, ക്രിസ്മസ് ക്യാക്റ്റസ്, ബോട്ടില്‍ ബ്രഷ്, മഞ്ഞ ഗാര്‍ഡീനിയ, വൈറ്റ് പ്ലമേറിയ, പലയിനം റോസച്ചെടികൾ, ഓറഞ്ച്,പിങ്ക്,റെഡ് ഇനങ്ങളിലുള്ള കാനവാഴകൾ, വിവിധ വര്‍ണങ്ങളിലുള്ള ലാന്റാന, വ്യത്യസ്ത നിറങ്ങളിലുള്ള അഡീനിയം, വൈറ്റ്, യെല്ലോ, റെഡ് നിറങ്ങളിലുള്ള ഫോയന്സെറ്റിയ, ഗോള്‍ഡന്‍ കാസ്ക്കേഡ്, നിക്കോഡിയ എന്നിവയും ഉദ്യാനത്തിന് ദൃശ്യചാരുത പകരുന്നു.
ഇതിനുപുറമെ കയ്യാലയില്‍ പടര്‍ന്നു കയറുന്ന എപ്പീസിയ, കൂടാതെ ഡാന്‍സിംഗ് ഗേൾ, ഡൗ, ഹോളിക്രോസ്, വാന്‍ഡ, ഫലനോപ്സിസ്, ഡെന്‍ഡ്രോബിയം, ബാംബൂ ഇനം ഓര്‍ക്കിഡുകൾ, പലതരം ചെത്തി, ചെമ്പരത്തി, ഒരേ ചെടിയില്‍ വിവിധയിനം പൂവുകളുള്ള എസ്റ്റര്‍ഡേ ടുഡേ ടുമാറോ, ബാള്‍സം, ആന്തൂറിയം തുടങ്ങിയവയും ഉദ്യാനത്തില്‍ വര്‍ണപ്രപഞ്ചമൊരുക്കുന്നു.
ലെമണ്‍ വൈന്‍
സുഗന്ധവാഹിയായ പൂക്കളും കായ്കളും വിരിയുന്ന ലെമണ്‍ വൈനാണ് മറ്റൊരു ആകര്‍ഷണീയത. പെരസ്കീനിയ അക്യുലേറ്റ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഈ അലങ്കാര ചെടിക്ക് പോഷക ഗുണങ്ങള്‍ ഏറെയാണ്. മറ്റു ഫലങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇതിന്റെ കായ്കളില്‍ ചെറിയ ഇലകളുണ്ട്. കായ്കള്‍ക്കു ചെറിയ പുളിരസമാണ്. തക്കാളിക്ക് പകരം കറികളില്‍ ഉപയോഗിക്കുന്ന കായ്കള്‍ പച്ചയ്ക്ക് അച്ചാര്‍ ഇടുകയും ചെയ്യാം. പഴുത്ത കായ്കള്‍ കൊണ്ട് ജ്യൂസും ജാമും ഉണ്ടാക്കാം . ഇലകളും ഭക്ഷ്യയോഗ്യമാണ്. ഇലയില്‍ 30 ശതമാനംവരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇലകള്‍ പ്രധാനമായും സലാഡുകളിലാണ് ചേര്‍ക്കുന്നത്.
നടീലും പരിചരണവും
കായ്കളിലുള്ള ചെറിയ വിത്തുകളാണു നടുന്നത്. വിത്തുകള്‍ പാകി മുളപ്പിച്ച് തൈകള്‍ ഉണ്ടാക്കാം. തണ്ടുകള്‍ മുറിച്ചു മണ്ണിലും ചട്ടികളിലും നടാം. ചാണകപ്പൊടി, ചകിരിച്ചോർ, മണലും മണ്ണും ചേര്‍ത്ത മിശ്രിതം - ഇതാണ് ചട്ടികളില്‍ നിറയ്ക്കേണ്ടത്. മണ്ണിലാണെങ്കില്‍ ഒരടി താഴ്ചയുള്ള കുഴിയെടുത്ത് ചാണകപ്പൊടി ചേര്‍ത്ത് തണ്ട് നടണം. തൈകള്‍ നട്ടാല്‍ ആറുമാസത്തിനുള്ളില്‍ പുഷ്പിക്കും. കായ്കള്‍ക്ക് ആദ്യം പച്ച നിറമാണ്. മൂപ്പെത്തിയാല്‍ മഞ്ഞ നിറമാകും. പിന്നീട് പഴുത്തു കഴിയുമ്പോള്‍ ചെറിയ ചുവപ്പ് നിറമാകും.
ബട്ടര്‍ഫ്ളൈ പ്ലാന്റ്
വീട്ടുമുറ്റത്ത് ചിത്രശലഭങ്ങള്‍ പറന്നിറങ്ങുന്നതു പോലുള്ള ദൃശ്യാനുഭവം പകരുന്ന ബട്ടര്‍ഫ്ളൈ പ്ലാന്റും ഗാര്‍ഡനിലുണ്ട്. ഇതിന് പര്‍പ്പിള്‍ നിറത്തില്‍ ത്രികോണ ആകൃതിയിലുള്ള ഇലകളാണുള്ളത്. പൂക്കള്‍ക്ക് ഇളം വയലറ്റ് നിറമാണ്. ഓക്സാലിസ് ട്രിയാംഗുലാറിസ് എന്നാണ് ശാസ്ത്രനാമം. എല്ലുപൊടി, കടലപ്പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക്, ചാണക സ്ലറി എന്നിവ പുളിപ്പിച്ച് ഉദ്യാനത്തിലെ ഓരോ ചെടികളുടെയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും 19:19:19 സ്പ്രേ ചെയ്യുന്ന രീതിയുമാണ് സ്വീകരിച്ചിരിക്കുന്നത്.
ഇലച്ചെടികള്‍
മോണ്സ്റ്റീരിയ, ഫിംഗര്ഫാം, മണിട്രീ എന്നറിയപ്പെടുന്ന മലബാര്‍ പീനട്ട്, ബോണ്‍സായി,സൈപ്രസ് തൂജ, ക്രോട്ടന് , യൂജീനിയ , അഗ്ളോനിമ, വാട്ടര്‍ മെലോണ്‍ പെപ്പറോമിയ, പര്ക്കൂറിയ, ഡ്രസീനിയ ,ബിഗോണിയ, പോത്തോസ്, ഫിലാഡന്ഡ്രന്, സ്നേക്ക് പ്ലാന്റ്, സൈക്കസ്, ഫേണ്‍സ്, അലോക്കേഷ്യ, ഇസഡ് പ്ലാന്റ് എന്നിങ്ങനെ ഇലച്ചെടികളുടെ ശേഖരവും ഈ ഉദ്യാനത്തിലുണ്ട്. പരിമിതമായ സ്ഥലത്ത് ലളിതമായും ചെലവ് കുറഞ്ഞ രീതിയിലും മനോഹരമായ ഉദ്യാനം നിര്‍മിക്കാന്‍ കഴിഞ്ഞു എന്നതാണ് ജോണിന്റെ നേട്ടം.
പഴവര്‍ഗങ്ങള്‍
വീട്ടുമുറ്റത്തും പരിസരത്തും പൂക്കള്‍ വര്‍ണ വസന്തം തീര്‍ക്കുമ്പോള്‍ ഒരേക്കറോളം വരുന്ന തോട്ടത്തില്‍ ഫലവൃക്ഷങ്ങള്‍ സമൃദ്ധമായി വിളയുന്നു. അല്‍ഫോന്‍സ, കലാപാടി, കൊളംബ്, മല്‍ഗോവ, ചന്ദ്രക്കാരന്‍, മല്ലിക ഇനങ്ങളില്‍പ്പെട്ട മാവ്, ബനാന സപ്പോട്ട, മാങ്കോസ്റ്റിന്‍, അബിയു, എല്ലാ സീസണിലും കായ്ഫലം ലഭിക്കുന്ന ആറ്റുനേന്ത്രന്‍, പൂവന്, ചെങ്കദളി, മട്ടോവ, റെഡ്ലേഡി, യെല്ലോ ഇനം പപ്പായ, അമേരിക്കന്‍ ബ്യൂട്ടി, റെഡ്ജെയ്ന, പലോറ, ഇസ്രായേല്‍ യെല്ലോ ഇനം ഡ്രാഗണ്‍ ഫ്രൂട്ട്, വൈറ്റ്, റെഡ് ഇനം മലേഷ്യന്‍ ചാമ്പ, മില്‍ക്ക് ഫ്രൂട്ട്, ഗംലസ് വരിക്ക, ചെമ്പരത്തി വരിക്ക, പത്താം മുട്ട വരിക്ക, ചെങ്ങളം നാടന്‍ ഇനങ്ങളില്‍പ്പെട്ട പ്ലാവ്, സീസര്‍ റംബൂട്ടാന്, മധുര വാളംപുളി, മിറക്കിള്‍ ഫ്രൂട്ട്, ജബോട്ടിക്കാവ, മധുര അമ്പഴം, അവക്കാഡോ, മുള്ളാത്ത, ഫുലാസാന്‍, ഹൈബ്രീഡ് നെല്ലി, അലഹബാദ്, സഫേദ്, മലേഷ്യന്‍ റെഡ്ഗുവ, പിങ്ക് ഇനം പേര എന്നിങ്ങനെ ഫലവൃക്ഷങ്ങളുടെ പട്ടിക നീളും.
ബനാന സപ്പോട്ട, പേര, മിറക്കിള്‍ ഫ്രൂട്ട് , ജബോട്ടിക്കാവ എന്നിവ പ്ലാസ്റ്റിക് ഡ്രമ്മിലാണ് നട്ടിരിക്കുന്നത്. പഴവര്‍ഗങ്ങള്‍ക്ക് പുറമെ കോവൽ, വെണ്ട,പയര്‍, പച്ചമുളക് തുടങ്ങിയ പച്ചക്കറിയിനങ്ങളും കൃഷി ചെയ്തിട്ടുണ്ട്. തോട്ടത്തില്‍ പതിനഞ്ചോളം തേനീച്ച കോളനികള്‍ സ്ഥാപിച്ചിട്ടുണ്ട്. പൂക്കളുടെയും പഴവര്‍ഗങ്ങളുടെയും പരാഗണത്തിന് തേനീച്ചകള്‍ ഏറെ സഹായിക്കുന്നു. പത്തുമണിപ്പൂക്കള്‍ തേനീച്ചകള്‍ക്ക് ഏറെ പ്രിയങ്കരമാണ്.
പൂക്കളും ചെടിയും തേടി യാത്ര
പുതിയ പൂക്കളും ചെടികളും തേടി ജോണ്‍ നടത്തിയിട്ടുള്ളത് നിരവധി യാത്രകൾ. യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന ഇഷ്ടപ്പെട്ട പൂച്ചെടികള്‍ എന്തു വില കൊടുത്തും സ്വന്തമാക്കും. ഇതിനുപുറമേ ഓണ്‍ ലൈനിലൂടെയും ധാരാളം ചെടികള്‍ വാങ്ങാറുണ്ട്. അങ്ങനെയാണ് വീടിനു സമീപം പൂക്കളുടെ സമൃദ്ധി ഒരുക്കാനായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉദ്യാനം എന്ന ആശയം മനസില്‍ മുളപൊട്ടിയെങ്കിലും 2015-ലാണ് യാഥാര്‍ഥ്യമാക്കാനായത്.
പൂക്കള്‍ക്കും ചെടികള്‍ക്കുമൊപ്പം അക്ഷരങ്ങളെയും പ്രണയിക്കുന്ന ജോണ്‍ എഴുതിയ നിരവധി ചെറുകഥകളും ലേഖനങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഴ് ചെറുകഥാസമാഹാരങ്ങളുടെ രചനയിലും പങ്കാളിയായിട്ടുണ്ട്. കൃഷിയായാലും ഉദ്യാന പരിപാലനമായാലും ജീവിതമായാലും വിജയിക്കണമെങ്കില്‍ അതിനു പിന്നില്‍ കലാപരതയും സൗന്ദര്യബോധവും കഠിനാധ്വാനവും സംരംഭക ശേഷിയും ദീര്‍ഘവീക്ഷണവും കൃത്യമായ പ്ലാനിംഗും ആവശ്യമാണെന്നാണ് ജോണിന്റെ നിരീക്ഷണം. കൃഷി സംബന്ധമായ കാര്യങ്ങളില്‍ കുടുംബാംഗങ്ങളുടെ പൂര്‍ണ പിന്തുണയുണ്ട് .അതാണ് ജോണ്‍ മൂന്നുങ്കവയലിന്റെ വിജയഗാഥയുടെ പിന്നിലെ മര്‍മം. ഭാര്യ: മേരി, മകന് : ബോണി , മരുമകള്‍ നീതു.
ഫോണ്‍ : 9400853848
Tags :