ADVERTISEMENT
രശ്മി ആന്റീ... ഈ കാഫിനെ ഞാനൊന്നു തൊട്ടോട്ടെ... കോട്ടയം ജില്ലയില്‍ പാലാ കുര്യനാട് ഇടത്തിനാല്‍ വീട്ടിലെത്തിയ സ്കൂള്‍ കുട്ടികളുടെ സംഘത്തിലെ കൊച്ചു മിടുക്കിയാണു ഗോപാല്‍ രത്ന പുരസ്കാര ജേതാവ് രശ്മിയോട് തന്റെ ആഗ്രഹം ചോദിച്ചത്. നാടന്‍ പശുക്കളുടെ തന്നെ 26 വ്യത്യസ്ത ഇനങ്ങളിലായി 48 പശുക്കളുടെ സമ്പന്നതയില്‍ നിറവ് കൊണ്ട എരുത്തില്‍ കാണാനെത്തിയതാണ് അവര്‍. 110 ഉരുക്കള്‍ നിറഞ്ഞ ഇടത്തിനാല്‍ ഡയറിയില്‍ ക്ഷീര സംരംഭത്തിന്റെ നേരറിവ് തേടിയെത്തിയതാണ് മുപ്പതോളം വരുന്ന കൗമാരക്കാര്‍. ഇവിടെ ഏട്ടിലെ പശു ശരിക്കും പുല്ലു തിന്നുകയായിരുന്നു. കേവലം പുസ്തകത്തിലെ ചിത്രത്തിലൂടെ 'പശു ഒരു പാല് തരുന്ന മൃഗം' എന്ന കേട്ടറിവാണ് ഇവിടെ കണ്ടറിവായി മാറിയത്. ധൈര്യം സംഭരിച്ച് അടുത്തുചെന്നവര്‍ക്ക് ഗോശാലയിലെ പശുക്കളും കിടാക്കളും 'കൊണ്ടറിവും' നല്കി.
2024 ലെ മില്യണര്‍ ഫാര്‍മര്‍ അംഗീകാരമായ ഐസിഎആര്‍ കൃഷി ജാഗരണ്‍ ദേശീയ ബഹുമതി ലഭിച്ചപ്പോള്‍ തന്റെ ഉത്തരവാദിത്വം ഏറിയതായി രശ്മി വിലയിരുത്തി. നാടന്‍ പശുക്കളായ കപില, വെച്ചൂർ, കാസര്‍ഗോഡ് കുള്ളന്‍, മലനാട് ഗിദ്ദ എന്നിവയെ പ്രത്യേക ശ്രദ്ധ നല്കി സംരക്ഷിക്കുന്നുണ്ട്.
കാര്‍ഷിക മേഖലയില്‍ ആകൃഷ്ടരായി കുട്ടിക്കര്‍ഷകര്‍ തൊടികളിലും പാടങ്ങളിലും ഇറങ്ങുന്നതുപോലെ ക്ഷീരക്കൃഷി മേഖലയിലേക്കും കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ രശ്മിക്ക് പദ്ധതികളുണ്ട്. അതിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ സ്കൂള്‍ കുട്ടികളെ തന്റെ ഡയറി ഫാമിലേക്ക് ക്ഷണിച്ചു വരുത്തി കന്നുകാലിവളര്‍ത്തലിന്റെ പ്രാഥമിക അറിവുകള്‍ പ്രയോഗികമായി നല്‍കുകയാണ് രശ്മി. ഉരുക്കളെ സുരക്ഷിതരായി സംരക്ഷിക്കുന്ന എരുത്തിലിന്റെ ഘടന. കാലികളെ പുറം തിരിച്ച് നിര്‍ത്തി ചാണകവും ഗോമൂത്രവും ഒരുമിപ്പിച്ച് വളക്കുഴിയിലെത്തിക്കുന്ന രീതി. പശുക്കള്‍ക്കും കിടാങ്ങള്‍ക്കും ആഹാരം നല്കുന്ന ചിട്ടകള്‍, ചൂട് അറിയാതിരിക്കാന്‍ UV ഷീറ്റ് പാകിയ മേല്‍ക്കൂരയുടെ ഘടന, എല്ലാം ഒരു അധ്യാപികയുടെ ഗൗരവത്തോടെ സരളമായി കുട്ടികള്‍ക്ക് വിശദീകരിച്ചു നല്‍കുകയാണ് രശ്മി.
തൊഴുത്തില്‍ ഫാന്‍ കറങ്ങുന്നതു ലേശം കൗതുകത്തോടെ നോക്കിക്കണ്ട കുട്ടികൾ, ഗോക്കളോടും സഹജീവി സ്നേഹം കാട്ടണമെന്ന സന്ദേശം ഉള്‍ക്കൊണ്ടു. ചെറുകിടാങ്ങളെ അകിടിന് ചുവട്ടില്‍ വിട്ട് പശുക്കളെ ചുരത്തിക്കുന്നുതും യന്ത്രം ഉപയോഗിച്ച് പാല് കറക്കുന്നെടുക്കുന്നതും കുട്ടികളില്‍ കൗതുകം ജനിപ്പിച്ചു. ഫാമിന്റെ തെക്കുഭാഗത്ത് പശുക്കള്‍ക്ക് ആവശ്യമായ പച്ചപ്പുല്ല് കൃഷി ചെയ്തിരിക്കുന്നത് അവര്‍ കണ്ടു. പശുക്കള്‍ക്ക് ആഹാരം നല്‍കാനും ചെറിയ കിടാങ്ങളെ തൊട്ടു തലോടാനും അവയ്ക്കു ഉമ്മകള്‍ നല്‍കാനും കുട്ടികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. പാചകവിധി വായിച്ചാല്‍ മാത്രം ഭക്ഷണം പാകം ചെയ്യാനാവില്ലെന്നും മറിച്ച് അടുപ്പ് കൂട്ടി പാകം ചെയ്യുമ്പോഴാണ് ഭക്ഷണത്തിന്റെ രുചിയും അര്‍ഥവും അറിയാന്‍ കഴിയുന്നതെന്ന യാഥാര്‍ഥ്യവും പുതുതലമുറയ്ക്ക് ഇവിടെ നിന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും.
മികച്ച ഭക്ഷണ ക്രമങ്ങള്‍ നിലനിര്‍ത്തുകവഴി പാല് ഉത്പാദനം മാത്രമല്ല, ഗോക്കളിലെ പ്രജനനശേഷിയും വര്‍ധിക്കും. ഹൈബ്രീഡ് പശുസംരക്ഷണം ചെലവേറുമെങ്കിലും മികച്ച സംരംഭക സാധ്യതയ്ക്ക് അതു സഹായകമാണ്. കാലികള്‍ക്ക് ആവശ്യമുള്ള പുല്ലും വൈക്കോലും സ്വന്തം കൃഷിയിടങ്ങളില്‍ വളരുന്നത് ഫാമിലെ അടിസ്ഥാന വളസാധ്യത ഉപയോഗപ്പെടുത്തിയാണ്. കന്നുകാലികള്‍ നില്ക്കുന്ന തറകള്‍ ഇടവേളകളില്‍ കഴുകി വെടിപ്പാക്കി വെള്ളം ഓടകള്‍ വഴി തൊടികളിലേക്ക് ക്രമീകരിച്ച് പച്ചക്കറിക്കൃഷിക്ക് മികച്ച വളമാക്കി മാറ്റുന്നതും കുട്ടുകള്‍ കൗതുകത്തോടെ നോക്കിക്കണ്ടു. ജലമൃദ്ധിയുള്ള ഇടങ്ങളാവണം ഡയറി ഫാമുകള്‍ക്കായി തെരഞ്ഞെടുക്കേണ്ടത് എന്ന പ്രായോഗിക അറിവും അതുവഴി അവര്‍ നേടി.
നാടിന് ജൈവ സമൃദ്ധി കൈവരിക്കാനാവുന്നത് ജീവികളുടെ ക്ഷേമം പരിരക്ഷിക്കപ്പെടുന്നതു വഴി ലഭിക്കുന്ന ഉപഉത്പന്നങ്ങളുടെ കാര്യക്ഷമമായി വിനിയോഗം മൂലമാണെന്ന തത്വവും അവര്‍ കണ്ടറിഞ്ഞു. ചാണകം ഉണക്കിപ്പൊടിച്ച് പാക്കറ്റുകളിലും ചാക്കുകളിലും നിറച്ച് വില്പനയ്ക്ക് സജ്ജമാക്കുന്നത് കാലിവളര്‍ത്തല്‍ വഴി ലഭിക്കുന്ന അധിക വരുമാനമാണ്. ഗോമൂത്രം ശാസ്ത്രീയമായി സംഭരിച്ച് സംസ്കരിച്ച് വില്‍ക്കുന്നതും മറ്റൊരു വരുമാന മാര്‍ഗമാണ്. ഹൈടെക് മാളുകളിലെ 'മാന്യുവൽ' ഷെല്ഫുകളില് കിലോയ്ക്കു 20 രൂപ വരെ വിലയിട്ടാണ് ജൈവവളത്തിലെ അടിസ്ഥാന ഘടകമായ ചാണകപ്പൊടി വില്‍ക്കുന്നത്.
'കൂടുതല്‍ പാല് ഉത്പാദിപ്പിച്ചാല്‍ ആവശ്യക്കാരില്ല, തൃപ്തമായ വില ലഭിക്കാതെ ഉത്പന്നം കേടായി പോകുന്നു' എന്ന രോദനം വ്യാപകമാണെങ്കിലും അതിന് പരിഹാരമെന്ന നിലയില്‍ ഡയറികളുടെ പരിസരങ്ങളില്‍ ഗാര്‍ഹിക ഉപഭോക്താക്കളെ സൃഷ്ടിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. ഇതരദേശങ്ങളില്‍ നിന്നു മാസങ്ങള്‍ പഴക്കമുള്ള ക്ഷീര ഉത്പന്നങ്ങള്‍ പറയുന്ന വിലയ്ക്ക് വാങ്ങി കഴിക്കുന്നതിനേക്കാള്‍ നല്ലത് അന്നന്ന് ലഭ്യമാകുന്ന പാല് ഉപയോഗിക്കുന്നതാണ് നല്ലതെന്ന ബോധ്യം ഇതുവഴി ജനങ്ങള്ക്കുണ്ടാക്കാനും കഴിയും.
ഏറെ ക്ഷീരലഭ്യതയുള്ള ക്ഷീരകര്‍ഷക കുട്ടായ്മകള്‍ ബള്‍ക് മില്‍ക്ക് കുളറുകള് ക്രമീകരിച്ച് ലഭ്യമായത്രയും പാല് ശേഖരിച്ച് മില്‍മ പോലെയുള്ള സംഭരണ കേന്ദ്രങ്ങള്‍ക്ക് സമയബന്ധിതമായി കൈമാറുന്നതില്‍ ശ്രദ്ധ കൂട്ടുകയും വേണം. ചെറുകിട ക്ഷീരകര്‍ഷകരുടേയും മില്‍മ ഡീലര്‍മാരുടേയും സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സംസ്ഥാന സഹകരണ ബാങ്കുകളും മില്‍മയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഏറെ ഉദാരവും വ്യാപകവും ആവേണ്ടതുണ്ട്. ഒപ്പറേഷന് ഫ്ളഡിന് രൂപം നല്കി ഭാരതത്തെ ലോകത്തിലെ ഒന്നാംകിട പാല് ഉത്പാദക രാഷ്ട്രമാക്കിയ ഡോ. വര്‍ഗീസ് കുര്യന്റെ പ്രഥമ ദര്‍ശനം തന്നെ ഇനിയും സക്രിയമാവേണ്ടിരിക്കുന്നു.
ആനന്ദ് പാറ്റേണ്‍ പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ വാര്‍ഡുകള്‍ തോറും കൂട്ടായ്മകള്‍ക്ക് രൂപം നല്കിയാല് പ്രാഥമിക ക്ഷീര ഉത്പാദകര്‍ക്ക് കൈത്താങ്ങായിമാറും. ഇന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അശാസ്ത്രീയമായ നിയമ പ്രാബല്യം മൂലം ശിക്ഷിതരാകുന്ന കാലികര്‍ഷകര്‍ ഏറിക്കൊണ്ടിരിക്കുന്നു. ചാണകം മണക്കുന്നത് കുറ്റകരമാക്കി ആലപ്പുഴ നഗരത്തില്‍ പോലീസ് സ്റ്റേഷനില്‍ പലതവണ വിളിക്കപ്പെട്ട ഒരു കാലി കര്ഷകന് ഉണ്ട്. മണ്ണഞ്ചേരിയില്‍ കാലി വളര്‍ത്തല്‍ മാലിന്യം സൃഷ്ടിക്കുന്നു എന്ന കുറ്റാരോപണത്തില്‍ ശിക്ഷിക്കപ്പെട്ട വീട്ടമ്മയും വാര്‍ത്താ കോളങ്ങളില്‍ ഇടം നേടിയത് അടുത്ത കാലത്താണ്.
ക്ഷീര അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മിച്ച് കടക്കെണിയില്‍ നിന്നു രക്ഷപെട്ട ഒരു കര്‍ഷകനാണ് പ്രകാശ് ഷേണായ്. പാല് മിച്ചം വരുമ്പോള്‍ ഉറകൂട്ടി തൈരാക്കും. തൈര് കടഞ്ഞ് വെണ്ണ ശേഖരിച്ച് മോരും സംഭാരവുമായി പായ്ക്കറ്റുകള്‍ നിറച്ച് വിപണി കണ്ടെത്തിയും ബട്ടറും പനീറും ബ്രാന്‍ഡ് ചെയ്തതും ഈ ക്ഷീരകര്‍ഷകന്റെ മനോധര്മത്തിലാണ്. റോസ് മില്‍ക്കും ബദാം മില്‍ക്കും സിപ്പ് അപ് പാക്കിംഗുകളിലാക്കിയതു കുട്ടികളെ ആകര്‍ഷിച്ചു. നാടന്‍ നെയ്യ് തയാറാക്കിയപ്പോള്‍ ഔഷധ നിര്‍മാതാക്കള്‍ക്ക് മതിയായി നല്‍കുന്നതിന് തികയാതെവന്നതും ഒരു സംരഭകവഴിയുടെ വിജയമാണ്. FSSA ഫുഡ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ആക്ട് ഭക്ഷണ ഉത്പന്നമെന്ന പേരില്‍ ക്ഷീര അനുബന്ധ പാചകങ്ങളിലും ബാധകമാണ്. പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡല്റ്ററേഷന് ആക്ട് മുന്‍കാലങ്ങളില്‍ ഡയറി ഡിപ്പാര്‍ട്ട്മെന്റെ ചുമതലയില്‍ നടന്നിരുന്നു. ക്ഷീരകര്‍ഷകരുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പരിശോധിച്ച് അംഗീകാരം നല്കുന്ന സംവിധാനങ്ങള്‍ വ്യാപകവും കാര്യക്ഷമവും ആകുമെങ്കില്‍ ധാരാളം നവസംരംഭകര്‍ക്ക് വഴിതുറക്കപ്പെടും. ഉദാരമായ കാഴ്ചപ്പാടുകള്‍ വേണമെന്നു മാത്രം. ക്ഷീര കര്‍ഷകരെ സജീവമായി നിലനിര്‍ത്താനായാല്‍ നാട്ടിലെ കാര്‍ഷിക മേഖല സമ്പുഷ്ടമാകും എന്നതിന് സംസ്ഥാനമായ തമിഴ്നാട് തന്നെ ഉദാഹരണം.
Tags :