ADVERTISEMENT
ഉയര്‍ന്ന വിലയും വിപണിയും ലഭിക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടു ടര്‍ക്കി കൃഷി നടത്തി മികച്ച വരുമാനം കണ്ടെത്തുന്ന കര്‍ഷകനാണ് മലപ്പുറം വട്ടംകുളം സ്വദേശി പൂന്തോട്ടത്തില്‍ കൃഷ്ണന്‍കുട്ടി. തപാല്‍വകുപ്പ് ജീവനക്കാരനായ അദ്ദേഹം ഒഴിവുവേളകള്‍ മാറ്റിവച്ചാണ് ടര്‍ക്കികളെ പരിപാലിക്കുന്നത്. 2008-ല്‍ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിയ ടര്‍ക്കി വളര്‍ത്തല്‍ പദ്ധതിയുടെ ഗുണഭോക്താവായതോടെയാണു കൃഷ്ണന്‍കുട്ടി ടര്‍ക്കി കൃഷിയിലേക്കു തിരിഞ്ഞത്. പദ്ധതിയുടെ ഭാഗമായി കിട്ടിയ 20 ടര്‍ക്കി കുഞ്ഞുങ്ങളില്‍ നിന്നായിരുന്നു തുടക്കം. പിന്നീട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ടര്ക്കികളോടുള്ള ഇഷ്ടം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിട്ടില്ല. 16 വര്‍ഷങ്ങള്‍ക്കിപ്പുറം വിപുലമായ കൂട് ഉള്‍പ്പെടെ ടര്‍ക്കി വളര്‍ത്തലിനു വേണ്ടതെല്ലാം കൃഷ്ണന്‍കുട്ടി സ്വന്തമാക്കിക്കഴിഞ്ഞു. മാത്രമല്ല, കൃഷിയുടെ അടവുകളെല്ലാം അനുഭവങ്ങളിലൂടെ കൃത്യമായി പഠിക്കുകയും ചെയ്തു.
ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവര്‍ഷ വിപണി കണക്കാക്കി 150- ഓളം ടര്‍ക്കികളെയാണ് അദ്ദേഹം വളര്‍ത്തുന്നത്. സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ ഏക ടര്‍ക്കി ഫാമായ കൊല്ലത്തെ ജില്ലാ ടര്‍ക്കി ഫാമില്‍ നിന്ന് മേയ് മാസത്തില്‍ ഒരു മാസം പ്രായമെത്തിയ കുഞ്ഞുങ്ങളെ വാങ്ങിയാണ് വളര്‍ത്തിത്തുടങ്ങിയത്. കുഞ്ഞൊന്നിന് 150 രൂപയായിരുന്നു വില. ഒരു മാസം പ്രായത്തില്‍ 300-350 ഗ്രാം വരെയാണ് തൂക്കം. വെളുപ്പിന്റെ തൂവല്‍ ഭംഗിയും, അതിനൊത്ത ആകാരവും മുഖത്ത് ചെഞ്ചുവപ്പന്‍ താടയും തൊങ്ങലുമെല്ലാമുള്ള ബ്രോഡ് ബ്രെസ്റ്റഡ് ലാര്‍ജ് വൈറ്റ് എന്ന ടര്‍ക്കി ഇനമാണ് കൃഷ്ണന്‍കുട്ടിയുടെ ഫാമില്‍ കൂടുതലുള്ളത്. ബ്രോഡ് ബ്രെസ്റ്റഡ്ബ്രോ ണ്‍സ്, വൈറ്റ് ഹോളണ്ട് എന്നീ രണ്ടിനങ്ങളുടെ സങ്കരയിനമായ ഈ ടര്‍ക്കി ജനുസിന് വളര്‍ച്ചാ നിരക്കും ചൂടിനെ താങ്ങാനുള്ള ശേഷിയും പൊതുവെ കൂടുതലാണ്. ബ്രൂഡിംഗ്, വാക്സിനേഷന് തുടങ്ങിയവ നല്കിയ ശേഷമാണ് ഹാച്ചറിയില്‍ നിന്നും കുഞ്ഞുങ്ങളെ വാങ്ങുന്നത്.
പരിപാലന മുറകള്‍
രണ്ട്-രണ്ടര മാസംവരെ ടര്ക്കിക്കുഞ്ഞുങ്ങളുടെ പരിപാലനത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ഒരുമാസം പ്രായമായാലും കൂട്ടില്‍ ബള്‍ബുകള്‍ ഒരുക്കി ചൂട് നല്‍കണം. തുടക്കത്തില്‍ ബ്രോയിലര്‍ കോഴിക്ക് നല്കുന്ന സ്റ്റാര്‍ട്ടര്‍ തീറ്റയും മൂന്ന്-മൂന്നര മാസം വരെ ഗ്രോവര്‍ തീറ്റയും നല്‍കാം. പിന്നീട് പുല്ല്, പഴം-പച്ചക്കറി അവശിഷ്ടങ്ങൾ, ധാന്യങ്ങള്‍, ധാന്യത്തവിട്, എന്നിവയെല്ലാം കൊടുക്കാം. തീറ്റ ഏതു നല്കിയാലും അതെല്ലാം ഒരു തരിപോലും ബാക്കി വയ്ക്കാതെ കഴിക്കുന്നതില്‍ പ്രത്യേക കഴിവുള്ള പക്ഷികളാണ് ടര്‍ക്കികൾ. രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടുമായി മൂന്ന് നേരമാണ് കൃഷ്ണന്‍കുട്ടി തീറ്റ നല്‍കുന്നത്. തീറ്റയുടെ സമയമാകുമ്പോള്‍ ശബ്ദമുണ്ടാക്കി ബഹളം വയ്ക്കും. ഖരാഹാരമായി ചോളത്തവിടും കന്നുകാലി പെല്ലറ്റും നല്‍കും. ഇപ്പോള്‍ 8 മാസം പ്രായമായ 150 ടര്‍ക്കികള്‍ക്ക് ഒരു ദിവസം പെല്ലറ്റ്, ചോളത്തവിട് എന്നിവ ഉള്‍പ്പെടെ 60-70 കിലോയോളം സാന്ദ്രീകൃതതീറ്റ വേണ്ടി വരും. ചോളത്തവിടും പിണ്ണാക്കും അല്പം നനച്ച് പുട്ടുപൊടി പരുവത്തിലാണ് നല്‍കുക. ആഴ്ചയില്‍ രണ്ടോ, മൂന്നോ ദിവസം നാടന്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത ചോറും കൊടുക്കും.
തീറ്റ പ്രിയരായ ടര്‍ക്കികളുടെ വിശപ്പ് മാറ്റി വയറു നിറക്കാന്‍ അളന്നുനല്കുന്ന ഖരാഹാരം കൊണ്ട് മാത്രം കഴിയില്ല. പുല്ലും ഇലകളും സാന്ദ്രീകൃത തീറ്റക്കൊപ്പം അരിഞ്ഞു നല്കിയാല് അവ അതെല്ലാം തിന്നു തീര്‍ക്കും. നേപ്പിയര്‍ പോലുള്ള ഗുണമേന്മയുള്ള പുല്ലുകളും വാഴയിലയുമെല്ലാം ടര്‍ക്കിയുടെ പ്രിയ തീറ്റയാണ്. വീടിന് സമീപത്തെ കടകളില്‍ നിന്നു ശേഖരിക്കുന്ന പച്ചക്കറി-പഴം അവശിഷ്ടങ്ങളും കൃഷ്ണന്‍കുട്ടി നല്‍കുന്നുണ്ട്. തീറ്റച്ചെലവ് കുറച്ച് പരിപാലനം കൂടുതല്‍ ലാഭകരമാക്കാന്‍ ഈ രീതി തുണയ്ക്കും. തീറ്റയ്ക്കൊപ്പം ധാരാളം വെള്ളവും ഇവയ്ക്കു വേണം. അതിനായി ഓട്ടോമാറ്റിക് ഡ്രിങ്കിംഗ് സംവിധാനം കൂടിന് അകത്തും പുറത്തും ഒരുക്കിയിട്ടുണ്ട്.
വൃത്തിയിലും അച്ചടക്കത്തിലും
വിട്ടുവീഴ്ചയില്ല
കോണ്‍ക്രീറ്റ് ചെയ്ത തറയില്‍ അറക്കപ്പൊടി വിരിച്ച് ഡീപ്പ് ലിറ്റര്‍ രീതിയിലുള്ള കൂടും, പകല്‍ മേയാന്‍ കൂടിനോട് ചേര്‍ന്ന് കമ്പിവലയിട്ട് തിരിച്ച ഷെല്‍റ്ററും പത്തു സെന്റ് സ്ഥലത്ത് ഒരുക്കിയാണ് കൃഷ്ണന്‍കുട്ടി ടര്‍ക്കികളെ പരിപാലിക്കുന്നത്. ടര്ക്കിപ്പടക്ക് കൂട്ടായി കൂടിന്റെ സമീപം നാടന്‍ കോഴികളേയും വളര്‍ത്തുന്നുണ്ട്. മാസത്തില്‍ രണ്ടു തവണ അറക്കപ്പൊടി മാറ്റി പുതിയ വിരിപ്പ് വിരിക്കും. ടര്‍ക്കികളുടെ കാഷ്ഠവുമായി ചേര്‍ന്ന അറക്കപ്പൊടി ഒന്നാംതരം ജൈവവളമാണ്.
രോഗപ്രതിരോധശേഷി കൂടുതലുള്ള പക്ഷികളാണ് ടര്‍ക്കികൾ. ചൂടിനോടും, തണുപ്പിനോടുമെല്ലാം അസാമാന്യ പ്രതിരോധവുമുണ്ട്. രണ്ടുമാസത്തെ ഇടവേളയില്‍ തൂക്കത്തിന്റെ അടിസ്ഥാനത്തില്‍ വിരമരുന്നുകള്‍ നല്‍കണം. നായ, കീരി തുടങ്ങിയ ഇരപിടിയന്മാര് ആക്രമിക്കാനെത്തിയാല്‍ കൂര്‍ത്ത കൊക്കുകൊണ്ട് കുത്തിയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കിയും അവരെ ഭയപ്പെടുത്തി ഓടിക്കുന്നത് ഇവയുടെ സ്വഭാവമാണ്. വീട്ടില്‍ അപരിചിതര്‍ വന്നാല്‍ പോലും ശബ്ദമുയര്‍ത്തി പ്രതികരിക്കും. അച്ചടക്കത്തിന്റെ കാര്യത്തില്‍ പട്ടാളച്ചിട്ടയാണ് ടര്‍ക്കിക്ക്. ബുദ്ധിയുടെ കാര്യത്തിലും മുന്‍പന്തിയില്‍ തന്നെ. തൂവലുകളിലെ അഴുക്കുകള്‍ മാറ്റി എപ്പോഴും മിനുക്കി സൂക്ഷിക്കും. മേച്ചില്‍ കഴിഞ്ഞ് കൂട്ടില്‍ കയറിയാല്‍ തറയില്‍ വിരിച്ച അറക്കപ്പൊടിയില്‍ ചിറകിട്ടടിച്ച് കിടന്നുരുളും. ഈ ടര്ക്കിക്കുളി കഴിയുന്നതോടെ തൂവലില്‍ പറ്റിയ ചെളിയും മറ്റുമെല്ലാം മാറി മേനി മിനുപ്പ് കൂടും.
വരുമാനക്കോഴി
മാംസത്തിനായി വളര്‍ത്തുന്ന പിടകളെയും, പൂവന്മാരെയും ഒരുമിച്ചാണ് വളര്‍ത്തുന്നത്. എട്ടുമാസം പ്രായമെത്തുന്നതോടെ പിടകള്‍ക്ക് ശരാശരി 8 - 9 കിലോ തൂക്കമുണ്ടാവും. പൂവന് 10-12 കിലോയും. കിലോയ്ക്ക് 350-400 രൂപ വിലയുണ്ട്. അതായത് 10 കിലോ തൂക്കമുള്ള ടര്‍ക്കിക്ക് ചുരുങ്ങിയത് 3500 രൂപ കിട്ടും. തീറ്റച്ചെലവ് കഴിച്ചാലും 1500 രൂപ വരെ ലാഭം. ഇങ്ങനെ 150 എണ്ണത്തില്‍ നിന്ന് എട്ടു മാസം കൊണ്ട് രണ്ടു ലക്ഷത്തിലധികം രൂപ ലാഭം പ്രതീക്ഷിക്കാം.
എന്നാൽ, ടര്‍ക്കി മാംസത്തിന് കേരളത്തില്‍ സ്ഥിരമായ വിപണി ഇല്ലാത്തത് വെല്ലുവിളിയാണെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. ഈസ്റ്റര്‍ കാലത്തും ടര്‍ക്കിയിറച്ചിക്ക് ആവശ്യക്കാരുണ്ടെങ്കിലും പ്രധാന വിപണനകാലം ക്രിസ്മസ്-പുതുവര്ഷക്കാലമാണ്. മലബാറിനേക്കാള്‍ മധ്യകേരളത്തിലാണ് ടര്‍ക്കിക്ക് കൂടുതല്‍ വിപണിയുള്ളത്. തമിഴ്നാട്ടിലും ഉയര്‍ന്ന വിപണിയുണ്ട്. 2008-ല്‍ ആദ്യമായി ടര്‍ക്കി കൃഷി തുടങ്ങാന്‍ 20 കുഞ്ഞുങ്ങളെ നല്കി പ്രചോദനം നല്‍കിയത് അന്ന് വട്ടംകുളം പഞ്ചായത്തിലെ വെറ്ററിനറി സര്‍ജനായിരുന്ന ഡോ. വി.കെ.പി. മോഹന്കുമാറായിരുന്നുവെന്ന് കൃഷ്ണന്‍കുട്ടി ഓര്‍ക്കുന്നു. 16 വര്‍ഷങ്ങള്‍ക്കിപ്പുറം ഉപദേശനിര്‍ദേശങ്ങളുമായി കൂടെയുള്ളത് ഡോ.വി.കെ.പി. മോഹന്‍കുമാറാണ്. ആശാവര്‍ക്കര്‍ കൂടിയായ ഭാര്യ മല്ലികയും മക്കളായ ശരത്തും ശ്യാമും പിന്തുണയുമായി കൃഷ്ണന്‍കുട്ടിക്ക് ഒപ്പമുണ്ട്.
ഫോണ്‍: 9946477209
വാങ്കോഴി എന്നും കല്ക്കം എന്നുമെല്ലാം കേരളത്തില്‍ വിളിപ്പേരുള്ള ടര്‍ക്കി ലോകമെങ്ങും പെരുമയുള്ള പക്ഷിയാണ്. ഇറച്ചിക്കും മുട്ടയ്ക്കും ഒരേപോലെ വരുമാന സാധ്യതയുള്ള സംരംഭമാണ് ടര്‍ക്കിക്കോഴി വളര്‍ത്തൽ. ടര്‍ക്കിയുടെ മാംസം ആഘോഷവേളകളിലെ വിശിഷ്ട വിഭവമായാണ് കണക്കാക്കപ്പെടുന്നത്. ഈസ്റ്ററിനും ക്രിസ്മസിനും പുതുവത്സരത്തിനുമെല്ലാം വിഭവങ്ങള്‍ ഒരുക്കുമ്പോള്‍ അതില്‍ സുപ്രധാനമായ സ്ഥാനം ടര്‍ക്കി മാംസത്തിനുണ്ട്. ഉയര്‍ന്ന തീറ്റപരിവര്ത്തനഗുണമുള്ള പക്ഷിയായതിനാല്‍ നല്കുന്ന തീറ്റയെല്ലാം അകത്താക്കി മികച്ച മാംസമാക്കാനുള്ള കഴിവ് ടര്ക്കിക്കുണ്ട്. കൊളസ്ട്രോള്‍ കുറഞ്ഞ മാംസമെന്ന പെരുമയും ടര്‍ക്കിക്ക് സ്വന്തം. ബ്രോഡ് ബ്രെസ്റ്റഡ് ബ്രോണ്‍സ്, ബ്രോഡ് ബ്രെസ്റ്റഡ് ലാര്‍ജ് വൈറ്റ്, ബെല്റ്റ്സ് വില്ലെ സമാള്‍ വൈറ്റ്, നന്ദനം-1 തുടങ്ങി മാംസത്തിനും മുട്ടയ്ക്കും യോജിച്ച ടര്‍ക്കി ഇനങ്ങള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്. ഇവയുടെ മികച്ച കുഞ്ഞുങ്ങളെ അംഗീകൃത ഹാച്ചറികളില്‍ നിന്നു മാത്രം വാങ്ങി വളര്‍ത്തുക എന്നതാണ് ടര്‍ക്കി വളര്‍ത്തലിലെ ആദ്യപാഠം. പ്രയാസമേറിയ പരിപാലന, പരിചരണമുറകളൊന്നും ടര്‍ക്കികള്‍ക്ക് വേണ്ടതില്ല. വിരിപ്പുരീതിയില് കൂടൊരുക്കി വളര്‍ത്തുന്നതാണ് ഉത്തമം. തീറ്റച്ചെലവ് കുറയ്ക്കാന്‍ പുല്ലും, പച്ചിലകളും ആഹാര അവശിഷ്ടങ്ങളും പഴം, പച്ചക്കറി അവശിഷ്ടങ്ങളും തീറ്റയില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. നല്കുന്നതെന്തും ആര്‍ത്തിയോടെ കഴിച്ച് മാംസമാക്കി മാറ്റുന്നതില്‍ ടര്ക്കിയോളം മികവ് മറ്റേതെങ്കിലും വളര്ത്തുപക്ഷികള്ക്കുണ്ടോ എന്നു സംശയമാണ്. കോഴികള്‍ക്ക് നല്കുന്നതുപോലെ വസന്ത രോഗവും, വസൂരി രോഗവും തടയാനുള്ള വാക്സിനുകളും വിരമരുന്നും ടര്‍ക്കിക്കും നല്‍കണം.
എട്ടു മാസം പ്രായമെത്തുന്നതു മുതല്‍ മുട്ടയിട്ട് തുടങ്ങും. പ്രതിവര്‍ഷം 80 - 100 മുട്ടവരെ കിട്ടും. 85 ഗ്രാം ഭാരമുള്ള ടര്‍ക്കി മുട്ടയ്ക്ക് 20 രൂപയോളം വിലയുണ്ട്. എട്ടുമാസം പ്രായമെത്തുമ്പോള്‍ ടര്‍ക്കികളെ മാംസത്തിനായി വിപണിയില്‍ എത്തിക്കാം. കോഴി, താറാവ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ സംസ്ഥാനത്ത് ടര്‍ക്കി മാംസത്തിന് സ്ഥിരമായ വിപണിയില്ലാത്തത് ഒരു വെല്ലുവിളിയാണ്. ക്രിസ്മസ് മുതല്‍ പുതുവര്‍ഷം വരെ നീളുന്നതാണ് ടര്‍ക്കിയിറച്ചിയുടെ പ്രധാന വിപണനകാലം.
Tags :