ADVERTISEMENT
സ്വന്തം ലേഖകൻ
ന്യൂഡൽഹി: യുട്യൂബ് ചാനലുകളിലൂടെയുള്ള കുറ്റവിചാരണയെ താക്കീത് ചെയ്ത് സുപ്രീംകോടതി. യുട്യൂബിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിലൂടെ ഒരാൾക്കെതിരേ ശിക്ഷ വിധിക്കുകയോ കുറ്റവിമുക്തരാക്കുകയോ ചെയ്യേണ്ടെന്നും കോടതികൾ ഇക്കാര്യങ്ങൾ ചെയ്തുകൊള്ളുമെന്നും ജസ്റ്റീസുമാരായ ബി.വി. നഗരത്ന, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ മലയാളി മാധ്യമപ്രവർത്തകൻ ടി.പി. നന്ദകുമാറിന്റെ മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കവെയാണു കോടതിയുടെ പരാമർശം. കേസിൽ നന്ദകുമാറിന്റെ ഇടക്കാല സംരക്ഷണം തുടരുമെന്നു വ്യക്തമാക്കിയ കോടതി മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തില്ല. എങ്കിലും യുട്യൂബ് ഉള്ളടക്കത്തെ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. യുട്യൂബിലൂടെ നല്ല കാര്യങ്ങൾ സംസാരിച്ചുകൂടേയെന്നും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ എന്തൊക്കെ നല്ല കാര്യങ്ങൾ നടക്കുന്നുണ്ടെന്നും അക്കാര്യങ്ങൾ വീഡിയോകളിൽ ഉൾപ്പെടുത്തിക്കൂടേയെന്നും കോടതി ചോദിച്ചു.
യുട്യൂബ് ചാനലായ "ക്രൈം ഓണ്‍ലൈനിൽ’ പ്രസിദ്ധീകരിച്ച വീഡിയോയ്ക്കെതിരേ വനിതാ നേതാവിന്റെ പരാതിയിലാണു നന്ദകുമാറിനെതിരേ കേരള പോലീസ് നടപടി സ്വീകരിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) വകുപ്പുകൾ, ഐടി നിയമത്തിലെ സെക്ഷൻ 67 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്. ഇതോടൊപ്പം വനിതാനേതാവിന്റെ പ്രശസ്തിയെ അപമാനിക്കുന്നതിനും കളങ്കപ്പെടുത്തുന്നതിനും ലൈംഗികച്ചുവയുള്ളതും അപകീർത്തികരവുമായ പ്രസ്താവനകൾ വീഡിയോയിൽ മനഃപൂർവം ഉൾപ്പെടുത്തിയതായും പോലീസ് ആരോപിക്കുന്നു. തുടർന്നാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും നന്ദകുമാർ സമീപിച്ചത്.
Tags :