കേരളത്തില്‍ എല്ലാകാലത്തും കിട്ടുന്നതാണു വാഴപ്പഴം. ഏത്തവാഴ നട്ട് നനച്ചാല്‍ ഒമ്പതാം മാസം കുല വെട്ടാം. കദളി ഇനങ്ങള്‍ക്കും ഇതേ മൂപ്പാണ്. ചെങ്കദളിയും ഉദയവും കുലയ്ക്കാന് 10 മാസം വേണം. മഴ ആരംഭി ക്കുന്നതോടെ കര വാഴ നടുന്നതാണു പൊതുവായ രീതി. വാഴപ്പഴത്തിന് ഏറ്റവും വില കിട്ടുന്നതും വാഴപ്പഴ ലഭ്യത കുറയുന്നതും ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. കാലാവസ്ഥയെ അതിജീവിക്കാനും പ്രതികൂല സാഹചര്യത്തില്‍ കൃഷിയിറക്കാനും യന്ത്രവത്കരണം സഹായിക്കും. ഇതുവഴി കൂലിച്ചെലവ് ഗണ്യമായി കുറച്ച് കൂടുതല്‍ ലാഭമുണ്ടാക്കാനും കഴിയും.
ആഴം കുറഞ്ഞ വേരുകളാണ് വാഴയുടേത്. അതിനാല്‍, മേല്‍മണ്ണ് നന്നായി ഉഴുതു മറിച്ച് കിളച്ചൊരുക്കി വാഴ നടണം. വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള മണ്ണ് അനുയോജ്യമാണ്. വാഴകൃഷിയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഭാരിച്ച കൂലിച്ചെലവാണ്. യന്ത്രവത്കരണത്തിലൂടെ കൃഷിച്ചെലവ് ഗണ്യമായി കുറയ്ക്കാം. അയല്‍ സംസ്ഥാനങ്ങള്‍ ഈ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൂലിച്ചെലവ് കുറയ്ക്കുകയും വന്‍ലാഭമുണ്ടാക്കുകയും ചെയ്യുന്നു.
വാഴകൃഷിക്കു വേണ്ട കാര്‍ഷിക യന്ത്രങ്ങള്‍
നിലമൊരുക്കല്‍, കുഴിയെടുക്കല്‍, സ്പ്രേയിംഗ്, കള നിയന്ത്രണം, ജലസേചനം, കുല പൊതിയല്‍, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം എന്നിവയ്ക്കെല്ലാം യന്ത്രങ്ങളുണ്ട്. അതുവഴി മനുഷ്യപ്രയത്നം കാര്യമായി കുറയ്ക്കാം.
- നിലം ഒരുക്കാനുള്ള യന്ത്രങ്ങള്‍
പവര്‍ ടില്ലര്‍ : 60 സെന്റിമീറ്റര്‍ വീതിയിലും 20 സെന്റിമീറ്റര്‍ ആഴത്തിലും പവര്‍ ടില്ലറുകള്‍ക്ക് മണ്ണിളക്കാന്‍ കഴിയും. മണിക്കൂറില്‍ ഒന്നു മുതല്‍ ഒന്നേകാല്‍ ലിറ്റര്‍ വരെ ഡീസല്‍ വേണം. ഏകദേശ വില: 1.87 ലക്ഷം രൂപ. 9 എച്ച്.പി പവര്‍ ടില്ലറും നിലം ഒരുക്കാന്‍ ഉപയോഗിക്കാം. മണിക്കൂറില്‍ ഒന്നര ലിറ്ററാണ് ഇന്ധന ക്ഷമത. ഏകദേശ വില: 1.76 ലക്ഷം രൂപ.
മിനി ടില്ലര്‍ : 10 സെന്റിമീറ്റര്‍ ആഴത്തിലും 85-130 സെന്റിമീറ്റര്‍ വീതിയിലും മണ്ണിളക്കാം. 6.5 എച്ച്.പി പെട്രോള്‍ എന്‍ജിനാണ്. ഏകദേശ വില: 89,000 രൂപ. ഈ ആവശ്യത്തിന് മിനി പവര്‍ ടില്ലറുമുണ്ട്. 15 സെന്റി മീറ്റര്‍ ആഴത്തിലും 114-125 സെന്റിമീറ്റര്‍ വരെ വീതിയിലും മണ്ണിളക്കാവുന്ന 6 എച്ച്.പി 4 സ്ട്രോക്ക് പെട്രോള്‍ എന്‍ജിനാണ്. ഏകദേശ വില: 52,000 രൂപ.
16 സെന്റിമീറ്റര്‍ ആഴത്തില്‍ മണ്ണിളക്കാവുന്ന 7.1 എച്ച്.പി 2 സ്ട്രോക്ക് പെട്രോള്‍ എന്ജിന് ഘടിപ്പിച്ച ടില്ലറുമുണ്ട്. ഏകദേശ വില: 93,000 രൂപ. മേല്‍പ്പറഞ്ഞ എല്ലാ യന്ത്രങ്ങള്‍ക്കും ആറ് മണിക്കൂറില്‍ 0.75 മുതല്‍ ഒരു ഹെക്ടര്‍വരെ കിളക്കാനാകും.
- കുഴിയെടുപ്പ് യന്ത്രങ്ങള്‍
സാധാരണ ഒന്നര മുതല്‍ രണ്ടരയടി ആഴത്തിലാണു വാഴക്കുഴികള്‍ എടുക്കുന്നത്. എര്‍ത്ത് ഓഗറുകള്‍ ഉപയോഗിച്ച് ഇത് എളുപ്പത്തില്‍ സാധിക്കാം. 2.1 എച്ച് പി. പെട്രോള്‍ എന്ജിന് ഓഗറുകള്ക്ക് രണ്ടര അടി വരെ ആഴത്തില്‍ മണിക്കൂറില്‍ 25 മുതല്‍ 30 കുഴിയെടുക്കാം. വില 35,000 രൂപ.
- സ്പ്രേയറുകള്‍
മരുന്നുകള്‍, മൂലകങ്ങള്‍ എന്നിവ വാഴയില്‍ സ്പ്രേ ചെയ്യാനുള്ള ഉപകരണങ്ങളാണിവ.
പോര്‍ട്ടബിള്‍ സ്പ്രേയറുകള്‍: 2.1 എച്ച്.പി പോര്‍ട്ടബിള്‍ സ്പ്രേയറുകളില്‍ മരുന്ന് ടാങ്ക് ചുമലില്‍ എടുക്കേണ്ടി വരില്ല. ഹോസിന് 50 മീറ്റര്‍ നീളമുള്ളതിനാല്‍ ദൂരത്തില്‍ സ്പ്രേയിംഗ് നടക്കും. മിനിറ്റില്‍ 12 മുതല്‍ 14 ലിറ്റര്‍ മരുന്ന് തളിക്കാം. വില: 32,000 രൂപ.
മിസ്റ്റ് ബ്ലോവര്‍ : 2.1 എച്ച്.പി 2 സ്ട്രോക്ക് പെട്രോള്‍ എന്‍ജിനാണ്. 12 മീറ്റര്‍ അകലത്തില്‍ മരുന്ന് സ്്രപേ ചെയ്യാം. മിനിറ്റില്‍ 2.6 ലിറ്റര്‍ വരെ തളിക്കാനാകും. വില: 18,000 രൂപ.
- നന
വാഴയ്ക്ക് നന ഒഴിവാക്കാനാവില്ല. തടം നന, ചാല് നനയും കൂടാതെ സൂക്ഷ്മ ജലസേചന രീതികളും നിലവിലുണ്ട്. ഡിജിറ്റര്‍ ടൈമറും സെന്‍സറും ഉപയോഗിക്കുന്ന തുള്ളി നനയ്ക്ക് ഏറെ പ്രചാരം ലഭിച്ചു വരുന്നു. 60 ശതമാനം വരെ ജലം സംരക്ഷിക്കാന്‍ സാധിക്കുന്ന ഈ രീതി വഴി വാഴയ്ക്ക് വളങ്ങളും നല്കാന് കഴിയും. കൃഷി സിഞ്ചായി യോജനയില്‍ 55 ശതമാനം സബ്സിഡിയോടെ പദ്ധതി നടപ്പാക്കാനാകും. എസ്സി, എസ്ടി വിഭാഗത്തിന് 80 ശതമാനം ആനുകൂല്യം ലഭിക്കും.
ഡീസല്‍ പമ്പുകള്‍ : 5.0 എച്ച് പി ഡീസല്‍ എന്ജിന് 26 മീറ്റര്‍ ഹെഡും മിനിറ്റില്‍ 1000 ലിറ്റര്‍ പമ്പിംഗ് ശേഷിയുമുണ്ട്. വില: 41,000.
- കള നിയന്ത്രണം
കുറ്റപ്പയറും ചീരയും ഇടവിളയായി നട്ടാല്‍ കളകളെ ഒരു പരിധി വരെ നിയന്ത്രിക്കാം. അധിക വരുമാവുമാകും. കള നിയന്ത്രണത്തിനു പറ്റിയ ഉപകരണങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
പവര്‍ വീഡര്‍ : 2.1 എച്ച് പി 2 സ്ടോക്ക് പെട്രോള്‍ എഞ്ചിന്. 30 സെന്റിമീറ്റര്‍ വീതിയിലും 7.5 സെന്റിമീറ്റര്‍ ആഴത്തിലും കളകളെ വേരുകള്‍ ഉള്‍പ്പെടെ ഇതിനു നീക്കം ചെയ്യാനാകും. കള നിയന്ത്രണത്തിനുശേഷം വളം മണ്ണില്‍ ചേര്ത്തിളക്കാനും ഉപയോഗിക്കാം. ഭാരം 20 കിലോ. വില: 30,000.
- കീട നിയന്ത്രണം
പിണ്ടിപ്പുഴു, മാണ വണ്ട്, വാഴപ്പേന്‍, ഇലതീനിപ്പുഴു, വെള്ളീച്ച തുടങ്ങിയവയാണ് വാഴകളെ ബാധിക്കുന്ന പ്രധാന കീടങ്ങള്‍. മാണം അഴുകല്‍, ഇലപ്പുള്ളി, കുറുനാമ്പ് തുടങ്ങിയ രോഗങ്ങളും കണ്ടു വരാറുണ്ട്. കീട നിയന്ത്രണത്തിന് മരുന്നുകള്‍ സ്പ്രേ ചെയ്യുന്നതിനു പകരം സ്യൂഡോ സ്റ്റെം ഇന്‍ജെക്ടര്‍ ഉപയോഗിക്കുന്നതാണ് പുതിയ രീതി. ബാറ്ററി ഓപ്പറേറ്റഡ് സ്യൂഡോ സ്റ്റെം ഇന്‍ജെക്ടര്‍ 12 വി 12 എഎച്ച് ബാറ്ററി കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന നാക് സിക് സ്പ്രേയര്‍ ആണ് പ്രധാന ഭാഗം. ഇലട്രോണിക് എബഡഡ് സിസ്റ്റം, സ്റ്റെയിന്‍ലസ് നീഡില്‍ എന്നിവയുമുണ്ട്.
രണ്ടു മുതല്‍ അഞ്ചുവരെ മില്ലി ലിറ്റര്‍ മരുന്ന് ഒരു തവണ തടയില്‍ കുത്തിവയ്ക്കാനാകും. ഒരു വാഴയ്ക്ക് രണ്ട് ഇഞ്ചക്ഷനാണ് കണക്ക്. മണിക്കൂറില്‍ 300 വാഴകള്‍ക്ക് വരെ ഇന്ജക്ഷന് നല്‍കാനാകും. വില 19,500.
- കുല പൊതിയാന്‍
ഇതിനായി വികസിപ്പിച്ചെടുത്തതാണ് ബനാനാ ബഞ്ച് കവറിംഗ് ഡിവൈസ്. വാഴക്കൂമ്പ് ഒടിച്ചശേഷം ഈ മാര്‍ഗം ഉപയോഗിച്ച് എളുപ്പത്തില്‍ കുല പൊതിയാം. 17 ജിഎസ്എം നോണ്‍ വൂവണ്‍ മെറ്റീരിയല്‍ തുണി സഞ്ചിയാണ് കവര്‍. അഞ്ച് ഇഞ്ച് സിലിക്കോണ്‍ റബര്‍ ബാന്‍ഡും ആവശ്യമാണ്. ടെലസ്കോപ്പിക് തോട്ടിയുടെ അഗ്രഭാഗത്തുള്ള വളഞ്ഞ അര്‍ധ വൃത്താകൃതിയിലുള്ള വളയത്തില്‍ ഘടിപ്പിച്ചിട്ടുള്ള സ്ക്രൂകളില്‍ റബര്‍ ബാന്‍ഡ് വലിച്ചിടുക. പിന്നീട് സ്ക്രൂ മൂടത്തക്ക വിധം കവര്‍ വലിച്ചിടണം. ഒരു മീറ്റര്‍ നീളമുള്ള കവര്‍ ആണ് ഉപയോഗിക്കേണ്ടത്. പ്ലാസ്റ്റിക് റോപ്പ് വലിച്ച് കുല മൂടാം. മണിക്കൂറില്‍ 20 മുതല്‍ 30 വാഴക്കുല പൊതിയാം. ഒരു കവര്‍ മൂന്നു തവണ ഉപയോഗിക്കാം. വില 3820 രൂപ.
- അനുബന്ധ ഉപകരണങ്ങള്‍
കാറ്റില്‍ വാഴ ഒടിഞ്ഞു വീഴുന്നത് തടയുന്ന സംവിധാനമാണ് കോളര്‍ റിംഗ് ആന്‍ഡ് സ്ട്രിംഗ് സപ്പോര്‍ട്ട്. കൂമ്പു വരുമ്പോള്‍ വാഴയുടെ മുന്‍ ഭാഗത്ത് 4 മില്ലീമീറ്റര്‍ ജിഐ കോളാര്‍ റിംഗ് ബന്ധിപ്പിക്കുന്നു. അഞ്ച് എംഎം പ്ലാസ്റ്റിക് കയര്‍ റിംഗിന്റെ വരിയിലും ബന്ധിപ്പിക്കുന്നു. ഈ കെട്ട് ചുറ്റിലുമുള്ള വാഴകളുമായും കുറ്റിയടിച്ച് ബന്ധിക്കും. വില: 35രൂപ. പടലയ്ക്ക് ക്ഷതമില്ലാതെ കായ് അടര്‍ത്തിയെടുക്കാനുള്ള ഉപകരണമാണ് ബനാന കോംബ് കട്ടര്‍. വില:500 രൂപ. വാഴ നാര് എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാവുന്ന യന്ത്രമാണ് ബനാന ഫൈബര്‍ എക്സ്ട്രാക്ഷന്‍ ടൂള്‍. മെറ്റല്‍ ബ്ലേഡും തടിയുടെ പിടിയുമാണ് പ്രധാന ഭാഗങ്ങള്‍. വില:150 രൂപ
വാഴയ്ക്ക കഷണങ്ങളായി നുറുക്കാനുള്ള യന്ത്രമാണ് ബനാന സ്ളൈസര്‍. 0.5 എച്ച്.പി മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന ഇതില്‍ മണിക്കൂറില്‍ 150 കിലോ വരെ നുറുക്കാം. വില: 26,000 രൂപ.
കായ് ഉണക്കാന്‍ 1200 വാട്സില്‍ പ്രവര്‍ത്തിക്കുന്ന 7 ട്രേകളുള്ള ഡ്രയറുണ്ട്. ജിപി ഷീറ്റുകൊണ്ടാണ് നിര്‍മാണം. യന്ത്രത്തിന്റെ തൂക്കം 20 കിലോ. സമയം, താപനില ഇവ നിയന്ത്രിക്കാനാകും. ഉയര്‍ന്ന താപനില 70 ഡിഗ്രി. വില:34,000 രൂപ.
ബയോ പെസ്റ്റിസൈഡ് ഇഞ്ചക്ടിംഗ് നീഡില്‍ : തടപ്പുഴു നിയന്ത്രണത്തിവി മിത്രനികേതന് വികസിപ്പിച്ചെടുത്ത ഉപകരണം. തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മരച്ചീനി ഇലയില്‍ നിന്നുള്ള ജൈവ കീടനാശിനിയായ മേന്മ തടപ്പുഴുവിന് മികച്ച മരുന്നാണ്. ഇഞ്ചക്ടിംഗ് നീഡില്‍ ഉപയോഗിച്ച് 20 മില്ലി മരുന്ന് വാഴത്തടയുടെ അഞ്ചു സെന്റി മീറ്റര്‍ ആഴത്തില്‍ കുത്തിവയ്ക്കാം. സൂചിയുടെ വില: 20 രൂപ.
സോളാര്‍ ഡ്രയര്‍ : പഴം, പച്ചക്കറി, കാര്‍ഷിക വിളകള്‍ എന്നിവ വെയിലില്‍ ഉണക്കുന്നതിനു പകരം മിത്രനികേതന് വികസിപ്പിച്ചെടുത്തതാണ് സോളാര്‍ ഡ്രയര്‍. പ്രീ ഹീറ്റര്‍, സോളാര്‍ ചിമ്മിനി ഡ്രയിംഗ് ചെയ്സര്‍ എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വില: 26,000 രൂപ.
Tags :