ADVERTISEMENT
ന്യൂഡൽഹി: ‘ഓപ്പറേഷൻ സിന്ദൂറി’ലും ബിഹാറിലെ സമഗ്ര വോട്ടർ പരിശോധനയിലും ചർച്ച ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ തുടർച്ചയായ മൂന്നാം ദിനവും പാർലമെന്റ് സ്തംഭിച്ചു. വിവിധ വിഷയങ്ങളുയർത്തി പ്രതിപക്ഷാംഗങ്ങൾ നൽകിയ അടിയന്തരപ്രമേയ നോട്ടീസുകൾ തള്ളിയതോടെയാണ് ഇരുസഭകളിലും എംപിമാർ പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയത്. അതിനിടെ, ബിഹാറിലെ വോട്ടർപട്ടികയുടെ സമഗ്ര പുനഃപരിശോധനയ്ക്കെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കൾ പാർലമെന്റ് സമുച്ചയത്തിൽ പ്രതിഷേധം നടത്തുകയും ചെയ്തു.
പാർലമെന്റിന്റെ ഇരുസഭകളും ‘ഓപ്പറേഷൻ സിന്ദൂറി’ലും പഹൽഗാം ഭീകരാക്രമണത്തിലും അടുത്തയാഴ്ച ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ലോക്സഭയിൽ ചർച്ച 28നും രാജ്യസഭയിൽ ഒരു ദിവസത്തിനുശേഷം ചൊവ്വാഴ്ചയുമാണ് ചർച്ച ആരംഭിക്കുകയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇരുസഭകളിലും 16 മണിക്കൂർ വരെയാണ് ചർച്ചയ്ക്കായി അനുവദിച്ചിരിക്കുന്ന സമയം. ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കണമെന്നു പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രധാനമന്ത്രി പ്രസംഗിക്കുമോയെന്നതിൽ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. വിദേശ സന്ദർശനത്തിനുപോയ പ്രധാനമന്ത്രി മടങ്ങിയെത്തിയതിനുശേഷം ഓപ്പറേഷൻ സിന്ദൂറിൽ സഭാംഗങ്ങൾക്കു മുന്പാകെ വിശദീകരണം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
Tags :