ADVERTISEMENT
പരിതസ്ഥിതിയോട് എളുപ്പം പൊരുത്തപ്പെടാന്‍ കഴിയുന്നതും പരിപാലിക്കാന്‍ എളുപ്പവുമുള്ളതും അത്യാകര്‍ഷകവുമായ ബൊഗെയ്ന് വില്ലകള്‍ ഇഷ്ടപ്പെടാത്തവര്‍ തീരെക്കുറവാണ്. കണ്ണിനു കുളിര്‍മയും മനസിനു സന്തോഷവും പകരുന്ന ഭിന്ന നിറങ്ങളിലുള്ള ബൊഗെയ്ന്‍വില്ലകള്‍ എക്കാലത്തും പുഷ്പപ്രേമികളുടെ ഇഷ്ട താരമാണുതാനും. അധ്യാപികയാകാന്‍ ആഗ്രഹിച്ച് അവസാനം വര്‍ണവിസ്മയം തീര്‍ക്കുന്ന ബൊഗെയ്ന്വില്ലകളുടെ പ്രിയ തോഴിയായി മാറിയ ശ്യാമസജി, ഇത്തരത്തില്‍ വ്യത്യസ്ത വര്‍ണങ്ങളുള്ള നിരവധി ബൊഗെയ്ന്വില്ലകളുടെ അപൂര്‍വ ശേഖരത്തിന് ഉടമയായി മാറിയത് അങ്ങനെയാണ്. നാടന്‍ ഇനങ്ങളെക്കാള്‍ മെച്ചം ഹൈബ്രീഡ് ഇനങ്ങളാണെന്നു മനസിലാക്കിയാണ് ആലപ്പുഴ ജില്ലയില്‍ എസ്.എല്‍. പുരം പൊന്നിട്ടുശേരി ശ്യാമ, ഹൈബ്രീഡ് ഇനങ്ങളുടെ ഉത്പാദനവും വില്പനയും തുടങ്ങിയത്.
തുടക്കം
കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍ നിന്നു ചരിത്രത്തില്‍ എം.എ ബിരുദവും ബി.എഡും പാസായി പ്ലസ്ടുവില്‍ ഗസ്റ്റ് അധ്യാപികയായി ജോലി നോക്കിയിരുന്ന അവസരത്തിലാണ ശ്യാമ ബൊഗെയ്ന് വില്ലകളുടെ ആകര്‍ഷണ വലയത്തില്പ്പെടുന്നത്. ഇക്കാലയിളവിലാണു മരണഭീതി പരത്തി കൊറോണ വൈറസുകള്‍ എത്തുന്നത്. അതോടെ പൂര്‍ണമായും കടലാസ് പൂക്കളിലായി ശ്രദ്ധ. അഞ്ചോളം നിറങ്ങളിലുള്ള ഹൈബ്രീഡ് ചെടികള്‍ സംഘടിപ്പിച്ചു നട്ടു കൊണ്ടാണു തുടക്കം. പച്ചിലകളും കംബോസ്റ്റും ചാണകപ്പൊടിയുമായിരുന്നു അടിസ്ഥാന വളം. അതില്‍ നിന്നു കമ്പുകള്‍ ശേഖരിച്ച് തൈകള്‍ ഉത്പാദിപ്പിച്ചാണ് വിപണനം ആരംഭിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സിജിയുടെ സഹായവും പ്രോത്സാഹനവും കിട്ടിയതോടെ ഈ രംഗത്ത് കാലുറപ്പിക്കാന്‍ ശ്യാമ തീരുമാനിക്കുകയായിരുന്നു.
ആകര്‍ഷകവും വ്യത്യസ്തവുമായ വര്‍ണങ്ങളുള്ള ചെടികള്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഒരു ചെടിയില്‍ തന്നെ നിരവധി നിറങ്ങളിലുള്ള പൂക്കളുണ്ടാകുന്ന ചിത്രങ്ങള്‍ കണ്ടപ്പോള്‍ അതേ മാതൃക പിന്തുടരാന് തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ പരാജയമായിരുന്നെങ്കിലും പോരായ്മകള്‍ മനസിലാക്കി വീണ്ടും ശ്രമിച്ചപ്പോള്‍ വിജയം കണ്ടു.
തെക്കേ അമേരിക്കയിലെ അലങ്കാരച്ചെടിയാണ് ബൊഗെയ്ന്‍വില്ല. ഓരോ ചെടിയിലും ഇലകള്‍ പൂക്കളായി മാറുകയാണ്. ഇവയുടെ ശരിയായ പൂക്കള്‍ വളരെ ചെറുതും വെളുത്ത നിറത്തിലുള്ളതുമാണ്. ഈ പൂക്കളെ ചുറ്റിയുള്ള ബ്രാക്കറ്റുകളാണ് പൂക്കളായി നമ്മള് കാണുന്നത്. ഇതു കനം കുറഞ്ഞ് കടലാസിന് സമാനമായതിനാല്‍ കടലാസുപൂവ് എന്നും വിളിക്കുന്നു. പിങ്ക്, മഞ്ഞ, വെള്ള, മജന്ത, പര്‍പ്പിള്‍, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിലാണ് ബ്രാക്കറ്റുകള്‍ കാണപ്പെടുന്നത്. അഞ്ചോ ആറോ ബ്രാക്കറ്റുകളാല്‍ പൊതിഞ്ഞ നിലയിലാണ് പൂക്കള്‍ കാണപ്പെടുന്നത്. വിവിധ നിറത്തിലുള്ള ഇനങ്ങള്‍ ഒരു ചെടിയിലായി പരിചരിക്കുമ്പോള്‍ കാഴ്ചയ്ക്ക് ഏറെ കൗതുകമുണ്ടാകും. ഇതിന് ആവശ്യക്കാരുമേറെയാണ്. ബലമേറിയ മുള്ളുകളുള്ള ചെടിക്ക് 12 മീറ്റര്‍ വരെ ഉയരത്തില്‍ വളര്‍ന്നു പന്തലിക്കാനാകും. 1768- ല്‍ ബ്രസീലില്‍ ബോഗണ്‍വിന്‍ എന്ന ഫ്രഞ്ച് നാവികനാണ് ഈ ചെടി കണ്ടെത്തിയത്. അങ്ങനെ അദ്ദേഹത്തിന്റെ പേരില്‍ ഈ ചെടി അറിയപ്പെട്ടു തുടങ്ങി.
തൈകള്‍
സാധാരണ നാടന്‍ ഇനങ്ങളില്‍ വേനല്‍ക്കാലത്ത് മാത്രമാണ് പൂക്കളു ണ്ടാകുന്നത്. എന്നാല്‍, ഹൈബ്രീഡ് ഇനങ്ങളില്‍ എപ്പോഴും പൂക്കളുണ്ടാകും. ശക്തമായ മഴക്കാലത്ത് പൂക്കള്‍ ഉണ്ടാകില്ല. മഴയേല്‍ക്കാതെ സംരക്ഷിച്ചാല്‍ പൂക്കള്‍ ഉണ്ടാകുകയും ചെയ്യും. സൂര്യപ്രകാശം കുറയുന്നതിന് അനുസരിച്ച് പൂക്കളും കുറയും. ചെടിയുടെ തണ്ടുകള്‍ മുറിച്ചെടുത്താണ് തൈകള്‍ ഉണ്ടാക്കുന്നത്. കൂടുതല്‍ പുഷ്പങ്ങള്‍ ഉണ്ടാകുന്ന ഹൈബ്രീഡ് ഇനങ്ങളുടെ മദര്‍ പ്ലാന്റ് തയാറാക്കിയ ശേഷമാണു ശ്യാമ തൈകളുടെ ഉത്പാദനം ആരംഭിച്ചത്. ചെറിയ ചട്ടികളില്‍ ചെങ്കല്‍ മണ്ണും ഉമിയും യോജിപ്പിച്ച മിശ്രിതം മുക്കാല്‍ ഭാഗം നിറച്ചാണു കമ്പുകള്‍ നടുന്നത്. കമ്പുകള്‍ മുറിച്ച ഭാഗത്ത് കറ്റാര്‍ വാഴയുടെ നീര് നല്ലപോലെ പുരട്ടിയ ശേഷമാണ് നടേണ്ടത്. ഇവ തണലില്‍ സംരക്ഷിച്ച് മുളപ്പിച്ചെടുക്കും. ചട്ടികളില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്തണം. നടീല്‍ മിശ്രിതത്തില്‍ അല്പം ശുദ്ധമായ ചാണകപ്പൊടികൂടി ചേര്‍ക്കുന്നതു നല്ലതാണ്. അതല്ലെങ്കില്‍ മുളച്ച് തുടങ്ങി രണ്ടോ മൂന്നോ ഇലകള്‍ വന്നു കഴിയുമ്പോള്‍ വളം ചേര്‍ക്കാം. വളര്‍ന്നശേഷം സൂര്യപ്രകാശത്തിലേക്ക് മാറ്റാം. വേനല്‍ക്കാലത്ത് ദിവസേന നന ആവശ്യമാണ്.
സൂര്യപ്രകാശം നന്നായി കിട്ടി തുടങ്ങുമ്പോള്‍ പുഷ്പിക്കാന്‍ തുടങ്ങും. സാധാരണഗതിയില്‍ ആറ് മാസത്തിനുള്ളില്‍ പുഷ്പിക്കും. അതിനു മുമ്പായി ചെടികള്‍ വലിയ ചട്ടിയിലേക്കു മാറ്റും. വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ ലഭിക്കാന്‍ വലിയ ചട്ടികളാണ് നല്ലത്. പുഷ്പിച്ച് തുടങ്ങിയ ചെടികള്‍ക്ക് അഞ്ഞൂറ് രൂപ വരെയാണ് വാങ്ങുന്നത്. പൂക്കള്‍ ഉണ്ടായിക്കഴിയുന്ന ശാഖകള്‍ ഒടിച്ച് മാറ്റി ചെടിയെ ഒതുക്കി നിര്‍ത്താം. ഇങ്ങനെ ചെയ്യുമ്പോള്‍ കൂടുതല്‍ ശാഖകള്‍ ഉണ്ടായി അവയില്‍ പുഷ്പങ്ങള്‍ നിറയും. വളര്‍ച്ചയുടെയും പുഷ്പിക്കലിന്റേയും വേഗത വര്‍ധിപ്പിക്കുവാനും ഇതു സഹായകമാണ്. വര്‍ഷത്തില്‍ രണ്ട് തവണ വളം നല്‍കുന്നത് നല്ലതാണ്. ചട്ടികളില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുകയും വേണം. അമിതമായ ജലസേചനം പൂക്കളുണ്ടാകാതിരിക്കാനും ചെടികള്‍ നശിക്കാനും കാരണമാകും.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന വീടിനുള്ളിലെ സ്ഥലങ്ങളില്‍ ബോണ്‍സായി വിദ്യ ഉപയോഗിച്ച് ബൊഗെയ്ന്‍വില്ലകള്‍ വളര്‍ത്താന്‍ കഴിയും. അമ്പത് ശതമാനത്തിലേറെ സൂര്യപ്രകാശം ലഭിക്കുകയാണെങ്കില്‍ അകത്തളങ്ങളിലും സമൃദ്ധമായി പൂവിടും. സാധാരണ ആഴ്ചയില്‍ ഒരു നന മതിയാകും. ചട്ടികളിലെ മിശ്രിതം വരണ്ട് ചെടികള്‍ ഉണങ്ങാതെ നോക്കണം. മൂന്ന് മാസം കൂടുമ്പോള്‍ ഉണക്കിപ്പൊടിക്കാത്ത ചാണകം ഇട്ടു കൊടുക്കണം.
നാടന്‍ ഇനങ്ങളുടെ വിവിധ വലിപ്പത്തിലും നീളത്തിലുമുള്ള കമ്പുകള്‍ ശേഖരിച്ച് അവ മുളപ്പിച്ചെടുത്തശേഷമാണ് ഗ്രാഫ്റ്റിംഗ്. ഇങ്ങനെ ശേഖരിക്കുന്ന കമ്പുകള്‍ ആദ്യം രണ്ടടി മുതല്‍ അഞ്ചടിവരെ ഉയരത്തില്‍ മുറിച്ചെടുത്ത് വലിയ ചട്ടികളില്‍ നട്ട് വേര് പിടിപ്പിക്കും. തൈകളുടെ ഉത്പാദന ത്തിനും പരിചരണത്തിനുമായി ആയിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു പോളിഹൗസും ശ്യമയ്ക്കുണ്ട്. വേര് പിടിച്ചു വളര്‍ന്ന് വരുന്ന കമ്പുകളുടെ മുകള്‍ ഭാഗത്താണ് ഗ്രാഫ്റ്റിംഗ് നടത്തുന്നത്. നാല് ഇനങ്ങളുടെ തണ്ടുകളാണ് ഗ്രാഫ്റ്റ് ചെയ്യുന്നത്. അമ്പത് ശതമാനത്തോളം വിജയിക്കും. ബാക്കിയുള്ളതില്‍ ഒന്നോ രണ്ടോ ഇനങ്ങള്‍ മാത്രമാണ് പിടിച്ചു കിട്ടുക. വര്‍ഷക്കാലത്താണ് കൂടുതലായും ഗ്രാഫ്റ്റ് ചെയ്യുന്നത്. കുറഞ്ഞത് മൂന്ന് നിറങ്ങളുള്ള പൂക്കളുണ്ടാകുന്നതിനോടാണ് പലര്‍ക്കും താത്പര്യം. രണ്ടടി മുതല്‍ അഞ്ചടിവരെ ഉയരമുള്ള ചെടികള്‍ തേടി വരുന്നത് പുതുതായി വീട് വയ്ക്കുന്നവരും റിസോര്‍ട്ടുകാരും വന്‍കിട ഹോട്ടലുകാരുമാണ്.
പരമ്പരാഗ ഇനങ്ങള്‍ക്കു പുറമെ നിറത്തിലും രൂപത്തിലും ഒട്ടേറെ വൈവിധ്യമുള്ള പൂക്കളും ഇലകളുമായി സങ്കരയിനങ്ങള്‍ ഏറെയുണ്ട്. പലതിനും മുള്ളുകള്‍ ഇല്ല. കുറഞ്ഞ ഈര്‍പ്പത്തില്‍ വളരുകയും പൂക്കളുണ്ടാകുകയും ചെയ്യുന്ന ഈ ചെടി കള്‍ക്ക് രോഗ കീടബാധകള്‍ ഉണ്ടാകുന്നില്ല എന്നത് ആശ്വാസകരമാണ്.
പൂക്കള്‍ക്ക് നിറവും വലിപ്പവും കൂടാന്‍ കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത് പുളിപ്പിച്ചെടുത്ത ലായനി നേര്‍പ്പിച്ച് ഉപയോഗിച്ചാല്‍ മതി. പൂക്കള്‍ രണ്ട്-മൂന്ന് ആഴ്ചവരെ കൊഴിയാതെ നില്ക്കും. നിലത്ത് നട്ടും വളര്‍ത്താം. ശ്യമയ്ക്കു പിന്തുണയുമായി ഭര്‍ത്താവ് സിജിയെക്കൂടാതെ മക്കളായ തീര്‍ത്ഥയും അര്ത്ഥയും കൂടെയുണ്ട്.
ഫോണ്‍: 9947324032
Tags :