ADVERTISEMENT
ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ കപില (ചെറിയ) ഇനം പശുവിനെയും പുങ്കാനൂര്‍ ഇനം കിടാരിയെയും സ്വന്തമാക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് കോട്ടയം ജില്ലയില്‍ നീലൂര്‍ സ്വദേശിയായ ഒറ്റപ്ലാക്കല്‍ ജോജോ തോമസ്. കുഞ്ഞു പശുക്കള്‍ ഉള്‍പ്പെടുന്ന ഫാമിന് പുറമേ മത്സ്യകുളങ്ങൾ, കോഴിഫാം, തന്നാണ്ടുവിളകള്, വിവിധയിനം പഴവര്‍ഗങ്ങള്‍ എന്നിവയെല്ലാം നിറഞ്ഞതാണ് ഈ കര്‍ഷകന്റെ അഞ്ചര ഏക്കര്‍ കൃഷിയിടം.
ജൂലിയും കുഞ്ഞിയും
കപില (ചെറിയ) ഇനത്തില്‍പെട്ട കുഞ്ഞിയും പുങ്കാനൂര്‍ ഇനമായ ജൂലിയുമാണ് ഫാമിലെ ശ്രദ്ധാകേന്ദ്രം. കുഞ്ഞി പ്രസവിക്കാറായി നില്‍ക്കുകയാണ്. 61 സെന്റീമീറ്റര്‍ മാത്രമാണ് ഉയരം. ഒരാടിന്റെയത്ര വലിപ്പം മാത്രം. നല്ല ഇണക്കമുണ്ട്. ജൂലിയും കുഞ്ഞിയും തമ്മില്‍ ഏറെ അടുപ്പത്തിലാണ്. രാവിലെ തോട്ടത്തില്‍ അഴിച്ചുവിട്ടാല്‍ വൈകുന്നേരം ഇരുവരും തൊഴുത്തില്‍ തിരിച്ചെത്തും.
രണ്ടു ലക്ഷമാണ് കുഞ്ഞിയുടെ മോഹവില. കാസര്‍ഗോഡ് ആദിവാസി കുടിയില്‍ നിന്ന് വെള്ളിയാമറ്റം സ്വദേശി ബേബി സ്വന്തമാക്കിയ കപില (ചെറിയ) ഇനം പശുവിനെ ജോജോ വിലയ്ക്ക് വാങ്ങുകയായിരുന്നു. വീട്ടില്‍ വളര്‍ത്തിയിരുന്ന കപില (ചെറിയ) ഇനം വിത്തു മൂരിയുമായാണ് ഇണ ചേര്‍ത്തത്. അങ്ങനെയാണ് കുഞ്ഞിയെ ലഭിച്ചത്. റിട്ട. വെറ്ററിനറി ഡോക്ടര്‍ വേണുഗോപാല്‍ ആന്ധ്രയിലെ പുങ്കാനൂര്‍ ഇനം മൂരിയുടെ ബീജം എത്തിച്ച് കപില ചെറിയ ഇനത്തില്‍ ബീജസങ്കലനം നടത്തിയാണ് ജോജോയുടെ തൊഴുത്തില്‍ പുങ്കാനൂര്‍ കിടാരിക്ക് ജന്മം നല്‍കിയത്.
വിളിപ്പേരും പ്രത്യേകതയും
പേരുചൊല്ലി വിളിച്ചാല്‍ കുഞ്ഞി ഓടി അരികിലെത്തും. തൊലി കളഞ്ഞ വാഴപ്പഴമാണ് ഇവളുടെ ഇഷ്ടഭക്ഷണം. ബിസ്കറ്റും ഇഷ്ടം. തോട്ടത്തിലൂടെ ജൂലിക്കൊപ്പം കൂട്ടുകൂടി നടന്നു പുല്ല് തിന്നുന്നതാണ് പതിവു രീതി. ഫാമിലെ ഓരോ പശുവിനും കിടാരിക്കും പേരുണ്ട്. ജൂലൈയില്‍ ജനിച്ചതിനാലാണ് പുങ്കാനൂര്‍ ഇനം കിടാരിക്ക് ജൂലിയെന്നു പേരിട്ടത്. ഏറ്റവും ചെറിയ ഇനത്തിന് കുഞ്ഞി, കാസര്‍കോഡന്‍ കപിലയ്ക്ക് കറിയ, കറുത്ത ഇനത്തിന് കറമ്പി എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരിക്കുന്നത്. രണ്ടു പശുവും മൂന്നു കിടാരികളുമാണു ഫാമിലുള്ളത്.
കപിലയുടെ മൂക്കും നാക്കും വെളുത്തതാണ്. ചെവിക്ക് കീറല്‍ പോലെ വെട്ടുണ്ട്. കടലപ്പിണ്ണാക്കും തവിടും ചേര്‍ന്ന വെള്ളമാണ് നല്‍കുന്നത്. സിഒ - 3, സിഒ -5, സൂപ്പര്‍ നേപ്പിയര്‍ ഇനം പുല്ലിനങ്ങളും നല്‍കും.
എ-ടു മില്‍ക്ക്
എ-ടു മില്‍ക്ക് എന്നറിയപ്പെടുന്ന കപില (ചെറിയ) ഇനം പശുവിന്റെ പാലിന് ഗുണമേന്മ കൂടുതലാണ്. രാവിലെ ഒന്നര ലിറ്ററും വൈകുന്നേരം ഒരു ലിറ്ററും പാല് ലഭിക്കും. പാലിന് കൂടുതല്‍ വിലയുണ്ടെങ്കിലും പുറത്ത് വില്‍ക്കാറില്ല. വീട്ടാവശ്യം കഴിഞ്ഞുള്ളത് കിടാരികള്ക്കുള്ളതാണ്. കൊളസ്ട്രോള്‍ ഉള്ളവര്‍ക്കും ഇതിന്റെ പാല് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. കപില (ചെറിയ) ഇനം, പുങ്കാനൂര്‍ ഇനം പശുക്കളുടെ ചാണകത്തിനും മൂത്രത്തിനും ഗുണമേന്മ പതിന്മടങ്ങാണ്. ഇതു തോട്ടത്തിലെ വിവിധ ചെടികള്‍ക്കും പഴ വര്ഗങ്ങള്ക്കുമെല്ലാം ചാണക സ്ലറിക്കായി ഉപയോഗിക്കും
തെല്ലുമില്ല കീടനാശിനിയും
രാസവളവും
ജൈവ വൈവിധ്യത്തിന്റെ വിളനിലമാണ് ജോജോയുടെ കൃഷിയിടം. ഒരുതരി രാസവളമോ കീടനാശിനിയോ തോട്ടത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. വിത്ത് വലിച്ചെറിഞ്ഞാല്‍ പോലും തഴച്ചു വളരുന്ന മണ്ണ്. രാസ, ഭൗതിക, ജൈവ ഘടകങ്ങളെല്ലാം പരിപാലിക്കപ്പെടുന്നതിനാല്‍ മണ്ണിരയും സൂക്ഷ്മമാണുക്കളുമെല്ലാം മണ്ണില്‍ ഇഷ്ടംപോലെ. പ്രായോഗിക അനുഭവങ്ങളുടെ പരീക്ഷണശാലയാണ് കൃഷിയിടം.
തന്നാണ്ടു കൃഷി മുതല്‍
പഴവര്‍ഗങ്ങള്‍ വരെ
തന്നാണ്ടുവിളകളായ ചേന, ചേമ്പ്, മരച്ചീനി, കാച്ചില് എന്നിവയെല്ലാം തോട്ടത്തിലുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട്, റംബൂട്ടാന്, വിയറ്റ്നാം ഏര്‍ലി, നാടന്‍ വരിക്ക തുടങ്ങിയ പ്ലാവിനങ്ങൾ, കോച്ചേരി, സിന്ദൂരം തുടങ്ങിയ മാവിനങ്ങൾ, മുന്തിരി എന്നിവയെല്ലാം കൃഷിയിടത്തിന് അഴക് പകരുന്നു. ഗുണനിലവാരമുള്ള തൈകളും വിത്തിനങ്ങളും മാത്രമേ കൃഷി ചെയ്യൂ എന്നകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല ഈ കര്ഷകന്. വാഴക്കുളം ആയവനയില്‍ നിന്നാണ് മലേഷ്യന്‍ റെഡ് ഇനത്തില്‍പ്പെട്ട ഡ്രാഗണ്‍ ഫ്രൂട്ടിന്റെ തൈകള്‍ വാങ്ങിയത്. തൊടുപുഴ കാഡ്സ് ഓപ്പണ്‍ മാര്‍ക്കറ്റിലാണ് പഴങ്ങളുടെ വില്പന. ഒരു ഡ്രാഗണ്‍ പഴത്തിന് 800 ഗ്രാം വരെ തൂക്കം ലഭിക്കാറുണ്ടെന്ന് ജോജോ പറഞ്ഞു. കാഞ്ഞിരപ്പള്ളി ഹോം ഗ്രോണില്‍ നിന്നു വാങ്ങിയ റംബൂട്ടാന് തൈകളും മികച്ച വിളവ് നല്കുന്നു.
കുമ്പുക്കന്‍, കപ്പാട്, തെക്കന്‍ ഇനങ്ങളില്‍പ്പെട്ട കുരുമുളകാണ് കൃഷി ചെയ്തിരിക്കുന്നത്. ഇന്റർ മംഗള, മോഹിന്ത് നഗര്‍ ഇനം കമുകുകളും, വയനാടന്‍ ഇനം പാകി മുളപ്പിച്ച റോബസ്റ്റ കാപ്പി, മധുരയില്‍ നിന്ന് എത്തിച്ച ടിഡിആര്‍ തെങ്ങ്, കമ്പം മുന്തിരി, നേന്ത്രവാഴ എന്നിവയും തോട്ടത്തെ ഫലസമൃദ്ധമാക്കുന്നു. കടലപ്പിണ്ണാക്ക്, കടലപ്പൊടി, കോഴിവളം, ആട്ടിന്‍ കാഷ്ഠം, ചാണകസ്ലറി എന്നിവയാണ് വളമായി നല്‍കുന്നത്.
മത്സ്യക്കുളം
നാലുവര്‍ഷം മുമ്പാണ് മത്സ്യക്കുഞ്ഞുങ്ങളുടെ വളര്‍ത്തലിലേക്ക് ജോജോ തിരിഞ്ഞത്. ഗൗരാമി ഇനം മീനുകളെയാണ് വളര്‍ത്തുന്നത്. വിശാലമായ അഞ്ചു പടുതാക്കുളവും ഒരു പാറക്കുളവും ഇതിനായി ഒരുക്കിയിട്ടുണ്ട്. പൂഞ്ഞാറില്‍ നിന്നാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്. വെള്ള, കറുപ്പ് ഇനങ്ങളില്‍പ്പെട്ട കുഞ്ഞുങ്ങളെ മൂന്നുമാസം കൂടുമ്പോള്‍ വില്പന നടത്തും. കിലോയ്ക്ക് 30 രൂപയ്ക്കാണ് വില്‍ക്കുന്നത്.
നേരത്തെ നാടന്‍, മലബാറി ഇനങ്ങളില്‍പ്പെട്ട ആടുകളുണ്ടായിരുന്നു. ഇതിനുപകരം നാടന്‍ കോഴികളെ വളര്‍ത്തുന്ന ഫാമാണ് ഇപ്പോഴുള്ളത്. ഗോതമ്പും പുല്ലുമാണ് ഇവയുടെ പ്രധാന തീറ്റ. നാടന്‍ മുട്ടയായതിനാല്‍ സ്വന്തം ആവശ്യത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്. കൃഷി കാര്യങ്ങളില്‍ ഭാര്യ ലൗലിയുടെ സഹകരണവും പിന്തുണയും ആവോളമുണ്ട്. കൃഷിക്കു പുറമെ ഒറ്റപ്ലാക്കല്‍ ട്രേഡേഴ്സ് എന്ന സ്ഥാപനവും ജോജോ നടത്തിവരുന്നു. മക്കള്‍: ടോം, ഡേവിസ്, ഡാരിസ്.
ഫോണ്‍:9497088688.
Tags :