ADVERTISEMENT
കുറച്ചുകാലം മുമ്പു വരെ കൃഷിയിടങ്ങളില്‍ ധാരാളമായി കണ്ടിരുന്ന നീറുകള്‍ അല്ലെങ്കില്‍ നിശറുകള് എന്ന ചുവന്ന പുളിയന്‍ ഉറുമ്പുകള്‍ വിളകളെ കീടബാധകള്‍ ഏല്ക്കാതെ സംരക്ഷിച്ചിരുന്നു.
മുഞ്ഞ, ചാഴി, തണ്ടുതുരപ്പന്‍ പുഴുക്കൾ, ഇലചുരുട്ടി പുഴുക്കള്‍, കൊമ്പന് ചെല്ലി എന്നിങ്ങനെ വിളകളെ ആക്രമിക്കാന്‍ വരുന്ന മുഴുവന്‍ കീടങ്ങളേയും അവ ആഹാരമാക്കിയിരുന്നു, അല്ലെങ്കില്‍ നീറിനെ ഭയന്നു കൃഷിയിടങ്ങളില്‍ നിന്നു വിട്ടു നിന്നിരുന്നു.
വിളകള്‍ക്കു സംരക്ഷണ കവചം ഒരുക്കിയിരുന്ന കടിയന്‍ നീറുകളെ പില്ക്കാലത്ത് കര്‍ഷകരും മരംവെട്ടുകാരുമൊക്കെ ചേര്‍ന്നു നശിപ്പിച്ചതോടെ കീടബാധകള്‍ വര്‍ധിച്ചു. കര്‍ഷക മിത്രങ്ങളായിരുന്ന നിശറുകള് നശിച്ചതോടെ ഉപദ്രവകാരികളായ എറുമ്പുകള്‍ ക്രമാതീതമായി വര്‍ധിക്കുകയും അവയുടെ ആക്രമണം മൂലം കൃഷികള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ പറ്റാത്ത സ്ഥിതിയാകുകയും ചെയ്തു.
ചെടികളുടെ ചുവട്ടില്‍ മാളം ഉണ്ടാക്കി അവയെ മറിച്ചിടുന്നതും പയര്‍വര്‍ഗ വിളകള്‍ ഉള്‍പ്പടെ പല വിളകളേയും മുഞ്ഞ ബാധിക്കുന്നതും സാധാരണയായി. പുരയിടത്തിലെ വൃക്ഷങ്ങളിലെവിടെയങ്കിലും നീറിന് കൂടുകള്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അവയെ നശിപ്പിക്കാതെ വള്ളിയോ കയറോ വലിച്ചുകെട്ടി കൃഷിയിടങ്ങളില്‍ എത്തിച്ചാല്‍ അവയുടെ സംരക്ഷണയില്‍ വിളകള്‍ കീടവിമുക്തമാകാന് സാധ്യതയുണ്ട്.
മുഞ്ഞയെ കൊണ്ടു വരുന്നതു ജോനകന്
വിളകള്‍ നശിപ്പിക്കുന്ന മുഞ്ഞയെ കൃഷിയിടത്തില്‍ എത്തിക്കുന്നതു ജോനകന് ഉറുമ്പുകളാണ്. അതിനാല്‍ വിഷമടിച്ച് മുഞ്ഞയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം അവയെ കൊണ്ടു വരുന്ന ജോനകന് ഉറുമ്പുകളെ നിയന്ത്രിക്കുകയാണ് കര്‍ഷകര്‍ ചെയ്യേണ്ടത്.
ഇതിനായി മിക്സിയിലിട്ടു നന്നായി പൊടിച്ച പഞ്ചസാരയും ബോറിക് ആസിഡും (മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങാന്‍ കിട്ടും) 2:1 അനുപാതത്തില്‍ നന്നായി മിക്സ് ചെയ്തു 1/2 സ്പൂണില്‍ കൂടാത്ത അളവില്‍ ചെറിയ പ്ലാസ്റ്റിക് ഡപ്പികളിലാക്കി ജോനകന് ഉള്ള ഭാഗത്ത് നനയാത്ത വിധം മൂടി വയ്ക്കേണ്ടതാണ്.
ഇതില്‍ ആകൃഷ്ടരായി എത്തുന്ന ജോനകന് അതു തിന്ന് ഉന്മത്തരായി ചെടികളുടെ ചുവട്ടില്‍ മാളം ഉണ്ടാക്കാതെയും മുഞ്ഞകളെ കൊണ്ടുവരാതെയുമിരിക്കും. മിശ്രിതം തീരുന്നതനുസരിച്ച് വീണ്ടും വീണ്ടും വച്ചു കൊടുത്താല്‍ ഇവയുടെ കോളനികള്‍ സാവധാനം ക്ഷയിച്ചു പോകും.
പാറ്റകളെ തുരത്താന്‍ പൊടിക്കൈ
പഞ്ചസാരപ്പൊടിയും ബോറിക് ആസിഡും 1:1 അനുപാതത്തില്‍ നന്നായി മിക്സ് ചെയ്തു പാറ്റാശല്യം ഉള്ള സ്ഥലങ്ങളില്‍ ചെറിയ ഡപ്പികളിലാക്കി കുട്ടികളുടെ ശ്രദ്ധിയില്‍പ്പെടാതെ വച്ചു കൊടുത്താല്‍ അതു തിന്നു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പാറ്റകള്‍ ഒന്നാകെ നശിച്ചു പോകും.
മിശ്രിതം തീരുന്നതനുസരിച്ച് രണ്ടോ മൂന്നോ പ്രാവശ്യം കൂടി വച്ചു കൊടുത്താല്‍ പാറ്റകളുടെ ശല്യം തീര്‍ത്തും ഇല്ലാതാകും.
ഫോണ്‍: 9645033622
Tags : Agricultue