ADVERTISEMENT
ഉണ്ണിക്കണ്ണന്റെ ഓടക്കുഴല്‍ വിളി കേട്ട് അമ്പാടിയിലെ പൈക്കിടാങ്ങള്‍ ഓടിയെത്തുന്നതുപോലെ, ശംഖുവിളിച്ചാല് ആലയിലേക്ക് ഓടിയെത്തുന്ന ഗോക്കളുടെ ഒരു ഫാമുണ്ട് തൃശൂര്‍ ജില്ലയില്‍ മാളയ്ക്കടുത്ത് കോട്ടമുറിയിൽ. മൂന്നരപതിറ്റാണ്ടിലധികമായി ദുബായില്‍ ബിസിനസ് ചെയ്യുന്ന ജിജികുമാറിന്റെ ഫോര്‍ച്യൂണ്‍ ഗേറ്റ് ഡയറി ഫാമിലാണ് ഈ കൗതുകക്കാഴ്ച. പശുക്കളെ മൂക്കുകയറിടാതെ മേയാനായി അഴിച്ചുവിടുക മാത്രമല്ല, കിടാങ്ങള്‍ സമൃദ്ധിയായി കുടിച്ചശേഷം ബാക്കിയുള്ള പാല് കറന്നെടുക്കുന്ന വേറിട്ട ക്ഷീരകര്ഷകന് കൂടിയാണ് ഇദ്ദേഹം. സാമ്പത്തിക ലാഭമല്ല പ്രധാനമെന്നും വരുംതലമുറയ്ക്കായി ഏറ്റവും ഗുണമേന്മയുള്ള പാലും നെയ്യും മറ്റ് പാലുത്പന്നങ്ങളും ഉത്പാദിപ്പിക്കുകയെന്ന സ്വപ്നം സാക്ഷാത്കരിക്കലാണ് തന്റെ ലക്ഷ്യമെന്നും ഇദ്ദേഹം പറയുന്നു. കറവ വറ്റിയ ഒരു പശുവിനെയും അറക്കാന്‍ കൊടുക്കാതെ അവസാനകാലംവരെയും സംരക്ഷിക്കും എന്നത് അദ്ദേഹത്തിന്റെ നയമാണ്.
100 പശുക്കളില്‍നിന്ന്
110 ലിറ്റര്‍ പാല് മാത്രം
എരവത്തൂര്‍ കുന്നത്തോട്ടത്തില് പങ്കജാക്ഷന്റെയും ചന്ദ്രമതിയുടെയും മൂന്നുമക്കളില്‍ മൂത്തവനായ ജിജികുമാര്‍ 37 വര്‍ഷമായി ദുബായിലാണ്. അവിടെ മൂന്നു കമ്പനികള്‍ സ്വന്തമായുണ്ടെങ്കിലും കുഞ്ഞുന്നാളിലെ ഉള്ള സ്വപ്നം സാര്‍ഥകമാക്കാനാണ് എരവത്തൂരിലെ മൂന്നര ഏക്കറില്‍ ഫോര്‍ച്യൂണ്‍ ഗേറ്റ് ഓര്‍ഗാനിക് ഫാം തുടങ്ങിയത്.
എന്നാല്‍, 2018ലെ മഹാപ്രളയത്തില്‍ 17 പശുക്കള്‍ നഷ്ടമായി. ബാക്കി 82 എണ്ണം നീന്തി രക്ഷപ്പെട്ടു. തുടര്‍ന്നാണ് മാള കോട്ടമുറിയിലെ 18 ഏക്കറിലേക്ക് ഫാം മാറ്റി സ്ഥാപിച്ചത്. ഗുണമേന്മയുള്ള തനതു നാടന്പാല് ലഭിക്കാനായാണ് ഇന്ത്യയിലെ നാട്ടുപശുക്കളിലെ കേമനായ 'ഗിര്‍' ഇനം തെരഞ്ഞെടുത്തത്. ഇന്ന് നൂറിലധികം ഗിര്‍ പശുക്കളും അഞ്ച് വെച്ചൂര്‍ പശുക്കളും ഇവിടെയുണ്ട്. കാലിത്തീറ്റയായി വരുന്ന പല്ലെറ്റുകളോ പൊടിയോ ഒന്നും അദ്ദേഹം പശുക്കള്‍ക്ക് നല്‍കില്ല. നൂറില്‍പരം പശുക്കള്‍ ഉണ്ടായിട്ടും വെറും 110 ലിറ്റര്‍ പാല് മാത്രം ലഭിക്കുന്ന ലോകത്തിലെ ഏക ഡയറി ഫാം ഇതായിരിക്കുമെന്ന് ജിജികുമാര്‍ പറയുന്നു. ഇവിടെയുള്ള എല്ലാ പശുക്കള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ഗുണമേന്മയുടെ എ 2 എ 2 സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്.
ഗിര്‍ കാഴ്ച
നാടന്‍ പശുക്കളില്‍ ഏറെ പ്രത്യേകതകളുള്ള ജനുസാണ് കാണാനേറെ ഭംഗിയുള്ള ഗിര്‍. ജന്മദേശം ഗുജറാത്തിലെ ഗിര്‍ വനാന്തരങ്ങളില്‍ ആയതിനാലാണ് ഇതിന് ഈ പേരു വന്നതെങ്കിലും ആളൊരു ഗില്ലാഡിയാണ്. ഉയര്‍ന്നതും വിസ്തൃതവുമായ നെറ്റിത്തടം, സവിശേഷമായ കൊമ്പുകൾ, പാതിയടഞ്ഞ ഉറക്കംതൂങ്ങിയതു പോലുള്ള കണ്ണുകൾ, തൂങ്ങിക്കിടക്കുന്ന നീളംകൂടിയ മനോഹരമായ ചെവികൾ, വലിയ പൂഞ്ഞ്, കുറുകിയ കഴുത്ത്, അയഞ്ഞ താട, വലിയ അകിട് ആകപ്പാടെ ഒരു ആനച്ചന്തം.
ചുവപ്പുകലര്‍ന്ന തവിട്ടുനിറമാണ് പൊതുവേയുള്ളതെങ്കിലും വെള്ള, ചാരനിറം, കറുപ്പ്, വെളുപ്പും കറുപ്പും ചേര്‍ന്നത്, വെളുപ്പും ചാരവും ചേര്‍ന്നത്, ചുവപ്പ്, സ്കിന്‍ കളര്‍ എന്നീ നിറങ്ങളിലുള്ള ഗിര്‍ പശുക്കളും ഇവിടെയുണ്ട്. കോട്ടമുറി ഫാമില്‍ അറുപതോളവും എരവത്തൂര്‍ ഫാമില്‍ അമ്പതോളവും പശുക്കളാണ് ഉള്ളത്. 'എല്ലാവര്ക്കും പേരിട്ടിട്ടുണ്ട്. അമ്മിണി, കല്യാണി എന്നിങ്ങനെ പേരുകള്‍ വിളിച്ചാല്‍ അവ ഓടിവരും. മറ്റേത് ഓമന മൃഗങ്ങളേക്കാളും സ്നേഹമുള്ളവ'- ജിജികുമാര്‍ പറയുന്നു.
വേറിട്ട ഗോശാല
രാവിലെ നാലുമണിയോടെ ഫാം ഉണരും. ആറരയാകുമ്പോഴേക്കും കറവ കഴിയും. മെഷീന് ഉപയോഗിക്കാതെ കൈ കൊണ്ടാണ് കറവ. തുടര്‍ന്നു ശംഖുനാദം മുഴങ്ങും. ഇതോടെ പൈക്കളെല്ലാം മേയാനായി കൂട്ടത്തോടെ പറമ്പിലേക്കു കുതിക്കും. കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക മേച്ചില്‍ സ്ഥലം ഒരുക്കിയിട്ടുണ്ട്. പതിനൊന്നോടെ വീണ്ടും ശംഖുനാദം ഉയരും. അപ്പോള്‍ എല്ലാം ഓടി ആലയില്‍ തിരികെയെത്തും.
ഇതിനിടയില്‍ ജോലിക്കാര്‍ ചാണകമെല്ലാം കോരി മാറ്റും. കുടിക്കാനായി കിണറ്റില്‍ നിന്നുള്ള ശുദ്ധമായ വെള്ളം വലിയ പാത്രങ്ങളില്‍ നിറച്ചു വച്ചിട്ടുണ്ടാകും. ഇതു കുടിച്ചുകഴിഞ്ഞാണു ഭക്ഷണം.
ഭക്ഷണക്രമം
കൃത്യനിഷ്ഠയുള്ള ഭക്ഷണക്രമമാണിവിടെ. പുല്ലിനുപുറമേ ചോളവും പരുത്തിക്കുരുവും അടങ്ങിയ ധാന്യങ്ങള്‍ ഇവിടെത്തന്നെ പൊടിച്ചാണ് പശുക്കള്‍ക്കു നല്‍കുന്നത്. ഗുണമേന്മയുള്ള പാല് ലഭിക്കുന്നതിനും ദഹന സംബന്ധമായ തകരാറുകള്‍ വരാതിരിക്കാനുമായി ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഇന്തുപ്പും ആര്യവേപ്പിലയും നല്‍കും. ആര്യവേപ്പില കഴിച്ചുകഴിഞ്ഞാല്‍ ഉടന്‍ രണ്ടുകഷണം ശര്‍ക്കര കൊടുക്കുന്നതും പതിവാണ്. നവധാന്യങ്ങളും ദശപുഷ്പങ്ങളും അടങ്ങിയ തീറ്റയാണ് കൊടുക്കുന്നത്. കറവപ്പശുക്കള്‍ക്ക് സ്വന്തം പറമ്പില്‍ വളര്‍ത്തുന്ന തീറ്റപ്പുല്ല് പോലും കൊടുക്കില്ല. പശുക്കളുടെ ചാണകവും മൂത്രവും വീണ് സ്വാഭാവികമായി വളരുന്ന മുത്തങ്ങ, കറുക പുല്ലുകള്‍ മാത്രമാണു നല്‍കുന്നത്. മറ്റുള്ളവയ്ക്ക് പറമ്പില്‍തന്നെ വളര്‍ത്തുന്ന ഗ്രീന്‍ - റെഡ് നാപ്പിയര്‍ പുല്ലും ബാജിറ പുല്ലും നല്‍കുന്നുണ്ട്.
ഭക്ഷണശേഷം ഫാമില്‍ സജ്ജീകരിക്കുന്ന മ്യൂസിക് സിസ്റ്റത്തിലൂടെ ഒഴുകിയെത്തുന്ന കോലക്കുഴല്‍ നാദംകേട്ട് ഗോക്കള്‍ക്കു വിശ്രമം. വൈകുന്നേരം നാലോടെ വീണ്ടും പുല്ലും ധാന്യവും അടങ്ങുന്ന ഭക്ഷണം. വൈകീട്ട് ആറോടെ വീണ്ടും വിശ്രമം. ഫാമിന്റെ കാര്യങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നതു പത്തുവര്‍ഷമായി ഇവിടെയുള്ള ഒറീസക്കാരന്‍ ടെലസും നേപ്പാളിയായ ലാല്മണിയുമാണ്. ലാല്‍ മണിയുടെ ശംഖുനാദം ഏറെ ഇമ്പമാര്‍ന്നതാണ്.
സ്വാഭാവിക പ്രജനന പ്രക്രിയ
സ്വാഭാവിക പ്രജനന പ്രക്രിയയാണ് ഫാമില്‍ അനുവര്‍ത്തിക്കുന്നത്. ഇണചേരാനായി എട്ടുലക്ഷം രൂപ ചെലവിട്ടാണു ഗിര്‍ കാളക്കൂറ്റനെ വാങ്ങിയത്. ക്രോസ് ബ്രീഡിംഗ് ഇല്ലാതിരിക്കാന്‍ മൂന്നുവര്‍ഷം കൂടുമ്പോള്‍ കാളയെ മാറ്റും. ഇപ്പോള്‍ മൂന്നാമത്തെ കാളയാണ് ഇവിടെയുള്ളത്-പേര് ഗോപി.
നവജീവന ഉത്പന്നങ്ങള്‍
നവജീവന എന്ന ബ്രാന്‍ഡ് നെയിമില്‍ ഗിര്‍ പശുവിന്റെ മേന്മയേറിയ പാലില്‍നിന്ന് തൈര്, മോര്, വെണ്ണ, നെയ്യ് എന്നിവയും ഉപോത്പന്നങ്ങളും ഇവിടെ തയാറാക്കുന്നുണ്ട്. കൂടാതെ ചാണകം, ഗോമൂത്രം, എന്നിവ ആയുര്‍വേദ മരുന്ന് ഉത്പാദനത്തിനായും ജീവാമൃതത്തിനായും നല്കുന്നു. ചാണകം ഉണക്കിപ്പൊടിച്ച് പാക്കറ്റുകളിലാക്കി നല്‍കുന്നത് പൂജയ്ക്കും ഭസ്മം, ചന്ദനത്തിരി എന്നിവ ഉണ്ടാക്കാനുമാണു കൊണ്ടുപോകുന്നത്.
ഭസ്മം
ഗിര്‍ പശുക്കളുടെ ചാണകം സ്ഫുടം ചെയ്തശേഷം ഇവിടെ ഉണ്ടാക്കുന്ന ഭസ്മം ലോകത്തിലെത്തന്നെ ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ളതാണെന്നാണ് ഇവരുടെ അവകാശവാദം. നിരവധി ക്ഷേത്രങ്ങളില്‍ ഇതു പൂജയ്ക്കായി ഉപയോഗിക്കുന്നുണ്ട്. 1400 രൂപ വിലവരുന്ന ഭസ്മം അരക്കിലോ, 250 ഗ്രാം പാക്കറ്റുകളിലും ലഭ്യമാണ്.
വേ വാട്ടര്‍
50 ലിറ്റര്‍ മോരില്‍ 50 ഗ്രാം അയമോദകം മൂന്നുദിവസം ഇട്ടുവച്ചശേഷം നേര്‍പ്പിച്ച് അരിച്ചെടുക്കുന്ന ഔഷധമാണിത്. ഇതു ഗ്യാസ്ട്രബിൾ, ദഹനക്കുറവ്, പുളിച്ചുതികട്ടല്‍ എന്നിവയ്ക്ക് അത്യുത്തമമാണ്.
എ 2 മില്‍ക്ക് ഓയില്‍
കുറുന്തോട്ടി ഉള്‍പ്പടെയുള്ള 48 തരം അങ്ങാടി മരുന്നുകള്‍ (ആയുര്‍വേദ ഔഷധങ്ങൾ) പാലിലിട്ട് വറ്റിച്ചുണ്ടാക്കുന്ന എ 2 മില്‍ക്കോയില്‍ തണ്ടല്‍വേദന, മുട്ടുവേദന, സന്ധി വേദനകള്‍ എന്നിവയ്ക്കുള്ള അത്യുത്തമ വേദനസംഹാരിയാണ്.
ഫ്ളോര്‍ ക്ലീനര്‍
ശുദ്ധീകരിച്ച ഗോമൂത്രവും പുല്‍ത്തൈലവും ചേര്‍ത്തുണ്ടാക്കുന്ന ഫ്ളോര്‍ ക്ലീനര്‍ കുഞ്ഞുങ്ങള്‍ക്കുപോലും ഹാനികരമല്ലാത്തതാണ്.
ബെലോന നെയ്യ്
മണ്കലങ്ങളില് പരമ്പരാഗത രീതിയില്‍ കടകോല് യന്ത്രത്തിന്റെ സഹായത്തോടെയാണു വെണ്ണ ഉണ്ടാക്കുന്നത്. 100 കിലോ വെണ്ണ 120 ഡിഗ്രി സെല്‍ഷ്യസില്‍ ആറുമണിക്കൂര്‍ ഉരുക്കി ജലാംശം പൂര്‍ണമായും നീക്കിയാണ് 42 കിലോ നെയ്യുണ്ടാക്കുന്നത്. ഇത് ഒരു കിലോ, അരക്കിലോ സ്ഫടികപാത്രത്തില്‍ നിറച്ച് സീല്‍ ചെയ്തു വില്പനയ്ക്ക് സജ്ജമാക്കും.
100 കിലോ വെണ്ണയില്‍നിന്ന് വേണമെങ്കില്‍ 90 കിലോ നെയ്യ് ഉണ്ടാക്കാം. പക്ഷേ, ഇവിടെ ഉണ്ടാക്കുന്നത് 42 കിലോ മാത്രം. ഈ നെയ്യ് ഫ്രിഡ്ജില്‍ വയ്ക്കേണ്ടതില്ല. ഒരുവര്‍ഷം പുറത്തുവച്ചാലും കാറിച്ചുപോവുകയോ കേടാവുകയോ ഇല്ല. കിലോയ്ക്ക് 8000 രൂപയോളം ചെലവ് വരുന്നുണ്ടെങ്കിലും നാട്ടില്‍ കിലോയ്ക്ക് 4000 രൂപ + ജിഎസ്ടിയ്ക്കാണ് വില്‍ക്കുന്നത്' -ജിജികുമാര്‍ പറഞ്ഞു.
നെയ്യുടെ ഉപയോഗം എന്താണെന്ന് ആദ്യമേ തിട്ടപ്പെടുത്തിയാല്‍ അതിനനുസരിച്ച് കടകോല് മാറ്റി ഉപയോഗിക്കാം. ഇപ്പോള്‍ ആര്യവേപ്പിന്റെ കടകോലാണ് ഉപയോഗിക്കുന്നത്. ഇതിനുപകരം ചന്ദനം ഉള്‍പ്പെടെയുള്ള ഔഷധങ്ങളുടെ കടകോല് ഉണ്ടാക്കി മാറ്റി ഉപയോഗിക്കാവുന്നതാണ്. ഏറെ ഔഷധഗുണമുള്ള നെയ്യ് ഒരു ടേബിള്‍സ്പൂണ്‍ കാപ്പിയിലോ ചായയിലോ ഒഴിച്ചുകഴിച്ചാലും ഉച്ചഭക്ഷണത്തിലെ ചോറില്‍ ഒഴിച്ചു കഴിച്ചാലും അത്യുത്തമമാണെന്ന് ജിജികുമാര്‍ ചൂണ്ടിക്കാട്ടി.
ഭാവി തലമുറയ്ക്കായി
50 വര്‍ഷം പഴക്കമുള്ള നെയ്യ്
പഴക്കം കൂടുംതോറും നെയ്യുടെ വീര്യവും ഗുണവും വര്‍ധിക്കുകയും വില വര്‍ധിക്കുകയും ചെയ്യും. ആയുര്‍വേദത്തിലെ പല സിദ്ധൗഷധങ്ങളും പരമ്പരാഗത രീതിയില്‍ ഉണ്ടാക്കാന്‍ പഴക്കമുള്ള നെയ്യാണ് ഉപയോഗിക്കുന്നത്. പഴക്കം ചെല്ലുന്തോറും വീഞ്ഞിന്റെ ലഹരിയും ഗുണവും വിലയും വര്‍ധിക്കുന്നതു പോലെയാണ് നെയ്യുടെ കാര്യവും. ഭാവി തലമുറയ്ക്കായി ഒരു കരുതല്‍ എന്ന രീതിയില്‍ 50 വര്‍ഷം പഴക്കമുള്ള നെയ്യ് എന്ന ആശയത്തോടെ ഗിര്‍ പശുവിന്റെ എ 2 നെയ്യ് 3000 ലിറ്റര്‍ ഇദ്ദേഹം കഴിഞ്ഞ ഒമ്പതുവര്‍ഷമായി ശാസ്ത്രീയമായി സൂക്ഷിക്കുന്നുണ്ട്.
അശ്വഗന്ധാഘൃതം
അങ്ങേയറ്റം ഔഷധഗുണമുള്ള അശ്വഗന്ധാഘൃതം, ശതാവരിഘൃതം, ബ്രഹ്മീഘൃതം എന്നിവയും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. 1200 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന ടാങ്കില്‍ അശ്വഗന്ധ കഷായംവച്ച് മൂന്നുദിവസം തുടര്‍ച്ചയായി വിറകുവച്ചു കത്തിച്ച് 100 ലിറ്ററാക്കി വറ്റിച്ചശേഷമാണു വാര്പ്പിലേക്കു മാറ്റുന്നത്. പിന്നീട് ഇതില്‍ 250 ലിറ്റര്‍ ഗിര്‍ പശുവിന്റെ പാലൊഴിച്ച് അതുംവറ്റി 200 ലിറ്ററാകുമ്പോള് അതിലേക്ക് 42 കിലോ നെയ്യ് ഒഴിക്കും. ഇതു തുടര്‍ച്ചയായി ആറുദിവസം ഇളക്കിയശേഷമാണ് 43 കിലോ അശ്വഗന്ധാഘൃതം (അഥവാ ശതാവരിഘൃതം, ബ്രഹ്മീഘൃതം) ഉണ്ടാക്കുന്നത്. ഇത് ഇവിടെ വില്പനയില്ല. എക്സ്പോര്‍ട്ടിംഗ് ലൈസന്‍സ് ഉള്ളതിനാല്‍ ദുബായിലാണ് വില്‍ക്കുന്നത്. അവിടെ വലിയ ഡിമാന്‍ഡാണിതിന്.
സ്വപ്നം
നൂറു നാട്ടുപൈക്കളുടെ പത്ത് ഫാം. ആയിരം പശുക്കളെ വളര്‍ത്തി അവയുടെ ചാണകവും മൂത്രവും ഉപയോഗിച്ച് 100 ഏക്കറില്‍ ബയോഡൈനാമിക് ഫാമിംഗ് നടത്തി തലമുറകള്‍ക്കു കൈമാറണമെന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. ലാഭം ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കിലും ആരോഗ്യപൂര്‍ണമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും - ജിജികുമാര്‍ പ്രത്യാശിച്ചു.
ഷൈലജയാണ് ജിജികുമാറിന്റെ ഭാര്യ. മക്കള്‍: മേഘ കണ്ണനുണ്ണി (ആര്‍ക്കിടെക്ട്) ആകാശ് (കള്നറി ആര്‍ട്സ് വിദ്യാര്‍ഥി, പാരിസ്).
ഫോണ്‍ : 9400957777, 9446027777
Tags :