ADVERTISEMENT
തൂവെള്ള ഓര്‍ക്കിഡ് പൂക്കള്‍പോലെ വശ്യമായൊരു കാഴ്ചയാണ് വിരിഞ്ഞു വിളവെടുക്കാന്‍ പാകമായ കൂണുകൾ. ഭംഗിയില്‍ മാത്രമല്ല രുചിയിലും ഗുണത്തിലും കേമനാണ് വിരിയിച്ചെടുക്കുന്ന വിവിധയിനം കൂണുകൾ. അടുക്കളയിലെ വിഭവമായി മാത്രമല്ല, വിപണിയില്‍ വിറ്റഴിക്കാന്‍ കൂണ്‍കൃഷി സംരംഭമാക്കിയവര് ഏറെപ്പേരുണ്ട്. കിലോയ്ക്ക് ആയിരവും പതിനായിരവുമൊക്കെ വിലയുള്ള അപൂര്‍വ ഇനം ഔഷധക്കൂണുകളും ഇക്കാലത്തുണ്ട്. മാത്രവുമല്ല, ആഗോളതലത്തില്‍ കൂണ്‍കൃഷിയും വിപണവും മൂല്യവര്ധനയുമൊക്കെ വലിയ ബിസിനസായി വളര്‍ന്നുകൊണ്ടിരിക്കുന്നു. കൂണ്‍കൃഷിയുടെ സാധ്യതയും വിപണിയും മൂന്നര പതിറ്റാണ്ട് മുന്നേ കണ്ട സ്ഥാപനമാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹിക സേവന സംരംഭമായ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി (പിഡിഎസ്).
തേയിലയും കാപ്പിയും ഏലവും പച്ചപുതപ്പിച്ച കുട്ടിക്കാനം മലഞ്ചെരുവില്‍ പിഡിഎസിന്റെ കൂണ്‍കൃഷി വലിയൊരു വിസ്മയവും വിജ്ഞാനവുമാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന കൂണിനും കൂണ്വിത്തിനും ആവശ്യക്കാരേറെ. കുടുംബശ്രീ എസ്എച്ച് യൂണിറ്റുകള്‍ക്കും സംരംഭകര്‍ക്കും ഇവിടെനിന്നു കൂണ്‍വിത്ത് വില്‍ക്കുകയും ചെയ്യുന്നു. കുട്ടിക്കാനം മരിയഗിരി സ്കൂളിനു സമീപം തിരുവിതാംകൂര്‍ രാജ്ഞിയുടെ വേനല്‍ക്കാല ബംഗ്ലാവ് പില്ക്കാലത്ത് പിഡിഎസിന്റെ ഉടമസ്ഥതയിലായി. പിഡിഎസ് കുട്ടിക്കാനം തട്ടാത്തിക്കാനത്ത് തുടക്കം കുറിച്ച കൂണ് ഉത്പാദനസംരംഭം പിന്നീട് ഈ ബംഗ്ലാവിന്റെ ഒരു ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു.
1990-ലാണ് പിഡിഎസ് ചെറിയ തോതില്‍ കൂണ് ഉത്പാദനത്തിലേക്കു കടക്കുന്നത്. കൂണ് വില്പന മാത്രമായിരുന്നില്ല, വീട്ടമ്മമാര്‍ക്കും തൊഴില്‍രഹിതര്‍ക്കും ചെറുതെങ്കിലും സ്ഥിരവരുമാനം എന്ന സാധ്യതയും ലക്ഷ്യമായിരുന്നു. അക്കാലത്ത് കൂണ്‍വിത്ത് അഥവ കൂണ്മുട്ട വാങ്ങാന്‍ കിട്ടാനില്ലെന്ന പരാതിക്ക് പരിഹാരം കൂടിയായിരുന്നു സംരംഭം.
2010-12 കാലത്ത് പിഡിഎസ് കൂണ് വിത്ത് ഉത്പാദനം തുടങ്ങി. ഏറെ വൈകാതെ വിത്ത് എവിടെയും ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ ശേഷിയുള്ള തലത്തിലേക്കു സംരംഭം വളര്‍ന്നു. ഇത് ഇടുക്കി ജില്ലയിലെ തന്നെ ഈ രംഗത്തെ ആദ്യ സംരംഭമായിരുന്നു. 2023-ല്‍ ഇവിടെ ഹെടെക് കൂണ് വിത്ത് ഉത്പാദനകേന്ദ്രം തുടങ്ങി. ഒരു കിലോ കൂണ് 350 രൂപയ്ക്കാണ് പിഡിഎസ് വില്‍ക്കുന്നത്. പീരുമേട്, കുട്ടിക്കാനം പ്രദേശങ്ങളിലെ സ്ഥാപനങ്ങളും വ്യക്തികളുമാണ് പതിവായി കൂണ് വാങ്ങുന്നത്. 300 ഗ്രാം പായ്ക്കറ്റ് കൂണ്‍വിത്ത് 40 രൂപ നിരക്കിലാണ് വില്‍ക്കുന്നത്.
2021-22 കാലത്താണ് പിഡിഎസ്, കുടുംബശ്രീ എസ്എച്ച് ഗ്രൂപ്പുകളുമായി സഹകരിച്ച് കൂണ്‍കൃഷി മലയോരഗ്രാമങ്ങളില്‍ വ്യാപിപ്പിച്ചത്. ഹൈടെക് യൂണിറ്റ് സ്ഥാപിക്കാന്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ സാമ്പത്തിക സഹായവും പിഡിഎസിനു ലഭിച്ചു. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച എച്ച്യു, സിഒടു ഇനങ്ങള്‍ കൂടാകെ ഫ്ളോറിഡ് പിങ്ക് ഇനവും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
പിങ്ക് കൂണ് ഭക്ഷ്യയോഗ്യമല്ലെന്ന് ചിലരെങ്കിലും കരുതിയേക്കാം. സംശയിക്കേണ്ട, വെള്ളക്കൂണ് പോലെ ഇതും വിഷാംശമില്ലാത്തതും ഭക്ഷ്യയോഗ്യവുമാണ്. ശാസ്ത്രീയമായി വിത്ത് ഉത്പാദിപ്പിക്കാനും കൂണ് വിരിയിക്കാനും പ്രത്യേക ശ്രദ്ധയും ജാഗ്രതയും വേണം. താപനില, ഈര്‍പ്പം, ആര്‍ദ്രത തുടങ്ങി എല്ലാ ഘടകങ്ങളും ഒരുപോലെ അനുയോജ്യമായിരിക്കണം. താപനില 22-25 ഡിഗ്രിയും ഈര്‍പ്പം 80 ആയിരിക്കുകയും വേണം. ഇത്തരത്തില്‍ ഇവിടെ കാലാവസ്ഥ കൃത്രിമമായി ക്രമീകരിച്ചിരിക്കുകയാണ്. കൂടാതെ മിസ്റ്റ് സംവിധാനവുമുണ്ട്. ഇത്തരത്തിലുള്ള പരിചരണവും ജാഗ്രതയും നല്കുന്നതിനാല് പിഡിഎസിലെ ഉത്പാദനം സാധാരണ യൂണിറ്റുകളെക്കാള്‍ പതിന്മടങ്ങാണ്.
കൂണ് യൂണിറ്റുകളില്‍ ഈച്ച ശല്യത്തിന് സാധ്യതയുള്ളതിനാല്‍ അക്കാര്യത്തിലും വേണം ജാഗ്രത. കൂണ് യൂണിറ്റില്‍ വൃത്തിയും വ്യക്തിശുചിത്വവും ഏറെ പ്രധാനമാണ്. കൈകാലുകളുടെ ശുചിത്വത്തിനു പുറമെ മാസ്കും ക്യാപും ധരിച്ചാണ് ജീവനക്കാര്‍ കൂണ് പരിചരണം നടത്തുന്നത്. ചെളിയോ അഴുക്കോ അല്പം പറ്റിയാല്‍ മതി വിതച്ചതും പാകമായതുമായ കൂണ് അപ്പാടെ നശിക്കും. കൂണ്‍കൃഷി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സഹായ സേവനങ്ങളും നിര്‍ദേശങ്ങളും പിഡിഎസ് നല്‍കുന്നുണ്ട്. സംരംഭകർ, കര്‍ഷകര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് കാമ്പസിലും പുറത്തും നൈപുണ്യ പരിശീലനം നല്കുന്നു.
കൂണ്‍വിത്തുകള്‍ നെല്ലിലോ ചോളത്തിലോ തയാറാക്കാം. പുഴുങ്ങിയുണക്കിയ നെല്ലില്‍ കാത്സ്യം കാര്‍ബണേറ്റും കാത്സ്യം സള്‍ഫേറ്റും നിശ്ചിത അളവില്‍ ചേര്‍ത്താണ് പിഡിഎസ് കൂണ് വിത്ത് തയാറാക്കുന്നത്. നെല്ലിനു പകരം മണിച്ചോളംപോലുള്ള ചെറുധാന്യങ്ങള്‍ (മില്ലറ്റ്) ഉപയോഗിക്കുന്നവരുമുണ്ട്. കൂണ് വിരിയിച്ച് വളര്‍ത്താനുള്ള ബെഡ് തയാറാക്കുന്നത് ആവിയില്‍ അണുവിമുക്തമാക്കിയ കച്ചിയിലാണ്. ഇതിനായി സ്റ്റെറിലൈസിംഗ് സംവിധാനവും യൂണിറ്റിലുണ്ട്. പല തട്ടുകളായി കച്ചി വിരിച്ച് വിത്ത് വിതറി പോളീത്തീന്‍ കവറിലാക്കി സുഷിരങ്ങളിട്ട് കെട്ടിത്തൂക്കും. ഓരോ ഇനം കൂണുകളും വളര്‍ന്നു പാകമാകാനുള്ള ദിവസങ്ങള്‍ വ്യത്യസ്തമാണ്. പിങ്ക് ഇനം രണ്ടാഴ്ച കൊണ്ട് വിളയും. എച്ച്യു 24-ാം ദിവസവും സിഒടു മുപ്പതാം ദിവസവും വിളവെടുക്കാം. വിളവെടുത്താന്‍ അന്നുതന്നെ കൂണ് വിറ്റഴിക്കണം. വീടുകളിലെ ഉപയോഗത്തിന് ഫ്രിഡ്ജിന്റെ ഫ്രീസര്‍ ഒഴികെയുളള തട്ടുകളില്‍ നാലു ദിവസം വരെ സൂക്ഷിക്കാം. തോരനും ചാറുകറിയും മാത്രമല്ല കൂണ് വിഭവങ്ങള്‍. ബര്‍ഗർ, കട്ലൈറ്റ് തുടങ്ങി നിരവധി വിഭവങ്ങള്‍ തയാറാക്കാം. ഉണക്കി പൊടിച്ച ഭദ്രമാക്കിയാല്‍ രണ്ടു വര്‍ഷംവരെ കേടുവരാതെ സൂക്ഷിക്കുകയും ചെയ്യാം.
ഫോണ്‍: 9605419837, 6238500388.
Tags :