ADVERTISEMENT
ഒരിക്കല്‍ കൃഷിയില്‍ കാലെടുത്തു വച്ചാല്‍ പിന്നെ മടങ്ങാനാവില്ല. അത്രയ്ക്കാണ് അതിന്റെ ആകര്‍ഷകത്വം. പ്രകൃതിയുടെ ചേര്ത്തുവയ്ക്കലാണത്. 2020-ല്‍ മികച്ച ഹൈടെക് കര്‍ഷകനുള്ള സംസ്ഥാന പുരസ്കാരം നേടിയ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പുളിഞ്ചി പുത്തന്‍വീട്ടില്‍ ഷമീറിന്റെ കാര്യവും അതുപോലെ തന്നെ. കഠിനാധ്വാനത്തിലൂടെയും അര്‍പ്പണത്തിലൂടെയും ഷമീര്‍ വളര്‍ത്തിയെടുത്ത പോളിഹൗസ് കൃഷി അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. ഒരേക്കറില്‍ ചെയ്യേണ്ട കൃഷി വെറും 25 സെന്റ് സ്ഥലത്താണ് ഷമീര്‍ വിജയകരമായി നടത്തുന്നത്.
പോളി ഹൗസില്‍ നല്ല ഉയരത്തില്‍ പടര്‍ത്തിയിരിക്കുന്ന പയര്‍വള്ളി സമൃദ്ധമായി കായ്ച്ചു നില്ക്കുന്നു. സാലഡ് വെള്ളരിക്കും നല്ല വിളവാണ്. പാലക്ക് ചീര, പാവല്‍, വെണ്ട, തക്കാളി, മുളക്, കാപ്സിക്കം എന്നീ ഇനങ്ങള്‍ മാറി മാറിയാണ് കൃഷി ചെയ്യുന്നത്. ഹാരി എന്ന പയര്‍ ഇനമാണ് കൃഷി ചെയ്യുന്നത്. ഇത് 35-40 ദിവസങ്ങള്‍കൊണ്ട് വിളവ് എടുത്തു തുടങ്ങാം. വിളവും കൂടുതലാണ്. സാധാരണ പയര്‍ നാലുമാസം വരെ നില്ക്കും. എന്നാല്‍ ഹാരിയുടെ കാലം മൂന്നു മാസമാണ്. എങ്കിലും അത്രയും സമയം കൊണ്ട് മറ്റ് പയര്‍ ഇനങ്ങളെക്കാള്‍ വിളവ് ലഭിക്കും. കെപിസിഎച്ച് 1, ഫീസ്റ്റ എന്നീ സാലഡ് വെള്ളരി ഇനങ്ങളാണ് ഷമീറിനുള്ളത്. നല്ല കാലാവസ്ഥയാണെങ്കില്‍ വെള്ളരിയില്‍ നിന്ന് 35 ദിവസം കൊണ്ട് വിളവെടുക്കാം. കേരള സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ് കെപിസിഎച്ച്1 എന്ന വെള്ളരി ഇനം.
പോളിഹൗസ് കൃഷിയില്‍ പ്രത്യേക പരിശീലനമൊന്നും നേടിയിട്ടില്ലാത്ത ഷമീര്‍ പോളിഹൗസിലെ സമൃദ്ധമായ കൃഷിയുടെ ഉടമയായതിനു പിന്നില്‍ പരമ്പരാഗതമായി ലഭിച്ച കൃഷി സ്നേഹവും പിന്നെ കഠിനാധ്വാനവുമുണ്ട്. കുടുംബത്തില്‍ ബാപ്പയുടെ ബാപ്പ നല്ല കര്‍ഷകനായിരുന്നു. തെങ്ങ് കൃഷിയായിരുന്നു പ്രധാനം. സുഹൃത്തായ ഷംസുദീനുമൊത്ത് എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരത്ത് മണ്ണന്തലയില്‍ ഇടവക്കോട് പോളിഹൗസ് വാടകയ്ക്കെടുത്താണ് ആദ്യം കൃഷി തുടങ്ങിയത്. മലപ്പുറം സ്വദേശിയായ ഷംസുദീന്‍ എസ്എച്ച്എം ല്‍ ജോലി ചെയ്തിരുന്നതുകൊണ്ട് പോളിഹൗസ് കൃഷിയില്‍ അല്പം പരിചയമുണ്ടായിരുന്നു. ഈ അറിവ് വച്ചായിരുന്നു തുടക്കം. പിന്നീട് സ്വയം പരീക്ഷണങ്ങളിലൂടെ ഇവര്‍ പുതിയ കൃഷി പാഠങ്ങള്‍ പഠിക്കുകയായിരുന്നു. ഇടക്കാലത്ത് പാര്‍ടണറായിരുന്ന ഷഫീക്കിന്റെ പിന്തുണയും വലിയ കരുത്തായി.
വാടക പോളിഹൗസിലെ കൃഷിക്കൊപ്പം നെടുമങ്ങാട്ടുള്ള സ്വന്തം വീട്ടുപറമ്പിലും പോളിഹൗസ് തുടങ്ങി. മണ്ണന്തലയിലെ വാടക പോളിഹൗസ് പ്രവര്‍ത്തനത്തിനു ജലദൗര്‍ലഭ്യം നേരിട്ടതോടെ വീട്ടുമുറ്റത്തെ പോളിഹൗസിലേക്ക് പൂര്‍ണമായും മാറി. സ്വയം പരാഗണം നടത്തുന്ന പച്ചക്കറി ഇനങ്ങളാണ് പോളിഹൗസില്‍ കൃഷി ചെയ്യുന്നത്. മറ്റു പച്ചക്കറി ഇനങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ പരാഗണം നമ്മള് കൃത്രിമമായി നടത്തണം. പച്ചക്കറികള്‍ക്കു ആവശ്യമായ വെയില് ലഭിക്കുന്നു. ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ ചെടികളില്‍ പതിക്കുന്നില്ല. പേമാരി വരുമ്പോള്‍ വിളനാശം ഉണ്ടാകുന്നില്ല. ഇങ്ങനെ ധാരാളം ഗുണങ്ങള്‍ പോളിഹൗസ് കൃഷിക്കുണ്ട്.
ഷമീര്‍ നാച്വറല്‍ വെന്റിലേറ്റഡ് പോളിഹൗസാണ് ഒരുക്കിയിട്ടുള്ളത്. പ്രകൃതിയില്‍ നിന്നു തന്നെ പ്രകാശവും വായുവും ലഭിക്കുന്ന യു.വി. സി ഷീറ്റുകളാണ് പോളി ഹൗസില്‍ ഉപയോഗിക്കുന്നത്. (ഓട്ടോമാറ്റിക് പോളിഹൗസില്‍ വായുവും കര്‍ഷകര്‍ തന്നെ സജ്ജമാക്കുകയാണ്) കൃത്യത കൃഷിയുടെ ഗുണങ്ങള്‍ ഏറെയാണ്. കാലം തെറ്റിവരുന്ന മഴ, കടുത്ത വേനല്‍, പ്രവചനാതീതമാവുന്ന കാലവര്‍ഷം, കാലവര്‍ഷക്കെടുതി ഇവയൊക്കെ പ്രതിരോധിക്കാനാവും. കളകള്‍, കീടങ്ങള്‍ എന്നിവയുടെ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നുമില്ല. പോളിഹൗസില്‍ പന്തലിടുന്ന രീതിയില്ല. ഉയരത്തില്‍ ആണ് (വെര്‍ട്ടിക്കല്‍) പയര്‍ പടര്‍ത്തിയിരിക്കുന്നത്. നല്ല വിളവ് ലഭിക്കുന്നുണ്ട്. ഡ്രിപ്പ് ജലസേചനമാണ് നല്‍കുന്നത്. ജലത്തിലൂടെ ചെടികള്‍ക്കു ആവശ്യമായ പോഷകങ്ങളും നല്‍കും. അടിവളമായി മൂന്നു ടണ്‍ കമ്പോസ്റ്റ് ചേര്‍ക്കുന്നതാണ് പ്രധാന വളപ്രയോഗം.
അധികച്ചൂട് ക്രമീകരിക്കാന്‍ സ്റ്റബിലൈസര്‍ ഒരുക്കിയിട്ടുണ്ട്. ആറുമാസത്തിലൊരിക്കല്‍ പോളിഹൗസുകള്‍ വൃത്തിയാക്കിയാല്‍ മാത്രമേ സൂര്യരശ്മികള്‍ ആവശ്യത്തിനു ലഭിക്കുകയുള്ളൂ. ബിരുദത്തോടൊപ്പം ഐടിസി, കംപ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്‍ഡ് എന്നിവയില്‍ ഡിപ്ലോമയുള്ള ഷമീര്‍ കാര്‍ ഡ്രൈവറായും പ്രവര്‍ത്തിക്കുന്നു. യാത്രകള്‍ക്കിടയില്‍ കണ്ട കാഴ്ചകള്‍ കൃഷിയിലേക്കു ആകര്‍ഷിക്കുന്നതിനു കാരണമായിട്ടുണ്ടെന്നു ഷമീര്‍ പറയുന്നു. പോളിഹൗസ് എന്ന ആധുനിക കൃഷി സങ്കേതം പരാജയപ്പെട്ടിരുന്ന കാലത്താണ് ഷമീര്‍ പോളിഹൗസ് കൃഷി തുടങ്ങിയത്. ഒട്ടേറെ പോളിഹൗസ് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് പരാജയ കാരണങ്ങള്‍ മനസിലാക്കി പ്രശ്നങ്ങള്‍ പരിഹരിച്ച് മണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന രീതിയില്‍ കൃഷി ചെയ്യുകയായിരുന്നു. രാസവളങ്ങളുടെ അമിത ഉപയോഗം പോളിഹൗസ് കൃഷിയുടെ പരാജയത്തിനു ഒരു കാരണമാണ്.
പരീക്ഷണാടിസ്ഥാനത്തില്‍ പോളി ഹൗസ് കൃഷിയിലേക്കു തിരിഞ്ഞപ്പോള്‍ വലിയ രീതിയില്‍ വിമര്‍ശനം നേരിടേണ്ടിവന്ന ഷമീര്‍, ധൈര്യം സംഭരിച്ച് പുതിയ കൃഷിരീതി പരീക്ഷിക്കാന്‍ മുന്നോട്ട് ഇറങ്ങുകയായിരുന്നു. നേരിട്ട പ്രതിസന്ധികളെ എല്ലാം ഊര്‍ജമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. പുതിയ പരീക്ഷണങ്ങളില്‍ അപകടങ്ങള്‍ ഉള്ളത് കൊണ്ടു തന്നെയാണ് വീട്ടുകാരും, സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തത്. എന്നാല്‍ ഇന്ന് അവരുടെയെല്ലാം നിലപാട് മാറി. 2020-ല്‍ ലഭിച്ച സംസ്ഥാന അവാര്‍ഡ് കൂടുതല്‍ ആവേശത്തോടെ മുന്നോട്ടുകൊണ്ടു പോകുന്നതിനുള്ള ഒരു കാരണമാണ്. സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുമ്പോള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്തം കൂടുമെന്നു ഷമീര്‍ പറഞ്ഞു.
കൃഷി ഒരു പ്രഫഷനായി സ്വീകരിക്കണം എന്ന ചിന്തയാണ് ഷമീറിനെ ഹൈടെക്ക് കൃഷിയിലേക്ക് എത്തിച്ചത്. നല്ല വിളകള്‍ ഉത്പാദിപ്പിച്ച് സമൂഹത്തിനു നല്‍കുന്നതിന്റെ സന്തോഷമുണ്ട്. സേഫ് ടു ഈറ്റ് എന്ന പ്രതിജ്ഞാവാക്യമാണ് താന്‍ പിന്തുടരുന്നതെന്നും ഷമീര്‍ വ്യക്തമാക്കി. പ്രമേഹരോഗികള്‍ക്കു വളരെ ഗുണകരമാണ് സാലഡ് വെള്ളരി. ഇതുപോലെ ഗുണകരമായ ഷമീറിന്റെ വിളകള്‍ക്കു നല്ല വിപണി ലഭിക്കുന്നുണ്ട്. പോളി ഹൗസ് കൂടാതെ പറമ്പ് കൃഷിയുമുണ്ട്. റെഡ്ലേഡി ഇനത്തില്‍പ്പെട്ട പപ്പായയുടെ അതി മനോഹരമായൊരു കൃഷിയിടം തന്നെയുണ്ട്. പപ്പായ മരത്തിന്റെ ചുവട്ടില്‍ പുല്ല് വളരാതിരിക്കാന്‍ മള്‍ച്ചിംഗ് ഷീറ്റ് വിരിച്ചിട്ടുണ്ട്. പുതിയ കൃഷി രീതിയിലേക്കു യുവതലമുറയെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും ഷമീര്‍ നടത്തിവരുന്നു. ഫേയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലും ഷമീര്‍ സജീവമാണ്.
ബാപ്പ സൈഫുദീന്‍, ഉമ്മ സലീന, ഭാര്യ തസ്ലീമ, മകള്‍ നഫീസത്തില്‍ മിസ്രിയ, മകന് ബാസിത് അഹമ്മദ് എന്നിവര്‍ അടങ്ങുന്നതാണ് ഷമീറിന്റെ കുടുംബം.
ഫോണ്‍: 9895407282
Tags :